Home Latest വിവാഹദിനം മുതല്‍ തന്നെ അവരെ ഞാന്‍ വെറുക്കാന്‍ തുടങ്ങിയതാണ്… വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് മാത്രം...

വിവാഹദിനം മുതല്‍ തന്നെ അവരെ ഞാന്‍ വെറുക്കാന്‍ തുടങ്ങിയതാണ്… വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് മാത്രം അവരെ എനിക്ക് അമ്മ എന്ന് വിളിക്കേണ്ടി വന്നു.

0

ആ സ്ത്രീ

ആ സ്ത്രീയെ എനിക്ക് ഇഷ്ടമായിരുന്നില്ല; വിവാഹദിനം മുതല്‍ തന്നെ അവരെ ഞാന്‍ വെറുക്കാന്‍ തുടങ്ങിയതാണ്. ഭര്‍ത്താവിന്റെ അമ്മ എന്ന പരിഗണന അവര്‍ക്ക് നല്‍കാന്‍ എനിക്ക് നന്നേ പ്രയാസപ്പെടേണ്ടി വന്നു. വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് മാത്രം അവരെ എനിക്ക് അമ്മ എന്ന് വിളിക്കേണ്ടി വന്നു. അവര്‍ ഒപ്പമില്ലായിരുന്നു എങ്കില്‍ ജീവിതം എത്ര സുഖകരമാകുമായിരുന്നു എന്ന് ഞാന്‍ ചിന്തിക്കാത്ത ദിനങ്ങളില്ല. ഭര്‍ത്താവും ഞാനും മക്കളും മാത്രമുള്ള ഒരു ലോകമാണ് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത്. അതിനിടയില്‍ കല്ലുകടിയായി മറ്റാരും വേണ്ട എന്ന എന്റെ ഇഷ്ടം പക്ഷെ ആ സ്ത്രീ കാരണം നടന്നില്ല.

ഭര്‍ത്താവില്ലാത്ത സമയങ്ങളില്‍ അവരോട് ഞാനെന്‍റെ തത്സ്വരൂപം കാണിച്ചു. അവരോട് എനിക്കുള്ള വെറുപ്പ് അധിക്ഷേപ വാക്കുകളുടെ രൂപത്തില്‍ തീര്‍ക്കാന്‍ കിട്ടിയ ഓരോ അവസരവും ഞാന്‍ മുതലാക്കി. അപ്പോഴൊക്കെ അവര്‍ എന്നെ ഉപദേശിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അടങ്ങാത്ത പക കാരണം എനിക്ക് അവരുടെ സംസാരം കേള്‍ക്കുന്നത് തന്നെ വെറുപ്പായിരുന്നു. ലോകത്ത് ഞാന്‍ ഇത്രയധികം വെറുത്ത മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നില്ല. അവരെന്തിന് ഞങ്ങള്‍ക്കിടയില്‍ ഒരു അസ്വാരസ്യമായി നിലകൊള്ളുന്നു എന്ന് പലവുരു ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ഒരിക്കല്‍ ഭര്‍ത്താവിന്റെ മുന്‍പില്‍ തന്ത്രപരമായി അക്കാര്യം ഞാന്‍ അവതരിപ്പിക്കുകയും ചെയ്തു.

“ചേട്ടാ അമ്മ ഇവിടെത്തന്നെ താമസിച്ച് ബോറടിക്കുകയല്ലേ? ഇടയ്ക്ക് മറ്റു മക്കളുടെ വീടുകളിലും പോയി താമസിച്ചാല്‍ അത് അമ്മയ്ക്കൊരു ചെയ്ഞ്ച് ആകും. എന്നും ഈ വീടും അടുക്കളയും പറമ്പും തന്നെയല്ലേ അമ്മ കാണുന്നത്..ചേട്ടന്‍ അതെപ്പറ്റി അമ്മയോട് സംസാരിക്കണം..”

എന്റെ സംസാരം കേട്ട ഭര്‍ത്താവ് ആദ്യം ഒന്ന് പുഞ്ചിരിച്ചു. പിന്നെ ഇങ്ങനെ പറഞ്ഞു:

“അമ്മയെ ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കം അല്ലെ?”

“ഇതാണ് ചേട്ടന്റെ കുഴപ്പം. ഞാനെന്ത് പറഞ്ഞാലും സംശയമാണ്. അമ്മയുടെ മനസുഖത്തിനു വേണ്ടിയല്ലേ ഞാന്‍ അങ്ങനെ പറഞ്ഞത്..അല്ലെങ്കിലും എന്നോട് ചേട്ടന് തരിമ്പും സ്നേഹമില്ല” ഞാന്‍ പരിഭവം നടിച്ചു.

