Home Latest “പെണ്ണെ..നിന്റെ ഈ അഹങ്കാരം മാറ്റി വച്ചില്ലെങ്കില്‍, മൂക്കില്‍ പല്ല് കിളിച്ചാലും നിന്നെ ആരും കെട്ടാന്‍ പോകുന്നില്ല....

“പെണ്ണെ..നിന്റെ ഈ അഹങ്കാരം മാറ്റി വച്ചില്ലെങ്കില്‍, മൂക്കില്‍ പല്ല് കിളിച്ചാലും നിന്നെ ആരും കെട്ടാന്‍ പോകുന്നില്ല. പെണ്‍കുട്ടികള്‍ ആയാല്‍ കുറച്ച് അടക്കവും ഒതുക്കവും ഒക്കെ വേണം”

0

“പെണ്ണെ..നിന്റെ ഈ അഹങ്കാരം മാറ്റി വച്ചില്ലെങ്കില്‍, മൂക്കില്‍ പല്ല് കിളിച്ചാലും നിന്നെ ആരും കെട്ടാന്‍ പോകുന്നില്ല. പെണ്‍കുട്ടികള്‍ ആയാല്‍ കുറച്ച് അടക്കവും ഒതുക്കവും ഒക്കെ വേണം”

അന്നത്തെ പെണ്ണുകാണല്‍ ചടങ്ങിനു ശേഷം അച്ഛന്‍ സ്ഥിരം പറയുന്ന കാര്യം ദേഷ്യത്തോടെ വീണ്ടും ആവര്‍ത്തിച്ചു. ഞാന്‍ അച്ഛന്റെ അരികിലെത്തി സോപ്പിന്റെ ഭാഗമായി ആ കവിളില്‍ തലോടി; പിന്നെ ഒരു കുഞ്ഞ് ചുംബനം നല്‍കി. അത്രയും മതി അച്ഛന്‍ അലിയാന്‍. പിന്നെ സ്നേഹമാണ്.

“മോളെ..അച്ഛന്റെ വിഷമം നീ എന്താ മനസിലാക്കാത്തത്? വരുന്ന ആണ്‍പിള്ളേരെ മൊത്തം ഇങ്ങനെ വെറുപ്പിച്ചു വിട്ടാല്‍ നിനക്ക് നല്ലൊരു ബന്ധം കിട്ടുമോ? പ്രായം ഇരുപത്തിയഞ്ച് ആകാറായില്ലേ നിനക്ക്..?” അച്ഛന്‍ എന്റെ തലയില്‍ തലോടിക്കൊണ്ട് ചോദിച്ചു.

“എനിക്ക് അച്ഛനെ വിട്ടിട്ടു പോകാന്‍ വയ്യച്ഛാ..ഞാന്‍ പോയാല്‍ എന്റെ അച്ഛന്‍ കുട്ടന് ആരുണ്ട്‌?”

“ദേ പെണ്ണെ ഞാനൊരു ചവിട്ടു വച്ചുതരും. നിന്റെ കൊഞ്ചല് കുറെ കൂടുന്നുണ്ട്.. രണ്ടു ദിവസം കഴിഞ്ഞ് ആ ദല്ലാള്‍ ആനന്ദന്‍ ഒരു ചെറുക്കനെ കൊണ്ടുവരാം എന്ന് പറഞ്ഞിട്ടുണ്ട്. സ്വന്തമായി ബിസിനസ് ചെയ്യുന്ന പയ്യനാണ്..ദൈവത്തെ ഓര്‍ത്ത് അവനോടെങ്കിലും നീ മര്യാദയ്ക്ക് സംസാരിക്കണേ”

അച്ഛന്‍ കലിപ്പിലാണ് എന്ന് മനസിലായ ഞാന്‍ സ്ഥിരം പരിപാടിയായ മുഖം വീര്‍പ്പിക്കല്‍ പുറത്തെടുത്തു. പക്ഷെ അച്ഛന്‍ ഇത്തവണ കടുപ്പത്തില്‍ത്തന്നെ ആയിരുന്നു.

