Home Latest മക്കളെ തള്ളമാരാ ശ്രദിക്കേണ്ടത്… ഒന്നല്ലേ ഉള്ളൂ അനക്ക്… എന്ത് മലമറിക്കുന്ന പണിയാ ഇവിടെ …. ഫോണിൽ...

മക്കളെ തള്ളമാരാ ശ്രദിക്കേണ്ടത്… ഒന്നല്ലേ ഉള്ളൂ അനക്ക്… എന്ത് മലമറിക്കുന്ന പണിയാ ഇവിടെ …. ഫോണിൽ തോണ്ടണം… അല്ലെങ്കിൽ ഉറങ്ങണം…

0

. പാത്തൂന് …..

ഇന്ന് അവളുടെ വയറ്റിലോട്ട് ഒന്നും ആയിട്ടില്ല… 10മണിക്ക് ഒരിത്തിരി കഞ്ഞി കുടിക്കാറുണ്ട്…ഇന്ന് അതും ചെന്നിട്ടില്ല.എന്റെ ജോലിക്കിടയിൽ മറന്നു.

“”പാത്തു…..പാത്തുമ്മ… ”
ഇവളിതെവിടെയാ… നട്ടുച്ചക്ക് പുള്ളി ട്രൗസർ ഇട്ടോണ്ട് പുറത്തിറങ്ങി നടക്കുന്നൊരു സ്വഭാവമുണ്ട്…എത്ര തള്ളിയിട്ടു ഉറക്കാൻ കിടത്തിയിട്ടും കാര്യമില്ല…നടക്കില്ല..

മുറ്റത്തുണ്ടാകും എന്ന ധാരണയിലായിരുന്നു..വെയിലും കൊണ്ട് നടന്നാൽ നിന്റെ ഭംഗി പോകും പുയ്യാപ്ലനെ കിട്ടൂല പാത്തുമ്മാ എന്ന് പറയുമ്പോൾ
“താളി തേച്ചു ഉമ്മച്ചി കുളിപ്പിക്കാറുണ്ടല്ലോ
അപ്പോ വെളുത്തോളും എന്ന് പറയുന്ന ടീമാ..

താളി തലയിൽ ആണ് തേക്കുന്നത് എന്നറിഞ്ഞുട പഹയത്തിക്ക്.

മുറ്റത്ത് എങ്ങും കാണുന്നില്ല..ബാത്‌റൂമിലും നോക്കി..ബക്കറ്റിൽ വെള്ളം നിറച്ചു അതിൽ കിടന്നു ചാടുന്ന ശീലവും ഉള്ളതാണ്…കുളം പോലെ ഒരു ബാത്ടബ് ഉണ്ടെങ്കിലും അവൾക്കിഷ്ടം ബക്കറ്റാണ്..

അല്ലാഹ്…. !എവടെ പോയി കിടക്കുവാ… റോഡിൽ ഇറങ്ങിയോ… എപ്പോഴും വണ്ടി ചീറിപ്പായുന്ന സ്ഥലമാണ്.. എന്റെ വിളിയിൽ അല്പം വേവലാതി കൂടിയായി…

“”ലസ്‌വാ, “…….
വിളിയിൽ പന്തികേട് തോന്നി ഉമ്മച്ചിയും വന്നു…

പുറത്തില്ല… അകത്തു കയറി റൂമിലെ കർട്ടൻ എല്ലാം മാറ്റി നോക്കി.. ജനലിൽ അള്ളി പിടിച്ചു കയറുന്ന സ്വഭാവവും ഉള്ളതാണ്..

കാണുന്നില്ല !!

“ന്റെ പാത്തു എവിടെ മ്മച്ചിയെ… !?

ചോദിച്ചതേ ഓർമ്മയുള്ളു… ഹാലിളകി…

“എന്നോടാണോ ചോദിക്കുന്നെ… നിന്നോട് ഞാൻ പല തവണ പറഞ്ഞതാണ്… ആ കുട്ടീനെ നോകീട്ടുള്ള പണി എടുത്താൽ മതീന്ന്… അതെങ്ങനെയാ…. അവൾ കളിച്ചോട്ടെ ന്നും പറഞ്ഞു മേയാൻ വിട്ടേക്കല്ലേ…. മക്കളെ തള്ളമാരാ ശ്രദിക്കേണ്ടത്… ഒന്നല്ലേ ഉള്ളൂ അനക്ക്… എന്ത് മലമറിക്കുന്ന പണിയാ ഇവിടെ …. ഫോണിൽ തോണ്ടണം… അല്ലെങ്കിൽ ഉറങ്ങണം…

തീർന്നില്ല…. !എന്തേലും പറ്റിയാൽ ഇതൊന്നും ആവൂല… അതിന്റെ അവകാശികൾ വേറെയാ… തള്ളേടെ വീട്ടിൽ ഉള്ളോര് എത്ര നോക്കിയിട്ടും കാര്യല്യാ..കുറ്റമേ കാണൂ….

