Home Latest “നീയെന്തിനാടാ ചക്കരേ പുത്യാപ്ല ആവാൻ പോയത്‌… കുറച്ചീസംകൂടി ട്രൈ ചെയ്തിരുന്നെങ്കിൽ നീയൊന്നു കരഞ്ഞിരുന്നെങ്കിൽ… ഒന്നുറക്കെ നിലവിളിച്ചിരുന്നെങ്കിൽ.....

“നീയെന്തിനാടാ ചക്കരേ പുത്യാപ്ല ആവാൻ പോയത്‌… കുറച്ചീസംകൂടി ട്രൈ ചെയ്തിരുന്നെങ്കിൽ നീയൊന്നു കരഞ്ഞിരുന്നെങ്കിൽ… ഒന്നുറക്കെ നിലവിളിച്ചിരുന്നെങ്കിൽ.. എന്റെയുള്ളിലെ കാമുകി ഉണർന്നേനെ മാനുക്കുട്ടീ.. ഉണർന്നേനെ “

0

കല്യാണത്തലേന്ന് ചേരാത്ത വേഷവും ഇട്ടു ഉടുത്തൊരുങ്ങി വരുന്നോരോടും പോണോരോടും ഇളിച്ചുകാട്ടി പന്തലിന്റെ പ്രവേശനകവാടത്തിൽ നിൽക്കുന്നതിലും വല്ല്യ ദുരന്തം ജീവിതത്തിൽ വേറെ ഇല്ല എന്ന് തിരിച്ചറിഞ്ഞത് മ്മളെ സ്വന്തം കല്യാണത്തലേന്നാണ്….

നൈസായിട്ട് ഒന്ന് മുങ്ങാൻ തുടങ്ങുമ്പോഴേക്കും ഏതെങ്കിലും കുരുപ്പുകൾ ഇടങ്കോലിടും…

“എല്ലാ… പുത്യാപ്ല ഇതെങ്ങോട്ടാ ആൾക്കാര് വന്നോണ്ടിരിക്കുന്നത് കണ്ടില്ലേ… അവിടെപ്പോയി ഓലെ സ്വീകരിക്കാൻ നോക്ക് ”

എന്നും പറഞ്ഞു അങ്ങോട്ട്‌ തന്നെ തിരിച്ചയക്കും…

പണ്ടാരമടങ്ങാൻ ചാക്ക് പോലത്തെ കോട്ടിട്ടത് കാരണം ചൂടും പുകയും വേറെ…

ഷുക്കൂറും ലുക്മാനും അപ്പുറത്ത് പന്തലിലിരുന്നു മ്മളെ സ്വന്തം കുടുംബത്തിലുള്ള മൊഞ്ചത്തി കുട്ടികളെ ലൈനടിക്കുന്ന തിരക്കിലാണ്…

അതിനിടയ്ക്കാണ് ഒരു തള്ള മിന്നുന്ന സാരിയൊക്കെ ഉടുത്ത് കയ്യിൽ മട്ടല് പോലത്തെ ഫോണും പിടിച്ചു കുണുങ്ങി കുണുങ്ങി കേറി വന്നത്…

ജസ്റ്റ് ഒന്ന് ഇളിച്ചു കാട്ടി അടുത്തത് ആരായിരിക്കും എന്നോർത്ത് നിൽക്കുന്നതിനിടക്ക് മൂപ്പത്തി കേറി അറ്റാക്ക് ചെയ്തു….

