Home Latest അവൾക്കു പ്രാന്താടാ… അല്ലെങ്കിൽ ഇങ്ങനെ ഒക്കെ നിന്നോട് പെരുമാറുമോ എന്ന്… എന്നെ പിടിച്ചെഴുന്നേൽപിക്കാൻ വന്ന കൂട്ടുകാരന്റെ...

അവൾക്കു പ്രാന്താടാ… അല്ലെങ്കിൽ ഇങ്ങനെ ഒക്കെ നിന്നോട് പെരുമാറുമോ എന്ന്… എന്നെ പിടിച്ചെഴുന്നേൽപിക്കാൻ വന്ന കൂട്ടുകാരന്റെ സംസാരം കേട്ടു അടിമുടി എനിക്ക് ദേഷ്യം ഇരച്ചു കയറി

0

ദേഷ്യം വന്നിട്ട് പാറുവിന്റെ കരണം നോക്കി അടിക്കാൻ ചെന്ന എന്നെ അവൾ പിടിച്ചു ഒരു തള്ളങ്ങു തള്ളി…..

ഒട്ടും വിചാരിക്കാത്തത് ആയിരുന്നത് കൊണ്ടു ഞാൻ അടി തെറ്റി താഴെ വീണു… എന്നെ നോക്കി റോഡിന്റെ സൈഡിൽ നിക്കുന്നവരെല്ലാം കളിയാക്കി ചിരിക്കുന്നത് ഞാൻ കണ്ടു…

ദേഷ്യത്തിൽ ഞാൻ ചാടി എഴുന്നേറ്റപ്പോഴേക്കും പാറു സ്കൂട്ടർ ഓടിച്ചു പോയി കഴിഞ്ഞിരുന്നു…

അവൾക്കു പ്രാന്താടാ… അല്ലെങ്കിൽ ഇങ്ങനെ ഒക്കെ നിന്നോട് പെരുമാറുമോ എന്ന്… എന്നെ പിടിച്ചെഴുന്നേൽപിക്കാൻ വന്ന കൂട്ടുകാരന്റെ സംസാരം കേട്ടു അടിമുടി എനിക്ക് ദേഷ്യം ഇരച്ചു കയറിയെങ്കിലും ഞാൻ നിയന്ത്രിച്ചു…

കാരണം… അവൻ പറഞ്ഞത് പോലെ അവൾക്കു പ്രാന്തുണ്ടെന്ന കാര്യം എനിക്കും ഇടയ്ക്കൊക്കെ തോന്നിയിരുന്നു…

ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ചു വളർന്നവർ ആണ് ഞാനും പാറുവും…. ഉണ്ണിയേട്ടൻ എന്ന് വെച്ചാൽ പാറുവിനു ജീവനായിരുന്നു…

അമ്മയുടെയും അച്ഛന്റെയും കണ്ണു വെട്ടിച്ചു തോട്ടിൽ പോയി കുളിക്കാനും… നാരായണൻ ചേട്ടന്റെ പറമ്പിൽ ഉള്ള മാവിലേക്ക് കല്ലേറിയാനും… പഠിക്കുമ്പോൾ എന്റെ ഹോം വർക്ക്‌ ചെയ്തു തരാനും… എന്തിനേറെ… ഒരു പത്രത്തിൽ ഉള്ള ആഹാരം വരെ ഒരുമിച്ചിരുന്നു കഴിക്കാനും… എന്റെ കൂടെ ഒരു വാല് പോലെ പാറു എപ്പോഴും ഉണ്ടായിരുന്നു…

എന്റെ വീടും പാറുവിന്റെ വീടും അടുത്തടുത്തായിരുന്നത് കൊണ്ടു.. ഞങ്ങൾ എല്ലാവരും 2 കുടുംബം പോലെ അല്ല…ഒരു കുടുംബം പോലെ ആണ് കഴിഞ്ഞിരുന്നത്…

അവളുടെ വീട്ടിലേക്കാൾ എന്റെ വീട്ടിൽ നിക്കാനായിരുന്നു അവൾക്കു താൽപ്പര്യം.. അത് കൊണ്ടാകും ഇവളെ നമുക്കങ്ങു ദത്തു എടുത്താലോടി എന്ന് അച്ഛൻ അമ്മയോട് ചോദിക്കുമ്പോൾ ഉണ്ണി ഒന്ന് വലുതാകട്ടെ.. എന്നിട്ട് നമുക്ക് തീരുമാനിക്കാം എന്ന് അമ്മ പറയുമ്പോൾ… കാര്യം എന്താണെന്നു മനസ്സിലാകാതെ ഞാൻ വായും പൊളിച്ചു അമ്മയെ നോക്കി ഇരിക്കും…

