Home Latest അത്‌ കേൾക്കാൻ കാത്ത്‌ നിന്ന പോലെ ഞമ്മളെ ബീവി കരച്ചിൽ തുടങ്ങി.. എന്റെ നെഞ്ചത്ത്‌ മുഖവും...

അത്‌ കേൾക്കാൻ കാത്ത്‌ നിന്ന പോലെ ഞമ്മളെ ബീവി കരച്ചിൽ തുടങ്ങി.. എന്റെ നെഞ്ചത്ത്‌ മുഖവും വെച്ച്‌ കെട്ടിപ്പിടിച്ചു ഒരേ കരച്ചിൽ …. ‌

0

എന്റെ ഡയറിക്കുറിപ്പ്‌
ഫിബ്രവരി 14

സമയം 6pm

ഇട വേദന ഉണ്ടെന്ന് പറഞ്ഞപ്പോ …ചുമ്മ ഒന്ന് ഡോക്ടറെ കാണിക്കാൻ വന്നതാ ഞാനും ഓളും ഓളെ ഉമ്മയും.. ചെക്കപ്പൊക്കെ കയിഞ്ഞപ്പോ ഡോക്ടർ പറഞ്ഞ് പ്രസവ വേദനയാണു.. ‌ ഇപ്പോ തന്നെ അഡ്മിറ്റ്‌ ആക്കണം എന്ന് ….. നാളെ അഡ്മിറ്റ്‌ ആക്കിയാ പോരേന്ന് ചോയിച്ചിട്ടും ഡോക്ടർ വിട്ടില്ല.. അഡ്മിറ്റ്‌ ആക്കിയേ പറ്റൂ എന്നൊറ്റ വർത്താനം… അത്‌ കേൾക്കാൻ കാത്ത്‌ നിന്ന പോലെ ഞമ്മളെ ബീവി കരച്ചിൽ തുടങ്ങി.. എന്റെ നെഞ്ചത്ത്‌ മുഖവും വെച്ച്‌ കെട്ടിപ്പിടിച്ചു ഒരേ കരച്ചിൽ …. ‌ഞാൻ ഓളെ കരച്ചിലിനു കോറസ്സ്‌ പാടുന്ന പോലെ … സാരൊല്ല ,ഒന്നൂല്ല ,പേടിക്കണ്ട എന്നൊക്കെ പറഞ്ഞു ഓൾടെ പുറത്ത്‌ തട്ടി സമാധാനിപ്പിക്കാൻ തുടങ്ങി…. കുറേ നേരം കയിഞ്ഞിട്ടും ഓളെ കരച്ചിൽ നിക്കണില്ല.. എനിക്കാണേൽ കോറസ്സ്‌ പാടി ബോറടിക്കാൻ തുടങ്ങി.. ഞാൻ മെല്ലെ ഓളെ നേരെ നിർത്തിക്കാൻ നോക്കി .. അപ്പൊ ഓളെ പിടുത്തം മുറുക്കാനും തുടങ്ങി ….

ഓൾ എണീറ്റിട്ട്‌ അഡ്മിറ്റ്‌ ആക്കൽ നടക്കില്ലാന്ന് അറിഞ്ഞപ്പോ ഞാൻ മെല്ലെ ഓളെയും പിടിച്ച് നേരേ ലേബർ റൂമിലേക്ക് നടന്നു .. ലേബർ റൂമിന്റെ അടുത്തെത്തിയപ്പോ ഓൾക്ക് സംഭവം മനസ്സിലായി .. എന്റെ മേലുള്ള പിടുത്തം വിട്ട് അവിടെ ഉള്ള കസേരയിൽ ഒറ്റ ഇരുത്തം .. എന്നിട്ടെന്നെ നോക്കി ഒരു പേടിപ്പിക്കലും …. പ്രസവിക്കണ്ട എന്നൊരു പറച്ചിലും

അവിടെ അവൾ ഇരുന്ന ഇരുത്തം അരമണിക്കൂർ അനങ്ങിയില്ല .. ഓളോട്‌ ഉമ്മയും ഞാനും ആവുന്ന പോലൊക്കെ പറഞ്ഞിട്ടും അനങ്ങിയില്ല …. ലാസ്‌റ് ഡോക്ടർ വന്ന് നല്ല പോലൊന്ന് ചൂടായപ്പോ…. കരഞ്ഞോണ്ട്‌ ലേബർ റൂമിലേക്ക്‌ കേറിപ്പോയി..

