Home Latest ഇത്ര നാൾ എന്നെ മോഹിച്ച് കിട്ടാത്തതിന്റെ പ്രയാസമല്ലെ..? എന്റെ ഒരു ദിവസം നിനക്കായി ഞാൻ നൽകാം...

ഇത്ര നാൾ എന്നെ മോഹിച്ച് കിട്ടാത്തതിന്റെ പ്രയാസമല്ലെ..? എന്റെ ഒരു ദിവസം നിനക്കായി ഞാൻ നൽകാം അതു പോരെ..?

0

“വിനു നീ സ്നേഹിച്ചതിന്റെ കണക്ക് പറയുകയാണോ ?”

“ഇല്ല മായ, ഒരിക്കലുമല്ല..അങ്ങനെ കണക്ക് പറഞ്ഞ് തീർക്കാനല്ല ഞാൻ നിന്നെ സ്നേഹിച്ചത്” വിനു പറഞ്ഞു.

“വിനു നീ എന്റെ അവസ്ഥ ഒന്നു മനസ്സിലാക്കു അച്ഛനും അമ്മയും ആത്മഹത്യ ചെയ്യാൻ തുടങ്ങിയപ്പോൾ എന്റെ മുന്നിൽ വേറെ ഒരു വഴിയും കണ്ടില്ല അതുകൊണ്ടല്ലേ വിനു ഞാൻ. “മായ പറഞ്ഞ് നിർത്തി

“അച്ഛനെ ഞാൻ കണ്ടിരുന്നു… മായ”

“വിനു നീ എന്തായാലും എന്റെ കല്യാണത്തിന് വരണം..
നിന്നെ പിരിയുന്നതു എനിക്ക് എത്ര വിഷമമുണ്ടെന്ന് പറഞ്ഞറിയിക്കാനാവില്ല ”

“നീ കൂടുതലൊന്നും പറയണ്ട എന്നേക്കാൾ പണവും സ്ഥാനങ്ങളും ഉള്ള നിന്റെ എം. ഡി നിന്നെ പ്രോപോസെ ചെയ്തപ്പോൾ നീ എന്നെ സൗകര്യ പൂർവ്വം മറന്നിരിക്കുന്നു അതല്ലേ സത്യം..”
വിനുവിന്റെ ശബ്ദം മായയെ പൊള്ളിച്ചു.

അവൾ പറഞ്ഞു

നിനക്കിപ്പോ എന്താണ് വേണ്ടത്..?
ഇത്ര നാൾ എന്നെ മോഹിച്ച് കിട്ടാത്തതിന്റെ പ്രയാസമല്ലെ..? എന്റെ ഒരു ദിവസം നിനക്കായി ഞാൻ നൽകാം അതു പോരെ..?

മായയുടെ വാക്കുകൾ വിനുവിന്റെ ഹൃദയത്തിൽ ഒരു ശൂലം കണക്കെ ആഞ്ഞു തറച്ചു.

വിനു നിയന്ത്രണം വിട്ട് പോവാതിരിക്കാൻ പാട് പെട്ടു കൊണ്ട് പറഞ്ഞു.

“ആറു വർഷത്തിനിടക്ക്‌ ഒരു വിരൽ തുമ്പു കൊണ്ടുപോലും അനാവശ്യമായി സ്പർശിച്ചിട്ടില്ല നിന്നെ ഞാൻ നിനക്ക് സമ്മതമില്ലാതത്ത് കൊണ്ടായിരുന്നില്ല…
ഞാൻ ആഗ്രഹിച്ചത് മനസ്സും ശരീരവും പവിത്രമായ നിന്നെയാണ്..മനസ്സിന്റെ പവിത്രത നഷ്ടപ്പെട്ട നിന്റെ ശരീരത്തിന്റെ പവിത്രതയും ഞാൻ ഇൗ നിമിഷം മനസ്സിലാക്കി…പിന്നെ
നിന്റെ അച്ഛൻ എന്നോട് എല്ലാം പറഞ്ഞിരുന്നു, നീ ഒന്നും മറച്ചു വച്ചിട്ട് കാര്യമില്ല എംഡി യുടെ ആലോചന വന്നതും നീ ഒരു മടിയും കൂടാതെ സമ്മതിച്ചതും പറഞ്ഞു…
നിന്നെക്കാൾ എത്രയോ പരിശുദ്ധി തെരുവു വേശ്യകൾക്ക്‌ ഉണ്ടാകും. നീ പോകൂ മായാ….
നീ എന്റെ മനസ്സിൽ മരിച്ചു കഴിഞ്ഞു. കല്യാണത്തിന് എന്തായാലും ഞാൻ വരും…നിന്റെ ഭർത്തവാകാൻ പോവുന്ന ആ ഹതഭാഗ്യവാനെ ഒന്നും കാണാനും ഞാൻ മരിച്ചിട്ടില്ല എന്ന് നിന്നെ അറിയിക്കാനും അങ്ങനെ സ്വയം ഒന്ന് ജയിച്ചു നിൽക്കാനും.”

