Home Latest “ഉം..മൂക്കിൽ പല്ല് വന്നിട്ടാവും. അല്ലെങ്കിൽ കുട്ടികൾ ഒക്കെ ആയി കഴിഞ്ഞിട്ടു യാത്ര ഒക്കെ ബുദ്ധിമുട്ട് അല്ലെ....

“ഉം..മൂക്കിൽ പല്ല് വന്നിട്ടാവും. അല്ലെങ്കിൽ കുട്ടികൾ ഒക്കെ ആയി കഴിഞ്ഞിട്ടു യാത്ര ഒക്കെ ബുദ്ധിമുട്ട് അല്ലെ. നമുക്കു അതിന് മുമ്പ് പോകാം.”

0

“അവളെ വിനു ഹണിമൂൺ ആഘോഷിക്കുവാൻ അങ്ങു അമേരിക്കവരെ കൊണ്ടുപോയി. എന്നെയോ ഇവിടെയൊരാൾ അടുത്തുള്ള പാർക്കിൽ കൊണ്ടുപോയി ഒരു ചായയും പരിപ്പുവടയും വാങ്ങി തന്നു. അവളുടെ യോഗം” ദിയ ഇത് പറഞ്ഞുകൊണ്ട് അടുക്കളയിൽ കറി ഇളക്കുകയായിരുന്നു. ഹാളിലിരുന്ന് എന്തോ എഴുതുന്ന സുജിത് ഇതു കേൾക്കുന്നുണ്ടെങ്കിലും കേൾക്കാത്ത ഭാവത്തിൽ എഴുത്തിൽ ഒന്നൂടെ ശ്രദ്ധിക്കുന്നതാനായി ഭാവിച്ചു. അടുക്കളയിൽ നിന്ന് ഇടക്കണ്ണിട്ട് ഹാളിലേയ്‌ക്ക് നോക്കിയ ദിയ, സുജിത് താൻ പറയുന്നത് ശ്രദ്ധിക്കാതെ എഴുത്തു തുടരുന്നത് കണ്ടപ്പോൾ ഒന്നൂടെ ദേഷ്യത്തിൽ കറി ഇളക്കുവാൻ തുടങ്ങി.

“അല്ലേലും കാശില്ലാഞ്ഞിട്ടൊന്നുമല്ല, എന്നോടുള്ള ഇഷ്ടക്കുറവ് കൊണ്ടാകും.” പതിവ് പോലെ ദിയയുടെ അവസാനത്തെ അടവ് പുറത്തെടുത്തു. വൈകാരികമായി സുജിത്തിന്റെ ശ്രദ്ധ അവൾ ക്ഷണിച്ചു. സുജിത് പതിയെ പേന താഴെ വെച്ചു അടുക്കളയിലേക്ക് ചെന്നു പിന്നിലൂടെ അവളെ ആശ്ലേഷിച്ചു. കഴുത്തിന്റെ പിന്നിലായി ചെവിയുടെ താഴെ ഒരു ചെറുചുംബനം നൽകി അവളെ പുണർന്നു. പരിഭവത്തിൽ അവൾ അവനോട് പറഞ്ഞു. “വേണ്ട,മിണ്ടണ്ട. നിങ്ങൾ എന്നെ ഇതുവരെ എവിടെയെങ്കിലും കൊണ്ടുപോയോ?” കറി ഇളക്കികൊണ്ടു അവൾ അവനോട് ചോദിച്ചു. “എന്റെ ദിയ, വർഷങ്ങൾ കിടക്കുവല്ലേ. നമ്മളുടെ വിവാഹം കഴിഞ്ഞിട്ടു 1 വർഷം അല്ലെ ആയുള്ളൂ. ഇനിയും പോകാമല്ലോ.” കറിയിൽ നിന്ന് ഒരു കഷണം കാരറ്റ് എടുത്തു ചവച്ചു കൊണ്ടു സുജിത് പറഞ്ഞു.

