Home Latest part – 6 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part – 6 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

0

കണ്ട കാര്യം വിശ്വസിക്കാൻ പറ്റാത്തതിന്റെ ഷോക്കിൽ അനു നിന്നിടത്തു തന്നെ നിന്നു. അപ്പോഴാണ് ജേക്കബ് ഇച്ചായൻ അനുവിനെ കാണുന്നത്.

മോളെന്താ അവിടെ തന്നെ നിന്നു കളഞ്ഞത്… ഇങ്ങോട്ട് കയറി വാ.

അനുവിന് കാലുകൾ അനക്കാൻ പറ്റാത്തത് പോലെ തോന്നി. തന്നെ പെണ്ണ് കാണാൻ ജീവനും വീട്ടുകാരും ആണ് വന്നിരിക്കുന്നതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അനുവിന് മനസ്സിലായിരുന്നു.

പെട്ടെന്ന് നിങ്ങളെ എല്ലാവരെയും കണ്ടതിന്റെ ഞെട്ടലാ. ജേക്കബ് ഇച്ചായൻ പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു.

മോള് ഞങ്ങളെ കണ്ടു ടെൻഷൻ ആകണ്ട. ഞങ്ങൾ വെറുതെ ഇത് വഴി പോയപ്പോൾ കയറിയെന്നേ ഉള്ളു… അവരുടെ കൂടെ ഉള്ളവരിൽ ഒരാൾ അനുവിനോട് പറഞ്ഞു.

അനു പതിയെ അവരുടെ അടുത്തേക്ക് ചെന്നു…

മോളെ ഇത് ജീവന്റെ പപ്പാ.. ജോർജേട്ടൻ.. ഇതാണ് പപ്പ എപ്പോഴും പറയാറുള്ള പപ്പയുടെ കൂട്ടുകാരൻ. അത് ജീവന്റെ മമ്മി.പിന്നെ കൂടെ ഉള്ളത് ജീവന്റെ പപ്പയുടെ അനിയനും ഫാമിലിയും.

ഓരോരുത്തരെ ആയി ജേക്കബ് ഇച്ചായൻ അനുവിന് പരിചയപ്പെടുത്തി കൊടുത്തു.

ഭാഗ്യം… ജീവൻ അവരുടെ കൂടെ വന്നിട്ടില്ലെന്ന് അനു ആശ്വസിക്കുമ്പോൾ ആണ് മോളെ അതാണ് ജീവൻ എന്ന് ജേക്കബ് ഇച്ചായൻ പറയുന്നത്.

അനു തിരിഞ്ഞു നോക്കിയപ്പോൾ കൈയിൽ ജ്യൂസ്‌ ഗ്ലാസും പിടിച്ചു നടന്നു വരുന്ന ജീവനെ കണ്ടു….

ഒന്ന് ജീവനെ നോക്കിയിട്ട് അനു വേഗം നോട്ടം മാറ്റി കളഞ്ഞു.

മോള് എവിടെ പോയേക്കുവായിരുന്നു…. ജീവന്റെ അമ്മയുടെ വക ആയിരുന്നു ചോദ്യം…..

ഞാൻ…… അത്… കൂടെ പഠിച്ച ഫ്രണ്ടിനെ കാണാൻ പോയതാ… ഒരു വിധത്തിൽ അനു പറഞ്ഞൊപ്പിച്ചു…

മോളുടെ പഠിത്തം ഒക്കെ കഴിഞ്ഞോ…ജീവന്റെ പപ്പയുടെ സംസാരത്തിൽ കുറച്ചു ഗൗരവം ഉള്ളത് പോലെ അനുവിന് തോന്നി…

മ്മ്… കഴിഞ്ഞു…. ഇനിയും പഠിച്ചാൽ കൊള്ളാമെന്നുണ്ട്..

നമുക്കൊ നേരാവണ്ണം പഠിക്കാൻ പറ്റിയില്ല. അതാ മക്കളെ എങ്കിലും നന്നായി പഠിപ്പിക്കുന്നത്. ജേക്കബ് ഇച്ചായൻ പറഞ്ഞു…

മോന് മോളോടൊന്നും ചോദിക്കാൻ ഇല്ലേ… ഒന്നും മിണ്ടാതിരിക്കുന്ന ജീവനോടായി ആനി ടീച്ചർ പറഞ്ഞു.

അത് ആന്റി…. ഞാൻ ഇനി എന്ത് പറയാൻ. എന്റെ കാര്യങ്ങൾ നിങ്ങൾക്കും നിങ്ങളുടെ കാര്യങ്ങൾ ഞങ്ങൾക്കും അറിയാവുന്നതല്ലേ….

അതൊക്കെ ശരിയാ… എന്നാലും മോൻ ആദ്യമായി അല്ലേ ഞങ്ങളുടെ മോളെ കാണുന്നത്. എന്നിട്ട് ഒന്നും ചോദിച്ചില്ലല്ലോ..

ഇപ്പൊ തന്നെ അവളുടെ പകുതി ജീവൻ പോയിരിക്കുവാ.. ഇനി നീ ഉള്ളതും കൂടി കളയല്ലേ ആനി ടീച്ചറെ… ചിരിച്ചു കൊണ്ടു ജേക്കബ് ഇച്ചായൻ പറഞ്ഞു…

എടാ.. എന്നാ ഞങ്ങൾ അങ്ങ് ഇറങ്ങുവാ.. ഇനി മറ്റൊരു ദിവസം വിശദമായി വരാമെന്നു പറഞ്ഞു ജോർജേട്ടൻ ഇരുന്നിടത്തു നിന്നു എഴുന്നേറ്റു..

എന്നാ അങ്ങനെ ആകട്ടെടാ… എന്തായാലും ഇവിടെ വരെ വരാൻ നിനക്ക് തോന്നിയല്ലോ..സന്തോഷം….

നമ്മൾ ഇനി ബന്ധുക്കാരാകാൻ പോകുവല്ലേടാ.. ഇനി എപ്പോ വേണമെങ്കിലും ഞങ്ങൾക്ക് ഇങ്ങോട്ടും നിങ്ങൾക്ക് അങ്ങോട്ടും വരാമല്ലോ…

എന്നാ മോളെ ഞങ്ങൾ ഇറങ്ങുവാണെന്ന് പറഞ്ഞു ജീവന്റെ മമ്മിയും ബന്ധുക്കാരും അനുവിനോട് യാത്ര പറഞ്ഞു.

ജീവൻ നടന്നു അനുവിന്റെ അടുത്തേക്ക് ചെന്നു…

അപ്പൊ ശരി അനു…. ഇനിയും കാണാം..

മ്മ്.. ശരി.. കൂടുതൽ ഒന്നും അനു പറയാൻ നിന്നില്ല. അവർ എങ്ങനെ എങ്കിലും പോയാൽ മതിയെന്നായിരുന്നു അനുവിന്…

യാത്ര പറഞ്ഞു അവർ പോയ ഉടനെ അനു വേഗം റൂമിൽ കയറി വാതിലടച്ചു.

ദൈവമേ…. പ്രതീക്ഷകൾ എല്ലാം തകരുവാണല്ലോ…ജോമോനെ എനിക്ക് വിധിച്ചിട്ടില്ലേ… അനു സ്വയം ഒരു നിമിഷം ചിന്തിച്ചു..

ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല അനുവിന്… ഉടൻ തന്നെ ജോമോന്റെ ഫോണിലേക്ക് അനു വിളിച്ചു…

എന്താ…. ഇപ്പോഴല്ലേ കണ്ടിട്ട് പോയത്…ഫോൺ എടുത്ത വഴി തന്നെ ജോമോൻ ചോദിച്ചു.

ഓരോ പ്രശ്നങ്ങൾ ഒന്നിനു പുറകെ ഒന്നായി വന്നു കൊണ്ടിരിക്കുമ്പോൾ വിളിക്കാതിരിക്കാൻ പറ്റോ…

ഇത്ര പെട്ടെന്ന് പുതിയ പ്രശ്നം ആയോ.. അത്ഭുതത്തോടെ ജോമോൻ ചോദിച്ചു..