“നീ മോന്തയൊന്നും കാണിക്കണ്ട. കുറച്ചു ഭംഗി ഉള്ളതാ നിന്റെ അഹങ്കാരത്തിന്റെ കാരണം. ഈ സൌന്ദര്യമൊന്നും എന്നും കാണത്തില്ല..അതോര്‍മ്മ വേണം” അച്ഛന്‍ കോപത്തോടെ പറഞ്ഞു.

“അച്ഛാ..ഞാന്‍ അവരോട് ഉള്ള കാര്യമല്ലേ പറഞ്ഞുള്ളൂ..കല്യാണം കഴിഞ്ഞുള്ള കാര്യങ്ങള്‍ ഇപ്പോഴേ സംസാരിക്കുന്നതല്ലേ അതിന്റെ ശരി”

“അത് സംസാരിക്കുന്നത് പെണ്ണ് കാണാന്‍ വരുന്ന സമയത്താണോ?”

“അല്ലാതെ പിന്നെ എപ്പോഴാ? പെണ്ണ് കണ്ടാല്‍ ചെറുക്കനും പെണ്ണും പരസ്പരം ഇഷ്ടപ്പെട്ടാല്‍, പിന്നെ അടുത്ത നടപടി വിവാഹനിശ്ചയം അല്ലെ? അതിലേക്ക് പോകുന്നതിനു മുന്‍പ് എനിക്ക് ചിലതൊക്കെ അറിഞ്ഞേ പറ്റൂ..അല്ലാതെ ഒന്നും അറിയാത്ത ഒരാളുടെ കൂടെ ഒരു സുപ്രഭാതത്തില്‍ ജീവിച്ചു തുടങ്ങാന്‍ എനിക്ക് പ്രയാസമാണ്..അച്ഛനോടുള്ള സ്നേഹം കൊണ്ടാണ് ഞാന്‍ ഒരുത്തനെപ്പോലും പ്രേമിക്കാഞ്ഞത്..പക്ഷെ അച്ഛന് എന്നോട് ഒരു സ്നേഹോം ഇല്ലല്ലോ” ഞാന്‍ കള്ളക്കരച്ചില്‍ പുറത്തെടുത്ത് അച്ഛനെ ഒളികണ്ണിട്ടു നോക്കി. കരച്ചില്‍ ഏറ്റിട്ടുണ്ട്; അച്ഛന്‍ എന്നെ വീണ്ടും തഴുകി.

“മോളെ..അല്ലെങ്കില്‍ വേണ്ട…നീ നിന്റെ ഇഷ്ടം പോലെ ചെയ്യ്‌..വിധി പോലെ നടക്കട്ടെ” അത്രയും പറഞ്ഞിട്ട് അച്ഛന്‍ പോയി. ആശ്വാസത്തോടെ ഞാനും.

അടുത്തത് ദല്ലാള്‍ ആനന്ദന്‍ വക ആലോചന ആണ്; വരട്ടെ..ഞാന്‍ മനസ്സില്‍ കണക്കുകൂട്ടി.

