Home Latest “ലെച്ചു.. മോളിനീ ഇങ്ങനെ ഓടി ചാടി കളിക്കാൻ ഒന്നും പാടില്ല. മോളു വലിയ കുട്ടിയായി. കെട്ടോ...

“ലെച്ചു.. മോളിനീ ഇങ്ങനെ ഓടി ചാടി കളിക്കാൻ ഒന്നും പാടില്ല. മോളു വലിയ കുട്ടിയായി. കെട്ടോ “. – വളപ്പൊട്ടുകൾ

0

എന്റെ ഒമ്പതാമത്തെ വയസ്സിലാണ് പാവാടയുടെ പുറകിൽ ഒരു ചുവന്നകറ
കണ്ടത്. കുളപടവുകൾ ചാടിയിറങ്ങി കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അമ്മയാണ് ആദ്യം കണ്ടത്.

“ലെച്ചു… മതി കളിച്ചത്. ഇങ്ങു വന്നേ ”

ഞാൻ ഓടി അമ്മയുടെ അരികിലേക്ക് ചെന്നു. അമ്മ എന്റെ ഡ്രസ്സ്‌ ഊരി നോക്കി. അമ്മേടെ മുഖത്ത് ഭയങ്കര സന്തോഷം.

“ലെച്ചു.. മോളിനീ ഇങ്ങനെ ഓടി ചാടി കളിക്കാൻ ഒന്നും പാടില്ല. മോളു വലിയ കുട്ടിയായി. കെട്ടോ “.

ആദ്യം ഒന്നും മനസിലായില്ല

“ആണോ ഞാൻ വലിയ കുട്ടി ആയോ “.

“പിന്നെ വലിയ കുട്ടി ആയി”.

അമ്മ എന്റെ നുണക്കുഴി കവിളിൽ ചെറുതായി നുള്ളി.

ആ ഏഴ് ദിവസങ്ങൾ ഞാനൊരു രാജകുമാരി ആയിരുന്നു. എല്ലാരും എന്നെ ഒരുപാട് പരിചരിച്ചു. കുടുബത്തിലെയും അയല്പക്കത്തെയും ഒരുപാട് സ്ത്രീകൾ എന്നെ കാണാൻ വന്നു. പക്ഷെ ആണുങ്ങളെ ആരെയും ഞാൻ ആ പരിസരത്ത് കണ്ടില്ല.

“അതെന്താമ്മേ… അച്ഛനും ഉണ്ണിയേട്ടനും ഒന്നും ഇങ്ങോട്ട് വരാത്തേ… ”

“അതു മോളിപ്പോ അശുദ്ധിയായിട്ട് ഇരിക്കുവല്ലേ അതാ “.

“അപ്പൊ ഇത് അശുദ്ധിയാ “.

“ഈ സമയത്ത് അച്ഛനെയും ഉണ്ണിയെയും ഒന്നും തൊടാൻ പാടില്ല. ”

അവിടം മുതൽ എന്റെ ജീവിതത്തിൽ നിയന്ത്രണങ്ങളുടെ ഒരു വേലിയേറ്റം തന്നെയായിരുന്നു.

അശുദ്ധിയായിരിക്കുമ്പോൾ വീട്ടിലെ പുരുഷൻമാരെ തൊടാൻ പാടില്ല. ആൺകുട്ടികളോട് ഈ കാര്യം ഒന്നും പറയാൻ പാടില്ല. കിണറ്റിൽ നിന്ന് വെള്ളം കോരാൻ പാടില്ല. തറയിൽ പാ വിരിച്ചു കിടക്കണം.. അങ്ങനെ നീളുന്നു പട്ടിക.

അശുദ്ധിയെ വെറുത്തത് അവിടെയാണ്. രണ്ടാം ദിവസം അസഹ്യമായ നടുവേദനയുടെ കൂടെ തറയിൽ കിടക്കേണ്ടി വരിക. മടുത്തുപോയി.

എന്റെ 18 വയസ്സുവരെ ഞാനെന്റെ മനസ്സിൽ ഉറച്ചു വിശ്വസിച്ചു.. “ആർത്തവം അശുദ്ധി ആണ് “.