“എടി ഭാര്യെ, ഞാനും ഈ വീട്ടില്‍ത്തന്നെയല്ലേ താമസം. നിന്റെ മനസ്സിലിരിപ്പ് മനസിലാക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട് എന്നാണോ നീ കരുതുന്നത്? നോക്ക്..അമ്മയ്ക്ക് അമ്മയുടെ ഇഷ്ടമാണ് ജീവിതം. മുന്‍പും അത് അങ്ങനെ തന്നെ ആയിരുന്നു, തുടര്‍ന്നും അത് അങ്ങനെ തന്നെ ആയിരിക്കും. ഇവിടെ, ഈ വീട്ടില്‍ അമ്മയ്ക്കുള്ളതും ആ സ്വാതന്ത്ര്യമാണ്. ചേച്ചിമാരുടെയോ ചേട്ടന്മാരുടെയോ അനുജന്റെയോ വീടുകളില്‍ പോകാന്‍ സ്വയം ആഗ്രഹിക്കുന്നു എങ്കില്‍ അത് അമ്മ തന്നെ പറയും. അല്ലാതെ ഞാന്‍ ചെന്നു പറഞ്ഞുണ്ടാക്കി എടുക്കേണ്ട ഒന്നല്ല അത്..മനസിലായോ?”

ഭര്‍ത്താവിന്റെ മറുപടി എന്റെ ഉള്ളില്‍ കോപമുണ്ടാക്കി എങ്കിലും ശരീര വേദന എനിക്ക് ഇഷ്ടമല്ലാത്തതിനാല്‍ അത് ഉള്ളില്‍ത്തന്നെ ഒതുക്കി.

“ശരി ഞാനൊന്നും പറഞ്ഞിട്ടുമില്ല..ചേട്ടന്‍ കേട്ടിട്ടുമില്ല..ഞാന്‍ ഉറങ്ങാന്‍ പോവാ”

കട്ടിലില്‍ ഒരു വശത്തേക്ക് ചെരിഞ്ഞു കിടന്നുകൊണ്ട് ഞാന്‍ പറഞ്ഞു. തള്ളയെ എങ്ങോട്ടെങ്കിലും മാറ്റാതെ എനിക്ക് മനസുഖം കിട്ടില്ല എന്നും പക്ഷെ അതിനു യാതൊരു മാര്‍ഗ്ഗവുമില്ല എന്നുമുള്ള ചിന്ത എന്റെ രക്തം തിളപ്പിച്ചു. നാശം പിടിച്ച തള്ള ഒന്ന് ചത്തു കിട്ടിയെങ്കില്‍ എത്ര നന്നായിരുന്നു എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ ഉറങ്ങാന്‍ ശ്രമിച്ചു.

നാളുകള്‍ നീങ്ങിക്കൊണ്ടിരുന്നു. അവരോടുള്ള എന്റെ വെറുപ്പ് ദിനംപ്രതി വര്‍ധിച്ചു വന്നെങ്കിലും ഞാന്‍ നിസ്സഹായ ആയിരുന്നു. സ്വയം വെറുപ്പ് തോന്നിയ ജീവിതമായിരുന്നു എന്റേത്. ഭര്‍ത്താവും കുട്ടികളും ഞാനും മാത്രമുള്ള ആ ജീവിതം അവര്‍ കാരണം ഒരു കിട്ടാക്കനിയായിത്തന്നെ നിലനില്‍ക്കെ എനിക്ക് അങ്ങനെ താമസിക്കുന്നവരോട് കടുത്ത അസൂയ ഉടലെടുത്തു. തള്ളയുടെ മറ്റു മക്കള്‍ എല്ലാം സ്വതന്ത്രരായാണ് താമസിക്കുന്നത്. അവര്‍ക്ക് ആരുടേയും ഒരു ഉപദ്രവവും ഇല്ല. പക്ഷെ ഞാന്‍ മാത്രം ഇങ്ങനെ നരകിച്ചു ജീവിക്കുകയാണ്. ഈശ്വരാ ഈ നശൂലം പിടിച്ച തള്ളയുടെ ജീവന്‍ നിനക്ക് അങ്ങെടുത്തുകൂടെ എന്ന് ദൈനംദിന അടിസ്ഥാനത്തില്‍ ഞാന്‍ പ്രാര്‍ഥിക്കാന്‍ തുടങ്ങി.

ഈശ്വരന്‍ അവസാനം എന്റെ പ്രാര്‍ത്ഥന കേട്ടു. ഒരു ദിവസം രാവിലെ ഞങ്ങള്‍ ഉറക്കമുണര്‍ന്നത് തള്ളയുടെ നിശ്ചലമായ ദേഹം കാണുവാന്‍ വേണ്ടി ആയിരുന്നു. മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ഞാന്‍ നിര്‍ത്താതെ കരഞ്ഞെങ്കിലും എന്റെ മനസ് സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടുകയായിരുന്നു.

