നിനക്ക് എന്നേക്കാൾ വലുത് നിന്റെ കൂട്ടുകാരിയല്ലേ? ഞാൻ പൊട്ടിയാണ്. ഇല്ലാത്ത സ്നേഹം പിടിച്ച് വാങ്ങാൻ ശ്രമിക്കുന്നു..
മനസ്സിൽ പോലും ഓർക്കാത്ത കാര്യം പറയല്ലേ സനാ. കൂട്ടുകെട്ടും പ്രണയവും ഒരേ കണ്ണിൽ കാണരുത് .. ഇങ്ങനെ നിലവാരം കുറഞ്ഞ് നീ ചിന്തിക്കരുത്..
കൂടുതൽ സംസാരിച്ച് ബുദ്ധിമുട്ടേണ്ട. ഞാൻ പോയി തരാം. നിങ്ങൾ രണ്ട് പേരും അഭിനയിച്ചങ്ങ് ജീവിക്ക്..
ടീ ഞാൻ പറയുന്നത് നീയൊന്ന് മനസ്സിലാക്ക്..
മനസ്സിലാവില്ല. എനിക്കൊന്നും മനസ്സിലാവില്ല. എന്റെ സ്നേഹം മാത്രം നിനക്ക് സ്വാർത്ഥതയായിട്ടാണ് തോന്നുന്നത്. ബാക്കിയെല്ലാം പരിശുദ്ധ സ്നേഹവും. കുറേ മിസ്സ് ചെയ്യുമ്പോൾ അടുപ്പിച്ച് നാലഞ്ച് പ്രാവശ്യം വിളിച്ചാൽ അതെന്റെ സ്വാർത്ഥത. കുറച്ച് നേരം സംസാരിച്ചാലും നിങ്ങൾ പറയുന്നതത്രയും അവളെ കുറിച്ചാകും. അപ്പോഴൊന്ന് ദേഷ്യപ്പെട്ടാൽ അതും എന്റെ സ്വാർത്ഥത.. ഞാൻ ചെയ്യുന്നതെല്ലാം സ്വാർത്ഥത. അവളൊരു പോസ്റ്റിട്ടാൽ പോലും നിങ്ങൾ അവളെ സന്തോഷിപ്പിച്ച് കൂടെ നിൽക്കും. അത്രയും സ്നേഹം എന്നോട് ഇത് വരെ നിങ്ങൾ കാണിച്ചിട്ടുണ്ടോ?
നിന്റെ സ്വാർത്ഥതകൾ എല്ലാം എനിക്കിഷ്ടമാണ്. ഞാനത് ആസ്വദിക്കാറുണ്ട്. പിണക്കത്തിനും ഇണക്കത്തിനും ഇടയിൽ എന്റെ മനസ്സിൽ നിനക്ക് ഞാൻ നൽകുന്ന സ്ഥാനം നീ മനസ്സിലാക്കുന്നില്ലല്ലോ.. എന്റെ സ്നേഹം നീ മനസ്സിലാക്കുന്നില്ലല്ലോ.
മനസ്സിലാക്കാം. ഞാനെല്ലാം മനസ്സിലാക്കാം നിങ്ങളാ കൂട്ടുകെട്ട് വേണ്ടാന്ന് വെച്ച് വന്നാൽ. അതിനു കഴിയാത്തിടത്തോളം എനിക്ക് മനസ്സിലാക്കാൻ പറ്റില്ല.. പിരിയാം നമ്മുക്ക്.അതായിരിക്കും നല്ല തീരുമാനം..
എന്നിൽ നിന്നും എത്ര ദൂരേയ്ക്ക് വേണമെങ്കിലും നിനക്ക് പോകാം. പിണക്കം മാറുമ്പോൾ എന്നെ മനസ്സിലാക്കാൻ കഴിയുമ്പോൾ മടങ്ങി വരണം..
ഞാനിത്രയെക്കെ പറഞ്ഞിട്ടും തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ പോയി ടീ അവൾ. എന്റെ വാക്കുകളിൽ എങ്കിലും മനസ്സൊന്നിടറി അവൾ തിരിഞ്ഞു നോക്കുമെന്ന് ഓർത്തു ഞാൻ. പെണ്ണിന് വാശിയാണ്.. എന്റടുത്തല്ലേ പറ്റു ഇതെക്കെ..
എല്ലാം എനിക്ക് വേണ്ടിയല്ലേ. ഞാൻ കാരണമല്ലേ. എന്റെ സൗഹൃദം വേണ്ടാന്ന് വെച്ചാൽ തീരുന്ന വിഷയങ്ങളേ നിങ്ങൾക്കിടയിലുള്ളു.. ഞാൻ പോവാം. അല്ലെങ്കിലും എന്നും ഇങ്ങനെ കൂടെ നിൽക്കാൻ എനിക്കാവില്ലല്ലോ..