“മാന്വോ… അനക്ക് ന്നെ മനസിലായോ ന്നും ചോദിച്ചിട്ട് ”

സത്യം പറഞ്ഞാൽ ആ തള്ളേനെ മ്മക്ക് ആലുവാ മണപ്പുറത്ത് പോലും കണ്ടു പരിചയമില്ല…
ന്നാലും ആൾക്കാരുടെ മുന്നിൽ വച്ചു അങ്ങനെ ചോദിച്ച സ്ഥിതിക്ക് അറിയില്ലെന്ന് പറഞ്ഞാൽ മോശമല്ലേ….
അതോണ്ട്…

“ങേ… പിന്നേ… ഇങ്ങളെ മനസ്സിലായില്ലെങ്കിൽ പിന്നെ ആരെ മനസ്സിലാവാനാ… എന്തൊക്കേണ്ടു വിശേഷം… ഇങ്ങളെ പുത്യാപ്ലയും കുട്ടികളും ഒന്നും വന്നില്ലേ അമ്മായീ ”

എന്നൊക്കെ അങ്ങോട്ട്‌ ചാമ്പി…

“പുത്യാപ്ലയും കുട്ടികളും ഒന്നും വന്നില്ലേ അമ്മായീ ” എന്ന ചോദ്യം അനാവശ്യമായിപ്പോയെന്ന് പിന്നീടങ്ങോട്ടുള്ള മൂപ്പത്തിന്റെ മുഖഭാവത്തിൽ നിന്നും ഏകദേശം പിടികിട്ടി..

“ഇതൊരു കല്യാണവീട് ആയതുകൊണ്ടും ഇയ്യ് പുത്യാപ്ല ആയിപ്പോയതുകൊണ്ടും അന്നെ ഞമ്മള് കൊല്ലുന്നില്ലെടാ പട്ടീ ”

എന്ന ഭാവത്തിൽ മുഖം ചുളിച്ചു വച്ചിട്ട് കൂർപ്പിച്ചൊരു നോട്ടവും നോക്കിയിട്ടാണ് തള്ള ഉള്ളിലേക്ക് കേറിപ്പോയത്…

(പത്തുനാല്പത് വയസ്സായിട്ടും മംഗല്യസൗഭാഗ്യം ഇല്ലാണ്ട് പുരനിറഞ്ഞു നിന്നുപോയ ഉപ്പാന്റെ ഏതോ തുമ്മിയപ്പോൾ തെറിച്ച ബന്ധത്തിലുള്ള പെങ്ങളാണ് അതെന്ന് പിന്നീടാണ് അറിഞ്ഞത്…. )

വൈകുന്നേരം മുതൽ തുടങ്ങിയതാണ്… ഓരോ ഹമുക്കുകൾ കേറി വന്നിട്ട്

“മ്മളെ അറിയോ… മനസ്സിലായോ… ന്നാ ആരാന്ന് പറയ് നോക്കട്ടെ.. ”
എന്നൊക്കെ ചോദിച്ചു ആളെ നട്ടപ്രാന്ത് പിടിപ്പിക്കാൻ…

കള്ള പന്നികൾക്ക് കല്യാണത്തിനു വന്ന് എന്തേലും തരാനുണ്ടെങ്കിൽ അതും തന്നിട്ട് പള്ള നെറച്ചും കോയിബിരിയാണിയും മുണുങ്ങി അവനവന്റെ പാട് നോക്കി പോയാൽ മതി…

എന്നൊക്കെ ഓർത്ത്‌ അങ്ങനെ കുന്തം മുണുങ്ങിയപോലെ നിൽക്കുന്നതിനിടക്കാണ് മരുഭൂമിയിൽ ഒരു കുളിർകാറ്റ് പോലെ മൂപ്പത്തി കടന്നു വന്നത്….

റുഖിയത്താ…
മൂപ്പത്തിന്റെ വീട് മ്മളെ വീട്ടിൽ നിന്നും രണ്ടു വീട് മാറിയാണ്…

ഈ കുളിർകാറ്റ് എന്ന് പറഞ്ഞത് ശരിക്കും മൂപ്പത്തി അല്ല ട്ടോ…

മൂപ്പത്തിന്റെ തൊട്ടു പുറകിലായി ഒരു ബോഡിഗാർഡിനെപ്പോലെ നെഞ്ചും വിരിച്ചു മറ്റൊരാൾ കൂടി കടന്നു വരുന്നുണ്ട്…