എന്റെ ചെവി കൊട്ടിയടച്ചു

ഉമ്മച്ചി പിന്നേം പിന്നേം പിറുപിറുക്കുന്നുണ്ടായിരുന്നു..

എന്റെ ചെവി അടഞ്ഞു കിടക്കായിരുന്നു.
.മനസ്സിൽ തീ ആളുന്നു.കണ്ണൊക്കെ നിറയാൻ തുടങ്ങി.

ടിം… !!
എന്തോ വീഴുന്ന ശബ്ദം… അടുക്കള ഭാഗത്തു നിന്നുമാണ്..ഞാനും ഉമ്മിയും ഓടി…

ഒന്നും വീണതായിട് കണ്ടില്ല…സ്റ്റോക്ക് റൂമിന്റെ വാതിൽ അടഞ്ഞു കിടക്കുന്നുണ്ട്…പതുക്കെ അത് തുറന്നു നോക്കി..

അതാ നിൽക്കുന്നു അവതാരം..!
പാൽപ്പൊടി ടിന്നിൽ തലയും കുത്തി… അവളെ പേടിച്ചു ഒളിപ്പിച്ചു വെച്ചതാ… അതും കണ്ടു… കയ്യിലും മുഖത്തും മേലിലും എല്ലാം പാൽപ്പൊടി..
ഞങ്ങളെ കണ്ടപ്പോൾ കൈ രണ്ടും പിറകിലേക്ക് ആക്കി പാൽ പല്ലും കാണിച്ചു ഇളിച്ചോരു നിൽപ്പ്…

ദേഷ്യം വന്ന വഴി ഞാൻ കണ്ടില്ല…
“നിന്നെ ഞാൻ എന്നും പറഞ്ഞ് കയ്യോങ്ങിയതും തുടങ്ങി ആർപ്പ്…

“‘എന്നോട് നാഫിക്ക്‌ സ്നേഹല്യാ….
ന്നെ തോട്ടീന്ന് കിട്ടിയതാണ് അല്ലേ ന്നും പറഞ്ഞ് ”
ഏതായാലും ഓങ്ങി… താഴ്ത്താൻ അന്നേരം തോന്നിയില്ല… അത്രേം നേരം തീ തീറ്റിച്ചതിന് ചുമ്മാ ഒരടി അടിച്ചു… അടി എന്നൊന്നും പറഞ്ഞൂടാ… തൊട്ടു അത്രേയുള്ളൂ

എല്ലാം കണ്ടു നിന്ന ഉമ്മച്ചിയായി അടുത്ത കയർക്കൽ…

നാണമില്ലേടീ അനക്ക് ആ കൊച്ചിനെ തല്ലാൻ… ഒന്നല്ലേ അനക്ക് ഉള്ളൂ… ഒരു രണ്ടു മൂന്നെണ്ണം കൂടി ഉണ്ടായിരുന്നെങ്കിൽ ഇജ്ജ് കൊല്ലും….

“”ഓ പിന്നെ… ഞാൻ ഒന്ന് തൊട്ടുന്ന് കരുതി ഒന്നും ആകൂല….
അല്ലെങ്കിലും തള്ള കോഴി കൊത്തിയാൽ കുഞ്ഞി കോഴിക്ക് ഒന്നും പറ്റൂല, “”
ഒന്ന് ഒള്ളു എങ്കിലും ഒലക്ക കൊണ്ട് അടിക്കണം ന്നാ ചൊല്ല്…

‘”ന്നാ നീ ഇങ്ങു വാടി പോത്തേ…. ഞാൻ ഒന്ന് കൊത്തി നോക്കട്ടെ”എന്നും പറഞ്ഞു ഉമ്മച്ചി അടുപ്പിൽ നിന്നും തീക്കൊള്ളി എടുത്തു നീട്ടി എന്റെ നേർക്ക്.. ”

