Home Latest സ്വന്തം ഭാര്യ അലക്കാൻ സമ്മതിക്കില്ല. എന്നാലും ഞാൻ ഊരിപ്പിഴിഞ്ഞ് വിരിച്ചിടാനൊക്കെ സഹായിക്കാറുണ്ട്. കൂടാതെ പാചകം ചെയ്യാനും.

സ്വന്തം ഭാര്യ അലക്കാൻ സമ്മതിക്കില്ല. എന്നാലും ഞാൻ ഊരിപ്പിഴിഞ്ഞ് വിരിച്ചിടാനൊക്കെ സഹായിക്കാറുണ്ട്. കൂടാതെ പാചകം ചെയ്യാനും.

0

………….😀ബോധം പോയ ഞാൻ😀…………..

ഞായറാഴ്ച റെസ്റ്റ് എടുക്കാനുള്ള ദിവസമാണ്. പക്ഷെ എനിക്കന്നാണ് അലക്കിന്റെ ദിവസം. ഗൾഫിൽ പോകുന്നതിന് മുന്നത്തെ കാര്യമാണിത്. പെങ്ങൻമാരെ രണ്ടു പേരെയും കെട്ടിച്ചു വിട്ടതിനുശേഷം തുടങ്ങിയ അലക്കാണ്. അമ്മയ്ക്ക് അസുഖങ്ങളായിരുന്നതിനാൽ വല്ലപ്പോഴുംമാത്രം അമ്മ അലക്കിത്തരുമായിരുന്നു. അമ്മയുടെ മരണശേഷമാണ് ഞാൻ ഗൾഫിലേയ്ക്ക് ചേക്കേറിയത്. ഇപ്പോൾ നാട്ടിൽ അവധിക്കു വരുമ്പോൾ മാത്രം ഈ അലക്കിനൊരു അവധിക്കിട്ടും. കാരണം സ്വന്തം ഭാര്യ അലക്കാൻ സമ്മതിക്കില്ല. എന്നാലും ഞാൻ ഊരിപ്പിഴിഞ്ഞ് വിരിച്ചിടാനൊക്കെ സഹായിക്കാറുണ്ട്. കൂടാതെ പാചകം ചെയ്യാനും. എന്റെ സഹായങ്ങൾ ഭാര്യയ്ക്കൊരു സന്തോഷമാണ്…

കല്യാണത്തിന് മുന്നേയുള്ള ഞായറാഴ്ചകൾ തുടങ്ങിയിരുന്നത് രാവിലെ ഒമ്പതേകാലിന്റെ കുർബ്ബാന കൂടിക്കൊണ്ടായിരുന്നു. തലേന്ന് മുണ്ടും ഷർട്ടും തേച്ചു വടിപോലെയാക്കി വച്ചിരിക്കും. രാവിലെ ഷേവിംഗും എണ്ണതേച്ചുള്ള കുളിയും കഴിഞ്ഞാണ് പള്ളിയിൽ പോകുന്നത്. കുർബ്ബാന കഴിഞ്ഞ് അടുത്തുള്ള ചായക്കടയിൽ കേറി ഒരു കാലിചായ കുടിക്കും ഞങ്ങൾ സുഹൃത്തുക്കളെല്ലാം. പള്ളിയിൽ നിന്നും വന്നാൽ വീടിനടുത്തുള്ള കുരിശുപള്ളിയിൽ ഇച്ചിരി നേരം കൂട്ടുക്കാരുമൊത്ത് കത്തിയടിച്ചിരിക്കും. പിന്നെ മുണ്ടും ഷർട്ടും മാറാൻ വീട്ടിലേയ്ക്ക്. ഞാനൊഴിച്ച് ബാക്കിയെല്ലാവരും വീട്ടിൽ പോയി ഡ്രസ്സ്മാറി തിരിച്ചുവരും. അവൻമാർക്കു അലക്കി കൊടുക്കാനൊക്കെ വീട്ടിലാളുണ്ട്. എനിക്ക് എല്ലാ ഞായറാഴ്ചയും അലക്കാനുണ്ട്…

അന്നും പതിവുപോലെ കുർബാന കഴിഞ്ഞ് അലക്കു പരിപാടിക്കു തുടക്കം കുറിക്കാനിരിക്കുമ്പോൾ സഞ്ചു ചോദിച്ചു

“അളിയാ കോട്ടയത്ത് പോയി മാറ്റിനി കണ്ടാലോ “?