ഒടുവിൽ ഞാൻ വളർന്നു വലുതായപ്പോൾ എന്റെ മനസ്സിൽ ഉള്ള സ്നേഹം പാറുവിനോട് പ്രണയം ആയി മാറി കഴിഞ്ഞിരുന്നു…

ജോലിക്ക് പോയാൽ.. വീട്ടിൽ വരാൻ ലേറ്റ് ആയാൽ.. എന്നെ കാത്തു ദേഷ്യത്തോടെ പൂമുഖത്തു നിൽക്കാനും… രാവിലെ കുറച്ചു നേരം മൂടി പുതച്ചു ഉറങ്ങുമ്പോൾ..ഓഫീസിൽ പോകാൻ നോക്ക് കുഴി മടിയാ എന്ന് പറഞ്ഞു എന്നെ വിളിച്ചെഴുന്നേൽപ്പിക്കാനും… ഓഫീസിൽ പോകാൻ ലേറ്റ് ആയി.. ഭക്ഷണം കഴിക്കുന്നില്ല എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങാൻ തുടങ്ങുന്ന എന്നെ.. കുറച്ചെങ്കിലും കഴിച്ചിട്ട് പോ ഉണ്ണിയേട്ടാ.. അല്ലെങ്കിൽ പാറുവിനു സങ്കടം ആകുമെന്ന് പറഞ്ഞു ഭക്ഷണം വിളമ്പി തരാനും എനിക്ക് വേണ്ടി എന്തും സഹിക്കാൻ തയ്യാറാകുന്ന പാറുവിനെ കാണുമ്പോൾ ചിലപ്പോഴൊക്കെ എനിക്കും തോന്നിയിട്ടുണ്ട് പാറുവിനു എന്നോട് പ്രണയം ആണെന്ന്..

പലവട്ടം അത് അവളോട്‌ തുറന്നു ചോദിക്കണം എന്ന് കരുതിയെങ്കിലും.. പാറുവിനു എന്നോട് അങ്ങനെ ഒന്നും ഇല്ലെങ്കിൽ… ഞാൻ അവളെ ആ ഒരു അർത്ഥത്തിൽ ആണ് ഇത്ര അടുപ്പം കാണിച്ചതെന്ന് അവൾ കരുതിയാൽ.. എനിക്കവളെ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നു എനിക്ക് തോന്നിയിരുന്നു.

അത് കൊണ്ടു തന്നെ എന്റെ ഇഷ്ടം ഞാൻ ഉള്ളിൽ വെച്ചു കൊണ്ടു നടന്നു.. അല്ലെങ്കിലും.. അവർ അറിയാതെ സ്നേഹിക്കുന്നത് ഒരു പ്രതേക സുഖം തന്നെ ആണല്ലോ…

ഇത്രയൊക്കെ എന്റെ കാര്യത്തിൽ ഇടപെട്ടിരുന്ന പാറുവിനു ഞാൻ എന്ന് മുതലാണ് വെറുക്കപ്പെട്ടവൻ ആയി മാറിയതെന്നു എനിക്ക് എത്ര ആലോചിട്ടും പിടി കിട്ടിയില്ല..

എന്നും വീട്ടിൽ വന്നിരുന്ന പാറു.. പിന്നെ എന്റെ വീട്ടിലേക്കു വരാതായി….എന്നും ജോലി കഴിഞ്ഞു വീട്ടിലേക്കു ഞാൻ വരാൻ നേരം പൂമുഖ പടിയിൽ പാറു നിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടി നോക്കുന്ന എന്നെ കണ്ടിട്ട് അമ്മ.. സങ്കടത്തോടെ എന്നെ നോക്കും… അവൾ വന്നില്ലെടാ ഉണ്ണി എന്നർത്ഥത്തിൽ….

