Home Latest പ്രസവശേഷം തടി വച്ചതിന്റെ ദൂഷ്യവശം മനസ്സിലായത് ഇടുന്ന വസ്ത്രങ്ങളുടെ എല്ലാം അളവ് പുതുക്കിയപ്പോഴാണ്. അതിലൊന്നായിരുന്നു ലെഗ്ഗിൻസ്....

പ്രസവശേഷം തടി വച്ചതിന്റെ ദൂഷ്യവശം മനസ്സിലായത് ഇടുന്ന വസ്ത്രങ്ങളുടെ എല്ലാം അളവ് പുതുക്കിയപ്പോഴാണ്. അതിലൊന്നായിരുന്നു ലെഗ്ഗിൻസ്. അതു വാങ്ങിയപ്പോഴേ ഭർത്താവിന്റെ വക ദഹിപ്പിച്ചൊരു നോട്ടവും

0

പ്രസവശേഷം തടി വച്ചതിന്റെ ദൂഷ്യവശം മനസ്സിലായത് ഇടുന്ന വസ്ത്രങ്ങളുടെ എല്ലാം അളവ് പുതുക്കിയപ്പോഴാണ്. അതിലൊന്നായിരുന്നു ലെഗ്ഗിൻസ്. അതു വാങ്ങിയപ്പോഴേ ഭർത്താവിന്റെ വക ദഹിപ്പിച്ചൊരു നോട്ടവും പിന്നൊരു അശരീരിയും…
“ഇതൊക്കെ മെലിഞ്ഞിരുന്നപ്പോൾ വൃത്തികേടില്ലായിരുന്നു.. ഇതിപ്പോ എന്റെ സൈസ് ആണല്ലോ എന്ന് ”
ഒരുതരത്തിൽ നോക്കിയാൽ ശരിയാണ് ഇപ്പോഴാ ടാലി ആയത് ഞങ്ങളുടെ പൊരുത്തം പോലെ തന്നെ വണ്ണവും സമാസമം. എന്തായാലും മേടിച്ചു. തടി വച്ചൂന്ന് കരുതി ഫാഷൻ കുറയ്ക്കാൻ പാടില്ലല്ലോ.
അടുത്ത ഞായറാഴ്ച ആണ് ഭർത്താവും കൂട്ടരുമായി ടൂർ പോവുന്നു എന്ന് പറഞ്ഞത്. ഇരട്ട കുഞ്ഞുങ്ങളെയും കൊണ്ട് നിന്ന് തിരിയാൻ സമയം ഇല്ലാത്തത് കൊണ്ട് അവരുടെ യാത്രയിൽ നിന്നും ഭർത്താവിനെ ഒഴിവാക്കാൻ ആവുന്ന പണികളെല്ലാം നോക്കി. ഒരു ദിവസം എങ്കിലും പിള്ളേരെ ഒന്ന് നോക്കുമല്ലോ. പ്രതീക്ഷിക്കുന്നതിന് ചെലവില്ലല്ലോ. സാമം ദാനം ദണ്ഡം എന്ന് വേണ്ട ഭീഷണി, കാലു പിടിക്കൽ, കരച്ചിൽ, അസുഖം വരെ അഭിനയിച്ചു. നോ രക്ഷ. യാത്രയുടെ കാര്യം തീരുമാനമായി.
ശനിയാഴ്ച രാത്രി ആണ് ട്രെയിൻ. രാവിലെ തൊട്ട് തേയ്ക്കലും അടുക്കലും പിന്നെ സുന്ദരൻ ആവലും ഒക്കെയായി രാത്രി ആവാറായി. എട്ടു മണിക്കുള്ള ട്രെയിനിനു പോവാൻ അലാറം വച്ചു കിടന്നതാണ് വൈകിട്ട് അഞ്ചു മണിക്ക്. എല്ലാരും കൂടുന്നത് കൊണ്ട് രാത്രി ഉറങ്ങാൻ പറ്റില്ലത്രേ. ഏഴര മണിക്കാണ് എത്താൻ പറഞ്ഞിരിക്കുന്നത്. അലാറം അടിച്ചു ഏഴു മണിക്ക്. രാവിലെ ആണെന്നുള്ള ധാരണയിൽ ആവാം അത് ഓഫ്‌ ചെയ്തത്. ഏഴേകാൽ, ഏഴര എല്ലാം അടിച്ചു നിന്നു. അപ്പോഴാണ് ഫോൺ വന്നത്‌ സുഹൃത്തിന്റെ.
“ടാ ബിജു എന്തുവാടെ ഇത്, ഞങ്ങളെല്ലാം എത്തി. നിനക്കുള്ള ടിക്കറ്റും എടുത്തിട്ടുണ്ട് ഓടി വാ”
“എന്റെ ദൈവമേ, ഏഴേ മുക്കാൽ ആവുന്നു എടി സിന്ധുവേ നിനക്കൊന്നു വിളിച്ചൂടായിരുന്നോ”

“പിന്നേയ്, എനിക്കിവിടെ സമയം നോക്കാനുള്ള സമയം ഇല്ല. മാത്രവുമല്ല അങ്ങനെ എങ്കിലും യാത്ര മുടങ്ങട്ടെ. എന്നെ ഒരു കൈ സഹായിക്കാൻ പറഞ്ഞാൽ സമയമില്ല. കറങ്ങി നടക്കാൻ സമയം ഉണ്ട്. അങ്ങനിപ്പോ പോവണ്ട”

റെയിൽവേ സ്റ്റേഷനിലേക്ക് നടക്കാവുന്ന ദൂരമേ ഉള്ളു. അതുകൊണ്ട് തന്നെ തർക്കിച്ചു നിന്നില്ല പെട്ടന്ന് തന്നെ ഡ്രസ്സ്‌ ഇട്ട് ഇറങ്ങി.