ഓള് പോയപ്പോ പിന്നെ എന്റെ കിളി പോയ അവസ്ഥയായി.. പറഞ്ഞയക്കണ്ടാരുന്നു എന്നൊക്കെ ഒരു തോന്നൽ …. കുറച്ചു കഴിഞ്ഞപ്പോ ഡോക്ടർ എന്നെയും ഓളെ ഉമ്മനെയും വിളിപ്പിച്ചു .. ഡോക്ടർ പറഞ്ഞു ..‌..വയർ കഴുകീട്ടുണ്ട്‌ .. വേദനക്കുള്ള മരുന്ന് കൊടുത്തിട്ടുണ്ട് … പിന്നെ നാളെ നേർസ്സുമാരുടെ സമരാണു.. അതോണ്ട്‌ ഇന്ന് പ്രസവിച്ചാൽ നല്ലത്‌.. ഇന്ന് പ്രസവിച്ചില്ലേൽ നാളെ നോർമ്മൽ പ്രസവമാണേൽ മാത്രമേ ഞാൻ അറ്റന്റ്‌ ചെയ്യുള്ളൂ.. ഓപ്പറേഷൻ ആണെങ്കിൽ നേരെ മെഡിക്കൽ കോളേജിലേക്ക്‌‌ കൊണ്ടോവേണ്ടി വരും ന്ന്.. അതൂടി കേട്ടതോടെ ഓളെ ഉമ്മാന്റെ കിളീം എന്തൊക്കെയോ ഒച്ചപ്പാടാക്കീറ്റ്‌ എങ്ങോട്ടോ പറന്നോയി..

ഞാനപ്പോ തന്നെ ഓൾടെ ഇത്താത്തമാരെ വിളിച്ച്‌ കാര്യങ്ങൾ പറഞ്ഞു.. അവർ പെട്ടെന്ന് എത്താന്നും പറഞ്ഞു… അവരു വരുന്നെ വരെ കിളിപോയ ഞാനും ഉമ്മയും ലേബർ റൂമിന്റെ പുറത്തും ഇരുന്നു…

സമയം 9pm
———–
ഇച്ചിരി കയിഞ്ഞപ്പോ ഓൾടെ ഇത്താത്താസ്‌ രണ്ടും വന്നു.. അവരെ കണ്ടതോടെ എനിക്ക്‌ ഒരു കുലുക്കി സർബ്ബത്ത്‌ കുടിച്ച പോലൊരു സുഖം … ഉമ്മാനെ നോക്കിയപ്പോ ഉമ്മയും കുടിക്കുന്ന് ഒരു സർബത്ത്‌..

ഉമ്മ അവരോട്‌ കാര്യങ്ങളൊക്കെ പറഞ്ഞു….ഇത്താത്താസ്‌ ഉമ്മാനെ സമാധാനിപ്പിക്കാൻ തുടങ്ങി.. ഇടക്ക്‌ എന്നേം സമാധാനിപ്പിച്ചു…..

പക്ഷേ എനിക്ക്‌ എങ്ങനെ സമാധാനം ഉണ്ടാവാനാ… പ്രസവിക്കുന്നേനു എനിക്ക്‌ സന്തോഷേയുള്ളൂ…. എന്റെ കുഞ്ഞിനെ കാണാൻ എനിക്കത്രയും കൊതിയുണ്ടാരുന്നു..

പക്ഷേ …‌ മെഡിക്കലിലേക്ക്‌ കൊണ്ടോവണം എന്ന് പറഞ്ഞതും ഓപ്പറേഷൻ വേണ്ടി വരുമെന്ന് പറഞ്ഞതും കേട്ടപ്പോ ‌നല്ല പോലെ ടെൻഷൻ ആയി…

