Home Latest “തള്ളയെ ഞാൻ ഇന്ന്‌ കെട്ടുകെട്ടിച്ചു.. ഇപ്പോ എന്തൊരു ആശ്വാസമാണ് മനസിനെന്നോ… എടി നിനക്കറിയുവോ എന്തൊരു ശല്യം...

“തള്ളയെ ഞാൻ ഇന്ന്‌ കെട്ടുകെട്ടിച്ചു.. ഇപ്പോ എന്തൊരു ആശ്വാസമാണ് മനസിനെന്നോ… എടി നിനക്കറിയുവോ എന്തൊരു ശല്യം ആണെന്നോ ആ മാരണം

0

“തള്ളയെ ഞാൻ ഇന്ന്‌ കെട്ടുകെട്ടിച്ചു.. ഇപ്പോ എന്തൊരു ആശ്വാസമാണ് മനസിനെന്നോ….. എടി നിനക്കറിയുവോ ഏട്ടൻ കുവൈറ്റിൽ നിന്നും വിളിക്കുമ്പോൾ ഈ തള്ള ഓടി വരും മോനോട് കിണിക്കണം പറഞ്ഞു, നാശം,,, എന്തൊരു ശല്യം ആണെന്നോ ആ മാരണം…. ഇന്ന്‌ മോൾ വന്നപ്പോൾ കൂടെ പറഞ്ഞയച്ചു കുടുംബത്തേക്ക്…. ഇപ്പോ ഞാനും കുഞ്ഞും മാത്രം… കഴിഞ്ഞാഴ്ച എനിക്കൊരു നെക്ലസ് വേണം എന്ന് ഏട്ടനോട് പറഞ്ഞിരുന്നു… ഈ തള്ള അത് മേടിപ്പിക്കാൻ സമ്മതിച്ചില്ല, മോനെ കൊണ്ട് പറഞ്ഞു തിരുത്തി,,,,, അമ്മായിഅമ്മ ആണേലും ഒരു പരിധി ഇല്ലേ എല്ലാത്തിനും, നാളെ എന്റെ അമ്മയോട് ഇങ്ങോട്ട് കൂട്ടിനു വരാൻ പറഞ്ഞിട്ടുണ്ട്,,, എന്നാൽ ശരി ഡി, കുഞ്ഞു കട്ടിലിൽ കിടന്നു കളിച്ചുറങ്ങി.. സമയം 10. Pm ആകുന്നു…. നാളെ കാലത്ത് നീയിങ്ങോട്ടു വാ പറ്റുമെങ്കിൽ, ഓക്കേ ഡാ ഗുഡ് നൈറ്റ്‌ ”

കൂട്ടുകാരിയുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷം അവൾ ഹാൾ മുറിയിലെ സോഫയിൽ നിന്നും എണീറ്റു അടുക്കളയിലേക്ക് ചെന്നു, ബാക്കി ഉണ്ടായിരുന്ന കറി എടുത്ത് ഫ്രിഡ്ജിൽ വെയ്ക്കുമ്പോളാണ് അടുക്കള മുറ്റത്തെ പൈപ്പ് തുറന്ന് കിടന്നു വെള്ളം ഒഴുകുന്നത്‌ കണ്ടത്… അവൾ ഫ്രിഡ്ജ്‌ അടച്ചു കതക് തുറന്ന് വെളിയിലേക്ക് മെല്ലെ ഇറങ്ങി…… പൈപ്പ് പൂട്ടുന്നതിന്റെ ഇടയിലാണ് ഏതോ ഒരു നിഴൽ രൂപം അടുക്കള വാതിലിലൂടെ അകത്തേക്ക് കേറി പോകുന്നത് അവൾക്കു തോന്നിയത്.. അവൾ വെട്ടി തിരിഞ്ഞ് നോക്കി.. ആരുമില്ല… അവൾ എണീറ്റു വന്നു അകത്തേക്ക് കേറി അടുക്കള വാതിൽ അടച്ചു കൊളുത്തിട്ടു പൂട്ടി ഭദ്രം ആക്കി…..