കണ്ടു നിന്ന പാത്തുമ്മ മുഖം പൊത്തി ചിരിക്കുന്നു… എനിക്ക് വഴക്ക് കേട്ടത് ഓൾക് പെരുത്ത് ഇഷ്ടായി…
ഉമ്മച്ചീന്റെ അടുത്ത് നിന്നും കിട്ടാനുള്ളത് കിട്ടി… ഇനി ഉപ്പയുടെ ഊഴം ആണ്… അല്ലെങ്കിൽ ഞാൻ ഒന്ന് തൊട്ടതിന് അങ് ദുഫായിൽ കിടക്കുന്ന ഉപ്പയോട് ഓലത്തണ്ട ആവശ്യം ഉണ്ടോ.. അവൾ പറയും… കാന്താരിയാണ്…

വഴക്കിനു നിന്നാൽ ഞാൻ തന്നെ തോൽക്കേണ്ടി വരും എങ്ങനേലും pears സോപ്പ് ഇട്ട് തന്നെ പതപ്പിക്കണം… എന്നാലേ വഴറ്റിലേക് വല്ലതും എത്തൂ..

“”നാഫിന്റെ സുന്ദരി അല്ലേ… മ്മക്ക് ഇച്ചിരി ചോറ് തിന്നാലോ പാത്തുമ്മാ…. “‘
ചോദിക്കേണ്ട താമസം

“‘ഇക്കി വേണ്ട ഇങ്ങളെ ചോറ്… ന്നെ തല്ലിയത് ഞാൻ മറന്നിട്ടില്ല പാപിയാ “‘ദേഷ്യം വന്നാൽ വിളിക്കുന്ന വിളിയാ അത്…

“‘നല്ല കുട്ടിയല്ലേ…ഫുഡ്‌ കഴിച്ചാലല്ലേ വല്യ കുട്ടിയാവു… നമ്മക്ക് സ്കൂളിൽ പോകണ്ടേ… പഠിച്ചു വല്യ ആളാകണ്ടേ “”

എന്റെ ചോദ്യത്തിന് ഹാ വേണം എന്ന രൂപേണ തലയാട്ടി…

“ചോറ് ഞാൻ തിന്നോളം..
ഞാൻ പറഞ്ഞത് ഇങ്ങള് എനിക്ക് തരോ “‘
എന്നാ ഞാൻ മുഴുവൻ കഴിക്കും… ഇങ്ങള് തല്ലിയത് ഞാൻ ഉപ്പച്ചീനോട് പറയൂല “‘

അല്ലാഹ്… എന്ത് പണിയാണാവോ തരുന്നേ… 3വയസ്സ് അല്ലേ പഹയത്തീ അനക് ആയുള്ളൂ… 30കാരിയുടെ ഫുദ്ധി ആണല്ലോ ന്ന് സ്വയം ചിന്തിച്ചു

സമ്മതിക്കാതെ രക്ഷ ഇല്ല…

എന്താന്ന് കാര്യം പറ….
“‘Youtube ഇട്ട് തരി”‘

പടച്ച റബ്ബേ… യൂട്യൂബാ….
മണ്ണപ്പം ചുട്ടു നടക്കേണ്ട സമയം ആണ്…അവൾക്കു യൂട്യൂബ് വേണം പോലും…

ഞാൻ യൂട്യൂബ് കാണുന്നത് തന്നെ നിക്കാഹ് കഴിഞ്ഞു പുയ്യാപ്ല ആദ്യമായി ഒരു ഫോൺ കയ്യിൽ തന്നുപോയ… ഇതിപ്പോ മുട്ടേന്നു വിരിഞ്ഞില്ലല്ലോടി കാ‍ന്താരി…

“‘യൂട്യൂബ് ഒന്നും ഇട്ട് തരാൻ ഒക്കൂല…,, ”
അതിന്റെ ഒരു കുറവും കൂടിയേ ഇനിയുള്ളു…

“‘ന്നാ ഇന്ക് ഇങ്ങളെ ചോറും മാണ്ട… ഒരു കുന്തോം വേണ്ടാന്ന് പറഞ്ഞു മോന്ത കൂർപ്പിച്ചു “”

നല്ല മോളല്ലേ ഞാൻ കഥ പറഞ്ഞ് തരാം…
ഉരുള കയ്യിലെടുത്തു ഞാൻ പിന്നാലെ നടന്നു

കൊടിച്ചി പട്ടി നടക്കുന്ന പോലെ
ഒരു രക്ഷേം ഇല്ല… മനസ്സിന് ഒരു അലിവും ഇല്ല..
പിന്നേം പിന്നേം പതപ്പിച്ചു..

