ഫോട്ടോ പഴയത് പോലെ ബുക്കിന്റെ ഇടയിലേട്ട് കയറ്റി വെച്ചിട്ട്…..ബുക്കെല്ലാം പഴയത് പോലെ തന്നെ മേശപ്പുറത്തു കയറ്റി വെച്ചു അനു…..
ഇന്നെന്താ മോളുടെ മുഖത്തു ഒരു തെളിച്ചക്കുറവ് പോലെ. ചായ കുടിക്കുന്നതിനിടയിൽ ജോമോന്റെ അമ്മ അനുവിനോട് ചോദിച്ചു.
ഏയ്.ഒന്നും ഇല്ല അമ്മേ… അമ്മയ്ക്ക് വെറുതെ തോന്നുന്നതാ..
തോന്നുന്നതൊന്നും അല്ല. മോൾക്ക് എന്തോ വിഷമം ഉണ്ട്..
ഇവൾക്ക് എന്തെങ്കിലും നിസ്സാര കാര്യം മതി ആന്റി മുഖം വീർപ്പിച്ചിരിക്കാൻ. ശരണ്യയുടെ വക ആയിരുന്നു മറുപടി..
ശരണ്യ മോൾ ഇനി എന്നാ തിരിച്ചു പോകുന്നത്..
ഞാൻ 4 ദിവസം ഇവിടെ ഉണ്ടാകും ആന്റി.
എന്നാ ഇടയ്ക്ക് ഇങ്ങോട്ട് ഇറങ്ങണം.ആന്റി ഇവിടെ ഒറ്റയ്ക്കല്ലേ ഉള്ളു. മിണ്ടാനും പറയാനും ആരും ഇല്ല…
അതിനെന്താ ആന്റി.ഞാൻ വരാം..
അനുമോളും പറ്റുമെങ്കിൽ വരണം കെട്ടോ. നിങ്ങൾ ഇങ്ങനെ ഇടയ്ക്ക് വരുന്നതാ അമ്മയ്ക്ക് ഒരു ആശ്വാസം..
സമയം ഉള്ളത് പോലെ ഞാനും വരാം അമ്മേ. ക്ലാസ്സ് ഒക്കെ കഴിഞ്ഞല്ലോ….
ചായ കുടി കഴിഞ്ഞു അവർ ജോമോന്റെ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി..അതിനു മുൻപ് 2 ഫോട്ടോയും ബുക്കിൽ നിന്ന് എടുക്കാനും അനു മറന്നില്ല..
നിനക്കിതു എന്ത് പറ്റിയെടി.. ചെറിയൊരു സംശയത്തോടെ ശരണ്യ ചോദിച്ചു.
ഒന്നുമില്ലെടി….
ദേ പെണ്ണേ… നുണ എന്നോട് പറയണ്ട. നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ ഞാൻ.
മറുപടി പറയാതെ അനു തല താഴ്ത്തി. ശരണ്യ വേഗം അവളുടെ അടുത്ത് പോയി ഇരുന്നു കൊണ്ട് ചോദിച്ചു….
എന്താടി പ്രശ്നം… എന്താ ഉണ്ടായത്..
എടി…. അത്…. പ്രേമം നൈസ് ആയി ചീറ്റി പോയി…
അത് കേട്ടതും ഒറ്റ ചിരി ആയിരുന്നു ശരണ്യ..
എന്താടി ഇത്ര മാത്രം ഇതിൽ ഇളിക്കാൻ..
നിന്റെ മുഖം കണ്ടപ്പോൾ ഞാൻ കരുതി എന്തോ ഗുരുതര പ്രശ്നം ആണെന്നാ. ഈ പെണ്ണ് ചിരിപ്പിച്ചു കൊല്ലും..
നിനക്ക് തമാശ.ആദ്യമായി ഒരാളോട് ഇഷ്ടം തോന്നിയതാ.അതിപ്പോ ഇങ്ങനെയും ആയി.
എടി മണ്ടി.. ഒരു സുപ്രഭാതത്തിൽ ചെന്നു ഇഷ്ടമാണെന്നു പറഞ്ഞാൽ ഒരു ആണും അത് സ്വീകരിക്കില്ല… നോ എന്നെ മറുപടി പറയു..
നീ പറയുന്നതും ശരി ആ. എന്നാലും ജോമോൻ അങ്ങനെ പറയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. ഒരാളോട് ആദ്യമായി ഇഷ്ടം തോന്നിയതാ. അത് ഇങ്ങനെയും ആയി..