ചടങ്ങുകള്‍ എല്ലാം തീര്‍ന്നു ബന്ധുക്കള്‍ പിരിഞ്ഞു പോയതോടെ വീട് ആദ്യമായി സ്വന്തമായത് പോലെ എനിക്ക് തോന്നി. ഇനി ഇതിനു വേറെ അവകാശികള്‍ ഇല്ല. നാളിതുവരെ ഇവിടെ എന്റെ അധികാരത്തിനു മുകളില്‍ മറ്റൊരു വ്യക്തി ഉണ്ടായിരുന്നു; ഞാന്‍ ഉള്ളം കൊണ്ട് അങ്ങേയറ്റം വെറുത്തിരുന്ന ആ സ്ത്രീ. ഇന്ന് അവരില്ല. ഇനി ഇത് എന്റെ സ്വന്തം വീടാണ്; ഞങ്ങളുടെ സ്വന്തം വീടാണ്. പുതിയ ഒരു ഉന്മേഷം എന്നെ കീഴടക്കി. ഞാന്‍ ഏറെ നാളായി മോഹിച്ചു സ്വപ്നം കണ്ടിരുന്ന ജീവിതം ഉത്സാഹത്തോടെ ഞാന്‍ ആരംഭിച്ചു.

പക്ഷെ എന്റെ ഉത്സാഹം അധികം നീണ്ടില്ല. എന്നും ചെയ്തുകൊണ്ടിരുന്ന ജോലികളുടെ ഭാരം വളരെ വലുതായി തള്ളയുടെ മുന്‍പില്‍ ചിത്രീകരിച്ചിരുന്ന ഞാന്‍, അവര്‍ ഇല്ലാതായപ്പോള്‍ ആണ് ഞാന്‍ ചെയ്യാതിരുന്ന ജോലികളുടെ കടുപ്പം തിരിച്ചറിയുന്നത്. പറമ്പിലും അടുക്കളയിലും ഞങ്ങളുടെ സ്വകാര്യ മുറി ഒഴികെയുള്ള എല്ലാ മുറികളിലും നിരന്തര സാന്നിധ്യമായിരുന്ന അവര്‍ ചെയ്തിരുന്ന ജോലികളുടെ വ്യാപ്തി മനസിലായപ്പോള്‍ ഞാന്‍ തളര്‍ന്നുപോയി; കാരണം ഇനി അതെല്ലാം ഞാന്‍ തനിച്ചു ചെയ്യണം. ഇനി എന്നെ സഹായിക്കാന്‍ ഇവിടെ വേറെ ആരുമില്ല. കുട്ടികളുടെ കാര്യവും ഭര്‍ത്താവിന്റെ കാര്യവും വളര്‍ത്തു മൃഗങ്ങളുടെ കാര്യവും എല്ലാം ഇനി ഞാന്‍ തനിച്ചു നോക്കണം. അവര്‍ ഉണ്ടായിരുന്നപ്പോള്‍ അവരെ വെറുക്കാനുള്ള കാരണങ്ങള്‍ മാത്രം തേടിക്കൊണ്ടിരുന്ന ഞാന്‍ അവര്‍ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികളുടെ വില തിരിച്ചറിഞ്ഞിരുന്നില്ല. ആദ്യമായി ആ സ്ത്രീയുടെ വില ഞാന്‍ മനസിലാക്കി. എന്റെ തിരിച്ചറിവ് എന്നേക്കാള്‍ അധികം മനസിലാക്കിയത് എന്റെ ഭര്‍ത്താവ് തന്നെയാണ്.

“നീ ഒരിക്കല്‍ പറഞ്ഞത് പോലെ അമ്മ വേറെ ആരുടെയെങ്കിലും ഒപ്പം പോയി കുറെ ദിവസം താമസിച്ചിരുന്നു എങ്കില്‍ നീ ഇത് നേരത്തെതന്നെ മനസിലാക്കിയേനെ. നിന്റെ ജോലിഭാരം മനസിലാക്കിത്തന്നെയാണ് അമ്മ വേറെങ്ങും പോകാതിരുന്നത്. മാത്രമല്ല, അമ്മ നിന്നെ സ്നേഹിച്ചത് പോലെ വേറെ ആരെയും സ്നേഹിച്ചിട്ടും ഉണ്ടായിരുന്നില്ല. അമ്മ പ്രകടനങ്ങളില്‍ വിശ്വസിച്ചിരുന്നില്ല. മനസിലുള്ളത് തുറന്ന് പറയുന്ന, അധ്വാനത്തില്‍ വിശ്വസിച്ചിരുന്ന പച്ചയായ സ്ത്രീ ആയിരുന്നു അവര്‍. ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നതില്‍ സുഖവും സന്തോഷവും കണ്ടെത്തിയിരുന്ന അപൂര്‍വ്വം മനുഷ്യരില്‍ ഒരാള്‍..”