അവൾ മുറിയിലേക്ക് കയറി വാതിൽ ലോക്ക് ചെയ്തു.. കട്ടിലിൽ കിടന്നു ഉറങ്ങുന്ന കുഞ്ഞിന്റെ അരികിലേക്ക് കയറി കിടന്നു… കുഞ്ഞിന്റെ കയ്യിൽ മെല്ലെ മൃദുവായി സ്പർശിച്ചു തലയിൽ ഉമ്മ നൽകി കയ്യെത്തി ലൈറ്റ് ഓഫ്‌ ചെയ്തു… മുറിയാകെ ഇരുട്ടിൽ പൊതിഞ്ഞു.. ഇരുട്ടിൽ ഞെരുങ്ങി മൂളി മെല്ലെ ഒച്ചയുണ്ടാക്കി കറങ്ങുന്ന ഫാൻ ചിറകിന്റെ നിഴൽ രൂപം കാണാം.. അവൾ ആ ഇരുട്ടിനെ നോക്കി കിടന്നു. തൊട്ടെടുത്ത മയ്യത്തു കാവിനരുകിലെ പറമ്പിൽ നിന്നും കാലൻ കോഴി കൂവുന്ന ശബ്ദം കേൾക്കാം.. അവൾ പുതപ്പ് വലിച്ചിട്ടു കണ്ണുകൾ മുറുകെ പൂട്ടി…..

നേരം ഒരുപാട് മുറിഞ്ഞു. കുഞ്ഞിന്റെ കരച്ചിൽ കേട്ടു അവൾ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു..അവൾ എണീറ്റിരുന്നു കുഞ്ഞിനെ മടിയിലേക്ക് എടുത്ത് വെച്ചു പാല് കൊടുത്തു… ഫാൻ കറങ്ങുന്നില്ല… കരണ്ട് പോയിരിക്കുന്നു… കൊടിയ നിശബ്ദത കലർന്ന് കറുപ്പ് നിറഞ്ഞ ഇരുട്ട്…

പാല് കുടിച്ച് കുഞ്ഞുറങ്ങി… കുഞ്ഞിനെ മെല്ലെ കിടത്തി അവൾ കുഞ്ഞിന്റെ അരികിലേക്ക് മലർന്ന് കിടന്നു…. ആ കിടപ്പിൽ ആണ് അവളുടെ കാതുകളിൽ ശ്രദ്ധിച്ചത്… കട്ടിലിനടിയിൽ ഒരു ഞെരുക്കം… “എന്താവും അത്.. വെല്ലോ എലിയോ മറ്റോ ആകും “അവൾ മനസ്സിൽ സ്വയം പറഞ്ഞു…
അവളുടെ കാൽപാദത്തിൽ ആരുടെയോ ശ്വാസനിശ്വാസം തട്ടുന്നു… അവളുടെ ഹൃദയത്തുടിപ്പിന്റെ വേഗത കൂടി.. അവൾ കാൽ മെല്ലെ അകത്തേക്ക് വലിച്ചു..രക്തത്തിൽ വിയർപ്പു കലർന്ന ഗന്ധം അവളുടെ നാസികയിലേക്ക് വന്നു കൊണ്ടിരുന്നു…

മുറിയിലെ അറ്റാചിട് ബാത്‌റൂമിനുള്ളിൽ ബക്കറ്റ്‌ ടൈൽസിലൂടെ നീങ്ങുന്ന ഒച്ച കേൾക്കുന്നു… അവൾ ചങ്കിടിപ്പോടെ കയ്യെത്തി എമർജൻസി ലൈറ്റ് എടുത്ത് ഓൺ ചെയ്തു…. കിടന്നു കൊണ്ട് കട്ടിലിനടിയിലേക്ക് മെല്ലെ വെട്ടം വെച്ചു അവൾ തല കുനിച്ചു നോക്കി.. കട്ടിലിനടയിൽ ഒന്നുമില്ല.. അവൾ മെല്ലെ എണീറ്റു ബാത്റൂമിലേക്ക് നടന്നു. പാതിചാരിയ ബാത്റൂം വാതിൽ മെല്ലെ തുറന്ന് അകത്തേക്ക് നോക്കി.. അവിടേയും ഒന്നുമില്ല..അവൾ വാതിൽ അടച്ചു മുറിയിലെ ഷെൽഫിനോട് ചേർന്ന് കൂട്ടിയിട്ട തുണികളിൽ പരതി നോക്കി.. അവൾ ലൈറ്റ് ഓഫ്‌ ആക്കാതെ കട്ടിലിലേക്ക് വന്നു കിടന്നു.. ഇരുട്ടിൽ കീറി അടർന്നു പ്രകാശം കത്തി നിന്നു.അവൾ കുഞ്ഞിനെ തന്നോടു ചേർത്തു പിടിച്ചു പുതപ്പ് തല വഴി മൂടി.