കുറച്ചു നാൾ നീ ജോമോന്റെ പുറകെ നടന്നാൽ മനസ്സ് മാറും ജോമോന്റെ. ഭൂരിഭാഗം ആണുങ്ങളുടെയും മനസ്സ് അങ്ങനെ ആ. ജോമോൻ നിന്നോട് ഇഷ്ടമാണെന്നു പറയും. എനിക്ക് നല്ല പ്രതീക്ഷ ഉണ്ട്.
ഇപ്പൊ പ്രതീക്ഷയുടെ ചെറിയൊരു കച്ചി തുരുമ്പ് വീണ് കിട്ടിയിട്ടുണ്ട്.. അതാ എന്റെ അവസാനത്തെ പിടി വള്ളി..
അതെന്താടി.. എന്നോട് പറ. ആകാംഷയോടെ ശരണ്യ ചോദിച്ചു…
അത് എന്താണെന്നു നിന്നോട് ഞാൻ നാളെ പറയാം. അതിനു മുൻപ് എനിക്ക് ജോമോനെ കാണണം. ഇതിനെ പറ്റി ആദ്യം ജോമോനോട് സംസാരിക്കണം. എന്നിട്ട് നിന്നോട് പറയാം.
ഈ പെണ്ണ് എന്നെ ടെൻഷൻ അടിപ്പിച്ചു കൊല്ലുമല്ലോ….
നാളെ ഒരു ദിവസം കൂടി വെയിറ്റ് ചെയ്യടി…
ആഹ്.. ശരി.. നീ നാളെ അപ്പൊ ജോമോനെ കാണുന്നുണ്ടോ…
മ്മ്. കാണണം. ഇപ്പൊ കുറച്ചു മാസങ്ങൾ ആയി കണ്ടിട്ട്. ഇന്നൊന്നു വിളിച്ചു നോക്കണം..
ആഹാ.. നിങ്ങൾ തമ്മിൽ അപ്പൊ ഫോൺ വിളി ഒക്കെ ഉണ്ടല്ലേ…
ദേ…. മിണ്ടാണ്ട് പൊയ്ക്കോണം. ആകെ ഒരു തവണ ഒന്നു വിളിച്ചു. അതേ ഉള്ളു. പിന്നെ ഇത് വരെ ഞാൻ അങ്ങോട്ടും ജോമോൻ ഇങ്ങോട്ടും വിളിച്ചിട്ടില്ല.
നീ വിഷമിക്കാതെടി…. നീ നോക്കിക്കോ… ജോമോൻ തന്നെ നിന്നെ കെട്ടും. ഇത് എന്റെ വാക്കാ..എന്റെ വാക്ക് ഇത് വരെ തെറ്റിയ ചരിത്രം ഇല്ലെന്നു നിനക്ക് അറിയാമല്ലോ..
നിന്റെ നാവ് പൊന്നാകട്ടെ… ചിരിച്ചു കൊണ്ടു അനു പറഞ്ഞു..
അത് മോള് കൈയിൽ വെച്ചാൽ മതി. പ്രേമം സക്സസ് ആയാൽ ഒരു അടിപൊളി ചെലവ് ചെയ്യണം.
എന്ത് വേണേലും ചെയ്യാം. എടി ഞാൻ ഇറങ്ങുവാ. നേരത്തെ അങ്ങോട്ട് ചെല്ലണം എന്നാ മമ്മിയുടെ ഓർഡർ..
നീ നാളെ ജോമോനെ കണ്ടിട്ട് ഇങ്ങോട്ട് വരണം. പറ്റിക്കരുത്..
അഹ് വരാമെടി…. എനിക്ക് എല്ലാ കാര്യവും തുറന്നു പറയാൻ എന്റെ ശരണ്യ കൊച്ചു മാത്രല്ലേ ഉള്ളു…
മതി സോപ്പ് പതപ്പിച്ചത്…മോള് ചെല്ലാൻ നോക്ക്…
എന്നാ ശരി നാളെ കാണാം എന്ന് പറഞ്ഞു അനു ഇറങ്ങി. വീട്ടിൽ ചെല്ലുമ്പോഴേക്കും പപ്പയുടെ കാർ പുറത്തുണ്ടായിരുന്നു.
പപ്പാ ഇന്ന് നേരത്തെ വന്നോ…അനു സ്വയം ചോദിച്ചു..
ആഹാ ഇന്ന് നേരത്തെ എഴുന്നള്ളിയോ… അനുവിന്റെ വരവ് കണ്ടു ആനി ടീച്ചർ ചോദിച്ചു.
.
പപ്പാ ഇന്ന് നേരത്തെ വന്നോ. ഹാളിൽ T.V കണ്ടുകൊണ്ടിരുന്ന ജേക്കബ് ഇച്ചായനോട് അനു ചോദിച്ചു.