ഇത്രയും പറഞ്ഞ് വിനു നിർത്തി

മായ ഒന്നും പിന്നെ സംസാരിക്കാൻ നിന്നില്ല. തിരിഞ്ഞു നോക്കാതെ അവൾ നടന്നു ഒരു പ്രയാസവും ഇല്ലാതെ..

മായ നടന്നു മറയുന്നതുവരെ വിനു നോക്കി നിന്നു.അവൻ ആലോചിക്കുകയായിരുന്നു ഒരു പെണ്ണിന് ഇത്ര മേൽ മാറാൻ എങ്ങനെ കഴിയുന്നു. കഴിയുമായിരിക്കും… അവന്റെ നെഞ്ചിലെ കോണിൽ എവിടെയോ ഒരു വിങ്ങൽ അനുഭവപ്പെട്ടു.
അവൻ
ഓർക്കുകയായിരുന്നു.
വിനുവിന്റെ തൊട്ടടുത്ത വീട്ടിൽ ആയിരുന്നു മായ താമസിച്ചിരുന്നത് പഠിക്കാൻ മിടുക്കിയായിരുന്നതു കൊണ്ട് വളരെ ഇഷ്ടമായിരുന്നു അവളെ വിനുവിന്റെ അച്ഛന്.

സാമ്പത്തിക സ്ഥിതി മോശമായിരുന്നതു കൊണ്ട്
അവളുടെ തുടർപഠനത്തിനു അയക്കാൻ അവളുടെ അച്ഛനു കഴിയുമായിരുന്നില്ല. അതിനാൽ വിനുവിന്റെ അച്ഛനാണ് അവളെ സഹായിച്ചത്.

കുട്ടിക്കാലം മുതൽക്കേ സ്കൂളിൽ പോയിരുന്നത് ഒരുമിച്ചായിരുന്നു.
വലുതായപ്പോൾ അതിന് ഒരു മാറ്റവുമില്ലാതെ തുടർന്നു.

എപ്പോഴെന്നറിയില്ല അവർ തമ്മിൽ പിന്നെ പ്രണയത്തിലായി.

ഇതറിഞ്ഞ വിനുവിന്റെ അച്ഛൻ വിനുവിനെ വിളിച്ചു പറഞ്ഞു.

“മകനെ ഇപ്പോൾ നിങ്ങൾ രണ്ടുപേരും പഠനത്തിൽ മാത്രം ശ്രദ്ധിക്കുക നിങ്ങളുടെ പഠനമെല്ലാം കഴിഞ്ഞ് ജോലി ആയതിനുശേഷം ഇന്നത്തെ പ്രണയം അന്നും നിലനിൽക്കുമെങ്കിൽ, നിങ്ങളുടെ കല്യാണം ഞാൻ നടത്തിത്തരാം. മായ മോള് വീട്ടിലേക്ക് മരുമകളായി വരുന്നത് എനിക്കും നിന്റെ അമ്മയ്ക്കും സന്തോഷമേയുള്ളൂ”

വിനു നിശ്ശബ്ദം അച്ഛൻ പറയുന്നത് കേട്ടുകൊണ്ട് നിന്നു.
അച്ഛൻ തുടർന്നു.