അത് കൊണ്ടല്ലേ ഞാൻ ഇപ്പൊ വിളിച്ചത്…

എന്താടോ… എന്ത് പറ്റി… എന്താ പുതിയ പ്രശ്നം…

എനിക്കിപ്പോ തന്നെ ചേട്ടനെ കണ്ടേ പറ്റു..

ഞാൻ ജോലിയിൽ കയറിയതെ ഉള്ളു.ഇന്നിനി കാണാൻ പറ്റില്ല..

ഓഹോ… ഇന്ന് കണ്ടില്ലെങ്കിൽ പിന്നെ ഒരിക്കലും കാണാൻ പറ്റി എന്ന് വരില്ല…

താൻ ടെൻഷൻ അടിപ്പിക്കാതെ കാര്യം എന്താണെന്നു വെച്ചാൽ ഫോണിലൂടെ പറ.

അത് പറ്റില്ല. നേരിട്ട് തന്നെ പറയണം. ഇവിടെ വെച്ചു സംസാരിച്ചാൽ എപ്പോഴാ പപ്പയും മമ്മിയും റൂമിലേക്ക്‌ കയറി വരുന്നതെന്ന് പറയാൻ പറ്റില്ല.

എന്നാ താൻ ഒരു കാര്യം ചെയ്യ്. നേരെ ഞാൻ ജോലി ചെയ്യുന്ന കോഫി ഷോപ്പിൽ വാ.നമുക്കിവിടെ വെച്ചു സംസാരിക്കാം.

ഓക്കേ…ഞാൻ ഒരു അര മണിക്കൂറിൽ എത്താമെന്ന് പറഞ്ഞു അനു വേഗം ഫോൺ കട്ട്‌ ചെയ്തു..

ശരണ്യയുടെ വീട്ടിൽ പോകുവാണെന്നു പപ്പയോടും മമ്മിയോടും പറയാമെന്നു കരുതി അനു അവരെ കാണാൻ ഹാളിലേക്ക് ചെന്നു.

ഹാളിൽ പപ്പയും മമ്മിയും തന്റെ കാര്യം ആണ് സംസാരിക്കുന്നതെന്ന് മനസ്സിലാക്കിയ അനു ഒരു നിമിഷം അവരുടെ സംഭാഷണം ശ്രദ്ധിച്ചു….

ആ പയ്യൻ ആള് മിടുക്കൻ ആണല്ലേ ആനി ടീച്ചറെ..

കൊള്ളാം.. കാണാൻ ഒക്കെ നല്ല ഭംഗി ഉണ്ട്. പക്ഷെ അനുവിന്റെ മുഖം കണ്ടിട്ട് അവൾക്കു ഈ കല്യാണത്തിന് താല്പര്യം ഇല്ലാത്തതു പോലെ തോന്നി…

അത് താല്പര്യം ഇല്ലാത്തതു കൊണ്ടല്ലെടി. പെട്ടെന്ന് അവരെ എല്ലാവരെയും കണ്ടതിന്റെ ടെൻഷൻ ആ..

എന്തായാലും അവൾക്കെന്തോ വിഷമം ഉണ്ട്. ഇനി അവൾക്കു വെല്ല പ്രേമവും ഉണ്ടോന്നാ എന്റെ സംശയം ഇച്ചായാ….

അത് കേട്ട് ജേക്കബ് ഇച്ചായൻ പൊട്ടി ചിരിച്ചു.

ഹ ഹ ഹ.. അവളെ…. എന്റെ മോൾ ആ. അവൾക്കു അങ്ങനെ ഒന്നും തന്നെ ഉണ്ടാവില്ല. ഇനി നീ ചുമ്മാ ആവശ്യം ഇല്ലാത്തതു ചിന്തിച്ചു കൂട്ടണ്ട.

ഹോ… എനിക്കൊരു സംശയം പറയാനും പാടില്ലേ…

നീ വാ തുറക്കുന്നത് മണ്ടത്തരം പറയാൻ ആണല്ലോ… സത്യം പറ.. നീ പഠിപ്പിക്കുന്ന പിള്ളേര് വെല്ലോം രക്ഷപെട്ടിട്ടുണ്ടോ… ജേക്കബ് ഇച്ചായൻ ചിരിച്ചു കൊണ്ടു പറഞ്ഞു.

ദേ… മനുഷ്യ… ചുമ്മാ എന്റെ വായിലിരിക്കുന്നത് കേൾക്കരുത്.

അപ്പോഴേക്കും അനു വേഗം അവരുടെ അടുത്തേക്ക് ചെന്നു..

പപ്പാ… ഞാൻ ശരണ്യയുടെ വീട് വരെ പോയിട്ട് വരാം..

നീ രാവിലെ അല്ലേ ആരെയോ കാണാൻ പോയിട്ട് വന്നത്.. അൽപ്പം ദേഷ്യത്തോടെ ആനി ടീച്ചർ ചോദിച്ചു.

പോയിട്ട് കാണാൻ പറ്റിയില്ല മമ്മി. അതാ നേരത്തെ ഇങ്ങോട്ട് പോന്നത്.

എന്നാ മോള് വേഗം പോയിട്ട് വാ. പപ്പാ കൊണ്ടു വിടണോ..

വേണ്ടാ പപ്പാ. ഞാൻ പൊയ്ക്കോളാം…

മോളെ… പിന്നെ വേറൊരു കാര്യം… കല്യാണം ഒക്കെ വരികയാ… ഇനി കുറച്ചു കറക്കം ഒക്കെ കുറയ്ക്കണം.

മ്മ്. ശരി പപ്പാ… ഞാൻ വേഗം പോയിട്ട് വരാമെന്നു പറഞ്ഞു അനു വേഗം അവിടെ നിന്നും ഇറങ്ങി.

ഓട്ടോ പിടിച്ചു ജോമോൻ ജോലി ചെയ്യുന്ന ഷോപ്പിനു മുന്നിൽ അനു ചെന്നിറങ്ങി. അനുവിന്റെ വരവും നോക്കി ജോമോൻ പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു.

എന്താ അനു… എന്താ പ്രശ്നം..

അത്… ഞാൻ പറഞ്ഞില്ലേ എനിക്കൊരു കല്യാണാലോചന വന്നിരുന്നെന്നു. അവർ ഇന്ന് വീട്ടിൽ വന്നിരുന്നു.

വീട്ടിലോ…?? പെണ്ണ് കാണാൻ വന്നതാണോ..

അത് വഴി പോയപ്പോൾ കയറിയതാണെന്നാ പറഞ്ഞത്. ചുരുക്കി പറഞ്ഞാൽ ഒരു പെണ്ണ് കാണൽ തന്നെ.

താൻ നമ്മുടെ കാര്യം പപ്പയോടു പറയണം എന്ന് പറഞ്ഞിട്ട് പറഞ്ഞില്ലേ അപ്പൊ.

പറയാനായിട്ട് ഒരു അവസരം കിട്ടണ്ടേ. വീട്ടിൽ ചെന്ന് കയറിയപ്പോൾ ആദ്യം കാണുന്നത് അവരെയൊക്കെയാ.. എനിക്കാണേൽ ആലോചിച്ചിട്ട് ഒരു വഴിയും കിട്ടുന്നില്ല.. പ്രാന്ത് പിടിക്കാറായി…

ഇനി ഒരു വഴിയേ ഉള്ളു…

അതെന്താ….. അമ്പരപ്പോടെ അനു ജോമോന്റെ മുഖത്തേക്ക് നോക്കി കൊണ്ടിരുന്നു.. ജോമോന്റെ മറുപടിയും പ്രതീക്ഷിച്ചു…..

കുറച്ചു നേരം ജോമോൻ മിണ്ടാതെ തന്നെ നിന്നു…

ചേട്ടൻ എന്താ മിണ്ടാത്തത്. എന്താ വഴി എന്ന് പറ..

അത് അനു….. അത് പിന്നെ….

എന്തായാലും പറ…….

ഏതായാലും നമുക്കൊരുമിക്കാൻ പറ്റുമെന്നു തോന്നുന്നില്ല. അതിലും നല്ലതല്ലേ നമ്മുടെ ഇഷ്ടം സ്വയം വേണ്ടെന്നു വെക്കുന്നത്…

അപ്പോഴേക്കും അനുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….

