Home Latest അതറിഞ്ഞത് തൊട്ട് വാശിയായിരുന്നു… തന്തയില്ലാത്തവൾ എന്ന പേരിനോടും, മേൽവിലാസം ഇല്ലാതാക്കിയവരോടും ഉള്ള വാശി…

അതറിഞ്ഞത് തൊട്ട് വാശിയായിരുന്നു… തന്തയില്ലാത്തവൾ എന്ന പേരിനോടും, മേൽവിലാസം ഇല്ലാതാക്കിയവരോടും ഉള്ള വാശി…

0

” ഡോക്ടർ കൃഷ്ണേന്ദു….
കൃഷ്ണ നിലയം
ചാവക്കാട്”

മാഡം ഇതില് അച്ഛന്റെ പേരിന്റെ കോളം ഫിൽ ചെയ്തിട്ടില്ല… മറന്നു പോയതാണോ?? അതും കൂടി ഫിൽ ചെയ്തിട്ട് തരൂ.. ”

“അതില് എഴുതാൻ എനിക്കൊന്നുമില്ല…. എന്റെ അമ്മ കല്യാണം കഴിച്ചിട്ടില്ല…”

ഇന്റർവ്യൂന് വേണ്ടിയിരിക്കുന്ന ബോർഡ് അംഗങ്ങൾ പരസ്പരം മുഖത്തോടു മുഖം നോക്കി…

“വി കാൺട് അണ്ടർസ്റ്റാൻഡ് മാം?”

“മനസ്സിലാക്കാനൊന്നുമില്ല, എനിക്ക് അച്ഛൻ ഇല്ല…. അച്ഛന്റെ പേര് എഴുതിയാലെ ഈ ജോലി കിട്ടൂ എന്നുണ്ടെങ്കിൽ എനിക്ക് ഈ ഹോസ്പിറ്റലിൽ ജോലി ചെയ്യാൻ താത്പര്യമുവില്ല….സൊ ടെൽ മി വാട്ട് ഈസ് യുവർ ഫൈനൽ ഡിസിഷൻ??”….

എന്റെ ശബ്ദത്തിലെ ദൃഢത കണ്ടിട്ടാണെന്നു തോന്നുന്നു അവർ മറുത്തൊന്നും പറയാതെ യു ആർ അപ്പോയിന്റഡ് എന്ന് മാത്രം പറഞ്ഞു….. എത്രയോ തവണ തിരിച്ചും മറിച്ചും കേട്ടിരിക്കുന്നു ഈ ചോദ്യം “നിന്റെ അച്ഛനാരാണെന്ന്??”…..

ഇപ്പൊ എന്റെ മനസ്സിനെ തെല്ലും കുലുക്കുന്നില്ല ഈ ചോദ്യം… ഓർമ വെച്ചതിനു ശേഷം ആദ്യമായി ഈ ചോദ്യം ചോദിക്കുന്നത് പ്രൈമറി സ്കൂളിലെ ഹെഡ് മാഷായിരുന്ന നാരായണൻ മാഷായിരുന്നു… അന്ന് അമ്മയുടെ കുനിഞ്ഞ തല കണ്ട് അവിടിരുന്ന ടീച്ചർമാരെല്ലാം ചിരിച്ചത് ഞാനിന്നും വ്യക്തമായി ഓർക്കുന്നു… അന്ന് തിരിച്ചു പോരുമ്പോൾ അമ്മയുടെ കണ്ണിൽ നിന്നും ഉതിരുന്ന കണ്ണുനീര് കണ്ടപ്പോൾ ചോദിക്കാൻ തോന്നിയില്ല എന്റെ അച്ഛൻ എവിടെ പോയി എന്ന്??