അതിന് നീയെനിക്ക് വെറുമൊരു സൗഹൃദമാണോ..അങ്ങനാണോ നീയെന്നെ കാണുന്നത്.. സ്വാർത്ഥത കൊണ്ട് കണ്ണുമൂടിയ അവൾക്ക് സൗഹൃദം നൽകുന്ന ആശ്വാസം പറഞ്ഞാൽ മനസ്സിലാക്കണമെന്നില്ല. വേദനിപ്പിക്കാനും കുറ്റപ്പെടുത്താനുമല്ലാതെ എന്നെങ്കിലും അവളെന്നെ ഒന്നറിയാൻ ശ്രമിച്ചിട്ടുണ്ടോ?
അത് നമ്മുക്ക് അറിയാമല്ലോ. അത് മതി. അവളെ വേദനിപ്പിക്കരുത്. മനസ്സിൽ സ്നേഹം ഉണ്ടായിട്ട് കാര്യമില്ല. പ്രകടിപ്പിക്കാൻ പഠിക്ക്..
നിനക്കറിയില്ലേ എനിക്കവളോടുള്ള ഇഷ്ടം..
ഞാനാണോ അത് അറിയണ്ടത്. അവൾക്ക് മനസ്സിലാകണം..
നിനക്കെന്നോട് ഒരു നിമിഷം പിണങ്ങിയിരിക്കാനാവില്ല. അവൾക്ക് ആഴ്ചകളോളം പറ്റുന്നുണ്ട്. പിന്നെയും ഞാനങ്ങോട്ട് പോയി മിണ്ടണം. ആ സമയങ്ങളിലെ എന്റെ അവസ്ഥ അവൾക്ക് മനസ്സിലായിട്ടില്ലല്ലോ. നീ കൂടെ ഇല്ലായിരുന്നേൽ ഭ്രാന്ത് പിടിച്ച് പോയേനെ എനിക്ക്..
ഞാനൊന്ന് സംസാരിച്ച് നോക്കിയാലോ അവളോട്..
വേണ്ട ടീ.. ഇനി ഞാനും അങ്ങോട്ട് പോയി മിണ്ടില്ല. ഒരാണായ ഞാൻ എത്രയെന്ന് വെച്ചാ കാലു പിടിച്ച് യാചിക്കുന്നത്.. ഇനി അവൾ വരട്ടെ എന്റടുത്തേക്ക്.. നീയും അവളെപ്പോലാകരുത്. ഒറ്റപ്പെടുത്തരുത് എന്നെ..
നിറഞ്ഞൊഴുകിയ അവന്റെ കണ്ണുനീർ എന്നെ യാത്ര പറഞ്ഞ് പിരിയാനും തനിച്ചാക്കി പോകാനും അനുവദിച്ചില്ല.. അവർക്കിടയിലെ വഴക്കുകളും പിണക്കവും എല്ലാം എന്റെ പേരും പറഞ്ഞാണ്.. അവന് അവളോടുള്ള സ്നേഹം മറ്റാരേക്കാളും എനിക്കറിയാം.അവളത് മനസ്സിലാക്കുന്നില്ല.. ഞങ്ങൾക്ക് പരസ്പരം പ്രണയിക്കാണമായിരുന്നെങ്കിൽ എന്നേ ആകാമായിരുന്നു. കുറുമ്പിലും കുസൃതിയിലും പരാതിയിലും പരിഭവത്തിലും എന്നെ ശിക്ഷിക്കാനും ശാസിക്കാനുമുള്ള അവകാശം വരെ എന്റെ മാതാപിതാക്കൾ അവന് നൽകിയിട്ടുണ്ട്. മനസ്സിന്റെ വലുപ്പ കുറവുള്ളവർക്ക് ഒരാണിന്റെയും പെണ്ണിന്റെയും സൗഹൃദം പ്രണയമാക്കാനും അവിഹിതം ആക്കാനും ആവേശം കൂടും.. ആ കൂട്ടത്തിൽപ്പെടുന്ന ഒരുവളാണ് അവളും..