പപ്പാ ഇന്ന് നേരത്തെ വന്നു മോളെ.ഒരു ഹാപ്പി ന്യൂസ് ഉണ്ട്.
അതെന്താ പപ്പാ..
അതൊക്കെ പറയാം… ആദ്യം മോള് ഇവിടെ വന്നു ഇരിക്ക്.
അനു പപ്പയുടെ അടുത്തായി ചെന്നിരുന്നു.
ഇനി എന്താ കാര്യം എന്ന് പറ പപ്പാ…
വേറൊന്നും അല്ല മോളെ.. മോൾക്ക് നല്ലൊരു കല്യാണാലോചന വന്നിട്ടുണ്ട്.
എനിക്കോ…. കല്യാണാലോചനയോ…. അത്ഭുതത്തോടെ അനു ചോദിച്ചു.
മോളും മമ്മിയും സമ്മതിക്കുവാണെങ്കിൽ പപ്പാ വേണമെങ്കിൽ ഒന്നുടെ കെട്ടാം. ചിരിച്ചു കൊണ്ടു ജേക്കബ് ഇച്ചായൻ പറഞ്ഞു.
ദേ മനുഷ്യ…. മോള് ഇരിക്കുവാണെന്നൊന്നും ഞാൻ നോക്കില്ല. എന്റെ വായിൽ ഇരിക്കുന്നത് കേൾക്കും.
എനിക്കിപ്പോ കല്യാണം ഒന്നും വേണ്ടാ പപ്പാ..
എടി പെണ്ണേ… അടുത്ത മാസം നിനക്ക് വയസ്സ് 23 ആകും. ഞങ്ങൾക്ക് എന്തെങ്കിലും പറ്റുന്നതിനു മുൻപ് നിന്നെ ആരുടെയെങ്കിലും കൈയ്യിൽ പിടിച്ചു ഏൽപ്പിക്കണം.
എനിക്ക് ഇനിയും പഠിക്കണം. അതൊക്കെ കഴിഞ്ഞിട്ട് മതി കല്യാണം ഒക്കെ..
മോളെ അതിനു നമ്മൾ ഇതൊന്നു വാക്കാൽ ഉറപ്പിച്ചു വെക്കുന്നതെ ഉള്ളു. പപ്പയുടെ കൂട്ടുകാരന്റെ മകൻ ആ ചെറുക്കൻ. പേര് ജീവൻ. വിദേശത്ത് ആ ജോലി. അവൻ ഇങ്ങനെ ഒരു കാര്യം പറഞ്ഞപ്പോൾ കൊള്ളാമെന്നു എനിക്കും തോന്നി.
എന്നിട്ട് പപ്പാ എന്ത് പറഞ്ഞു.
എനിക്ക് നൂറു വട്ടം സമ്മതം ആണെന്ന്..മോൾക്കും അങ്ങനെ തന്നെ ആയിരിക്കുമെന്നും..
മ്മ്. ഞാൻ ഒന്ന് ആലോചിച്ചിട്ട് പറയാം പപ്പാ. ഞാൻ കുറച്ചു നേരം കിടക്കട്ടെ എന്ന് പറഞ്ഞു അനു വേഗം റൂമിലേട്ട് കയറി. റൂമിൽ ചെന്നതും ഉടൻ തന്നെ ജോമോന്റെ നമ്പർ ഡയൽ ചെയ്തു അനു.
ബെല്ലടിച്ചു തീരാറായപ്പോഴേക്കും ജോമോൻ ഫോൺ എടുത്തു..
താൻ ജീവനോടെ തന്നെ ഉണ്ടല്ലേ…. ഫോൺ എടുത്ത വഴി തന്നെ ജോമോൻ അനുവിനോട് ചോദിച്ചു.
അഹ്.. ജീവനോടെ തന്നെ ഉണ്ട്. ചേട്ടന് ഇടയ്ക്കൊക്കെ ഇങ്ങോട്ട് ഫോൺ വിളിച്ചൂടെ.
ഓഹ് പിന്നെ.. നിന്നെ ഇടയ്ക്കിടയ്ക്ക് വിളിക്കാൻ നീ ആര് എന്റെ കാമുകിയോ..
വേണമെങ്കിൽ കാമുകി ആകാനും ഞാൻ റെഡി ആ.
ദേ കൊച്ചേ… എനിക്കിവിടെ നൂറു കൂട്ടം പണി ഉണ്ട്. കിന്നരിച്ചു നിക്കാതെ വിളിച്ച കാര്യം പറ……
എനിക്ക് അത്യാവശ്യമായി ചേട്ടനെ ഒന്നുടെ കാണണം.
