Home Latest എന്റമ്മൂ ഈ ആദ്യരാത്രിയിലും ഗർഭക്കഥ എഴുതി പോസ്റ്റ് ചെയ്യണതിനെപ്പറ്റിയാണോ നീയീ ആലോചിക്കുന്നത് …?

എന്റമ്മൂ ഈ ആദ്യരാത്രിയിലും ഗർഭക്കഥ എഴുതി പോസ്റ്റ് ചെയ്യണതിനെപ്പറ്റിയാണോ നീയീ ആലോചിക്കുന്നത് …?

0

എന്റമ്മൂ ഈ ആദ്യരാത്രിയിലും ഗർഭക്കഥ എഴുതി പോസ്റ്റ് ചെയ്യണതിനെപ്പറ്റിയാണോ നീയീ ആലോചിക്കുന്നത് …?

എന്റെ പരിഹാസം നിറഞ്ഞ ചോദ്യം കേട്ട് അവളെന്നെയൊന്ന് തറപ്പിച്ചു നോക്കി…

നിങ്ങൾക്കല്ലേലും എന്നെ പണ്ടേ വിലയില്ലല്ലോ മനുഷ്യാ…? എന്തോരം ആൾക്കാരാ എന്നെ അഭിനന്ദിക്കുന്നത്… നിങ്ങൾക്കു മാത്രം എന്റെ എഴുത്തിനോട് പുച്ഛം.
ഞാനെഴുതണത് ഒറ്റ വരിയെങ്കിലും ഇന്നു വരെ നിങ്ങൾ വായിച്ചിട്ടുണ്ടോ …?

പിന്നേ നീ എഴുതിക്കൂട്ടുന്ന വട്ടൊക്കൊ വായിക്കാൻ എനിക്ക് തലയ്ക്ക് ഓളം ഒന്നുമില്ല.

അല്ലേലും നിങ്ങൾക്ക് സ്നേഹമില്ല. അഞ്ചു വർഷം പ്രണയിച്ചാ ഇന്നീ വിവാഹം നടന്നത്. ഇതിനിടയിൽ സ്നേഹത്തോടെയുള്ള ഒരു വിളി ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടോ…? ഏതു പെണ്ണും അതൊക്കെ ആഗ്രഹിക്കില്ലേ…?

അവൾ പരിഭവങ്ങളുടെ ഭാണ്ഡം തുറന്നു…

എന്റീശ്വരാ എന്റെ കുഴി ഞാൻ തന്നെ തോണ്ടിയല്ലോ…?
മിണ്ടണ്ടാരുന്നു…

ടീ പൊട്ടീ …. ഞാൻ വെറുതെ നിന്നെ ദേഷ്യം പിടിപ്പിക്കാൻ പറയണതല്ലേ….?

ഞാൻ പതിയെ അവളുടെ താടിയിൽ പിടിച്ച് മുഖമുയർത്തി നെറുകയിൽ ചുംബിച്ചു.

ഏട്ടാ …
ഉം ….?

ഏട്ടാ ….
എന്താ ……?

ശ്രീയേട്ടാ…..
എന്താടീ ….?

എനിക്കൊരു സംശയം….?

പുതിയ കഥ ഉണ്ടാക്കാനുള്ള പ്ലാൻ ആണെങ്കിൽ പൊന്നുമോളെ നീയത് മനസ്സിൽ വച്ചാൽ മതി. നിന്റെ പൊട്ട കഥ കേട്ട് ഈ രാത്രി നശിപ്പിക്കാൻ ഞാനില്ല.
അവൾടൊരു ഗർഭോം… പ്രസവോം …

ശ്ശൊ അതല്ല മനുഷ്യാ ….

പിന്നെന്തോന്നാ….?

അല്ലേട്ടാ ഈ ജാതകം ഒക്കെ സത്യാണോ….?

ആ ആയിരിക്കും… നിനക്കെന്താ ഇപ്പൊ ജാതകത്തെപ്പറ്റി ഒരു സംശയം….?

അത് കഴിഞ്ഞ ദിവസം കിഴക്കേലെ ദേവേടത്തി വീട്ടിൽ വന്നപ്പൊ പറഞ്ഞു അവരുടെ പരിചയത്തിൽ ഏതോ പയ്യൻ മരിച്ചത് കല്യാണം കഴിച്ച പെണ്ണിന്റെ വൈധവ്യ ദോഷം കൊണ്ടാണെന്ന്. വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്നതിനു മുന്നേ പെണ്ണ് വിധവയായത്രേ.