ഞാൻ പറഞ്ഞു

“ഓക്കെ പോയേക്കാം, ഞാൻ പെട്ടെന്ന് അലക്കി വിരിച്ചിട്ടിട്ടു വരാം നീ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മിസ്ഡ് താ അപ്പോൾ ഞാൻ വരാം ”

അപ്പോളാണ് എനിക്കൊരു ഐഡിയ തോന്നിയത്

“എടാ അങ്ങനെയാണേൽ നമുക്ക് സിനിമ കഴിഞ്ഞ് തിരിച്ചു വരുന്ന വഴിക്ക് മെഡിക്കൽ കോളേജിൽ അഡ്മിറ്റാക്കിയിരിക്കുന്ന സനോജിനെയും കേറി കാണാം”

സഞ്ചു അതിനും സമ്മതംമൂളി…

കോട്ടയത്ത് ചെന്ന് റിസർവ്വേഷൻ ടിക്കറ്റുമെടുത്ത് സിനിമയ്ക്ക് കേറി. ലാലേട്ടന്റെ ആണെന്നു തോന്നുന്നു സിനിമ പക്ഷെ പേരോർക്കുന്നില്ല. സിനിമ കണ്ടുകഴിഞ്ഞ് നേരെ പഴയ സ്റ്റാൻഡിൽ നിന്നും മെഡിക്കൽ കോളേജ് ബസിൽക്കേറി ടിക്കറ്റെടുത്തു സീറ്റുപിടിച്ചു…

മെഡിക്കൽ കോളേജിൽചെന്ന് സനോജ് കിടന്നിരുന്ന വാർഡ് കണ്ടുപ്പിടിച്ച് അവന്റെ ബെഡ്ഡിനരികിലെത്തി ഞങ്ങൾ. അപ്പൻഡിക്സിന്റെ ഓപ്പറേഷൻ കഴിഞ്ഞു കിടക്കുകയായിരുന്നു സനോജ്. ഞങ്ങളെ കണ്ടതും അവനും കൂടെയുള്ള ഉമ്മയ്ക്കും സന്തോഷമായി. കൂട്ടുക്കാരായാൽ ഇങ്ങനെ വേണമെന്ന് ഉമ്മായുടെ ചിരിയിൽ നിന്നും ഞങ്ങൾക്ക് തോന്നി…

ഞാനും സഞ്ചുവും ചുറ്റുപാടും കണ്ണോടിച്ചു കൊണ്ടാണ് സനോജിനോട് വിശേഷങ്ങൾ തിരക്കിക്കൊണ്ടിരുന്നത്. വേറൊന്നുമല്ല കാണാൻ കൊള്ളാവുന്ന നഴ്സ് പെൺപിള്ളാരു വല്ലതുമുണ്ടോയെന്നാണ് ഞങ്ങളുടെ എക്സ്റേ കണ്ണുകൾ പരതിയത്. സ്കാൻ ചെയ്തു നോക്കിയിട്ട് പോലും ഒരെണ്ണത്തിനേയും കണ്ടില്ല. എനിക്കാണേൽ ആശുപത്രിയുടെ മണവും പിന്നെ ചോര കാണുന്നതുമൊക്കെ വലിയ തലവേദനയായിരുന്നു…