വീട്ടിലെത്താനുള്ള സമയം കഴിഞ്ഞിട്ടും അവന്റെ വിളിയൊന്നും വന്നില്ല. ഞാനങ്ങോട്ട് വിളിച്ച് നോക്കിയിട്ട് എടുക്കുന്നുമില്ല. അരുതാത്തത് എന്തേലും സംഭവിച്ചോ എന്നോർത്ത് മനസ്സിനൊരു ഭാരം അനുഭവപ്പെട്ടു. അപ്പോഴാണ് അവന്റെ അനിയൻ വിളിക്കുന്നത് അവന്റെ ബൈക്ക് അപകടത്തിൽപ്പെട്ടു.. ഹോസ്പിറ്റലിലാണെന്നും പറഞ്ഞ്..
ഉപ്പായെയും കൂട്ടി ഹോസ്പിറ്റലിൽ എത്തിയപ്പോൾ അറിയുന്നതും അറിയാത്തതുമായ ഒരുപാട് മുഖങ്ങൾ അക്ഷമരായി കാത്തു നിൽക്കുന്നു ഐ സി യു – വിന്റെ വാതിൽക്കൽ. അവന്റെ ഉപ്പയും ഉമ്മയും അനിയനും അനിയത്തിയുമെല്ലാം എത്തിയിരുന്നു.. കരഞ്ഞ് തളർന്നിരുന്ന അവരോട് പറയാൻ ഒരാശ്വാസവാക്ക് പോലും എനിക്കില്ലാരുന്നു.. മണിക്കൂറുകൾ നിന്നു അവന്റെ വിവരങ്ങൾ അറിയാൻ ഞങ്ങൾ എല്ലാവരും.. അതിനിടയിൽ സനായെ വിളിച്ചു. എന്റെ നമ്പർ കണ്ടപ്പോഴെ ഫോൺ ഓഫാക്കിയിട്ടുണ്ടാവണം അവൾ. പിന്നെ വിളിച്ചിട്ടൊന്നും കിട്ടിയില്ല..
ആർക്കെങ്കിലും ഒരാൾക്ക് കയറി കാണാം എന്ന് പറഞ്ഞപ്പോൾ ഉമ്മ എന്നോട് പറഞ്ഞു ‘ മോള് പോ’ എന്ന്.. ഉമ്മ പോയി കണ്ട് വരാൻ പറയാൻ എന്റെ മനസ്സ് അനുവദിച്ചില്ല.. വിറക്കുന്ന കാലുകളോടെയാണ് അവന്റെ അരികിലേക്ക് നടന്നത്..ഒന്നേ നോക്കാനായുള്ളു ആ മുഖത്തേയ്ക്ക്. മുഖത്തിന്റെ ഒരു വശം അവിടെ ഇല്ല എന്നു തോന്നി. അവനാണെന്ന് അവന്റെ ഉമ്മക്ക് പോലും മനസ്സിലാകില്ല.കാലിനും ഉണ്ട് ഒടിവ്.കയ്യിലും കെട്ടുണ്ട്. മരുന്നിന്റെ ക്ഷീണമാകാം. നേർത്തൊരു ശ്വാസമേ അവന് ജീവനുണ്ടെന്ന് മനസ്സിലാക്കി തരുന്നുള്ളു.. ഞാനിറങ്ങിയപ്പോഴേക്കും വിവരങ്ങൾ പുറത്ത് നിന്നവരെല്ലാം അറിഞ്ഞിരുന്നു.. എങ്ങനായാലും ജീവൻ തിരിച്ചു കിട്ടിയല്ലോ എന്നോർത്ത് ഞാൻ പടച്ചോനോട് നന്ദി പറഞ്ഞു..
ബോധം വീണപ്പോഴേ അവൻ പറഞ്ഞത്‘സനായെ അറിയിക്കരുത്. ആ പാവത്തിനു സഹിക്കാനാവില്ല’ എന്നായിരുന്നു. ഞാനപ്പോഴും അവളുടെ ഫോണിലേക്ക് വിളിച്ച് നോക്കുകയായിരുന്നു. ഫോൺ ഓൺ ആക്കിയിട്ടില്ല അവൾ.. ശസ്ത്രക്രിയക്കെക്കെ ശേഷം അവനെ മറ്റാരോ ആയിട്ടാണ് ഞങ്ങൾക്ക് തിരിച്ചു കിട്ടിയത്.മുഖമാകെ മാറി. അപ്പോഴും അവന് ചിന്ത അവളെപ്പറ്റി മാത്രമായിരുന്നു.. “എനിക്കവളോടൊന്ന് സംസാരിക്കണം. ശബ്ദമൊന്ന് കേട്ടാൽ മതി” എന്ന് പറഞ്ഞ് പലവട്ടം അവനെന്നോട് കെഞ്ചിയപ്പോഴും വീട്ടിൽ എത്തട്ടെ എന്നും പറഞ്ഞ് സമാധാനിപ്പിച്ചുനിർത്തി ഞാൻ.
