Home Latest ഞാനിന്നൊന്ന് മുറുക്കി തുപ്പിയാലോ അറിയാതെ ഒരുതുളളി മൂത്രം പോയാലോ പുച്ഛത്തോടെയുളള അവന്റെ നോട്ടമാണ് എന്നെയിന്നു ഏറെ...

ഞാനിന്നൊന്ന് മുറുക്കി തുപ്പിയാലോ അറിയാതെ ഒരുതുളളി മൂത്രം പോയാലോ പുച്ഛത്തോടെയുളള അവന്റെ നോട്ടമാണ് എന്നെയിന്നു ഏറെ വേദനിപ്പിക്കുന്നത്…

0

രചന : Nafiya Nafi

നമ്മൾ അഞ്ചുപേർക്കും ഒരുപോലെ ഉത്തരവാദിത്തം ഉണ്ട് അമ്മയെ നോക്കാൻ… ചെറിയ മകനാണ് പൂർണ്ണ ഉത്തരവാദിത്തം എന്നും പറഞ്ഞ് ആരും തടിയൂരാൻ നോക്കേണ്ട “..

അനന്ദു ശബ്ദമുയർത്തി… മംഗലത്ത് തറവാട്ടിലെ മക്കളെല്ലാം വർഷങ്ങൾക്കു ശേഷം സംഗമിച്ചത് വിശേഷങ്ങൾ അറിയാനോ കുടുംബബന്ധം പുലർത്താനോ അല്ലായിരുന്നു.. മറിച്ചു അമ്മയെ ചൊല്ലിയുളള അവകാശതർക്കം..

ഒരു ഹോംനേഴ്സിനെ വേണമെന്നുളള പരസ്യം കണ്ടാണ് ഞാനാദ്യമായി ആ തറവാട്ടിൽ ചെന്നതെങ്കിലും പേരും കൊണ്ടും പ്രശസ്തികൊണ്ടും സർവോപരി ആളും തരവും നോക്കാതെ വിശക്കുന്നവന് ഭക്ഷണം വെച്ചും വിളമ്പിയും ഊട്ടുന്ന സ്നേഹിക്കാൻ മാത്രമറിയുന്ന മംഗലത്തമ്മയെ എനിക്ക് സുപരിചിതമായിരുന്നു…

അദ്ധ്യാപകനായ ചെറിയ മകൻ അനന്ദുവും ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തിനൊപ്പമാണ് അവരിന്ന് താമസിക്കുന്നത്.. മറ്റു മക്കളും സമൂഹത്തിൽ ഉന്നതസ്ഥാനം അലങ്കരിക്കുന്നവർ തന്നെ ..

ചെയ്തു തീർക്കേണ്ട ജോലികളെ കുറിച്ച് എനിക്ക് നിർദേശം തരുമ്പോൾ അവയിലേറെയും ഒരു മകൻ ചെയ്യേണ്ട കടമകൾ ആയിരുന്നു എന്നത് വസ്തുത.. ആ വലിയ വീടിന്റെ അകത്തളത്ത്‌ പ്രതാപങ്ങളില്ലാതെ മുഷിഞ്ഞ ഒരു തുണിയുടുത്ത് നിലത്തു പാ വിരിച്ചു കിടക്കുന്ന ആ അമ്മയെ കണ്ടപ്പോൾ അത്ഭുതത്തേക്കാൾ എനിക്ക് സങ്കടമാണ് തോന്നിയത്..

അമ്മേ എന്നുളള എന്റെ വിളിയിൽ മറ്റാരെയോ പ്രതീക്ഷിച്ചതു കൊണ്ടാകണം അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

മോളാണല്ലേ പുതിയ അഥിതി എന്നും പറഞ്ഞവരെന്നെ തലോടിയപ്പോൾ ആ സ്പർശനത്തിൽ ഒരമ്മയുടെ വാത്സല്യം ഞാനറിഞ്ഞു .. ചെയ്തു തീർക്കുന്ന ജോലിയും അവിടെ കാണുന്ന കാഴ്ചകളും എനിക്ക് ഓരോ പുതിയ പാഠങ്ങളായിരുന്നു. പതിവായുളള പ്രഭാത കാഴ്ചകളിൽ ഒന്നായിരുന്നു..

യാത്രപോലും പറയാൻ സമയമില്ലാതെ രാവിലെ വീട്ടിൽ നിന്നിറങ്ങുന്ന മോനെയും കുടുംബത്തെയും പൂമുഖത്ത്‌ നിന്നുകൊണ്ട് മൗനമായി യാത്രയാക്കുന്ന മംഗലത്തമ്മ..പ്രാർത്ഥനയോടെ അവർ പോയി മറയുന്ന വരെ നോക്കി നിൽകുമ്പോൾ ആ പ്രാർത്ഥനയാണ് അയാളുടെ ശക്തിയെന്ന് അയാൾ മനസ്സിലാക്കുന്നില്ല..

