Home Latest പെണ്ണ് ഗർഭിണിയാവണതും പ്രസവിക്കണതും ഒന്നും ഒരു പുതിയ കാര്യമല്ല അമ്മൂ… പിന്നെ നിനക്കു മാത്രമെന്താ ഇത്ര...

പെണ്ണ് ഗർഭിണിയാവണതും പ്രസവിക്കണതും ഒന്നും ഒരു പുതിയ കാര്യമല്ല അമ്മൂ… പിന്നെ നിനക്കു മാത്രമെന്താ ഇത്ര പ്രത്യേകത?

0

പെണ്ണ് ഗർഭിണിയാവണതും പ്രസവിക്കണതും ഒന്നും ഒരു പുതിയ കാര്യമല്ല അമ്മൂ…
പിന്നെ നിനക്കു മാത്രമെന്താ ഇത്ര പ്രത്യേകത…?

അമ്മ ഇതു പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു തുളുമ്പി. ഞാൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ തുടങ്ങിയതാ അമ്മയിൽ ഈ മാറ്റം. എന്നോടെന്തോ ദേഷ്യം ഉള്ളതു പോലെ…

അതുവരെ ശ്രീയേട്ടന്റെ അമ്മ എനിക്ക് അമ്മായിഅമ്മ ആയിരുന്നില്ല. സ്വന്തം അമ്മ തന്നെയായിരുന്നു. അമ്മയ്ക്ക് ഞാനും പ്രിയപ്പെട്ട മകളായിരുന്നു. അഞ്ചു വർഷത്തെ പ്രണയം വിവാഹത്തിലെത്തിയപ്പോൾ ഞാൻ ഏറെ സന്തോഷിച്ചിരുന്നു. ഒരിക്കലും ഭർത്താവിന്റെ വീടെന്നുള്ള തോന്നൽ എനിക്കുണ്ടായിട്ടില്ല. ഏട്ടന്റെ അമ്മ അതിനിടവരുത്തിയില്ലെന്നതാണ് സത്യം.

എല്ലാ കാര്യങ്ങൾക്കും ഞങ്ങൾ ഒന്നായി നിന്നു. എന്റെ കൊച്ചു കൊച്ചു പിണക്കങ്ങളും വാശിയും സ്വന്തം അമ്മയേക്കാൾ കൂടുതലായി അമ്മ ക്ഷമിച്ചു തന്നു. അതു കൊണ്ടു തന്നെ അമ്മ ഒന്നു ശാസിച്ചാൽ പിണങ്ങിയാൽ ഒക്കെ കൊച്ചു കുട്ടിയെപ്പോലെ നിയന്ത്രണം വിട്ടു ഞാൻ കരയുമായിരുന്നു.

പലപ്പോഴും ഏട്ടൻ പരാതി പറഞ്ഞിട്ടുണ്ട് നിനക്കിപ്പൊ എന്നെ വേണ്ടാതായി അമ്മയോടാ കൂടുതൽ സ്നേഹം എന്ന്…
അതു കേട്ട് അമ്മയും ഞാനും പരസ്പരം നോക്കി ചിരിക്കും.

വിവാഹം കഴിഞ്ഞ് ആറു മാസമായപ്പോഴേക്കും ഏട്ടൻ പ്രവാസ ജീവിതത്തിലേക്ക് തിരിച്ചു പോയി…

നീ വിഷമിക്കണ്ട…
ഞാൻ വേഗം വരാം…
എന്നു പറഞ്ഞ ഏട്ടനോട് ” നിങ്ങളു പയ്യെ വന്നാ മതി. എനിക്കത്ര വിഷമമൊന്നുമില്ല. എനിക്കെന്റെ അമ്മയുണ്ടല്ലോ കൂട്ടിനെന്ന് പറഞ്ഞപ്പോൾ ഏട്ടനൊപ്പം അമ്മയുടേയും കണ്ണുകൾ നിറഞ്ഞു ”

നിങ്ങൾ രണ്ടാളും എന്റെ ഭാഗ്യമാണെന്ന് പറഞ്ഞ് ഏട്ടനെന്റെ നെറുകയിൽ ചുംബിച്ചു.

