Home Latest ഏട്ടന്റെ കല്യാണത്തിന് ഡ്രസ്സ്‌ എടുക്കാൻ പോയപ്പോഴാണ് ഞാൻ അവളെ കണ്ടത്.

ഏട്ടന്റെ കല്യാണത്തിന് ഡ്രസ്സ്‌ എടുക്കാൻ പോയപ്പോഴാണ് ഞാൻ അവളെ കണ്ടത്.

0

ഏട്ടന്റെ കല്യാണത്തിന് ഡ്രസ്സ്‌ എടുക്കാൻ പോയപ്പോഴാണ് ഞാൻ അവളെ കണ്ടത്. അമ്മയും ചിറ്റയും ആന്റിയും ഭാവി ഏടത്തിയും എല്ലാവരും ഉണ്ട്‌. കല്യാണം പൊടിപൊടിക്കാൻ ഉള്ള തത്രപാടിലാണ് എല്ലാരും.

മ്മടെ അമ്മേം ബന്ധുക്കളും ആയോണ്ട് പറയല്ലാട്ടാ. അവരുടെ കൂടെ പോയാൽ നമ്മുടെ ഒരു ദിവസം പോകും. കെട്ടാൻ പോകുന്നവന് ലീവ് ഇല്ലല്ലോ.. കല്യാണത്തിന്റെ തലേ ദിവസേ വരുള്ളൂ. ദുബായ് നിന്നു. ഏടത്തിക്കും അവിടെ അവന്റെ കമ്പനിയിൽ ജോബ് ശരിയാക്കിയിട്ടുണ്ട് . ഒരു മാസം കഷ്ടിച്ച് ലീവ് ഉണ്ടെന്ന പറഞ്ഞത്.

അവനല്ലെങ്കിലും ചെറുപ്പം മുതലേ.. മോഡേൺ ലൈഫ് ആണ് ഇഷ്ട്ടം. പഠിച്ചു പഠിച്ചു അവൻ അവന്റെ ലക്ഷ്യത്തിൽ തന്നെ എത്തി. നമ്മളിവിടെ അച്ഛന്റെ കൂടെ ബിസിനസിൽ കൂടി. അച്ഛനൊരു സഹായം ആവുകയും ചെയ്തു. മ്മടെ നാട് വിട്ടു പോവുകയും വേണ്ടല്ലോ.

ചെറുപ്പത്തിലേ അവൻ അങ്ങിനെ ആയിരുന്നു.. അച്ഛൻ കൊടുക്കുന്ന പോക്കറ്റ് മണി കൊണ്ട് ബേക്കറിയിൽ പോയി സാൻവിച്ചും ബർഗറും ഒക്കെ വാങ്ങിക്കുമ്പോൾ ഞാൻ നാരായണേട്ടന്റെ ചായക്കടയിലേക്കാ പോവാറു ചൂടൻ പരിപ്പുവട തിന്നാൻ.

അവൻ ക്രിക്കറ്റ്‌ ബാറ്റെടുത്തു ഗ്രൗണ്ടിൽ കളിക്കാൻ പോവുമ്പോൾ ഞാൻ ഗോലി കളിക്കാനും അമ്പലകുളത്തിൽ നീന്താനും ആണ് പോവാറു.

രണ്ടു പേരുടെയും ഇഷ്ട്ടങ്ങൾ വേറെയാണെങ്കിലും സ്കൂളിൽ അടിയുണ്ടാക്കുമ്പോൾ ഞങ്ങൾ ഒറ്റകെട്ടായിരുന്നു. എന്നെ തൊടാൻ അവനുള്ളപ്പോൾ ആരും വരില്ലായിരുന്നു. വന്നവന്റെ മൂക്കിടിച്ചു ചോര ഒലിപ്പിച്ച ചരിത്രവും അവനുണ്ട്.