മരുമകൾ തീൻമേശയിൽ ഒരുക്കി വെക്കുന്ന ഭക്ഷണം ഞാനവർക്ക് വിളമ്പി ഊട്ടുമ്പോൾ പലപ്പോഴും അവരുടെ കണ്ണ് നിറയുന്നതായി ഞാൻ കണ്ടിട്ടുണ്ട്.. കാരണം ചോദിച്ചപ്പോൾ മറുപടി എന്നോണം അവർ പറഞ്ഞത്.

വീട്ടിൽ ഒരുനേരമെങ്കിലും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കണമെന്നുളളത് എന്റെ നിർബന്ധമാണ്..ഇന്നവൻ ഭാര്യക്കും മക്കൾക്കുമൊത്ത്‌ കളിയും ചിരിയും തമാശയുമായി കഴിക്കുമ്പോൾ അത് പറഞ്ഞ് പഠിപ്പിച്ച എനിക്കുളള ഭക്ഷണത്തിന്റെ പങ്ക് മുറിയിൽ എത്തിക്കുന്ന സമയം അവൻ അറിയാത്ത ഒന്നുണ്ട്..

മക്കൾ അടുത്തിരുന്നു ഭക്ഷണം വിളമ്പി അത് ഊട്ടുമ്പോൾ വിശക്കുന്ന വയർ മാത്രമല്ല… കരുതൽ ആഗ്രഹിക്കുന്ന മനസ്സും കൂടി നിറയുന്നുണ്ടെന്ന്.. മാസമൊന്ന് കഴിഞ്ഞിട്ടും മറ്റു മക്കളെ ആ വഴി കാണാത്തപ്പോഴാണ് ഞാനവരെ കുറിച്ച് ചോദിച്ചറിഞ്ഞത്..

കൂട്ടത്തിൽ വാത്സല്യം കൂടുതൽ കൊടുത്തു വളർത്തിയ ചെറിയ മകൾ അവൾക്കും കൂടി അവകാശപ്പെട്ട സ്വത്തും മറ്റും ആങ്ങളക്ക് കൊടുത്തു എന്ന പേരും പറഞ്ഞ് വർഷം ഒന്ന് കഴിഞ്ഞു ഈ പടി കയറിയിട്ട്… സ്വത്തിന്റെയും പണത്തിന്റെയും സഹോദരങ്ങൾ തമ്മിൽ അടിച്ചു പിരിഞ്ഞപ്പോൾ അവൾ മറന്നത് പെറ്റ വയറിനെ കൂടിയാണ്…

കാരണവരായി തറവാടിനെ നയിക്കേണ്ട മൂത്തമകൻ ആകെ വരുന്നത് തൊടിയിലെ നാളികേരം വിറ്റ തുക അമ്മയുടെ തലയണക്കു താഴെ നിന്നും എടുക്കാൻ വേണ്ടി മാത്രമാണ്… തിരക്കിൽ നിന്നും തിരക്കിലേക്ക് ഓടുന്ന വിദേശത്തുളള മറ്റു മക്കൾ ജീവനോടെ ഉണ്ടെന്നറിയുന്നത് മാസത്തിൽ ഒരു തവണയുളള ഫോൺ വിളിയിലൂടെ മാത്രം..

“‘അമ്മക്ക് പണത്തിനു വല്ല ആവശ്യവുമുണ്ടോ “എന്നുളള ഒറ്റ ചോദ്യത്തിൽ ഒതുക്കും അവരെല്ലാം.. ഇന്ന് ഞാനെന്റെ മക്കളുടെ ഭാവി ഭദ്രമാക്കിയ പോലെ അവരും ഓടുന്നത് അതേ ലക്ഷ്യം മുന്നിൽ വെച്ചു തന്നെ.. നെടുവീർപ്പോടെ അവരത് പറഞ്ഞ് തീർത്ത്‌ കണ്ണീർ തുടക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചത് മറ്റൊന്നായിരുന്നു ..