മൂപ്പത്തിന്റെ പുത്യാപ്ല…
അയാളും കുളിർകാറ്റല്ല.. ആ രൂപവും ഭാവവും ഒക്കെ വച്ച് വേണെങ്കിൽ ഒരു കൊടുങ്കാറ്റ് എന്നൊക്കെ പറയാം…

അവർക്ക് രണ്ടുപേർക്കും പുറകിലായി നാണത്താൽ മുഖം കുനിച്ചു മന്ദം മന്ദം നടന്നു വരുന്നുണ്ട് മ്മളെ സ്വന്തം കുളിർകാറ്റ്….

ഉമ്മുകുൽസു….

പാതി മറച്ച സ്വർണ്ണക്കരകളുള്ള ഓറഞ്ചു തട്ടത്തിന്റെ വിടവിലൂടെ ഓളെ പാരിജാതം പൂത്തതുപോലുള്ള ആ വിടർന്ന കണ്ണുകൾ കണ്ടതോടെ
ഞാനൊരു പുത്യാപ്ല ആണെന്നും പിറ്റേന്ന് മ്മളെ കല്യാണമാണെന്നും ഒരു നിമിഷത്തേക്ക് മറന്നുപോയി….

മ്മള് കുറേ ട്രൈ ചെയ്തു നോക്കിയതാണ്… ബോംബ് പൊട്ടിയാലും പെണ്ണ് താഴേക്ക് നോക്കുന്ന കണ്ണുകൾ ഒന്ന് മേലോട്ടുയർത്തി നോക്കില്ല…

അങ്ങനെ നോക്കിയാലല്ലേ മ്മളെ ഇഷ്ടം അറിയിക്കാൻ വേണ്ടി ഒന്ന് കണ്ണിറുക്കി കാണിക്കാനെങ്കിലും പറ്റൂ….

റുഖിയത്താ മ്മളെ കണ്ട ഉടനേ..

“മാന്വോ… അങ്ങനെ ഇയ്യും ഒരു പുത്യാപ്ല ആയി.. ലേ ”

എന്നും ചോദിച്ചു നൈസായി ഒരു പുഞ്ചിരി തന്നാണ് അകത്തേക്ക് കയറിയത്…

അതിനിടക്ക് മ്മളെ മറുപടി എന്തായിരിക്കും എന്നറിയാനുള്ള ആകാംക്ഷ കാരണം ആണോ ന്നറിയില്ല ആദ്യമായി ഉമ്മുകുൽസു മുഖമുയർത്തി എന്റെ നേർക്കൊന്നു നോക്കി….

ഈ ഇരട്ടക്കുഴൽ തോക്ക് കൊണ്ട് നെഞ്ചത്തൊരു വെടി കൊണ്ടാൽ എങ്ങനിരിക്കും…
ഏതാണ്ട് അതുപോലെ ആ നോട്ടം മ്മളെ ഖൽബിലേക്കാണ് തുളച്ചു കയറിയത്….

ആ ഒരവസ്ഥയിൽ പ്രത്യേകിച്ച് മറുപടിയൊന്നും പറയാനില്ലാത്തതുകൊണ്ട്..

“ആ.. ഒരു ദുർബലനിമിഷത്തിൽ അങ്ങനൊക്കെ സംഭവിച്ചുപോയി ”

എന്ന ഭാവത്തിൽ ഉമ്മുകുൽസുവിന്റെ നേർക്ക്‌ അവസാനമായി ഒന്നുകൂടി നോക്കി….

ഇത്തവണ അവൾ എന്റെ കണ്ണുകളിലേക്ക് തന്നെ വല്ലാത്തൊരു ആർത്തിയോടെ നോക്കുന്നുണ്ടായിരുന്നു….