അങ്ങിനെ രണ്ടു വയസിനു മൂപ്പുള്ള.. പറയുമ്പോൾ മാത്രം ഏട്ടൻ എന്ന് വിളിക്കുന്ന അവന്റെ കല്യാണം ആണ് അടുത്താഴ്ച. ഞാനും വളരെ സന്തോഷത്തിലാണ് . കുറേ കാലങ്ങൾ കൂടി വീട്ടിൽ നടക്കുന്ന ചടങ്ങാണ് .

അമ്മയുടെ സ്വരമല്ലാതെ ഞങ്ങളുടെ വീട്ടിൽ വേറൊരു സ്ത്രീ ശബ്ദം കൂടി കേൾക്കാൻ പോവാണ്. എന്തായാലും കല്യാണം പൊടിപൊടിക്കണം.

അച്ഛനെ പറ്റിപറഞ്ഞില്ലല്ലോ.. അമ്മ പറയുന്നത് തിരക്കിന്റെ പര്യായം എന്നാണ്. ആ പറയുന്നതിൽ വാസ്തവം ഉണ്ടെങ്കിലും. ഞങ്ങളു മക്കൾക്ക്‌ അച്ഛൻ കൂട്ടുകാരനാണ്.

അപ്പോ പറഞ്ഞു വന്ന കാര്യം മറന്നു. ഡ്രെസ്സെടുക്കുമ്പോൾ കണ്ട ഒരു കുട്ടിയെ കുറിച്ചു ഞാൻ പറഞ്ഞില്ലായിരുന്നോ ? കണ്ടപ്പോൾ തന്നെ മനസ്സിൽ കയറിപ്പറ്റിയ മുഖം.. ഒന്ന് ചിരിക്കുക കൂടി ചെയ്തപ്പോൾ.. തെളിഞ്ഞ നുണകുഴിയിലേക്ക്‌ മൂക്കും കുത്തി ഞാൻ വീണു.

അവളെയും നോക്കി അങ്ങിനെ നിൽക്കുമ്പോഴാണ് പിന്നിൽ നിന്നു ഒരു വിളികേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ മ്മടെ കൂടെ പത്തിലു പഠിച്ചവൻ .. ആ ഷോപ്പിന്റെ ടാഗും കഴുത്തിൽ ഇട്ടോണ്ട്.. അവനിവിടെ ഫ്ലോർ മാനേജർ ആണത്രേ. അതു എന്തായാലും നന്നായി. വിശേഷങ്ങൾ പറഞ്ഞകൂട്ടത്തിൽ ഞാൻ അവളെ കുറിച്ചു ചോദിക്കാനും മറന്നില്ല.

പേര് സാധിക സുദേവ്. വീട് പാലക്കാട്‌ . ഇവിടെ കമ്പനി ഹോസ്റ്റലിൽ ആണ് നിൽക്കുന്നത്. ഇനി ഇതും പറഞ്ഞു നീ എന്നും ഡ്രസ്സ്‌ എടുക്കാൻ എന്നപേരിൽ ഇങ്ങോട്ടു കേറി വരാൻ നിക്കണ്ട അതിന്റെ പണി പോവും.

ഞാൻ മനസ്സിൽ കണ്ടപ്പോഴേക്കും അവൻ മാനത്തുകണ്ടു കള്ളപ്പന്നി. എന്നാൽ ശരി ജോലി നടക്കട്ടെ എന്നും പറഞ്ഞു ഞാൻ തിരിഞ്ഞപ്പോൾ അവൻ പറഞ്ഞു.. ഇനി നിനക്കു കാണാതെ ഉറക്കം വരാത്ത അവസ്ഥ ആണെങ്കിൽ രാവിലെ വടക്കുംനാഥനിൽ പൊയ്ക്കോ അവളെന്നും പോവാറുണ്ട്.

മതി ഇത്രയും കേട്ടാൽ മതി… താങ്ക്സ് ടാ മുത്തേ… പിന്നെ ഞാൻ ആണ് ഇതൊക്കെ പറഞ്ഞെന്നു അവളോട്‌ പോയി മൊഴിയരുത്. അവള് കംപ്ലൈന്റ് ചെയ്താൽ നേരത്തെ പറഞ്ഞ പണി ഇല്ലേ ? അതു എന്റെ ആയിരിക്കും പോവാ. അവൻ ചിരിച്ചു ഞാനും.