അങ്ങനെ ഞങ്ങൾക്ക് മുഖാമുഖം കിടക്കുന്ന സനോജിനോടു ഓരോന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോളാണ് അടുത്ത ബെഡ്ഡിൽ കിടക്കുന്ന ചേട്ടനെ ഞാൻ ശ്രദ്ധിക്കുന്നത്. ഒറ്റനോട്ടത്തിൽ കണ്ണൂർക്കാരനാണെന്നു തോന്നിപോകും. കാരണം, അദ്ദേഹത്തിന്റെ വയറ്റില് മുഴുവൻ തുന്നിക്കെട്ടൽ. വയറ്റിനുള്ളിൽ നടന്ന വലിയ ഓപ്പറേഷന്റെ തുന്നിക്കെട്ടൽ വയറിനു പുറമെ കാണാമായിരുന്നു. ഞാനപ്പോൾ എന്റെ കഷ്ടക്കാലത്തിന് ചുമ്മാ എന്നെ ആ കട്ടിലിൽ അതെ അവസ്ഥയിൽ കിടത്തിയിരിക്കുന്നതായി ഭാവനയിലൂടെ നോക്കിക്കണ്ടു…

എന്റത്തിപ്പാറമ്മച്ചിയേ അപ്പാളേക്കിനും എനിക്ക് പേടിച്ചിട്ട് കണ്ണിൽ ഇരുട്ടു കയറുന്നതുപോലെയും അവിടംമൊത്തം കറങ്ങുന്നതായും നോക്കുന്നിടത്തെല്ലാം മഞ്ഞയായി കാണാനും തുടങ്ങി. ഈ അവസ്ഥയിൽ ഞാൻ സഞ്ചൂന്റെ തോളിൽ വലതുകൈക്കൊണ്ടു ബലമായി പിടിച്ചു. എന്റെ കൈയ്യുടെ പിടിമുറുകുന്നതനുസരിച്ച് ആ പന്നൻ ചുറ്റോടു ചുറ്റും കണ്ണുകൾ പായിക്കുകയാണ്. എന്റെ മുഖത്തേയ്ക്ക് ഒന്നു നോക്കാൻ ആ കശ്മലന് തോന്നിയില്ല. കാരണം, ഞാൻ തോളത്തു പിടിച്ചമർത്തിയപ്പോൾ അവൻ വിചാരിച്ചത് ഏതോ നഴ്സിനെ കണ്ടിട്ട് അതവനെ കാണിച്ചു കൊടുക്കാൻ ഞാൻ തോളത്ത് അമർത്തുന്നതാണെന്നാണ്. കാരണം സനോജിന്റെ ഉമ്മാ അടുത്ത് ഉള്ളതുകൊണ്ട് ഈ കാര്യം പറയാൻ എനിയ്ക്ക് കഴിയില്ലല്ലോ. പറയാൻ പറ്റിയിരുന്നെങ്കിൽ ഞാൻ അളിയാ ആണ്ടെടാ ഒരു ചരക്ക് എന്നു പറയുമല്ലോയെന്നും അവൻ ചിന്തിച്ചു. അപ്പോളേക്കിനും എന്റെ അവസ്ഥകണ്ട് സനോജ് ഉറക്കെ വിളിച്ചു പറഞ്ഞു

” ഉമ്മാ തലക്കറങ്ങുന്നു”

കേട്ടപാതി കേൾക്കാത്ത പാതി ഉമ്മാചാടി കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുന്ന സനോജിനെ കേറിപ്പിടിച്ചു.(എങ്ങനെയുണ്ട് ആ സീൻ)

അപ്പോൾ സനോജ്

” ഉമ്മാ എന്നെയല്ല മനോജിനെ പിടിക്ക് ”