“മകനെ ഇനി നിങ്ങൾ രണ്ടുപേരും ഒരുമിച്ച് കോളേജിൽ പോകരുത് നിങ്ങളുടെ പ്രായം നിങ്ങൾക്ക് നിങ്ങളുടെ ഭാവിയെ നഷ്ടപ്പെടാൻ ഇടയാവരുത്.കല്യാണം കഴിഞ്ഞ് ഭാര്യയൊഴികെ ഒരു പെണ്ണിന്റെ ശരീരത്തെയും മോഹിക്കരുത്… അവരെ ബഹുമാനിക്കാനും ആദരിക്കാനും പഠിക്കണം.. ”

അച്ഛനിൽ നിന്ന് വല്ല ഉഗ്രശാസനയോ മറ്റോ പ്രതീക്ഷിച്ചു വന്ന വിനുവിന് പുതിയ അറിവായിരുന്നു ഇത്. വളരെ നല്ല രീതിയിൽ ഉള്ള ഉപദേശം കേൾക്കാതിരിക്കാൻ അവനായില്ല.
അവൻ അച്ഛനോട് പറഞ്ഞു .

“അച്ഛാ…നിങ്ങളുടെ മകൻ ആകാൻ കഴിഞ്ഞത് എൻറെ പുണ്യം.. ”

.”മകനെ നാം സ്നേഹിക്കുന്നവരുടെ കണ്ണിൽ നിന്നും നാം കാരണം ഒരു തുള്ളി കണ്ണുനീർ വീഴാൻ അനുവദിക്കരുത് അതാണ് സ്നേഹം..
നമുക്കു ചുറ്റുമുള്ളവരുടെ വേദനകളും പ്രയാസങ്ങളും നാമറിയണം…നീ കല്യാണം കഴിച്ചു കൊണ്ടുവരുന്ന നിന്റെ ഭാര്യയെയും നീ ബഹുമാനിക്കുകയും ആദരിക്കുകയും വേണം നീ വാർദ്ധക്യത്തിന്റെ പിടിയിൽ അമരുമ്പോൾ നിന്നെ നിന്റെ അമ്മ കുട്ടിക്കാലത്ത് എങ്ങനെ നോക്കിയോ അതുപോലെ പരിചരിക്കാൻ നിന്റെ ഭാര്യയെ കാണൂ..”

ഇന്നെന്റെ കൂടെ അച്ഛനില്ല… എങ്കിലും ഹൃദയത്തിൽ ജീവിക്കുന്നു ശക്തി പകരുന്ന ഒരോർമ്മയായി

വിനു ഭൂത കാലത്തെ ഓർമ്മകളിൽ നിന്ന് ഉണർന്നു.

മായ വിളിച്ച് സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ ഇത്രയും അവളിൽ നിന്ന് പ്രതീക്ഷിച്ചില്ല. ഒരു ദിവസം തനിക്കായി തരാമെന്ന് ഒരു ഉളുപ്പുമില്ലാതെ അവൾക്കെങ്ങനെ പറയാൻ കഴിഞ്ഞു..

ആ അച്ഛന്റെ മകൻ ആയതിനാലാവണം എനിക്ക് മായയെ വെറുക്കാൻ കഴിയാതെ പോയത്..ഓരോ കാര്യം ആലോചിച്ച് സമയം പോയതറിഞ്ഞില്ല.
കോഫി ഷോപ്പിൽ നിന്നും അവനിറങ്ങി.നേരം വളരെ ഇരുട്ടിയിരിക്കുന്നൂ.
കാറെടുത്ത് സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് യാത്ര തുടരവേ പെട്ടെന്ന് ആരോ മുമ്പിലേക്ക് ഓടിവന്നു ചാടാൻ തുടങ്ങിയതു കണ്ട് ബ്രേക്ക് ആഞ്ഞു ചവിട്ടി. വണ്ടി ഒരു മുരൾച്ചയോടെ റോഡിൽ വിലങ്ങായി നിന്നു .

ദൈവമേ എന്താണ് സംഭവിക്കുന്നത്‌.. അവൻ ഡോർ തുറന്നു പുറത്തിറങ്ങി .
ഒരു യുവതിയായിരുന്നു അത്. അവൾ റോഡിന്റെ സൈഡിലേക്ക് തെറിച്ചു വീണിരുന്നു.