സമയം 11pm
————-
റുമെടുക്കാനും വീട്ടിൽ പോയി സാധനങ്ങളൊക്കെ എടുത്തോണ്ട്‌ വരാനും തീരുമാനിച്ചു….. ഉമ്മാനെയും കൂട്ടി പോയി ഞാനതോക്കെ എടുത്തോണ്ട്‌ വന്നു…… റൂമിനുള്ള പൈസയൊക്കെ അടച്ച്‌ സാധനങ്ങളൊക്കെ റൂമിൽ കൊണ്ടോയി വെച്ച്‌.. പിന്നേയും ലേബർ റൂമിന്റെ മുന്നിൽ വന്നിരിപ്പായി…

ഫിബ്രവരി 15

സമയം 1 am
————–
സമരമായതോണ്ട്‌ രാത്രി തന്നെ പ്രസവിക്കട്ടേന്ന് കരുതി നല്ല ഡോസിലാണു മരുന്ന് കൊടുത്തത്…‌ പക്ഷേ വേദന വരുന്നില്ല .. അതോണ്ട്‌ തൽക്കാലം റൂമിലേക്ക്‌ മാറ്റാം .. വേദന വരുവാണേൽ പറഞ്ഞാ മതി എന്ന് ഡൊക്ടർ വന്ന് പറഞ്ഞു…. കുറച്ച്‌ കഴിഞ്ഞപ്പോ ഓളെ റൂമിലേക്ക്‌ മാറ്റി…

സമയം 4am

ചെക്കപ്പിനു വന്നപ്പോ ഡോക്റ്റർ പറഞ്ഞു.. ഇന്നെന്തായാലും ഇനി വേദന വരാൻ ചാൻസ്‌ ഇല്ല… അത്‌ കൊണ്ട്‌ ഡിസ്ചാർജ്ജ്‌ ആക്കുവാണു.. ഇവിടെ അടുത്തല്ലേ വീട്‌.. അപ്പോ ഇനി സഹിക്കാൻ പറ്റാത്ത വേദന വരുമ്പോ വന്ന് അഡ്മിറ്റായാ മതിയെന്ന്…

അങ്ങനെ ബില്ലൊക്കെ അടച്ച്‌ ഡിസ്ചാർജ്ജും ആയി രാവിലെ 7 മണിയായപ്പോ ഓളെ വീട്ടിലെത്തി.. രാത്രി ഉറങ്ങാത്തതോണ്ട്‌ ഞാൻ ചെന്നപാടെ കിടന്നങ്ങ്‌ ഉറങ്ങി..

ഫിബ്രവരി 15

സമയം 1pm
————

നല്ല വേദന ഉണ്ടെന്ന് പറഞ്ഞ്‌ ഓളെം കൊണ്ട്‌ പിന്നേം ഹോസ്പിറ്റലിലേക്ക്‌ പോയി.. ഇത്തവണ പോവുമ്പോ ഫുൾ സെറ്റപ്പിലാരുന്നു…. ചെന്നപാടെ ഓളെ ലേബർ റൂമിൽ കൊണ്ടാക്കി.. കൊണ്ട്‌ വന്ന സാധനങ്ങളൊക്കെ ഒരു റുമെടുത്ത്‌ കൊണ്ട്‌ വെച്ചു… ലേബർ റൂമിനു വെളിയി നിന്നു… സിസ്റ്റർമ്മാരുടെ സമരായോണ്ട്‌ ലേബർ റൂമും കാലി.. അതോണ്ട്‌ എന്നോട്‌ ലേബർ റൂമിലേക്ക്‌ കേറിക്കോളാൻ സിസ്റ്റർ പറഞ്ഞു…..

ഉള്ളിലേക്ക്‌ ചെന്നപ്പോ ഓളു ചെമ്മീനിലെ ഷീലേനെ പോലെ ഒരു മുണ്ടും ബ്ലൗസും ഇട്ട്‌ കിടക്കുന്ന്.. കണ്ടപ്പോ ചിരി വന്നെങ്കിലും കടിച്ച്‌ പിടിച്ചു.. ഓളെ അടുത്തിരുന്ന് ഞാൻ സമാധാനിപ്പിച്ചു.. പ്രസവ വേദന വരുന്നതും കാത്ത്‌ ഞങ്ങൾ കുറച്ചു പേരും.. വേദന വന്നാലും സഹിച്ച്‌ നിക്കുമെന്ന വാശിയിൽ കെട്ടിയോളും…