ഹോസ്പിറ്റൽ വിടുന്നതിന്റെ തലേ ദിവസം വീട്ടിൽ പോയി ഉമ്മക്കും അവനുമായുള്ള ആഹാരവുമായി മടങ്ങിയെത്തിയപ്പോൾ കണ്ടത് കരഞ്ഞു കലങ്ങിയ കണ്ണുകളമായിരിക്കുന്ന ഉമ്മയെയും മോനെയുമാണ്..
എന്താ ഉമ്മ.. എന്ത് പറ്റി.. ഡോക്ടർ വന്നോ? എന്താ പറഞ്ഞത്? എന്തേലും കുഴപ്പമുണ്ടോ?’
ഒന്നുമില്ല മോളെ.. ആ കുട്ടി വന്നിരുന്നു..
ആര്? സനാ ആണോ..
അതെ.. എന്ത് പറഞ്ഞു. സങ്കടമായി കാണുമല്ലേ അവൾക്ക്. എനിക്കറിയാമായിരുന്നു അവൾ വരുമെന്ന്..നീയെന്താടാ ഒന്നും മിണ്ടാത്തത്?
സങ്കടമോ അവൾക്കോ. കളിയാക്കി ചിരിച്ചു എന്റെ മോനെ നോക്കി അവൾ. തിരിച്ചറിയാത്ത രൂപം ആയപ്പോൾ മോളും ഉപേക്ഷിച്ച് പോയി കാണുമല്ലേന്നും പറഞ്ഞ് പരിഹസിച്ചു. അവൾക്കിനി എന്റെ മോനെ വേണ്ടാന്ന്..
അവളെ കുറ്റപ്പെടുത്തേണ്ട ഉമ്മ. അന്നങ്ങ് ഞാൻ മരിച്ചാൽ മതിയാരുന്നു. ഈ അവസ്ഥയിൽ ഓളെന്നെല്ല ആരായാലും ഇങ്ങനേ ചിന്തിക്കൂ..
എല്ലാ പ്രതീക്ഷയും നഷ്ടമായിന്നു സ്വയം വിശ്വസിച്ച അവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നത് ഒരു വാശിയാരുന്നു എനിക്ക്..
വീട്ടിൽ എത്തിയിട്ടും എന്നും വന്ന് ഞാനവന് കൂട്ടിരിക്കും.. ഭക്ഷണവും മരുന്നും നൽകും.പതിയെ നടത്തിക്കും. മാസങ്ങൾ എടുത്തു അവൻ ജീവിതത്തിലേക്ക് തിരിച്ചു വരാൻ.. സ്വയം നടക്കാനും.. അവൾക്കവനെ വേണ്ട എന്ന് പറഞ്ഞതിനു ശേഷം അവളെപ്പറ്റി അവൻ സംസാരിച്ചിട്ടേ ഇല്ല.. ഇടക്ക് ഞാൻ അവളെ വിളിച്ച് നോക്കാറുണ്ടായിരുന്നു അവളുടെ നിക്കാഹ് മറ്റൊരാളുമായി കഴിഞ്ഞു എന്നറിയും വരേയും.. പിന്നെ വിളിച്ച് നോക്കിയിട്ടില്ല..
ഇടക്ക് കുറച്ച് ദിവസം അവന്റടുത്തേക്ക് പോകാൻ പറ്റിയില്ല. എങ്കിലും അവനെന്നെ വിളിച്ച് എന്നും ഫോണിൽ സംസാരിക്കുമായിരുന്നു. പിന്നെ ചെന്നപ്പോൾ വീട്ടിലെ ഓരോരുത്തരും മാറി മാറി പരാതികൾ..
ഉപ്പയെ മറന്ന് കളഞ്ഞോ മോളെ എന്നും ചോദിച്ച് ഉപ്പ..രണ്ട് ദിവസം എവിടാരുന്നു ഉമ്മയെ വേണ്ടാരുന്നോ എന്നും ചോദിച്ച് ഉമ്മ.. എന്തിനാ ഇപ്പോൾ വന്നത് വരണ്ടായിരുന്നല്ലോ എന്ന് പരിഭവം പറഞ്ഞ് അനിയത്തി. എല്ലാരെയും പറഞ്ഞ് സമാധാനിപ്പിച്ച് അവന്റെ അടുത്തെത്തിയപ്പോൾ അവനിൽ ഭാവവ്യത്യാസം ഒന്നുമില്ല..
നിനക്കെന്നെ മിസ്സ് ചെയ്തില്ലേടാ.?
