Home Latest “‘വാവ വന്നാൽ ആർക്കും നിന്നെ വേണ്ടി വരില്ല “എന്ന കൂട്ടുകാരുടെയും ബന്ധുക്കളുടെയും കളിയാക്കി പറച്ചിൽ എനിക്ക്...

“‘വാവ വന്നാൽ ആർക്കും നിന്നെ വേണ്ടി വരില്ല “എന്ന കൂട്ടുകാരുടെയും ബന്ധുക്കളുടെയും കളിയാക്കി പറച്ചിൽ എനിക്ക് വല്ലാത്ത വേദനയായി .. അതെപ്പോഴോ വെറുപ്പിലേക്ക് വഴിമാറുകയും ചെയ്തു .

0

“ഈ കുട്ടി എന്താ ഉമ്മിച്ചീ ചത്ത പോലെ കിടക്കുന്നേ ”

ആദ്യമായി അനിയത്തി കുട്ടി ആശുപത്രി കിടക്കയിൽ ഉമ്മിച്ചിയോട് ചേർന്ന് കിടക്കുന്നത് കണ്ട് ഒരഞ്ചു വയസ്സുകാരി ചോദിച്ച ചോദ്യം ചുറ്റും നിന്നവർക്ക് തമാശയായിട്ടാണ് തോന്നിയതെങ്കിലും… ഞാനതെന്റെ വെറുപ്പ് പ്രകടമാക്കിയതായിരുന്നു..
ഞാനും ഉമ്മിച്ചിയും ഉപ്പയുമുളള ലോകത്തേക്ക് പുതിയ ഒരഥിതി കൂടി വരുന്നുണ്ടെന്നറിഞ്ഞപ്പോൾ ആദ്യം സന്തോഷിച്ചെങ്കിലും
“‘വാവ വന്നാൽ ആർക്കും നിന്നെ വേണ്ടി വരില്ല “എന്ന കൂട്ടുകാരുടെയും ബന്ധുക്കളുടെയും കളിയാക്കി പറച്ചിൽ എനിക്ക് വല്ലാത്ത വേദനയായി .. അതെപ്പോഴോ വെറുപ്പിലേക്ക് വഴിമാറുകയും ചെയ്തു .

വൈകുന്നേരം ഉപ്പിച്ചി കൊണ്ട് വരുന്ന മിട്ടായി പൊതിയും എന്റെ കളിപ്പാട്ടങ്ങളും പങ്കുവെക്കുന്നതിലും കൂടുതൽ എന്നെ വിഷമിപ്പിച്ചത് ഉമ്മിച്ചിയുടെയും ഉപ്പയുടെയും കൂടെ രാത്രി കെട്ടിപിടിച്ചുളള കിടത്തം എനിക്ക് നഷ്ടപെടുമെന്നുളളതായിരുന്നു..

മാസങ്ങൾ കഴിഞ്ഞപ്പോഴും ദേഷ്യത്തിനു ഒരു കുറവും വന്നില്ല.. വെളുത്ത അവളുടെ കാലിൽ പിച്ചിയും കവിളിൽ അമർത്തി ചുംബിക്കുന്ന രൂപത്തിൽ കടിച്ചും അവളോടുളള ദേഷ്യം പ്രകടമാക്കിയപ്പോൾ അത് മനസ്സിലാക്കിയത് കൊണ്ടാകണം ഉമ്മിച്ചി അവളെ എന്നിലേക്ക്‌ അടുപ്പിക്കാനുളള ശ്രമങ്ങൾ ആരംഭിച്ചത് ..

ശ്രമങ്ങൾ പതിയെ വിജയം കണ്ടത് കൊണ്ടായിരുന്നു അവളുടെ കുസൃതികളും കുറുമ്പും മാറി നിന്ന് ഞാൻ ആസ്വദിക്കാൻ തുടങ്ങിയത് പക്ഷെ അത് പ്രകടമാക്കാഞ്ഞതും മുഖത്ത് ദേഷ്യം വരുത്തിയും ഞാൻ നടന്നത് പലപ്പോഴും എന്റെ വാശി സമ്മതിക്കാത്തത് കൊണ്ടായിരുന്നു .
എനിക്ക് സ്വന്തമായിട്ട് ഉള്ളതെല്ലാം നഷ്ടപെടുത്തിയവൾ എന്നാലോചിച്ചപ്പോയായിരുന്നു ഉളളിന്റെ ഉളളിൽ അവശേഷിക്കുന്ന സ്നേഹം പോലും ദേഷ്യമായിട്ട് ഞാൻ പുറന്തളളിയത്

കുഞ്ഞുവായിൽ അവൾ പതിയെ സംസാരിക്കാൻ തുടങ്ങുമ്പോൾ ഉമ്മിച്ചി ആദ്യമായി ചൊല്ലി കൊടുത്തത് എന്റെ പേരാണ്.
“ഇത്ത.”എന്ന് പറഞ്ഞു പഠിപ്പിച്ചപ്പോൾ അവളെന്നെ വിളിച്ചത് “തത്ത ” എന്നായിരുന്നു.

എന്റെ പിടിവാശികൾക്കും കുറുമ്പിനും ഉമ്മിച്ചി പലപ്പോഴും നിന്ന് തരാത്തപ്പോൾ ആർത്തു കരയുന്ന എന്നെ ആശ്വസിപ്പിക്കാൻ എന്നോണം അവളുടെ കുഞ്ഞു കൈകൾ എന്റെ കഴുത്തിൽ ഹാരമാക്കി കുഞ്ഞിചുണ്ടുകൾ കൊണ്ട് ഉമ്മ വെക്കുമ്പോൾ വായിൽ നിന്നും ഊർന്നു വീഴുന്ന തേൻ എന്റെ കവിൾ നനയിക്കും.. അതിഷ്ടപ്പെടാതെ പലപ്പോഴായി ഞാനവളെ ഉന്തിയിട്ടാലും പിന്നെയും പിന്നെയും “തത്തേ “”…എന്നും വിളിച്ചു പിന്നാലെ വരും..

