Home Latest ഫോട്ടോ ഇനി ചോദിക്കരുത് കണ്ടു കഴിഞ്ഞാൽ അപ്പോ തന്നെ ഡിലിറ്റ് ചെയ്യണമെന്ന് ഞാൻ വാശി പിടിക്കും

ഫോട്ടോ ഇനി ചോദിക്കരുത് കണ്ടു കഴിഞ്ഞാൽ അപ്പോ തന്നെ ഡിലിറ്റ് ചെയ്യണമെന്ന് ഞാൻ വാശി പിടിക്കും

0

ഞാൻ ചാറ്റ് ചെയ്ത ഇരുപത്തിരണ്ടാമത്തെ പുരുഷനെ നേരിൽ കാണാൻ പോകുകയാണ്.
അയാൾ മാത്രമാണ് എനിക്കു മുന്നിൽ വിജയിച്ച മനുഷ്യൻ.

നിരഞ്ജന വസുദേവന്ന ഈ ഞാൻ മുഖം മൂടിയിട്ട എന്റെ ഫെയ്ക്ക് അക്കൗണ്ടിൽ നിന്നും എഴുതിയിടുന്ന പ്രണയ കഥകൾക്ക് മിക്ക ഗ്രൂപ്പുകളിലും വായനക്കാർ ഏറെയാണ്.
മുഖപുസ്തകത്തിലെ ഈ ഫെയ്ക്ക് എനിക്ക് എഴുത്തിനു മാത്രമല്ല ചില കോഴികളെ ഓടിച്ചിട്ട് പറ്റിക്കുവാൻ കൂടിയാണ്.അതിൽ ഞാനൊരു രസവും കണ്ടെത്തിയിരുന്നു.

ഒരു കഥ പോസ്റ്റി കഴിഞ്ഞാൽ പിന്നെ ഇൻബോക്സിൽ ബഹളമാണ്. അഭിനന്ദനങ്ങളുടെ പ്രവാഹം തന്നെ.
നയൻതാരയുടെ അടിപൊളി പടമിട്ട എനിക്ക് നിലവിൽ നാലായിരം ഫ്രണ്ട്സുണ്ട്..
ആത്മാർത്ഥമായി ഇരുപത്തിരണ്ടു പേരുമായിട്ടാണ് ഞാൻ ചാറ്റ് ചെയ്തത്.

ഹായ് പറഞ്ഞു വന്ന് പിന്നിട് എഴുത്തിനെ പൊക്കി പറഞ്ഞ് ഒടുവിൽ പ്രണയം പറയും.
ഞാൻ ചെറുതായ് സമ്മതം മൂളും.
പിന്നെ എന്റെ ഒറിജിനൽ ഫോട്ടോ ചോദിക്കും.
ആദ്യം ഞാൻ കൊടുക്കില്ല.
ഇനി ചോദിക്കരുത് കണ്ടു കഴിഞ്ഞാൽ അപ്പോ തന്നെ ഡിലിറ്റ് ചെയ്യണമെന്ന് ഞാൻ വാശി പിടിക്കും.
തേൻ പുരട്ടിയ വാക്കുകളാൽ ഒറ്റതവണയെ ചോദിക്കു ഇനി ചോദിക്കില്ലെന്നും,കണ്ടു കഴിഞ്ഞാൽ ഉടനെ ഡിലീറ്റ് ചെയ്യുമെന്ന് പറയുമ്പോൾ.
ഞാൻ എഡിറ്റ് ചെയ്തു വെച്ച ഒരു പടമുണ്ട്.കറുത്ത് പല്ല് പൊങ്ങിയ കണ്ടാൽ പേടിച്ചു പോകുന്ന ഒരു ചിത്രം. അതങ്ങ് ഇട്ടു കൊടുക്കും.

പിന്നെ അപ്പുറത്തെ കോഴിയുടെ കൂവൽ ഒരു കുറുകലാകും. ഒരു ദിവസം നൂറ്റമ്പത്ത് തവണ ഹായ് വിടുന്ന അവന്റെ പൊടിപോലും പിന്നെ ഇൻബോക്സിൽ കാണില്ല.
അങ്ങനെയൊരു ഇരുപതെണ്ണം കടന്നുപോയ്.

