Home Latest അച്ഛനും ഒരു മകനും മാത്രം താമസിക്കുന്ന വീട്ടിലേക്ക് അമ്മ ഇടക്കിടക്ക് പോകുന്നത് എനിക്കെന്തോ പന്തി തോന്നിയില്ല…

അച്ഛനും ഒരു മകനും മാത്രം താമസിക്കുന്ന വീട്ടിലേക്ക് അമ്മ ഇടക്കിടക്ക് പോകുന്നത് എനിക്കെന്തോ പന്തി തോന്നിയില്ല…

0

അമ്മു..
അമ്മയെന്ത്യേ,.? ചെറുപ്പം തൊട്ടുള്ള ശീലമാണിത് പുറത്തുപോയി വന്നാൽ ഞാൻ ആദ്യം തിരക്കുന്നത് അമ്മയെയായിരിക്കും. അല്ലെങ്കിലും അമ്മയുടെ കാത്തിരിപ്പിലേക്ക് തിരിച്ചെത്താൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യമല്ലേ.

അത്…
അമ്മ പിന്നെയും അപ്പുറത്തെ വീട്ടിലേക്ക് പോയിട്ടുണ്ട്. പോയിട്ട് കുറച്ച്നേരം കഴിഞ്ഞു. ഇതുവരെ വന്നിട്ടില്ല. അവളുടെ മറുപടി കേട്ടപ്പോൾ എനിക്കാകെ ദേഷ്യം കയറി.

മൂന്നുമാസം മുന്നെയാണ് അയല്പക്കത്തൊരു പുതിയ താമസക്കാർ വന്നത്. അച്ഛനും ഒരു മകനും മാത്രം താമസിക്കുന്ന വീട്ടിലേക്ക് അമ്മ ഇടക്കിടക്ക് പോകുന്നത് എനിക്കെന്തോ പന്തി തോന്നിയില്ല.
അമ്മയോട് ഞാൻ ഒരുപാട് തവണ വിലക്കിയെങ്കിലും അതൊന്നും കൂസാക്കാതെ അമ്മ വീണ്ടും അങ്ങോട്ടുള്ള പോക്ക് തുടർന്നു.

അമ്മയിത് എന്തിനുള്ള പുറപ്പാടാ. വെറുതെ നാട്ടുകാരെ കൊണ്ട് അതുമിതും പറയിക്കാൻ..
അമ്മയോടുള്ള ദേഷ്യം കൊണ്ട് ഞാൻ അവൾ കൊണ്ടുതന്നെ തോർത്തുമുണ്ടെടുത്തു നിലത്തേക്കെറിഞ്ഞു.

ഏട്ടൻ എന്നോട് ചൂടായിട്ടെന്താ. ഞാൻ ഇവിടുത്തെ മരുമകളല്ലേ.. എനിക്ക് ഒരു പരിധിയില്ലേ. എനിക്കമ്മയോട് പോകണ്ട എന്നൊക്കെ പറയാനൊക്കോ..
അതുമല്ല അച്ഛനോട് ചോദിച്ചു സമ്മതം വാങ്ങിയിട്ടാണ് അമ്മ പോയത്,
ഇതൂടെ കേട്ടപ്പോൾ എനിക്ക് അമ്മയോടുള്ള ദേഷ്യം അച്ഛനിലേക്കും പടർന്നു.
ഇങ്ങനെയൊരു മരങ്ങോടൻ ഭർത്താവായിപ്പോയല്ലോ എന്റെ അച്ഛൻ..
തൊട്ടപ്പുറം ഒരു പുരുഷൻ മാത്രം താമസിക്കുന്ന വീട്ടിലേക്ക് അമ്മയെ പതിവായി അയക്കാൻ അച്ഛനെങ്ങനെ കഴിയുന്നു..

എന്നിട്ട് അച്ഛനെന്ത്യേ..
അച്ഛൻ പാടത്തേക്ക് പോയിട്ടുണ്ട്,
ഞാൻ വേഗം തുണിമാറി പാടത്തേക്ക് നടന്നു. പോകുന്ന വഴി മുഴുവൻ ചിന്ത അമ്മയെക്കുറിച്ചുമാത്രമായിരുന്നു.
ആരായിരിക്കും അത്, അമ്മ എന്തിനായിരിക്കും അങ്ങോട്ട് പോകുന്നത്. ഇനി അച്ഛനെ വിഡ്ഢിയാക്കി ആയാളും അമ്മയും വല്ല അവിഹിതവും…
മനസ്സിൽ ഒരായിരം ചോദ്യങ്ങൾ മിന്നി മറിഞ്ഞു. എത്രയും പെട്ടന്ന് ഇതിനൊരു തീരുമാനം അറിയണം. എന്റെ നടത്തത്തിന് ഞാനല്പം വേഗത കൂട്ടി.

കുലച്ചു നിൽക്കുന്ന വാഴത്തോട്ടം മുഴുവൻ തിരഞ്ഞിട്ടും അച്ഛനെ കണ്ടില്ല.
അച്ഛാ.. ഞാൻ ഉറക്കെ വിളിച്ചു.. ദൈവമേ അച്ഛൻ ഇനി വല്ല കടുംകൈ ചെയ്‌തോ..
അച്ഛാ.. ഞാൻ ഒന്നൂടെ ഉച്ചത്തിൽ വിളിച്ചു..