വളർത്തി വലുതാക്കിയ മക്കൾ അമ്മയെ മറന്നു ഓടുമ്പോൾ അവരെ കുറിച്ച് പറയുന്ന ആ അമ്മയുടെ വാക്കുകളിൽ കുറ്റപ്പെടുത്തലിന്റെയോ പഴി ചാരലിന്റെയോ സ്വരമില്ലായിരുന്നു.. മറിച്ച്‌ അവരുടെ ഉയർച്ചയിലുളള അഭിമാനമായിരുന്നു ആ കണ്ണുകളിലെ തിളക്കത്തിനത്രയും …

കുറച്ച് നാൾ മുൻപ് വരെ മക്കളുടെ വീട്ടിൽ മാസം തോറും പോകാറുളള ഒരഥിതിയായിരുന്നു ഞാൻ എന്നവർ പറഞ്ഞപ്പോൾ അതിന്റെ സാരം പിന്നീടായിരുന്നെനിക്ക് മനസ്സിലായത്..

മറ്റു മക്കളെയും പേരമക്കളെയും കാണുന്നതോടൊപ്പം “‘നിങ്ങളുടെ അമ്മക്ക് വേറെയും മക്കളില്ലേ “‘എന്ന് മകനോട് പരാതി പറയുന്ന മരുമകൾക്ക്‌ ഒരാശ്വാസത്തിനും… ഒരിടത്ത് തന്നെ തങ്ങിയാലുളള മക്കളുടെ മുഷിപ്പും ഇല്ലാതാക്കാൻ വേണ്ടിയാണെന്ന്..

അകന്ന ബന്ധുവിന്റെ കല്യാണത്തിനു മാറ്റിയൊരുങ്ങി വന്ന മരുമോളെ കണ്ടപ്പോൾ ചിരിച്ചു കൊണ്ടവർ തുടർന്നു.. പണ്ട് അനന്ദുവിന് ഒരു ചെറിയ പനി വന്നപ്പോൾ അനിയത്തിയുടെ കല്യാണത്തിന് പോകാഞ്ഞത് ദൂരയാത്ര അവന്റെ അസുഖം കൂട്ടുമെന്ന ഭയം കൊണ്ടായിരുന്നു…

മക്കളുടെ ചെറിയ വിഷമതകൾ പോലും എന്നെ വല്ലാതെ ഉലച്ചിരുന്നു..എന്നാൽ എന്റെ ചെറുതും വലുതുമായ വിഷമതകൾ ഞാനിന്നവനോട് പറയുമ്പോൾ അവന്റെ മുഖത്ത് യാതൊരു വേവലാതിയോ ഭാവമാറ്റമോ കാണാറില്ല..

ഒരു ഓണമോ വിഷുവോ വന്നാൽ കോടിയുമായി വരുന്ന മക്കളോട് വീട്ടിലിരിക്കുന്ന അമ്മക്കെന്തിനാ മക്കളേ കോടി എന്ന് പറയുമ്പോൾ അമ്മക്കില്ലാതെ ഞങ്ങൾക്ക് എന്താഘോഷമെന്ന് പറഞ്ഞ് കോടിയുടുപ്പിക്കുന്ന മക്കൾ എനിക്കിന്ന് സ്വപ്നങ്ങളിൽ കൂടി അന്യമാണ്.

പത്തുവയസ്സ് വരെ കിടന്ന പായിൽ മുളളിയിരുന്ന അനന്ദുവിനെ ചെറിയ നോട്ടം കൊണ്ട് പോലും ഞാൻ കുറ്റപ്പെടുത്തിയിട്ടോ ശകാരിച്ചിട്ടോ ഇല്ല .. എന്നാൽ ഞാനിന്നൊന്ന് മുറുക്കി തുപ്പിയാലോ അറിയാതെ ഒരുതുളളി മൂത്രം പോയാലോ പുച്ഛത്തോടെയുളള അവന്റെ നോട്ടമാണ് എന്നെയിന്നു ഏറെ വേദനിപ്പിക്കുന്നത് ..

ചുറ്റുംനിന്നു കൊണ്ട് എന്റെ അമ്മയാണ് എന്നും പറഞ്ഞ് വഴക്കിട്ടിരുന്ന മക്കൾ ഞാൻ കഴിച്ചതിന്റെ പാതി കഴിക്കാനും ഞാൻ കുടിച്ചത്തിന്റെ പാതി കുടിക്കാനും തമ്മിൽ അന്ന് അടിയുണ്ടാക്കിയപ്പോൾ… ഇന്ന് ഞാൻ സ്നേഹത്തോടെ നീട്ടുന്ന ഭക്ഷണം വളർത്തു നായക്ക്‌ കൊടുക്കുന്നതോടൊപ്പം വെളളം മുറ്റത്തെ ചെടിക്ക്‌ നനയാക്കാനും അവർ മറക്കാറില്ല..