ഒരു ദിവസം പോലും എന്നെ കാണാതെ ഇരുപ്പുറയ്ക്കാൻ പറ്റാത്ത പാറുവിനു….ദയവു ചെയ്തു ഉണ്ണിയേട്ടൻ എന്നെ കാണാൻ വരരുത് എന്നാണ് പാറു എന്റെ മുഖത്തു നോക്കി പറഞ്ഞത്…

നിറ കണ്ണുകളോടെ അവളുടെ വീടിന്റെ പടികൾ ഞാൻ ഇറങ്ങിയെങ്കിലും… എന്റെ മനസ്സിൽ എപ്പോഴും അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു..

അത് കൊണ്ടാണ് അവളുടെ പിറന്നാൾ ദിവസം ഒരു സാരി മേടിച്ചു അവളുടെ വീട്ടിൽ ഞാൻ കൊടുത്തത്…

അതിനു പകരം.. ഉണ്ണിയേട്ടനോട് പറഞ്ഞേക്ക്.. ഇനി മേലാൽ ഇത് പോലത്തെ ഒന്നും എനിക്ക് മേടിച്ചു തരാൻ നിക്കരുത്… എന്നെ ഇനി ശല്യം ചെയ്യരുതെന്ന് പറഞ്ഞു ഞാൻ കൊടുത്ത സാരി അവൾ അമ്മയെ തിരിച്ചേൽപ്പിച്ചു…

മനസ്സിലെ ദേഷ്യവും സങ്കടവും കൂടി എന്തോ തരം പ്രാന്ത് ആയി നിൽക്കുന്ന അവസ്ഥയിൽ ആണ് പാറുവിനെ ഞാൻ റോഡ് സൈഡിൽ വെച്ചു കണ്ടത്…

ഒന്നും രണ്ടും പറഞ്ഞു വഴക്കായതിനാണ്.. അവളെ ഞാൻ അടിക്കാൻ ചെന്നപ്പോൾ എന്നെ അവൾ തള്ളിയിട്ടതും…

മനസ്സിൽ ഉള്ള പ്രണയത്തെ കുഴിച്ചു മൂടാം… അതേ ഇനി വഴി ഉള്ളു എന്ന് കരുതി.. സകല പ്രതീക്ഷകളും അവസാനിച്ചിരിക്കുമ്പോൾ ആണ് എന്നെ കാണാൻ പാറുവിന്റെ അമ്മ വരുന്നത്…

പാറുവിനോടുള്ള ദേഷ്യം അവരോടു തീർക്കുന്നത് ശരി അല്ലല്ലോ.. അത് കൊണ്ടാണ് അമ്മയ്ക്ക് എന്നോട് കുറച്ചു സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചതും…

പാറുവിനു മോനോട് ദേഷ്യം ഒന്നും ഇല്ല.. സ്നേഹം കൂടുതൽ ഉള്ളത് കൊണ്ടാണ് പാറു മോനെ മനഃപൂർവം ഒഴിവാക്കുന്നതെന്നു അമ്മ പറഞ്ഞപ്പോൾ സംശയത്തോടെ ഞാൻ അവരുടെ മുഖത്തേക്ക് നോക്കി…

പാറുവിനെ കുറച്ചു ചെക്ക് അപ്പ്‌ ചെയ്തതിന്റെ റിസൾട്ട്‌ കുറച്ചു ദിവസം മുൻപാ ഞങ്ങൾക്ക് കിട്ടിയത്.. അവളുടെ രോഗത്തിന് ഡോക്ടർമാർ ഒരു പേരും ഇട്ടു…ക്യാൻസർ എന്ന് പറഞ്ഞു അമ്മ എന്റെ മുൻപിൽ പൊട്ടി കരയുമ്പോൾ കെട്ടത് വിശ്വസിക്കാൻ പറ്റാതെ കണ്ണിൽ മുഴുവൻ ഇരുട്ട് കയറുന്നത് പോലെ ആണ് എനിക്ക് തോന്നിയത്…

അധിക നാൾ ജീവനോടെ ഉണ്ടാവില്ലെന്ന് തോന്നിയത് കൊണ്ടാകും.. ഉണ്ണിയേട്ടൻ പാവാ.. എന്നെ പോലൊരു പെണ്ണിനെ കെട്ടി ജീവിതം നശിപ്പിക്കാൻ ഉള്ളതല്ല ഉണ്ണിയേട്ടന്റെ.. എന്ന് അവൾ അമ്മയോട് പറഞ്ഞതും..