അടുക്കളയിൽ പാത്രങ്ങൾ വീണുടയുന്ന ഒച്ച കേട്ട് അവൾ പുതപ്പ് മുഖത്ത് നിന്നും മാറ്റി. ഒച്ച വീണ്ടും വീണ്ടും ആവർത്തിച്ചു കേൾക്കുന്നു. പൈപ്പ് പൂട്ടാൻ ഇറങ്ങിയപ്പോൾ പൂച്ച വെല്ലതും അകത്തു കേറിയിട്ടുണ്ടാവും. അവൾ ലൈറ്റ് എടുത്ത് മുറിയുടെ വാതിൽ തുറന്ന് ഹാളിലൂടെ അടുക്കളയിലേക്ക് നടന്നു. പാത്രങ്ങൾ താഴെ വീണു പൊട്ടിയിരിക്കുന്നു. പൂച്ചയോ മറ്റും അവിടെ കാണുന്നില്ല.. അവൾ മുറിയിലേക്ക് പിന്തിരിഞ്ഞു നടക്കാൻ ഒരുങ്ങവെ ആണ് മേലത്തെ മുറിയിൽ വാതിൽ അടയുന്ന ഒച്ച കേട്ടത്. ചങ്കിലെ പിടച്ചിൽ കൂടി ലൈറ്റ് മേലേക്ക് ഉള്ള ചവിട്ടു പടിയിലേക്ക് പിടിച്ചു. ഒരു നിമിഷം അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു. അവൾ പടിയിലൂടെ മേലേക്ക് മെല്ലെ കയറി.. പാതി പടിയോളം എത്തിയപ്പോൾ ചെന്നായകൾ ഓരിയിടുന്ന ശബ്ദം ഭിത്തി തുളച്ചു അവളിലേക്ക് എത്തിയത്. അവളുടെ ശരീരത്തിന്റെ ബലം കുറഞ്ഞു വന്നു. അവൾ മേലേക്ക് കാലൂന്നി കയറി. അടഞ്ഞു കിടന്ന മേലത്തെ മുറിയുടെ മുന്നിൽ എത്തി. തന്നിൽ അവസാന അവശേഷിപ്പ് ഉണ്ടായിരുന്ന ധൈര്യം എടുത്ത് അവൾ വാതിൽ തുറന്ന് ലൈറ്റ് അകത്തേക്ക് പിടിച്ചു. മുറി മുഴുക്കെ വെളിച്ചം ഓടിച്ചു. ജാലകപാളികൾ അടഞ്ഞു കിടക്കുകയാണ്. അവളുടെ പിന്നിലെ ഇരുട്ടിൽ ആരോ നിൽക്കുന്ന പോലെ അവൾക്കു തോന്നി. അവൾ ലൈറ്റ് പിന്നിലേക്ക്‌ പിടിച്ചു നോക്കി. ആരുമില്ല. അവൾ മെല്ലെ മുറിയിൽ നിന്നും വെളിയിൽ ഇറങ്ങി വാതിൽ അടച്ചു. വേഗത്തിൽ പടികൾ ഇറങ്ങി താഴേക്കു.

