Home Latest നന്ദേട്ടൻ എന്റെ മാത്രവാ, വേറെ ഒരു പെണ്ണും നന്ദേട്ടന്റെ അടുത്ത് മിണ്ടണത് പോലും എനിക്കിഷ്ടല്ല്യ

നന്ദേട്ടൻ എന്റെ മാത്രവാ, വേറെ ഒരു പെണ്ണും നന്ദേട്ടന്റെ അടുത്ത് മിണ്ടണത് പോലും എനിക്കിഷ്ടല്ല്യ

0

“നീയെന്താ ദേവൂട്ടീ ഈ പറേണത് ?” അവളുടെ കുട്ടിത്തമാർന്ന മുഖത്ത് ഇപ്പോൾ ഗൗരവം നിറഞ്ഞിരിക്കുന്നു,.

“എനിക്കിഷ്ടല്ലച്ചാൽ ഇഷ്ടല്ല, നന്ദേട്ടൻ എന്റെ മാത്രവാ, വേറെ ഒരു പെണ്ണും നന്ദേട്ടന്റെ അടുത്ത് മിണ്ടണത് പോലും എനിക്കിഷ്ടല്ല്യ ”

അതും പറഞ്ഞ് അവൾ നടന്ന് നീങ്ങുമ്പോൾ ആശങ്കകളുടെ ഒരു ലാവ തന്നെ രൂപപ്പെടുകയായിരുന്നു എന്റെ ഉള്ളിൽ,. അവളുടെ കളിചിരികളെല്ലാം ഉറക്കമില്ലാത്ത രാത്രികളിൽ എന്നെ വേട്ടയാടി,.

ദേവഗാഥ. ആറാം ക്ലാസ്സിലാണ് പഠിക്കണത്, ചെറിയ കുട്ടിയാണവൾ, കുഞ്ഞനുജത്തിയെ പോലെ കൈപിടിച്ച് നടത്തിയവൾ,.

ഇന്ന് തന്നെനോക്കി പ്രണയിക്കുന്നുവെന്ന് പറഞ്ഞപ്പോൾ ഞാനാകെ തകരുകയായിരുന്നു,. കൊച്ചുകുഞ്ഞല്ലേ അവൾ ? അവളോട് തനിക്കെങ്ങനെ ??

***-******
രാവിലെ കോളേജിലേക്ക് എന്നും പറഞ്ഞിറങ്ങിയപ്പോൾ ദാ മുറ്റത്തു നിൽക്കുന്നു നിറപുഞ്ചിരിയുമായി,.

എനിക്ക് ദേഷ്യമാണ് വന്നത്, ഇവളിത് എന്ത് ഭാവിച്ചാ ? വന്ന് വന്ന് അവളെക്കാണുന്നത് പോലും ഭയമായി മാറിയിരിക്കുന്നു,.

എന്താ നിന്റെ ഉദ്ദേശമെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു എന്തുകൊണ്ടോ നാവു പൊന്തിയില്ല,. എന്റെ ഗൗരവം കണ്ടാവണം അവളുടെയും മുഖം മങ്ങി,.

“നന്ദു, നീ ടൗണിലേക്കാണേൽ ഇവളെക്കൂടെ ഒന്ന് സ്കൂളിലാക്കിയേക്ക്, ബസ് മിസ്സ് ആയീന്നേ,. ”

നിർമലേടത്തി അതുപറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു കള്ളച്ചിരി,
‘മിസ്സ് ആയതോ, അതോ മിസ്സ് ആക്കിയതോ,.?! ‘

“ഉം, നടക്ക്,. ”

അവളുടെ മുഖത്ത് വീണ്ടും നിരാശ, പ്രതീക്ഷയോടുള്ള ആ നോട്ടം ഷെഡിൽ പാർക്ക് ചെയ്തിട്ടുള്ള എന്റെ ബുള്ളറ്റിലേക്കാണ്,

“നടന്ന് പോയിട്ടിനി എപ്പോൾ എത്താനാണ്, ? ചോയ്ക്കമ്മേ,.. ”

“അവളെ വേഗം കൊണ്ടുവിടെടാ, കൊച്ചിന് ക്ലാസ്സ് തുടങ്ങാനായി ”

മുറ്റത്ത് മുളക് ചിക്കിക്കൊണ്ടിരുന്ന അമ്മയുടെ വക ഉപദേശം,.