എന്നു പറഞ്ഞതും ഞാൻ എടുത്തടിച്ചതുപോലെ നേരെ നിലത്തോട്ട്. അപ്പോളാണ് സഞ്ചൂന് ബോധോധയമുണ്ടായതും എന്നെക്കേറി പിടിച്ചതും. അവൻ പിടിച്ചില്ലായിരുന്നെങ്കിൽ എന്റെ തല ചെന്നിടിക്കുന്നത് സൈഡിൽ കിടന്നിരുന്ന സ്റ്റൂളിൽ ആയിരുന്നു. സ്റ്റൂളിന്റെ ഭാഗ്യത്തിന് അങ്ങനൊന്നും സംഭവിച്ചില്ല…

കുറച്ചു നേരത്തേക്കിനു എനിക്കൊന്നും ഓർമ്മയില്ല. അൽപം കഴിഞ്ഞ് ആരോ മുഖത്ത് വെള്ളം തളിച്ചപ്പോളാണ് ഞാൻ കണ്ണുത്തുറന്നത്. നോക്കുമ്പോൾ എന്നെയൊരു കട്ടിലിൽ കിടത്തിയിരിക്കുന്നു. ആ വാർഡിലിലുള്ള ആളുകൾ മുഴുവനും എന്റെ ബെഡ്ഡിനു ചുറ്റും. ആരൊക്കെയോ എന്നെ ‘മനോരമ’ കൊണ്ടും ‘മംഗളം’ കൊണ്ടും വീശുന്നു. കൂടെ ഒരു ഡോക്ടർ എന്നെ പരിശോധിക്കുകയും. ആകെ നാണക്കേടായി ചമ്മിയ മുഖവുമായി സഞ്ചൂനെ നോക്കിയപ്പോൾ അവനൊരു മറ്റടത്തെ ആക്കിയ ചിരി. ഡോക്ടർ പരിശോധന കഴിഞ്ഞ് എന്നോട് ചോദിച്ചു

“രാവിലെ എന്തെങ്കിലും കഴിച്ചായിരുന്നോ ”

ഞാൻ പറഞ്ഞു

” കപ്പയും കഞ്ഞിയും കുടിച്ചായിരുന്നു ”

“എങ്കിൽ സാരമില്ല കുറച്ചു വെള്ളം കുടിച്ച് അൽപം റെസ്റ്റെടുക്കുമ്പോൾ മാറിക്കോളും പേടിക്കണ്ട ”

അതു കേട്ടതും ഞാൻ തലയാട്ടി. എനിക്കവിടെ നിന്നും എങ്ങനെയെങ്കിലും ഒന്നു രക്ഷപ്പെട്ടാൽ മതി. നാറ്റക്കേസായിപോയി എന്നു ആലോചിച്ചിരിക്കുമ്പോൾ ഏതോ ഒരു പഹയൻ രണ്ടു കൈയ്യും നീട്ടാൻ പറഞ്ഞു. ഞാനറിയാതെ കൈകൾ നീട്ടിയപ്പോൾ രണ്ടു കൈയും നിറച്ച് ഗ്ലൂക്കോസ്സുപൊടി തട്ടി കമഴ്ത്തി തന്നു. ഇടിവെട്ടിയവന്റെ തലയിൽ പാമ്പുകടിച്ചെന്നു പറഞ്ഞമാതിരി ആയിപ്പോയി ഞാൻ. ഞാനാ ദീനാനുകമ്പനെ മഹേഷിന്റെ പ്രതികാരത്തിൽ ക്റിൻസ്ബിൻ നോക്കിയതുപോലെ നോക്കി എന്റെ നന്ദി അറിയിച്ചു…