പിന്നെയും പ്രേമം പറയാൻ ആണോ..
അതൊന്നുമല്ല… ചേട്ടൻ നാളെ ഒന്ന് വാ. നേരിൽ കാണുമ്പോൾ പറയാം.
ഓഹ്.. നാളെ എവിടെ വരണം.
ജംഗ്ഷന്റെ അവിടെ ഉള്ള ത്രീ കിങ്സ് റെസ്റ്റോറന്റ് വന്നാൽ മതി.
സമ്മതിച്ചു. പക്ഷെ രാവിലെ ഒരു 8 മണിക്ക് വരണം. തന്നെ കണ്ടു കഴിഞ്ഞു എനിക്ക് പിന്നെ അവിടെന്നു നേരെ ജോലിക്ക് പോവാനാ..
മ്മ്.. ഓക്കേ.. ഞാനും ആ സമയത്തു തന്നെ വരാം..
എന്നാ ബാക്കി ഒക്കെ നാളെ നേരിട്ട് കാണുമ്പോൾ പറയാമെന്നു പറഞ്ഞു ജോമോൻ ഫോൺ കട്ട് ചെയ്തു.
പിറ്റേന്ന് അനു അവിടെ ചെല്ലുമ്പോൾ ജോമോൻ അവിടെ ഇരിപ്പുണ്ടായിരുന്നു….
തമ്പുരാട്ടി എഴുന്നള്ളിയോ… കറക്റ്റ് ടൈമിനു തന്നെ വന്നല്ലോ..
ഞാൻ അല്ലെങ്കിലും അങ്ങനെ ആ. പറഞ്ഞ വാക്ക് പാലിക്കും.
പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം.വീട്ടിൽ എല്ലാവർക്കും സുഖം തന്നെ അല്ലേ..
ദൈവം സഹായിച്ചു സുഖം തന്നെ. ഇനി ചേട്ടൻ ഓരോന്ന് ചോദിച്ചു അവർക്ക് എന്തെങ്കിലും വരുത്തി വെയ്ക്കാതിരുന്നാൽ മതി..
ഹ ഹ ഹ. തന്റെ തൊലിക്കട്ടി അപാരം തന്നെ. എത്ര വിഷമം മനസ്സിൽ ഉണ്ടായാലും ഈ വളിച്ച കോമഡി പറയുന്നത് നിർത്തില്ലല്ലേ നീ.
ചേട്ടന് ഇജ്ജാതി കോമഡി ഒക്കെ അല്ലേ ഇഷ്ടം..ചേട്ടൻ ഹാപ്പി ആയിക്കോട്ടെ എന്ന് കരുതിയാ ഇടയ്ക്ക് ഇങ്ങനെ ഓരോന്ന് വെച്ചു കാച്ചുന്നത്.
ഞാൻ കരുതിയത് താൻ പ്രേമം പൊട്ടിയതിന്റെ വിഷമത്തിൽ ഇത് വഴി ഒക്കെ മാനസ മൈനേ പാട്ടും പാടി നടക്കുവാണെന്നാ.
അത് ഉടനെ തന്നെ ചേട്ടൻ മിക്കവാറും ഇനി പാടി നടക്കേണ്ടി വരും..
ങ്ങേ.. ഞാനോ??….. അത് അവിടെ നിക്കട്ടെ. ആദ്യം കാണണം എന്ന് പറഞ്ഞത് എന്തിനാണെന്ന് പറ.
പറയാൻ ഒന്നും ഇല്ല. ഒരു കാര്യം കാണിക്കാൻ ആ ഉള്ളത്.
ഹ ഹ ഹ. അത് കൊള്ളാല്ലോ. എന്നാ വേഗം കാണിക്കു. എനിക്കത് കാണാൻ ആകാംഷ ആയി.
അതിനുള്ള മറുപടി കൊടുക്കാൻ നിക്കാതെ അനു വേഗം പേഴ്സ് തുറന്നു.
ഇതാരാണെന്നു മാത്രം ചേട്ടൻ എന്നോട് പറഞ്ഞാൽ മതി എന്ന് പറഞ്ഞു അനു ആ ഫോട്ടോ ജോമോന്റെ നേരെ കാണിച്ചു.
പെട്ടെന്ന് അത് കണ്ടതിന്റെ ഷോക്കിൽ ജോമോന് തല ചുറ്റുന്നത് പോലെ തോന്നി. റെസ്റ്റോറന്റിലെ ac യുടെ തണുപ്പിലും ജോമോൻ ഒരു നിമിഷം കൊണ്ടു വിയർത്തു കുളിച്ചു…..