ഏട്ടൻ പോയി കഴിഞ്ഞപ്പോൾ മുതൽ അമ്മയേയും കെട്ടിപ്പിടിച്ചായിരുന്നു ഉറക്കം പോലും. അമ്മയെ തനിച്ചാക്കി സ്വന്തം വീട്ടിൽ പോലും പോകാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.
ഞങ്ങളുടെ സ്നേഹത്തിൽ, സന്തോഷത്തിൽ ഒക്കെ ഈശ്വരനു പോലും അസൂയ തോന്നി കാണണം അതാ ഇപ്പൊ അമ്മ ഇങ്ങനെ…

ഏട്ടൻ പോയി കുറച്ചു ദിവസങ്ങൾക്കുള്ളിൽ തല ചുറ്റി വീണ എന്നെ അമ്മയും മാമനും ചേർന്ന് ഹോസ്പിറ്റലിലെത്തിച്ചു. ഞാൻ ഗർഭിണിയാണെന്ന വിവരം എന്നോട് പറയുമ്പോൾ ഞാൻ കണ്ടു അമ്മയുടെ മുഖത്തെന്തോ ഒരു താത്പര്യക്കുറവ്… ഞാനെന്തോ തെറ്റു ചെയ്ത പോലെ…

പുതിയ അതിഥിയെ വരവേൽക്കാൻ മനസ്സു തുടി കൊട്ടിയ നാളുകളിലും അമ്മയുടെ ഇഷ്ടക്കേടും അകലവും നീറ്റലായി നെഞ്ചിൽ അവശേഷിച്ചു. ഫോൺ വിളികളിലും വീഡിയോ കോളുകളിലും ഏട്ടൻ പലതവണ തിരിച്ചറിഞ്ഞു എന്റെ സങ്കടം. ഏട്ടനെ വിഷമിപ്പിക്കാതിരിക്കാൻ ഞാൻ ഒന്നും പറയാതെ പലപ്പോഴും ഒഴിഞ്ഞു മാറി…

ഏഴാം മാസം വീട്ടിലേക്ക് കൂട്ടാൻ വന്ന എന്റെ വീട്ടുകാരെ അമ്മ മടക്കി അയച്ചു. അമ്മയുടെ ആ തീരുമാനത്തിനു മുന്നിൽ എനിക്കോ ശ്രീയേട്ടനോ എതിരഭിപ്രായം ഉണ്ടായിരുന്നില്ല. പ്രസവം കഴിഞ്ഞു വീട്ടിലേക്കു പോവാം എന്നു തീരുമാനിച്ചു.

പ്രസവ തീയതി അടുത്തു കൊണ്ടിരിക്കുന്നു ഉള്ളിലാകെ എന്തോ ഭയം. അമ്മയാണെങ്കിൽ അകൽച കാട്ടുന്നു. ശ്രീയേട്ടനു ലീവ് കിട്ടാൻ വൈകും.
ഞാനാകെ ഒറ്റപ്പെട്ടു പോയതു പോലെ…

മഴ തകർത്തു പെയ്യുന്ന ഒരു രാത്രിയിൽ എനിക്ക് വേദന അസഹ്യമായി…
വേദന കൊണ്ട് അലറി വിളിച്ചിട്ടും ശക്തമായ മഴയിൽ ശബ്ദം ലയിച്ച് ഇല്ലാതെയായി…

പക്ഷേ പെട്ടെന്ന് അമ്മ മുറിയിലേക്ക് കടന്നു വന്നു. അമ്മാവനും അമ്മയും ചേർന്ന് എന്നെ ആശുപത്രിയിലെത്തിച്ചു.

സിസേറിയൻ ആയിരുന്നതിനാൽ എനിക്ക് ബോധം വരാൻ സമയം വേണ്ടി വന്നു… ശ്രീയേട്ടന്റെ ആഗ്രഹം പോലെ ഒരു പെൺകുഞ്ഞ്…
കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ മുതൽ ഞാൻ തനിച്ചല്ല എന്ന സന്തോഷവും ഒപ്പം അഹങ്കാരവും.