പോവുന്ന പോക്കിൽ എന്നെ നോക്കിയൊന്ന് പല്ലിറുമ്മാനും മറന്നില്ല. തിരിച്ചു വരുമ്പോൾ തരാം എന്നുള്ളതാണ് അതിന്റെ അർത്ഥം.
പെട്ടന്ന് തന്നെ ഞാൻ പുള്ളിക്കാരനെ തിരികെ വിളിച്ചു.

“ഓയ് ബിജു അണ്ണാ ഒന്ന് നിന്നേ അവിടെ ”

“ഒന്നു പോയേടി ”

“ദേ നിങ്ങൾ ഇതെന്തു ഭാവിച്ചാ? ഒരു സീരിയസ് കാര്യം പറയാൻ….. ”
മുഴുവൻ കേൾക്കാൻ നിന്നില്ല. പിന്നെ കണ്ടത് ബാഗും തൂക്കി പിടിച്ചു ഓടുന്ന ബിജു അണ്ണനെയും മൂക്കത്തു വിരൽ വയ്ക്കുന്ന നാട്ടുകാരെയും ആയിരുന്നു.

ഇനിയുള്ള കഥ ബിജുവിന്റെ കണ്ണിലൂടെ…

നാട്ടുകാരെല്ലാം നോക്കി… ചിരിക്കാത്തവർ പോലും ചിരിക്കുന്നു. ഇതെന്തു കഥ?? ഞാനെന്താ വല്ല കോമാളിയും ആണോ??

ഇവർക്കെല്ലാം ഇനി ചിരി മരുന്ന് കൊടുക്കേണ്ടി വരുമോ എന്ന് ചിന്തിക്കുന്നതിന് ഇടയിൽ റെയിൽവേ സ്റ്റേഷൻ എത്തി. സുഹൃത്തുക്കളെ തിരഞ്ഞു പിടിച്ചു സീറ്റിൽ ഇരുന്നു മൊബൈൽ നോക്കിയപ്പോൾ കണ്ടു ഇരുപത്തി രണ്ടു മിസ്സ്ഡ് കോളുകൾ. അതും വീട്ടിൽ നിന്നും കൂടാതെ വഴിയിൽ കണ്ട ഒന്നോ രണ്ടോ പരിചയക്കാരുടെയും.

“ഇവൾക്കെന്താ തലയ്ക്ക് സുഖമില്ലേ? ഇനിയിപ്പോ ട്രെയിൻ വിട്ടു. എന്തു പറഞ്ഞാലും ഇനി തിരികെ ഇറങ്ങാൻ പറ്റില്ലല്ലോ. അപ്പൊ ഒന്ന് വിളിച്ചു നോക്കാം ”

ഇടയിൽ കൂട്ടുകാരുടെ ചിരിയും കണ്ടു അന്തം വിടാനും മറന്നില്ല. വീട്ടിലേക്കു വിളിച്ചിട്ട് രണ്ട് ചീത്ത വിളിക്കാൻ തുടങ്ങിയപ്പോൾ ആണ് ഭാര്യയുടെ സ്വരം കേട്ടത്

“ബിജു അണ്ണാ.. താഴോട്ട് ഒന്ന് നോക്കിയേ. ബ്ലാക്ക് ജീൻസ് ആണെന്ന് കരുതി നിങ്ങൾ ഇന്ന് വലിച്ചു കേറ്റിയതെ എന്റെ പുതിയ ലെഗ്ഗിൻസ് ആണ്. ഇതു പറയാനാ ഇത്രേം നേരം കിടന്നു വിളിച്ചത്. ദൈവമേ.. വന്നു വന്നു ലെഗ്ഗിൻസ് വാങ്ങിച്ചു ധൈര്യമായി വീട്ടിൽ വയ്ക്കാനും പറ്റില്ലേ? ”

ഫോൺ കട്ട്‌ ചെയ്തതും കൂട്ടുകാരുടെ വക ആദ്യത്തെ കമന്റ്‌,

“അളിയാ ഒരേ പുതപ്പ് എന്ന് കേട്ടിട്ടുണ്ട് ഒരേ ലെഗ്ഗിൻസ് എന്ന് കാണുന്നത് ആദ്യമായിട്ടാ ”

ഇതിലും ഒക്കെ പ്രശ്നം ഇനി വീട്ടിൽ ചെല്ലുമ്പോൾ ആയിരിക്കും.. എന്തേലും കാര്യം സാധിക്കാൻ വേണ്ടി ഇത് നാട്ടുകാരെ അറിയിച്ചു കഥ എഴുതി കളയും എന്ന ഭീഷണി !!

രചന ; സിന്ധുജ

LEAVE A REPLY

Please enter your comment!
Please enter your name here