Home Latest അമ്മയുടെ നിർബന്ധമൊന്ന് കൊണ്ട് മാത്രമാണ് ഞാൻ ആ നശിച്ച വീട്ടിൽ ട്യൂഷന് പോകുന്നത്… എന്നെ പഠിപ്പിക്കാൻ...

അമ്മയുടെ നിർബന്ധമൊന്ന് കൊണ്ട് മാത്രമാണ് ഞാൻ ആ നശിച്ച വീട്ടിൽ ട്യൂഷന് പോകുന്നത്… എന്നെ പഠിപ്പിക്കാൻ മാത്രമുള്ള അറിവ് അമ്മക്കില്ല എന്നതാണ് കാരണം…

0

അമ്മയുടെ നിർബന്ധമൊന്ന് കൊണ്ട് മാത്രമാണ് ഞാൻ ആ നശിച്ച വീട്ടിൽ ട്യൂഷന് പോകുന്നത്….. എന്നെ പഠിപ്പിക്കാൻ മാത്രമുള്ള അറിവ് അമ്മക്കില്ല എന്നതാണ് കാരണം…… പത്താം ക്ലാസ്സ് എന്തോ ബാലികേറാമലയാണെന്നാണ് അമ്മേടെ വിചാരം….. സ്വയം പഠിച്ച് നല്ല മാർക്ക് വാങ്ങാനുള്ള കഴിവെനിക്കുണ്ട് എങ്കിലും അമ്മയുടെ ആശ്വാസത്തിനായാണ് ആതിര ചേച്ചിയുടെ വീട്ടിൽ ട്യൂഷന് പോകുന്നത്….. മതിയായി……. വെറുത്തു…….. ഒന്നുമില്ലെങ്കിൽ ആതിര ചേച്ചി ഞങ്ങളെ പഠിപ്പിക്കുന്ന ടീച്ചറല്ലെ?????? കുട്ടികളോട് ഇങ്ങനെ തരംതിരിവ് കാണിക്കാമോ???……

ഇന്നത്തെ ദിവസം ജീവിതത്തിലൊരിക്കലും മറക്കാനാവില്ല….. ഞാൻ കറുത്തവനാണ് എന്നാൽ എന്റെ ചോരക്കും ചുവപ്പുനിറമാണ്…. എന്റെ അമ്മ ആതിര ചേച്ചിയുടെ വീട്ടിൽ ജോലിക്ക് നിന്നിട്ടുണ്ട് വീട്ടുവേലക്കാരിയുടെ മകനോടുള്ള പുച്ഛമാണ് ചേച്ചിക്ക് എന്നോട്…. ഓരോ മാസവും മുടങ്ങാതെ എന്റെ അമ്മയുടെ വിയർപ്പിൽ കുതിർന്ന നോട്ടുകൾ ട്യൂഷൻ ഫീസായി നൽകുമ്പോളും വെറുപ്പോടെ ചേച്ചിയെന്നെ നോക്കും…. ആ നോട്ടിൽ ഞാനെത്രത്തോളം ഉരുകുന്നുവെന്ന് എനിക്കേ അറിയൂ…..

ഇന്ന്… ഇന്ന് ചേച്ചിയെന്നെ ഒരുപാട് വേദനിപ്പിച്ചു.. വാക്കുകൾ കൊണ്ട് കീറി മുറിച്ചു.. എന്നെ ശപിച്ചു…. എന്തിനാണെന്ന് ഇപ്പോഴും എനിക്കറിയില്ല…. ദാഹിച്ചപ്പോൾ ഒരു ഗ്ലാസ്സ് വെള്ളം ചോദിച്ച് വാങ്ങി കുടിച്ചതിനാവാൻ വഴിയില്ല… കഴിഞ്ഞ പരീക്ഷയിൽ ആതിര ചേച്ചിയുടെ അനിയത്തി ആര്യയേക്കാൾ 15 മാർക്ക് കൂടുതൽ വാങ്ങിയതിനാണോയെന്ന് സംശയമുണ്ട്…..