അങ്ങിനെ ഡ്രെസ്സൊക്കെ എടുത്തു ഇറങ്ങി.. ഭാരത് ഹോട്ടലിൽ നിന്നു മസാലദോശ കഴിക്കാൻ കയറി.. എല്ലാരും കൂടി സംസാരിക്കുന്നതിനിടയിൽ ആണ് അമ്മ പറഞ്ഞത് ആ കുട്ടീടെ നല്ല പെരുമാറ്റം ആണുട്ടോ. ഞാൻ കല്യാണം വിളിക്കണമെന്ന് കരുതിയതാ.. പിന്നെ ആദ്യായിട്ട് കണ്ട ഒരാളെ എങ്ങിനാ വിളിക്കാ എന്ന് കരുതി ഞാൻ വിളിച്ചില്ല. വിളിച്ചാലും അവർക്കു ലീവ് ഉണ്ടാവൊന്നുമില്ലല്ലോ. പഠിക്കണ്ട സമയത്തു ഇങ്ങനെ ജോലിക്കൊക്കെ വരുന്നത് വീട്ടിലെ കഷ്ടപ്പാട് കൊണ്ടാവും പാവം.

ഉഴുന്ന് വട സാമ്പാറിൽ മുക്കി വായിലേക്ക് വെക്കാൻ തുടങ്ങുകയായിരുന്ന ഞാൻ ഒന്ന് സ്റ്റക്കായി.. മോനെ മനസ്സിൽ ലഡു പൊട്ടി. അടിപൊളി. അമ്മക്ക് ഇഷ്ട്ടായി.. ഇനി പഴശ്ശിടെ യുദ്ധമുറകൾ കമ്പനി കാണാൻ കിടക്കുന്നേ ഉള്ളൂ. അന്ന് അവളെ ഓർത്ത് ഉറങ്ങിയത് എപ്പോഴാണ് എന്നറിയില്ലെങ്കിലും കൃത്യം ആറുമണിക്ക് ഞാൻ എഴുന്നേറ്റു… കുളിച്ചു റെഡിയായി… നേരെ വടക്കുനാഥനിലേക്കു വെച്ചുപിടിച്ചു.

അവിടെ പോയി കുറച്ചു നേരം വെയിറ്റ് ചെയ്തു അവള് വരുമ്പോൾ കേറാം.. അല്ലെങ്കിൽ ടൈമിംഗ് ശരിയാവില്ല . മണി ഏഴര ആയിട്ടും കാണാനില്ല . വരില്ലായിരിക്കോ ഇനി ? ദാ വരണ്.. ഒരു താലി ഉണ്ടെങ്കിൽ ഇപ്പൊ തന്നെ കെട്ടിയാലോ എന്ന് തോന്നി അത്രക്കു ഐശ്വര്യമുള്ള മുഖം.

എന്നെ കണ്ടതും അവൾ ഒന്ന് ചിരിച്ചു. ഞാനും ചിരിച്ചു.. എന്റെ ക്ഷേത്ര ദർശനം പിന്നെയും ഇതു തന്നെ തുടർന്നു കൊണ്ടേ ഇരുന്നു. അതുപിന്നെ അങ്ങിനാണല്ലോ അല്ലേ ?

പതിയാവുള്ള അമ്പലത്തിൽ പോക്കിനെ അമ്മ മുള്ളു വെച്ചു എന്തോ പറഞ്ഞെങ്കിലും ഞാൻ അതു കാര്യമാക്കിയില്ല.. മാർഗ്ഗമല്ലല്ലോ ലക്ഷ്യമല്ലേ പ്രധാനം ?

അവളെ കാണാൻ വേണ്ടിയാണു അമ്പലത്തിൽ വരുന്നതെന്ന് അറിഞ്ഞപ്പോൾ ആ മുഖത്തെ ചിരി പതുക്കെ മാഞ്ഞു തുടങ്ങിയിരുന്നു.