ഞാൻ സങ്കടപ്പെടാൻ വേണ്ടി പറഞ്ഞതല്ല അനു. ഞാൻ ആലോചിച്ചിട്ട് ഈ ഒരു വഴി മാത്രമേ കണ്ടുള്ളു..

ഇങ്ങനെ പകുതിക്കു വെച്ചു പിരിയാൻ വേണ്ടി ആണോ നമ്മൾ പരസ്പരം സ്നേഹിച്ചത്.

അല്ല. ഞാൻ പിന്നെ എന്ത് ചെയ്യണം. എന്റെ ഈ അവസ്ഥയിൽ ഞാൻ തന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിച്ചാൽ അവർ അത് സമ്മതിക്കില്ലെന്ന് നൂറു ശതമാനം ഉറപ്പാ…

അക്കാര്യം എനിക്കും അറിയാം ചേട്ടാ….

ഞാൻ പിന്നെ വേറെ എന്ത് ചെയ്യാനാ.. താൻ തന്നെ ഇനി ഒരു വഴി കണ്ടു പിടിക്ക്…

എന്റെ മനസ്സിൽ ഒരു ഐഡിയ തോന്നുന്നുണ്ട്.

എന്താ അത്….

സാധാരണ ഭൂരിഭാഗം കാമുകി കാമുകന്മാർ ചെയ്യുന്നത് പോലെ രജിസ്റ്റർ മാര്യേജ് ചെയ്യണം…

രജിസ്റ്റർ മാര്യേജ് ചെയ്യാനോ?? അമ്പരപ്പോടെ ജോമോൻ അനുവിനെ നോക്കി..

ഹാ അതെ.. ചേട്ടൻ എന്താ പേടി ആകുന്നുണ്ടോ….

ദേ… അനു ചുമ്മാ കളിക്കാൻ നിക്കരുത്. ഇത് ജീവിതം ആണ്.

നമുക്കിനി ഒരുമിച്ചു ജീവിക്കണം എങ്കിൽ ഇതേ ഉള്ളു ഒരു വഴി…

താൻ നടക്കുന്ന കാര്യം വല്ലതും പറ.. രജിസ്റ്റർ മാര്യേജ് എനിക്ക് താല്പര്യം ഇല്ല….

ഓഹോ..എങ്കിൽ ചേട്ടൻ പറഞ്ഞത് പോലെ നമുക്ക് പിരിയാം. പക്ഷെ ഒരു കാര്യത്തിൽ ചേട്ടൻ എനിക്കൊരു ഉറപ്പ് തരണം..

എന്താ അത്…

നമ്മൾ തമ്മിൽ പിരിഞ്ഞാലും ചേട്ടൻ സന്തോഷം ആയിരിക്കും എന്ന്. എന്നെ മറന്നു മറ്റൊരു പെണ്ണിനെ താലി കെട്ടി ചേട്ടൻ സുഖമായി ജീവിക്കുമെന്ന്.

അത് കേട്ടതും ജോമോൻ സാവധാനം തല താഴ്ത്തി കളഞ്ഞു.

എന്തിനാ തല കുനിച്ചത്. അക്കാര്യത്തിൽ ഒരു വാക്ക് തരാൻ പറ്റുമോ ചേട്ടന് …

അത്…. അനു….

ചേട്ടന് അത് ഒരിക്കലും പറ്റില്ലെന്ന് എനിക്കറിയാം. അതാ പറഞ്ഞത് രജിസ്റ്റർ മാര്യേജ് ചെയ്യാം എന്ന്…

പക്ഷെ അങ്ങനെ ചെയ്താൽ അത് കൂടുതൽ പ്രശ്നത്തിന് വഴി തെളിക്കും അനു. നമ്മുടെ ബന്ധം ഒരിക്കലും തന്റെ വീട്ടുകാർ അംഗീകരിച്ചു തരില്ല. ഒരിക്കൽ പോലും നിന്റെ പപ്പയെയും മമ്മിയെയും കാണാൻ പറ്റി എന്ന് പോലും വരില്ല..

മാര്യേജ് കഴിഞ്ഞാൽ നമ്മുടെ ബന്ധം പപ്പയും മമ്മിയും അംഗീകരിക്കും. അതോർത്തു ചേട്ടൻ ടെൻഷൻ ആകണ്ട..

അതെങ്ങനെ തനിക്കറിയാം..

എന്റെ പപ്പയുടെയും മമ്മിയുടെയും രജിസ്റ്റർ മാര്യേജ് ആയിരുന്നു.. മാര്യേജ് കഴിഞ്ഞു 25 വർഷം ആയിട്ട് പോലും എന്റെ മമ്മിയുടെ ഒരെ ഒരു ആങ്ങള ആയ കോശിച്ചായൻ ഇത് വരെയും അന്വേഷിച്ചു വന്നിട്ടില്ല. അക്കാര്യം മമ്മി എപ്പോഴും പറയും. മമ്മിക്ക് നല്ല വിഷമവും ഉണ്ട് അതിൽ. അത് കൊണ്ടു എന്റെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞാൽ പോലും അവർക്ക് ഇങ്ങനെ ഒരു അനുഭവം ഉള്ളത് കൊണ്ടു തീർച്ചയായും അവർ എന്നെ അന്വേഷിച്ചു വരികയും ചെയ്യും നമ്മുടെ ബന്ധം അംഗീകരിക്കുകയും ചെയ്യും. പിന്നെ സ്നേഹ ബന്ധത്തിന്റെ കാര്യങ്ങൾ അവർക്ക് തന്നെ നന്നായി അറിയാവുന്നതും ആണല്ലോ.

നമ്മുടെ കാര്യത്തിൽ അവർ സമ്മതിക്കും എങ്കിൽ നമ്മുടെ ബന്ധത്തെ പറ്റി അവരോടു തുറന്നു പറഞ്ഞാൽ പോരെ അനു..വെറുതെ ഒളിച്ചോടണ്ടല്ലോ….

അത് റിസ്ക് ആണ് ചേട്ടാ ഇനി. പ്രേതെകിച്ചു എനിക്ക് മറ്റൊരു ആലോചന വന്ന സ്ഥിതിക്ക്. ഞാൻ ഇനി നമ്മുടെ ബന്ധത്തെ പറ്റി അവരോടു പറഞ്ഞാൽ തന്നെ അവർക്ക് അതിനു സമ്മതം അല്ലെങ്കിൽ ഇന്നത്തോടെ എല്ലാം തീരും. പിന്നെ നമുക്ക് ഇനി ഒരിക്കൽ പോലും നേരിട്ട് കാണാൻ പറ്റി എന്ന് വരില്ല..ഒന്ന് ഫോൺ കൂടി ചെയ്യാൻ പറ്റി എന്ന് വരില്ല.

ഞാൻ ആലോചിക്കുന്നത് എന്റെ അമ്മയുടെ കാര്യം ആണ്.പെട്ടെന്ന് ഒരു ദിവസം തന്നെ കെട്ടി വീട്ടിലേക്കു ചെന്നാൽ അമ്മ എന്ത് കരുതുമോ ആവോ..

ചേട്ടന്റെ അമ്മ ആളൊരു പാവം അല്ലേ. മാത്രവുമല്ല അമ്മയ്ക്ക് എന്നെ ഭയങ്കര ഇഷ്ട്ടവുമാ..

ഓഹോ… ഇതിനിടയിൽ അമ്മയെ വളച്ചു വശത്താക്കിയല്ലേ…

എനിക്കറിയായിരുന്നു ചേട്ടൻ എന്നെ തന്നെ കെട്ടുമെന്ന്. അത് കൊണ്ടു അമ്മായി അമ്മ പോര് ഒഴിവാക്കാൻ വേണ്ടി ആദ്യം തന്നെ അമ്മയെ സോപ്പിട്ടു വീഴ്ത്തി.

താൻ എത്ര സില്ലി ആയിട്ടാ സംസാരിക്കുന്നത്. തനിക്കു ഒരു പേടിയും തോന്നുന്നില്ലേ അനു…

പിന്നെ ഇല്ലാതെ… ഇത്രയും നാൾ പപ്പയ്ക്കും മമ്മിക്കും വേണ്ടി ആ ഞാൻ ജീവിച്ചത്. അവരെ വിഷമിപ്പിക്കേണ്ടി വരുമെന്ന് ഓർക്കുമ്പോൾ എന്റെ ചങ്ക് തകരുവാ..