പെണ്ണ്കാണല്‍ ചടങ്ങ് എനിക്കൊരു ഉത്സവം ആണ്. കാരണം പൊതുവേ ആണുങ്ങള്‍ വന്നു പെണ്ണിനെ കണ്ട്, അവന്റെ അപ്പ്രൂവല്‍ കിട്ടുക എന്നതാണ് അതെപ്പറ്റി ഉള്ള ധാരണ. പിന്നെ അവന്റെയും വീട്ടുകാരുടെയും നിബന്ധനകള്‍ ആയി. ഇത്ര പണം, ഇത്ര സ്വര്‍ണ്ണം, പെണ്ണിന്റെ പഠിപ്പ്, ജോലി തുടങ്ങി അവര്‍ക്ക് പല കാര്യങ്ങളും പറയാന്‍ ഉണ്ടാകും. പെണ്ണിന് പ്രത്യേകിച്ച് നിബന്ധനകള്‍ ഒന്നും പാടില്ല. ചെറുക്കനെ ഇഷ്ടപ്പെട്ടില്ല എങ്കില്‍ അത് പറയാം എങ്കിലും, അതും അഹങ്കാരമായി മാത്രമേ മറ്റുള്ളവര്‍ കാണൂ. ഇങ്ങനെയൊക്കെ ഉള്ളതുകൊണ്ട് ഞാന്‍ പെണ്ണ് കാണാന്‍ വരുന്ന പയ്യനെ അവന്റെ ബന്ധുക്കളുടെ നടുവില്‍ ഇരുത്തിത്തന്നെ ഒരു ഇന്റര്‍വ്യൂ ചെയ്യലുണ്ട്. അതോടെ വീട്ടുകാരും അവനും വിധിയെഴുതും, ഇവള്‍ അഹങ്കാരിയാണ് എന്ന്. അങ്ങനെ അലമ്പായിപ്പോയ ആലോചനകളുടെ എണ്ണം ഏതാണ്ട് പതിനഞ്ചില്‍ അധികമാണ്. അച്ഛനും അമ്മയ്ക്കും എന്റെ ഈ കലാപരിപാടി തീരെ ഇഷ്ടമല്ല എങ്കിലും, അവര്‍ക്ക് എന്റെ ഇഷ്ടത്തിന് എതിരായി എന്തെങ്കിലും ചെയ്യാനുള്ള മനസ് ഇല്ലായിരുന്നു.

അങ്ങനെ ദല്ലാള്‍ ആനന്ദന്റെ പയ്യന്‍ വരുന്ന ദിവസമെത്തി. ഞാന്‍ അവനുമായി നടത്തേണ്ട അഭിമുഖസംഭാഷണത്തിന്റെ തിരക്കഥ ഒരിക്കല്‍ക്കൂടി വായിച്ചു തൃപ്തിപ്പെട്ട ശേഷം അണിഞ്ഞൊരുങ്ങി സൌന്ദര്യം കൂട്ടി കണ്ണാടിയില്‍ നോക്കി. ഉം..കൊള്ളാം. ഒറ്റ നോട്ടത്തില്‍ അവനെന്നെ ഇഷ്ടപ്പെടണം..എങ്കിലേ തുടര്‍ന്നുള്ള കാര്യങ്ങള്‍ക്ക് ഒരു ഉഷാര്‍ ഉള്ളൂ.

പറഞ്ഞ സമയം ആയപ്പോള്‍ ആനന്ദന്റെ സൈക്കിളിന്റെ പിന്നില്‍ ഇരുന്ന് ഒരുത്തന്‍ വീട്ടുമുറ്റത്ത് വന്നിറങ്ങി. ഞാന്‍ നോക്കി. ഒരു മുണ്ടും ഷര്‍ട്ടും ആണ് വേഷം. കാണാന്‍ സുമുഖന്‍ എന്ന് പറയാന്‍ പറ്റില്ല; പക്ഷെ എന്തോ ഒരു ആകര്‍ഷണീയത ആകെ മൊത്തത്തില്‍ ഉണ്ട്. സൈക്കിളില്‍, അതും ദല്ലാളിന്റെ സൈക്കിളില്‍ ഇരുന്നു പെണ്ണ് കാണാന്‍ വന്ന ആദ്യ സംഭവത്തെ ഞാന്‍ കൌതുകത്തോടെ നോക്കി. കാരണം മിനിമം ഒരു ഇന്നോവയില്‍ എങ്കിലും അല്ലാതെ ഇതുവരെ ഈ പടികടന്ന് ഒരു ചെക്കനും വന്നിട്ടില്ല.

“മോളെ..പയ്യന്‍ വന്നു. ദൈവാധീനത്തിന് കൂടെ വേറെ ആരുമില്ല…” അച്ഛന്‍ ആശ്വാസത്തോടെയാണ് അത് പറഞ്ഞത്.