അപ്പുറത്തെ വീട്ടിലെ രാധേച്ചിയും വിദ്യാധരൻ ചേട്ടനും എപ്പോഴും അമ്മയെ വിളിച്ചിരുന്നത് വഴിപിഴച്ചവൾ എന്നായിരുന്നു…. ആരൊക്കെയോ രാത്രിയിൽ വാതിലിൽ മുട്ടുമ്പോൾ വീട്ടിലെ ആകെയുള്ള മേശയും കട്ടിലും വാതിലിനോട് ചേർത്തിട്ട് എന്റെ കുഞ്ഞു പേടിക്കണ്ട, ഈ അമ്മയുണ്ട്‌ കൂടെ എന്നും പറഞ്ഞു എന്നെ നെഞ്ചോട് ചേർക്കുമ്പോൾ ആ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നതും നെഞ്ചോളം ഒലിച്ചിറങ്ങുന്ന കണ്ണീരും അന്നും ഇന്നും എന്നെ ചുട്ടു പൊളിച്ചിട്ടെ ഉള്ളു… ആ കണ്ണീരു താങ്ങാൻ കഴിയാത്തത് കൊണ്ട് അന്ന് തൊട്ട് പിന്നീടൊരിക്കലും ആരൊക്കെ എന്തൊക്കെ പറഞ്ഞു കളിയാക്കിയാലും എന്റെ അച്ഛൻ ആരാണെന്ന് ഞാൻ ചോദിച്ചിട്ടില്ല…

ആദ്യമായി പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് കോളേജിൽ വെച്ച് നാരായണൻ മാഷുടെ മകൻ തന്തയില്ലാത്തവളെ എന്ന് വിളിച്ചു കളിയാക്കിയത്… കാരണം അവന് നന്നായി അറിയാവുന്ന പരസ്യമായ രഹസ്യമാണല്ലോ അത്…അവൻ എന്റെ കയ്യിൽ കേറി പിടിച്ചപ്പോൾ പ്രിൻസിപ്പലിനോട് പരാതിപെട്ടതായിരുന്നു ഞാൻ ചെയ്ത മാരക അപരാധം…അന്ന് നെല്ലിമരത്തിന്റെ ചോട്ടിലിരുന്നു കരഞ്ഞു തീർത്ത കണ്ണീരിന് കണക്കില്ലായിരുന്നു….. ഇനി കോളേജിലേക്ക് പോവില്ല ന്നും പറഞ്ഞോണ്ട് സഞ്ചിയും പുസ്തകങ്ങളും വലിച്ചെറിഞ്ഞു കരഞ്ഞപ്പോൾ പുളിവാറൽ എടുത്ത് അമ്മ തല്ലിയതിന്റെ നോവിപ്പോഴും മാറിയിട്ടില്ല… അന്ന് അമ്മ നെഞ്ചു പൊട്ടി കരഞ്ഞോണ്ട് പറഞ്ഞു, “നിനക്ക് അച്ഛനുണ്ട് മോളെ, അമ്മ വഴി പിഴച്ചവളല്ല…”

കൃഷ്ണന്റെ അമ്പലത്തില് വെച്ച് കെട്ടിയ ഒരു താലിയുടെ ബലത്തിൽ പ്രണയിച്ച ഒരാളെ വിശ്വസിച്ചു ജീവിക്കാൻ പുറപ്പെട്ട അമ്മ തന്നെയാണ് തെറ്റുകാരി… അമ്മയുടെ അച്ഛൻ പണിയെടുത്തിരുന്ന ആ വലിയ വീട്ടിലെ ഇളയ സന്തതിക്ക് അമ്മയോട് തോന്നിയ പ്രണയത്തിന്റെ അവശേഷിപ്പാണ് ഞാൻ… താലിയുടെ വിശ്വാസ്യത പറഞ്ഞു, പ്രണയിച്ചു വഞ്ചിക്കുകയായിരുന്നു മാന്യതയുടെ മുഖം മൂടിയണിഞ ആ പുരുഷ കേസരി… അയാൾക്ക് മറ്റൊരു ഭാര്യ ആദ്യമേ ഉണ്ടായിരുന്നു… രണ്ടു പെണ്ണുങ്ങളെയും ഒരുളുപ്പുമില്ലാതെ ചതിച്ച നീചൻ…. അമ്മയും വീട്ടുകാരും പാവങ്ങൾ.. അവരോടെന്നെതിർത്തു നിൽക്കാനുള്ള കെൽപ്പില്ലാതെ ആ നീചൻ കൊടുത്ത അവശേഷിപ്പുമായി നാട് വിട്ടു.. ഇവിടെ അമ്മമ്മയുടെ നാട്ടിൽ, ഒരു കുഞ്ഞു വീട്ടിൽ ആ നീചനോടുള്ള പ്രണയം മനസ്സിലിപ്പോഴും സൂക്ഷിച്ചു കൊണ്ട് എന്നെ വളർത്തി വലുതാക്കി…