ഉമ്മിച്ചിയെ കാണാതെ കുളത്തിൽ ചാടാൻ കൂട്ടുകാരോടൊപ്പം പോയ അന്ന് … തിരികെ വന്നത് കല്ലിൽ തട്ടി വീണ് മുട്ടിൽ മുറിവ് ആയിട്ടായിരുന്നു…

പാവാട കൊണ്ട് അത് മറച്ചു പിടിച്ചു ഏന്തി വലിഞ്ഞു ഞാൻ നടന്നപ്പോൾ ചോര പൊടിയുന്നത് കണ്ടിട്ടായിരുന്നു വലിയ ഉച്ചത്തിൽ അവളാർത്തു കരഞ്ഞത്.

“എന്റെ വെറുപ്പിനേക്കാൾ പതി മടങ്ങവളെന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം ”

മുട്ടിലെ മുറിവ് നോക്കി “ഉവ്വു ” എന്ന് പറഞ്ഞ് ഊതി തന്നും എന്നെ ഉമ്മവെച്ചും ഉമ്മിച്ചിക്ക് ഉപ്പക്കും ചൂണ്ടി കാണിച്ചു കൊടുത്തും അവൾ വേവലാതി പെടുന്നത് കണ്ടപ്പോൾ കുറ്റബോധം കൊണ്ടെന്റെ ഉളളം നീറി പുകയുന്നുണ്ടായിരുന്നു .. മുട്ടിലെ മുറിവിലേക്കാൾ വേദനയായിരുന്നു ഹൃദയത്തിൽ ഉണ്ടായ മുറിവിന് .. അടർന്നു വീഴുന്ന കണ്ണുനീർ തുളളിൾക്ക് പോലും കുറ്റബോധം കൊണ്ട് വല്ലാത്ത ഭാരം അനുഭവപ്പെട്ടിരുന്നു.

അന്നോളo ഒളിപ്പിച്ച എന്റെ സ്നേഹവും കരുതലും പിന്നീട് ഞാനവൾക്ക് പകരുമ്പോൾ അവളെന്റെ ജീവന്റെ പാതിയായി മാറുകയായിരുന്നു… എന്റെ കണ്ണാടിയാവുകയായിരുന്നു..

ഒളിപ്പിച്ചു വെച്ച കളിപ്പാട്ടം ഞാനവൾക്ക് സമ്മാനിച്ചും ഉപ്പിച്ചി നീട്ടുന്ന മിട്ടായിൽ പാതിയും കൂടുതലും കൊടുത്ത്‌ സന്തോഷിപ്പിച്ചും ഒരുമിച്ചുണ്ടും ഉറങ്ങിയും വഴക്കുണ്ടാക്കിയും ഞങ്ങൾ വളർന്നപ്പോൾ എന്റെ വീട് സ്വർഗമാവുകയായിരുന്നു..

പ്രായം കൊണ്ട് അവളെന്റെ അഞ്ചു വയസ്സ് ഇളയതാണെങ്കിലും കർമം കൊണ്ട് പലപ്പോഴും അവളെനിക്ക് ചേച്ചിക്കുട്ടി ആകാറുണ്ട്..

അലസതയും മടിയും ഒരിക്കലും മടുക്കാത്ത ഉറക്കിനോടുളള എന്റെ ഭ്രാന്തും മാറാൻ ശകാരിച്ചും പിച്ചിയും അടിച്ചും ഇടക്ക് അവളെന്റെ അമ്മയാകും..

എന്റെ സകല കുറ്റങ്ങളും കണ്ടെത്തി സമയത്തിന് ഉപ്പച്ചിയുടെ ചെവിയിൽ എത്തിച്ചു എനിക്ക് വഴക്ക് കേൾപ്പിച്ച്‌ അത് മാറി നിന്ന് ആസ്വദിക്കുന്ന അനിയനാകും..

മുന്നേ നടന്ന് വഴി തെളിച്ചും നെല്ലും പതിരും വേർതിരിച്ചു കാണിച്ചു തന്നും വെയിലത്തു തണലായും ഇരുട്ടത്തു വെളിച്ചമായും താങ്ങാവുന്ന അച്ഛനാകും..

എന്റെ കാര്യങ്ങളിൽ വേവലാതിപ്പെടുന്ന എന്തിനും കൂടെ നിൽക്കുന്ന ഒരേട്ടന്റെ സ്നേഹവും അവളെനിക്ക് പകരാറുണ്ട്..

സ്നേഹവും കരുതലും ആവോളം തന്ന് സുഖത്തിലും ദുഖത്തിലും കൂടെ നിൽക്കുന്ന വഴികാട്ടിയായി അവളിന്നെനിക്ക് മുന്പേ സുഹൃത്തായും കൂടെപ്പിറപ്പായും അന്നും ഇന്നും ഇനിയെന്നും നടക്കുമെന്നും തിരിച്ചറിയുമ്പോൾ അവൾക്കും എനിക്കുo എഴുതി കൂട്ടിയ അക്ഷങ്ങൾക്കുമറിയാം അവൾക്ക് ഞാനും എനിക്കവളുമില്ലാത്തൊരു ലോകം അത് മരണം മാത്രമാണെന്ന്..

രചന ; നാഫിയ

LEAVE A REPLY

Please enter your comment!
Please enter your name here