Home Latest ഞാൻ ഉമ്മാനോട്‌ പറഞ്ഞതാ ഗൾഫ്കാരനെ കൊണ്ട്‌ കെട്ടിക്കണ്ടാന്ന്.. എനിക്കു ഇങ്ങളെന്നല്ല ആരു ഗൾഫിൽ പോണതും ഇഷ്ടല്ല.....

ഞാൻ ഉമ്മാനോട്‌ പറഞ്ഞതാ ഗൾഫ്കാരനെ കൊണ്ട്‌ കെട്ടിക്കണ്ടാന്ന്.. എനിക്കു ഇങ്ങളെന്നല്ല ആരു ഗൾഫിൽ പോണതും ഇഷ്ടല്ല.. എന്റെ ഉപ്പ ഉണ്ടാരുന്നേൽ .. സമ്മയിക്കൂല്ലേനു അറിയോ ഇങ്ങക്ക്‌

0

ഇങ്ങളെ പാസ്പ്പോർട്ട്‌ എവിടെ ??

ഇനിക്കെന്തിനാ പാസ്സ്പ്പോർട്ട്‌ ??

ഒന്ന് കാണാനാ..

കാണാൻ മാത്രം മൊഞ്ചൊന്നൂല്ല അയിനു..മാണേൽ റേഷൻ കാർഡ്‌ എടുത്ത്‌ നോക്കിക്കോ

ഇങ്ങളെന്താണു ന്ന്.. ഒന്ന് താ ഇക്കൂസേ

ഇനിക്കത്‌ കിട്ടീട്ട്‌ വേണം എടുത്ത്‌ കത്തിക്കാനല്ലേ… ഇഞ്ഞ്‌ മിണ്ടാണ്ട്‌ കിടന്ന് ഉറങ്ങിയാട്ടെ..

കത്തിക്കാനൊന്നുമല്ലാന്നേ.. ഇങ്ങളെ അതിലെ ഫോട്ടോ നോക്കാനാ..

ഇന്നാ ഫോൺ ഇഷ്ടം പോലെ ഫോട്ടോസുണ്ട്‌..പൂതി മാറും വരെ നോക്കിക്കോ…

ഇങ്ങളെന്തു സാധനാ..

എന്റെ പുന്നാര ലൈലാന്റെ മോളേ.. ഇനിക്ക്‌ ഞാൻ ഗൾഫിൽ പോവാൻ പാടില്ല.. അയിനു ഇനിക്കിപ്പോ പാസ്സ്പ്പോർട്ട്‌ എടുത്ത്‌ കീറണം അല്ലേൽ കത്തിക്കണം.. നിർബ്ബന്ധാണേൽ പോയി ഉമ്മാനോട്‌ വാങ്ങിക്കോ.. ഉമ്മാന്റെ കയ്യിലാണു പാസ്സ്പ്പോർട്ട്‌

ഇങ്ങളെ ഉമ്മാക്ക്‌ ഇങ്ങളു നാട്ടിൽ നിക്കണത്‌ ഇഷ്ടല്ല അല്ലേ ??

അതെന്താ അങ്ങനെ ചോയിച്ചേ ??

ഇങ്ങളു പോന്ന വെഷമം കൊണ്ട്‌ ഞാനിന്ന് ഉച്ചയ്ക്ക്‌ ചോറു തിന്നില്ല.. അപ്പോ ഉമ്മ എന്നോട്‌ കാര്യം ചോദിച്ച്‌.. ഞാൻ പറഞ്ഞു ഇക്കുസ്‌ പോവല്ലേ വിശപ്പില്ലാന്ന്.. അപ്പോ ഉമ്മ കുറേ ഉപദേശിച്ചു..

എന്താ ഉപദേശിച്ചേ ??