അതറിഞ്ഞത് തൊട്ട് വാശിയായിരുന്നു… ജയിക്കണം എന്നുള്ള വാശി.. എന്റെ അമ്മയെ തോല്പിച്ചവരോടുള്ള വാശി.. എനിക്ക് നഷ്ടപ്പെടുത്തിയ സ്നേഹത്തിന്റെ, എനിക്കേൽക്കേണ്ടി വന്ന പരിഹാസശരങ്ങളുടെ, തന്തയില്ലാത്തവൾ എന്ന പേരിനോടും, മേൽവിലാസം ഇല്ലാതാക്കിയവരോടും ഉള്ള വാശി…

പോരാടി.. തളരാതെ പരിശ്രമിച്ചു.. രാപകലില്ലാതെ അധ്വാനിച്ചു പഠിച്ചു.. മെറിറ്റിൽ മെഡിസിന് സീറ്റ് കിട്ടി… പുസ്തകങ്ങൾക്കും ബാക്കിയുള്ള തുകക്കുമായി അമ്മ ആരുടെ ഒക്കെയോ വീടുകളിൽ അടുക്കള പണി ചെയ്തു കൊണ്ടേയിരുന്നു… അന്നും അമ്മയെ വഴിപിഴച്ചവൾ എന്ന് തന്നെ രാധേച്ചി വിളിച്ചോണ്ടിരുന്നു…

ഇന്നിപ്പോൾ എന്റെ നാട്ടിലെ ഏറ്റവും വലിയ ആശുപത്രിയിലെ തിരക്കേറിയ ഡോക്ടർ ആണ് ഞാൻ… അമ്മയെ വഴിപിഴച്ചവൾ എന്ന് വിളിച്ചിരുന്ന രാധേച്ചിക്ക് അമ്മയുടെ തുണി അലക്കാനും അമ്മ കഴിച്ച എച്ചിൽ പാത്രങ്ങൾ കഴുകാനുമുള്ള ജോലി കൊടുത്തു കൊണ്ട് കുഞ്ഞു പ്രതികാരം പൂർത്തിയാക്കി.. വിദ്യാധരേട്ടനും കൊടുത്തു അമ്മയോട് കാണിച്ചതിനുള്ള മറുപടി, എന്റെ ക്ലിനിക്കിലെ സെക്യൂരിറ്റി ആയിട്ട് പണി കൊടുത്തു… എന്നെ പരിഹസിച്ചിരുന്നവരെ കൊണ്ടൊക്കെ തന്നെ എന്നെ ഡോക്ടർ സാറെ ന്ന് വിളിപ്പിച്ചു… ഏറ്റവും വലിയ പ്രതികാരം ചെയ്തത് തന്തയില്ലാത്തവളെ ന്നും വിളിച്ചോണ്ട്  എന്റെ കയ്യിൽ കേറി പിടിച്ചവനെ കൊണ്ട് തന്നെ, എന്റെ കയ്യിൽ വിവാഹമോതിരം അണിയിപ്പിച്ചു കൊണ്ടായിരുന്നു……