“ആ വിചാരം ഇവൾക്ക് കൂടെ വേണമായിരുന്നു,. ”

അവളുടെ കുഞ്ഞിക്കണ്ണുകളിൽ മിഴിനീർ തിളക്കം,.

*—-******–***

ബൈക്കിൽ അവളോട് അകലം പാലിച്ചാണ് ഇരുന്നത്, അകന്നിരിക്കാൻ ശ്രമിക്കുംതോറും അവളെന്നോട് കൂടുതൽ ചേർന്നിരുന്നു,.

“ഇത്തിരി അകന്നിരുന്നൂടെ നിനക്ക് ? മനുഷ്യനാണേൽ ശ്വാസം മുട്ടുന്നു ”

ഒരു ചിരി ആയിരുന്നു മറുപടി,.

“ഈ ബൈക്കിലോ ?നമ്മുടെ കല്ല്യാണം കഴിഞ്ഞാലും എനിക്ക് നന്ദേട്ടനെ ഇങ്ങനെ കെട്ടിപ്പിടിച്ചിരുന്ന് പോണം,. ”

അവൾ എന്നെ ചുറ്റിപ്പിടിച്ചു,. ബൈക്ക് ഒന്ന് പാളി, ഞാൻ വണ്ടി നിർത്തി,.

“ഇറങ്ങ് ”
അവൾ മനസിലാവാത്ത പോലെ എന്നെ നോക്കി,.

“ഇറങ്ങാൻ,. ”

അവളെ ആ വഴിയിലിറക്കിവിട്ടു പോരുമ്പോൾ, എനിക്ക് ദേഷ്യം നിയന്ത്രിക്കാനെ കഴിഞ്ഞില്ല, ആകെ തകർന്ന അവസ്ഥ, അവളിലെ കണ്ണുനീർ എന്നെ ഭ്രാന്തമായ ഒരാവസ്ഥയിലാണ് എത്തിച്ചത്,.

. *****—*****
“മോനെ, മ്മളെ ദേവൂട്ടി ഇതുവരെ വീട്ടിലെത്തിയിട്ടില്ല,”

അമ്മ ആ കാര്യം വിളിച്ചു പറഞ്ഞപ്പോഴാണ് ഞാൻ അവളെക്കുറിച്ച് ചിന്തിച്ചത് തന്നെ,.

“എത്തീലെ ?”

“ഇല്ലടാ, നീയാവളെ സ്കൂളിൽ ആക്കിയതല്ലേ ? നിർമല ആണെങ്കിൽ കരച്ചിലാ, വിജയനും ഇവിടില്ലാത്തതല്ലേ !!”

” ആ, അമ്മ ടെൻഷൻ അടിക്കണ്ട, ഫ്രണ്ട്സിന്റെ വീട്ടിലെങ്ങാനും പോയിട്ടുണ്ടാവും, ഞാൻ പോയി നോക്കാം ”

കള്ളമാണ് പറഞ്ഞത്, താനവളെ സ്കൂളിൽ വിട്ടെന്ന്,.

********
സ്കൂളിൽ ദേവൂട്ടി എത്തിയിട്ടുണ്ടായിരുന്നില്ല, എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് സെക്യൂരിറ്റി ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന്‌ പറഞ്ഞു ഞാൻ നീങ്ങിയത് അവളെ ഇറക്കിവിട്ട സ്ഥലത്തേക്കായിരുന്നു,

ഒരിക്കലും ഞാനത് ചെയ്യാൻ പാടില്ലായിരുന്നു പെൺകുട്ടിയാണ്,. കാലം നല്ലതല്ല,.

ഒന്ന് രണ്ട് കടകളിൽ അന്വേഷിച്ചപ്പോൾ അവരെല്ലാം കൈ മലർത്തി,. വീണ്ടും ഫോൺ റിങ് ചെയ്തു, അമ്മയാണ്,.