ആരുടേയും സഹതാപം അവൾക്കു ഇഷ്ടമല്ലായിരുന്നു.. അതിനു വേണ്ടിയാ… മോന്റെ നല്ല ഭാവിക്ക് വേണ്ടിയാ എന്റെ മോള് അങ്ങനെ ഒക്കെ ചെയ്തതെന്ന് പറഞ്ഞു അമ്മ എന്നെ കെട്ടിപിടിച്ചു കരഞ്ഞു…

നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചു മാറ്റി ഒരു ഓട്ടം ആയിരുന്നു ഞാൻ പാറുവിന്റെ വീട്ടിലേക്കു…

കേറി ചെന്നപ്പോൾ ജനാലയിലൂടെ പുറത്തേക്കു നോക്കി കരയുന്ന പാറുവിനെ കണ്ടു ഞാൻ ആകെ തളർന്നു പോയി..

പെട്ടെന്ന് എന്നെ പാറു കണ്ടപ്പോൾ… ഉണ്ണിയേട്ടൻ എന്തിനാ ഇങ്ങോട്ട് വന്നത്. എനിക്കിഷ്ടമല്ല ഇങ്ങോട്ട് വരുന്നതെന്ന് അറിയില്ലേ എന്ന്.. ആ കരച്ചിലിനിടയിലും പാറു ഒരു വിധം പറഞ്ഞൊപ്പിച്ചു…

അതിനുള്ള മറുപടി പറയാൻ നിക്കാതെ ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു കൊണ്ടു ഞാൻ പറഞ്ഞു…

എല്ലാം അറിഞ്ഞിട്ടു തന്നെ ആ ഉണ്ണിയേട്ടൻ പറയുന്നത്… കൊണ്ടു പോകുവാ നിന്നെ എന്റെ വീട്ടിലേക്കു.. എന്റെ പെണ്ണെന്ന അധികാരത്തോടെ…

മറുപടി പറയാൻ വന്ന പാറുവിന്റെ വായ ഞാൻ പൊത്തി.. എന്നിട്ട് അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു കഴിഞ്ഞിരുന്നു ഞാൻ….

പാർവതിയുടെ കൂടെ ആരും വന്നിട്ടില്ലേ…

നേഴ്സിന്റെ ചോദ്യം കേട്ടാണ് ഞാൻ ഓർമ്മയിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റത്…

പാർവതി പ്രസവിച്ചു.. ആൺകുട്ടി ആ… എന്ന് നേഴ്സ് ചിരിച്ചു കൊണ്ടു എന്റെ മുഖത്തേക്ക് നോക്കി പറയുമ്പോൾ ലോകം വെട്ടി പിടിച്ച സന്തോഷം ആയിരുന്നു എനിക്കപ്പോൾ..

റൂമിലേക്ക്‌ മാറ്റിയ പാറുവിനെയും കുട്ടിയേയും ഞാൻ കണ്ടപ്പോൾ ഓടി അവരുടെ അടുത്ത് ചെന്നു എന്റെ മകനെ ഞാൻ സന്തോഷത്തോടെ വാരി എടുത്തു.. തനിക്കു ഒരു മാലാഖ കുഞ്ഞിനെ തന്ന പാറുവിന്റെ നെറ്റിയിൽ സന്തോഷത്തോടെ ഉമ്മ കൊടുക്കാനും ഞാൻ മറന്നില്ല…

ചിലപ്പോഴൊക്കെ മരുന്നിനേക്കാൾ കൂടുതൽ ഫലം ചെയ്യും നമ്മൾ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിച്ചാൽ.. അതാകും ഒരു കുഴപ്പവും ഇല്ലാതെ ദൈവം എനിക്കെന്റെ പാറുവിനെ തിരിച്ചു തന്നതും..

ഇനിയും ജീവിക്കണം എനിക്ക്.. എന്റെ പാറുവിന്റെയും മകന്റെയും കുടുംബത്തിന്റെയും ഒപ്പം… എന്റെ കൊച്ചു ജീവിതത്തിലെ അവരുടെ വലിയ ആഗ്രഹങ്ങൾ എനിക്ക് സാധിച്ചു കൊടുക്കാൻ വേണ്ടി…

രചന ; ശ്രീജിത്ത്‌

LEAVE A REPLY

Please enter your comment!
Please enter your name here