അങ്ങിനെയിരിക്കുമ്പോഴാണ് മേനോൻ ഹോസ്പിറ്റലിൽ ഡോക്ടറെ ആവശ്യമുണ്ട് എന്ന പരസ്യം കാണുന്നത്.. ആ യാത്രയാണ് ഇന്നത്തെ ഈ അപ്പോയിന്റിമെന്റ ലെറ്റർ എന്റെ കയ്യിലേക്കെത്തിച്ചത്… ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ മാനേജ്മെന്റിന്റെ ഗുഡ് സർട്ടിഫിക്കറ്റ് പട്ടികയിൽ ഞാനെത്തി… ആ സ്ഥാപനത്തിന്റെ ഉടമയുടെ മകനും അവിടുത്തെ ഡോക്ടറുമായ നന്ദൻ മേനോന് എന്നോട് ഒരു സഹപ്രവർത്തക എന്നതിനേക്കാൾ അടുപ്പമുണ്ട് എന്ന് എനിക്ക് മനസ്സിലായിരുന്നു… അങ്ങിനെ ഇരിക്കെയാണ് ആശുപത്രിയുടെ പത്താം വാർഷിക ആഘോഷ വേളയിൽ , ആശുപത്രിയുടെ ഉടമയായ ശേഖരമേനോൻ എല്ലാ അതിഥികളുടെയും മുന്നിൽ വെച്ച് എന്നെ ഡോക്ടർ നന്ദന് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും അറിയിക്കുന്നത്… എന്റെ മറുപടിക്കായി കാത്തു നിൽക്കുന്ന അവരുടെ അടുത്തെത്തി മൈക്ക് വാങ്ങി പതുക്കെ ഞാൻ സംസാരിച്ചു തുടങ്ങി…

” ഞാൻ ഏറ്റവും സന്തോഷിക്കുന്ന നിമിഷമാണ് ഇന്ന്… ഡോക്ടർ കൃഷ്ണേന്ദുവിനെ മാത്രമേ നിങ്ങൾക്ക്‌ അറിയൂ…നിങ്ങൾക്ക് പരിചയമുള്ളു..”

“എത്ര പേർക്കറിയാം ഞാൻ ഒരു തന്തയില്ലാത്തവൾ ആണെന്ന്??….
ഏതോ ഒരു നീചന്റെ പ്രണയനാടകത്തിൽ തകർന്നു പോയ ഒരു അമ്മയുടെ മകളാണ് ഞാൻ.. ഓർമ വെച്ച നാള് മുതൽ വഴിപിഴച്ചവളുടെ മകളെ എന്നുള്ള വിളി മാത്രമേ കേട്ടിട്ടുള്ളൂ… തന്തയില്ലാത്തവൾ… അതാണ് എന്റെ സർ നെയിം… ഇഷ്ടപ്പെട്ടോ നിങ്ങൾക്ക്?….

എന്റെ പൊട്ടിച്ചിരി കണ്ട് കൂടി നിൽക്കുന്നവരെല്ലാം അന്ധാളിച്ചു നിൽക്കുകയാണ്… പക്ഷെ ഞാൻ പതറിയില്ല…

“നമ്മുടെ നാട്ടിൽ സഹോദരങ്ങൾ തമ്മിൽ വിവാഹം കഴിക്കുന്ന പതിവില്ലല്ലോ നന്ദൻ..”

എന്റെ അപ്രതീക്ഷിതമായ ചോദ്യം കേട്ട് നന്ദൻ ഒന്ന് ഞെട്ടി, കൂടി നിന്നവരെല്ലാം…

“അതേടോ, ഞെട്ടണ്ട… തന്നെ സൃഷ്ട്ടിച്ച ഈ മഹാൻ തന്നെയാണ് എന്റെ പിറവിക്കും കാരണഭൂതൻ… എല്ലാമറിഞ്ഞു കൊണ്ടാണ് ഇവിടെ ഈ വേഷം കെട്ടുമായി ഞാനെത്തിയത്.. ഈ മഹാ പുരുഷനെ കണ്ടൊന്നു വണങ്ങാൻ… എന്താണ് ശേഖരൻ സർ, തല ചുറ്റുന്നതായി തോന്നുന്നുണ്ടോ? ഒരു ഗ്ലാസ് തണുത്ത വെള്ളം പറയട്ടെ….??