ആ നോട്ടത്തിൽ പ്രണയത്തിന്റെ നിരാശയുടെ ഒരു പൊടിക്ക് പരിഹാസവും ദേഷ്യവും കലർന്ന വല്ലാത്തൊരു ഡിങ്കോൾഫിക്കേഷൻ എനിക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നു….
ഒപ്പം..

“നീയെന്തിനാടാ ചക്കരേ പുത്യാപ്ല ആവാൻ പോയത്‌… കുറച്ചീസംകൂടി ട്രൈ ചെയ്തിരുന്നെങ്കിൽ നീയൊന്നു കരഞ്ഞിരുന്നെങ്കിൽ… ഒന്നുറക്കെ നിലവിളിച്ചിരുന്നെങ്കിൽ..
എന്റെയുള്ളിലെ കാമുകി ഉണർന്നേനെ മാനുക്കുട്ടീ.. ഉണർന്നേനെ ”

എന്നൊക്കെ അവൾ ആ കണ്ണുകൾ കൊണ്ട് പറയാതെ പറയുന്നുണ്ടായിരുന്നു…

ആ ടെൻഷനിൽ ആണ് രണ്ടും കൽപ്പിച്ചു അവിടുന്ന് മുങ്ങാൻ തീരുമാനിച്ചത്….

ഷുക്കൂറിന്റെ കയ്യിൽ നിന്നും ഒരു സിഗരറ്റും സംഘടിപ്പിച്ചു ടെറസിന്റെ മോളിലേക്ക് വച്ചു പിടിക്കുന്നതിനിടക്ക് പ്രതീക്ഷിച്ചതുപോലെ ചെന്നു പെട്ടത് എളാപ്പാന്റെ മുന്നിൽ….

“അല്ല… അവിടെ ആൾക്കാർ വന്നുകൊണ്ടിരിക്കുന്നതിന്റെ ഇടക്ക് ഇയ്യിതെങ്ങോട്ടാ ”

എന്നും ചോദിച്ചു മൂപ്പര് വട്ടം വച്ചു…

അന്നേരം തൊള്ളേല് നല്ല പുളിച്ചതാണ് വന്നത്…
പിന്നെ എളാപ്പ ആയതുകൊണ്ട് ലേശം ഒന്ന് നൈസാക്കി ആണ് ചാമ്പിയത്…

“ഞാനൊന്ന് തൂറാൻ പോവാണ്… അവിടെ ആള്ക്കാര് വന്നോണ്ടിരിക്കുന്നതിന്റെ ഇടക്ക് വച്ചു മതിയെങ്കിൽ മ്മക്ക് അവിടെ വച്ചാക്കാം ”

എന്നും പറഞ്ഞു തിരിഞ്ഞു നടക്കാൻ ഭാവിച്ചപ്പോഴേക്കും മ്മള് കലിപ്പിൽ ആണെന്നുള്ള കാര്യം മൂപ്പർക്ക് കത്തി….

“ഏയ്‌.. കൊഴപ്പല്യ… ഇയ്യ് പോയി നല്ലോണം തൂറിയിട്ട് സാവധാനം വന്നാൽ മതി… അതുവരെ ഞാൻ ഡീൽ ചെയ്തോളാം ”

എന്നും പറഞ്ഞു മൂപ്പര് മെല്ലെ സ്കൂട്ടായി…

ടെറസിൽ ഇരുന്നു തീപിടിച്ച ചിന്തകളിൽ നിന്നും ലേശം കനലെടുത്തു സിഗരറ്റിനു ജീവൻ കൊടുത്തിട്ട് സ്പോഞ്ച് പോലെയുള്ള ശ്വാസകോശത്തെ നന്നായൊന്നു പുകച്ചപ്പോൾ വല്ലാത്തൊരു ആശ്വാസം…

