Home Latest അവളുടെ നോവുകൾ അയാളുടെ മുന്നിൽ തുറന്നു വെച്ചു…

അവളുടെ നോവുകൾ അയാളുടെ മുന്നിൽ തുറന്നു വെച്ചു…

0

എന്നാലും എന്റെ എഴുത്തുകാരാ….:

ഒരു സാധാരണ വീട്ടമ്മയായിരുന്നു സൗദാമിനി. കുറച്ച് സാഹിത്യ കമ്പമൊക്കെ ഉള്ള ആളാണ്. ഭർത്താവ് രമേശനാണെങ്കിലോ തികഞ്ഞ ഒരു അരസികനായ സർക്കാരുദ്യോഗസ്ഥനും. രണ്ടു കുട്ടികൾ. രണ്ടിലും നാലിലും പഠിക്കുന്നു. ഇടവേളകളിൽ വായനശാലയിൽ നിന്ന് പുസതകമെടുത്തു വായിക്കുന്ന ശീലം ഉണ്ടായിരുന്നു സൗദാമിനിക്ക് . മുട്ടത്തു വർക്കിക്കും ബഷീറിനുമൊന്നും വല്യ പുരോഗമന ചിന്താഗതിയില്ലെന്ന് തോന്നിത്തുടങ്ങിയ സമയത്താണ് കൂട്ടുകാരി തങ്കമണി മുഖപുസ്തകത്തിലെ സാഹിത്യ ഗ്രൂപ്പുകളെക്കുറിച്ച് പറഞ്ഞത്. ഉടനെ എടുത്തു അതിൽ ഒരു അംഗത്വം.
അതിലെ ഫ്രീക്കൻമാരുടെയും ഫ്രീക്കികളുടെയും പുരോഗമനം കണ്ട് കണ്ണു തള്ളിയിരിക്കുമ്പോഴാണ് രഘുനന്ദന്റെ പോസ്റ്റുകൾ ശ്രദ്ധിക്കുന്നത്. സുമുഖനായ ഒരു ചെറുപ്പക്കാരൻ സുന്ദരിയായ ഭാര്യയുടെ മൂർദ്ധാവിൽ ചുംബിക്കുന്ന ഫോട്ടോ ആണ് പ്രൊഫൈലിൽ ഇട്ടിരിക്കുന്നത്. ഈ ” മൂർദ്ധാവിൽ ചുംബനം’ മിക്ക സ്ത്രീകളുടെയും ഒരു വീക്ക്നെസ് ആയതു കൊണ്ട് ആ പുള്ളിക്കാരനോടൊരു ബഹുമാനo തോന്നി, രമേശനോടൊരു പുച്ഛവും.

പ്രണയാർദ്രമായ എഴുത്തുകളായിരുന്നു രഘുനന്ദന്റെ . മാന്യതയും സഭ്യതയും നിറഞ്ഞു നിൽക്കുന്ന ഭാഷാശൈലി. പുള്ളിയോട് കുറച്ച് ആരാധനയൊക്കെ തോന്നിത്തുടങ്ങി. “പൈൻ മരങ്ങൾ പൂത്ത രാത്രി ”എന്ന കഥ വായിച്ച് അതിലെ നായകൻ നായികക്ക് കൊടുക്കുന്ന പൂച്ചെണ്ട് മണത്തു നോക്കുന്ന നായികയെ ഓർത്ത് സൗദാമിനിക്ക് കുളിരാലിറ്റി ഉണ്ടായി. “സ്വർഗ്ഗസംഗീത “ത്തിലെ നായകന്റെ വാവേ ” എന്നുള്ള തേനിറ്റു വീഴുന്ന വിളിക്ക് പകരം രമേശന്റെ ” സൗദാമിനീ.. “‌ എന്ന കർണ്ണകഠോരമായ ശബം കേട്ട് പലപ്പോഴും ഞെട്ടിത്തെറിച്ചു. ദാമ്പത്യ ബന്ധത്തിൽ പുരുഷൻ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും “സ്ത്രീ ഒരു പൂവാണ്, അവളെ തലോടുന്ന ഇളം തെന്നലാവണം പുരുഷൻ, അല്ലാതെ സുനാമിയല്ല ” എന്നു വായിച്ച് എഴുത്തക്കാരനോടുള്ള ആരാധന , അയാളുടെ ഭാര്യയോടുള്ള അസൂയയായി മാറി.
രാത്രി, അടുക്കളയിൽ ജോലി എല്ലാം കഴിഞ്ഞ് കിടപ്പറയിൽ എത്തുന്ന ഭാര്യയെ ചേർത്ത് പിടിച്ച് “പ്രിയേ, നിന്നെ ഞാൻ പ്രണയിക്കുന്നു ” എന്നതിനു പകരം ഒരു ശരാശരി മലയാളി ഭർത്താവിനെ പോലെ രമേശന്റെ ” പട്ടിക്ക് ചോറു കൊടുത്തോടി, ഗ്യാസ് പൂട്ടിയോടി ” എന്ന ചോദ്യത്തിൽ സൗദാമിനി തകർന്നു പോയി..
തന്നെ ചുമരോട് ചേർത്ത് പോസ്റ്ററാക്കി വിസ്തരിച്ചു കിടന്നു കൂർക്കം വലിക്കുന്ന രമേശനെ നോക്കി ഉറക്കം നഷ്ടപ്പെട്ടു കിടക്കുമ്പോൾ, ഭാര്യയെ നെഞ്ചോട് ചേർത്ത് കിടത്തി മുടിയിൽ തഴുകി ഉറക്കിയതിനു ശേഷം ഉറങ്ങുന്ന ഭർത്താവിനെക്കുറിച്ചെഴുതിയ കഥാകാരനോട് പ്രണയം തോന്നി.

