Home Latest എല്ലാ പെൺകുട്ടികളെയും പോലെ വിവാഹം ഒരു സ്വപ്നം ആയിരുന്നു… അങ്ങനെ ആഗ്രഹങ്ങളും മോഹങ്ങളും കൊണ്ടൊരു കൊട്ടാരം...

എല്ലാ പെൺകുട്ടികളെയും പോലെ വിവാഹം ഒരു സ്വപ്നം ആയിരുന്നു… അങ്ങനെ ആഗ്രഹങ്ങളും മോഹങ്ങളും കൊണ്ടൊരു കൊട്ടാരം തീർത്തു…

0

ഈ രാത്രി ഉറങ്ങാനുള്ളതല്ല… അതെ ഒരുപാട് കരഞ്ഞു തീർത്ത പന്ത്രണ്ട് വർഷങ്ങൾ….

എല്ലാ പെൺകുട്ടികളെയും പോലെ വിവാഹം ഒരു സ്വപ്നം ആയിരുന്നു. വന്ന ആലോചനയിൽ നല്ലതെന്നു തോന്നിയത് ഉറപ്പിച്ചു.. പിജി കഴിഞ്ഞ് നിന്നിരുന്ന എന്റെ ആഗ്രഹങ്ങൾ ആയിരുന്നു.. വിവാഹശേഷം ജോലിക്ക് പോകണം.. സ്വന്തം കാലിൽ നിൽക്കണം എന്നുള്ളത്……

അങ്ങനെ ആഗ്രഹങ്ങളും മോഹങ്ങളും കൊണ്ടൊരു കൊട്ടാരം തീർത്തു… വിവാഹദിവസം രാത്രിയിൽ മുറിയിൽ വന്നു കയറിയപ്പോൾ കണ്ടത് മദ്യപിച്ചവശനായി ഉറങ്ങുന്ന ഭർത്താവിനെയാണ്…..

അന്നു രാത്രി ഭർത്താവിന്റെ ‘അമ്മ പറഞ്ഞു.. സാരല്യ ക്ഷീണം കൊണ്ടാകും മോളുറങ്ങിക്കോ എന്ന്..

സങ്കടം അടക്കാൻ പാട് പെട്ടെങ്കിലും ക്ഷീണം കാരണം ഞാനും ഉറങ്ങിപ്പോയി….

പിറ്റേന്ന് രാവിലെ ചായ കൊണ്ടുകൊടുക്കാൻ ചെന്നപ്പോ ഒന്നും അറിയാത്ത മട്ടിൽ ചായവാങ്ങി കുടിച്ചെണീറ്റു പോയി.. ഞാൻ കരുതിയത് മുഖത്തുനോക്കാനുള്ള ചമ്മൽ കാരണം മിണ്ടാതെ പോയതെന്ന്..

പക്ഷെ മണിക്കൂറുകൾ മാത്രം മതിയായിരുന്നു ആ മനുഷ്യനും വീട്ടുകാരും ചതിക്കുകയായിരുന്നു എന്ന് മനസ്സിലാക്കാൻ….

പുതുപെണ്ണിനെ കാണാൻ വന്ന അയലത്തുകാർക്കൊക്കെ എന്തോ എന്റെ മുഖത്തു നോക്കുമ്പോൾ സഹതാപം….

പയ്യെ ഞാനും അറിഞ്ഞു.. മുഴുകുടിയനായ മകന്റെ മദ്യപാനം നിർത്തിക്കാൻ ഡോക്ടർ പറഞ്ഞുകൊടുത്ത മാർഗം വിവാഹമായിരുന്നെന്നു….

ദിവസങ്ങൾ നീങ്ങുന്നത് തന്നെ യുഗങ്ങൾപോലെയായി.. പക്ഷെ ആ അമ്മക്ക് സ്നേഹമുണ്ട്.. അതോണ്ടെന്തു കാര്യം.

അവരുടെ മകളെ ഇങ്ങനെ പരീക്ഷിക്കാൻ വിട്ടുകൊടുക്കോ ?

വീട്ടിലേക്ക് തിരിച്ചു പോകാം എന്ന് പലവട്ടം ചിന്തിച്ചെങ്കിലും അച്ഛനെയോർത്തു വേണ്ടെന്നു വച്ചു..ഒരു അറ്റാക്ക് കഴിഞ്ഞധികനാളായില്ല..