ഹാൾ മുറിയിലൂടെ അവളുടെ മുറിയിലേക്ക് വന്നു. വാതിൽ ലോക്ക് ഇട്ടു മെല്ലെ തിരിഞ്ഞപ്പോൾ എമർജൻസി വെളിച്ചത്തിന്റെ പാതി വെള്ളയിൽ ഇരുട്ടിൽ രണ്ട് കണ്ണുകൾ കാണുന്നു. ആരോ തന്റെ കട്ടിലിൽ ഇരിക്കുന്നു. അവളുടെ ശ്വാസം നിലയ്ക്കുന്ന പോലെ, ഒച്ചയിടാൻ അവളുടെ നാവു പൊങ്ങുന്നില്ല. കുഞ്ഞിന്റെ വായ പൊത്തി പിടിച്ചു കഴുത്തിൽ കത്തി വെച്ചു ഒരാൾ കട്ടിലിൽ നിന്നും എണീറ്റു അവൾക്കരുകിലേക്ക് വന്നു…

” ഒച്ച ഉണ്ടാക്കരുത്, ഒച്ച വെച്ചാൽ നിന്റെ കുഞ്ഞിന്റെ കഴുത്ത് അറുത്തിടും ”

ഒരു പ്രതിമയെ പോലെ അവൾ അയാളുടെ മുൻപിൽ നിന്നു വിറച്ചു..

അയാൾ അവളോട്‌ പറഞ്ഞു..

“എനിക്ക് വിശക്കുന്നു, വേഗം ഭക്ഷണം ഉണ്ടാക്കി തരൂ “.

അയാൾ കുഞ്ഞിന്റെ കഴുത്തിൽ കത്തി വെച്ചു അവളേയും കൂട്ടി അടുക്കളയിലേക്ക് നടന്നു..
വിറയോടെ അവൾ ഫ്രിഡ്ജ്‌ തുറന്ന് പാതി തണുപ്പിൽ ഇരുന്ന ചോറും കറിയും വെളിയിലേക്ക് എടുത്തു. അവൾ ഗ്യാസ് ഓൺ ചെയ്തു ചൂടാക്കി.

ഭക്ഷണം അവൾ പേടിയോടെ ടേബിളിലേക്ക് വെച്ചു. കുഞ്ഞിനെ ഒരു കയ്യിൽ പൊതിഞ്ഞു പിടിച്ചു മറ്റേ കയ്യ്കൊണ്ടു ചോർ ഇരുന്ന പാത്രത്തിൽ തന്നെ കറി ഒഴിച്ച് വാരി തിന്നു. തന്റെ കുഞ്ഞിന്റെ കണ്ണിലേക്കു നോക്കി അവൾ നിന്നു വിയർത്തു..

” എന്റെ കുഞ്ഞിനെ ഒന്നും ചെയ്യരുത്, നിങ്ങൾ പറയുന്നത് എല്ലാം ചെയ്യാം, കുഞ്ഞിനെ എന്റെ കയ്യിലേക്ക് തരൂ, കുഞ്ഞിനു ശ്വാസം മുട്ടുന്നു. ഞാൻ ഒച്ച വെക്കില്ല.. ”

അവൾക്കു മറുപടി കൊടുക്കാതെ കുഞ്ഞിനേയും കൊണ്ട് അയാൾ എണീറ്റു..

” ലൈറ്റ് എടുക്കു, മുറിയിലേക്ക് നടക്ക് ”

അയാളുടെ കല്പനയിൽ അവൾ നടന്നു, പിന്നിൽ അയാളും… അവർ മുറിയിലേക്ക് എത്തി.
ഒരു സഞ്ചി അവളുടെ നേരെ നീട്ടി അയാൾ പറഞ്ഞു.

” വേഗം ഷെൽഫിൽ ഉള്ള പണവും സ്വർണവും എല്ലാം ഇതിലേക്ക് ഇടൂ, വേഗം.. ആ ലൈറ്റ് അവിടെ വെക്കൂ… ”

അവൾ ലൈറ്റ് അവിടെ വെച്ചു, ഷെൽഫ് താക്കോൽ ഇട്ടു മെല്ലെ തുറന്ന് അതിൽ ഉള്ള പണവും സ്വർണവും സഞ്ചിയിലേക്ക് ഇട്ട് അയാളുടെ കയ്യിലേക്ക് കൊടുത്തു..

