Home Latest പിണറായിയിലെ മരണങ്ങൾ;സൗമ്യ അറസ്റ്റില്‍, മക്കളുടെയും മാതാപിതാക്കളുടെയും അടക്കം നാലു കൊലപാതകങ്ങളും നടത്തിയത് സൗമ്യ തന്നെ: കൊലപാതകങ്ങള്‍ക്കു...

പിണറായിയിലെ മരണങ്ങൾ;സൗമ്യ അറസ്റ്റില്‍, മക്കളുടെയും മാതാപിതാക്കളുടെയും അടക്കം നാലു കൊലപാതകങ്ങളും നടത്തിയത് സൗമ്യ തന്നെ: കൊലപാതകങ്ങള്‍ക്കു പിന്നില്‍ വഴിവിട്ട ജീവിതം…

0

കണ്ണൂര്‍: പിണറായി പടന്നക്കാരിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു. സൗമ്യ തന്നെയാണു കുറ്റകൃത്യത്തിനു പിന്നില്‍ എന്നു ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ സാഹചര്യത്തലാണ് അറസ്റ്റ്. സൗമ്യയെ കൂടാതെ മൂന്നു പേര്‍ കൂടി പോലീസ് കസ്റ്റഡയില്‍ ഉണ്ട്. പതിനൊന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്.

കൊലപാതകങ്ങള്‍ കൃത്യമായ ഗൂഢാലോചനയോടും ആസൂത്രണത്തോടെയുമാണ് നടത്തിയത് എന്നു പറയുന്നു. സൗമ്യയുടെ പെരുമാറ്റത്തിലെ അസ്വഭാവികതയും വീട്ടിലെ പുരുഷ സുഹൃത്തുക്കളുടെ സാന്നിധ്യവുമാണ് നാട്ടുകാരില്‍ സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മരണങ്ങള്‍ എല്ലാം വിഷം ഉള്ളില്‍ ചെന്നാണ് എന്നു കണ്ടെത്തി. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണു സൗമ്യയും വിഷം കഴിച്ചത് എന്നും സൂചനയുണ്ട്.

ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ മരുന്നിലൂടെയോ വിഷം ഉള്ളില്‍ ചെന്നതാകാം എന്നു പറയുന്നു. പിഞ്ചുകുഞ്ഞ് അടക്കം എല്ലാവരും മരിച്ചതു കീടനാശിനികളിലും എലിവിഷത്തിലും ഉപയോഗിക്കുന്ന വിഷവസ്തു അലുമിനിയം ഫോസ്ഫൈഡ് എന്ന മാരക രാസവസ്തു ആണ് എന്ന് അന്വേഷണ സംഘം ഏറക്കൂറെ ഉറപ്പിച്ചു കഴിഞ്ഞു. കമലയുടേയും ഭര്‍ത്താവു കുഞ്ഞിക്കണ്ണന്റെയും ആന്തീരകാവയവങ്ങളില്‍ ഇതേ വിഷാംശം കണ്ടെത്തിയതോടെയാണ് ദുരൂഹ മരണങ്ങളുടെ ചുരുളഴിഞ്ഞത്.സൗമ്യ ഇതൊക്കെ ചെയ്തത് സുഖജീവിതത്തിന് വേണ്ടിയായിരുന്നു. പത്താംക്ലാസ് വരെ മാത്രം പഠിച്ച സൗമ്യ ഇരുപത്തിയെട്ടു വയസ്സിനിടെ ചെയ്യാത്ത ജോലികളില്ല. കല്ലുവെട്ട് തൊഴില്‍ മുതല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ സഹായിയായി വരെ ജോലി ചെയ്തു. നിലവില്‍ ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയില്‍ കലക്ഷന്‍ ഏജന്റായി ജോലി. ഈ പരിചയമുപയോഗിച്ചു പലരുമായും വന്‍ സാമ്പത്തിക ഇടപാടുകളും. അങ്ങനെ കേരളത്തെ കരയിപ്പിച്ച ക്രുരയായ അമ്മയും മകളും നിയമത്തിന് കീഴടങ്ങുകയാണ്. അവിഹിതബന്ധങ്ങള്‍ക്കു തടസം നില്‍ക്കാതിരിക്കാനാണ് മാതാപിതാക്കളെ കൊന്നതെന്ന് സൗമ്യ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
മണിക്കൂറുകളോളം ചോദ്യംചെയ്യലിനോടു സഹകരിക്കാതിരുന്ന സൗമ്യ കുറ്റം തെളിയിക്കാന്‍ ചില ഘട്ടങ്ങളില്‍ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു. ഇതിനിടെ സിഐയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലിനു ശേഷം ഉച്ചയോടെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യാനെത്തി. ഇവര്‍ക്കു മുന്‍പിലും ഏറെനേരം സൗമ്യ പിടിച്ചുനിന്നു. 11 മണിക്കൂര്‍ ചോദ്യംചെയ്യല്‍ നീണ്ടതോടെ ഇവരുമായി ബന്ധമുള്ള പലരെയും പലപ്പോഴായി റെസ്റ്റ് ഹൗസിലേക്കു പൊലീസ് വിളിച്ചുവരുത്തി. ശാസ്ത്രീയ പരിശോധനാഫലമല്ലാതെ മറ്റൊരു തെളിവും ഇവര്‍ക്കെതിരെ ആദ്യഘട്ടത്തില്‍ പൊലീസിനു ലഭിച്ചിരുന്നില്ല. സാഹചര്യത്തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലായിരുന്നു. പക്ഷേ കാമുകന്മാര്‍ അടക്കം എത്തിയതോടെ എല്ലാം സൗമ്യ തുറന്നു സമ്മതിച്ചു. ഇതോടെ പിണറായിയിലെ ദുരൂഹമരണങ്ങള്‍ കൊലപാതകമാണെന്ന് പൊലീസ് തെളിയിച്ചു. കേരളം കണ്ട ഏറ്റവും വലിയ ക്രിമിനല്‍ ഗുഡാലോചനയാണ് ഈ 28കാരി ചെയ്തത്.

സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവരുമാണ് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്. 2012 സെപ്റ്റംബര്‍ ഒന്‍പതിനാണ് ഇളയ മകള്‍ കീര്‍ത്തന മരിച്ചത്. ആറു വര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 21ന് ഐശ്വര്യ മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നും മരിച്ചു. തലശ്ശേരി റസ്റ്റ് ഹൗസില്‍ 11 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൗമ്യയെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ക്കും ഒരു മകള്‍ക്കും എലിവിഷം നല്‍കിയാണ് കൊന്നതെന്ന് ചോദ്യം ചെയ്യലില്‍ സൗമ്യ സമ്മതിച്ചു. അച്ഛന്‍ കുഞ്ഞിക്കണ്ണന് രസത്തിലും അമ്മ കമലയ്ക്കു മീന്‍ കറിയിലും മകള്‍ ഐശ്വര്യയ്ക്കു ചോറിലും വിഷം നല്‍കിയെന്ന് സൗമ്യ സമ്മതിച്ചു. ഇളയമകള്‍ കീര്‍ത്തനയുടേത് സ്വാഭാവിക മരണമാണെന്നും ഇവര്‍ മൊഴി നല്‍കിയതായാണ് വിവരം.

ഛര്‍ദ്ദിയെ തുടര്‍ന്നാണ് സൗമ്യയുടെ കുടുംബത്തിലെ നാലു പേരും മരിച്ചത്. ഒരേ ലക്ഷണങ്ങളോടെ മരണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാലുപേരും കൊല്ലപ്പെട്ടതാകാമെന്ന സൂചനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസില്‍നിന്നുള്ള നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തില്‍ അലുമിനിയം ഫോസ്ഫൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് മരണം കൊലപാതകമെന്ന് ഉറപ്പിച്ചത്.

തലശ്ശേരി എഎസ്പി ചൈത്ര തെരേസ ജോണിന്റേയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘുരാമന്റേയും മേല്‍നോട്ടത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണത്തോട് സൗമ്യ വേണ്ട രീതിയില്‍ സഹകരിച്ചിരുന്നില്ല. ഛര്‍ദ്ദിയെ തുടര്‍ന്ന് സൗമ്യ ആശുപത്രിയിലായിരുന്നതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനായിരുന്നില്ല. എലിവിഷത്തില്‍ പ്രധാനഘടകമായ അലുമിനിയം ഫോസ്ഫൈഡ് എങ്ങനെ മരണപ്പെട്ടവരുടെ ഉള്ളിലെത്തി എന്നതില്‍ ഊന്നിയായിരുന്നു പൊലീസ് അന്വേഷണം. സൗമ്യയുടെ വീടുമായി ബന്ധപ്പെട്ടിരുന്ന ചിലര്‍ കേസില്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചതും നിര്‍ണ്ണായകമായി.

ഇതോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ സൗമ്യയെത്തേടി പൊലീസെത്തി. മഫ്തിയിലെത്തിയ പൊലീസ് സൗമ്യയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ചോദ്യം ചെയ്യുകയായിരുന്നു. ഒടുവില്‍ കുറ്റസമ്മതവും.

LEAVE A REPLY

Please enter your comment!
Please enter your name here