കാരണം ചോദിച്ചെങ്കിലും അവള് മൗനമായിരുന്നു ഉത്തരം.

അതു നമ്മുടെ നെഞ്ചിൽ തീ കോരിയിട്ടപോലെ ആയെങ്കിലും ഞാൻ പിന്മാറിയില്ല.. അല്ലപിന്നെ. പിറ്റേ ദിവസം അമ്പലത്തിൽ പോകുമ്പോൾ ഞാൻ ഒരു കല്യാണകുറിയെടുത്തു കയ്യിൽ കരുതി. അവളെ കണ്ടപ്പോൾ അതെടുത്തു കൊടുത്തു പറഞ്ഞു… ഏട്ടന്റെ കല്യാണമാണ് . വേറെ ആരു വന്നില്ലെങ്കിലും സാധിക ഉണ്ടാവണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു. എന്നും പറഞ്ഞു ഞാൻ തിരിച്ചു നടന്നപ്പോൾ.. അവൾ വിളിച്ചത്.

ഒന്ന് നിക്കോ ? ആദ്യം ഞാൻ ഇതൊക്കെ ഇങ്ങടെ തമാശയാണെന്ന കരുതിയത്.. കാശുള്ളവീട്ടിലെ ഒരു ചെക്കന്റെ നേരംപോക്ക്.

പക്ഷേ ഇപ്പൊ തോന്നുന്നു ഈ ഇഷ്ടത്തിന് ഒരു ആത്മാർത്ഥ ഉണ്ടെന്ന്. ഇനി ഇതും ഒരു നമ്പർ ആണോ ഇങ്ങടെ ?

അച്ഛൻ പോയപ്പോൾ ഞങ്ങടെ പഠിപ്പു അമ്മക്ക് ഒറ്റക്കു കൂട്ടിയാൽ കൂടാത്തോണ്ടാ… ഞാൻ പഠിപ്പു നിർത്തിയത്. ഒരു അനിയത്തികുട്ടി ഉണ്ട്‌ അവളെയെങ്കിലും നല്ല രീതിയിൽ പഠിപ്പിക്കണം അവൾക്കു നല്ലൊരു ജീവിതം ഉണ്ടാകണം… അമ്മയെ നോക്കണം. അതിന്റെ ഇടയിൽ ഞാൻ എന്റെ ജീവിതത്തെ കുറിച്ചു ചിന്തിച്ചിട്ടു പോലും ഇല്ല.

സ്വപ്ങ്ങളൊക്കെ കാണാൻ പേടിയാണ് മാഷേ… സ്വപ്നങ്ങളുടെ ലോകത്തെ കാഴ്ച്ചപാടുകളൊക്കെ യാഥാർഥ്യങ്ങളോട് പൊരുത്തപെടാനാകാതെ കാറ്റിൽ പരത്തേണ്ടി വന്നവളാണ് ഞാൻ…

അതുകൊണ്ടു മാഷ് ഈ ആഗ്രഹിച്ചതും കീറി കാറ്റിൽ പറത്തിയേക്കു.. അതായിരിക്കും നല്ലതു.. ചേരേണ്ടതേ ചേരാവു…

ഞാൻ മറുപടി പറയും മുൻപ് അവൾ നടന്നു കഴിഞ്ഞിരുന്നു… സത്യത്തിൽ ഇവളല്ലേ പെണ്ണ്. അവളുടെ മുഖത്തിനേക്കാൾ സൗന്ദര്യം ആ മനസിന്‌ ഉണ്ടെന്ന് എനിക്ക് തോന്നി.

അനുഭവങ്ങൾ കൊണ്ടു ഉള്ളുപൊള്ളുമ്പോഴും ചിരിച്ചുകൊണ്ടു ജീവിതത്തെ നേരിടുന്നവൾ. നഷ്ടമാണ് എനിക്ക് ഒന്നുകൊണ്ടും പകരം വെക്കാൻ പറ്റാത്ത നഷ്ട്ടം.

