Home Latest ഇനി ഞാനും ഏട്ടനും മാത്രം ഈ വീട്ടിൽ… ഒരു പക്ഷെ എന്റെ എല്ലാ സ്വാതന്ത്ര്യവും തടയപ്പെട്ടേക്കാം…...

ഇനി ഞാനും ഏട്ടനും മാത്രം ഈ വീട്ടിൽ… ഒരു പക്ഷെ എന്റെ എല്ലാ സ്വാതന്ത്ര്യവും തടയപ്പെട്ടേക്കാം… കൊടുക്കാതെ സ്നേഹം തിരിച്ചു കിട്ടണം എന്ന് ആശിക്കുന്നതിൽ എന്ത് അർത്ഥം…

0

ഏട്ടൻ … അച്ഛന്റെ ബലി കർമ്മങ്ങൾ ചെയുന്നത് ജനലഴികളിലൂടെ കാണാം . . മെലിഞ്ഞിരിക്കുന്നു ഏട്ടൻ. നിറവും നഷ്ടപ്പെട്ടു . എന്നെക്കാൾ നിറമുണ്ടായിരുന്നു ഒരുകാലത്ത് .ഇന്നലെ വരെ ഈ വീട്ടിൽ തന്നെ ഉണ്ടായിരുന്നു ഏട്ടൻ എന്നിട്ടും ഞാൻ അറിഞ്ഞിരുന്നില്ല ഈ രൂപമാറ്റം.

ഇപ്പോൾ വീണ്ടും ഞാൻ കാണാൻ തുടങ്ങിയത് എന്ത് കൊണ്ട് .? അതിന് ഒരു ഉത്തരമേ ഉള്ളൂ. ഇനി മാറ്റാരും ആശ്രയം ഇല്ല എന്നത് തന്നെ !!! .ഞാൻ ഏട്ടനെ തന്നെ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു.

അച്ഛനും ഏട്ടനും ഒരിക്കലും യോജിച്ചു പോയിട്ടില്ല . സത്യത്തിൽ അവർ മുഖത്തോടു മുഖം കണ്ട നിമിഷങ്ങൾ കുറവായിരുന്നു എന്നതാണ് സത്യം .

ചെറുപ്പത്തില്ലേ എന്നെ ഏട്ടനിൽ നിന്നും അകറ്റി നിർത്താൻ അച്ഛൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു . അത് കൊണ്ട് തന്നെ വളർന്നപ്പോൾ ഞാനും ചേട്ടന് “ആ സ്ഥാനം” നൽകിയിരുന്നില്ല . അമ്മയേക്കാൾ അടുപ്പം എനിക്കു അച്ഛനുമായിട്ടയിരുന്നു.

അച്ഛനും അമ്മയും ഏട്ടന്റെ കാര്യത്തിൽ വഴക്കിടുമ്പോൾ ഞാൻ അവരുടെ എതിർ പക്ഷം പിടിച്ചു പലപ്പോഴും .

പിന്നെ അമ്മയുടെ മരണത്തോടെ ഏട്ടൻ തീർത്തും ഒറ്റപ്പെട്ടു. അതിനു ശേഷമാണ് കേട്ടത് അച്ഛന്റെ ഏട്ടനോടുള്ള മുഖം തിരിക്കലിനു കാരണം . കല്യാണം കഴിഞ്ഞു എട്ടാം മാസത്തിൽ പിറന്ന കുട്ടി അച്ഛന്റെതു അല്ല എന്ന് അച്ഛൻ ഉറച്ചു വിശ്വസിച്ചു .

അമ്മയുടെ തറവാടിന്റെ പ്രതാപത്തിനും ആങ്ങളമാരുടെ ശക്തിക്കും മുന്പിൽ തുറന്നു പറയുവാനാവാതെ കെട്ടിവെച്ചതെല്ലാം അച്ഛൻ ഏട്ടന്റെ മുന്പിൽ അഴിച്ചു വിട്ടു .

അമ്മയുടെ കണ്ണീരിൽ കുതിർന്ന സത്യങ്ങൾക്ക് അച്ഛന്റെ അവിശ്വാസത്തെ കഴുകി കളയാൻ കഴിഞ്ഞില്ല . ഞാൻ പിറന്ന നാൾ മുതൽ കേൾക്കാൻ തുടങ്ങിയ ഈ കഥ എനിക്കും അവിശ്വസിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം .

മരണം കൈപിടിച്ച് മുന്നിൽ നടക്കാൻ തുടങ്ങിയ നിമിഷത്തിൽ അച്ഛന്റെ കൈ മുറുകെ ചേർത്തു പിടിച്ചു അമ്മ പറഞ്ഞു . അച്ഛൻ അല്ലാതെ മറ്റൊരു പുരുഷൻ സ്വന്തം ജീവിതത്തിൽ ഉണ്ടായിട്ടില്ലയെന്നു .

മരണമെന്ന വലിയ സത്യത്തിനു മുനിപിൽവെച്ചുള്ള ആ ആണയിടൽ അച്ഛന്റെ അവിശ്വാസത്തിന്റെ ആണിക്കല്ല് ഇളക്കി .

പക്ഷെ വൈകി പോയിരുന്നു . അവസാന നാളുകളിൽ അച്ഛന്റെ തീരാനോവായി ഏട്ടൻ ..എങ്കിലും പരസ്പരം സംസാരിക്കുന്നത് കണ്ടിട്ടില്ല .

പൂമുഖത്തെ മുറിയിലെ വെളിച്ചം അതായിരുന്നു ചേട്ടൻ വീട്ടിൽ ഉണ്ട് എന്നതിനു ഞങ്ങൾക്കു തിരിച്ചറിയാനുള്ള മാർഗം. അത് പലപ്പോഴും പകലും ചേട്ടൻ തെളിയിച്ചിടുമായിരുന്നു .