” രാജസ്ഥാനിൽ മഞ്ഞുരുകുമ്പോൾ ” എന്ന കഥയിലെ പോലെ രാവിലെ എഴുന്നേറ്റ് ഭർത്താവിന്റെ കാലു തൊട്ടു തൊഴുതപ്പോൾ, ” കാലുമടക്കി തൊഴിക്കും ഞാൻ, ആളെ പേടിപ്പിക്കുന്നോ. പോയി ചായ കൊണ്ടു വാടി ” എന്നു പറഞ്ഞ രമേശനെ പോലൊരു നിഷ്ഠൂരനെ സ്നേഹിക്കാൻ ഒരു കാരണവും അവൾ കണ്ടില്ല.


ഒടുവിൽ, സാമ്പാറിൽ ചിക്കൻ മസാല തെറ്റിയിട്ടെന്ന നിസ്സാര കാരണത്തിൽ വഴക്കിട്ട് ഭക്ഷണം കഴിക്കാതെ രമേശൻ പോയ ദിവസം അവൾ എഴുത്തുകാരനോട് കൂട്ടുകൂടി. അവളുടെ നോവുകൾ അയാളുടെ മുന്നിൽ തുറന്നു വെച്ചു. ഒരു മനശ്ശാസ്ത്രജ്ഞനെ പോലെ അയാൾ അവളുടെ മുറിവുകളിൽ തൈലം പുരട്ടി.

ഒരു ദിവസം ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ രമേശന്റെ ‘എടിയേ ” എന്ന വിളിയെ അവൾ അവജ്ഞയോടെ നോക്കി. “മേശപ്പുറത്ത് 2000 രൂപ വെച്ചിട്ടുണ്ട്. നിന്റെ നൈറ്റിക്കാരനും ഇൻസ്റ്റാൾമെന്റ് കാരനും കൊടുത്തേക്ക്. ഇനി ഉടനെയൊന്നും ഒന്നും വാങ്ങിയേക്കരുത് പറഞ്ഞേക്കാം ” എന്നു പറഞ്ഞു നീക്കുന്ന അയാളുടെ പുറകിൽ നിന്ന് മുഖം വക്രിച്ചു നോക്കി , ” പിന്നെ, ഇയാൾടെ ഒരു 2000 ഉലുവ , ഫീലിങ്ങ് പുജ്ഞം ” എന്നു പറഞ്ഞ് അകത്തേക്ക് കയറുന്നതിനിടയിൽ മേശയിൽ പാതിതുറന്നു കിടന്നിരുന്ന പത്രത്താളിലെ പരിചിത മുഖത്തേക്ക് ഒന്നു പാളി നോക്കി. ” ഗാർഹിക പീഢനം – യുവ എഴുത്തുകാരൻ അറസ്റ്റിൽ ”
പ്രശസ്ത യുവ എഴുത്തുകാരൻ രഘുനന്ദനാണ് ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായത്. മദ്യപിച്ച് വന്ന് ഭാര്യയെയും മക്കളെയും അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുന്നതും പതിവായിരുന്നത്രേ. ജോലിക്ക് പോകുകയോ ചിലവിന് കൊടുക്കുകയോ ചെയ്യില്ലെന്നു മാത്രമല്ല, തനിക്ക് ആകെയുള്ള വരുമാനമാർഗ്ഗമായ തയ്യൽ മെഷീൻ നശിപ്പിക്കുകയും ചെയ്തതോടെ സഹികെട്ടാണ് താൻ പോലീസിൽ പരാതിപ്പെട്ടതെന്ന് അവർ കണ്ണുനീരോടെ ഞങ്ങളുടെ ലേഖകനോട് പറഞ്ഞു .”
പത്രവാർത്തയിലേക്കും കയ്യിലിരിക്കുന്ന 2000 നോട്ടിലേക്കും മാറി മാറി നോക്കിയ സൗദാമിനിയുടെ ആത്മഗതം അൽപ്പം ഉറക്കെയായി പോയി, ” എന്നാലും എന്റെ എഴുത്തുകാരാ… ”

രചന: ജെയ്നി ടിജു

LEAVE A REPLY

Please enter your comment!
Please enter your name here