വീട്ടിൽ ചെന്നു ഞാൻ.. നേരെ റൂമിൽ പോയി കിടന്നു… കഴിക്കണ്ട നേരം ആയിട്ടും എന്നെ കാണാത്തതു കൊണ്ടു അമ്മ റൂമിലേക്ക്‌ കേറി വന്നു. എന്താടാ.. വയ്യേ ?

ഒരു സുഖല്യാ… കഴിച്ചിട്ട് കിടക്കു .. ഞാൻ വിളമ്പിവെച്ചേക്കാ അച്ചനും കഴിച്ചില്ല. ഞാൻ എണീറ്റുപോയി കഴിച്ചുന്നു വരുത്തി.. വീണ്ടും റൂമിൽ വന്നു കിടന്നു. രാവിലെ എണീറ്റു അമ്പലത്തിലേക്ക് ഓടുന്നവൻ അന്ന് അവിടെ തന്നെ കിടക്കുന്നതു കണ്ടോണ്ടാവും അമ്മ വന്നു ചോദിച്ചത്.

ഇന്ന് അമ്പലത്തിൽ പോണില്ലേ ? ഇല്ലാന്ന് പറഞ്ഞപ്പോൾ എന്തെ അമ്പലം മുടക്കാണോ എന്ന് കളിയാക്കി ചോദിച്ചതും.

ഞാൻ പറഞ്ഞു ഞാൻ ആ അന്ന് ടെക്സ്റ്റയിൽ ഷോപ്പിൽ കണ്ട കുട്ടിനെ കാണാനാ പോവാറു.. ഇനി പോയിട്ടു കാര്യമില്ല അവള് വരണ്ടാന്നു പറഞ്ഞു.

ഏതേലും കൊളുത്തു വീണിട്ടാ നിന്റെ പോക്ക് എന്ന് എനിക്ക് മനസിലായി… അവളെ കാണാനാ എന്ന് ഇപ്പോഴാ മനസിലായത്.

എന്നിട്ട് അവള് എന്നിട്ട് ഇഷ്ടല്ലാന്നു പറഞ്ഞോ?

അങ്ങിനെ പറഞ്ഞില്ല അവൾക്കു കുറേ പ്രാരാബ്ദം ഉണ്ടെന്ന്… അതിനിടയിൽ ഇതൊന്നും നടക്കില്ലാന്നു പറഞ്ഞു.

സാരല്യ നീ അതോർത്തു ഇനി വിഷമിക്കാനൊന്നും നിക്കണ്ട… അതുപോട്ടെ നമുക്ക് വേറൊരു നല്ല കുട്ടിയെ നോക്കാം…

അവൾക്കു പ്രാരാബ്ദമാണ് വലുതെങ്കിൽ അങ്ങിനെ നടക്കട്ടെ.. നീ എണീറ്റ് കാറ്ററിംഗ് കാരുടെ അവിടേക്കു പോവാൻ നോക്ക്.. ദിവസങ്ങൾ ഇല്ല ഇനി.

അമ്മ അങ്ങിനെ പറഞ്ഞെങ്കിലും മനസു ആകെ അസ്വസ്ഥമായിരുന്നു. ഒന്നിനും ഒരു മൂഡില്ല. പിന്നെ കല്യാണത്തിന്റെ തിരക്കുകൾ ഉള്ള കാരണം ആലോചിച്ചു വിഷമിക്കാൻ സമയം ഇല്ലായിരുന്നു എന്നാലും എപ്പോഴും ഓർക്കും അവളെ…

അവള് വരണ്ടാന്നു പറഞ്ഞാലും എനിക്ക് പോവാതിരിക്കാൻ പറ്റോ ? ഞാൻ പോവാൻ തന്നെ തീരുമാനിച്ചു… രാവിലെ എണീറ്റു കുളിച്ചു റെഡിയായി ഇറങ്ങുമ്പോൾ ആണ് അമ്മ ചോദിച്ചത്.. എവിടെക്കാണാവോ ?

