Home Latest മയക്കു മരുന്നു കുത്തിവച്ചു അത്രയും ദിവസം ആഹാരവും ഭക്ഷണവുമില്ലാതെ നീയെങ്ങനെ.. മയക്കത്തിലും നിന്റെ മനസ്സ് ഉമ്മായെന്നു...

മയക്കു മരുന്നു കുത്തിവച്ചു അത്രയും ദിവസം ആഹാരവും ഭക്ഷണവുമില്ലാതെ നീയെങ്ങനെ.. മയക്കത്തിലും നിന്റെ മനസ്സ് ഉമ്മായെന്നു വിളിച്ചു തേങ്ങിയിട്ടുണ്ടാവില്ലേ…

0

“ഉമ്മാ.. ഞാൻ കുതിരയ്ക്കു വെള്ളം കൊടുത്തിട്ട് വേഗം വരാട്ടോ”

സ്കൂൾ കഴിഞ്ഞു വന്നതേ മോൾ അതും പറഞ്ഞു വേഗത്തിൽ യൂണിഫോമും മാറി പൂക്കളുള്ള വയലറ്റ് ഫ്രോക്കുമിട്ടു ബാഗും മുറിയിൽ വെച്ചു ഇറങ്ങിയോടി..

“ഇതു കഴിച്ചിട്ട് പൊ ആസിഫ… നീയവിടെ പോയാൽ പെട്ടെന്നെങ്ങും തിരികെ വരില്ല”

അതും പറഞ്ഞു ഞാൻ അവളുടെ പുറകെ പ്രിയപ്പെട്ട പാനി പൂരിയുമായി ചെന്നെങ്കിലും വന്നിട്ട് മതീന്ന് പറഞ്ഞു കൈവീശി കാണിച്ചു ചിരിച്ചു കൊണ്ടവൾ ഓടി.

അവൾക്കേറ്റവും പ്രിയപ്പെട്ട കൂട്ടാണ് ആ കുതിര. സ്കൂൾ കഴിഞ്ഞു വന്നാലുടൻ അതിനു വെള്ളവും ഭക്ഷണവും കൊടുക്കാൻ ഓടും.. എന്നിട്ടെ അവൾക്കു മറ്റെന്തുമുള്ളു… അതിനെ തൊട്ടും തലോടിയും ചിലപ്പോളൊക്കെ സംസാരിക്കുന്നതും കാണാം…

തിരിച്ചു വരുമ്പോൾ കൊടുക്കാനായി ഭക്ഷണമെടുത്തു മൂടി വെച്ചു.. പിന്നെ വൈകുന്നേരത്തേയ്ക്കുള്ള പണികളിൽ മുഴുകി. അള്ളാഹ് മഗ്‌രിബ് ബാങ്ക് വിളിക്കുന്നല്ലോ… എന്നിട്ടും ആസിഫയെ കാണാനില്ലല്ലോ… എത്ര കളിച്ചു നടന്നാലും മഗ്രിബിന് മുമ്പ് എന്റെ കുട്ടി തിരികെയെത്താറുണ്ട്. അരിയിട്ടിരുന്ന അടുപ്പിൽ നിന്നും രണ്ടു കൊള്ളി മാറ്റി വെച്ചു തീ കുറവാക്കിയിട്ടു അവളെ നോക്കി ഞാൻ ഇറങ്ങി. എന്നാൽ അവളുടെ പ്രിയപ്പെട്ട കുതിര മാത്രം അവിടെ നില്പുണ്ട്. ആസിഫയെ അടുത്തു കാണാനില്ല. ഇതെന്താ ഈ കുതിര വെള്ളം കുടിച്ചില്ലേ.. അതിനു മുൻപിലുള്ള പാത്രത്തിൽ നിറയെ വെള്ളം ഇപ്പോളുമുണ്ടല്ലോ.

പരിസരമാകെ ഒന്നുകൂടി നോക്കി നടന്നു. പടച്ചോനെ എന്റെ പൊന്നുമോൾ ഇവിടെങ്ങുമില്ലല്ലോ.. ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. അവളെവിടെ.. മോളെ എന്നു തൊണ്ടപോട്ടി വിളിച്ചിട്ടും അവളെന്റെ വിളി കേട്ടില്ല… എന്റെ കരച്ചിൽ കേട്ട് അടുത്തുള്ള കുറച്ചു പേരും ആസിഫയെ തേടിയിറങ്ങി.. എന്നാൽ നിരാശ ആയിരുന്നു ഫലം.

അവളെയോർത്തു അവൾക്കു വേണ്ടി പ്രാർത്ഥിച്ചു ദിവസങ്ങൾ തള്ളി നീക്കി. എന്റെ നിസ്കാരപ്പായ നനഞ്ഞു കുതിർന്നു.. മോളുടെ ഫോട്ടോയും നോക്കി അവളെയോർത്തു നെഞ്ചു പൊട്ടി കരഞ്ഞിരിക്കുമ്പോളാണ് ആരോ വന്നു പറഞ്ഞത്.. ആസിഫയെ കണ്ടെത്തിയെന്നു. സന്തോഷം കൊണ്ട് ഞാൻ ഇറങ്ങിയോടി.. ഇത്ര ദിവസം എന്റെ പൊന്നുമോളെ കാണാതെ ഞാനെങ്ങനെ കഴിഞ്ഞെന്നു എനിക്ക് മാത്രമേ അറിയൂ… ഇത്ര ദിവസം എവിടെ ആയിരുന്നെന്ന് ചോദിച്ചു ആദ്യം വഴക്കു പറയണം… വഴക്കു കേട്ടു എന്നെ നോക്കി കണ്ണു നിറഞ്ഞു നിൽക്കുമ്പോൾ വാരിയെടുത്തു തെരുതെരെ ഉമ്മ കൊടുക്കണം… ഇതൊക്കെ ഓർത്തു അവിടെ ചെന്നപ്പോൾ അവിടാകെ ആൾക്കൂട്ടം..

