Home Latest ഡീ.. സത്യം പറഞ്ഞോണം. ഏതവന്റെ കൂടെയാ നീ ഇന്ന് ബൈക്കിലിരുന്ന് ടൗണിൽ തെണ്ടാൻ പോയത്… നിന്നോടാ...

ഡീ.. സത്യം പറഞ്ഞോണം. ഏതവന്റെ കൂടെയാ നീ ഇന്ന് ബൈക്കിലിരുന്ന് ടൗണിൽ തെണ്ടാൻ പോയത്… നിന്നോടാ ചോദിച്ചത്.

0

രചന : Unais Bin Basheer

അമ്മെ. പാറു എവിടെ.
അവൾ ക്ലാസ് കഴിഞ്ഞു വന്ന് റൂമിൽ കയറിയിട്ടുണ്ട്. അല്ല നീയെന്താ ഇന്ന് നേരത്തെ വന്നത്.
അത് പറയാം. ഞാൻ ആദ്യം അവളെ ഒന്ന് കാണട്ടെ.
ദേ ചെക്കാ അവളോട് വല്ല കുരുത്തക്കേടിനും ആണേൽ അച്ഛനോട് നിനക്ക് കിട്ടും പറഞ്ഞേക്കാം.
പിന്നിൽ നിന്നുള്ള അമ്മയുടെ ഉപദേശത്തിന് ചെവികൊടുക്കാതെ ഞാൻ വേഗം അവളുടെ റൂമിലേക്ക് നടന്നു.

പാറു…
ഡീ പാറു വാതിൽ തുറന്നെ.. പതിയെ അടഞ്ഞു കിടന്ന കതകിൽ ഞാൻ മുട്ടൻ തുടങ്ങി.
എന്താടാ. നിനക്കെന്താ. മനുഷ്യനെ ഒന്നുറങ്ങാനും സമ്മതിക്കില്ലേ.
ഇക്കണ്ട ദൂരമൊക്കെ നടന്നുവെന്ന് ക്ഷീണിച്ചു ഇപ്പൊ കിടന്നതേയുള്ളു അപ്പോഴേക്കും ശല്യം ചെയ്യാൻ വന്നിരിക്കുന്നു. ദ്രോഹി.. ഇതും പറഞ്ഞു അവൾ കട്ടിലിലേക്ക് തിരിഞ്ഞു നടക്കാനൊരുങ്ങി.

ഡീ.. സത്യം പറഞ്ഞോണം. ഏതവന്റെ കൂടെയാ നീ ഇന്ന് ബൈക്കിലിരുന്ന് ടൗണിൽ തെണ്ടാൻ പോയത്.
അപ്രതീക്ഷിതമായ എന്റെ ചോദ്യം കേട്ടതും അവൾ സ്വിച്ചിട്ട പോലെ തരിച്ചു നിന്നു.
നിന്നോടാ ചോദിച്ചത്.
അത്. അതെന്റെ ഒരു ഫ്രണ്ടാണ്..
ഫ്രണ്ടോ. ഏത് ഫ്രണ്ട്. നിനക്കേതാ ഞാനറിയാത്തൊരു ഫ്രണ്ടുള്ളത്.
ഇതെന്താ പോലീസ് സ്റ്റേഷനാണോ ഇങ്ങനെ ചോദ്യം ചെയ്യാൻ, അതെന്റെ ഫ്രണ്ടാണ് നീ അത്രേം അറിഞ്ഞാൽ മതി.
കരണം നോക്കി ഒരടിയായിരുന്നു ഞാൻ.
ച്ചി തർക്കുത്തരം പറയുന്നോടി നായെ. ഞാൻ നിന്റെ ഏട്ടനാണ്. ആ എനിക്ക് അറിയണം എന്റെ പെങ്ങൾ ആരുടെ കൂടെയാണ് ഇന്ന് ബൈക്കിൽ തെണ്ടാൻ പോയത് എന്ന്.
എന്റെ രൂപമാറ്റത്തിൽ അവളൊന്ന് തരിച്ചു.