നാട്ടിൽ നിന്നാ ശരിയാവൂല്ല.. ജീവിക്കാൻ പണം വേണം.. ഇവിടെ നിന്നാൽ അവൻ ചീത്ത കൂട്ട്കെട്ടിലൊക്കെ പോയി ചാടും.. എന്നൊക്കെ കുറേ.. പകുതിയേ ഞാൻ കേട്ടുള്ളൂ.. കരച്ചിലു വന്നപ്പോ ഞാൻ ചോറു മതിയാക്കി എണീറ്റു.. അപ്പോ ഉമ്മ ചോയിച്ചു ഇനിക്ക്‌ ചോറു വേണ്ടേന്ന്.. ഞാൻ പറഞ്ഞു വേണ്ടാന്ന്.. ഉമ്മ അപ്പാട്‌ എന്റെ പ്ലേറ്റിലെ പൊരിച്ച മീൻ എടുത്ത്‌ ഉമ്മാന്റെ പ്ലേറ്റിലിട്ട്‌ എന്നാ പോയ്ക്കോന്നും പറഞ്ഞു..

ഹ ഹ .. ഉമ്മാനോട്‌ ഒരു ഉണ്ടയും നടക്കൂല്ല പൊന്നൂസേ.. ഉമ്മ കുറേ ജീവിതം കണ്ടയാളാ… ഞാൻ പോയില്ലേലും ഉമ്മ എന്നെ പറഞ്ഞയക്കും..

എന്നിട്ട്‌ നാട്ടിലാരും ജീവിക്കണില്ലേ.. ??

ഉണ്ട്‌.. ഇല്ലാന്ന് പറഞ്ഞില്ല.. അവിടെ 2 കൊല്ലത്തെ വിസയും പുതുക്കിയാ വന്നെ.. ഇനിയുമുണ്ട്‌ ഒന്നരക്കൊല്ലത്തെ വിസ.. അതും കൂടി നിന്നിട്ട്‌ ഇൻഷാ അള്ളാഹ്‌ നാട്ടിൽ എന്തേലും പണി നോക്കാ…പിന്നെ എനിക്കവിടുന്ന് കുറച്ച്‌ പൈസയും കിട്ടാനുണ്ട്‌.. പോയില്ലേൽ അത്‌ നഷ്ടാവും..

പൈസ ഇങ്ങളെന്റെ പൊന്ന് വിറ്റിട്ട്‌ എടുത്തോ.. ഇങ്ങളു പോണ്ട..

ഇനിക്ക്‌ വട്ടാണോ .. ഒരു ലക്ഷം കിട്ടാനുണ്ട്‌ .. അത്‌ വെർതെ കളയാനോ..

ഇങ്ങളു പോയാലിപ്പോ ഒന്നും വരൂല്ല എനിക്കറിയാ.. ഞാൻ ഉമ്മാനോട്‌ പറഞ്ഞതാ ഗൾഫ്കാരനെ കൊണ്ട്‌ കെട്ടിക്കണ്ടാന്ന്.. എനിക്കു ഇങ്ങളെന്നല്ല ആരു ഗൾഫിൽ പോണതും ഇഷ്ടല്ല.. എന്റെ ഉപ്പ ഉണ്ടാരുന്നേൽ .. സമ്മയിക്കൂല്ലേനു അറിയോ ഇങ്ങക്ക്‌

ഇന്റെ ഉപ്പയും ഗൾഫിൽ അല്ലേനോ..എന്നിട്ടെന്താ ഇന്റെ ഉമ്മ ജീവിച്ചില്ലേ ??

അത്‌ ഉമ്മ പറയും എപ്പോളും..22 വർഷത്തിൽ ആകെ ഒരുമിച്ച്‌ ജീവിച്ചത്‌ 4 വർഷമാവും ന്ന്..എനിക്ക്‌ സംഭവിച്ചെ എന്റെ മക്കൾക്ക്‌ സംഭവിക്കരുതെന്ന്.. എന്നിട്ടും എന്നെ ഗൾഫുകാരനെ കൊണ്ട്‌ കെട്ടിച്ചു..

