Home Latest ഞാൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിൽ ആണ്… പക്ഷെ അവൾ എന്നേക്കാൾ അഞ്ചു വയസ്സിനു മൂത്തതാണ്. വിവാഹിതയും…

ഞാൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിൽ ആണ്… പക്ഷെ അവൾ എന്നേക്കാൾ അഞ്ചു വയസ്സിനു മൂത്തതാണ്. വിവാഹിതയും…

0

രചന: Beema M S

മഴ ആർത്തു പെയ്യുകയാണ്. ഇനിയൊരു പക്ഷെ തന്റെ കണ്ണുനീർ കാണുന്നുണ്ടോ.. ആവോ അറിയില്ല…കൂടെ കരയാനും കണ്ണീർ ഒപ്പാനും ആരും ഇല്ലെന്ന് അറിഞ്ഞ് ആശ്വാസമേകാൻ എത്തുന്നതാവും.

ഒരു വർഷം മുൻപ് ഇതേ ദിവസം ആണ് ദേവേട്ടൻ തന്റെ കഴുത്തിൽ താലി കെട്ടുന്നത്. വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്ത ദൈവങ്ങളെ മനസ്സിൽ വണങ്ങി പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വക്കുമ്പോൾ എന്തൊക്കെ പ്രതീക്ഷകൾ എന്റെ ഉള്ളിൽ ഉണ്ടായിരുന്നു എന്നറിയില്ല. എന്ത് പ്രതീക്ഷയാണെങ്കിലും അതിന്റെ ആയുസ്സ് ആ രാത്രി വരെ ഉണ്ടാരുന്നുള്ളൂ എന്ന് മാത്രം.

നന്ദന ഞാൻ തന്നോട് ചെയ്തത് ചെയ്യാൻ പോകുന്നതും വളരെ വലിയൊരു തെറ്റാണ്. ഒരുപക്ഷെ എന്റെ സ്വാർത്ഥ എന്ന് വേണമെങ്കിൽ നന്ദനക്ക് ഇതിനെ വിളിക്കാം.

ഒന്നും മനസ്സിലാകാതെ ഞാൻ ആ മുഖത്ത് നോക്കി. ഒരുതരം നിർവികാര ഭാവം.

ഞാൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിൽ ആണ്. പക്ഷെ…

പക്ഷെ

കനൽ കോരിയിട്ടത് പുറത്തു കാട്ടിയില്ല.

അവൾ എന്നേക്കാൾ അഞ്ചു വയസ്സിനു മൂത്തതാണ്. വിവാഹിതയും.

ഡിവോഴ്സ് ഫയൽ ചെയ്തിട്ടുണ്ട് അവൾ . ഒരുപാട് താമസം ഉണ്ടാകില്ല. ഏറിയാൽ ആറു മാസം.
പക്ഷെ അമ്മ ഒരിക്കലും ഇങ്ങനൊരു വിവാഹത്തിനു സമ്മതിക്കില്ല. അമ്മയുടെ സമാദാനത്തിനു വേണ്ടി ഈ വിവാഹത്തിനു സമ്മതിച്ചതാണ്. ഒരു വർഷം നന്ദന എന്റെ ഭാര്യയായി ഇവിടെ നിൽക്കണം. നമ്മൾ തമ്മിലുള്ള ബന്ധം വേർപെടുത്തി കഴിഞ്ഞാൽ പിന്നെ ഞാനും രണ്ടാം കെട്ടു ആവില്ലേ. അപ്പോൾ മാത്രമേ എനിക്ക് എന്റെ ലക്ഷ്മിടെ കാര്യം അമ്മയോട് പറയാൻ കഴിയു…

ഹൃദയത്തിൽ ഒരു നീറ്റൽ അനുഭവപെട്ടു.

ഇപ്പോൾ തന്റെ മുഖത്തും അതുപോലെ ഒരു നിർവികാര ഭാവം ആണ്.

ഒന്നും മിണ്ടാതെ തലയണ ഒരെണ്ണം കൈയിൽ എടുത്തു. പുതപ്പു നിലത്തു വിരിച്ചു കിടന്നു.

ദേവൻ അവളെ ഒന്നു നോക്കി. എന്നോട് ക്ഷമിക്കണം. മനസുകൊണ്ട് മാപ്പ് ചോദിച്ചു.