പ്രശ്നം മ്മളെ പ്രതിശ്രുത വധു ജാസ്മിൻ തന്നെ…
ഓൾക്ക് ലേശം തടി കൂടുതലാണ്…

അതും ഒരു കുറവായി തോന്നിയിട്ടില്ല ട്ടോ…
ന്നാലും ഉമ്മുകുൽസുവിനെയും ബാക്കിയുള്ള മെലിഞ്ഞു വെളുത്തു ചുവന്നു തുടുത്ത മൊഞ്ചത്തിമാരെയും ഒക്കെ കാണുമ്പോൾ ഉള്ളിന്റെയുള്ളിൽ വല്ലാത്തൊരു നിരാശ…

ന്നാലും ജാസ്മിൻ മ്മളെ മുത്താണ്… ഓളില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് എന്നൊക്കെ ഉള്ളിലിരുന്ന് ആരോ പറയുന്നുണ്ട്…

പക്ഷേ എത്ര പിടിച്ചു നിർത്താൻ ശ്രമിച്ചിട്ടും മനസ്സിന്റെ ചാഞ്ചാട്ടം നിൽക്കുന്നില്ല..

ഓളെ വിളിച്ചു പത്തുമിനിറ്റ് പഞ്ചാര അടിച്ചാൽ എല്ലാം ഓക്കേ ആവും എന്നുള്ള ഉറപ്പോടെയാണ് കീശയിൽ നിന്നും ഫോൺ എടുത്തത്…

നോക്കുമ്പോൾ പത്തുനൂറ് മിസ്കോൾ…
ഫോൺ സൈലന്റിൽ ആയത് കാരണം അറിഞ്ഞിരുന്നില്ല…

ആരൊക്കെയാണ് വിളിച്ചതെന്ന് നോക്കുന്നതിനിടക്കാണ് അറിയാത്ത ഒരു നമ്പർ കണ്ണിൽ പെട്ടത്….
അതിൽ നിന്ന് മാത്രം മുപ്പത്താറു മിസ്സ്കോൾ..

“ഹലോ “,,,

ഒരു കിളിനാദം ചെവിയിൽ വന്നലച്ചപ്പോൾ

മനസ്സ് വല്ലാതൊന്നുലഞ്ഞു…

“മിസ്സ്കോൾ കണ്ടു തിരിച്ചു വിളിച്ചതാണ്… ഇതാരാ ”

എന്ന് ചോദിച്ചപ്പോൾ മൗനമായിരുന്നു ഉത്തരം…

അൽപനേരം കഴിഞ്ഞു…

“മാനൂ… മിസ്സ്‌ യൂ സോ മച്ച് ”

എന്നും പറഞ്ഞു വല്ലാത്തൊരു ഇളിയും ഇളിച്ചു ഫോൺ കട്ട് ചെയ്തുകളഞ്ഞു…

ആരോ പറ്റിക്കാൻ വേണ്ടി വിളിച്ചതാവും എന്നാണ് ആദ്യം കരുതിയത്..
പിന്നെ അത് ആരെന്നറിയാഞ്ഞിട്ടു യാതൊരു സമാധാനവും ഇല്ലാത്തോണ്ട് വീണ്ടും വിളിച്ചു നോക്കി…

“ഞാൻ ആരെന്ന് മനസ്സിലായോ ”

എന്നായിരുന്നു ഇത്തവണ അവിടുന്നിങ്ങോട്ട് വന്ന ചോദ്യം…

ലേശം സീരിയസ് ആയിത്തന്നെ…

“ഇല്ല… ആരാന്ന് മനസ്സിലായില്ല… ഇങ്ങള് ആളെ കളിപ്പിക്കാതെ കാര്യം എന്താന്നു വച്ചാൽ പറയൂ ”

എന്ന് പറഞ്ഞപ്പോൾ.. അപ്പുറത്തുനിന്നും നേർത്തൊരു ചിരിയായിരുന്നു മറുപടി..

“ഞാൻ ഷഹാന… ഇപ്പൊ മനസ്സിലായോ ”

ഓർമ്മകൾ ഒരു വർഷം പുറകോട്ടു പോയി….