“ഉം..മൂക്കിൽ പല്ല് വന്നിട്ടാവും. അല്ലെങ്കിൽ കുട്ടികൾ ഒക്കെ ആയി കഴിഞ്ഞിട്ടു യാത്ര ഒക്കെ ബുദ്ധിമുട്ട് അല്ലെ. നമുക്കു അതിന് മുമ്പ് പോകാം.” സാരി തലപ്പ് എടുത്തു നെറ്റിയിൽ പടർന്ന വിയർപ്പുത്തുള്ളികൾ തുടച്ചുകൊണ്ടു ദിയ പറഞ്ഞു. “ഉം. പോകാം. ഈ വിഷുവിന് 2 ദിവസം എനിക്ക് അവധിയുണ്ട്. അപ്പോൾ നമുക്ക് മലേഷ്യ വരെ പോകാം. മതിയോടി” അവളുടെ മുടിയിഴകൾ തലോടി കൊണ്ടവൻ ചോദിച്ചു. വിടർന്ന കണ്ണുകളും, ചെറു പുഞ്ചിരിയോടും കൂടി അവൾ സമ്മതം മൂളി. അടുപ്പ് നിർത്തി അവൾ സ്റ്റവിൽ നിന്ന് കറിയിറക്കി തിട്ടയിൽ വെച്ചു.

“അയ്യോ, ചേട്ടാ ഇനി ചിക്കൻ വെക്കുവാൻ ഇഞ്ചി തീർന്നു. വാങ്ങിയിട്ട് വാ”. തന്നെ നോക്കി നിന്ന ദിയയുടെ കൈകൾ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു. “ദിയ, എനിക്ക് നിന്നെ ഇഷ്ടമാണ്. സോറി. എന്റെ തെറ്റാണ്. അറേഞ്ചട് വിവാഹം ആയത് കൊണ്ട് നിന്റെ ഇഷ്ടങ്ങൾ ഒന്നും ഞാൻ ചോദിച്ചില്ല. നിനക്ക് എവിടെ പോകണം എന്ന് ചോദിക്കാഞ്ഞത് മനപ്പൂർവം അല്ല. നീ എന്നോട് പറയുമെന്ന് കരുതി.” “അത് പിന്നെ ചേട്ടാ, ഒരു വീട്ടിൽ കയറിവന്ന ഉടനെ എങ്ങനെ ഇതൊക്കെ പറയും. ചേട്ടൻ എന്ത് വിചാരിക്കും എന്നൊക്കെ കരുതി. അത് സാരമില്ല ചേട്ടാ. എനിക്ക് പരാതിയൊന്നുമില്ല. അവൾ അമേരിക്കയിൽ പോയത് കണ്ടപ്പോൾ ഒരു കുശുമ്പ്. അത്രേയുള്ളൂ.” ചിരിച്ചു കൊണ്ട് നാണത്തിൽ അവൾ പറഞ്ഞു.

“ശെരി, ഞാൻ പോയി ഇഞ്ചി വാങ്ങിയിട്ട് വരാം” ബൈക്കിന്റെ ചാവി മുറിയിലെ മേശയിൽ നിന്ന് എടുത്തു വസ്ത്രങ്ങൾ മാറി സുജിത് ബൈക്ക് സ്റ്റാർട്ട് ചെയ്തു യാത്രയാകുവാൻ തുടങ്ങുമ്പോൾ ദിയ പറഞ്ഞു ” ചേട്ടാ, ഹെൽമറ്റ് എടുക്കുന്നില്ലേ” “ഓ എന്തിനാ, അടുത്തു വരെയല്ലേ പോകുന്നേ. ഞാൻ ഇപ്പോൾ വരും” എന്ന് പറഞ്ഞു സുജിത് യാത്രയായി. തിരികെ അടുക്കളയിൽ പോയി ബാക്കിയുള്ള പണികളിൽ മുഴുകിയ ദിയ അൽപ്പം കഴിഞ്ഞു ഭിത്തിയിലിരിക്കുന്ന ക്ലോക്കിൽ നോക്കിയപ്പോൾ സുജിത് പോയിട്ട് അരമണിക്കൂർ കഴിഞ്ഞിരിക്കുന്നു.