എന്നാ എന്നെ മറന്നു അവർ പറയുന്ന ആളെ അങ്ങ് കെട്ടിയാൽ പോരെ…

ദേ… എന്നെ കൊണ്ടു വെറുതെ അതും ഇതും പറയിപ്പിക്കരുത്….

അല്ല അനു. ഒരു കാര്യം ചോദിക്കാൻ മറന്നു…

എന്താ.????

താൻ മമ്മിയുടെ ചേട്ടന്റെ കാര്യം പറഞ്ഞില്ലേ..കോശിച്ചായനെ പറ്റി. അദ്ദേഹം എന്താ നിങ്ങളെ തിരക്കി ഇത്രയും കൊല്ലം ആയിട്ട് വരാത്തത്..

ആവോ അതൊന്നും എനിക്കറിയില്ല. മമ്മിയോടുള്ള ദേഷ്യം കൊണ്ടാകും ചിലപ്പോൾ. കാരണം അത്ര ബുദ്ധിമുട്ടി ആ കോശിച്ചായൻ മമ്മിയെ വളർത്തിയത്..

എങ്കിൽ പിന്നെ നിങ്ങൾക്ക് കോശിച്ചായനെ കാണാൻ പൊയ്ക്കൂടേ…

അതിനു പപ്പാ സമ്മതിക്കില്ല. ഞങ്ങൾ അങ്ങോട്ട്‌ പോയാൽ കോശിച്ചായൻ എങ്ങനെ പ്രതികരിക്കും എന്ന് പോലും പറയാൻ പറ്റില്ല. അത്രയ്ക്കുണ്ടാകും മമ്മിയോടുള്ള ദേഷ്യം.

എന്നിട്ട് അദ്ദേഹം ഇപ്പൊ എന്ത് ചെയ്യുന്നു..

വക്കീൽ ആണെന്ന് മാത്രമേ എനിക്കറിയൂ.കൂടുതൽ ഒന്നും അറിയില്ല എനിക്ക്.

ഇനി നമ്മൾ കല്യാണം കഴിച്ചാൽ തന്റെ പപ്പയും മമ്മിയും അന്വേഷിച്ചു വന്നില്ലെങ്കിലോ…

വരും ചേട്ടാ… ഞാൻ എന്നാൽ അവർക്ക് ജീവനാണ്. അത് കൊണ്ടു തീർച്ചയായും വരും..

തന്റെ വിശ്വാസം തന്നെ രക്ഷിക്കട്ടെ. എന്നിട്ട് എന്ന് മാര്യേജ് ചെയ്യാനാ തന്റെ പ്ലാൻ.

അധികം നീട്ടിക്കൊണ്ട് പോകരുത്. കാരണം വൈകുന്ന ഓരോ നിമിഷവും എന്റെ മറ്റേ കല്യാണത്തിനുള്ള സാധ്യത കൂടും. അത് കൊണ്ടു പറ്റിയാൽ തന്നെ നാളെ തന്നെ ചെയ്യണം..

നാളെ തന്നെയോ….

അതെ.. അല്ലെങ്കിൽ പ്രശ്നങ്ങൾ ഇനിയും വഷളാകും. അതാ ഞാൻ ഇത്ര ധൃതി പിടിക്കുന്നത്.

താൻ നല്ലത് പോലെ ആലോചിച്ചിട്ട് തന്നെ ആണോ ഇതൊക്കെ പറയുന്നത്.

അതെ ചേട്ടാ…. എനിക്ക് ചേട്ടൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല.

ഞാൻ ഇനി ഒന്നും പറയുന്നില്ല.തന്റെ ഇഷ്ടം പോലെ നടക്കട്ടെ.

പിന്നെ വേറൊരു കാര്യം. രജിസ്റ്റർ മാര്യേജ് നമുക്ക് കുറച്ചു ദൂരെ ഉള്ള ഏതെങ്കിലും രജിസ്റ്റർ ഓഫീസിൽ വെച്ചു ചെയ്താൽ മതി…

അതെന്തിനാ???

എന്റെ പപ്പയെ ഇവിടെ ഉള്ള ഭൂരിഭാഗം പേർക്കും അറിയാവുന്നതാ. പപ്പയെ പരിജയം ഉള്ള ആരെങ്കിലും ആ രജിസ്റ്റർ ഓഫീസിൽ ഉണ്ടെങ്കിൽ തീർന്നു നമ്മുടെ കാര്യം….

പിന്നെ എവിടെ വെച്ചു ചെയ്യാനാ തന്റെ പ്ലാൻ….

മൂന്നാറിൽ ഒരു രജിസ്റ്റർ ഓഫീസ് ഉണ്ട്. എന്റെ കൂട്ടുകാരിയുടെ പപ്പാ ആ അവിടുത്തെ ഓഫീസർ. ഞാൻ അവളെ വിളിച്ചു നമ്മുടെ കാര്യം പറയാം.

അപ്പൊ താൻ രണ്ടും കല്പിച്ചാണല്ലേ…

അതെ.. ഞാൻ വെളുപ്പിന് 3 മണി ആകുമ്പോൾ വീട്ടിൽ നിന്നും ഇറങ്ങും. ആ സമയത്തു പുറപ്പെട്ടാൽ ഏകദേശം 8 ആകുമ്പോൾ മൂന്നാർ എത്തും നമ്മൾ. പിന്നെ കാര്യങ്ങൾ എല്ലാം ഈസി ആ.

എടൊ അങ്ങനെ എളുപ്പം ഒന്നും രജിസ്റ്റർ മാര്യേജ് ചെയ്യാൻ ഒന്നും പറ്റില്ല. ഒരു മാസം വരെ എങ്കിലും നമ്മൾ വിവാഹം കഴിക്കാൻ പോകുന്ന കാര്യം അവരുടെ നോട്ടീസ് ബോർഡ്‌ ഇടണം..

അതോർത്തു ചേട്ടൻ ടെൻഷൻ ആകണ്ട. അവളുടെ പപ്പാ അതൊക്കെ റെഡി ആക്കിക്കോളും…

എനിക്കാണേൽ താൻ പറയുന്നത് തന്നെ കേട്ടിട്ട് പേടി ആകുന്നു. ദേ കണ്ടില്ലേ എന്റെ കൈയും കാലും വിറക്കുന്നത്.

അയ്യോ… ഇതെന്തൊരു പേടിതൊണ്ടൻ ആ കർത്താവെ.. ജീവിതത്തിൽ കുറച്ചു ധൈര്യം കാണിക്കു. എന്നാലേ പല കാര്യങ്ങളും നമുക്ക് നേടി എടുക്കാൻ പറ്റു.

ഓഹ്… ഇനി ഞാൻ ആയിട്ട് തന്റെ പ്രതീക്ഷകൾ ഇല്ലാതാക്കുന്നില്ല. രജിസ്റ്റർ മാര്യേജ് എങ്കിൽ രജിസ്റ്റർ മാര്യേജ്…. ഞാൻ കറക്റ്റ് 3 ആകുമ്പോൾ തന്റെ വീടിനു വെളിയിൽ ഉണ്ടാകും…

അഹ്.. എന്നാ ഞാൻ പോകുന്നു. ശരണ്യയോട് കൂടി ഇക്കാര്യം പറയണം.

അവളെ വിശ്വസിക്കാമോ അനു…

എന്നേക്കാൾ കൂടുതൽ വിശ്വസിക്കാം. ചേട്ടന്റെ ജോലി നടക്കട്ടെ. അപ്പൊ എല്ലാം പറഞ്ഞത് പോലെ…

മ്മ്. ശരി അനു….

ജോമോനോട് യാത്ര പറഞ്ഞു ഓട്ടോ പിടിച്ചു അനു ശരണ്യയുടെ വീട്ടിൽ ചെന്നിറങ്ങി. ശരണ്യ വീടിന്റെ സിറ്റ് ഔട്ടിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

എന്താടി പച്ച മാങ്ങ തിന്നുന്നത്…വിശേഷം വല്ലതും ആയോ… ചിരിച്ചു കൊണ്ടു അനു ചോദിച്ചു..