എന്താ ചേട്ടൻ മിണ്ടാത്തെ..
എന്ത് പറയണം എന്നറിയാതെ വാക്കുകൾക്ക് വേണ്ടി ജോമോൻ വിഷമിച്ചു.
എന്നോട് പ്രേമവും ഇല്ല ഒരു മണ്ണാങ്കട്ടയും ഇല്ല എന്ന് പറഞ്ഞിട്ട് എന്റെ ഫോട്ടോ എന്തിനാ ചേട്ടൻ സൂക്ഷിച്ചു വെച്ചത്..
നിനക്കിതു എങ്ങനെ കിട്ടി.
എങ്ങനെ കിട്ടി എന്നല്ലല്ലോ ഇപ്പോഴത്തെ വിഷയം.
നിനക്കിതു എങ്ങനെ കിട്ടി എന്ന് പറ ആദ്യം.
കഴിഞ്ഞ ദിവസം വീട്ടിൽ വന്നപ്പോ അവിചാരിതമായി ചേട്ടന്റെ റൂമിൽ ഒന്നു കയറി. കൈ തട്ടി ബുക്സ് ഒക്കെ മറിഞ്ഞു വീണപ്പോൾ അതിന്റെ ഇടയിൽ നിന്നും കിട്ടിയതാ.
മ്മ്. ഞാൻ പോകുന്നു.. നമുക്ക് പിന്നെ കാണാമെന്നു പറഞ്ഞു ജോമോൻ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു.
ഉടൻ തന്നെ അനു ജോമോന്റെ കൈയിൽ കയറി പിടിച്ചു..
അങ്ങനെ എന്റെ ചോദ്യങ്ങൾക്ക് മറുപടി തരാതെ ഇവിടുന്നു പോകാൻ നോക്കണ്ട. ഞാൻ സമ്മതിക്കില്ല.
കൈ വിട് കൊച്ചേ…. ആൾക്കാർ ശ്രദ്ധിക്കുന്നു.
എന്നാ മര്യധയ്ക്ക് അവിടെ ഇരിക്ക്.. എന്നിട്ട് എന്റെ ചോദ്യത്തിന് ഉത്തരം താ.
ഞാൻ വെറുതെ തമാശയ്ക്ക് ഫോട്ടോ സൂക്ഷിച്ചെന്നെ ഉള്ളു…… ഒരു വിധത്തിൽ ജോമോൻ പറഞ്ഞൊപ്പിച്ചു.
ഓഹോ അത് ഭയങ്കര തമാശ ആയി പോയല്ലോ.. ഇതൊക്കെ ഞാൻ ശരണ്യയുടെ കല്യാണത്തിന്റെ അന്ന് എടുത്ത ഫോട്ടോസ് ഒക്കെ ആ. എന്നിട്ട് അതിൽ നിന്ന് എന്റെ ഫോട്ടോ മാത്രം വെട്ടി എടുത്തു സൂക്ഷിച്ചു വെച്ചിരിക്കുന്നു.
എടൊ… അത് എന്തോ അങ്ങനെയൊക്കെ തോന്നി.. അത്രേ ഉള്ളു…
ഓഹോ…എന്നാലും ചേട്ടന് എന്നോട് പ്രണയം ആണെന്ന് സമ്മതിച്ചു തരാൻ മനസ്സ് അനുവദിക്കുന്നില്ലല്ലേ….
മറുപടി പറയാനാകാതെ ജോമോൻ തല താഴ്ത്തി..
എന്തിനാ ചേട്ടാ.. തോന്നിയ ഇഷ്ട്ടം അവരോടു പറയാതെ ഉള്ളിൽ ഇങ്ങനെ സൂക്ഷിച്ചു കൊണ്ടു നടക്കുന്നത്..എന്നിട്ട് അതിൽ നിന്ന് ചേട്ടന് എന്ത് സന്തോഷം കിട്ടി…
ഞാൻ പിന്നെ എന്ത് ചെയ്യണമായിരുന്നു… എന്റെ കഷ്ടപ്പാടുകൾ അനുഭവിക്കാൻ നിന്നെയും ക്ഷണിക്കണമായിരുന്നോ.. സകല വിധ സുഖ സൗകര്യങ്ങളോടെ ജീവിക്കുന്ന നിന്നെ കണ്ണീർ നിറഞ്ഞ എന്റെ ജീവിതത്തിലേക്ക് കൂടെ വരുന്നുണ്ടോ എന്ന് ചോദിക്കണമായിരുന്നോ.. ഒരു നിമിഷം ജോമോൻ പരിസരം മറന്നു പൊട്ടിത്തെറിച്ചു.