കവിൾ പൊത്തിപ്പിടിച്ചു നിറഞ്ഞ കണ്ണുകൊണ്ട് എന്നെ തന്നെ നോക്കി നിൽക്കുകായാണ് അവൾ. ആദ്യമായിട്ടാണ് ഞാൻ അവളെ അടിക്കുന്നത്. ഞാൻ മാത്രമല്ല വീട്ടിൽ ആരും ഇതുവരെ അവളെ ഒരു വിറക്കച്ചുള്ളികൊണ്ട് പോലും അടിച്ചിട്ടില്ല. എല്ലാവരുടെയും ഓമനക്കുട്ടിയായിരുന്നു അവൾ, എന്റെയും. എപ്പോഴും വഴക്കിടും എങ്കിലും എന്നേക്കാൾ ഏറെ എനിക്ക് അവളെ ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് അവളോരുത്തന്റെ കൂടെ ബൈക്കിൽ കറങ്ങി നടന്നത് അറിഞ്ഞപ്പോൾ ഉള്ള് പൊള്ളിയത്. അതറിയാൻ വേണ്ടി ഓടി വന്നത്.

പക്ഷെ അടിച്ചു കഴിഞ്ഞപ്പോൾ എന്തോ അടികൊണ്ടത് എന്റെ ഹൃദയത്തിനുതന്നെയാണെന്ന് തോന്നി.
ജീവിതത്തിൽ ആദ്യമായി അവൾ നിറഞ്ഞ കണ്ണാൽ എന്നെ നോക്കുന്നത് ഞാൻ കണ്ടു. ഇത്രനാൾ കൊഞ്ചിച്ചാ കാര്യങ്ങൾ തന്നെ ഇന്നവളെ നോവിച്ചു. ഓർക്കുമ്പോൾ മനസ്സ് നീറിപ്പുകയുന്നപോലെ. അവളുടെ കണ്ണിലെ വെള്ളമെപ്പോഴോ എന്റെ ദേഷ്യത്തെ അണച്ചിരുന്നു.

മോളെ ഞാൻ.. അറിയാതെ.. ദേഷ്യം വന്നപ്പോൾ..
തൊടണ്ട എന്നെ. പൊയ്ക്കോ എനിക്ക് കാണണ്ട..
നീയും എല്ലാവരെയും പോലെ സ്വാർത്ഥനാണ്. സ്വന്തം ഇഷ്ടങ്ങൾ മാത്രം നോക്കുന്ന സ്വാർത്ഥൻ. ഇത് പറയുമ്പോൾ നിറഞ്ഞ അവളുടെ കണ്ണിൽ നിന്നും കണ്ണീരൊലിച്ചിറങ്ങുന്നുണ്ടായിരുന്നു..

കട്ടിലിൽ ചെന്നിരുന്നവൾ മുഖം പൊതി കരയാൻ തുടങ്ങി.
ഒരിക്കൽ നീയും പ്രേമിച്ചില്ലായിരുന്നോ. ആ പെണ്ണും ഇതുപോലെ ഒരേട്ടന്റെ അനിയത്തി തന്നെ ആയിരുന്നില്ലേ. അവളുടെ പിറകെ പോകുമ്പോൾ നിനക്കിതൊന്നും ഓർമയുണ്ടായിരുന്നില്ലേ. എന്നിട്ടിപ്പോ നാണമില്ലാതെ വന്നിരിക്ക സ്വന്തം പെങ്ങളുടെ പ്രേമം അറിയാൻ..

എനിക്ക് ഉത്തരമില്ലായിരുന്നു. ശരിയാണ് അവൾ പറഞ്ഞത്. ഒരിക്കൽ ഞാനും പ്രണയിച്ചിരുന്നു. അതിന്റെ സഫലീകരണത്തിന് ഇവളുടെ സഹായവും തേടിയിരുന്നു. പക്ഷെ. സ്വന്തം അനിയത്തിക്കൊരു പ്രേമമുണ്ടെന്ന് അറിഞ്ഞപ്പോൾ ഏതൊരു ആങ്ങളയെ പോലെ എനിക്കും രക്തം തിളച്ചു.. അത് തെറ്റായിരുന്നെന്ന് ഇപ്പൊ തോന്നുന്നു.
അവളെ നോക്കാനുള്ള ശക്തിയില്ലാതെ ഞാൻ തിരികെ പുറത്തേക്ക് നടന്നു.