“കണ്ടോ മോനെ ?”

“ആ അവളെന്റെ കൂടെയുണ്ട് ”

വീണ്ടും കള്ളങ്ങൾ,. അവരുടെ ആശ്വാസത്തിന് വേണ്ടി പറഞ്ഞതാണൊക്കെയും,.
എന്റെ ടെൻഷൻ കണ്ടൊരു ചേട്ടൻ അടുത്തേക്ക് വന്നു,.

“വഴക്കുണ്ടാക്കിയാലും പെങ്ങള് കുട്ട്യേ വഴിയിലാരെങ്കിലും ഇറക്കിവിടുവോ ?”

ഞാനയാൾക്ക് മുൻപിൽ തലകുനിച്ച് നിന്നു,.

“മോനൊരു കാര്യം ചെയ്യ്, ആ കുറ്റിക്കാടിനപ്പുറം ആൽത്തറയും ഒരു ആമ്പൽ കുളവുമുണ്ട്, അവിടൊന്നു പോയി നോക്ക്, കിട്ടിയില്ലെങ്കിൽ, പോലീസിനെ അറിയിക്ക് ”

ഒരു അസാധാരണ ഭയം എന്നിൽ രൂപം കൊണ്ടു വരികയായിരുന്നു,.

******—*******
ആമ്പൽക്കുളത്തിനവിടെയും അവളെ കാണാതെ ഞാൻ നിസഹായനായി നിന്നു, ആൽത്തറയിലെ പ്രതിഷ്ഠയോട് മനമുരുകി പ്രാർത്ഥിച്ചു,.

എനിക്കെന്റെ കുഞ്ഞനുജത്തിയെ ജീവനോടെ കിട്ടാൻ, ദൈവം കനിഞ്ഞതാണ്,. ആൽത്തറക്കപ്പുറത്തുനിന്ന് ഒരു ഏങ്ങിക്കരച്ചിൽ,.
അതേ, ദേവൂട്ടി,…

ഞാനവളുടെ അരികിലേക്ക് ചെന്നു, ഭയപ്പെട്ടിരിക്കുന്ന കണ്ണുകൾ,

“നന്ദേട്ടാ “അവൾ വിളിച്ചു,.

വന്ന ദേഷ്യത്തിന് അവളുടെ മുഖമടച്ചൊന്നു കൊടുത്തു, കരച്ചിലിന്റെ ആഴമേറി,.

“എത്ര ടെൻഷൻ അടിച്ചൂന്നറിയുവോ ഞങ്ങൾ ?”
അവൾ പൊട്ടിക്കരഞ്ഞു,.

“എന്തിനാ എന്നെ വഴിയിൽ ഇറക്കിവിട്ടത് ?”

ഉത്തരമില്ലാതെ ഞാനവൾക്ക് മുൻപിൽ മുട്ടുകുത്തി നിന്നു,. കവിൾത്തടം ചുവന്ന് കിടക്കുന്നു,.

“വേദനിച്ചോ എന്റെ കുട്ടിക്ക് ?”

ഞാനവളുടെ കവിളിൽ തലോടിയതും അവൾ എന്നോട് ചേർന്ന് പൊട്ടിക്കരഞ്ഞു,.
അവളെ തോളിലേറ്റി നടന്നതും, ഞാനവൾക്കൊരു അച്ഛനായി മാറുകയായിരുന്നു,.

*****—******

കുമാരേട്ടന്റെ തട്ടുകടയിൽ നിന്നും ചൂടുള്ള ദോശ മുറിച്ച് ചമ്മന്തിയിൽ മുക്കി, അവളുടെ വായിൽ വെച്ചു കൊടുത്തപ്പോൾ, വേദനകൊണ്ട് അവൾ ഒന്ന് പുളഞ്ഞു ,.

കുറ്റബോധം എന്നെ വേട്ടയാടി, ദോശ മുഴുവൻ ആർത്തിയോടെ കഴിച്ചുതീർത്ത അവൾ ഉച്ചക്ക് പട്ടിണിയായിരിക്കുമെന്ന് ഞാൻ ഊഹിച്ചു,.