പെട്ടെന്ന് കാളിങ് ബെൽ മുഴങ്ങി. വാതിൽ തുറന്നതും അടുത്ത വീട്ടിലെ കണാരേട്ടൻ ആയിരുന്നു. “എന്താ കണാരേട്ട?” “മോൾ ഒന്നു വേഗം തയ്യാറായി വാ. നമുക്കൊന്ന് ആശുപത്രിയിൽ പോകാം. സുജിത്തിന് ചെറിയൊരു പരിക്ക് പറ്റി. സാരമില്ല. ദിയ വരു.” കൈയ്യിലുള്ള തവി താഴെ പടിയിൽ വീണുരുണ്ടു മുറ്റത്തു ചെന്നു വീണു. കണാരേട്ടന്റെ കാറിൽ അവർ ഇരുവരും കൂടാതെ കാണാരേട്ടന്റെ ഭാര്യയേയും കൂട്ടി ആശുപത്രിയിലേക്ക് തിരിച്ചു. ദിയയുടെ ഹൃദയം തിളച്ചു മറിയുന്നുണ്ടായിരുന്നു. കണ്ണുകൾ നിറഞ്ഞു. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ എത്തിയ ദിയ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന സുജിയെയാണ്. സുജിത്തിനെ പരിശോധിക്കുന്ന ഡോക്ടർ റോയ് വർഗീസ് ദിയയെ വിളിപ്പിച്ച “സീ മിസ്സിസ് ദിയ, വീഴ്ച്ചയുടെ ആഘാതത്തിൽ ഭർത്താവിന്റെ തല കല്ലിലോ മറ്റും ഇടിച്ചിട്ടുണ്ട്. അതിനാൽ തലയിൽ നല്ല മുറിവ് ഉണ്ട്. ഒരു CT സ്കാൻ വേണ്ടി വരും.”

“ഓക്കേ സർ” പേടിച്ചരണ്ട ചുണ്ടുകൾ വിറച്ചുകൊണ്ട് അവൾ പറഞ്ഞു.

4 ദിവസം കഴിഞ്ഞു വിഷു വന്നെത്തി. ദിയ സ്വപ്നം കണ്ട മലേഷ്യ യാത്രയ്ക്ക് പകരം അന്ന് നേരം പുലർന്നപ്പോൾ കണ്ണുകൾ തുറന്നത് ആശുപത്രിയിലെ അഞ്ചാം നിലയിൽ 506 മുറിയിലെ ഫാൻ നോക്കികൊണ്ടായിരുന്നു. എതിർവശത്തു കിടക്കുന്ന കട്ടിലിൽ മയങ്ങുന്ന ഭർത്താവിനെ അവൾ ഒരു നിമിഷം നോക്കി കിടന്നു. ഒരു യാത്ര ആഗ്രഹിച്ച അവൾക്ക് ഇനിയുള്ള കാലം ഓർമ്മകൾ നഷ്ടപ്പെട്ട സുജിത്തിനോടപ്പം ഒരു ജീവിതം തന്നെ ഒരു മഹായാത്രയായി അവൾക്ക് മുൻപിൽ തോന്നി. തന്നെ പോലും തിരിച്ചറിയാത്ത അദ്ദേഹം. ഒരു ഹെൽമറ്റ് വെച്ചിരുന്നെങ്കിൽ തന്റെ നല്ല പാതിയ്ക്ക് ഈ അവസ്ഥ വരില്ലായിരുന്നു എന്നു പറഞ്ഞ ഡോക്ടറുടെ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങി കേട്ടു. പെട്ടെന്ന് കണ്ണുകൾ തുറന്ന സുജിത്തിനെ നോക്കി ചിരിച്ച ദിയയെ കണ്ടതും അവന്റെ കണ്ണുകളിൽ ഒരു അപരിചിതയെ കണ്ട ഭാവം നിറഞ്ഞു.

അത് കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. ഇരുണ്ടു മൂടിയ മേഘം പോലെ ആർത്തുപെയ്യുവാൻ അവൾ കൊതിച്ചെങ്കിലും, അവൻ കാണാതെ അവൾ ബാത്റൂമിന്റെ വാതിൽ ചാരി വാ പൊത്തി കരഞ്ഞു. അവളുടെ കണ്ണീർ മഴയോടൊപ്പം പുറത്തു ആർത്തു പെയ്യുന്ന മഴയിലും ഒരായിരം കണ്ണുനീർത്തുള്ളികൾ മറ്റാരൊക്കെയോ ഈ ലോകത്തു പൊഴിക്കുന്നുണ്ടായിരുന്നു.

Written By ഡോ.ഷിനു ശ്യാമളൻ

LEAVE A REPLY

Please enter your comment!
Please enter your name here