അമ്പരപ്പോടെ അനു ജോമോന്റെ മുഖത്തെട്ടു നോക്കി…
ഒരിക്കലും ഒരുമിക്കാൻ പറ്റില്ലെന്ന് അറിഞ്ഞത് കൊണ്ടാണ് മനസ്സിൽ ഇഷ്ടം ഒളിപ്പിച്ചു വെച്ചത്. വെറുതെ കുറേ മോഹം നിനക്ക് തന്നിട്ട് അവസാനം നിനക്ക് കരയേണ്ട ഒരു ഗതി ഉണ്ടാകരുത് എന്ന് കരുതി ആണ് വിഷമത്തോടെ ആണെങ്കിലും എന്റെ ഇഷ്ടങ്ങൾ ഞാൻ മറന്നത്. ചില സമയത്തു വിട്ടു കൊടുക്കലും പ്രണയം തന്നെ ആണ് അനു..
അനു ജോമോന്റെ മുഖത്തെട്ടു നോക്കി ഇരുന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.
നമ്മൾ തമ്മിൽ ഒരുമിക്കില്ല… നിനക്ക് നല്ലൊരു ഭാവി ഉണ്ട്. അത് എന്നെപോലെ ഉള്ള ഒരാളെ പ്രണയിച്ചു നശിപ്പിക്കരുത്.
എന്റെ ഭാവി ഓർത്തു ചേട്ടൻ സങ്കടപ്പെടണ്ട. എല്ലാം അറിഞ്ഞിട്ടു തന്നെ അല്ലേ ഞാൻ ചേട്ടനോട് ഇഷ്ടം പറഞ്ഞതും. എന്റെ കഴുത്തിൽ ഒരു മിന്നു വീഴുന്നുണ്ടെങ്കിൽ അത് ചേട്ടന്റെ ആയിരിക്കും..
വെറുതെ നടക്കാത്ത കാര്യങ്ങൾ സ്വപ്നം കണ്ടിട്ട് യാതൊരു കാര്യവുമില്ല.. എന്റെ ജീവിതം എനിക്ക് പഠിപ്പിച്ചു തന്നതാണ് അത്.
ഓഹ്. ഇങ്ങനെ മനസ്സ് മടുപ്പിക്കുന്ന കാര്യം പറയല്ലേ…. ചേട്ടന് എന്നെ ഇഷ്ടമാണോ അല്ലയോ?
ഇഷ്ടമാണ്.. പക്ഷെ…
ഒരു പക്ഷയും ഇല്ല….. എനിക്ക് അത്രയും അറിഞ്ഞാൽ മതി…
താൻ ഇത് എന്ത് ഭാവിച്ചാ… ഞാൻ പറയുന്നതൊന്നു മനസ്സിലാക്ക് ആദ്യം.തന്റെ അച്ഛനും അമ്മയും ഈ കല്യാണത്തിന് സമ്മതിക്കുമെന്നു തനിക്കു തോന്നുന്നുണ്ടോ.
കഴിഞ്ഞ ദിവസം മുൻപ് വരെ ആയിരുന്നെങ്കിൽ അവർ എന്റെ ഇഷ്ടത്തിന് കൂട്ട് നിന്നേനെ.പക്ഷെ ഇപ്പൊ ചെറിയൊരു പ്രശ്നം ഉണ്ട്..
എന്ത് പ്രശ്നം……
എനിക്കൊരു കല്യാണാലോചന വന്നിട്ടുണ്ട്.പപ്പയുടെ കൂട്ടുകാരന്റെ മകൻ ആണ് കക്ഷി… പേര് ജീവൻ.ഗൾഫിൽ ആയിരുന്നു. ഇപ്പൊ ലീവിന് വന്നിട്ടുണ്ട്.
എന്നിട്ട് കല്യാണം ഉറപ്പിച്ചോ..ജോമോന്റെ വാക്കുകളിൽ ആകാംഷ ഉള്ളത് പോലെ അനുവിന് തോന്നി.
പപ്പാ ഏറെക്കുറെ സമ്മതിച്ച മട്ട് ആ. ഇന്നലെ ചെറുക്കന്റെ ഫോട്ടോസ് ഒക്കെ കാണിച്ചു തന്നു എനിക്ക്.
താൻ എന്ത് പറഞ്ഞു എന്നിട്ട്..