വിനു ഓടിച്ചെന്ന് പിടിച്ചെഴുന്നേല്‌പിച്ചൂ .

ഭാഗ്യം…
ഒന്നും പറ്റീട്ടില്ല. അവളുടെ കയ്യിലും മറ്റും മുറിവുകൾ ആയിട്ടുണ്ട്.

“ഡീ… നിനയ്ക്ക് ചാവാൻ എന്റെ വണ്ടി മാത്രമേ കണ്ടുള്ളൂ …”

അവൻ അവളോട് പൊട്ടിത്തെറിച്ചു

അവൾ വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു.

“അവൾ പതുക്കെ പറഞ്ഞു. ഇയാൾ എന്തിനാ വണ്ടി നിർത്തിയത്?
ഞാൻ ചാവാൻ വേണ്ടി തന്നെ ചാടിയതാ”

“ഓ…എന്റെ വണ്ടിയെ കണ്ടുള്ളൂ ചാവാൻ വാ ആശുപത്രിയിൽ പോവാം.”
അവൾവണ്ടിയിൽ കയറിയിരുന്നു.

തൊട്ടടുത്തുള്ള ക്ലിനിക്കിൽ പോയി മുറിവിക്കെ കെട്ടി.

” കുട്ടി ഞാൻ നിന്നെ വീട്ടിലേക്ക് കൊണ്ടാക്കാം..” വിനു പറഞ്ഞു.

ഒന്നും മിണ്ടാതെ അവൾ അവന്റെ വണ്ടിയിൽ കയറി കയറിയിരുന്നു.

അവൾ പറഞ്ഞ വഴിയിലൂടെ വണ്ടി നീങ്ങി.

അവൻ ചോദിച്ചു
“എന്ത് ധൈര്യത്തിലാണ് നീയെന്റെ വണ്ടിയിൽ വന്ന് കയറിയത്..?”
അവൾ പറഞ്ഞു നിങ്ങൾ ഒരു നല്ല മനുഷ്യനാണെന്ന് എനിക്ക് തോന്നിയത്കൊണ്ട്.”

അവൾ അവനോടു പറഞ്ഞു.
“മാഷെ.. ഞാൻ ശരിക്കും ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ്
ഞാൻ എന്റെ ജീവനേക്കാൾ സ്നേഹിച്ച ഒരാൾ എന്നെ വേണ്ട എന്ന് പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിയുന്നില്ല അതുകൊണ്ടാണ്.”

“അപ്പോ നമ്മൾ
നമ്മൾ രണ്ടുപേരും ഒരു തൂവൽ പക്ഷികൾ തന്നെ..
ഉഗ്രനൊരു തേപ്പ്‌ കിട്ടിയിട്ടാ ഞാനും വരുന്നത്”

അവൻ പറഞ്ഞു.

“നിന്റെ പേര് ചോദിക്കാൻ മറന്നു.”
അവൻ പേര് ചോദിച്ചു

അവൾ പറഞ്ഞു
“രാജി”

വിനു തന്റെ കഥ മുഴുവൻ രാജിയോട് പറഞ്ഞു.

“മായയുടെ കല്യാണമാണ് ഈ മാസം അവസാനം നീ എന്റെ കൂടെ പോരുമോ എന്റെ കാമുകിയായി അഭിനയിച്ച്…
എനിക്ക് അവളുടെ മുൻപിൽ ഒന്ന് പിടിച്ച് നിൽക്കാൻ”

“മാഷിന്റെ ഒപ്പം പോരാൻ ഞാൻ തയ്യാറാണ്” രാജി പറഞ്ഞു.

അങ്ങനെ അവർ രണ്ടുപേരും കല്യാണ ദിവസം ഒരുമിച്ചു വിലപിടിപ്പുള്ള സമ്മാനങ്ങൾ വാങ്ങി.

രണ്ടുപേരും കൈകോർത്ത് പിടിച്ച് മണവാട്ടിക്ക്‌ ആശംസകൾ നേരുവാനായി ചെന്നു.