ഇല്ലല്ലോ..
അൽപ്പം പോലും..
ഇല്ലെന്നേ.. എന്താ?
ഒന്നുമില്ല. വെറുതേ ചോദിച്ചതാണ്..
മിസ്സ് ചെയ്യാൻ മാത്രം നീ എനിക്കാരാണ്?
ആരുമല്ല..
കാര്യമായിട്ട് ചോദിച്ചതാ ടീ .. നീയെനിക്ക് ആരാണ്?
കൂട്ടുകാരി..
ആ പറച്ചിലിന്നെന്താ ഇത്രയും കട്ടി.. നീ പറ നീയെനിക്കാരാണ്?
നിനക്ക് ഞാൻ എന്തെക്കെയാവണോ അതെക്കെയാണ് ഞാൻ..
അതിൽ എനിക്ക് വേണ്ടതെക്കെയും ചേർക്കാൻ പറ്റുമോ? മുൻപ് സൗഹൃദം മാത്രമായിരുന്നു നീയെങ്കിൽ ഈ കഴിഞ്ഞ മാസങ്ങളിൽ എന്നെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയപ്പോൾ ശാസന കൊണ്ട് ഉപ്പയും വാത്സല്യം കൊണ്ട് ഉമ്മയും കുറുമ്പ് കാട്ടുന്ന അനിയത്തിയും തോളിൽ കയ്യിലിട്ട് നടക്കാനൊരു കൂട്ടുകാരിയും എല്ലാമായി നീ..
അവനിനി എന്താണ് പറയുന്നതെന്നറിയാൻ ശ്വാസമടക്കി പിടിച്ചിരിക്കുമ്പോഴും എന്തിനെന്നില്ലാതെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
നിനക്കെന്നെ പിരിയാൻ പറ്റുമോടീ..എനിക്കീ ജന്മ്മം അതിനു കഴിയില്ല മോളെ.. അത്രക്ക് നന്ദിയും കടപ്പാടുമുണ്ടെനിക്ക് നിന്നോട്.. വിട്ട് കളയാൻ തോന്നുന്നില്ല. കൊടുക്കില്ല ഞാൻ ആർക്കും..
പറ.. പറ്റുമോ എന്നെ തനിച്ചാക്കി പോകാൻ..
സൗഹൃദമേ ഉണ്ടായിരുന്നുള്ളു എനിക്കും അവനും പരസ്പരം. ജീവിതത്തിൽ അവൻ നേരിട്ട അവഗണനയും പരിഹാസവും കണ്ടപ്പോൾ ഇനി ഒരാൾക്ക് മുൻപിലും സ്നേഹം ഭിക്ഷ യാചിക്കാൻ വിടരുതെന്ന് തോന്നി.. അന്നുതൊട്ട് മനസ്സിലൊളിപ്പിച്ചതാണ് അവനോടുള്ള ഇഷ്ടം. അവന് സൗഹൃദം മതിയെങ്കിൽ ഒരിക്കലും തുറന്നു പറയാതെ ഞാനാ ഇഷ്ടത്തെ എന്നിൽ കബറടക്കിയേനെ..
മറുപടി ഒന്നും പറയാതെ നിന്നിരുന്ന എന്നിലേക്ക് അവൻ പ്രതീക്ഷയോടെ നോക്കുന്നുണ്ടായിരുന്നു.. അപ്പോൾ മുറിയിലേക്ക് കയറി വന്ന ഉമ്മ എന്നെ ചേർത്തു പിടിച്ചു പറഞ്ഞു “ഇനി ഇവിടേക്ക് വരുന്നത് തിരിച്ച് പോകാനായിരിക്കരുത്. ഇവിടെ വേണം എന്നും. വരില്ലേ നീ”
വരും..
അത് കേട്ടപ്പോൾ അവന്റെ മുഖവും തെളിഞ്ഞു.. മഴക്കാറ് മാറി ആകാശം തെളിയുന്ന പോലെ.. ജീവിതത്തിലൊന്ന് തോറ്റ് പോയവനാണ് കിട്ടാത്ത സ്നേഹത്തിന് മുൻപിൽ. ഇവിടുന്നങ്ങോട്ട് മരണം വരെ മതിയാവാത്ത സ്നേഹക്കടൽ നൽകും ഞാനെന്റെ ജീവന്.. ഇനി ആ കണ്ണുകൾ നിറയാതെ നോക്കണം എനിക്ക്.. ഈ ജന്മ്മവും ഇനിയുള്ള ജന്മ്മങ്ങളത്രയും.
രചന ; ആയിഷ