തുടങ്ങിയല്ലോ കരയാൻ.. ഇനിക്കിപ്പോ എന്നെ തീരെ പിടിക്കാണ്ടായിനു അല്ലേ.. എന്നെ വേണ്ടാരുന്ന് എന്ന് വരെ തോന്നിത്തുടങ്ങിയല്ലേ..

അങ്ങനെ ഞാൻ പറഞ്ഞോ.. ഇങ്ങളെ വേണ്ടാഞ്ഞിട്ടാണോ ഇങ്ങളോട്‌ പോവണ്ടാന്ന് പറയണേ ??

ഇഞ്ഞ്‌ കരച്ചിലു നിർത്ത്‌.. നാളെ രാത്രി ഞാൻ പോവും.. പോയിട്ട്‌ ഇൻഷാ അള്ളാഹ്‌ വേം വരും..

ഇങ്ങളു പോയാൽ ഇങ്ങളെ ഞാൻ എങ്ങനെയാ മണക്കുന്നെ .. ഇങ്ങളെ മണോല്ലാണ്ട്‌ എനിക്കിപ്പോ ഉറക്കം വരൂല്ലാന്നായിനു..

ഹ ഹ ഇനിക്ക്‌ മണക്കാൻ ആണേൽ ഞാൻ അലക്കാണ്ടിട്ട ടീഷർട്ട്‌ ഇവിടെ വെക്കാം അത്‌ മണപ്പിച്ചോണ്ട്‌

ഇങ്ങളു പോണ്ട ഇക്കൂസേ.. നല്ല മോനല്ലേ.. ഉള്ളത്‌ കൊണ്ട്‌ ഞമ്മക്ക്‌ ഇവിടെ കഴിഞ്ഞ്‌ കൂടാം…

ഞാൻ പറഞ്ഞില്ലേ എനിക്കൊരു പൈസ കിട്ടാനുണ്ട്‌.. വിസ ബാക്കിയുണ്ട്‌.. അതൊക്കെ ക്ലിയർ ആയാൽ പിന്നെ നാട്ടിൽ കൂടാം.. ഇപ്പോ ഇഞ്ഞ്‌ ഉറങ്ങ്‌.. നാളെ രാവിലെ സാധനങ്ങളൊക്കെ വാങ്ങാനുള്ളതാ

എന്ത്‌ സാധനാ ഇനി ഇങ്ങക്ക്‌ വാങ്ങാനുള്ളേ ??

തിരിച്ചവിടെ എത്തിയാൽ ചങ്ങായിമാരു ആദ്യം നോക്കുന്നത്‌ തിന്നാനെന്തൊക്കെയാ കൊണ്ട്‌ വന്നേ എന്നാ… ഇത്തവണ പെണ്ണുകെട്ടിയത്‌ കൊണ്ട്‌ എന്തേലും കൊണ്ട്‌ പോവൽ നിർബ്ബന്ധാണു.. കല്ലുമുക്കായയും.. ഇറച്ചിപ്പത്തിലും ഉമ്മ ഉണ്ടാക്കും.. പുറത്തൂന്ന് ബേക്കറി സാധനങ്ങൾ വാങ്ങണം… അതിനു രാവിലെ പോണം

എന്റെ വീട്ടിന്ന് ഉമ്മയും എന്തോക്ക്യോ കൊണ്ടേരണുണ്ട്‌.. ഇങ്ങളധികമൊന്നും മാങ്ങണ്ട..

ഒന്നും കൊണ്ടേരണ്ടാന്ന് ഞാൻ പറഞ്ഞിക്കിലേ.. പിന്നെന്തിനാ

ഉമ്മാനോട്‌ പറഞ്ഞിട്ട്‌ കേക്കണ്ടേ..