വെളുപ്പിന് എഴുനേറ്റു. ഷവറിനു കീഴിൽ എത്രനേരം നിന്നുവെന്നു അറിയില്ല. ആഗ്രഹങ്ങളെ കണ്ണീരിനോടൊപ്പം വെള്ളത്തിൽ ഒഴുക്കി കളഞ്ഞു.

മോളെ

ദേവേട്ടന്റെ അമ്മ വിളിച്ചപ്പോൾ ആണ് പാല് അടുപ്പിൽ ഇരിക്കുന്നത് ഓർത്തത്.

അമ്മ പലപ്പോഴായി മോളോട് ചോദിക്കുന്നു… ന്താ മോളെ നീയെന്റെ കുട്ടി തന്നെയല്ലേ… മനസ് തുറന്നു നീ ഒന്ന് സംസാരിക്കുകയെങ്കിലും ചെയ്.

എന്റമ്മേ എനിക്ക് ഒരു പ്രശ്നോം ഇല്ല. അമ്മയ്ക്ക് തോന്നണത് ആവും.

മുറിയിൽ ചെന്നിരുന്നപ്പോഴേക്കും കണ്ണ് നിറഞ്ഞു പോയി.

ഒരു വർഷം ഒരു യുഗം പോലെയാണ് കടന്ന് പോയത്.

ഇതിനിടയിൽ ദേവേട്ടൻ ആകെ തന്നോട് എത്ര വാക്ക് പറഞ്ഞിട്ടുണ്ടാവും.

തന്റെ മുന്നിൽ വച്ച് ആ കുട്ടിയോട് സംസാരിക്കാറില്ല. അവളെപറ്റി ഒന്നും പറയാറുമില്ല. ഭാഗ്യം

ആ പെൺകുട്ടി ഭാഗ്യം ചെയ്തവൾ ആണ്. ഇല്ലെങ്കിൽ ഇങ്ങനെ ഒരാളെ കിട്ടില്ല. ഞാൻ കണ്ടതിൽ ഏറ്റവും നല്ല മകൻ. അമ്മയെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന ഒരു മകൻ. അമ്മ വേദനിക്കും എന്നറിയാവുന്ന കൊണ്ട് അമ്മേടെ മുന്നിൽ വച്ച് ചെറുതായി പോലും തന്നെ ഒന്നും പറയില്ല. ആരും ഒന്നും പറയേണ്ടതില്ല. എല്ലാം കണ്ടറിഞ്ഞു ചെയ്യും. താൻ ആ മനുഷ്യന്റെ ജീവിതത്തിൽ നിന്ന് പോയാൽ എത്ര സന്തോഷമുള്ളതാവും അദ്ദേഹത്തിന്റെ ജീവിതം. പക്ഷെ….

പോകാൻ കഴിയുന്നില്ല… മനസുകൊണ്ട് അത്രയേറെ സ്നേഹിക്കുന്നുണ്ട് ഞാൻ. ഒരിക്കൽ എങ്കിലും സ്നേഹത്തോടെ ഒന്നു നോക്കിട്ടുണ്ടോ… ഇല്ല തന്റെ മുഖത്ത്പോലും നോക്കാതെയാണ് പലപ്പോഴും സംസാരിക്കാറുളളത്.

അകലും തോറും അടുപ്പം തോന്നുന്ന ഒരു പ്രതിഭാസം ആണോ പ്രണയം. ആവോ അതുകൊണ്ടല്ലേ ഇത്രയേറെ എന്നിൽ നിന്നകന്നിട്ടും അത്രമേൽ ഞാൻ അടുത്ത് പോകുന്നത്.

വെറുതെയെങ്കിലും എന്നെ ഇഷ്ടം എന്നൊരു വാക്ക് പറഞ്ഞിരുന്നു എങ്കിൽ….

ഒന്ന് ഓർക്കുമ്പോൾ അഭിമാനം തോന്നും. മനസ്സിൽ സൂക്ഷിച്ചുവച്ച പ്രണയം മറ്റൊന്നിനുവേണ്ടിയും ഉപേക്ഷിച്ചില്ലല്ലോ.

ഈശ്വര ഇങ്ങനെ ഒരാളെ എങ്ങനെ നഷ്ട്ടപെടുത്താൻ ആണ്.
എന്റെ ഉള്ളിലും ഒരു ഹൃദയം ഉണ്ടെന്നു എന്തുകൊണ്ട് മനസിലാക്കിയില്ല.