എന്താടാ., കുളക്കടവിൽ നിന്നും അച്ഛന്റെ മറുപടി കേട്ടപ്പോഴാണ് ശ്വാസം നേരെ വീണത്.
ഞാൻ നേരെ കുളത്തിലേക്കോടി..
ഒരു കാല് പടവിലേക്ക് കയറ്റി വെച്ച് കുനിഞ്ഞു നിന്ന് കാലിലെ ചേർ കഴുകിക്കളയുകയാണ് അച്ഛൻ.
നീയെന്താടാ ഇവിടെ..
ഞാൻ അച്ഛനെ തിരക്കി വന്നത എനിക്ക് അച്ഛനോടൊരു കാര്യം പറയാനുണ്ട്.. ഞാനൽപ്പം ഗൗരവത്തിൽ തന്നെയാണ് പറഞ്ഞത്.
എന്താടാ, എന്താ കാര്യം..

അച്ഛൻ അമ്മയെ ഒന്ന് ശ്രദ്ധിക്കണം.. എനിക്കെന്തോ ഒരു പേടി തോന്നുന്നു..
എന്താടാ.. അമ്മക്ക് എന്താ പറ്റിയത്..
അല്ല അച്ഛാ അമ്മ അപ്പുറത്തെ വീട്ടിലേക്ക് ഇടക്കിടക്ക് പോകുന്നില്ലേ. അവിടെ ആണെങ്കിൽ ആകെ രണ്ടാണുങ്ങൾ മാത്രം. ആ പോക്ക് അത്രക്ക് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല.
വെറുതെ എന്തിനാ.
രോഗം വന്നിട്ട് ചികിത്സാ നൽകുന്നതിനേക്കാൾ നല്ലതല്ലേ അച്ഛാ രോഗം വരാതെ നോക്കുന്നത്.
ഇപ്പൊ തന്നെ ആളുകൾ ഓരോന്ന് പറഞ്ഞു തുടങ്ങും..

ഇതെല്ലം കേട്ട് അച്ഛനൊന്ന് ചിരിച്ചു..
നിനക്ക് നിന്റെ അമ്മയെ സംശയം ഉണ്ടല്ലേ.. അവൾക്ക് അവിടെ വല്ല അവിഹിതവും ഉണ്ടെന്ന തോന്നൽ.. ??
എന്നാൽ നിന്റെ സംശയം ശരിയാണ്. നിന്റെ ‘അമ്മ പോകുന്നത് അവളുടെ കാമുകനെ കാണാൻ വേണ്ടി തന്നെയാണ്..

ഞാനൊന്ന് ഞെട്ടി.. എന്റെ അമ്മ.. ഹേയ് ഇല്ല ഞാൻ വിശ്വസിക്കില്ല..

എന്താടാ നീ പേടിച്ചുപോയോ.
നിനക്ക് നിന്റെ അമ്മയെ ഇപ്പോഴും മനസ്സിലായില്ലേ. നമ്മളെ ഉപേക്ഷിക്കാൻ അവൾക്ക് കഴിയും എന്ന് നിനക്ക് തോന്നുന്നുണ്ടോ..

മൂന്നുമാസം മുന്നേ ഞാനും നിന്റെ അമ്മയും മുറ്റം വൃത്തിയാക്കുന്ന സമയത്താണ് അയൽ വീട്ടിലേക്കൊരു ലോറി വരുന്നത്. പിറകെ ഒരു കാറും. അതൊന്നും ശ്രദ്ധിക്കാതെ ഞങ്ങൾ വീണ്ടും ഞങ്ങളുടെ പണി തുടർന്നു..
പെട്ടന്നാണ് അവിടെനിന്നും ഒരാൾ അമ്മയെ പാറു എന്ന് ഉറക്കെ വിളിക്കുന്നത്.

അതാരായിരുന്നു എന്നറിയോ നിനക്ക്..
ഒരിക്കൽ നിന്റെ ‘അമ്മ ജീവനേക്കാൾ ഏറെ സ്നേഹിച്ച പുരുഷൻ.
കോളേജിൽ ഒരുമിച്ചു പഠിച്ചവരാ. പേര് ജോർജ്
സൗഹൃദം മൂത്തപ്പോൾ അമ്മയുടെ മനസ്സിൽ പ്രേമം കൂടി.. പക്ഷെ പറഞ്ഞില്ല അയാളോടെന്നല്ല ഒരാളോടും.
ജാതി മതം ഇതെല്ലം അമ്മക്ക് തടസ്സമായിരുന്നു. അതുകൊണ്ടുതന്നെ ആരെയും വേദനിപ്പിക്കാതെ ആ ഇഷ്ടം ‘അമ്മ കുഴിച്ചുമൂടി.. കല്യാണം കഴിഞ്ഞ അന്ന് രാത്രി തന്നെ അവൾ ഇതെല്ലം എന്നോട് പറഞ്ഞിരുന്നു..