ഫേസ്‌ബുക്കിലെ സൗഹൃദം ആദ്യത്തെ കൂടിക്കാഴ്ചയിലെത്തുമ്പോൾ ആൾ കാണാൻ എങ്ങനെയായിരിക്കും എന്ന കാര്യത്തിൽ വല്ല്യ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല….

പിന്നെ സൗഹൃദത്തിൽ ഈ സൗന്ദര്യത്തിനൊന്നും അത്ര വല്യ പ്രാധാന്യം ഇല്ലല്ലോ…
മനസ്സിനാണ് മൊഞ്ചു വേണ്ടത്… ഓളുടെ സംസാരത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും അവൾക്കത് ആവശ്യത്തിലധികം ഉണ്ടെന്ന് ബോധ്യപ്പെട്ടതുമാണ്

പക്ഷേ ആ കോഫീഷോപ്പിന്റെ പടി കയറി ചെന്നു അവളെ കണ്മുന്നിൽ കണ്ടതോടെ കഥ ആകെ മാറി….

ഷഹാന അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുക തന്നെ ചെയ്തു…

പനങ്കുല പോലുള്ള മുടിയും ആരെയും ആകർഷിക്കുന്ന ആ കണ്ണുകളും നല്ല തുടുത്ത ആപ്പിൾ പോലുള്ള കവിളുകളും കാട്ടി അവളെന്നെ മാടി വിളിച്ചപ്പോൾ ഒരു നിമിഷം പകച്ചു നിന്നുപോയി….

അവിടുന്ന് സ്വബോധത്തിലേക്ക് തിരിച്ചെത്തുമ്പോഴേക്കും മ്മളെ കൂടിക്കാഴ്ച കഴിഞ്ഞു ഓള് മൂടും തട്ടി പോയിരുന്നു….

അപ്പോൾ മുതലാണ് അവളോട്‌ പ്രണയം തോന്നിത്തുടങ്ങി എന്നൊരു തിരിച്ചറിവുണ്ടായത്….

അന്ന് രാത്രി മ്മളെ ഫീലിങ്ങ്സ്‌ എല്ലാം അവളുടെ ഇന്ബോക്സിലേക്ക് ചാക്കു കണക്കിന് ഇറക്കിയെങ്കിലും മറുപടി ഉണ്ടായിരുന്നില്ല…

പിന്നീടങ്ങോട്ട് വിളിച്ചിട്ടും കിട്ടിയില്ല…..

അങ്ങനെ ആകെ പ്രാന്ത് പിടിച്ചു കുറേ കാലം നടന്നു… ഒടുവിൽ സൗകര്യപൂർവം അവളെ അങ്ങട് മറന്നു…

ആ ആവളാണിപ്പോൾ ഫോണിൽ….

“ഞാൻ ഈ അടുത്താണ് നിന്റെ മെസേജ് ഒക്കെ കാണുന്നത്…. ആ ഇഷ്ടം ഇപ്പോഴും ഉണ്ടോ ”

എന്ന ചോദ്യത്തിന് മുന്നിൽ ഒന്ന് പതറി…
അതിന് മറുപടി എന്ത് പറയണം എന്നറിയില്ലായിരുന്നു..

തൽക്കാലം…

“നാളെയാണ് ന്റെ കല്ല്യാണം ”

എന്ന് പറഞ്ഞപ്പോൾ അപ്പുറത്തു നിന്നും കുറച്ചു നേരത്തേക്ക് അനക്കമൊന്നും കേട്ടില്ല…

ശേഷം…

“കല്യാണം കഴിഞ്ഞിട്ടൊന്നും ഇല്ലല്ലോ… നീ ഇപ്പൊ വന്ന് വിളിച്ചാൽ ഇറങ്ങി വരാൻ ഞാൻ റെഡിയാണ് ”

എന്ന ഓളുടെ ഡയലോഗ് കേട്ടതോടെ കയ്ച്ചിട്ട്
തുപ്പാനും വയ്യ മധുരിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയിലായിപ്പോയി….