ഡിഗ്രിക്ക് പഠിക്കാൻ പോയതുമുതൽ ആണ് എന്റെ ജീവിതത്തിലേ തെറ്റായ വിശ്വാസങ്ങൾ എല്ലാം കാറ്റിൽ പറക്കാൻ തുടങ്ങിയത്.

ഗവണ്മെന്റ് കോളേജിൽ ആണ് അഡ്മിഷൻ കിട്ടിയത്. അടുത്ത് ആയതുകൊണ്ട് പോയി വരാം.
അവിടെ വച്ചാണ് അർച്ചനയെ പരിചയപെടുന്നത്. കുറഞ്ഞ ദിവസം കൊണ്ട് ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളായി. എന്റെ നേർവിപരീതമായിരുന്നു അവൾ. പറയാൻ ഉള്ളത് ആരുടെ മുഖത്ത് നോക്കിയും പറയും. എല്ലാ കാര്യത്തിനും അവൾക്കു അവളുടെതായ അഭിപ്രായങ്ങൾ, തീരുമാനങ്ങൾ.

ഒരുദിവസം ക്ലാസ്സിൽ ഇരിക്കുമ്പോൾ വല്ലാതെ വയറുവേദന അനുഭവപെട്ടു.

“അച്ചു…. ” ഞാൻ അവളുടെ കാതിൽ ശബ്ദം താഴ്ത്തി കാര്യം പറഞ്ഞു.
അവൾ എന്നെയൊന്നു നോക്കി.

“ഇതെന്തിനാ നീ എന്റെ ചെവിയിൽ വന്ന് ഇത്രേം ശബ്ദം താഴ്ത്തി പറയുന്നേ… അല്ലാതെ അങ്ങ് പറഞ്ഞാൽ പോരെ “.

“അല്ലേടി ബോയ്സ് ആരേലും കേട്ടാൽ മോശം അല്ലേ “.

“എന്ത് മോശം “.

അവളുടെ കൂസലില്ലായ്മ കണ്ട് ഞാൻ ഒന്നും മിണ്ടാൻ പോയില്ല. എല്ലാ കാര്യത്തിനും അവളിങ്ങനെ ആണ്.

“നീയെന്തായാലും വാ ടോയ്‌ലെറ്റിൽ പോവാം “.

“അയ്യോ.. ടി ഞാൻ എടുത്തിട്ടില്ല “.

“എന്നാ വാ സ്റ്റോറിൽ പോയി വാങ്ങാം “.

അവൾ എന്റെ കൈയിൽ പിടിച്ചു എഴുനെല്പിച്ചു. ഞാൻ ഡ്രെസ്സിന്റെ പുറകിൽ ഒന്നുനോക്കി. ഭാഗ്യം കുഴപ്പം ഇല്ല

സ്റ്റോറിനു മുന്നിലെത്തിയപ്പോ ഞാൻ അറിയാതെ ഒന്നു ഞെട്ടി. അഞ്ചാറ് ബോയ്സ് വാതിൽക്കൽ തന്നെ നിൽക്കുന്നു.

“ടി നീയെന്താ ഇങ്ങനെ പമ്മി നിൽകുന്നെ “.

“അല്ലെടി അവിടെ മൊത്തം ബോയ്സ് അല്ലേ ”

“അതിനിപ്പോ എന്താ… നിയിങ്ങോട്ട്‌ വാ പെണ്ണെ “.

“ചേച്ചി ഒരു സ്റ്റേഫ്രീ “.

അവളുടെ ഉച്ചത്തിൽ ഉള്ള പറച്ചിൽ കേട്ട് എന്റെ രണ്ടു കണ്ണും തള്ളി പുറത്തേക്കുവന്നു. ഞാനാ പയ്യന്മാരെ ഒന്നു നോക്കി. ആരും മൈൻഡ് ചെയ്തിട്ടില്ല.

ടോയ്‌ലെറ്റിൽ പോയി കഴിഞ്ഞു ഞാൻ അവളെയും കൊണ്ട് ആള് ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് പോയി.