ഒടുവിൽ സുധാകർ എന്ന ഉണ്ണി മുകുന്ദന്റെ അടിപൊളി ചിത്രമിട്ടൊരു ഫെയ്ക്ക്.
അയാളുമായിട്ടുള്ള ചാറ്റ് രസകരമായിരുന്നു.
മറ്റുള്ളവരെപോലെ സെക്സ് ചാറ്റിനൊന്നും അയാൾ മുതിർന്നിലെങ്കിലും രാത്രികളിലെ ഞങ്ങളുടെ പച്ചവെളിച്ചത്തിൽ ഇടക്ക് ഇക്കിളി സംസാരവും കടന്നു വന്നിരുന്നു. അത് ഞാൻ ആസ്വദിക്കുകയും ചെയ്തു.
ഒടുവിലെപ്പോഴൊ അയാളും എന്നോട് പ്രണയം പറഞ്ഞു.

ഞാൻ സുധാകറിന്റെ ചിത്രം ചോദിച്ചു.
എന്നെ ഞെട്ടിച്ചു കൊണ്ട് സുന്ദരനായൊരു ചെറുപ്പക്കാരന്റെ ഫോട്ടോ തന്നു.
ഏതൊരു പെണ്ണിനും ഇഷ്ടപ്പെടുന്ന തരത്തിലുള്ള സുന്ദരൻ..

അയാൾ ചോദിക്കാതെ തന്നെ ഞാൻ എല്ലാവർക്കും കൊടുക്കാറുള്ള ചിത്രമിട്ടു കൊടുത്തു. സത്യത്തിൽ എന്നെ അത്ഭുതപ്പെടുത്തി. അയാൾ ഓടി രക്ഷപ്പെട്ടില്ല
കൂടുതൽ അടുക്കുകയാണ് ചെയ്തത്.

അങ്ങനെ നാളെ അദ്ദേഹത്തിനെ കാണാൻ
ഞാൻ പോകുകയാണ്. ആലുവ റെയിൽവെ സ്‌റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ അദ്ദേഹം എന്നെ കാത്തിരിപ്പുണ്ട്.

സുധാകറിനെ ഞാൻ കണ്ടതാണല്ലോ പക്ഷേ എന്റെ യഥാർത്ഥ രൂപം കണ്ടിട്ടില്ലാത്തതു കൊണ്ട് ഞാൻ പറഞ്ഞ പ്രകാരം മഞ്ഞ നിറമുള്ള ഷർട്ടും വെള്ള മുണ്ടും ധരിക്കണമെന്ന് പറഞ്ഞു. ഞാൻ വൈലറ്റ് സാരിയും. ആ സാരിയിൽ ഞാൻ സുന്ദരിയാണ്.

ആലുവ റെയിൽവെ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് ഞാൻ നടക്കുകയാണ്.
അവിടെ നിരന്നു കിടക്കുന്ന സിമന്റു ബെഞ്ചുകളിൽ ആളുകൾ ഇരിക്കുന്നുണ്ട്.
ഞാൻ നോക്കുമ്പോൾ മഞ്ഞ ഷർട്ടും വെള്ളമുണ്ടും ധരിച്ചൊരാൾ പത്രം വായിച്ചു കൊണ്ടിരിക്കുന്നു.

ഞാൻ അയാളുടെ അടുത്തിരുന്നു.
പതിയെ വിളിച്ചു.
“ഹായ് സുധാകർ… ”
പത്രത്തിന്റെ മറയിൽ നിന്നും അയാൾ എന്നെ നോക്കി.
ഒരു നിമിഷം ഞാൻ നടുങ്ങി.

“നിരഞ്ജു നീ..???”

അച്ഛൻ..!!

രചന – പെരുമ്പാവൂരുകാരൻ ഷെഫീക്ക്-

LEAVE A REPLY

Please enter your comment!
Please enter your name here