ഒരു പക്ഷെ ജീവിതത്തിൽ വീണ ഇരുട്ടിനോടുള്ള പ്രതികാരം ആവാം അത് .

ഏട്ടന് എന്നോട് ഉള്ള നിലപാപാട് എന്തായിരുന്നു എന്ന് ഇപ്പോഴും അറിയില്ല . അതിനുള്ള അവസരം വളർന്നപ്പോൾ ഉണ്ടായിട്ടില്ല . അല്ലെങ്കിൽ അത് തടയപ്പെടുകയായിരുന്നു

സ്വതവേ മൗനി ആണ്… അത് കൊണ്ട് തന്നെ എനിക്കു ഒരിക്കലും പിടുത്തം കിട്ടിയിട്ടില്ല ഏട്ടനെ .എന്തായാലും സ്നേഹം അത് എന്നോടു ഉണ്ടാവാൻ തരമില്ല . എന്നെ മുന്പിൽ നിർത്തി ആയിരുന്നുല്ലോ ഏട്ടനെ മാറ്റി നിർത്തിയത് .

ഇനി ഞാനും ഏട്ടനും മാത്രം ഈ വീട്ടിൽ . ഒരു പക്ഷെ എന്റെ എല്ലാ സ്വാതന്ത്ര്യവും തടയപ്പെട്ടേക്കാം . കൊടുക്കാതെ സ്നേഹം തിരിച്ചു കിട്ടണം എന്ന് ആശിക്കുന്നതിൽ എന്ത് അർത്ഥം . എന്തായാലും കോഴ്സ് കംപ്ലീറ്റ്‌ ചെയ്യണം .

ആളുകൾ പിരിഞ്ഞു പോവാൻ തുടങ്ങിയിരിക്കുന്നു. അങ്ങിനെ പറയാൻ മാത്രം ആരുമില്ല.?.അല്ലെങ്കിലും ആര് വരാൻ!!! . ചിരിക്കുമ്പോൾ പോലും ലാഭം നോക്കി ചിരിച്ച അച്ഛന്റെ അടിയന്തിരത്തിനു.

ഇപ്പോൾ വീട്ടിൽ ഞാനും ഏട്ടനും മാത്രം. ഇരുളും മൗനവും പോലെ. മുഖത്തോടു മുഖം നോക്കാതെ .
ആ മൗനമുടച്ചത് ഏട്ടൻ ആണ് “നാളെ മുതൽ കോളേജിൽ പോയി തുടങ്ങിക്കൊള്ളു . ഇപ്പൊ ചടങ്ങുകൾ കഴിഞ്ഞില്ലേ .. പോവാനുള്ള കാശ് ഉമ്മറപ്പടിയുടെ മുകളിൽ വെച്ചേക്കാം . പഠിപ്പ് മുടക്കേണ്ട …. ”
ഞാൻ ഇനി ഒരിക്കലും നടക്കില്ല എന്ന് കരുതിയത്‌ അപ്രതീക്ഷിതമായി കേട്ടപ്പോൾ കണ്ണ് നിറഞ്ഞു നെഞ്ചുപൊട്ടി ഞാൻ വിളിച്ചുപോയി
” ഏട്ടാ ….” ലോകത്ത് ഒരു അനുജത്തിയും ഇന്ന് വരെ വിളിച്ചിട്ടുണ്ടാവില്ല അത് പോലെ നെഞ്ച് പൊള്ളിയവിളി.

ഉമ്മറപ്പടിയിൽ കാശ് വെച്ച് പുറത്തെ ഇരുട്ടിലേക്ക് ഇറങ്ങാൻ തുടങ്ങിയ ഏട്ടൻ പെട്ടന്ന് നിന്നു . പിന്നെ പതുക്കെ തിരിഞ്ഞു എന്റെ അടുത്ത് വന്നു എന്റെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു .

” പേടിക്കണ്ട ഒറ്റപ്പെട്ടു പോവില്ല നീ .. എന്തിനെന്നു അറിയാതെ ഒറ്റപ്പെട്ടു പോയവനാ ഞാൻ ..അതിന്റെ വേദന ശരിക്കും അറിഞ്ഞവനാ ഞാൻ … ”

എനിക്കു കരച്ചിൽ അടക്കാൻ കഴിയാതെ ഞാൻ വിങ്ങി പൊട്ടിയപ്പോൾ ഏട്ടൻ തുടർന്നു.

” ഓരോ ഏട്ടൻമാരും അച്ഛനെന്ന വിളിക്കണയുംബോൾ വീടിനെ ഇരുളിന് വിട്ടു കൊടുക്കാതെ തെളിഞ്ഞു കത്തേണ്ട വിളക്കുകൾ ആണ് . ഞാനും തെളിഞ്ഞു കത്തിയേ തീരൂ ….. കാരണം ഞാനും എട്ടാനാണ് … നിന്റെ ഏട്ടൻ ”

ഏട്ടൻ റൂമിലെ ലൈറ്റ് ഇട്ടു . റൂമിൽ ആകെ പ്രകാശം പരന്നു . ആ വെളിച്ചത്തിൽ ഞാൻ കണ്ടു , എന്റെ അമ്മയെ, അച്ഛനെ , ചെറുപ്പത്തിൽ നഷ്ടപ്പെടുത്തിയ കളികൂട്ടുകാരനെ ….. എല്ലാവരെയും കണ്ടു….. ഏട്ടനിൽ ….. എന്റെ ഏട്ടനിൽ

മനോജ്‌ കുമാർ കാപ്പാട് കുവൈറ്റ്‌

LEAVE A REPLY

Please enter your comment!
Please enter your name here