Home Latest ലോഡ്ജിൽ രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കിയതും രണ്ടുപേരും ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി..

ലോഡ്ജിൽ രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കിയതും രണ്ടുപേരും ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി..

0

വിയര്‍പ്പാൽ നനഞ്ഞൊട്ടിയ അവളുടെ ശരീരത്തിൽ നിന്നും സുരേന്ദ്രൻ പതുക്കെ എഴുന്നേറ്റു ബെഡിൽ ഇരുന്നു…
ലുങ്കി എടുത്തുചുറ്റി മേശയുടെ മുകളിൽ ഇരിക്കുന്ന സിഗരറ്റ് പാക്കറ്റിൽ നിന്നും ഒന്നെടുത്ത് തീ കൊടുത്തുകൊണ്ട് എഴുന്നേറ്റ് ജനവാതിലിന്റെ അടുത്തേക്കു നടന്നു..

നെറ്റിയിൽ നിന്നും ഇറ്റു വീഴാൻ ഒരുങ്ങുന്ന വിയർപ്പുതുള്ളികൾ ലുങ്കിയുടെ അറ്റം ഉയര്‍ത്തി തുടച്ചു മാറ്റി.

സിഗരറ്റിൻറെ പുകച്ചുരുളുകൾ ജനാലയിലൂടെ പുറത്തേക്കുചാടി വായുവിൽ ലയിച്ചു ചേർന്നു..
അലസമായി പുറത്തേക്ക് കണ്ണോടിച്ചു കൊണ്ടിരിക്കുമ്പോഴാണ് പുറത്ത് ഒരു ഓട്ടോ വന്നു നിന്നത്..
മങ്ങിയ വെളിച്ചത്തിലും ഓട്ടോയിൽ നിന്നും പുറത്തിറങ്ങിയത് ഒരു സ്ത്രീയും ഒരു പുരുഷനുമാണെന്ന് സുരേന്ദ്രന് മനസ്സിലായി..
തന്നെപ്പോലെ കാമം ശമിപ്പിക്കാൻ ആരും കാണാത്ത ഒരിടം തേടി വന്നവർ..
തന്നെപ്പോലെ തന്നെ ഒന്നോ രണ്ടോ മണിക്കൂറിന് വേണ്ടി മാത്രം ഈ ലോഡ്ജിൽ ഇടം തേടിയവർ..

ഒാട്ടോയുടെ കാശും കൊടുത്ത് റിസപ്ഷനിലേക്ക് നടന്നുപോകുന്ന അവരെ സുരേന്ദ്രൻ ഉള്ളിൽ
ഒരു ചിരിയോടെ വീക്ഷിച്ചുകൊണ്ടിരുന്നു..

മുഖം വ്യക്തമായി കണ്ടില്ലെങ്കിലും അവൾ അണിഞ്ഞ സാരി എവിടെയോ കണ്ടപോലെ..
അവളുടെ പുറം ഭാഗവും നടത്തവും കൂടി കണ്ടപ്പോൾ സുരേന്ദ്രന്റെ മനസ്സിലൂടെ ഒരു കൊള്ളിയാൻ മിന്നി..
മനസ്സിൽ അസ്വസ്ഥത പടർന്നു..
വല്ലാത്തൊരു വീർപ്പുമുട്ടൽ…
മനസ്സ് പെരുമ്പറ കൊട്ടുന്നു..
ഇരിപ്പുറക്കാതെ സുരേന്ദ്രൻ റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു..

സുരേന്ദ്രന്‍ ഷർട്ട് വലിച്ചിട്ട് പുറത്തേക്കിറങ്ങി..

താഴോട്ടുള്ള കോണിപ്പടി ഇറങ്ങാൻ ഒരുങ്ങിയതും ചിരിച്ചു കൊണ്ട് ഒരുത്തന്റെ കയ്യിൽ തൂങ്ങി മുകളിലേക്ക് കയറി വരുന്ന ആ സ്ത്രീ രൂപം കണ്ടതും സുരേന്ദ്രന് തലകറങ്ങുന്നതുപോലെ തോന്നി..
ദൈവമേ തന്റെ ഭാര്യ സുലോചന.. മറ്റൊരുത്തന്റെ കയ്യും പിടിച്ച് ..
അതും അനാശാസ്യം മാത്രം നടക്കുന്ന ഈ ലോഡ്ജിൽ..
രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കിയതും രണ്ടുപേരും ഒരു നിമിഷം
സ്തംഭിച്ചു നിന്നുപോയി..

പരിസര ബോധം നഷ്ടപ്പെട്ട സുരേന്ദ്രൻ അവളുടെ അടുത്തേക്ക് അലറിയടുത്തു..

ആരാടീ ഇവന്‍…?
എന്താണ് നിനക്കീ ലോഡ്ജിൽ…?
നീ ഇത്രയും കാലം എന്നെ ചതിക്കുകയായിരുന്നു അല്ലേ.. നീ ഇത്രയും തരം താഴ്ന്ന ഒരു പെണ്ണാണെന്ന് ഞാനറിഞ്ഞില്ല….

ചേട്ടൻ എന്തിനാണ് ചൂടാകുന്നത്….?
ചേട്ടൻ ഇവിടെ എന്തിനാണ് വന്നത് അതിനു തന്നെയാണ് ഞാനും വന്നത്..
നിങ്ങൾക്കാവാമെങ്കിൽ എനിക്കെന്തുകൊണ്ട് ആയിക്കൂടാ..
അതോ ഭാര്യാഭർതൃബന്ധത്തില്‍ ഭർത്താവിന് എന്തുമാകാം എന്നുണ്ടോ..?