ഞാൻ അമ്പലത്തിലേക്ക് ? വടക്കുന്നാഥനെ കാണാൻ ആണോ അതോ ?

ഞാൻ ഒന്നും മിണ്ടിയില്ല. ആൺകുട്ടികൾ ആയാൽ ഒരു സ്റ്റാന്റ് വേണം നാണം കെടാനായിട്ടു ഇനി പോവണ്ട… എന്റെ പ്ലാനിങ് അമ്മ നൈസ് ആയിട്ട് തടഞ്ഞു. അല്ലെങ്കിലും അമ്മ വേണ്ടാന്ന് പറഞ്ഞാൽ അതിൽ എന്തേലും കാര്യം ഉണ്ടാവും.

എന്തായാലും ഇറങ്ങിയതല്ലേ പോയി തൊഴുതിട്ടു വായോ… തൊഴുതു ഇറങ്ങുമ്പോൾ ഞാൻ കണ്ടു അവളെ മനസ്സിൽ മുഴുവൻ അവളുടെ മുഖമാണെങ്കിലും അവളുടെ മുഖത്തു നോക്കാതെ ഞാൻ നടന്നു..

പറഞ്ഞു പറഞ്ഞു ഏട്ടന്റെ കല്യാണമാണ് ഇന്ന്. കെട്ടൊക്കെ കഴിഞ്ഞു… ഫാമിലി ഫോട്ടോ എടുക്കാൻ നിൽക്കുമ്പോൾ ആണ് അമ്മ പറഞ്ഞത്.. ഒരു മിനുട്ട് ഒരാളെ കൂടി വിളിക്കാൻ ഉണ്ടെന്ന്.

വിളിച്ച ആളെ കണ്ടു ഞാൻ ഒന്നു ഞെട്ടി… സാധിക. ഫ്ലാഷ് തുരുതുരെ മിന്നിയിട്ടാണോ അതോ അവളെ കണ്ടതിന്റെ ഷോക്കിൽ ആണോ കാഴ്ചകൾ ഒന്നും വ്യക്തമല്ലായിരുന്നു.

അമ്മേടേ മുഖത്തേക്ക് ഞാൻ നോക്കിയപ്പോൾ അമ്മ പറയാ.. നിനക്കിഷ്ട്ടപെടും മുൻപ് എനിക്കിഷ്ട്ടപെട്ടതാ ഇവളെ..

അച്ഛന്റെ അടുത്ത് പറഞ്ഞപ്പോൾ… ആ പ്രാരാബ്ദക്കാരിയെ അച്ചനും ഇഷ്ട്ടപെട്ടു.. ഞങ്ങളു അവളുടെ വീട്ടിൽ പോയി കാര്യങ്ങളെല്ലാം പറഞ്ഞു.. കാര്യങ്ങളെല്ലാം ഒക്കെ… അല്ലേ മോളെ ?

പിന്നെ നിനക്കൊരു സർപ്രൈസ് ആവട്ടേന്നു കരുതി ഇപ്പൊ അതല്ലേ ട്രെൻഡ് കല്യാണവീട്ടിലൊക്കെ… ഞങ്ങളു ഞങ്ങളുടെ ആയ രീതിയിൽ അങ്ങ് തന്നു എന്ന് കൂട്ടിയാൽ മതി. അതു കേട്ടു എല്ലാവരും ചിരിച്ചു… ഞാനും ചിരിച്ചു

നെഞ്ചോടു ചേർത്തുവെച്ച ഇഷ്ടം അമ്മേടേം അച്ഛന്റേം ഇഷ്ട്ടത്തോടെ ചേർത്തുവെച്ചതിന്റെ സന്തോഷത്താൽ മനസുനിറഞ്ഞുള്ള ഉള്ള ചിരി…

രചന: ശ്രീജിത്ത്‌ ആനന്ദ്
ത്രിശ്ശിവപേരൂർ

LEAVE A REPLY

Please enter your comment!
Please enter your name here