ഞാൻ ഇനി നോ എന്ന് പറഞ്ഞാലും രക്ഷയില്ല. ഇന്നലെ തന്നെ ഓരോ ഒഴിവു കഴിവുകൾ പറഞ്ഞു തല ഊരാൻ നോക്കിയതാ.പക്ഷെ അവർ സമ്മതിച്ചു തരുന്നില്ല.
അപ്പൊ ഇനി എന്ത് ചെയ്യും..
അവൻ എന്നെ കെട്ടി കൊണ്ടു പോകുന്നതും നോക്കി അതിന്റെ വിഷമത്തിൽ ചേട്ടൻ ഇത് വഴി മാനസ മൈനേ എന്ന പാട്ടും പാടി നടന്നോ..
മറുപടി പറയാനാകാതെ ജോമോൻ തല താഴ്ത്തി.
ചേട്ടൻ വിഷമിക്കാൻ പറഞ്ഞതല്ല.എന്നെ ഇഷ്ടമാണെന്നുള്ള കാര്യം കുറച്ചു നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഈ കുഴപ്പം ഒന്നും ഉണ്ടാവില്ലായിരുന്നു.
പറയണമെന്ന് കരുതുമ്പോഴൊക്കെ വീട്ടിലെ കഷ്ടപ്പാടുകൾ ഓർമ വരും. അപ്പൊ പറയാനും കഴിയില്ല..
അതൊക്കെ പോട്ടെ. എന്തായാലും ഞാൻ ഇന്ന് ഇക്കാര്യം പപ്പയോടു തുറന്നു പറയും. അവർ എന്താ പറയുന്നതെന്ന് നോക്കട്ടെ.ഇനിയും വൈകിയാൽ പപ്പാ മറ്റേ ആലോചന ആയിട്ട് മുന്നോട്ടു പോകും.
ഒന്നുടെ ആലോചിച്ചിട്ട് പോരെ അനു. എന്റെ ജീവിതത്തിലേക്ക് വന്നാൽ നീ ആഗ്രഹിച്ച പോലൊരു ജീവിതം നിനക്ക് കിട്ടില്ല.
എനിക്ക് അങ്ങനെ കൂടുതൽ ആഗ്രഹങ്ങൾ ഒന്നും ഇല്ല ചേട്ടാ. ഒരു ദിവസം എങ്കിൽ ഒരു ദിവസം.. ചേട്ടന്റെ ഭാര്യ ആയി ജീവിക്കണം.. എന്നിട്ട് പിന്നെ ചത്താലും കുഴപ്പമില്ല.
എന്നെ ഒരുപാട് ഇഷ്ടമാണല്ലേ..
എന്നേക്കാൾ കൂടുതൽ ഞാൻ ഇപ്പൊ ചേട്ടനെ സ്നേഹിക്കുന്നു. അപ്പോഴേക്കും അനുവിന്റെ കണ്ണുകൾ നിറഞ്ഞു.
എന്താടോ ഇത്. കണ്ണൊക്കെ നിറഞ്ഞല്ലോ.
അത് സന്തോഷം കൊണ്ടാ.നമുക്ക് ഒരാളോട് തോന്നുന്ന ഇഷ്ടം തിരിച്ചു അവർക്കും ഉണ്ടെന്നു അറിയുന്ന നിമിഷം ഉണ്ടല്ലോ.. അതൊക്കെ ഒരു പെൺകുട്ടിയെ സംബന്ധിച്ചു മറക്കാൻ പറ്റാത്ത നിമിഷങ്ങളിൽ ഒന്നാ.. ചിരിച്ചു കൊണ്ടു അനു പറഞ്ഞു.
വാ… മതി അനു…. നമുക്ക് പോകാം. എനിക്ക് ജോലിക്ക് കയറാൻ സമയം ആയി. ചെല്ലാമെന്ന് പറഞ്ഞു പോയി ഞാൻ. അല്ലെങ്കിൽ കുഴപ്പമില്ലായിരുന്നു.
അത് സാരമില്ല.ചേട്ടൻ പൊയ്ക്കോ.. എന്തായാലും ഇഷ്ടമാണെന്നുള്ള കാര്യം അറിഞ്ഞല്ലോ.എനിക്കത് മതി.
അനുവിന് എവിടെയാ പോകേണ്ടത് എന്ന് പറഞ്ഞാൽ ഞാൻ കൊണ്ടു വിടാം..
അയ്യോ അതൊന്നും വേണ്ടാ.. ഇവിടുന്നു ഓട്ടോ കിട്ടുമല്ലോ.ഞാൻ അതിൽ പോയ്കോളാം. ചേട്ടൻ സമയം കളയാതെ പോവാൻ നോക്ക്.