രാജി ഒന്നു ഞെട്ടി അവൾ വിനുവിന്റെ മുഖത്തേക്കു നോക്കി
അവന്റെ കൈകളിൽ മുറുക്കിപ്പിടിച്ചു .
“മാഷേ… നമുക്ക് പോകാം…”

“പോകാനോ എന്ത് പറ്റി…?നീയെന്താ വല്ലാ തായിരിക്കുന്നത്‌..?”

“മാഷേ ഇയാൾക്ക് വേണ്ടിയാണ് ഞാൻ മരിക്കാനൊരുങ്ങിയത്..”

രാജി വിരൽ ചൂണ്ടിയത് വരന്റെ നേർക്കായിരുന്നു.

“ഐവാ.. വിനു അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
അപ്പോ കാര്യങ്ങൾ എളിപ്പമായല്ലോ… നീ വാ”

അവർ രണ്ടുപേരും വരന്റെയും വധുവിന്റെയും അടുത്തെത്തി.

“മായ ആശംസകൾ നേരുന്നു… ”
മൈഡ് ഫോർ ഈച്ച് അതർ… ആണല്ലോ..
രണ്ടുപേർക്കും അഭിനന്ദനങ്ങൾ”

വിനു പറഞ്ഞു.

“നിനക്ക് നന്ദി മായ സ്നേഹത്തിന് വേണ്ടി ജീവൻ കളയാൻ തയ്യാറായ ഇവളെ എനിക്ക് ലഭിക്കാൻ കാരണം
നീയാണ്”
“ഇവൾ രാജി
നിന്റെ ഭർത്താവ് തേച്ച് ഇട്ട് പോയവൾ
നിന്നേക്കൾ വലിയ തേപ്പുകാരനാണ് നിന്റെ ഭർത്താവ്. അയാള് കാരണം മരിക്കാൻ പോയതാണ് ഇവൾ”
മായ വിനുവിന്റെ വാക്കുകൾ കേട്ട് ഉരുകി ഒലിക്കുകയായിരുന്നൂ.

വിനു മായയുടെ ഭർത്താവിന്റെ അരികിലേക്ക് നടന്നു.
കയ് പിടിച്ച് ആശംസകൾ നൽകി. എന്നിട്ട് പറഞ്ഞു

“സ്നേഹിച്ച പെണ്ണിനെ ചതിക്കുന്നവൻ അല്ല ആണ് ജീവൻ കൊടുത്ത് അവരെ സംരക്ഷിക്കുവനാണ്.

രാജി കൂട്ടിച്ചേർത്തു. . “ഞാൻ ഇനി ജീവിക്കാൻ പോകുന്നത് ഒരു ആണിന്റെ കൂടെയാണ് …
ബൈ..”

“വിയർത്തു കുളിച്ചു മണവാളൻ അതൊക്കെ ഒന്ന് തുടച്ച് കൊടുക്കൂ ആളുകൾ ശ്രദ്ധിക്കും”

മായയെ അവസാനമായി നോക്കി വിനു പറഞ്ഞു.

അങ്ങനെ ഗംഭീരമായ അഭിനവവും കഴിഞ്ഞ് അവർ തിരിച്ചു നടന്നു.

തിരിച്ചുപോരുമ്പോൾ രാജി
വിനുനോടു ചോദിച്ചു

“മാഷേ ഈ വേഷം ജീവിതകാലം മുഴുവൻ ഞാൻ കെട്ടിക്കോട്ടെ”

ഇതുകേട്ട് വിനു ഉറക്കെ ചിരിച്ചു..

“ഇത് ഞാനങ്ങോട്ട്‌ പറയാനിരിക്കായിരുന്നൂ…
അപ്പോ നമുക്കൊരു ഓസ്കാർ ഒക്കെ പ്രതീക്ഷിക്കാല്ലെ ”

അവർ ഒരുമിച്ച് ചിരിച്ച് അവരുടെ ജീവിതത്തിൽ ഏറ്റവും ദുഃഖകരമായ ആ ദിവസത്തെ ഏറ്റവും സുന്ദരമുള്ളതാക്കി.

രചന  ; അലി അക്ബർ തൂത

LEAVE A REPLY

Please enter your comment!
Please enter your name here