ചെറിയ കാര്യങ്ങളിൽ പോലും അഭിപ്രായം തേടിയിരുന്ന മക്കൾ ഇന്നെന്റെ വാക്കിനെ മാനിക്കുന്നില്ലെന്ന് മാത്രമല്ല..ചോദിച്ചറിയാൻ ചെല്ലുന്ന എന്നോട് “‘അമ്മ അകത്തിരുന്നു പോയി നാമം ജപിക്ക് “‘ എന്ന മറുപടി മാത്രമാണ് പറയാറുളളത്. ഞാനവർക്ക് ഒരു തടസ്സമാണെന്നത് എനിക്ക് ബോധ്യപെട്ട സത്യമാണ്..പൂർണ്ണ മനസ്സോടെ വൃദ്ധസദനമെന്ന വഴി ഞാനന്ന് മക്കളോട് പറഞ്ഞത് ഈ ഒറ്റപ്പെടലിൽ നിന്നും ഒരു രക്ഷ നേടാൻ കൂടി വേണ്ടിയായിരുന്നു.

എന്നാൽ അതിനും തടസ്സം നിന്നത് അനന്ദുവായിരുന്നു.. പക്ഷെ അതവന് എന്നോടുളള സ്നേഹം അവശേഷിക്കുന്നത് കൊണ്ടല്ലായിരുന്നു.. മറിച്ച് അക്ഷരം പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ അമ്മ വൃദ്ധസദനത്തിലാണെന്ന് അടക്കം പറയുന്ന നാട്ടുകാരെ ഭയന്നും മാനഹാനി വിചാരിച്ചുമായിരുന്നു.

നാളെ പിറ്റേന്ന് എനിക്കുമീ അവസ്ഥ വരുമെന്നോർത്ത് എല്ലാം കേട്ട് നിന്ന ഞാൻ കണ്ണീർ തുടക്കുമ്പോഴാണ് അനന്ദുവിന്റെ അങ്ങോട്ടുളള വരവ്. “‘അമ്മേ… ഒരു സന്തോഷ വാർത്തയുണ്ട്… ഇത്തവണ ഓണം എല്ലാവരും ഇവിടെ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാ “‘… കേട്ടതും അത് വരേ സങ്കടം തളം കെട്ടിനിന്നിരുന്ന അവരുടെ മുഖത്തുണ്ടായ ഭാവവ്യത്യാസം എന്നിൽ അത്ഭുതമുണ്ടാക്കി.. മരിക്കുന്നതിന് മുൻപ് മക്കളെ എല്ലാവരെയും ഒരുമിച്ചു കാണുമെന്ന് ഞാൻ വിചാരിച്ചതല്ല എന്നും പറഞ്ഞവരെന്നെ നോക്കിയപ്പോൾ ആ അതിരില്ലാത്ത സന്തോഷം കണ്ടെന്റെ കണ്ണും നിറഞ്ഞിരുന്നു..

കാത്തിരിപ്പിനൊടുവിൽ തിരുവോണത്തിനു മുൻപ് തന്നെ മക്കളും പേരമക്കളും അടങ്ങുന്ന മംഗലത്തെ അവകാശികൾ കളിച്ചു വളർന്ന തറവാട്ടിൽ എത്തിയെന്ന് അറിഞ്ഞപ്പോൾ കഥകളിലൂടെ മാത്രം പരിചിതമായ അവരെ കാണാനും അതിലുപരി ഒരിക്കലെങ്കിലും ആ അമ്മയുടെ ചിരിക്കുന്ന മുഖം കാണാനും എന്നിൽ വല്ലാത്ത ആഗ്രഹമുണ്ടാക്കി.

അനന്ദുവിനോട് സമ്മതം വാങ്ങി തിരുവോണത്തിന്റെ അന്ന് ഞാനങ്ങോട്ടിറങ്ങുമ്പോൾ എനിക്ക് മുൻപ് ഏട്ടനും മക്കളും ഇറങ്ങിയിരുന്നു… ആ അമ്മയെ കാണാൻ ഞങ്ങളും വരുന്നുണ്ടെന്ന ഏട്ടന്റെയും മക്കളുടെയും ആവശ്യമെനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല..

വണ്ടിയിറങ്ങി ഞങ്ങൾ ആ വലിയ വീടിന്റെ നീണ്ട വരാന്തയിലേക്ക് കയറുമ്പോൾ ഒരുത്സവ പ്രതീതിയായിരുന്നു അവിടം..മക്കളോട് കൂടെ പൂമുഖത്ത്‌ ഇരിക്കുകയും എന്നെയും കുടുംബത്തെയും കാണുമ്പോൾ ചിരിച്ചു കൊണ്ട് വരവേൽക്കുകയും ചെയ്യുന്ന ഒരമ്മയെയാണ് ഞാനവിടെ പ്രതീക്ഷിച്ചത്..