ആഹ്‌ സമയം കുറേയായി .. ഉറങ്ങാൻ നോക്ക്‌..ഉറങ്ങിപ്പോയാ രാവിലെ വിളിക്കണേ ഇഞ്ഞ്‌..

ആഹ്‌ ..

കുറേനേരം കണ്ണും തൊറന്ന് കെടന്നു.. ഓളെന്റെ കയ്യിമ്മെ കെടന്ന് ഉറങ്ങുവാ.. എനിക്കാണേ ഒറക്കും വരണില്ല.. ഓളെക്കാൾ കൂടുതൽ വിഷമം എനിക്കല്ലേ..ഓൾക്ക്‌ എന്നെ ഒരാളെ മാത്രേ മിസ്സെയ്യുള്ളൂ.. എനിക്കോ വീട്ടാരേയും നാട്ടാരേയും ചങ്ങായിമാരേയും ഒക്കെ മിസ്സാവും… ഓളെ മുന്നീന്ന് കരയാണ്ട്‌ പിടിച്ച്‌ നിക്കാരുന്ന്…ഞാൻ ഓളെ അനക്കാണ്ട്‌ മെല്ലെ കൈ വലിച്ച്‌ ഒരു സിഗരറ്റ്‌ വലിക്കാനായി ബാത്രൂമിൽ കേറി.. കല്ല്യാണം കഴിഞ്ഞത്‌ മുതലുള്ള ഓരോന്നായി ഓർത്തെടുത്തു..കെട്ടിയ അന്ന് മുതൽ ഇപ്പോ വരെ കൂടെ തന്നെ ഉണ്ട്‌ പെണ്ണു.. ഗൾഫിൽ പോയാൽ ഒറ്റയ്ക്ക്‌ താമസിക്കേണ്ടതല്ലേ… അത്‌ ശീലമാക്കിക്കോന്നും പറഞ്ഞ്‌ രണ്ട്‌‌ തവണ ഓളെ ഉമ്മാന്റെ കൂടെ താമസിക്കാൻ‌ പറഞ്ഞയച്ചതാ.. പക്ഷേ അവിടെ കൊണ്ടാക്കി വീട്ടിലെത്തുമ്പോളേക്ക്‌ വിളി വരും.. ഒറ്റയ്ക്ക്‌ പറ്റൂല്ലാന്നും പറഞ്ഞിട്ട്‌.. എങ്ങനെ ഞാനില്ലാണ്ട്‌ ഇവളൊറ്റയ്ക്ക്‌ നിക്കുമെന്ന് ആലോചിക്കുമ്പോളാ..

കണ്ണു നിറഞ്ഞപ്പോ സിഗരറ്റും കളഞ്ഞ്‌ ഉറങ്ങാൻ കിടന്നു.. രണ്ട്‌ ദിവസായിട്ട്‌ ഓളു തീരെ ഉറങ്ങാത്തെ കൊണ്ടാവും വെട്ടിയിട്ട പോലെ കിടക്കണുണ്ട്‌.. ഞാനും പോയി കിടന്നു.. എപ്പോളോ ഉറങ്ങിപ്പോവേം ചെയ്തു

ഒരു എലി കരയുന്ന ഒച്ച കേട്ടിട്ടാ ഞാൻ എണീച്ചെ.. നേരം വെളുത്തിട്ടുല്ല.. ഞാൻ കയ്യെത്തിച്ച്‌ ലൈറ്റ്‌ ഇട്ടപ്പോ കണ്ട കാഴ്ച..ഞാൻ കഷ്ടപെട്ട്‌ ഉറക്കിക്കിടത്തിയ എന്റെ കെട്ടിയോൾ എന്റെ തലയും മടിയിലെടുത്ത്‌ വെച്ച്‌ വിതുമ്പി കരയുന്നതാ..( സിലിമേലൊക്കെ കാണൂല്ലേ.. നായകനു വെടി കൊണ്ട്‌ വീണാൽ നായിക തല മടിയിലെടുത്ത്‌ വെച്ച്‌ കരയുന്നത്‌.. അതേ പോലെ )

കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ… ചിരിക്കുന്നെ കണ്ടാൽ ചൂടായാലോന്ന് വെച്ച്‌ സങ്കടത്തോടെ ചോയിച്ചു

എന്താണു ജല്ലൂ നീയീ കാണിക്കണേ .. ഇങ്ങനെ കരഞ്ഞിട്ടെന്തുന്നാ ഇനിക്ക്‌ കിട്ടണേ ??