എന്റെ അമ്മൂ നിനക്കിത്ര ബോധം ഇല്ലേ….? ആരേലുമൊക്കെ പറയുന്ന അന്ധവിശ്വാസങ്ങൾ കേട്ട് അതും ചിന്തിച്ചിരിക്കാൻ. അതും ഈ രാത്രിയിൽ.

എന്നാലും ഏട്ടാ ആ കുട്ടിയുടെ കാര്യം ഏട്ടൻ ഒന്നോർത്തു നോക്കിയേ…? ഭർത്താവു മരിച്ച ദുഃഖത്തിനൊപ്പം നാട്ടുകാരുടേയും വീട്ടുകാരുടേയും കുറ്റപ്പെടുത്തലുകൾ കൂടി അവൾ സഹിക്കേണ്ടി വരില്ലേ…? അതും അവളുടേതല്ലാത്ത തെറ്റിന്….

അതിനിപ്പൊ നമുക്കെന്ത് ചെയ്യാൻ പറ്റും….? വിശ്വാസങ്ങളോടൊപ്പം തന്നെ ഒരുപാട് അന്ധവിശ്വാസങ്ങളും നമ്മുടെ സമൂഹത്തെ അടക്കി വാഴുന്നുണ്ട്. ഗുണത്തേക്കാളേറെ അത് ദോഷം ചെയ്യുന്നുമുണ്ട്. ആയുസ് തരുന്നത് ഈശ്വരനെങ്കിൽ അത് തിരിച്ചെടുക്കുന്നതും ആ ഈശ്വരൻ തന്നെയാവില്ലേ…? പിന്നെന്തിന് ഒരു പെണ്ണിനു മേൽ ആ പഴി ചാരണം അമ്മൂ …?

ഏട്ടാ …..
എന്താടീ…..?

നമ്മുടെ ജാതകം ചേർച്ച നോക്കിച്ചത് എട്ട നല്ലേ …..? ജ്യോത്സ്യൻ എന്താ പറഞ്ഞത്….?

ഞാനൊന്നു ചിരിച്ചു ….

ചിരിക്കാതെ കാര്യം പറ മനുഷ്യാ……

ടീ നമ്മളു തമ്മിൽ പത്തിൽ പത്തു പൊരുത്തവും ഉണ്ട്. നീ എന്റെ ഭാഗ്യമാണത്രേ… നീ കൂടെയുണ്ടെങ്കിൽ എന്റെ ആയുസ്സ് ഇരട്ടിയാകുമെന്ന്…

ഹി ഹി പിന്നല്ല …നിങ്ങൾക്ക് പണ്ടേ എന്നെ വിലയില്ലല്ലോ …..

അതേയതേ കണ്ടറിയാം നീയല്ലേ അമ്മൂ ആള് സമാധാനം തന്നാ ഭാഗ്യം….

അല്ല ഇങ്ങനിരിക്കാനാണോ ഭാവം കിടക്കണ്ടേ ….?

നാണത്താൽ മുഖം കുനിച്ച അവളെ ഞാനെന്റെ നെഞ്ചോടു ചേർത്തു. എന്റെ നെഞ്ചിൽ തലവച്ചു കിടന്ന് അവൾ വീണ്ടും ചോദിച്ചു ….?

ഏട്ടാ ഈ ജാതകത്തിലുള്ള അന്ധവിശ്വാസമൊക്കെ എന്നെങ്കിലും മാറ്വോ ….?

ഒന്നും മിണ്ടാതെ അവളെ ചുംബനങ്ങൾ കൊണ്ട് പൊതിയുമ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു …..

നിന്റെ വൈധവ്യദോഷം എന്റെ ആയുസെടുക്കാതെ വന്നാൽ ആ അന്ധവിശ്വാസം മാറും…..
ആരും അറിയാതെ ഞാൻ മനസ്സിൽ സൂക്ഷിച്ച നിന്റെ ആ ദോഷം വെറും വിവരദോഷമെന്ന് ഞാനീ ലോകത്തോട് അന്നു വിളിച്ചു പറയും ….

രചന ; അതിഥി അമ്മു

LEAVE A REPLY

Please enter your comment!
Please enter your name here