പെണ്ണ് കെട്ടാൻ വേണ്ടി തിരഞ്ഞു നടക്കുമ്പോൾ മരുന്നിനു പോലും ഒരു മൊഞ്ചത്തീനെ കിട്ടൂല…

അഥവാ ഏതിനെയെങ്കിലും കെട്ടിക്കഴിഞ്ഞാൽ പിന്നങ്ങോട്ട് മൊഞ്ചത്തിമാരുടെ ഘോഷയാത്രയായിരിക്കും… എങ്ങോട്ട് തിരിഞ്ഞാലും അവിടെല്ലാം മൊഞ്ചത്തിമാരുടെ ആറാട്ട്…

അന്നേരമാണ് കെട്ടിയ പെണ്ണിനെ കൊണ്ടുപോയി വല്ല പൊട്ടക്കിണറ്റിലും ഇടാൻ തോന്നുക…

ഇത് ഞാൻ പറഞ്ഞതല്ല… മ്മളെ ചങ്ക് ലുക്മാൻ പറഞ്ഞതാണ്…

സാധാരണ എല്ലാർക്കും ഇതുപോലുള്ള അനുഭവങ്ങൾ കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് മുതൽ ആണ് തുടങ്ങുക… ഞമ്മക്കിത് കല്യാണത്തലേന്ന് മുതൽ തുടങ്ങി എന്ന് മാത്രം…

“അത്.. പിന്നേ.. ന്റെ ജാസ്മിൻ ”

അപ്പോഴേക്കും അവൾ ശബ്ദം ലേശം കനപ്പിച്ചു…

“ഓൾക്ക് ന്നേക്കാൾ മൊഞ്ചുണ്ടോ ”

എന്ന് ചോദിച്ചപ്പോൾ കള്ളം പറയാൻ തോന്നിയില്ല…

“ഏയ്‌ അത്രക്കൊന്നും ഇല്ല… ലേശം തടി കൂടുതലാണ് ”

എന്ന് പറഞ്ഞതോടെ ഷഹാന ചിരിച്ചുകൊണ്ട്…

“ന്നാ പിന്നെ നീ വാ… മ്മക്ക് എങ്ങോട്ടെങ്കിലും ഒളിച്ചോടാം ”

എന്ന് പറഞ്ഞു വീണ്ടും നിർബന്ധിക്കാൻ തുടങ്ങി….

ഓൾക്കെന്താ വട്ടാണോ എന്ന് ഇടക്ക് തോന്നാതിരുന്നില്ല…. ന്നാലും രണ്ടും കല്പിച്ചു..

“ഇയ്യിത് ഒന്നുരണ്ട് മാസം മുന്നേ പറഞ്ഞാൽ ഞാൻ ഓക്കേ ആയിരുന്നു… ഇനിയിപ്പോ ഒന്നും നടക്കൂല.. ഞാൻ ആകെ പെട്ടുപോയി ”

എന്നും പറഞ്ഞു ഫോൺ കട്ടാക്കാൻ തുടങ്ങുന്നതിനിടക്ക് അപ്പുറത്തു നിന്നും പരിചിതമായ മറ്റൊരു ശബ്ദം…

“ഇങ്ങള് പെട്ടുപോയതാണ് അല്ലേ കള്ള ഹംക്കേ… ഞാൻ ശരിയാക്കിത്തരാം ട്ടോ”,,
എന്നും പറഞ്ഞുകൊണ്ട്…

അള്ളോ ഇത് ഞമ്മളെ ജാസ്മിന്റെ സൗണ്ട് ആണല്ലോ റബ്ബേ എന്നും വിചാരിച്ചു അന്തം വിട്ടിരിക്കുന്നതിനിടക്ക് അപ്പുറത്തുനിന്നും രണ്ടിന്റെയും പൊട്ടിച്ചിരി ഉയർന്നു തുടങ്ങിയിരുന്നു…. ഒപ്പം…