അമ്മ എന്നോട് കാട്ടിയതിന്റെ നൂറിരട്ടി വെറുപ്പ് ഞാൻ തിരികെ കാട്ടി. ആശുപത്രിയിൽ ഒപ്പം നിന്ന എന്റെ വീട്ടുകാർക്ക് മുന്നിൽ ഞാൻ പലപ്പോഴും അമ്മയെ അവഗണിച്ചു.
ആശുപത്രി വിട്ട് സ്വന്തം വീട്ടിലേക്ക് തിരിക്കുമ്പോൾ വീട്ടിൽ അമ്മ തനിച്ചാണെന സത്യവും അമ്മയെ ഒരിക്കലും തനിച്ചാക്കില്ലെന്ന് ശ്രീയേട്ടനു കൊടുത്ത വാക്കും ഞാൻ ബോധ പൂർവ്വം മറന്നു…

കുഞ്ഞിനെക്കാണാൻ എന്റെ വീട്ടിലെത്തിയ അമ്മയെ പലപ്പോഴും ഞാൻ അവഗണിച്ചു.
കുഞ്ഞിന്റെ പേരിടീൽ ചടങ്ങിനന്നാണ് ഏട്ടൻ നാട്ടിലെത്തിയത് അമ്മയുടെ പേരു ചൊല്ലി കുഞ്ഞിനെ വിളിക്കാനാഞ്ഞ ഏട്ടനെ ഞാൻ തടഞ്ഞു.

അമ്പരന്നു നിൽക്കുന്ന ഏട്ടനോടായി അമ്മ പറഞ്ഞു…
നീ അമ്മൂനിഷ്ടമുള്ള പേര് വിളിക്കെടാന്ന്…

ആ രാത്രി തിരക്കൊഴിഞ്ഞ് മുറിയിലേക്ക് വന്ന ഏട്ടൻ എന്റെ മാറ്റത്തിനു കാരണങ്ങൾ തിരക്കി. ഗർഭകാലത്ത് അമ്മ എന്നോട് കാട്ടിയ അകൽചയും മറ്റും പറഞ്ഞ് ഏട്ടന്റെ മാറിൽ വീണ് ഞാൻ പൊട്ടിക്കരഞ്ഞു…

ഇനി നമുക്ക് നമ്മുടെ കുഞ്ഞ് മാത്രം മതി ഏട്ടാ…
എന്നോട് വെറുപ്പ് കാട്ടിയ അമ്മയെ ഇനി ഒരിക്കലും എനിക്ക് പഴയതു പോലെ സ്നേഹിക്കാനാവില്ല…

ഏട്ടൻ എന്നെ തന്റെ ശരീരത്തിൽ നിന്ന് അടർത്തി മാറ്റി.

അമ്മൂ ഇനിയെങ്കിലും നീ സത്യം അറിയണം.. അമ്മ ഒരിക്കലും നിന്നെ വെറുത്തിട്ടില്ല.. കൂടുതൽ കൂടുതൽ സ്നേഹിക്കുകയായിരുന്നു ആ പാവം …

നീ ഗർഭിണിയാണെന്നു തിരിച്ചറിഞ്ഞ അന്ന് ഡോക്ടർ ഒരു കാര്യം കൂടി അമ്മയെ അറിയിച്ചിരുന്നു. ഒന്നുങ്കിൽ നീ അല്ലെങ്കിൽ നമ്മുടെ കുഞ്ഞ് രണ്ടിൽ ഒരാളെയേ ജീവനോടെ കിട്ടൂ എന്ന്…
ഒരു അബോർഷനും ആ അവസ്ഥയിൽ സാധ്യമായിരുന്നില്ല…

മറ്റൊന്നും ചിന്തിക്കാതെ അമ്മ ഡോക്ടറോട് പറഞ്ഞു കുഞ്ഞു നഷ്ടപ്പെട്ടാലും നിന്റെ ജീവന് ആപത്തൊന്നും സംഭവിക്കരുതെന്ന്.