ദേഷ്യം കൊണ്ട് അടിമുടി വിറച്ച സുരേന്ദ്രൻ
കൈ ഉയർത്തിക്കൊണ്ട് സുലോചനയെ തല്ലാനാഞ്ഞതും അടുത്ത ടേബിളിൽ വച്ചിരുന്ന ഫ്ലവർ ബോട്ടിൽ എടുത്ത് സുലോചന സുരേന്ദ്രന്റെ തലക്കടിച്ചതും ഒരുമിച്ചായിരുന്നു..

അമ്മേ…എന്ന് നിലവിളിച്ചുകൊണ്ട് സുരേന്ദ്രൻ നിലത്തേക്ക് വീണു..

പാതി മയക്കത്തിലും സുരേന്ദ്രൻ കേൾക്കുന്നുണ്ടായിരുന്നു അയ്യോ അമ്മേ… ഓടിവായോ എന്ന് ആരോ ഉറക്കെ വിളിച്ചുകൂവുന്നത്…

തന്നെ ആരോ കമിഴ്ത്തി കിടത്തുന്നതും
തട്ടി വിളിക്കുന്നും ചുറ്റും നിന്ന് ആരൊക്കെയോ കരയുന്നതും മനസ്സിലാക്കിയ സുരേന്ദ്രൻ പതുക്കെ കണ്ണുതുറന്നു..
നെറ്റിയിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോര പുറം കൈകൊണ്ടു തുടച്ചു നീക്കിക്കൊണ്ട് ചുറ്റും നോക്കിയ സുരേന്ദ്രൻ ഞെട്ടിപ്പോയി..

തന്റെ ഭാര്യയും മക്കളും ചുറ്റും കൂടി നിന്ന് അലമുറയിട്ട് കരയുന്നു..
നിലത്തു നിന്നും എഴുന്നേൽക്കാൻ
ശ്രമിക്കുന്ന തന്നെ കരഞ്ഞുകൊണ്ട് ഭാര്യ പിടിച്ചെഴുന്നേൽപ്പിച്ച് കട്ടിലിലിരുത്തുന്നു..

മക്കളെയും പരിസരവും ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് താൻ ഇതുവരെ കണ്ടത് സ്വപ്നമാണെന്നും കട്ടിലിൽ നിന്ന് വീണാണ് തലയിൽ മുറിവ് പറ്റിയതെന്നും സുരേന്ദ്രന് മനസ്സിലായത്..

കണ്ണീരൊലിപ്പിച്ചുകൊണ്ട് തന്നെ ചാരിയിരുന്ന് തന്റെ മുറിവ് വെച്ചുകെട്ടി തേങ്ങിക്കരയുന്ന തന്റെ ഭാര്യയെ കണ്ടപ്പോൾ സുരേന്ദ്രന്റെ കണ്ണുകൾ നിറഞ്ഞു..

ഈ പാവത്തിനെ മറന്നു കൊണ്ടാണല്ലോ ദൈവമേ ഞാനിന്ന് ഒരു സ്ത്രീയോട് വരാമെന്നേറ്റത്….
അവളേയും ആലോചിച്ച് കിടന്നുറങ്ങിയത് കൊണ്ടാണല്ലോ ഞാന്‍ കട്ടിലില്‍ നിന്നും
താഴെ വീണത്…
ഈ സാധുവിനെ ചതിച്ചിട്ട് എനിക്ക് മറ്റൊരു സ്ത്രീയിൽ നിന്ന് എന്തു സുഖം കിട്ടാനാണ്..

ഇത് ദൈവം തനിക്ക് തന്ന ഒരു മുന്നറിയിപ്പാണ്.. താൻ തെറ്റ് ചെയ്താൽ അത് തന്റെ കുടുംബത്തിലൂടെ ആവർത്തിക്കും എന്ന മുന്നറിയിപ്പ്..
മനസ്സുകൊണ്ടെങ്കിലും താൻ തെറ്റ് ചെയ്തുപോയതിനുള്ള ശിക്ഷയാണ് നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്ന ഈ രക്തം..

കുറ്റബോധം കൊണ്ട് സുരേന്ദ്രൻ തലതാഴ്ത്തി തന്നെ പിടിച്ചു..

ഭാര്യ താടിയിൽ പിടിച്ചുയർത്തി കരഞ്ഞുകൊണ്ട് വേദനിക്കുന്നുണ്ടോ ചേട്ടാ… എന്നുകൂടി ചോദിച്ചപ്പോൾ സുരേന്ദ്രന്റെ നിയന്ത്രണം വിട്ടു..
പൊട്ടിക്കരഞ്ഞുകൊണ്ട് ഭാര്യയെ കെട്ടിപ്പിടിച്ചു..
ശരീരം കൊണ്ട് തെറ്റ് ചെയ്തില്ലെങ്കിലും മനസ്സിൽ വന്നു പോയ ദുഷ്ചിന്തകൾക്ക് മനസ്സിൽ ആയിരം വട്ടം മാപ്പുപറഞ്ഞു…
മക്കളെ തന്നിലേക്ക് വലിച്ചടുപ്പിച്ച് ഭാര്യയുടെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുടച്ചുകൊണ്ട് സുരേന്ദ്രൻ മനസ്സിൽ ശപഥം ചെയ്യുകയായിരുന്നു..
ഇനിയൊരിക്കലും മനസ്സുകൊണ്ടുപോലും താന്‍ തന്റെ ഭാര്യയെ ചതിക്കില്ലെന്ന്..

രചന ; Shihab Kzm

LEAVE A REPLY

Please enter your comment!
Please enter your name here