“നീയെന്താ കാണിച്ചേ… ആ പയ്യന്മാർ എല്ലാം കേട്ടില്ലേ.. ഇതൊക്കെ ഇങ്ങനെ ഉച്ചത്തിൽ കൂവാമോ “.

“അതെന്താ പറഞ്ഞാൽ “.

“ഇതൊക്കെ അശുദ്ധിയല്ലേ “.

അവൾ എന്നെ നോക്കി പൊട്ടിചിരിച്ചു

“അതെങ്ങനെയാടി ഒരു പെണ്ണിന്റെ ഗർഭപാത്രം ശുദ്ധികരിക്കുന്ന പ്രക്രിയ അശുദ്ധി ആയത് “.

“അശുദ്ധി ആയതു കൊണ്ടല്ലേ എല്ലാരും ഇതു മറച്ചുപിടിച്ചു സംസാരിക്കുന്നേ.. അതുകൊണ്ടല്ലെ അമ്പലത്തിലും പള്ളികളിലും ഒന്നും പോവാൻ പറ്റാത്തത്”.

“അത് അശുദ്ധിയായത് കൊണ്ടല്ല ലെച്ചു. വിശ്വാസങ്ങൾ അങ്ങനെ ആയത് കൊണ്ടാണ്. ആർത്തവസമയത്തു അമ്പലത്തിൽ കയറരുത് പള്ളിയിൽ പോകരുത് ഇതൊക്കെ വിശ്വാസങ്ങൾ മാത്രം ആണ്. കുറെപേര് ശരിയായി കാണുന്നു. വേറെ കുറെപേര് തെറ്റായി കാണുന്നു”.

“നിനക്കിതിലൊന്നും വിശ്വാസമില്ലേ “.

“അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടങ്ങൾ ആണ്. എന്നെ സംബന്ധിച്ച് പത്ത് പന്ത്രണ്ടു വയസ്സിൽ തുടങ്ങി അമ്പത് അറുപതു വയസ്സിൽ അവസാനിക്കുന്ന ഒരു പ്രക്രിയ.
അതു നമ്മുടെ ശരീരത്തെ ശുദ്ധികരിക്കുന്നു.
നമ്മുടെ ത്യാഗത്തെ ഓർമപെടുത്തുന്നു.
ഒന്നാലോചിച്ചുനോക്കിയേ
നടുവേദന, തലവേദന, വയറുവേദന, stress അങ്ങനെ എന്തെല്ലാം pain ആ സമയത്തു അനുഭവിക്കുന്നു. എന്നിട്ടും അതൊക്കെ സഹിക്കുന്നു
എന്തുകൊണ്ടാ…
ഒരു പെണ്ണ് വയസ്സറിയികുന്ന നാള് തൊട്ട് അവളിലെ മാതൃത്യം ഉണർന്നതുകൊണ്ട്.

ഒരമ്മയാവാൻ പത്തുമാസം ഒരു കുഞ്ഞിനെ ഉദരത്തിൽ ചുമന്നാൽ പോരാ… അതിനവൾ ഋതുമതിയാവുന്ന നാളുതൊട്ട് തന്റെ ശരീരത്തെ പ്രാപ്തയാക്കികൊണ്ടിരിക്കുകയാണ്.
ലെച്ചു…
ആർത്തവം അശുദ്ധിയാണെങ്കിൽ ആ അശുദ്ധിയാണ് എന്റെ ഏറ്റവും വലിയ വിശുദ്ധി.
അതെന്നിലെ മാതൃത്യത്തെ ശുദ്ധിയാക്കുന്നു.
എന്നിലെ അമ്മയെ കൂടുതൽ പവിത്രത ഉള്ളതാക്കുന്നു “.

പറഞ്ഞു നിർത്തി എന്നെ നോക്കി ഒരു ചിരി സമ്മാനിച്ച് അവൾ തിരികെ നടക്കുമ്പോൾ എന്നിലെ അശുദ്ധിയെ ഞാനും സ്നേഹിച്ചു തുടങ്ങിയിരുന്നു.

രചന : Beema M S

LEAVE A REPLY

Please enter your comment!
Please enter your name here