മ്മ്.. എന്നാ ഞാൻ പൊയ്ക്കോട്ടേ.
വൈകിട്ടു വിളിക്കുമോ എന്നെ..
വിളിക്കാം…
പറ്റിക്കരുത്.. ചിരിയോടെ അനു പറഞ്ഞു.
ഇല്ല അനു.. ഞാൻ വിളിച്ചോളാം എന്ന് പറഞ്ഞു ജോമോൻ ഷോപ്പിൽ നിന്നും ഇറങ്ങി. പുറകെ അനുവും. ബൈക്കിൽ കയറി പോകാൻ നേരം ജോമോൻ തിരിഞ്ഞൊന്നു അനുവിനെ നോക്കി. ആ നോട്ടത്തിൽ ഇത്രയും നാൾ തന്നോട് മറച്ചു വെച്ച ഇഷ്ടം മുഴുവനും ഉള്ളത് പോലെ അനുവിന് തോന്നി.
യാത്ര പറഞ്ഞു ജോമോൻ പോയ പുറകെ അനു ഫോൺ എടുത്തു ശരണ്യയെ വിളിച്ചു.
എന്തോന്നാടി. ഉറങ്ങാനും സമ്മതിക്കില്ലേ…ഫോൺ എടുത്ത വഴി ശരണ്യ ചോദിച്ചു.
കുന്തം…നീ ഇത് വരെ എഴുന്നേറ്റില്ലേ…
സ്വന്തം വീട്ടിൽ വരുമ്പോൾ ആ കുറച്ചു അധികം നേരം ഉറങ്ങുന്നത്. എന്നാലും വിളിച്ചു നിന്നെ പോലെ ആരെങ്കിലും ശല്യം ചെയ്യും.
എടി ഞാൻ ഒരു സന്തോഷ വർത്തമാനം പറയാൻ ആ വിളിച്ചത്.
എന്താടി. ലോട്ടറി അടിച്ചോ.
അഹ് അടിച്ചു. ഒരു വലിയ ലോട്ടറി.ജോമോൻ എന്ന ലോട്ടറി.
നീ ഇത് എന്താടി പെണ്ണേ പറഞ്ഞു വരുന്നത്.
എടി മണ്ടി.ജോമോന് എന്നോട് പ്രണയം ആയിരുന്നു.
ഏഹ്. ഇക്കാര്യം നിന്നോടാര് പറഞ്ഞു.
ജോമോൻ തന്നെ പറഞ്ഞതാ..
രാവിലേ തന്നെ പറ്റിക്കാൻ നോക്കരുത് എന്നെ.
ഓഹ്.സത്യം ആടി. നീ എന്നെ ഒന്ന് വിശ്വാസിക്ക്.
എന്നാലും ഇതെങ്ങനെ സംഭവിച്ചു. വിശ്വാസം വരാത്തത് പോലെ ശരണ്യ ചോദിച്ചു.
അതൊക്കെ ഞാൻ വിശദമായി നേരിട്ട് കാണുമ്പോൾ പറയാം. അതിനു മുൻപ് എനിക്ക് പപ്പയെയും മമ്മിയെയും ഒന്ന് കാണണം. അത് കഴിഞ്ഞു ഞാൻ നിന്റെ വീട്ടിലെട്ട് വരാം.
പെട്ടെന്ന് വരണം നീ.ഇനി ഇതിനെ പറ്റി അറിയാതെ ഒരു സമാധാനം കിട്ടില്ല.
ഉച്ച കഴിഞ്ഞു വരാടി ഞാൻ. അപ്പൊ ശരി.ബാക്കി ഒക്കെ നേരിട്ട് കാണുമ്പോൾ.
മ്മ്.ഓക്കേ.ബൈ ടി….
അനു വേഗം ഫോൺ കട്ട് ചെയ്തു ഉടൻ തന്നെ ഓട്ടോയിൽ കയറി വീട്ടിലെട്ട് യാത്ര ആയി.ഇപ്പൊ തന്നെ ജോമോനെ ഇഷ്ടമാണെന്നുള്ള കാര്യം തുറന്നു പറയണം എന്ന് കരുതി അനു വീട്ടിൽ വന്നിറങ്ങി.
വീട്ടിലെട്ട് കയറിയതും അനു ഞെട്ടിത്തരിച്ചു നിന്നു പോയതും പെട്ടെന്നായിരുന്നു…
(തുടരും)
written By sreejith Achuz
Read More ;-
part -1 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി
part -2 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി
part -3 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി
part -4 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി
part -5 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി
part – 6 പ്രണയപരാജിതനെ സ്നേഹിച്ച കാന്താരി