“അവന്‍ ആളൊരു പിച്ചക്കാരന്‍ ആണെന്ന് തോന്നുന്നല്ലോ അച്ഛാ..കണ്ടില്ലേ.. സൈക്കിളില് ആണ് വന്നിരിക്കുന്നത്….അതും വല്ലോന്റേം..” ഞാന്‍ എന്റെ പുച്ഛം മറച്ചുവയ്ക്കാതെ പറഞ്ഞു.

“ഞാന്‍ ചോദിച്ചു മോളെ. അവന്‍ വന്ന സൈക്കിള്‍ പഞ്ചറായിപ്പോയത്രേ..അങ്ങനാ ആനന്ദന്റെ പിന്നില്‍ കേറിയത്”

“ഞാന്‍ കാണാന്‍ പോണോ അച്ഛാ..കഞ്ഞികുടിക്കാന്‍ വക ഇല്ലാത്തവനാണ് എന്നാ തോന്നുന്നേ..എന്തിനാ പാവത്തെ ഞാനായി വിഷമിപ്പിക്കുന്നത്”

“വന്നു പോയില്ലേ മോളെ..നീ ചെന്ന് ഒന്ന് മുഖം കാണിച്ചേക്ക്” അച്ഛന്‍ പറഞ്ഞു.

അങ്ങനെ ഞാന്‍ അന്നനടയായി ശീതള പാനീയവും പേറി സ്വീകരണ മുറിയിലേക്ക് ചെന്നു. പയ്യന്‍ എന്നെ കണ്ടപ്പോള്‍ നോക്കി പുഞ്ചിരിച്ചു. പിന്നെ പുഞ്ചിരിച്ചുകൊണ്ട് തന്നെ ഗ്ലാസ് എടുത്ത് അതിലുണ്ടായിരുന്ന വെള്ളം ഒരു വലിക്ക് കുടിച്ചു. പിന്നെ അടുത്ത ഗ്ലാസ് എടുത്ത് അതും കുടിച്ചിട്ട് തിരികെ വച്ചു.

“ആനന്ദന് വേറെ വെള്ളം കൊട്…” സോഫയില്‍ ഒന്ന് വിരിഞ്ഞിരുന്നിട്ട് ആശാന്‍ പറഞ്ഞു. ഇവന്‍ ആളു കൊള്ളാമല്ലോ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ ഗ്ലാസുകളും ട്രേയും പിന്നില്‍ നിന്നിരുന്ന അമ്മയ്ക്ക് കൈമാറി.

“ശ്രുതി..അല്യോ?” അവന്‍ ചോദിച്ചു.

“അതെ..എന്താ പേര്?” ഞാന്‍ ചോദിച്ചു.

“ഞാന്‍ ജയന്‍. ജയകൃഷ്ണന്‍ എന്ന് മുഴുവന്‍ പേര്. ശ്രുതിക്ക് എന്നെ ഇഷ്ടപ്പെട്ടോ? ഐ മീന്‍.. ഈ രൂപം?”
അപ്രതീക്ഷിതമായ ആ ചോദ്യം എന്നെ ചെറുതായി ഞെട്ടിച്ചു.

“അത്..രൂപമല്ലല്ലോ പ്രധാനം. കാരണം രൂപം ദൈവം നല്‍കുന്നത് സ്വീകരിക്കാനെ ആര്‍ക്കും പറ്റൂ. മറ്റു ചിലത് കൂടി അറിഞ്ഞ ശേഷമേ എന്റെ ഇഷ്ടം പറയാന്‍ പറ്റൂ” ഞെട്ടല്‍ നിസ്സാരമായി മറികടന്ന് ഞാന്‍ എന്റെ ഫോമിലേക്ക് എത്തി.

“കറക്റ്റ്. പക്ഷെ എനിക്ക് രൂപം ആണ് മുഖ്യം. ശ്രുതിയെ എനിക്ക് ഇഷ്ടപ്പെട്ടു..ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ ഒരുപാട്..പിന്നെ കേട്ടോ..ഇതെന്റെ ഫസ്റ്റ് പെണ്ണുകാണല്‍ ആണ്. വേറെ പെണ്ണിനെ ഒന്നും കണ്ടു മുന്‍പരിചയം ഇല്ലാത്തോണ്ട് എന്റെ സംസാരം ശരിയാണോ എന്നൊന്നും എനിക്കറിയത്തില്ല..ഞാന്‍ തുറന്ന് സംസാരിക്കുന്ന ടൈപ്പാ..” അവന്‍ ഇളിച്ചു.