“നിങ്ങള് പറഞ്ഞു പറ്റിച്ചു വഞ്ചിച്ച തുളസിയുടെ മകളാണ് ഞാൻ.. നിങ്ങളുടെ ചോര… അത് മാത്രമേ എന്റെ ഒരു കുറവായിട്ട് ഞാൻ കണ്ടിട്ടുള്ളു… നിങ്ങടെ ഒരു സഹായവുമില്ലാതെ നിങ്ങടെ ആശുപത്രി പോലും വിലക്ക് വാങ്ങിക്കാനുള്ള ത്രാണിയുമായി നിൽക്കുന്നവളാണ് ഇന്ന് ഞാൻ, നിങ്ങടെ പുന്നാര മകനു വേണ്ടി നിങ്ങൾ കണ്ടെത്തിയ മരുമകൾ, അത്രക്കും ഗുണങ്ങളോട് കൂടിയവൾ… പണ്ട് നിങ്ങൾ തള്ളി പറഞ്ഞു വലിച്ചെറിഞ്ഞ തുളസിയുടെ മകൾക്കിന്ന് നിങ്ങളുടെ വീട്ടിലേക്ക് മരുമകളായി ക്ഷണിക്കാനുള്ള അത്രയും നിലയും വിലയുമായി…. അതാണ് നിങ്ങളോടുള്ള എന്റെ പ്രതികാരം… അയാളുടെ അരികിലെത്തി അയാളുടെ കാതുകളിലായി ഞാൻ മന്ത്രിച്ചു ചത്തൂടെ ടോ പോയി???……..”

ഏ സി യുടെ തണുപ്പിലും വിയർത്തൊലിച്ചു നിക്കുന്ന അയാളുടെ മുഖത്തേക്ക് എന്റെ രാജിക്കത്തും അവിടെ നിന്ന് തന്ന നോട്ടുകെട്ടുകളും വലിചെറിഞ്ഞു കൊണ്ട് തിരിച്ചു നടക്കുമ്പോൾ ആരൊക്കെയോ വിളിച്ചു പറയുന്നത് കേട്ടു…. “അയ്യോ സർ ന് നെഞ്ച് വേദന ആണെന്ന് തോന്നുന്നു, അറ്റാക്ക് ആവുമോ??”….

“ആവട്ടെ… എന്തിനീ നീചന്മാർ ഭൂമിയിൽ ജീവിക്കണം??

എന്റെ ഏറ്റവും വലിയ പ്രതികാരവും സഫലമാക്കി അമ്മയുടെ
മടിത്തട്ടിൽ തല ചായ്ചു കിടന്ന്,ആ തഴമ്പിച്ച കൈകളിൽ എന്റെ കൈ ചേർത്ത് പിടിച്‌ ഒരു കുഞ്ഞു മുത്തം ആ കൈകളിൽ നൽകിയപ്പോൾ അമ്മയുടെ കണ്ണുകളിൽ പൊലിഞ്ഞത് ആനന്ദാശ്രു ആയിരുന്നു…ഒരു ജന്മം മുഴുവൻ കരഞ്ഞു തീർത്ത ആ അമ്മക്ക് വേണ്ടി ഇനിയും പോരാടി ജീവിക്കും ഈ മകൾ… ആരുടെയും മേൽ വിലാസമില്ലാതെ……

ശുഭം…

രചന ; രോഹിത….

LEAVE A REPLY

Please enter your comment!
Please enter your name here