ഓഹ്..നീ ആയിരുന്നോ… ഇവിടുത്തെ മാവിൽ നിന്നു ഒരെണ്ണം പറിച്ചു തിന്നതാടി… രാജീവേട്ടന്റെ വീട്ടിൽ മാവ് പോയിട്ട് ഒരു മുളക് തൈ പോലും ഇല്ല…

ഹ ഹ… നീ തന്നെ അല്ലേ ആളെ പ്രേമിച്ചു വീഴ്ത്തിയത്. എന്നിട്ട് കുറ്റം പറയുന്നോ…

അല്ല. നീ എന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ..

ഒരു അത്യാവശ്യ കാര്യം പറയാൻ വന്നതാടി..

എന്താടി ജോമോൻ നിന്നെ തേച്ചോ??

ഓഹ്.. ആ കരിനാക്ക് വളച്ചു ഒന്നും പറയല്ലെടി. ഇത് അതൊന്നുമല്ല.

പിന്നെ വേറെന്താ..

ഞാനും ജോമോനും നാളെ രജിസ്റ്റർ മാര്യേജ് ചെയ്യാൻ പോകുന്നു.

രജിസ്റ്റർ മാര്യേജ് ഓ?? അമ്പരപ്പ് കൊണ്ടു ശരണ്യ വാ പൊളിച്ചപ്പോൾ വായിൽ നിന്നും മാങ്ങാ താഴേക്കു ചാടി..

അഹ്.. നീ ഇങ്ങനെ വാ പൊളിച്ചു മാങ്ങാ താഴെ കളയാതെ..

നീ ഇത് എന്താടി അനു കൊച്ചേ ഈ പറയുന്നത്..

വേറെ വഴി ഇല്ലെടി. ഇപ്പൊ ഇത് ചെയ്തില്ലെങ്കിൽ ജോമോനെ എന്നെന്നേക്കുമായി എനിക്ക് നഷ്ട്ടമാകും.

ദേ പെണ്ണേ….. ആലോചിച്ചിട്ട് എനിക്ക് ഇപ്പൊ തന്നെ തല കറങ്ങുന്നു. നിന്റെ പപ്പയും മമ്മിയും കൂടി എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കുമോ ആവോ..

അക്കാര്യം ഓർത്തു നീ പേടിക്കേണ്ട. അവർ ഒന്നും ചെയ്യില്ല…

എന്നാലും ഇത് വേണോ അനു…

വേണം.. നീ എന്നെ പിന്തിരിപ്പിക്കാൻ ശ്രമിക്കരുത്. ജോമോൻ ഇല്ലാതെ എനിക്കിനി ജീവിക്കാൻ പറ്റില്ല..

കുറച്ചു നേരം ശരണ്യ ഒന്നും മിണ്ടാതെ ഇരുന്നു. കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം ശരണ്യ പറഞ്ഞു…

ഇത് നിന്റെ ജീവിതം ആണ്. തീരുമാനം എടുക്കേണ്ടത് നീയും. നിന്റെ ആഗ്രഹം പോലെ നടക്കട്ടെ..

ടാ.. ഞാൻ വെളുപ്പിന് ഇവിടെ നിന്നും ഇറങ്ങും. മൂന്നാർ വെച്ചിട്ടാ രജിസ്റ്റർ ചെയ്യുന്നത്. ബാക്കി ഒക്കെ ഞാൻ പിന്നെ പറയാം. വീട്ടിലേക്കു ചെല്ലട്ടെ.സമയം ഒരുപാടായി..

മ്മ്. അനു നീ സൂക്ഷിക്കണം. എനിക്കെന്തോ ആപത്തു വരുന്നത് പോലെ തോന്നുന്നു..

നീ ഇനി എന്നെ കൂടി പേടിപ്പിക്കല്ലേ കൊച്ചേ. ഞങ്ങൾക്ക് ഒന്നും പറ്റില്ലെടി. ഇനി അപ്പൊ കല്യാണം കഴിഞ്ഞിട്ട് കാണാം..

ശരി ടി..ബൈ….

ശരണ്യയുടെ വീട്ടിൽ നിന്നും അനു വേഗം വീട്ടിൽ തിരിച്ചെത്തി. അത്താഴം ഒക്കെ കഴിച്ചു നേരത്തെ തന്നെ ഉറങ്ങാൻ കിടന്നു അനു. സമയം പോകും തോറും ടെൻഷൻ കൂടി വന്നു അനുവിന്. ഒടുവിൽ അലാറം അടിക്കുന്നത് കേട്ടു അനു എഴുന്നേറ്റു..

അത്യാവശ്യം വേണ്ടാ ഡ്രസ്സ്‌ ഒക്കെ പായ്ക്ക് ചെയ്തു പപ്പയുടെയും മമ്മിയുടെയും റൂമിൽ ചെന്നു ഉറങ്ങി കിടക്കുന്ന അവരുടെ കാല് തൊട്ടു അനുഗ്രഹം മേടിച്ചു അനു. ജോമോന്റെ കൂടെ പോകുന്ന ഒരു കുറിപ്പ് മേശപ്പുറത്തും വെച്ചു..

അവരുടെ റൂമിൽ നിന്നും ഇറങ്ങി മുൻവശത്തെ വാതിൽ തുറക്കുന്നതിനായി ഹാളിലേക്ക് പെട്ടെന്ന് നടന്ന അനുവിന്റെ ബാഗിൽ പിന്നിൽ നിന്നു ആരോ പിടിച്ചു വലിച്ചു. അനു പേടിച്ചു വിറച്ചു കൊണ്ടു പതിയെ പുറകിലേക്ക് തിരിഞ്ഞു.

പേടിയോടെ അനു പതിയെ തല പുറകിലേക്ക് തിരിച്ചു. ഇന്നത്തോടെ തന്റെ സ്വപ്‌നങ്ങൾ അവസാനിച്ചെന്ന് കരുതി തിരിഞ്ഞു നോക്കിയ അനുവിന് പെട്ടെന്നാണ് ശ്വാസം നേരെ വീണത്…

ബാഗിന്റെ വള്ളി ഹാളിൽ കിടക്കുന്ന കസ്സേരയിൽ കുടുങ്ങിയതായിരുന്നു. ഒരു നിമിഷം തന്റെ ജീവൻ തിരിച്ചു കിട്ടിയത് പോലെ അനുവിന് തോന്നി…..

വേഗം തന്നെ ബാഗിന്റെ വള്ളി കസ്സേരയിൽ നിന്നും മാറ്റിയിട്ട് അനു സാവധാനം മുൻവശത്തെ വാതിൽ തുറന്നു പുറത്തിറങ്ങി…

പ്രതീക്ഷിച്ചത് പോലെ തന്നെ ജോമോൻ കാറുമായി പുറത്തു തന്നെ നിക്കുന്നുണ്ടായിരുന്നു….

അനുവിന്റെ മുഖം കണ്ടിട്ട് നല്ല ടെൻഷൻ ഉള്ളത് പോലെ തോന്നുന്നല്ലോ…

പിന്നെ ഇല്ലാതിരിക്കുമോ… ഇവിടെ നിന്നു സംസാരിക്കുന്നത് അത്ര പന്തി അല്ല ചേട്ടാ. ആരെങ്കിലും കണ്ടാൽ തീർന്നു…

താൻ വേഗം കാറിൽ കയറു…..

അനു ഉടൻ തന്നെ ഡോർ തുറന്നു കാറിൽ കയറി. ജോമോൻ പെട്ടെന്ന് തന്നെ കാർ സ്റ്റാർട്ട്‌ ചെയ്തു ഓടിച്ചു പോയി…..

**********

പിറ്റേന്ന് ജേക്കബ് ഇച്ചായന്റെ വീട് മരണ വീടിനു തുല്യം ആയിരുന്നു. അനുവിന്റെ കത്ത് അവർക്ക് കിട്ടിയിരുന്നു. അത് വായിച്ചത് മുതൽ ആനി ടീച്ചർ കരച്ചിലാണ്….