ഉള്ളിൽ എന്നോട് പുച്ഛമുണ്ട്… എന്നെ പഠിപ്പിക്കാൻ ഇഷ്ടമല്ല എന്നുറപ്പാണ്… അതുകൊണ്ടല്ലെ മറ്റുള്ളവരോടൊപ്പം എന്നെ ഇരുത്താത്…..

എന്റെയൊപ്പം ട്യൂഷന് വരുന്നവരെല്ലാം വലിയ വലിയ വീട്ടിലെ കുട്ടികളാണ്… അവരോടെല്ലാം ചേച്ചി വളരെ സ്നേഹത്തോടെ പെരുമാറും… എന്നെയൊഴിവാക്കുന്നത് മന:പൂർവ്വമാണ്… ഇന്ന് ചേച്ചി പറഞ്ഞു ഞാൻ പരീക്ഷക്ക് കോപ്പിയടിച്ചാണ് മാർക്ക് വാങ്ങിയതെന്ന്…. എന്നെ പരിഹസിക്കാൻ കിട്ടുന്ന അവസരമൊന്നും ചേച്ചി കളയാറില്ല… എന്റെ കഴിവിനെ അംഗീകരിക്കണ്ട എന്നെ പ്രോത്സാഹിപ്പിക്കണ്ട എന്നെ തളർത്താതിരുന്നൂടെ…. അതിനു മാത്രം എന്ത് ക്രൂരതയാണ് ഞാൻ ചെയ്തത്…. പണമില്ലെങ്കിലും ട്യൂഷൻ ഫീസ് ഇന്നുവരെ മുടങ്ങിയിട്ടില്ല… ഇനിയും ഇത് സഹിക്കാനാവില്ല…..

പാവം എന്റെ അമ്മ ഒരുപാട് പ്രതീക്ഷയോടെയാണ് അധ്വാനിക്കുന്നത്…. ദൈവമേ നീയത് കാണുന്നില്ലെ…. ഇന്നുവരെ ഒരു ജീവിയുടേയും മനസ്സിനേയോ ശരീരത്തേയോ ഞാൻ മുറിവേൽപ്പിച്ചിട്ടില്ല എന്നിട്ടും എന്തിനാ എന്നെ പരീക്ഷിക്കുന്നത്…..

നാളെ മുതൽ ട്യൂഷന് പോവാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടാക്കണം… ദൈവമേ… അമ്മയെ വേദനിപ്പിക്കാത്ത ഒരു കാരണം നീ തന്നെ കാണിച്ചു തരണേ…….

അപ്പോഴാണ് പുറത്ത് അച്ചുവിന്റെ ശബ്ദം കേട്ടത്….

” ശാരദേച്ചീ…. അപ്പു ഇല്ലെ?….”

ഉമ്മറത്ത് തയ്ച്ചുകൊണ്ടിരുന്ന അമ്മ എന്നെ വിളിച്ചു…. ഞാൻ വേഗം എഴുതി കൊണ്ടിരുന്ന ഡയറി അടുക്കി വെച്ച പുസ്തകത്തിന്റെ അടിയിൽ ഒളിപ്പിച്ച് ഉമ്മറത്ത് വന്നു….

“എന്താ അച്ചൂ…..???? എന്താ ഈ നേരത്ത്…??”

അവൻ പറഞ്ഞു.. ” അപ്പൂ.. നാളെ കാലത്ത് 6 മണിക്കാണ് ട്യൂഷൻ…”

അത് കേട്ടതും ഡയറി എഴുതിയപ്പോൾ കിട്ടിയ സമാധാനം പോയി…… രണ്ടും കൽപിച്ച് ഞാൻ ഒരു പേനയും പേപ്പറുമെടുത്തു….. മനസ്സിൽ തോന്നിയ ചെറിയ ബുദ്ധി വെച്ച് വെള്ള കടലാസിൽ കുത്തിക്കുറിച്ചു…..

പ്രിയപ്പെട്ട ആര്യക്ക്,
എങ്ങനെ തുടങ്ങണമെന്നെനിക്കറിയില്ല… നിന്റെ പലപ്പോഴുള്ള നോട്ടത്തിലും ഭാവത്തിലും നിനക്കെന്നോട് എന്തോ അടുപ്പമുള്ളതായി എനിക്ക് തോന്നുന്നു…. ആര്യ എന്നോട് ക്ഷമിക്കണം.. ആര്യക്ക് എന്നേക്കാൾ നല്ല ചെക്കനെ കിട്ടും… വെറുതെ എനിക്ക് വേണ്ടി സമയം കളയരുത്…….