ഈ സത്യം നിന്നെ അറിയിച്ചാൽ നീ കുഞ്ഞിന്റെ ജീവനു വേണ്ടി വാശി പിടിക്കും… അതറിയുന്നതു കൊണ്ടാ അമ്മ നിന്നിൽ നിന്ന് ആ സത്യം മറച്ചത്…

എന്നെ വിളിച്ച് ഈ കാര്യമത്രയും അറിയിച്ചപ്പോൾ അമ്മ പറഞ്ഞു…

നിനക്കിനിയും ഒരു കുഞ്ഞിനെ ലഭിക്കും. പക്ഷേ നമ്മുടെ അമ്മു അവളുടെ ജീവനാ എനിക്കിപ്പൊ വലുതെന്ന് …

പിന്നീടിങ്ങോട്ട് നിന്റെ ജീവനു വേണ്ടി അമ്മ വിളിക്കാത്ത ഈശ്വരൻമാരില്ല…
ഒക്കെ നീയറിയാതിരിക്കാൻ അമ്മ നിനക്കു മുന്നിൽ വിരോധം നടിച്ചു. നീയുമായി രസക്കേടുകൾ ഉണ്ടാക്കി അമ്മ പലപ്പോഴും ആഹാരം പോലും കഴിക്കാതിരുന്നത് നിന്റെ ജീവനു വേണ്ടി അവർ നോറ്റ വ്രതമാണെന്ന് നീ തിരിച്ചറിഞ്ഞില്ല.

ജാനകി എന്ന അമ്മയുടെ പേര് ചൊല്ലി കുഞ്ഞിനെ വിളിക്കുന്നതിൽ നിന്നു പോലും നീ എന്നെ വിലക്കി …

ഇത്രയും കേട്ടപ്പോൾ സകല നിയന്ത്രണവും വിട്ടു ഞാൻ പൊട്ടിക്കരഞ്ഞു…

ഏട്ടാ ഞാനറിയാതെ…
എന്റെ അമ്മയെ…
ഈശ്വരൻ പോലും എന്നോട് പൊറുക്കില്ല അല്ലേ ഏട്ടാ …?

അറിയാതെ ചെയ്തു പോയ അപരാധങ്ങൾക്ക് മനസ്സു കൊണ്ട് ഒരായിരം തവണ ഞാൻ മാപ്പു പറഞ്ഞു ആ രാത്രി മുഴുവനും.

പിറ്റേന്ന് ഏട്ടനുണർന്നപ്പോൾ കണ്ടത് ഏട്ടന്റെ വീട്ടിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന എന്നെയാണ്. മൂന്നു മാസം തികഞ്ഞിട്ടു പോകാം എന്ന എന്റെ വീട്ടുകാരുടേയും ബന്ധുക്കളുടേയും എതിർപ്പിനെ അവഗണിച്ച് അവിടെ നിന്നും ഏട്ടനൊപ്പം ഇറങ്ങി.

വീട്ടിൽ ചെന്നു കയറിയ എന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി എന്റെ പൊന്നു മുത്തേ എന്നു വിളിച്ച് മോളുടെ നെറ്റിയിൽ അമ്മ തെരുതെരെ ചുംബിച്ചപ്പോൾ ഞാൻ ഇടയിൽ കയറി…

അമ്മയുടെ പൊന്നു മോൾ ഞാനാ എന്നെ വിളിച്ചാ മതി മുത്തേന്നും ചക്കരേന്നുമൊക്കെ …
കൊച്ചുമോളെ അവൾടെ പേരു വിളിച്ചാ മതി ” ജാനകീന്ന് ….”

ഞാനിതു പറഞ്ഞപ്പോൾ നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി അമ്മ എന്റെ നെറുകയിൽ ചുംബിച്ചു…

രചന ; അതിഥി അമ്മു

LEAVE A REPLY

Please enter your comment!
Please enter your name here