ഇച്ചായാ… എനിക്ക് അവളെ കാണണം…

നീ ഇങ്ങനെ കരയാതിരിക്ക് ആനി.. നമുക്ക് എന്തെങ്കിലും ഒരു വഴി ഉണ്ടാക്കാം…

എന്നാലും… അവൾക്കു നമ്മളോടിത് ചെയ്യാൻ തോന്നിയല്ലോ ഇച്ചായാ….

ഒന്നേ ഉള്ളെന്ന് കരുതി ലാളിച്ചു വളർത്തിയതിന്റെ ആടി… അപ്പോഴേക്കും ജേക്കബ് ഇച്ചായന്റെ കണ്ണുകളും നിറഞ്ഞിരുന്നു…

ആനി ടീച്ചർ കരച്ചിൽ നിർത്തി സാവധാനം ജേക്കബ് ഇച്ചായന്റെ അടുത്ത് ചെന്നിരുന്നു…

നമുക്ക് അവളെ അന്വേഷിക്കണ്ടേ ഇച്ചായാ..

ഞാൻ എവിടെ പോയി അന്വേഷിക്കാൻ ആ. അവളുടെ കൂട്ടുകാരി ശരണ്യ പറഞ്ഞത് നീയും കേട്ടതല്ലേ.അനുവിന് അങ്ങനെ ഒരു പയ്യനോട് ഇഷ്ടം ഉള്ള കാര്യം അവൾക്കു അറിയില്ല എന്ന്….

എന്നാലും…. എന്റെ മോൾക്ക്‌ ഒന്നും പറ്റാതിരുന്നാൽ മതിയായിരുന്നു….

നീ ഒന്ന് സമാധാനം ആയിരിക്കെടി.അവർ കല്യാണം കഴിഞ്ഞാൽ നേരെ ഇങ്ങോട്ട് ആയിരിക്കും വരുന്നത്…

എന്നാൽ ഞാൻ അവളെ ഈ വീട്ടിൽ കയറ്റത്തില്ല….

എത്ര നാൾ നീ മോളോട് ഇങ്ങനെ ദേഷ്യം കാണിക്കും. നിനക്ക് തന്നെ ഒരു അനുഭവം ഇല്ലേ ആനി. ഇത്രേം വർഷം കഴിഞ്ഞിട്ടും കോശിച്ചായൻ തിരക്കി വരാത്തതിന്റെ വിഷമം നീ ഇപ്പോഴും എന്നോട് പറയാറില്ലേ. നമ്മൾ പണ്ട് കുറേ അലഞ്ഞത് പോലെ നമ്മുടെ മോളെയും കണ്ട വഴി ഒക്കെ അലയാൻ വിടണം എന്നാണോ നീ പറയുന്നത്….

ഇച്ചായൻ അവൾ ചെയ്ത തെറ്റിനെ ന്യായീകരിക്കുവാണോ….

അല്ല ആനി. നമ്മളും പണ്ട് ഒന്നാകാൻ വേണ്ടി ഇത് പോലൊരു എടുത്തു ചാട്ടം നടത്തിയത് നീ ഓർത്തു നോക്ക്. ഇപ്പൊ നമ്മുടെ മോളും അതെ ചെയ്തിട്ടുള്ളു.

മറുപടി പറയാതെ ആനി ടീച്ചർ ഇരുന്നു കരഞ്ഞു. സാവധാനം ജേക്കബ് ഇച്ചായൻ ആനി ടീച്ചറിന്റെ മുഖം തന്റെ മാറിലേക്ക് വെച്ചു….

ക്ഷമിക്ക് ആനി..നമ്മുടെ മോളല്ലേ. അവൾക്കൊരു തെറ്റ് പറ്റിയതാകും. അത് ക്ഷെമിച്ചു അവൾക്കു മാപ്പ് കൊടുക്കേണ്ടത് നമ്മൾ അല്ലേ…

പെട്ടെന്നാണ് ജേക്കബ് ഇച്ചായന്റെ ഫോൺ റിംഗ് ചെയ്തത്. നോക്കിയപ്പോൾ പരിജയം ഇല്ലാത്ത നമ്പർ ആയിരുന്നു.

ഹലോ…

ഹലോ.. ജേക്കബ് സാർ അല്ലേ..

അതെ.. ആരാ…

സാർ ഞാൻ കാനറാ ബാങ്ക് മാനേജർ ഗിരി ആണ്. സർ എന്നെ ഓർക്കുന്നില്ലേ. കുറച്ചു ദിവസം മുൻപ് ഞാൻ സാറിനു ഒരു ലോൺ പാസ്സാക്കി തന്നിരുന്നു…

ഓഹ്.. ഗിരിധർ അല്ലേ.. ഇപ്പൊ ആളെ മനസ്സിലായി..എന്താ വിശേഷിച്ചു…

സാറിനോട് ഒരു കാര്യം പറയാൻ വേണ്ടി വിളിച്ചതാ…

എന്താടോ.. പറഞ്ഞോ…

സാറിന്റെ മോളും ആ പയ്യനും എന്റെ വീട്ടിൽ ഉണ്ട്…

എന്ത്…. തന്റെ വീട്ടിലോ.. ഇരുന്നിടത്തു നിന്ന് ചാടി എഴുന്നേറ്റു ജേക്കബ് ഇച്ചായൻ…

സാർ ടെൻഷൻ ആകണ്ട.. അവരുടെ കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല. സാറും മാഡവും കൂടി ഒന്നിവിടെ വരെ വന്നാൽ കൊള്ളായിരുന്നു..

ഞാൻ ഇപ്പൊ തന്നെ വരാമെന്നു പറഞ്ഞു ജേക്കബ് ഇച്ചായൻ ഫോൺ കട്ട്‌ ചെയ്തു…

അരമണിക്കൂർ കൊണ്ടു അവർ ഗിരിയുടെ വീട്ടിൽ എത്തി. അവരുടെ വരവും പ്രതീക്ഷിച്ചു ഗിരി പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു…

എവിടെ.. എവിടെടോ എന്റെ മോള്…

അവർക്ക് ഒരു കുഴപ്പവും ഇല്ല.അവർ ദേ ഹാളിൽ ഇരിപ്പുണ്ട്…

ഹാളിലേക്ക് കയറി ചെന്ന അവർ അവിടെ ഇരുന്നു കരയുന്ന അനുവിനെ കണ്ടു.. പപ്പയെ കണ്ട അനു വേഗം ജേക്കബ് ഇച്ചായന്റെ അടുത്തേക്ക് ചെന്നു കെട്ടിപിടിച്ചു കരഞ്ഞു…..

അഹ്…. പോട്ടെ മോളെ കരയണ്ട…

എന്നോട് ക്ഷമിക്ക് പപ്പാ.. അനുമോൾക്ക് ഒരു തെറ്റ് പറ്റിയതാ….

അത് പപ്പയ്ക്ക് മനസ്സിലായി..മോള് കരയാതിരിക്ക്…

ജേക്കബ് ഇച്ചായൻ അനുവിനെ ഒരു കസേരയിൽ കൊണ്ടു ഇരുത്തി. എന്നിട്ട് ജോമോന്റെ അടുത്തേക്ക് ചെന്നു..

ജോമോൻ അല്ലേ..

മ്മ്. അതെ.. വിറച്ചു കൊണ്ടു ജോമോൻ മറുപടി പറഞ്ഞു…

ജോമോനും ഗിരിയും തമ്മിൽ എങ്ങനെ ആ പരിജയം…

അതിനുള്ള മറുപടി പറഞ്ഞത് ഗിരി ആയിരുന്നു…

ഞാനും ജോമോനും തമ്മിൽ പരിജയം ഇല്ല.അവരെ ഇങ്ങോട്ട് കൊണ്ടു വന്നത് വേറെ ഒരാളാണ്…

അതാരാ.. ജേക്കബ് ഇച്ചായൻ അമ്പരപ്പോടെ ചോദിച്ചു..

അതിനുള്ള മറുപടി പറയാൻ നിക്കാതെ ഗിരി സൈഡിൽ കാണുന്ന റൂമിലേക്ക്‌ നോക്കി. ഉടനെ തന്നെ ആ റൂമിൽ നിന്നും ഒരു മനുഷ്യൻ ഇറങ്ങി വന്നു. അയാളെ കണ്ടതും ആനി ടീച്ചർ വിറയാർന്ന ശബ്ദത്തോടെ പറഞ്ഞു..

