Home Latest രണ്ടുദിവസം കഴിഞ്ഞാൽ ചേട്ടന്റെ കല്യാണം ആണ്.അവന്റെ ഒരുപാട് വർഷത്തെ പ്രണയം പൂവിടാൻ പോകുന്നു.

രണ്ടുദിവസം കഴിഞ്ഞാൽ ചേട്ടന്റെ കല്യാണം ആണ്.അവന്റെ ഒരുപാട് വർഷത്തെ പ്രണയം പൂവിടാൻ പോകുന്നു.

0

രണ്ടുദിവസം കഴിഞ്ഞാൽ ചേട്ടന്റെ കല്യാണം ആണ്.അവന്റെ ഒരുപാട് വർഷത്തെ പ്രണയം പൂവിടാൻ പോകുന്നു. എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം. ഒരിക്കലും എന്നെ കൈവിടില്ല എന്നുപറഞ്ഞവൻ. ഒരു ആക്‌സിഡന്റിൽ വലതുകാലിന്റെ മുട്ടിനു താഴെ നഷ്ടമായി ഒപ്പം അവന്റെ പ്രണയവും.. ഒരു കാലില്ലാത്തവളെ വേണ്ട എന്നവനും പറഞ്ഞു… മുറിച്ചുമാറ്റിയ കാലിനു പകരം വെപ്പുകാൽ വെച്ചപോലെ നഷ്ടപ്പെട്ട പ്രണയത്തിനു പകരം മറ്റൊന്നും വയ്ക്കാൻ പറ്റില്ലല്ലോ…..

കാളിങ് ബെൽ കേട്ടാണ് പുറത്തേക്കു ഇറങ്ങിയത്.. വെപ്പുകാൽ ഉണ്ടെങ്കിലും നടക്കുമ്പോൾ ചെറിയ മുടന്തുണ്ട്.. വാതിൽ തുറന്നപ്പോൾ ചേട്ടൻ കെട്ടാൻ പോകുന്ന പെണ്ണിന്റെ അച്ഛനും ഏട്ടനും.. മുന്നേ കണ്ടതിനേക്കാളും ഒരുപാട് ക്ഷീണിച്ചിട്ടുണ്ട് രണ്ടുപേരും… കല്യാണത്തിന്റെ ഓട്ടത്തിൽ ആകും രണ്ടാളും…
” അച്ഛനില്ലേ മോളെ…… ”
” ഉണ്ട്… കയറിവരു…അകത്തൊട്ടിരിക്കാം… ”

അവരെ രണ്ടാളെയും ഉള്ളിലേക്ക് ക്ഷണിച്ചു.. അവരുടെ രണ്ടുപേരുടെയും മുഖത്ത് എന്തോ വിഷമവും ഭയവും ഉള്ളപോലെ.. അകത്തുപോയി ചായ ഇട്ടുകൊണ്ട് വന്നപ്പോഴേക്കും അച്ഛൻ അവരോട് എന്തൊക്കെയോ തർക്കിക്കുക ആയിരുന്നു.. അവസാനം അവർ രണ്ടുപേരും തല കുലുക്കി സമ്മതിച്ചുകൊണ്ടു ഇറങ്ങിപ്പോയി.. അച്ഛന്റെ മുഖത്ത് സന്തോഷവും ഉണ്ടായിരുന്നു…

പിന്നെയാണ് അറിഞ്ഞത് അവിടെ നടന്നത് എന്റെ കല്യാണനിശ്ചയം ആയിരുന്നു എന്ന്.. സമയത്തിന് അവർക്ക് പറഞ്ഞസ്വർണം തരാൻ കഴിഞ്ഞില്ല അതിനുപകരം ഈ വെപ്പുകാലിയെ ആ ഏട്ടന്റെ തലയിൽ വയ്ക്കുക ആയിരുന്നു.. വല്യ ചിലവൊന്നും ഇല്ലാതെ ഈ വെപ്പുകാലിയെ കെട്ടിച്ചു വിടാൻ കഴിഞ്ഞതിന്റെ സന്തോഷം ആയിരുന്നു അച്ഛന്റെ മുഖത്ത്…

താലി കെട്ടുമ്പോൾ ആണ് ആ മുഖം ഞാൻ ഒന്ന് അടുത്ത് കാണുന്നത്.. അപ്പോഴും പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. തിരികെ ഏട്ടന്റെ വീട്ടിലേക്ക് യാത്രയായി.. ഒറ്റനോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന, ഓട് പാകിയ ഒരു ചെറിയ പഴയ വീട്.
“വലതുകാൽ വച്ചു കയറിവാ മോളെ…”

എന്നുപറഞ്ഞമ്മ നിലവിളക്കു തന്നപ്പോൾ, വലതു കാലില്ലാത്ത കൊച്ചല്ലേ അത്‌ എന്നാരോ പറയുന്നുണ്ടായിരുന്നു….പലരും എന്റെ മുഖത്ത് സഹതാപത്തോടെ നോക്കുന്നുണ്ടായിരുന്നു.. രാത്രി ബന്ധുക്കളെയും സുഹൃത്തുക്കളെയും യാത്രയാക്കി ഏട്ടൻ റൂമിലേക്ക്‌ വന്നു.. ആ മുഖത്തേക്ക് നോക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല…

” താനിങ്ങനെ നിൽക്കാതെ അവിടെ ഇരിക്കടോ… ”
എന്നാലും ഞാൻ ആ കട്ടിലിൽ തന്നെ ചാരി നിന്നു…
” എല്ലാം പെട്ടന്ന് ആയതുകൊണ്ട് ഒന്ന് പരിചയപ്പെടാനോ സംസാരിക്കാനോ കഴിഞ്ഞില്ല… തന്റെ പേരുപോലും ഇന്നാണ് അറിയുന്നത്… ”

ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി തന്നെ നിന്നു…
” താൻ വിഷമിക്കണ്ട ഇവിടെ ആർക്കും തന്നോട് ദേഷ്യം ഇല്ല… അച്ഛനും അമ്മയ്ക്കുമൊക്കെ വല്യ സന്തോഷം മാത്രമേ യുള്ളൂ….പിന്നെ എല്ലാരുമായി പൊരുത്തപ്പെടാൻ കുറച്ച് സമയം എടുക്കും.. ”
” എങ്കിലും ഞാൻ കാരണം ഏട്ടന്റെ ജീവിതം കൂടി…….. … ”
” എന്റെ ജീവിതത്തിനു ഒരു കുഴപ്പവും ഇല്ല…. തല്ക്കാലം കിടന്നോ നമുക്ക് വിശദമായി നാളെ സംസാരിക്കാം… ”

ഏട്ടൻ ഒരു ഷീറ്റ് തറയിൽ വിരിച്ചതിൽ കിടന്നു….ആരെയും അഭിമുഖീകരിക്കാൻ കഴിയാതെ ഒന്നും മിണ്ടാൻ കഴിയാതെ ഞാനാകെ വീർപ്പുമുട്ടി.. കരഞ്ഞുകരഞ്ഞു രാത്രി എപ്പോഴോ ഉറങ്ങിപ്പോയി… രാവിലെ ഏട്ടൻ തട്ടി വിളിച്ചപ്പോൾ ആണ് ഉണർന്നത്…
” എഴുനേറ്റു വേഗം റെഡിയാവ്‌ നമുക്കൊരിടം വരെ പോകണം…. തുണികളൊക്കെ ആ അലമാരയിൽ ഉണ്ട്..”
എഴുനേറ്റു കുളിച്ചു അടുക്കളയിൽ ചെന്നപ്പോഴേക്കും അമ്മ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു…

” മോള് വന്നോ…. പഴയ വീടാണ് സൗകര്യങ്ങളോഒക്കെ കുറവാണ്…
എല്ലാത്തിനോടും ഒന്ന് പൊരുത്തപ്പെടുന്നതുവരെ മോള് ഒന്നും ചെയ്യണ്ട,,, ”
ഒന്നും പറയാൻ കഴിയാതെ ഞാൻ അമ്മയുടെ തോളിലേക്ക് ചാഞ്ഞു എന്റെ വിഷമങ്ങളും ദുഃഖങ്ങളും ഞാൻ ആ മാറിൽ ചാഞ്ഞു കരഞ്ഞുതീർത്തു…
” രണ്ടാളും കൂടെ രാവിലെ കെട്ടിപിടിച്ചു നിൽക്കുകയാണോ… ”
ഏട്ടന്റെ ചോദ്യം കേട്ടപ്പോൾ കണ്ണുതുടച്ചു തലഉയർത്തി…
” പോടാ ഇത് ഞങ്ങൾ അമ്മയും മോളും തമ്മിലുള്ള സ്നേഹമാണ്…. ”
” എന്നും ഇതുപോലെ കണ്ടാൽ മതി… സ്നേഹിച്ചു കഴിഞ്ഞിട്ട് വേഗം വാ… ”
” എന്ന മോള് ചെല്ല്….. ”

അമ്മയോടും അച്ഛനോടും യാത്രപറഞ്ഞു അവിടുന്ന് ഏട്ടനോടൊപ്പം ആദ്യം പോയത് ക്ഷേത്രത്തിൽ ആയിരുന്നു… അവിടെ ഉള്ളുതുറന്ന് പ്രാർത്ഥിച്ചു…ഏട്ടൻ തന്നെ ചന്ദനം നെറ്റിയിൽ ചാർത്തിതന്നു.. അവിടെ നിന്നിറങ്ങിയപ്പോഴേക്കും മനസ്സിന് വല്ലാത്തൊരു സന്തോഷമായി…
അവിടെ നിന്ന് നേരെ ഒരു കുന്നിന്റെ മുകളിലേക്കാണ്.. ചുറ്റും

പച്ചപ്പുള്ള,തണുത്ത കാറ്റ് തഴുകുന്ന ഒരു സുന്ദരമായ സ്ഥലം… അവിടിരുന്നു രണ്ടാളും പരസ്പരം മനസ്സ് തുറന്നു സംസാരിച്ചു… നഷ്ടപ്രണയങ്ങളും, മോഹങ്ങളും, സന്തോഷങ്ങളും, ദുഃഖങ്ങളും, സ്വപ്നങ്ങളും എല്ലാം……

തിരികെ പോകാനായി ഇറങ്ങുമ്പോഴേക്കും നമ്മൾ മുജ്ജന്മസുഹൃത്തുക്കളെ പോലെയായി… എന്റെ ഇഷ്ടങ്ങൾ ഏട്ടനും ഏട്ടന്റെ ഇഷ്ടങ്ങൾ ഞാനും ഇഷ്ടപ്പെട്ടു തുടങ്ങി…. പിന്നെ നമ്മൾ പ്രണയിക്കുക ആയിരുന്നു.. ഇതുവരെ കണ്ടതും അറിഞ്ഞതും ഒന്നുമല്ല പ്രണയം… ആ പ്രണയം നമ്മൾ അനുഭവിച്ചറിയുക ആയിരുന്നു……. വരും ജന്മങ്ങളിലും ഒന്നിക്കണെ എന്നുള്ളപ്രാർത്ഥനയോടെ………

ശ്രീ…….

LEAVE A REPLY

Please enter your comment!
Please enter your name here