സഹിക്കാൻ പഠിച്ചു എല്ലാം.. ജോലിയെല്ലാം ഒരു സ്വപ്നം മാത്രമായി…നല്ലൊരു ജോലി ഉണ്ടായിരുന്നിട്ടും കൃത്യമായി അതിനുപോകാതെ മദ്യപിക്കാൻ മാത്രം ജീവിക്കുന്ന ഒരാള് അതായിരുന്നു ഭർത്താവ്.. ഒരുജോലിക്കും പോകാതെ അമ്മക്ക് കിട്ടുന്ന പെൻഷൻ കൊണ്ടുള്ള ജീവിതം..

അതിനിടയിൽ ഒരു മോൾ പിറന്നു… കുഞ്ഞയാൽ മാറും എന്ന് കരുതി… ഇനിയെങ്കിലും ജോലിക്ക് പോകാൻ പറഞ്ഞാൽ ‘അമ്മ പറയും അവൻ എങ്ങും പോയില്ലെങ്കിലും നിന്റെം കുഞ്ഞിന്റെ കാര്യങ്ങളും മുടക്കമൊന്നുമില്ലല്ലോ എന്ന്..

പിന്നെ എങ്ങനെ നന്നാകാനാ ആ മനുഷ്യൻ..

സ്നേഹത്തിൽ പറഞ്ഞു ദേഷ്യപ്പെട്ടു.. ഒന്നിലും ഒരുമാറ്റവുമില്ല…

വർഷങ്ങൾ എങ്ങനെ ഒക്കെയോ തള്ളിനീക്കി കരഞ്ഞു മടുത്തതല്ലാതെ മാറ്റമില്ലാത്ത ജീവിതം..

മോൾക്ക് അച്ഛനില്ലാതാകരുതെന്നു കരുതി ഇത്രകാലം പിടിച്ചുനിന്നു… അവൾക്കു സാമാന്യത്തിലധികം ബുദ്ധിയുള്ള കൊച്ചാണ്‌.. ഒന്നിനോടും ഒരാഗ്രഹവുമില്ല.. സാധാ സ്കൂളിൽ പഠിച്ചിട്ടും നല്ല മാർക്കുണ്ട് എല്ലാ ക്ലാസ്സിലും…

രണ്ടുദിവസം മുൻപ് അവളുടെ മുന്നിലിട്ട് എന്നെ അടിച്ചപ്പോൾ ആ കയ്യിൽ അവള് കയറി പിടിച്ചിട്ടു അവള് പറയുവാ ഇത്രകാലോം അമ്മ അച്ഛനിട്ട് ഇതുപോലെ തന്നിരുന്നെങ്കിൽ പണ്ടേ അച്ഛൻ നന്നായേനെ എന്ന്…

ആ രാത്രി എന്നോട് വന്നവൾ പറഞ്ഞു.. അമ്മ ആർക്കു വേണ്ടിയാ ഇങ്ങനെ സഹിക്കുന്നെ എനിക്കോ ?അതിന്റെ ഒരാവശ്യവുമില്ല.. അമ്മക്ക് ജോലിചെയ്തു ജീവിക്കാം എന്നുറപ്പുണ്ടെങ്കിൽ വാ അമ്മേ നമുക്ക് ഇവിടുന്നു പോകാം..

എന്നെ തിരുത്താൻ പതിനൊന്നു വയസ്സുള്ള എന്റെ മകൾ വേണ്ടി വന്നു… ഇന്നിപ്പോൾ എന്റെ അച്ഛന്റെ അടുത്ത് സ്വസ്ഥമായി പന്ത്രണ്ട് വർഷത്തിനിപ്പുറം ഇരിക്കുവാണ്..

ഒന്നിൽ നിന്നും തുടങ്ങണം എല്ലാം…. അവളെ പഠിപ്പിച്ചൊരു നല്ലനിലയിലെത്തിക്കണം. സ്വന്തം കാലിൽ നിൽക്കട്ടെ അവൾ. അമ്മയെപ്പോലെ ആകരുത്.. തന്റേടത്തോടുകൂടി ജീവിക്കട്ടെ ഇനി എങ്കിലും……

രചന ; ദേവൂ…

LEAVE A REPLY

Please enter your comment!
Please enter your name here