“കോശിച്ചായൻ”

പെട്ടെന്ന് കോശിച്ചായനെ കണ്ടതോടെ ജേക്കബ് ഇച്ചായനും ഞെട്ടിയിരുന്നു. കോശിച്ചായൻ നടന്നു അവരുടെ മുൻപിൽ വന്നു നിന്നു…

അച്ചായാ… വിതുമ്പി കൊണ്ടു ആനി ടീച്ചർ വിളിച്ചു…

അതെ കോശിച്ചായൻ തന്നെ. അപ്പൊ എന്നെ എന്റെ പുന്നാര പെങ്ങൾ മറന്നിട്ടില്ലല്ലേ…

അച്ചായാ.. അത്.. ഞാൻ… വാക്കുകൾ കിട്ടാനാകാതെ ആനി ടീച്ചർ കരഞ്ഞു..

താൻ എന്താടോ ജേക്കബേ.. എന്നെ കണ്ടിട്ട് അന്തം വിട്ട് നിക്കുന്നത്..

മറുപടി പറയാതെ ജേക്കബ് ഇച്ചായൻ കോശിച്ചായന്റെ മുഖത്തേക്ക് തന്നെ നോക്കി..

ഓഹ്. ഞാനും ജോമോനും തമ്മിൽ എങ്ങനെ ആ പരിജയം എന്നല്ലേ താൻ ഇപ്പൊ ആലോചിക്കുന്നത് ജേക്കബേ..

മ്മ്.. അതെ അച്ചായാ…

എല്ലാത്തിനും ഉള്ള മറുപടി ഞാൻ പറയാം. അതിനു മുൻപ് എനിക്ക് എന്റെ പെങ്ങളോട് കുറച്ചു സംസാരിക്കാൻ ഉണ്ട്..

സ്വന്തം മോൾ നിങ്ങളോട് ഇങ്ങനെ കാണിച്ചപ്പോൾ നിനക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ലല്ലേ ആനി..

അച്ചായാ.. എന്നോട്…

നീ ഒന്നും പറയണ്ട. കുഴിച്ചു മൂടിയ കാര്യങ്ങൾ വീണ്ടും ചികഞ്ഞെടുക്കാൻ വേണ്ടി വന്നതല്ല ഞാൻ. 23 വർഷം സ്നേഹിച്ച മകൾ ഒരു പുരുഷന്റെ കൂടെ ഇറങ്ങി പോയപ്പോൾ അമ്മ ഇല്ലാതെ വളർന്ന നിനക്ക് ഒരു അമ്മയുടെ സ്നേഹം തന്നു വളർത്തി വലുതാക്കി പഠിപ്പിച്ചു ഒടുക്കം നീ 25 വർഷം മുൻപ് ഇവന്റെ കൂടെ ഇറങ്ങി പോയപ്പോൾ ഞാൻ അനുഭവിച്ച വേദന നിനക്ക് ഊഹിക്കാൻ ഇനിയെങ്കിലും പറ്റുമല്ലോ അല്ലേ…

മറുപടി പറയാനാകാതെ ആനി ടീച്ചർ പൊട്ടി കരഞ്ഞു…

കഴിഞ്ഞ 25 വർഷം ഞാൻ കാത്തിരുന്നു.എന്റെ പുന്നാര പെങ്ങൾ എന്നെ അന്വേഷിച്ചു വരുമെന്ന്. പക്ഷെ കണ്ടില്ല.. നിങ്ങളെ അന്വേഷിച്ചു എനിക്ക് വരണം എന്നുണ്ടായിരുന്നു. പക്ഷെ എന്റെ ഈഗോ അതിനു എന്നെ അനുവദിച്ചില്ല..

ഇനി ഞാനും ജോമോനും തമ്മിൽ ഉള്ള ബന്ധം… ഞാൻ ഇവനെ പരിചയപ്പെടുന്നത് ഇന്നലെ ആണ്. അനുവിൽ നിന്ന് നിങ്ങളുടെ കാര്യങ്ങൾ അറിഞ്ഞ ഇവൻ എന്നെ കാണാൻ ഇന്നലെ എന്റെ ഓഫീസിൽ വന്നിരുന്നു..

ജേക്കബ് ഇച്ചായൻ തല തിരിച്ചു ജോമോനെ ഒന്ന് നോക്കി. ജോമോൻ തല കുനിച്ചു നിൽക്കുകയായിരുന്നു…

ഇവൻ മനസ്സിൽ നന്മ ഉള്ള പയ്യനാ ജേക്കബേ. അത് കൊണ്ടാണ് നിങ്ങൾ ഇനി അനുവിനെ തിരക്കി വന്നില്ലെങ്കിലോ എന്നുള്ള പേടി കൊണ്ടു ഇവൻ എന്നെ തിരക്കി വന്നത്. അവനു ആരുടേയും കണ്ണു നിറയാതെ അനുവിനെ സ്വന്തമാക്കണം എന്നെ ഉള്ളു. ഇതെല്ലാം നിങ്ങളോട് തുറന്നു പറയാൻ ആ ഇപ്പൊ ഇങ്ങോട്ട് വിളിപ്പിച്ചത്…

അനുമോൾ ഒന്നിങ്ങു വന്നേ.. കസ്സേരയിൽ ഇരിക്കുകയായിരുന്ന അനുവിനെ കോശിച്ചായൻ വിളിച്ചു..

മോളെ ഇഷ്ട്ടപ്പെട്ട ആളെ വിവാഹം കഴിക്കുന്നതിൽ തെറ്റില്ല. പക്ഷെ അതിനു ജന്മം തന്നവരുടെ അനുഗ്രഹം കൂടി ഉണ്ടാകണം.എല്ലാവരും ചേർന്നുള്ള കല്യാണത്തിനെ ഒരു സുഖം ഉണ്ടാകു.അങ്ങനെ ഉള്ള ഒത്തു ചേരലിനെ ഒരു സന്തോഷം ഉണ്ടാകു…

അങ്കിളേ… എനിക്കൊരു തെറ്റ് പറ്റിയതാ..

അത് അങ്കിളിനു അറിയാം. ഇന്നത്തെ കാലത്തെ ഭൂരിഭാഗം പെൺകുട്ടികളും പ്രേമം ഉള്ള കാര്യം വീട്ടിൽ പറയാതെ നേരെ ഒളിച്ചോടുകയാണ് ചെയ്യുന്നത്. അതാണ് ഇപ്പൊ മോളും എന്റെ പെങ്ങളും ചെയ്തത്.

അവർ അവരുടെ സന്തോഷം തേടി പോകുമ്പോൾ അതിൽ എരിഞ്ഞു തീരുന്ന ഒരുപാട് ജീവിതങ്ങൾ വേറെ ഉണ്ടെന്ന് അവർ ഓർക്കുന്നില്ല..

സ്നേഹിക്കുന്ന ആളിനെ പറ്റി വീട്ടിൽ ഒന്ന് പറഞ്ഞു നോക്കു. നിങ്ങളെ ജീവനെ പോലെ സ്നേഹിക്കുന്ന നിങ്ങളുടെ സന്തോഷം ആഗ്രഹിക്കുന്ന മാതാപിതാക്കൾ ആണെങ്കിൽ തീർച്ചയായും അതിനു അവർ സമ്മതിക്കും..

പിന്നെ ചില മാതാപിതാക്കൾ അതിനെ എതിർക്കുന്നത്.. കഷ്ട്ടപ്പെട്ടു വളർത്തി വലുതാക്കിയ മക്കളുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ അവർക്കും കാണില്ലേ ആഗ്രഹം…

മറുപടി പറയാതെ എല്ലാവരും തല കുനിച്ചു നിന്നു. കോശിച്ചായൻ അനുവിനെയും ജോമോനെയും തന്നോട് ചേർത്ത് നിർത്തിയിട്ടു ജേക്കബ് ഇച്ചായനോട് പറഞ്ഞു..