ഇങ്ങളെ ഇന്നും കൂടിയല്ലേ കാണാൻ പറ്റൂ.. അതോണ്ടാ… ഇങ്ങളുറങ്ങിക്കോ..

ഇഞ്ഞിങ്ങനെ കരഞ്ഞിരിക്കുമ്പോ ഞാനെങ്ങന ഉറങ്ങാനു ??

അത്‌ സാരോല്ല ഇങ്ങളുറങ്ങ്‌..

എന്നാ ഒരു കാര്യം ചെയ്യാ… ഇഞ്ഞ്‌ എണീറ്റ്‌ ഡ്രസ്സ്‌ മാറ്റിയേ.. ഞമ്മക്ക് കടൽപ്പാലത്തിന്മേൽ പോയിരുന്ന് ചായ കുടിക്കാലോ .. വാ എണീക്ക്‌

ഇപ്പോളോ.. ഇങ്ങക്കെന്താ വട്ടാ ??

ആഹ്‌ വട്ടാണു.. പക്ഷേ ഇന്റത്രയില്ല .. ഇഞ്ഞ്‌ ഇറങ്ങ്‌ മുത്തേ

അങ്ങനെ ഓളെയും കൂട്ടി നേരെ തലശ്ശേരിക്ക്‌ വിട്ട്‌ നല്ല ചൂടു ചായയും കുടിച്ച്‌ കടൽപ്പാലത്തിന്റെ മോളിൽ പോയിരുന്ന് നേരം വെളുപ്പിച്ചു…

ഇപ്പോളും പറയും ഇങ്ങളു പോന്നേന്റെ അന്നു ഞമ്മളു കടൽപ്പാലത്തിമ്മെ പോയില്ലെ….. അന്നെനിക്ക്‌ മനസ്സിലായിക്ക്‌ എന്നെ ഹാപ്പിയാക്കാൻ ഇങ്ങൾ എന്തും ചെയ്യൂന്ന്….ആ ഒരു ധൈര്യത്തിമ്മലാ ഞാൻ ജീവിക്കണേന്ന്

അത്‌ കേക്കുമ്പോ ഒരു സന്തോഷാ.. അന്ന് ഞാൻ ഓളോട്‌ ചൂടായിട്ട്‌ കിടന്നുറങ്ങിയാ ഓളെന്നും എന്നെ പേടി സ്വപ്നമായി മാത്രം കണ്ടേനെ… അന്നു ഓളെ ഇഷ്ടം മനസ്സിലാക്കി ചെയ്തെ കൊണ്ട്‌ ഞമ്മളും ഹാപ്പി ഓളും ഹാപ്പി…

അന്നു ഓൾക്ക്‌ കിട്ടിയ സന്തോഷം അതല്ലേ മക്കളേ ഞമ്മക്ക്‌ വലുത്‌.. ആ സന്തോഷമല്ലേ ഞമ്മളെ പെണ്ണിന്റെ മൊഞ്ജ്‌…

അത്‌ മാത്രല്ല

വയറ്റിലുള്ളോരെ ഹാപ്പി ആക്കിയാൽ അല്ലേ വയറ്റിലുള്ളയാളും ഹാപ്പി ആവുള്ളൂ അല്ലേ

രചന ; Namsi Jaan

LEAVE A REPLY

Please enter your comment!
Please enter your name here