“അത് സാരമില്ല. ഞാനും തുറന്ന് സംസാരിക്കുന്ന ടൈപ്പ് ആണ്”

“ശ്രുതിക്ക് ഈ വേഷം നന്നായി ചേരുന്നുണ്ട്” എന്റെ സാരിയില്‍ നോക്കി അവന്‍ പറഞ്ഞു.

“സ്ത്രീകള്‍ സാരി ഉടുത്തു കാണുന്നതാണോ ജയേട്ടന് കൂടുതല്‍ ഇഷ്ടം?”

“ഏയ്‌..സ്ത്രീകള്‍ ഒന്നും ഇടാതെ കാണുന്നതാ എനിക്ക് കൂടുതല്‍ ഇഷ്ടം..പക്ഷെ നമുക്കത് പറയാന്‍ ഒക്കത്തില്ലല്ലോ…ഹിഹിഹി….”

അവന്റെ ആ ഫലിതം എന്റെ ഗ്യാസ് കുറെ ഏറെ ചോര്‍ത്തി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇവന്‍ ഏതു കാട്ടുജാതിക്കാരന്‍ എന്ന മട്ടില്‍ അച്ഛനും അമ്മയും മാത്രമല്ല, ആനന്ദനും നോക്കുന്നത് ഞാന്‍ കണ്ടു.

“ജയേട്ടന്‍ ആളു കൊള്ളാല്ലോ? നല്ല നര്‍മ്മരസം ഉള്ള ആളാണ്‌ അല്ലെ?”

“അങ്ങനെ ഒന്നും എനിക്ക് നര്‍മ്മം വരുത്തില്ല. ഈ ജവാന്‍ ഉണ്ടല്ലോ? അവനെ രണ്ടെണ്ണം അങ്ങോട്ട്‌ വിട്ടാല്‍പ്പിന്നെ വായീ വരുന്നത് മൊത്തം കോമഡി ആരിക്കും..ഹിഹിഹി…”

“ങാഹാ..അപ്പോള്‍ വെള്ളമടിച്ചിട്ട് ആണ് പെണ്ണ് കാണാന്‍ വന്നത് അല്ലെ?”

“അത് ഈ ഫസ്റ്റ് പെണ്ണുകാണല്‍ അല്ലെ..ഒരു ഭയം..രണ്ടെണ്ണം വിട്ടപ്പോ അതങ്ങ് മാറി”

ഇവനെ എന്തായാലും കെട്ടുന്ന പ്രശ്നമില്ല എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. നന്നായി ഒന്ന് പിഴിഞ്ഞ് നീരെടുത്തിട്ടു വിടണം. ഞാന്‍ മനസ്സില്‍ കണക്കുകൂട്ടി.

“എനിക്ക് മദ്യപിക്കുന്ന പുരുഷന്മാരെ വലിയ ഇഷ്ടമാ..” ഞാന്‍ നാണം അഭിനയിച്ചു.

“ഓ..രക്ഷപെട്ടു..ഇങ്ങനൊരു ഭാര്യയെയാ എനിക്കും വേണ്ടത്”

“പക്ഷെ ജയേട്ടാ..വേറെ ചിലത് എനിക്ക് പറയാനുണ്ട്‌. അത് കൂടി കേട്ടശേഷം നമുക്ക് ബാക്കി കാര്യങ്ങള്‍ ആലോചിക്കാം..എന്താ?’