ക്ഷീണം കൊണ്ട് എന്നെ ചാരിയിരുന്നു മയങ്ങിയ അവളെ ഉണർത്തുന്നത് ശരിയല്ലെന്ന്, തോന്നി,. എങ്കിലും,.

“ദേവൂട്ടി “ഞാൻ വിളിച്ചു

“മ്മ് ” അവളൊന്നു മൂളി,.

“മോൾക്കെന്താ നന്ദേട്ടനോട് അങ്ങനൊരിഷ്ടം തോന്നിയത് ?”

“എങ്ങനൊരിഷ്ടം ?” അവൾ തിരിച്ചു ചോദിച്ചു,.

“അല്ല കല്ല്യാണം കഴിക്കാൻ,. ”

അവളുടെ വാക്കുകളിൽ ഒരു ഉണർവ്

“അമ്മുവേച്ചി, പറയാറുണ്ടല്ലോ, അമ്മുവേച്ചിക്ക് നല്ല താടിയുള്ള, ബുള്ളറ്റ് ഉള്ള ചെക്കനെ മതീന്ന്,അങ്ങനെയുള്ള ചെക്കന്മാരെയാ പെൺപിള്ളേർക്ക് ഇഷ്ടം എന്ന്, നന്ദേട്ടന് ഇതുരണ്ടും ഇല്ലേ, ? പിന്നെ പാവല്ലേ നന്ദേട്ടൻ മോളെ ഒത്തിരി ഇഷ്ടല്ലേ ?”

എനിക്ക് അവളുടെ മറുപടി കേട്ടപ്പോൾ ചിരിയാണ് വന്നത്,.

“മോളെ, നന്ദേട്ടന് ഒത്തിരി ഇഷ്ടാണ്, പിന്നെ ദേവൂട്ടി പഠിച്ചു ജോലിയൊക്കെ വാങ്ങിച്ച് കല്യാണം കഴിക്കാൻ പ്രായമാവുമ്പോഴേക്കും,. നന്ദേട്ടന്റെ താടിയൊക്കെ നരച്ച് ക്രിസ്മസ് അപ്പൂപ്പനെ പോലെയാവും,. അപ്പോഴേക്കും ബുള്ളറ്റോക്കെ പഴേതാവൂല്ലേ ?”

അവൾ ഒന്നാലോചിച്ചു,

“അപ്പോൾ നല്ല സുന്ദരൻ ചെക്കന്മാർ എന്റെ ദേവൂട്ടിയുടെ പുറകെ ക്യു നിക്കും, അപ്പോൾ നന്ദേട്ടനും, നന്ദേട്ടന്റെ പഴയ ബുള്ളറ്റും ഒക്കെ ഔട്ട് ഓഫ് ഫാഷൻ ആവും, നല്ല ചുള്ളന്മാരെ കെട്ടണതല്ലേ നല്ലത് ? അല്ലാണ്ട് ഈ വയസൻ നന്ദേട്ടനെയാണോ? മോൾടെ കൂട്ടുകാരികളൊക്കെ കളിയാക്കൂട്ടോ ”

“ആണോ ?”

“ആന്നെ,.. ”

“എന്നാൽ നന്ദേട്ടനെപോലെ ഒരു ചെക്കനെ മോൾക്ക് നോക്കിത്തരുവോ ?”

“മ്മ്, എന്താ സംശയം ?, നന്ദേട്ടൻ നടത്തിത്തരും എന്റെ കുട്ടീടെ കല്യാണം ?”

“പ്രോമിസ് ?”

“പ്രോമിസ്,.. ”

“പക്കാ പ്രോമിസ് ?”

“പക്കാ,… ”

മനസ്സപ്പോൾ ശാന്തമായിരുന്നു, ഉറങ്ങുന്ന കടൽപോലെ ശാന്തം,….

-ശുഭം –

രചന : അനുശ്രീ

LEAVE A REPLY

Please enter your comment!
Please enter your name here