ഞാൻ സ്നേഹിച്ചത് ദേവൂന്റെ പണത്തെ അല്ല അതുകൊണ്ട് തന്നെ ശ്രീക്ക് അവളെ പണമില്ല എന്ന കാരണത്തിന്റെ പേരിൽ തള്ളിക്കളയാൻ ആകില്ലായിരുന്നു… ദേവൂനെ വിവാഹം കഴിക്കാൻ ഒരു തരത്തിലും സമ്മതിക്കാതിരുന്ന വീട്ടുകാരെ പരമാവധി കാല് പിടിച്ചുനോക്കി. എന്നിട്ടും വഴങ്ങാതെ വന്നപ്പോൾ അവളുടെ കൈ പിടിച്ച് വീട്ടിലേക്ക് കയറി..
പക്ഷെ വിചാരിച്ചതിലും മോശമായിരുന്നു അവസ്ഥ അമ്മ ഒരു വിട്ട് വീഴ്ചക്കും തയ്യാറായില്ല.. “നീയും ഇവളും ഇവിടെ താമസിച്ചാൽ എന്നെ ആരും ജീവനോടെ കാണില്ല “അമ്മയുടെ ഈ വാക്കുകൾക്ക് മുൻപിൽ പടിയിറങ്ങുകയല്ലാതെ വേറെ വഴിയില്ലായിരുന്നു..
ജോലി ഉണ്ടെങ്കിലും താമസം വീട് എല്ലാം കൂടി തുടക്കത്തിൽ ഒത്തിരി കഷ്ടപ്പെട്ടു… സാധാരണ എല്ലാവരെയും പോലെ ഒരു കുഞ്ഞയാൽ അവസ്ഥ മാറും വീട്ടുകാർ അംഗീകരിക്കും എന്ന് കരുതി പക്ഷെ…. കുഞ്ഞിനെ ഒന്ന് കാണാൻ പോലും ആരും വന്നില്ല..
ഒറ്റ മകനായ എന്നെ തട്ടിയെടുത്തു അതായിരുന്നു ദേവുവിൽ എല്ലാരും കണ്ട കുറ്റം..
പക്ഷെ അവളായിരുന്നു പെൺകുട്ടി.. കൊച്ചു കുഞ്ഞിനേയും വച്ചു പറ്റുന്നപോലെ നൃത്തക്ലാസ്സ് തുടങ്ങി… രണ്ട് വർഷം കൊണ്ട് പരമാവധി സേവിങ് ഒക്കെ ആയെന്നായപ്പോൾ കുറച്ച് ലോൺ കൂടെ എടുത്ത് എന്റെ വീടിനടുത്തു തന്നെ ഒരു കൊച്ചു വീട് വാങ്ങി… ഞാൻ പലവട്ടം ദേവൂനോട് പറഞ്ഞു കുറച്ച് ദൂരെ മാറി വീട് വാങ്ങാം.. ഒന്നാമതെ നമ്മളെ കാണുന്നതേ അമ്മക്ക് ഇഷ്ടമല്ല അതിന്റെ കൂടെ അവരുടെ മുന്നിൽ പോയി താമസിച്ചാൽ ജീവിക്കാൻ സ്വൈര്യം തരില്ലെന്ന്.. എന്റെ അമ്മയുടെ വാശി എനിക്ക് നല്ലപോലെ അറിയുന്നത് കൊണ്ട് മാത്രമാണ് പിന്തിരിപ്പിക്കാൻ ശ്രമിച്ചത്..
പക്ഷെ ദേവൂ പറഞ്ഞ മറുപടി “ശ്രീയേട്ടൻ ഒറ്റ മകനാണ് നാളെ ഒരു കാലത്ത് ആരും എന്നെ പഴിക്കരുത്..അവരെന്തു പറഞ്ഞാലും നമുക്ക് മറക്കാം “ഇങ്ങനെ പറയുന്ന അവളെ ഞാൻ പിന്നെ എന്ത് പറയാനാണ്….