ജേക്കബേ.. സ്നേഹബന്ധത്തിന്റെ വില മറ്റാരേക്കാളും നന്നായി നിങ്ങൾ രണ്ടു പേർക്കും അറിയാമല്ലോ. അത് കൊണ്ടു ഇവരുടെ ആഗ്രഹങ്ങൾക്കും നിങ്ങൾ എതിര് നിൽക്കില്ലെന്നു ഞാൻ കരുതുന്നു. എന്താ അങ്ങനെ അല്ലേ ആനി…..

അവരുടെ സന്തോഷം എന്താണോ അച്ചായാ അത് തന്നെ ആ ഞങ്ങളുടെ സന്തോഷം..

അത് കേട്ടതോടെ ഒരു നിമിഷം അനുവിന്റെയും ജോമോന്റേയും മുഖം ഒന്ന് തെളിഞ്ഞു..

മോൻ ഒരു ദിവസം വീട്ടുകാരെയും കൂട്ടി ഞങ്ങളുടെ വീട്ടിലേക്കു വാ. ബാക്കി ഒക്കെ നമുക്ക് അപ്പൊ തീരുമാനിക്കാം..

ശരി അച്ഛാ. ഞങ്ങൾ വരാം..

അപ്പൊ എന്റെ റോൾ കഴിഞ്ഞു. എന്നാ ഞാൻ ഇനി ഇറങ്ങുവാ. ഉച്ച കഴിഞ്ഞു കോടതിയിൽ പോകണം..

ഞാൻ ഇറങ്ങുവാ ആനി. തിരക്കൊക്കെ കഴിഞ്ഞു ഞാൻ ഒരു ദിവസം അങ്ങോട്ടേക്ക് ഇറങ്ങാം… എന്റെ പെങ്ങളോട് അച്ചായന് ഒരു ദേഷ്യവും ഇല്ല..

ആനി ടീച്ചർ കോശിച്ചായനെ കെട്ടിപിടിച്ചു കരഞ്ഞു…

എല്ലാവരോടുമായി യാത്ര പറഞ്ഞു കോശിച്ചായൻ അവിടെ നിന്നും ഇറങ്ങി. പെട്ടെന്നാണ് എന്തോ കാര്യം ഓർത്തത് പോലെ ജേക്കബ് ഇച്ചായൻ ഇപ്പൊ വരാമെന്നു പറഞ്ഞു കോശിച്ചായന്റെ പുറകെ ഓടിയത്..

കാറിൽ കയറാൻ തുടങ്ങുവായിരുന്നു കോശിച്ചായൻ..

അച്ചായാ.. പോവല്ലേ.. ഒരു കാര്യം കൂടി പറയാൻ ഉണ്ട്..

എന്താ ജേക്കബേ..

അല്ല അച്ചായൻ നേരത്തെ എന്നെ ഒരുപാട് സഹായിച്ചിട്ടില്ലേ. അതിനൊരു നന്ദി പറയാൻ വേണ്ടി വന്നതാ..

താൻ എന്താടോ പറയുന്നത്…

വീണിടത്തു നിന്നു ഉരുളണ്ട അച്ചായാ. പണ്ട് പല തവണ എനിക്ക് കാശിനു ആവശ്യം വന്നപ്പോഴും അച്ചായൻ പറഞ്ഞു വിട്ട ആളുകൾ അല്ലേ എന്നെ സഹായിച്ചത്..

ഏയ് താൻ എന്തോ തെറ്റിദ്ധരിച്ചതാ.. 25 വർഷം കഴിഞ്ഞു ഞാൻ നിങ്ങളെ ഇപ്പോഴാ കാണുന്നത് തന്നെ.. ഒരു വിധത്തിൽ കോശിച്ചായൻ പറഞ്ഞൊപ്പിച്ചു.

ഓഹോ അച്ചായൻ എത്ര നേരം നുണ പറഞ്ഞു പിടിച്ചു നിൽക്കും…

സത്യം പറയുന്നത് എങ്ങനെ ആടോ നുണ ആകുന്നത്..

ഞാൻ ഈ ഗിരിയുടെ ബാങ്കിൽ മുൻപ് പല തവണ അപേക്ഷിച്ചിട്ടും എനിക്ക് ലോൺ കിട്ടിയില്ല. പെട്ടെന്നാണ് ഒരു ദിവസം ഗിരി എന്നെ വിളിച്ചു പറയുന്നത് സാറിന്റെ ലോൺ റെഡി ആയിട്ടുണ്ടെന്നു.

അല്ല അതും ആയി ഇതിനെന്താ ബന്ധം..

അച്ചായൻ ഒന്ന് ക്ഷമിക്ക്. ഞാൻ മുഴുവനും പറയട്ടെ. ഗിരി പെട്ടെന്ന് എന്താ ലോൺ ശരിയാക്കി തന്നതെന്ന് ഞാൻ അന്വേഷിച്ചപ്പോൾ ആരോ എനിക്ക് വേണ്ടി റെക്കമെന്റ് ചെയ്തിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞു…

ഓഹോ.അപ്പൊ ജേക്കബ് കരുതി ഇതിന്റെ പുറകിൽ ഞാൻ ആണെന്ന്. തന്നെ എത്രയോ പേർക്ക് പരിജയം ഉള്ളതാ. അവരിൽ ആരെങ്കിലും ആയിക്കൂടെ..

എങ്കിൽ പിന്നെ എന്റെ ഒരു സംശയത്തിന് മറുപടി കൂടി പറഞ്ഞാൽ മതി അച്ചായൻ.

എന്താ അത്..

ഈ ഗിരിയെ ജോമോന് യാതൊരു പരിചയവും ഇല്ല. അത് ഗിരി തന്നെ എന്നോട് പറഞ്ഞതാ. അവരെ മറ്റൊരാൾ ആ ഇങ്ങോട്ട് കൊണ്ടു വന്നതെന്ന്.. അതായത് അച്ചായൻ… ഗിരി ആയിട്ട് അത്ര നല്ല പരിജയം ഉള്ളത് കൊണ്ടു മാത്രം ആണല്ലോ അച്ചായൻ അവരെ വിശ്വസിച്ചു ഇങ്ങോട്ട് കൊണ്ടു വന്നത്. അല്ലാതെ ഒരു പരിജയം ഇല്ലാത്ത ആളുകളെ ഗിരി വീട്ടിൽ വിളിച്ചു കയറ്റില്ലല്ലോ..

ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു കൊണ്ടിരുന്ന കോശിച്ചായന്റെ മുഖത്തു നിന്നു ഒരു നിമിഷം ചിരി മാഞ്ഞു..

ഇത്രയും കാര്യങ്ങൾ ഒന്ന് കൂട്ടിക്കിഴിച്ചു നോക്കിയാൽ അച്ചായൻ ആ ഞങ്ങളെ സഹായിച്ചതെന്ന് മനസ്സിലാക്കാൻ അത്ര വലിയ പഠിപ്പൊന്നും വേണ്ടാ.. ഇനി പറ…. അച്ചായൻ തന്നെ അല്ലേ അത്??

അതിനുള്ള മറുപടി പറയാതെ കോശിച്ചായൻ ജേക്കബ് ഇച്ചായന്റെ കൈയ്യിൽ രണ്ടും കൂട്ടി പിടിച്ചു. ആ കണ്ണുകൾ നിറയുന്നത് ജേക്കബ് ഇച്ചായൻ കണ്ടു..

എന്നിട്ട് സാവധാനം കാറിന്റെ അടുത്തേക്ക് നീങ്ങി ഡോർ തുറന്നു ഉള്ളിൽ കയറുന്നതിനു മുൻപ് ജേക്കബ് ഇച്ചായനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കോശിച്ചായൻ..

ആ പുഞ്ചിരിയിൽ ജേക്കബ് ഇച്ചായൻ കണ്ടു.. പെങ്ങളോടുള്ള സ്നേഹവും തന്റെ ചോദ്യത്തിനുള്ള മറുപടിയും…..

ശുഭം

(അവസാനിച്ചു )

Written By Sreejith Achuz

Read More ;-

part -1 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part -2 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part -3 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part -4 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part -5 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

part – 6 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി

 

LEAVE A REPLY

Please enter your comment!
Please enter your name here