ഒരുപാട് കാലത്തിനു ശേഷം തന്റെ ഹൃദയം കീഴടക്കിയ ആളെ കണ്ടപ്പോൾ ‘അമ്മ ആ പതിനേഴുകാരിയായ മാറുന്നത് ഞാൻ കണ്ടു. ഞാൻ പെണ്ണുകാണാൻ ചെന്നപ്പോഴുള്ള ചുറുചുറുക്കായിരുന്നു അമ്മക്ക്. ഇതെല്ലം കണ്ടപ്പോൾ അമ്മ കൈവിട്ടു പോകുവോ എന്ന് നിന്നെപ്പോലെ ഞാനും ഭയന്നു. പക്ഷെ അങ്ങനെ സംഭവിക്കില്ല എന്ന് എനിക്കുറപ്പായിരുന്നു..
ഞാൻ കെട്ടിയ താലിയുടെ ഉറപ്പ്. ഞാൻ കൊടുത്ത ജീവിതത്തിന്റെ ഉറപ്പ്.

അതുതന്നെ സംഭവിച്ചു.
മൂന്നുമാസത്തെ അയാളുടെ മകന്റെ പ്രൊജക്റ്റ് തീർന്നു ഇന്നവർ വീടൊഴിഞ്ഞു പോകും..
ഒരിക്കലൂടെ അവിടേക്ക് പോകാൻ എന്നോട് സമ്മതം ചോദിച്ച അവളോട് ഞാൻ തമാശക്ക് ചോദിച്ചു. എങ്ങാനും അയാളോടൊപ്പം പോകാനുള്ള പ്ലാൻ ഉണ്ടോന്ന്.
അപ്പോൾ അവൾ പറഞ്ഞതെന്താണെന്നോ

ഒരിക്കൽ അയാൾ അവളുടെ ജീവനായിരുന്നു.. പക്ഷെ ഇന്ന് അവളുടെ ജീവിതം തന്നെ നമ്മളാണെന്ന്,,
ആ അവൾക്ക് എങ്ങനെയാടാ നമ്മളെ വിട്ട് പോകാൻ കഴിയുന്നെ..
എന്റെ ചുറ്റുമിപ്പോൾ കൂരിരുട്ടാണെന്ന് പറഞ്ഞാൽ ഞാൻ ചിലപ്പോൾ വിശ്വസിക്കുമായിരുന്നു, പക്ഷെ അവൾ..
അവളെ എനിക്ക് വിശ്വാസം ആണെടാ. അവൾക്കൊരു അവിഹതം ഉണ്ടോ എന്ന് തോന്നുന്നത് തന്നെ പാപമാണ്..

ഇതും പറഞ്ഞു അച്ഛൻ കുളക്കടവിലെ പടികളോരോന്നും കയറി വന്നു..
എന്റെ തോളിൽ കൈവെച്ചു പറഞ്ഞു.
നിനക്ക് നിന്റെ അമ്മയെ പൂർണമായും വിശ്വസിക്കാം.അമ്മ എന്ന്പവിത്രതയോടെ വിളിക്കാം..
പിന്നെ അച്ഛനമ്മമാരുടെ അവിഹിതം അന്വേഷിക്കാനൊരുങ്ങുമ്പോൾ അതിൽ ഒരിത്തിരിയെങ്കിലും സത്യമുണ്ടോ എന്നൊന്ന് അന്വേഷിക്കണം.. കാരണം നാളെ നീയും ഒരച്ഛനാവും..

മനസ്സിൽ കുറ്റബോധം നിറഞ്ഞു. അമ്മയുടെ അവിഹിതം അന്വേഷിക്കുന്ന മകൻ.. ഓർത്തപ്പോൾ എന്നോടുതന്നെ അറപ്പുതോന്നി.. അറിയാതെ കണ്ണുനിറഞ്ഞു..

നീ വിഷമിക്കണ്ട. നീ അവളെ സംശയിച്ചു എന്നുപറഞ്ഞാൽ പോലും അവൾ അത് വിശ്വസിക്കില്ല..
കാരണം അത്രക്ക് ശുദ്ധയാണ് അവൾ.. നിന്നെ അത്രക്ക് ഇഷ്ടമാണവൾക്ക്
വാ പോകാം..

ഹേയ് ഞാനില്ല അച്ഛാ എനിക്കൊന്ന് കുളിക്കണം. മനസ്സിലെ അഴുക്കെല്ലാം കഴുകിക്കളയണം.
എന്നിട്ട് വേണം അമ്മയോട് മാപ്പ് പറയാൻ..

ഇതും പറഞ്ഞു അച്ഛൻ കാണാതെ കണ്ണ് തുടച്ചു ഞാൻ കുളത്തിലേക്കിറങ്ങി. അടുത്ത ജന്മവും ഈ അച്ഛനമ്മയുടെ മകനായി പിറക്കാൻ കഴിയണെ എന്ന പ്രാർത്ഥനയോടെ..

ശുഭം.

ഉനൈസ്

LEAVE A REPLY

Please enter your comment!
Please enter your name here