ഞാന്‍ മറുപടി പറയാന്‍ വാക്കുകള്‍ തേടി എങ്കിലും എനിക്ക് സാധിച്ചില്ല.

“ഇത് കണ്ടോ..തുറന്ന് നോക്ക്”

ഭര്‍ത്താവ് ചെറിയ ഒരു തുണിസഞ്ചി എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. ഞാന്‍ അതുവാങ്ങി തുറന്ന് നോക്കി. അതില്‍ കുറെ സ്വര്‍ണാഭരണങ്ങളും കുറച്ചു പണവും ഉണ്ടായിരുന്നു. ഞാന്‍ ചോദ്യഭാവത്തില്‍ ഭര്‍ത്താവിനെ നോക്കി.

“ഇത് അമ്മയുടെ ജീവിത സമ്പാദ്യമാണ്. മരണശേഷം നിനക്ക് നല്‍കാന്‍ വേണ്ടി, നിനക്കും മക്കള്‍ക്കും വേണ്ടി അമ്മ കരുതി വച്ചിരുന്നതാണ് ഇത്. മരിക്കുന്നതിന്റെ തലേ രാത്രിയാണ് ഇതെപ്പറ്റി അമ്മ എന്നോട് പോലും പറഞ്ഞത്. ഇതിലുള്ള ആഭരണങ്ങളുടെയൊ പണത്തിന്റെയോ വലിപ്പമല്ല, അത് ഉള്‍ക്കൊള്ളുന്ന സ്നേഹമാണ് നീ അറിയേണ്ടത്. നാളിതുവരെ നീ അറിയാതെ പോയതും അത് തന്നെ ആയിരുന്നു..”

ഞാന്‍ അതുവരെ കണ്ടിട്ടില്ലാത്ത പുതിയ ഒരു മുഖം ആ സ്ത്രീയ്ക്ക് ഉണ്ടായിരുന്നു എന്നത് എന്നെ ഉലച്ചു. അവരെ അറിയാന്‍ അവര്‍ ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ തരിമ്പും ശ്രമിച്ചിരുന്നില്ല.

“നാളെ നിന്റെ മകന്റെ ഭാര്യ നിന്നോട് പെരുമാറുന്ന വിധം നന്നായിരിക്കട്ടെ എന്ന് മാത്രം ഞാന്‍ ആശിക്കുന്നു. കാരണം നിന്നെപ്പോലെ ഉള്ള സ്ത്രീകള്‍, നേരില്‍ അനുഭവിക്കുന്നത് വരെ ഒന്നും പഠിക്കില്ല. ഇന്നലത്തെ കുട്ടിയായ നീ നാളത്തെ വല്യമ്മയാണ് എന്ന ചിന്ത മനസ്സില്‍ ഉണ്ടായിരുന്നെങ്കില്‍, പലതും നീ അറിയേണ്ട സമയത്ത് അറിഞ്ഞേനെ….”

അത്രയും പറഞ്ഞിട്ട് ഭര്‍ത്താവ് പുറത്തേക്ക് പോയപ്പോള്‍ ഞാന്‍ ആ തുണി സഞ്ചി നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു. ഇതിന്റെ ഉള്ളില്‍ വളരെ കുറച്ചു സ്വര്‍ണവും പണവുമേ ഉള്ളൂ. അമ്മയ്ക്ക് സ്വന്തമായി ജോലിയോ വരുമാനമോ ഇല്ലാതിരുന്നിട്ടും പലപ്പോഴായി കിട്ടിയ ചെറിയ തുകകള്‍ കളയാതെ സൂക്ഷിച്ച് അത് തനിക്ക് തന്നിരിക്കുന്നു! എനിക്കൊ ചേട്ടനോ അറിയില്ലായിരുന്ന ഈ കുഞ്ഞുസമ്പാദ്യം അമ്മയ്ക്ക് വേണമെങ്കില്‍ വേറെ ആര്‍ക്കും നല്‍കാമായിരുന്നു; എന്നും അവരെ വെറുക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്ന എനിക്ക് തന്നെ അത് നല്‍കിയത്, എന്റെ കണ്ണുകള്‍ തുറക്കാന്‍ വേണ്ടിയല്ലേ? ഇത് ഒരു മധുര പ്രതികാരം അല്ലെ? അതെ..ഇത് അമ്മ പലപ്പോഴും എന്നോട് പറയാന്‍ ശ്രമിച്ചിരുന്ന നല്ല വാക്കുകളുടെ ആകെത്തുകയാണ്..

ആ ചെറുസഞ്ചി നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച് ഞാന്‍ പുറത്ത്, അമ്മയെ അടക്കിയിരുന്ന ഇടത്തേക്ക് നടന്നു..

രചന : samuel george

LEAVE A REPLY

Please enter your comment!
Please enter your name here