ദിവസ്സങ്ങൾ നീണ്ടു പോയി, അവൾ പതിയെ പതിയെ എന്നോട് സംസാരിക്കാതെയായി, എന്തോ എന്നിൽ നിന്നും എല്ലാകാര്യങ്ങൾക്കും ഒഴിഞ്ഞുമാറുന്നപോലെ. എപ്പോഴും ഞങ്ങളുടെ വഴക്കും കലപില ശബ്ദങ്ങളും നിറയുന്ന വീടിപ്പോൾ മൂകമായി.
അടുത്തുണ്ടായിട്ടും അവളെന്നോട് സംസാരിക്കാതെയായപ്പോഴാണ് അവളെ ഞാൻ എത്രത്തോളം എന്റെ ഹൃദയത്തിലേക്ക് ചേർത്തുവച്ചിട്ടുണ്ടായിരുന്നെന്ന് മനസ്സിലായത് അവളുടെ മൗനം ഹൃദയത്തിന് വല്ലാത്തൊരു വീർപ്പുമുട്ടൽ സൃഷ്ടിക്കുന്നു..
ഞങ്ങടെ മാറ്റം അച്ഛനെയും അമ്മയെയും വരെ വേദനിപ്പിക്കുന്നുണ്ട്.
എന്താടാ കീരിയും പാമ്പും ഇപ്പോൾ അടങ്ങിയിരിക്കുന്നത് എന്ന് ഒരായിരം വട്ടം ‘അമ്മ എന്നോട് ചോദിച്ചിട്ടുണ്ട്.
അതിന് മാറ്റ് കുറഞ്ഞൊരു കറുത്ത പുഞ്ചിരിയാണ് ഞാൻ ഉത്തരമായി അമ്മക്ക് നൽകാറ്.

അങ്ങനെയിരിക്കെയാണ് ഒരു രാത്രി അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അച്ഛൻ പറയുന്നത്.
മനു… ഞാനിന്ന് ബ്രോക്കർ കുഞ്ഞപ്പനെ കണ്ടിരുന്നു. നമ്മുടെ പാറൂന് പറ്റുന്ന ഏതെങ്കിലും ചെക്കമ്മാർ ഉണ്ടേൽ പറയാൻ പറഞ്ഞിട്ടുണ്ട്. ഇവളെ നല്ലൊരു ആളെ കയ്യിൽ ഏൽപ്പിച്ചെങ്കിലേ അച്ഛന് സമാധാനമാവൂ. എന്താ നിന്റെ അഭിപ്രായം..
ഇത് കേട്ടതും അവളുടെ ഞെട്ടൽ ഞാൻ കണ്ടു. അത് അച്ഛാ.. എനിക്കിപ്പോ കല്യാണമൊന്നും വേണ്ട.. തലതാഴ്ത്തി പതിഞ്ഞ സ്വരത്തിലാണ് അവളത് പറഞ്ഞത്.
ഹേയ് ന്റെ മോളെ പറഞ്ഞുവിടാനുള്ള ആഗ്രഹം കൊണ്ടല്ല. നിങ്ങൾ രണ്ടാളും എന്നും എന്റെ കൂടെ വേണം എന്നത് തന്നെയാ എന്റെ ആഗ്രഹം. എന്നീച്ചാലും അച്ഛന്റെ കടമ അച്ഛൻ ചെയ്യണ്ടേ.. നല്ല ബന്ധം വരുവാണേൽ പാഴാക്കണ്ടല്ലോ..

അച്ഛാ..
എന്താ മനു..
അച്ഛാ പാറൂന് പറ്റിയ ഒരു ചെക്കനുണ്ട്.
ഇവൾ കോളേജിലേക്ക് പോകുമ്പോൾ അവൻ കണ്ട് ഇഷ്ടപ്പെട്ടതാണത്രേ. ഞാൻ എന്റെ രീതിയിൽ അന്വേഷിച്ചപ്പോൾ നല്ലതാണെന്നാണ് തോന്നിയത്.
ഇത്രയും പറഞ്ഞു ഞാൻ അവളെ ഒന്ന് നോക്കി.
പേരറിയാത്തൊരു ഭാവത്തോടെ എന്നെ നോക്കി നിൽക്കുകയാണ് അവൾ.