‘ പ്ലീസ്, എന്റെ കുഞ്ഞിനെ തരൂ, നിങ്ങൾക്ക് വേണ്ടത് ഞാൻ തന്നു.. ദയവു ചെയ്തു,,, ദയവു ചെയ്തു…. ”

കൂപ്പു കയ്യോടെ അവൾ അയാളുടെ മുൻപിൽ നിന്നു കരഞ്ഞു. അയാൾ കുഞ്ഞിനെ കൂട്ടിയിട്ട തുണികളിലേക്ക് വലിച്ചെറിഞ്ഞു, അയാൾ അവളുടെ കയ്യുകളിൽ കേറി പിടിച്ചു കറക്കി കാരിരുമ്പു പോലുള്ള അയാളുടെ കൈയ്ക്കുള്ളിൽ ചേർത്തു പിടിച്ച് അവളുടെ വായ പൊത്തി. അയാൾ അവളെ കട്ടിലേക്കു തന്നോടെ കിടത്തി, അവൾ കുതറി മാറാൻ ശ്രമിച്ചു.. അയാൾ അവളെ ബലമായി പിടിച്ചു. അവളുടെ ചുരിദാർ പാന്റ് അയാൾ വലിച്ചു കീറി…

കോളിങ് ബെല്ലിന്റെയും മൊബൈൽ റിങ്‌ടോണിന്റെയും ഒരുമിച്ചുള്ള ശബ്ദം കേട്ട് അവൾ ഉറക്കത്തിൽ നിന്നും ചാടി എണീറ്റു.. ആഴത്തിലുള്ള ദുഃസ്വപ്നത്തിൽ വിയർത്തു കുളിച്ചു അവൾ വിറയലോടെ ഫോൺ കയ്യിൽ എടുത്തു, ഭർത്താവിന്റെ അനുജന്റെ കോൾ ആണ്.

” ചേച്ചി, ഞാൻ ആണ് സുഭാഷ്,ഞങ്ങൾ വീടിന്റെ മുൻപിൽ ഉണ്ട്,, ചേച്ചി വാതിൽ തുറക്കൂ ”

അവൾ ചാടി എണീറ്റു ലൈറ്റ് ഇട്ടു, മുറിയുടെ വാതിൽ തുറന്ന് ഹാളിലേക്ക് ഇറങ്ങി. ഹാൾ മുറിയിലെ ലൈറ്റ് ഇട്ടു അവൾ മുൻവശത്തെ കതകിന്റെ ലോക്കുകൾ വേഗത്തിൽ തുറന്ന്.. ഭർത്താവിന്റെ അനുജനും അമ്മായിയമ്മയും ആണ്.

” എത്ര നേരമായി ചേച്ചീടെ ഫോണിൽ വിളിക്കുന്നു. ചേച്ചി നല്ല ഉറക്കം ആയിരുന്നല്ലേ. അമ്മ വീട്ടിൽ കിടന്നു ഉറങ്ങാതെ കരച്ചിൽ ആയിരുന്നു നിങ്ങൾ ഇവിടെ ഒറ്റയ്ക്കാണ് സമാധാനം ഇല്ല ഇവിടെ വരണം പറഞ്ഞു ബഹളം… ”

അവൾ അമ്മായിയുടെ കണ്ണുകളിലേക്ക് നിറകണ്ണോടെ നോക്കി. അവൾ അമ്മായിയമ്മയെ കെട്ടിപിടിച്ചു..

” അമ്മ എന്നോട് പൊറുക്കണം, അമ്മ ഇനി ഇവിടുന്നു എങ്ങും പോകരുത് ഒരിക്കലും, എന്റെകൂടെ വേണം എന്നും.. ”

അമ്മായി അമ്മയെ കെട്ടിപിടിക്കുമ്പോളും അവളുടെ സ്വപ്നത്തിലെ വിറയൽ മാറിയിട്ടുണ്ടായിരുന്നില്ല…..
അവർ ഹാൾ മുറിയിലേക്ക് കയറി..

ഇരുട്ടിൽ നിശബ്ദത കാറി തുപ്പിയ അടുക്കളയിലെ വാതിൽ പാതി തുറന്ന് കിടക്കുന്നുണ്ടായിരുന്നു….

രചന :- ഷിബു കൊല്ലം

LEAVE A REPLY

Please enter your comment!
Please enter your name here