“ഓ..ആയിക്കോട്ടെ”

“ഒന്നാമത്, എനിക്ക് ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണം. ജയേട്ടന് മാരകമായ രോഗങ്ങളോ, രക്തം വഴിയോ സെക്സ് വഴിയോ പകരുന്ന രോഗങ്ങള്‍ ഇല്ല എന്നുള്ളതിന്റെ ഒരു സര്‍ട്ടിഫിക്കറ്റ്; എന്റെ സര്‍ട്ടിഫിക്കറ്റ് ഞാനും തരാം” ഞാന്‍ എന്റെ ഒന്നാം നിബന്ധനയിലേക്ക് പ്രവേശിച്ചു.

“തരാം..”

“രണ്ട്, സ്ത്രീധനം എന്നൊരു സാധനം ചേട്ടന്‍ പ്രതീക്ഷിക്കണ്ട. തല്ക്കാലം കല്യാണം. പിന്നെ ചേട്ടന്‍ യോഗ്യനാണ് എന്നെനിക്കും അച്ഛനും അമ്മയ്ക്കും ബോധ്യപ്പെട്ടാല്‍, എനിക്ക് തരാനുള്ളത്‌ അച്ഛന്‍ എന്റെ പേരില്‍ തരും..ഈ ബോധ്യപ്പെടലിനു മിനിമം പത്ത് വര്‍ഷങ്ങള്‍ എങ്കിലും വേണ്ടി വരും എന്ന് മറക്കരുത്”

ആശാന്‍ അല്‍പനേരം ആലോചിച്ചു. പിന്നെ തലയാട്ടി.

“കല്യാണം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ത്തന്നെ നില്‍ക്കണം എന്ന് നിര്‍ബന്ധം പിടിക്കാന്‍ പാടില്ല. എന്റെ അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന കാലത്തോളം, ആഴ്ചയില്‍ ഒരു ദിവസമെങ്കിലും നമ്മള്‍ രണ്ടാളും ഇവിടെ വന്നു താമസിക്കും…”

“നോ ഇഷ്യു”

“സാധാരണ വീടുകളിലെപ്പോലെ ചേട്ടന്റെ അമ്മ എന്നോട് അഭ്യാസം കാണിച്ചാല്‍, തിരിച്ച് ഞാന്‍ വളരെ മോശമായ അഭ്യാസം കാണിക്കും. നന്നായി പെരുമാറിയാല്‍ തിരിച്ചു ഞാനും നന്നായിത്തന്നെ പെരുമാറും എന്നര്‍ത്ഥം..”

“സമ്മതിച്ചു..”

“പിന്നെ ചേട്ടന്റെ ഇഷ്ടത്തിന് തുള്ളാന്‍ ഒന്നും എനിക്ക് പറ്റില്ല. കല്യാണം കഴിഞ്ഞാലും ഞാന്‍ എന്റെ രീതിയിലെ ജീവിക്കൂ. ആര്‍ക്കും വേണ്ടി എന്നെ മാറ്റാന്‍ എനിക്ക് പറ്റില്ല. നിങ്ങള് മാറണം എന്നും എനിക്കില്ല. അവനവന് അവനവനായി ജീവിക്കാന്‍ പറ്റണം..”

“ഉറപ്പായും…”

“അത്രേ ഉള്ളു..ഇതൊക്കെ സമ്മതമാണ് എങ്കില്‍ എനിക്ക് ജയെട്ടനെ ഇഷ്ടമാണ്” ഞാന്‍ പറഞ്ഞു നിര്‍ത്തി.

“എല്ലാം സമ്മതം”

ഞാന്‍ അത്ഭുതത്തോടെ അവനെ നോക്കി. സാധാരണ ഒന്നാം നിബന്ധന കേള്‍ക്കുമ്പോള്‍ത്തന്നെ മുഖം ചുളിക്കുന്നവര്‍ ആണ് ഇതുവരെ വന്നിട്ടുള്ളത്. ഇതെന്ത് ജന്മം എന്ന് ഞാന്‍ ആലോചിക്കുമ്പോള്‍ ആശാന്‍ എന്നെ നോക്കി ചിരിച്ചു.

“ഇനി ഞാന്‍ ചിലത് പറഞ്ഞോട്ടെ?” പുള്ളി ചോദിച്ചു.