കുറേ ഇരുന്ന് ബോറഡിച്ചപ്പോ ഒരു സിഗരറ്റ്‌ വലിക്കാൻ ഞാൻ പുറത്തിറങ്ങി…. സിഗരറ്റും വലിച്ചോണ്ട്‌ നിന്നപ്പോ കോൾ വന്നു.. പെട്ടെന്ന് ചെല്ലാനും പറഞ്ഞിട്ട്‌… ഓടിക്കിതച്ച്‌ വന്നപ്പോ ഓളെ ഉമ്മ പറഞ്ഞു.. വേദന വന്നു.. ലേബർ റൂമിലേക്ക്‌ കൊണ്ടോവാണു .. നിന്നെ കാണണമെന്ന് പറഞ്ഞിനു…. ഒന്ന് വേഗം ചെല്ലു ന്ന്

ഞാൻ ചെന്നപ്പോ പെണ്ണു പൊട്ടിക്കരയാണു.. ഞാൻ പിന്നേം ഒന്നോണ്ടും പേടിക്കണ്ട.. സമാധാനായിട്ട്‌ പോ എന്നൊക്കെ പറഞ്ഞ്‌ സമാധാനിപ്പിക്കാൻ ശ്രമിച്ചു.. പക്ഷേ സംഭവം എന്റെ കയ്യീന്നും പോയി…. എത്ര ശ്രമിച്ചിട്ടും കണ്ണീന്ന് വെള്ളം വന്നോയി.. അത്‌ കണ്ടപ്പോ ഓളെ കരച്ചിലിനു ശക്തിയും കൂടി…

ഒന്ന് കെട്ടിപ്പിടിച്ച്‌ കവിളത്തൊരു മുത്തോം കൊടുത്ത്‌ തിരിഞ്ഞ്‌ പോലും നോക്കാതെ ഞാൻ അവിടുന്ന് ഇറങ്ങി നേരെ റൂമിലോട്ട്‌ പോയി നല്ലോണമൊന്ന് കരഞ്ഞു.. കുറച്ചേരം റൂമിൽ ഇരുന്ന് .. ബാത്രൂമിൽ കേറി മുഖൊക്കെ കഴുകി റൂമും പൂട്ടി നേരെ ലേബർ റൂമിന്റെ മുന്നിലെ കസേരയിൽ പോയി ഇരുന്നു…

സമയം 5 pm
——————
ലേബർ റൂമിന്റെ മുന്നിൽ ഇപ്പോ ഓളെ വീട്ടുകാർ.. കുടുംബക്കാർ.. എന്റെ വീട്ടുകാർ.. ഒക്കെയായി ഫുൾ ആൾക്കാർ.. വരുന്നവരും പോന്നവരും കുറേ ആൾക്കാരെ കണ്ടു എന്തോ ബല്യ പ്രശ്നം നടക്കുന്നുണ്ടെന്ന് കരുതി അന്വേഷിക്കാൻ തുടങ്ങി

ആ സമയത്താണു
ഡോക്‌ടർ വന്ന് പറയുന്നത്‌ .. നോർമ്മൽ ഡെലിവറിക്ക്‌ 40% ചാൻസ്‌ ഉള്ളൂ.. ‌.. കുറച്ച്‌ സമയം കൂടി കാത്ത്‌ നോക്കാം.. എന്തായാലും മെഡിക്കലിലേക്ക്‌ കൊണ്ട്‌ പോവാൻ വണ്ടി റെഡിയാക്കി വെച്ചോ.. ഓപ്പറേഷൻ വേണ്ടി വരാൻ ചാൻസ്‌ ഉണ്ടെന്ന്

അത്‌ കേട്ടപ്പോ എന്റെ ഇക്കാക്ക പറഞ്ഞു.. മെഡിക്കലിൽ കൊണ്ട്‌ പോവാൻ ആണേൽ ആംബുലാൻസ്‌ ആണു നല്ലത്‌.. അതാവുമ്പോ എല്ലാരും മാറിത്തരും …. നമ്മളെ വണ്ടിയിൽ പോയാൽ ശരിയാവില്ല എന്നൊക്കെ

അത്‌ കേട്ടപ്പോ ഞാൻ ഒന്നൂടി എന്തെല്ലോ ആയി.. ഓളെ ആംബുലാൻസിൽ കൊണ്ടൊയാൽ വണ്ടിയിൽ കേറ്റുന്നേനു മുന്നേ ഓളു മയ്യത്താവും.. റോഡിലൂടെ ആംബുലൻസ്‌ പോണത്‌ കണ്ടാ തന്നെ ചെവിയും പൊത്തി കണ്ണടച്ച്‌ ഇരിക്കുന്നോളെ എങ്ങനെ കൊണ്ടോവാനാ ന്ന് ഓർത്ത്‌ എന്റെ ബോധം പോവാനായി….