പേര് വിനീഷ് എന്നാണ് അച്ഛാ.. വിനു എന്ന വിളിക്കും പാറൂനെ അവന് നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ട്. ഇനി എന്താച്ചാ അച്ഛനും അമ്മയും അന്വേഷിക്ക്, എനിക്ക് ബോധിച്ചു.
ഇത്രയും പറഞ്ഞു ഞാൻ എഴുനേറ്റ് കൈ കഴുകി റൂമിലേക്ക് നടന്നു.
കിടന്നൊന്ന് കണ്ണടച്ചപ്പോഴേക്കും ഉള്ളിൽ മൂടി കെട്ടിയ കാർമേഘം പെയ്ത് തുടങ്ങിയിരുന്നു.

ആരുടെയോ കാൽപ്പെരുമാറ്റം കേട്ടപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്
ഏട്ടാ.
പാറുവിന്റെ വിളികേട്ടപ്പോൾ മനസ്സ് തളിരിതമായി. പതിയെ എഴുനേറ്റ് അവളെ ഞാൻ എന്റെ അടുത്തിരുത്തി.
എന്താടി..
ഏട്ടാ ഇത്…
എന്തെ വിനുവിനെ നിനക്ക് ഇഷ്ടല്ലേ.. ഞാൻ അവനെ കുറച്ചു ദിവസങ്ങൾക്ക് മുന്നേ കണ്ടിരുന്നു..
അപ്പോഴാണ് അറിയുന്നത്
ഏട്ടന് ഇഷ്ടമില്ലാത്ത ഒരു ബന്ധത്തോട് എനിക്ക് യോജിക്കാൻ ആവില്ലെന്ന് പറഞ്ഞു നീ അവനെ ഒഴിവാക്കിയ കാര്യം, മറ്റെന്തിനേക്കാളും നീ എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് കാര്യം. ലോകം കീഴടക്കിയ സന്തോഷത്തോടെ തിരിച്ചുവന്ന ഞാൻ പിന്നീടാണ് ഓർക്കുന്നത്. ജീവനേക്കാൾ ഏറെ എന്നെ സ്നേഹിക്കുന്ന അനിയത്തിയെ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന്, സ്വന്തം പെങ്ങളുടെ ഇഷ്ടം മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞാനെന്തിന ഏട്ടനാണെന്നും പറഞ്ഞു നടക്കുന്നത്.

അവനെ കുറിച്ച് ഞാൻ അന്വേഷിച്ചു. അവൻ നല്ലവനാ. നിന്നെ അവൻ പൊന്നുപോലെ നോക്കും. എനിക്കുറപ്പുണ്ട്.
സ്വന്തം അനിയത്തി ഒരാളെ പ്രേമിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ ഏതൊരു ഏട്ടനും ദേഷ്യപ്പെടും
അതിന്റെ കാരണം മറഞ്ഞുനിന്ന് പ്രേമിക്കുന്നത് കളവാണ് എന്നതുകൊണ്ടാ. സ്വന്തം പെങ്ങൾ ഒരു കള്ളിയാവരുത് എന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ്.
എന്റെ പെങ്ങൾ കള്ളത്തരം ചെയ്തു എന്ന് തോന്നിയപ്പോഴാണ് അന്ന് എന്റെ നിയന്ത്രണം വിട്ടത്.

മനസ്സിൽ തോന്നിയ ഇഷ്ടം നേരെ വന്ന് സത്യസന്ധതയോടെ എന്നോട് പറഞ്ഞിരുന്നെങ്കിൽ ജീവൻ കൊടുത്തിട്ടാണെങ്കിലും അത് ഞാൻ നേടിത്തരും. ഞാൻ മാത്രമുള്ള ലോകത്തുള്ള മുഴുവൻ ഏട്ടൻമ്മാരും. കാരണം പുറമെ കാണിച്ചില്ലെങ്കിലും അനിയെത്തി എന്നാൽ ഏട്ടൻമ്മാർക്ക് ജീവനാണ്. അല്ല ജീവനേക്കാൾ ഏറെയാണ്.

ഇതും പറഞ്ഞു അവളെ എന്റെ നെഞ്ചോട് ചേർക്കുമ്പോൾ റൂമിനു പുറത്തു രണ്ട് പുഞ്ചിരികൾ മിഴിനിറച്ചെന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു.

ശുഭം
ഉനൈസ്

LEAVE A REPLY

Please enter your comment!
Please enter your name here