എന്ന് അപ്പു

ഇത്രയും എഴുതിയ കടലാസ് മടക്കി പോക്കറ്റിലിട്ട് കൃത്യം 6 മണിക്ക് ട്യൂഷൻ ക്ലാസ്സിലെത്തി… ആതിര ചേച്ചി കാണുംവിധത്തിൽ പേപ്പർ ചുരുട്ടിയിട്ട് ഞാനവിടെ നിന്നിറങ്ങി….

പ്ലാൻ വിജയിക്കുമോ എന്നറിയില്ല.. എന്തായാലും കാത്തിരുന്ന് കാണാം….

വൈകീട്ട് ഞാൻ സ്കൂളിൽ പോയി വരുമ്പോൾ ദേ ആതിരചേച്ചി വീട്ടിൽ നിൽക്കുന്നു..
. “ദൈവമേ… പണി പാളിയോ…..” :
ഞാൻ കേറി ചെന്നതും ചേച്ചി ഇറങ്ങി പോയി……

ഒരു സംഘർഷാവസ്ഥയാണ് ഞാനും അവിടെ പ്രതീക്ഷിച്ചത് .. പക്ഷെ സംഭവിച്ചത് മറിച്ചായിരുന്നു.. അതെ ദൈവം എന്റെ കൂടെയാ…..

അമ്മക്ക് പതിവില്ലാത്ത സന്തോഷം ‘…… അമ്മ പറഞ്ഞു…. “മോനേ ….ആതിരചേച്ചി പറയുവാ നീ നന്നായി പഠിക്കുന്നുണ്ട്, നിന്നെയിനിട്യൂഷനൊന്നും വിടേണ്ട കാര്യമില്ലെന്ന്…. അത് കേട്ടപ്പൊ അമ്മക്ക് സന്തോഷായീട്ടോ…. ഇനി മോൻ ട്യൂഷന് പോവണ്ട… വീട്ടിലിരുന്ന് പഠിച്ചാ മതീ….. ”

അത് കേട്ടതും തുള്ളിച്ചാടാനാണ് എനിക്ക് തോന്നിയത്…. ഞാനെന്റെ സന്തോഷം എന്റെ ഡയറിയുമായ് പങ്കുവെച്ചു….

” വലയിൽ നിന്ന് രക്ഷപ്പെട്ട മീനിന്റെ സന്തോഷമുണ്ടെനിക്ക്…… ഒന്നുമറിയാത്ത പാവം ആര്യയോട് സഹതാപമുണ്ട്… കുറ്റബോധമുണ്ട് എങ്കിലും ആശ്വാസത്തിന്റെ അളവിൽ കുറ്റബോധം എവിടേയോ മുങ്ങി പോയി….. മനസ്സുകൊണ്ട് ആര്യയോട് മാപ്പു ചോദിക്കുന്നു… എനിക്കെന്നെ രക്ഷിക്കാൻ വേറേ മാർഗമില്ലായിരുന്നു…….

എന്നെ അവഗണിക്കുന്നത് എന്റെ അവസ്ഥയുടെ പേരിലാവുമ്പോ അതിന്റെ കുറച്ചില് എന്റെ അമ്മയ്ക്കു കൂടെയാണ് എന്റെ കണ്ണൊന്നു നിറഞ്ഞാൽ നുറുങ്ങുന്നത് ആ ഹൃദയമായിരിക്കുമെന്ന് എനിക്ക് നന്നേ ഉറപ്പുണ്ട്

എനിക്കുറപ്പുണ്ട് മനസ്സിരുത്തി പഠിച്ചാൽ ഇനിയൊരു ട്യൂഷന്റെ അവശ്യമില്ലെന്ന്…..

രചന ; അഞ്ജലി_മോഹനൻ

LEAVE A REPLY

Please enter your comment!
Please enter your name here