ആളുകൾ എന്നെയും സഹതാപത്തോടെ നോക്കുന്നുണ്ട്. ആളുകളെ വകഞ്ഞു മാറ്റി മുന്നിലേക്ക് ചെന്ന എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല. എന്റെ പൊന്നുമോൾ.. പത്തു മാസം വയറ്റിലും എട്ടു വർഷം എന്റെ കൈകൾക്കുള്ളിലും ഞാൻ കൊണ്ടു നടന്ന എന്റെ പൊന്നുമോൾ ആ ചതുപ്പിൽ പൊട്ടിത്തകർന്ന മുഖവുമായി ചതഞരഞ്ഞ ശരീരവുമായി… എനിക്ക് വയ്യ… ഇതു കാണാൻ എനിക്ക് വയ്യ… ഇതു കാണിക്കാനാണോ ഇത്ര ദിവസം കഴിഞ്ഞു എന്റെ പൊന്നുമോളേ നീ കണ്മുന്നിൽ വന്നത്… കണ്ണിൽ ഇരുട്ട് കയറും പോലെ.. പിന്നൊന്നും ഓർമയില്ല..

പിന്നീടറിഞ്ഞു എന്റെ കുഞ്ഞിനെ കുറെ ആളുകൾ… അതിൽ അടുത്ത അമ്പലത്തിലെ പൂജാരിയും നിയമം സംരക്ഷിക്കേണ്ട പോലീസുകാരും ഒക്കെ ഉണ്ടായിരുന്നത്രെ.. അയാൾ ദൂരത്തുള്ള അയാളുടെ മകനെ പോലും എന്റെ കുഞ്ഞിനെ പിച്ചി ചീന്താൻ വിളിച്ചു വരുത്തിയത്രെ. ഇവരാരും കാമം കൊണ്ടു ചെയ്തതല്ല. എന്റെ കുഞ്ഞു ജനിച്ച സമുദായം മുസ്ലിം ആയിപോയത്രേ.. അതിനാണാ കഴുകന്മാർ.. അതും അവരുടെ ദൈവത്തിന്റെ സന്നിധിയിൽ. ഒരിക്കൽ ആ അമ്പലവാതിലിനു പുറത്തു ഒന്നു നോക്കി നിന്നതിനു അവളെ കണ്ണു പൊട്ടുന്ന ചീത്ത വിളിച്ചവരാണ് ഇന്ന് ആ അമ്പലത്തിനുള്ളിൽ വെച്ചു തന്നെ….ഇല്ല ആ അമ്പലത്തിനുള്ളിൽ ദൈവമില്ല… ഉണ്ടായതിരുന്നേൽ എന്റെ മോളെ ഇത്ര ക്രൂരമായി…

നിന്റെ കുഞ്ഞുടുപ്പും യൂണിഫോമും കാണുമ്പോൾ സഹിക്കാനാവുന്നില്ല പൊന്നേ.. നഷ്ടം എനിക്കും നിന്റെ ഉപ്പയ്ക്കും മാത്രം… കുറച്ചു ഹാഷ് ടാഗുകൾക്കും പ്രതിഷേധങ്ങൾക്കും അപ്പുറം ആസിഫയെന്ന നിന്റെ പെരു പോലും സമൂഹം മറക്കും.. അടുത്ത വാർത്ത കിട്ടുമ്പോൾ പഴയത് മറക്കും. ഹാഷ്
ടാഗുകളല്ല.. മനസാക്ഷിയാണ് ഉണ്ടാകേണ്ടത്…ഈ ഉമ്മയോട് നീ മാപ്പു തരൂ.. പെണ്ണാണെന്നറിഞ്ഞിട്ടും നിന്നെ പ്രസവിച്ചു സ്നേഹം നൽകി വളർത്തിയത്തിനു… വേണ്ടായിരുന്നു.. നരഭോജികളുടെ പരാക്രമതിനു വിട്ടുകൊടുക്കാൻ നിന്നെ പ്രസവിക്കണ്ടായിരുന്നു.. മയക്കു മരുന്നു കുത്തിവച്ചു അത്രയും ദിവസം ആഹാരവും ഭക്ഷണവുമില്ലാതെ നീയെങ്ങനെ.. മയക്കത്തിലും നിന്റെ മനസ്സ് ഉമ്മായെന്നു വിളിച്ചു തേങ്ങിയിട്ടുണ്ടാവില്ലേ…

എന്റെ പൊന്നുമോളേ…ഓർക്കാൻ പോലുമാവുന്നില്ല… .മാപ്പ്…

Courtesy:.…………………

LEAVE A REPLY

Please enter your comment!
Please enter your name here