“ഉറപ്പായും”

“എങ്കില്‍ പറയാം…അതുകൂടി കേട്ടശേഷം മാത്രം ശ്രുതി അവസാന തീരുമാനം പറഞ്ഞാല്‍ മതി. എന്റെ തീരുമാനത്തില്‍ മാറ്റമില്ല..എനിക്ക് ശ്രുതിയെ ഇഷ്ടമാണ്..പക്ഷെ ശ്രുതീ…ഞാന്‍ ഒരു അനാഥനാണ്. എനിക്ക് അച്ഛനും അമ്മയും സഹോദരങ്ങളും ഇല്ല…”
ഞാന്‍ ഞെട്ടി. അപ്പോള്‍ അദ്ദേഹം തുടര്‍ന്നു:

“ഒരു അനാഥാലയത്തില്‍ നിന്നാണ് ഞാന്‍ വളര്‍ന്നത്. സ്വന്തം അധ്വാനം കൊണ്ട് തുടങ്ങിയ ഒരു ബിസിനസ് സ്ഥാപനത്തിന്റെ ഉടമയാണ് ഞാന്‍. എനിക്ക് വേണ്ടത് ശ്രുതിയെപ്പോലെ വ്യക്തിത്വം ഉള്ള ഒരു പെണ്ണിനെ ആണ്..അങ്ങനെ ഒരാളെ നാളുകളായി തേടിയ ഞാന്‍ ഇന്നാണ് അത് കണ്ടെത്തിയത്…പിന്നെ പണം, അതെനിക്ക് ഇഷ്ടം പോലെയുണ്ട്….”

അങ്ങനെ പറഞ്ഞിട്ട് പുള്ളി മൊബൈല്‍ എടുത്ത് ഒരു നമ്പരില്‍ ഞെക്കി. അന്ധാളിച്ചു നിന്ന ഞാന്‍ രണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു ആഡംബര കാര്‍ വീട്ടുമുറ്റത്തേക്ക് ഒഴുകി വന്നു നില്‍ക്കുന്നത് കണ്ടു വീണ്ടും ഞെട്ടി.

“എന്റെ വണ്ടിയാണ്..ഇത് മാറ്റി നിര്‍ത്തിയിട്ടാണ് ഞാന്‍ ആനന്ദന്റെ സൈക്കിളില്‍ വന്നത്. എന്നെയാണോ അതോ എന്റെ പണം ആണോ പെണ്‍കുട്ടി നോക്കുന്നത് എന്നെനിക്ക് അറിയണമായിരുന്നു…പക്ഷെ ശ്രുതി എന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ഇനി ഒരു അനാഥനെ സ്വീകരിക്കാന്‍ മനസുണ്ടോ എന്ന് മാത്രമേ എനിക്ക് അറിയാനുള്ളൂ”

ജിവിതത്തില്‍ ആദ്യമായി ഞാന്‍ ആണൊരുത്തനെ നേരില്‍ കാണുകയായിരുന്നു… മനസ്സ് നിറഞ്ഞ് എന്നെ വീര്‍പ്പുമുട്ടിച്ചപ്പോള്‍ എന്റെ കണ്ണുകളും‍ നിറഞ്ഞുപോയി..മനസ്സില്‍ നിറഞ്ഞു വന്ന വികാരം സ്നേഹമാണോ ആരാധനയാണോ എന്നെനിക്ക് അറിയില്ലായിരുന്നു.. പക്ഷെ ഒന്നെനിക്ക് അറിയാമായിരുന്നു.. ഇതാണ് എന്റെ പുരുഷന്‍…

“എനിക്ക്..എനിക്കീ അനാഥനെ മതി..”

തൊഴുകൈകളോടെ, വിറപൂണ്ട എന്റെ അധരങ്ങള്‍ അങ്ങനെ മന്ത്രിച്ചപ്പോള്‍, ജയേട്ടന്റെ രൂപം എനിക്ക് അവ്യക്തമായിരുന്നു…

Written By Samuel George‎

LEAVE A REPLY

Please enter your comment!
Please enter your name here