വീടിന്റെ ചാവി കയ്യിൽ കിട്ടിയ അന്നു ദേവു പറഞ്ഞു നമുക്ക് ശ്രീയേട്ടന്റെ വീട് വരെ ഒന്ന് പോകാം..
വീട്ടിൽ ചെന്നുകയറിയപ്പോൾ അച്ഛൻ കയറിയിരിക്കാൻ പറഞ്ഞു.. പക്ഷെ കുഞ്ഞിനെ ഒന്നെടുക്കുക കൂടി ചെയ്തില്ല..അപ്പോഴേ മനസ്സ് പാതി ചത്തു.. എങ്കിലും അമ്മ വരാൻ വേണ്ടി കാത്തിരുന്നു..
അമ്മ വന്നതും ഒന്നും മിണ്ടാതെ ഇരിക്കുന്ന കണ്ടപ്പോ ദേഷ്യം മാറിയെന്നു കരുതി കുഞ്ഞിനെ കൊണ്ട് കാണിച്ചു.. പക്ഷെ മുഖം തിരിച്ചു കളഞ്ഞു.. ഇത് കണ്ടിട്ടും തളരാതെ ദേവു അമ്മയുടെ അരികിലേക്ക് ചെന്നു.. ആ കയ്യിൽ വീടിന്റെ ചാവി വച്ചുകൊടുത്തിട്ടു പറഞ്ഞു… അമ്മ ഇത് വാങ്ങണം രണ്ടര വർഷത്തെ ഞങ്ങളുടെ അധ്വാനം ആണ്.. ഇനിയെങ്കിലും അമ്മ മനസ്സിലാക്കണം എനിക്ക് നിങ്ങളെല്ലാവരും വേണം…
ചാവി വാങ്ങി കയ്യിൽ വച്ചിട്ട് ‘അമ്മ പറയുവാ… വല്യ ശീലാവതി ഒന്നും ആകേണ്ട കാര്യം ഇല്ല.. ഈ വീട് അല്ലെങ്കിലും ഞങ്ങൾക്കുള്ളതാണ് നിന്റെ ഔദാര്യമെന്തിനാ… അവിടെ നിനക്കെന്തധികാരം വഴിയിൽനിന്നും കയറിവന്നു ആളാകാൻ നിൽക്കണ്ട. ഇറങ്ങിക്കോ നിന്റെ കെട്ടിയവനേം വിളിച്ചിപ്പൊ തന്നെ..
തിരിച്ചു പോകുമ്പോൾ നിറഞ്ഞൊഴുകുന്ന ദേവൂനെ ചേർത്ത് പിടിക്കാനേ ആയുള്ളൂ.. പണമില്ലാത്ത പെൺകുട്ടികൾക്കും ഭൂമിയിൽ ജീവിക്കണ്ട എന്നാണോ ?അവരുടെ മനസ്സെന്താ ഇവരാരും കാണാത്തതു…
അത്രനാളും ഒഴുക്കിയ വിയർപ്പു അമ്മയുടെ കയ്യിൽ വച്ചുകൊടുക്കുമ്പോൾ അവൾക്കൊരു പ്രതീക്ഷ ഉണ്ടായിരുന്നു. അവളെ അംഗീകരിച്ചില്ലെങ്കിലും കുഞ്ഞിനെ സ്നേഹിക്കും എന്ന്.. ഇതിപ്പോ ആ പാവം തകർന്നുപോയി.. പക്ഷെ അവൾക്കു പറയാതെ പറഞ്ഞു ഒരുറപ്പെ എനിക്ക് കൊടുക്കാനുള്ളു.. മരണം വരെ എന്റെ നെഞ്ചിലെ സ്നേഹം എന്റെ ദേവൂന് മാത്രമുള്ളതെന്ന്..
ദേവൂ… .