“‘പാത്തുമ്മ… നിനക്ക് എന്നോട് സ്നേഹല്യാ ലേ
..ഞാൻ മരിച്ചോട്ടെ ട്ടൊ “”

സംഗതി ഏറ്റു….

പോയ സ്പീഡിൽ അതാ വരുന്നു..

“‘ഞാൻ കഴിച്ചോളാം…. എനിക്ക് കഥ പറഞ്ഞു തരിന്നാൽ “”

പെട്ടല്ലോ അല്ലാഹ്…

ഒരു ഒഴുക്കിന് അങ്ങ് പറഞ്ഞതായിരുന്നു…

എന്തേലും നുണക്കഥ പറയാം… അല്ലാതെ രക്ഷയില്ല…. ന്ത് പറഞ്ഞിട്ട് ആയാലും രണ്ടു വറ്റ് അവളുടെ വയറിൽ എത്തിയാലേ എന്റെ വയറും മനസ്സും നിറയൂ…

കുഞ്ഞി പിഞ്ഞാണവും ആയി അടുക്കള തിണ്ണയിൽ ഞാനും അവളും പടിഞ്ഞിരുന്നു… കുഞ്ഞു കുഞ്ഞു ഉരുളകളാക്കി പ്ലേറ്റിന് ചുറ്റും വെച്ചു.

ഉരുള വായിൽ വെക്കാൻ ഒരുങ്ങിയതും രണ്ടു കൈ കൊണ്ടും വാ പൊത്തി പിടിച്ചു…

!”കഥ പറയാന്ന് പറഞ്ഞിട്ട് ഇങ്ങള് കളിയാക്കണോ “‘

ഹേയ്… അല്ല രാജാവേ എന്ന മട്ടിൽ ഞാൻ കൈ കൂപ്പി

കിട്ടുണ്ണി ആശാന്റെ കഥകളും അറിയുന്ന പഞ്ചതന്ത്ര കഥകളൊക്കെ പറഞ്ഞ് കൊടുത്തതാണ്…

തമ്പുരാട്ടിക് മറവി ഇല്ല… ഒരു കഥ ഒരു തവണ മാത്രേ കേൾക്കൂ…
പിന്നെ പറഞ്ഞാൽ അടിയാണ്

“”പറഞ്ഞത് അനുസരിക്കാത്ത ഒരു സിംഹ കുട്ടിയുടെ കഥ പറഞ്ഞ് തരട്ടെ ഞാൻ നിനക്ക്…”‘

സിംഹോ!?ന്താ അത്….

തുടങ്ങുന്നതിനു മുന്പേ തുടങ്ങി സംശയം… !

“”കാട്ടിലെ രാജാവാണ് സിംഹം… എല്ലാർക്കും വല്യ പേടിയുള്ള മൃഗം ആണ്…

“എന്നിട്ടോ… ?
“”ടി… ഇടക്ക് പുട്ടിനു തേങ്ങ ഇടുന്ന പോലെ എന്നിട്ടോ എന്നിട്ടോ ന്ന് ചോയ്ക്കാൻ നിക്കണ്ട…
ഞാൻ പറയുന്നത് അങ് കേട്ടാൽ മതിട്ടാ…

ഭീഷണി ആയിരുന്നു… ഹി ഹി

അവളുടെ കണ്ണിൽ ആശ്ചര്യം
ആ രാജാവിന് ഒരു കുഞ്ഞുണ്ടായി..രാജാവിന്റെ മകൻ കാട്ടിലെ രാജകുമാരൻ ആയി വളർന്നു…

സിംഹം എപ്പോഴും കുഞ്ഞിനോട് പറയുമായിരുന്നു…

“‘ആരോട് കൂട്ട് കൂടിയാലും മനുഷ്യനോട് കൂട്ട് കൂടരുത്… ചതിയും വഞ്ചനയും കൂടെ കൊണ്ട് നടക്കുന്ന സ്വാർത്ഥരാണ്… നല്ലവരെ തിരിച്ചറിയാൻ നമുക്ക് കഴിയില്ല..മനുഷ്യരിൽ നിന്നും എപ്പോഴും ഒരകലം പാലിക്കണം ന്ന്…