ഏതൊക്കെയായാലും നനഞ്ഞു ഇനി കുളിച്ചു കയറാം എന്ന മട്ടിൽ ഞാൻ സാവധാനം ഗ്ലൂക്കോസ് നക്കി തിന്നാൻ തുടങ്ങി. അതുകണ്ട് സഞ്ചു കൊതിയോടെ എന്നെ നോക്കുന്നത് ഞാൻ ഒളികണ്ണാൽ കണ്ടു. അപ്പോൾ അതുമാത്രമാണ് എന്നെ സന്തോഷിപ്പിച്ച ഒരു കാര്യം. കുറച്ചു നേരംകൂടി അവിടെയും പിടിച്ച് ഇവിടെയും പിടിച്ചു ചമ്മൽ മറച്ചുപ്പിടിച്ചു കൊണ്ട് ഞങ്ങൾ സനോജിനോടും ഉമ്മായോടും യാത്രപറഞ്ഞ് മെഡിക്കൽ കോളേജിന്റെ വെളിയിലെത്തി. അപ്പോൾ തന്നെ തുടങ്ങി സഞ്ചു എന്നെ കളിയാക്കാൻ

“അയ്യേ തളുവൻ നാണക്കേട്, പേടിത്തൊണ്ടൻ ഞാനിത് എല്ലാവരോടും പറയും”

ഞാൻ പറഞ്ഞു

“എടാ തെണ്ടി നിന്നെ ഞാൻ എത്ര പ്രാവശ്യം തോളിൽ അമർത്തിയതായിരുന്നെടാ ഒരിക്കലെങ്കിലും നീയൊന്നെന്നെ തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ ( ഹിറ്റ്ലറർ സിനിമയിൽ എം.ജി സോമൻ പറഞ്ഞുപോലെ “അവളൊന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ ഞാൻ ഉണർന്നേനെ) എനിക്കീ നാണക്കേടു വരുമായിരുന്നോടാ”

അതോടെ കളിയാക്കൽ നിർത്തി എന്റെ കൈയ്ക്കും പിടിച്ച് സ്റ്റാൻഡിലേയ്ക്ക് നടന്നു. നേരെ പോയത് ജ്യൂസ് കടയിലേക്കാണ്. ഒരു നാഡാസോരങ്ങാവെള്ളം പോലും മേടിച്ചു തരാത്ത അവനെനിക്ക് കാരറ്റ് ജ്യൂസാണ് മേടിച്ചു തന്നത്. ഞാനവന്റെ മുഖത്തു നോക്കി ജ്യൂസുകുടിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു

“ഇതാവണമെടാ യഥാർത്ഥ സുഹൃത്ത് ”

അവിടുന്ന് ബസ്സിൽക്കേറി വീടിനടുത്തെത്തിയപ്പോൾ ഞാനവനോട് ചോദിച്ചു

” എല്ലാം കൂടി എത്ര ആയെടാ?”

കാരണം എല്ലാം ഈക്വൽ ഷെയറാണ്. അങ്ങനെ കണക്കുകൂട്ടി പറഞ്ഞ കൂട്ടത്തിൽ അവൻ ജ്യൂസിന്റെ കാശ് ഉൾപ്പെടുത്തിയില്ലായിരുന്നു. അതവൻ അവന്റെ നന്മയുടെ കണക്കിൽ എഴുതി ചേർത്തു. (പണ്ട് മേടിച്ച ഒരു അച്ചായിരം രൂപാ ആ തെണ്ടി ഇപ്പോളും തരാൻ കിടപ്പുണ്ട്. അവൻ മറന്നതാകാം. പക്ഷെ ഞാൻ ചോദിക്കില്ല അവനുണ്ടാകുമ്പോൾ ചോദിക്കാതെ തന്നെ തിരിച്ചു തരട്ടെ. അവന്റെ അത്യാവശ്യത്തിൽ എനിക്കവനെ സഹായിക്കാൻ കഴിഞ്ഞല്ലോ. എനിക്കത് മതി. കാശല്ലല്ലോ സുഹൃത്ത് ബന്ധമല്ലേ വലുത്)

” പണം പുല്ലടേ, നമുക്കില്ലടേ ”

എന്താല്ലേ, എന്നെ സമ്മതിക്കണം. എന്റെയൊരു ധൈര്യം…

രചന ; മനു

LEAVE A REPLY

Please enter your comment!
Please enter your name here