സമയം 6:30

മഗ്രിബ്‌ ബാങ്ക്‌ കൊടുക്കുന്നത്‌ കേട്ടപ്പോ എണീറ്റ്‌ ഞാൻ പള്ളിയിലേക്ക്‌ നടന്നു.. നിസ്ക്കരിച്ചും നല്ല പോലെ ഒന്ന് ദുഹാ ചെയ്തിട്ടും വരാമെന്ന് കരുതി പോയതാണു..ഫോൺ സെയിലന്റിലിട്ട്‌ നിസ്കരിച്ച്‌ കഴിഞ്ഞ്‌ ദുഹാ ചെയ്യും മുന്നെ ഫോണെടുത്ത്‌ നോക്കിയപ്പോ ഓളെ ഉമ്മാന്റെ കോൾ

മെല്ലെ പുറത്തിറങ്ങി കോളെടുത്തു.. ഇങ്ങളെവിടെയാ .. ജല്ലാപ്പി പ്രസവിച്ചു. മോനാണു വേഗം വാ എന്നേ കേട്ടുള്ളൂ.. പള്ളീന്ന് ഇറങ്ങിയൊറ്റ ഓട്ടമാരുന്ന്.. ലേബർ റൂമിനു മുന്നിലെത്തിയപ്പോ ഒരു ടവ്വലിൽ പൊതിഞ്ഞ്‌ എന്റെ മോൻ…. കണ്ണിന്നാണേൽ വെള്ളം വന്നിട്ട്‌ മര്യാദക്കൊന്ന് കാണാനും പറ്റണില്ല…

എന്റെ കയ്യിൽ കുഞ്ഞിനെ തന്നിട്ട്‌ വലത്‌ ചെവിയിൽ ബാങ്കും ഇടത്‌ ചെവിയിൽ ഇക്കാമത്തും കൊടുക്കാൻ പറഞ്ഞു.. ഞാൻ ഒരു മൂലക്ക്‌ പോയി നിന്ന് രണ്ടും ചെയ്തു… എന്നിട്ട്‌ തിരിച്ച്‌ കുഞ്ഞിനെ നേർസ്സുമാരുടെ അടുത്ത്‌ കൊടുത്തു.. അപ്പോ നേർസ്സു പറഞ്ഞു…കുഞ്ഞ്‌ 4 കിലോക്ക്‌ മേലെ തൂക്കമുണ്ട്‌ .. അതോണ്ട്‌ നല്ല പോലെ ഉമ്മ കഷ്ടപ്പെട്ടു.. എന്നാലും കുഞ്ഞിന്റെ ഉമ്മാക്ക്‌ കുഴപ്പൊന്നൂല്ല.. രണ്ട്‌ മണിക്കൂർ കഴിഞ്ഞാൽ റൂമിലോട്ട്‌ മാറ്റുമെന്നും…

ആ സമയത്ത്‌ ഞാനെന്റെ കെട്ടിയോളെ സ്നേഹിച്ചത്ര ഇത്‌ വരെ ഞാൻ സ്നേഹിച്ചിട്ടില്ല എന്നതാണു സത്യം

ആദ്യ പ്രസവം.. അതും നോർമ്മൽ പ്രസവം..4 കിലോക്ക്‌ മേലെ കുഞ്ഞിനു തൂക്കം.. 12 സ്റ്റിച്ച്‌…

ഇതൊക്കെ സഹിച്ചവളെ സ്നേഹിക്കൽ അല്ല.. ഓളെ കാലു കഴുകിയ വെള്ളം കുടിച്ചാലും മതിയാവില്ലെന്നത്‌ സത്യം…

രചന ; Namseer

LEAVE A REPLY

Please enter your comment!
Please enter your name here