“അല്ല… ഇനിക്കാണോ ജാസ്മിനാണോ കൂടുതൽ മൊഞ്ച്…. അത് പറഞ്ഞിട്ടാക്കാം ഇനി ബാക്കി കാര്യങ്ങൾ.. ”

ചിരിക്കുന്നതിന്റെ ഇടക്ക് മ്മളെ ജാസു ലേശം കട്ടകലിപ്പ് അഭിനയിച്ചതുകൊണ്ടാണ് അത് ചോദിച്ചതെന്ന് ശബ്ദം കേട്ടപ്പോൾ മനസ്സിലായി…

“അയ്യേ… ഒന്ന് പോ അവിടുന്ന്… ഓളെ കാണാൻ ഒരു മൊഞ്ചും ഇല്ല.. ഒന്നായിട്ടും ടെലിഫോൺ പോസ്റ്റിൽ വെള്ള പെയിന്റ് അടിച്ചതുപോലൊരു വെള്ളക്കൂറ… അയ്യേ…

ഇയ്യ് നല്ല വെണ്ണക്കട്ടി പോലുള്ള സുബർക്കത്തിലെ ഹൂറിയല്ലേ ന്റെ ജാസൂ ”

എന്നങ്ങോട്ട് ചാമ്പിയതോടെ ജാസു കൂളായി….

“ഇങ്ങളെങ്ങാനും ഈ ഒളിച്ചോട്ടത്തിനു സമ്മതിച്ചിരുന്നെങ്കിൽ റബ്ബാണെ നാളെ ഇങ്ങളെ ആദ്യരാത്രിക്ക് പകരം ഖബറടക്കം നടത്തിയേനെ ഞമ്മള് ”

എന്ന ജാസ്മിന്റെ താക്കീതും കൂടി കിട്ടിയതോടെ മോങ്ങാനിരുന്ന നായേടെ തലയിൽ തേങ്ങാ വീണപോലെ ആയിപ്പോയി ഇമ്മള്….

തൽകാലം മൂന്നാല് ചക്കരേ തേനേ പാലെ.. എന്നൊക്കെ വിളിച്ചു ഓളെ കുപ്പിയിലാക്കിയാണ് വിട്ടത്…
അല്ലേൽ പിറ്റേന്നത്തെ ആദ്യരാത്രി കാളരാത്രി ആയേനെ…

അതിന് ശേഷം ഷഹാന വീണ്ടും വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു….

ജാസ്മിൻ ഓളെ ക്ലാസ്‌മേറ്റ് ആയിരുന്നു… അങ്ങനെ ഓളെ കല്യാണത്തിന് വന്നപ്പോൾ ആണ് എന്റെ ഫോട്ടോ കണ്ടതും അങ്ങനെയാണ് രണ്ടാളുംകൂടി എനിക്കിട്ടൊരു പണി തരാൻ തീരുമാനിച്ചത് എന്നൊക്കെ…

കൂട്ടത്തിൽ അന്നത്തെ ആ കൂടിക്കാഴ്ചക്ക് ശേഷം ഓളെ ഫോൺ കേടായി… അതിനിടക്ക് ഓളെ കല്യാണവും കഴിഞ്ഞു പിന്നേ ഫേസ്ബുക്ക് ഒന്നും നോക്കാനുള്ള സമയം കിട്ടിയില്ല എന്നും പറഞ്ഞു…..

ഏതായാലും ജാസ്മിൻ മുത്താണ്…. മ്മക്കിട്ടു നല്ല എട്ടിന്റെ പണി തന്നിട്ടാണെങ്കിലും മ്മളെ എല്ലാ കൺഫ്യുഷനും ഓള് തീർത്തു തന്നു…

രചന ; സലീൽ

LEAVE A REPLY

Please enter your comment!
Please enter your name here