“”നാഫിയെ… സിംഹൻ കടിക്കോ “‘

സിംഹൻ അല്ലടീ പൊട്ടി കാളി…സിംഹം ആണ്…
ഹാ.. എന്നിട്ട്..
സിംഹ കുഞ്ഞിന് ആകെ ആകാംഷയായി…
കാണുന്ന എല്ലാവരോടും മനുഷ്യനെ കുറിച്ച് ചോദിക്കാൻ തുടങ്ങി…

മനുഷ്യനെ കാണാനുള്ള ആഗ്രഹം മൂത്ത് സിംഹ കുഞ്ഞ് അച്ഛനോട് ചോദിക്കാതെ പുറത്തിറങ്ങി…

,”‘ഗുഹ… ന്ന് പറഞ്ഞാൽ ന്താ…. ?.
.
അല്ലാഹ് പെട്ടല്ലോ…
വലിയുമ്മ പറയുന്നത് പോലെ “മട” എന്ന് പറഞ്ഞ് കൊടുത്താലോ… ഒന്ന് ചിന്തിച്ചു…

അല്ലെന്ക്കിൽ വേണ്ട… ഗുഹന്ന് പറഞ്ഞാൽ ആ സിംഹ കുഞ്ഞിന്റെ വീടാണ് പാത്തുമ്മ…

,”എന്നിട്ട്..?

നടന്നു നടന്നു ആ കുഞ്ഞ് ഒരു മനുഷ്യന്റെ മുന്നിൽ പെട്ടു.. സിംഹത്തെ കണ്ടതും അയാൾ പേടിച്ചു… സിംഹമാണെങ്കിൽ ആദ്യമായി മനുഷ്യനെ കണ്ട അന്താളിപ്പിൽ ആയിരുന്നു…

സിംഹം കൗതുകത്തോടെ നോക്കുന്നത് കണ്ടു മനുഷ്യൻ സിംഹത്തിന്റെ അടുത്തെത്തി… തൊട്ടും തലോടിയും അവർ നല്ല കൂട്ടായി..

സിംഹ കുഞ്ഞ് അച്ഛൻ പറഞ്ഞത് ആലോചിച്ചു.. ഇത്രേം നല്ല മനുഷ്യൻമാരെ എന്തിനാ അച്ഛൻ ദുഷ്ടൻ ചതിയൻ എന്നും പറഞ്ഞ് ആക്ഷേപിച്ചത്…

,”‘മതി എനിക്ക്… വയറു നിറഞ്ഞു… കണ്ടില്ലേ വീർത്തിരിക്കുന്നു “‘

തേങ്ങയാ…വയറു വീർത്തത് വെള്ളം കുടിച്ചിട്ടാണ്…ഒരു ഉരുളക്ക് രണ്ടു ഇരുക്ക് വെള്ളം… അതല്ലേ കണക്ക്… പിന്നെ നിന്റെ വയറു വീർക്കൂലേ…
“‘ വേല ഇറക്കാൻ നോക്കണ്ട മുത്തേ..
നീ പഠിച്ച സ്കൂളിലെ പ്രിൻസിപ്പാൾ ആണ് ഞാൻ… ഇത് മുഴുവൻ തിന്നിട്ടില്ലെങ്കിൽ അല്ലാഹ് തീലിടും

പെട്ടന്നാണ് ഓർത്തത് ഒരിക്കലും ദൈവത്തെ കുറച്ചു ഭീതിപ്പെടുത്തുന്ന വാക്കുകൾ പറയരുത് എന്ന് വലിയുമ്മചി പ്രതേകം പറയാറുണ്ട്.. അതവരുടെ മനസ്സിൽ ഭയം ആണ് ഉണ്ടാക്കുക… അത് പാടില്ല.. സ്നേഹമാണ് ഉണ്ടാകേണ്ടത്..

ഒന്നും പറഞ്ഞിട്ട് വാ തുറക്കാൻ അവൾ കൂട്ടാക്കിയില്ല…

വാ തുറന്നോ… അല്ലെങ്കിൽ വടി ഞാൻ എടുക്കും… പറഞ്ഞില്ലാന്നു വേണ്ട…

Haa…അതേറ്റു… പോയ സ്പീഡിൽ തിരിച്ചു തിണ്ണയിൽ വന്നിരുന്നു വാ പൊളിച്ചു…
“ബാക്കി പറഞ്ഞു തരോ കഥ… ?