പക്ഷെ എനിക്ക് പിഴച്ചു… അവരെ ഒഴിച്ച് എല്ലാവരെയും ഞാനവിടെ കണ്ടപ്പോൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്ത് ഞാനകത്തേക്ക് കയറുമ്പോൾ പിന്നിൽ നിന്നും ആരോ പറയുന്നത് കേട്ടു
“‘അമ്മയെ നോക്കുന്ന ഹോംനേഴ്സ് ആണ് ”

അകത്തേക്ക് കയറി ഏട്ടനും മക്കൾക്കും മുൻപേ നടന്ന് ഞാനാ ഇരുണ്ട മുറിയിലേക്ക് കയറിയപ്പോൾ കലങ്ങിയ കണ്ണുമായി ഇരിക്കുന്ന അമ്മയെയാണ് കണ്ടത്..

പ്രതീക്ഷിക്കാതെ എന്നെ അവിടെ കണ്ടപ്പോൾ അവരുടെ കണ്ണിലെ തിളക്കം ഞാൻ ശ്രദ്ധിച്ചു.. മക്കളെ ചേർത്ത് നിർത്തി നെറുകയിലും കണ്ണിലും മാറി മാറി ഉമ്മ വെക്കുമ്പോൾ സ്നേഹവാത്സല്യം ചൊരിയുന്ന ഒരു മുത്തശ്ശിയുടെ മനസ്സായിരുന്നു ഞാനവിടെ കണ്ടത്. ഏട്ടനെ കണ്ടതും കണ്ണുനീർ തുടച്ചു കൊണ്ട് മുഖത്ത് ചിരി പടർത്താൻ അവർ നന്നേ പാടുപെടുന്നുണ്ടായിരുന്നു…

വളർത്തി വലുതാക്കിയ മക്കൾ വർഷങ്ങൾക്ക് ശേഷം ഒരുമിച്ചമ്മയെ കാണാൻ വന്നത് അമ്മയോടുളള അടങ്ങാത്ത സ്നേഹം കൊണ്ടല്ല മറിച്ച് അമ്മയെ എവിടെ നടതളളുമെന്ന് കൂടി ആലോചിക്കാൻ വേണ്ടിയാണെന്ന് അവർ പറയുമ്പോൾ മാറി നിന്ന് കൊണ്ട് കണ്ണ് തുടക്കുന്ന എന്റെ മക്കളെയാണ് ഞാൻ കണ്ടത്..

വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ സമാധാനിപ്പിക്കാൻ കഴിയാതെ ഞാൻ മൗനം പാലിച്ചപ്പോൾ എല്ലാം കേട്ടിരുന്ന ഏട്ടൻ അവരുടെ മെലിഞ്ഞ കൈകൾ ചേർത്ത് പിടിച്ച് ചോദിക്കുന്നുണ്ടായിരുന്നു .. “” വലിയ വീടും പ്രതാപവും പ്രശസ്തിയുമൊന്നുമില്ല.. ശേഷിക്കുന്ന കാലം പട്ടിണിക്കിടാതെ ഒറ്റക്കാണെന്ന തോന്നൽ വരുത്താതെ നോക്കാമെന്ന വാക്ക് മാത്രം തരാം.. വരുന്നോ ഞങ്ങളുടെ കൂടെ…

ഞങ്ങൾക്ക് അമ്മയായിട്ടും എന്റെ മക്കൾക്ക്‌ കഥകൾ പറഞ്ഞു കൊടുത്ത്‌ നേർവഴി കാണിക്കുന്ന മുത്തശ്ശിയായിട്ടും എന്റെ വീടിന്റെ വിളക്കായിട്ടും…

ഇതിനകം ഒരായിരം ആവർത്തി ഞാൻ മനസ്സിൽ ചോദിച്ച ചോദ്യം ഏട്ടൻ ചോദിക്കുമ്പോൾ തൊഴുകയ്യോടെ ഏങ്ങലടിച്ചു കരഞ്ഞ കണ്ണുകൾ കൊണ്ട് സമ്മതം അറിയിച്ചപ്പോൾ അവരുടെ മുഖം നെഞ്ചോടു ചേർത്ത് നെറുകയിൽ ഉമ്മ വെച്ചായിരുന്നു ഏട്ടൻ ആശ്വസിപ്പിച്ചത്…

ശുഭം

Written By Nafiya Nafi

LEAVE A REPLY

Please enter your comment!
Please enter your name here