എവിടെയാ ഞാൻ നിർത്തിയെ….

അവർ നല്ല കൂട്ടായി… എന്നിട്ടോ “?

ഹാ…. അയാൾ ഒരു തച്ചൻ ആയിരുന്നു.. അയാൾ സിംഹത്തെ കൊണ്ട് പോയത് അയാളുടെ ആലയിലേക്ക് ആയിരുന്നു…

നല്ല ഭംഗിയുള്ള കൂടു കണ്ട് സിംഹ കുഞ്ഞിന് അത്ഭുതം ആയി..
“ഞാൻ ഇത് വരെ ഇത്ര ഭംഗിയുള്ള കൂട് കണ്ടിട്ടില്ല… സിംഹം തച്ചനോട് പറഞ്ഞു

“നീ ഒന്ന് കേറുന്നോ..?

കേട്ട പാതി കേൾക്കാത്ത പാതി സിംഹ കുഞ്ഞ് കൂട്ടിൽ കയറി..

അയാൾ ഓടി ചെന്ന് കൂടിന്റെ വാതിൽ അടച്ചു

അപ്പോഴാണ് സിംഹ കുഞ്ഞിന് മനസ്സിലായത്….

എന്ത്…. ?പറ പാത്തുമ്മ…. എന്താ മനസ്സിലായെ…

“‘ആ സിംഹൻ പൊട്ടൻ ആണെന്ന്…

എടി പാത്തുമ്മാ… അതല്ല

മുതിർന്നവർ പറയുന്ന വാക്കുകൾ അനുസരിക്കണം. അച്ഛൻ പറയുന്നത് കേട്ടിരുന്നു എങ്കിൽ അങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന്…

ഇതും പറഞ്ഞു അവസാന ഉരുള വായിലേക്ക് വെച്ചതും വന്നു സംശയം….

“‘ആ സിംഹം എവടെ ഉമ്മച്ചിയെ… എന്നിട്ട് അതിനു എന്താ പറ്റിയെ…

“‘എന്നിട്ട് കുന്തം.. ഹല്ല പിന്നെ…

“‘ത്ഫൂ!!
അതാ കിടക്കുന്നു അവസാന ഉരുള അത്രേം നേരം കഥയും കേട്ട് പാത്തൂന്റെ കൂടെ ഇരുന്ന കുറിഞ്ഞി പൂച്ചയുടെ വായിൽ…

മുഖം പോലും കഴുകാതെ അവൾ അകത്തേക്ക് ഓടി

അവളുടെ സ്ഥിരം പാട്ടു പാടി കൊണ്ട്
“പാത്തുമ്മ പാത്രം കല്ലിൽ
പാത്ര കല്ലോണ്ട് അപ്പം ചുട്ടു

ചുട്ട അപ്പം കരിഞ്ഞു പോയി
വന്ന മാപ്പിള തെറ്റി പോയി..

ബാപ്പുട്ടി തീപ്പെട്ടി മേപ്പട്ട്
എറിഞ്ഞപോൾ
തീപ്പെട്ടി വീണത് മേപ്പടി മേൽ

ബാപ്പുട്ടി തീപ്പെട്ടി എടുക്കാൻ പോയപ്പോൾ
ബാപ്പുട്ടി വീണത് മേപ്പടി മേൽ…

നമ്മൾ അമ്മമാർ അങ്ങനെയാ…
ഉള്ള കഥകളും ഇല്ലാ കഥകളും എല്ലാം പറഞ്ഞു ഒപ്പിക്കും.മക്കൾക്ക് വേണ്ടി. ..അവരുടെ കുഞ്ഞു വയർ ഒന്നു നിറഞ്ഞു കാണാൻ..
കവിയും കഥ പറയുന്ന മുത്തശ്ശിയും എല്ലാം ആവും…
ഈ പറയുന്നത കഥകളും കവിതകളും ഒരുമിച്ചു എഴുതിയാൽ പുസ്തകവും പേനയിലെ മഷിയും മതിയാകാതെ വരും…

ശുഭം

രചന ; nafy

LEAVE A REPLY

Please enter your comment!
Please enter your name here