മഴ തോർന്നു നേരിയ ഒരു ചാറ്റൽ. നിറഞ്ഞ കണ്ണുകൾ തുടച്ചു. പുറകിൽ ഒരു ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്. ദേവേട്ടൻ….

വിവാഹവാർഷികമാണിന്ന്. ഓർമയുണ്ടാവുമോ.

വിവാഹത്തിന്റെ അന്ന് ലഭിച്ചതിനേക്കാൾ വലിയൊരു സമ്മാനം വച്ചു നീട്ടി. ഡിവോഴ്സ് പേപ്പർ

വാങ്ങി ഒപ്പിട്ടു കൊടുക്കുമ്പോൾ മനസ്സിൽ അടക്കി വച്ചതൊക്കെയും ഒരു തേങ്ങൽ പോലെ പുറത്തു വന്നു
ഒരുപാട് സ്നേഹിച്ചിരുന്നു ഞാൻ . സ്വന്തം ആവണം എന്നാശിച്ചിരുന്നു.
ദേ ആ വാടി നിൽക്കുന്ന നിശാഗന്ധി പൂ കണ്ടോ അതു വിരിഞ്ഞ രാവിൽ ദേവേട്ടന്റെ കണ്ണിലൂടെ അതിന്റെ സൗരഭ്യം നുകരാൻ…
നിലാവുള്ള രാവിൽ ഏട്ടന്റെ കൈകോർത്ത് നടന്നു രാവിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാൻ കൊതി തോന്നിട്ടുണ്ട്
കൊച്ചു കൊച്ചു വഴക്കുകളിൽ എന്നോട് പിണങ്ങി മാറിയിരിക്കുന്ന നേരത്ത് അനുസരണ ഇല്ലാത്ത ഏട്ടന്റെ മുടിയിഴയിലൂടെ വിരലുകൾ ഓടിക്കുവാൻ….ശാസിച്ച് ആഹാരം വിളമ്പി തരാൻ… ആർത്തവദിനത്തിലേ അവശതയിൽ ആ നെഞ്ചിലെ ചൂടെറ്റ് ഉറങ്ങാൻ…. ഏട്ടനെ പോലെ ഒരു മകനെയും എന്നെ പോലെ ഒരു മകളെയും നൽകി അമ്മയുടെ മുഖത്തെ സന്തോഷം ആവോളം ആസ്യദിക്കാൻ…. അങ്ങനെ എന്തിനെന്നറിയാത്ത കുറെ മോഹങ്ങൾ.. അതൊക്കെ ഈ ചുവരുകൾ മാത്രമേ കെട്ടുള്ളൂ..

ദേവേട്ടന്റെ കണ്ണിലേ അപ്പോഴുള്ള വികാരം എന്തെന്ന് എനിക്ക് മനസിലായില്ല. ആ നെറുകയിൽ ചുണ്ടമർത്തി കഴുത്തിൽ കിടന്ന താലി ഊരാൻ തുടങ്ങവേ ഏട്ടൻ എന്റെ കൈയിൽ കടന്നു പിടിച്ചു.

ആ താലി ഊരി മാറ്റാൻ അല്ല നന്ദ അതിനി എന്നും നിന്റെ നെഞ്ചിൽ കിടക്കുന്ന കാണാനാ എനിക്കിഷ്ടം. ഈ ഡിവോഴ്സ് പേപ്പർ ആറുമാസം മുൻപ് ഞാൻ ഒപ്പിട്ടു വച്ചിരുന്നതാണ്. ഞാൻ ലക്ഷ്മിയെ ഒരുപാട് സ്നേഹിച്ചിരുന്നു. നമ്മുടെ കല്യാണം കഴിഞ്ഞുള്ള ഞങ്ങളുടെ സംസാരങ്ങളിൽ മിക്കപ്പോഴും നിന്റെ പേര് വീണു തുടങ്ങിയത് എങ്ങനെയെന്നു ഇപ്പോഴും എനിക്ക് അറിയില്ല. പക്ഷെ എന്റെ വാക്കുകളിലൂടെ ലക്ഷ്മി അവളിലേ ഭാര്യയെ തിരിച്ചറിഞ്ഞു തുടങ്ങുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. ഞാൻ എന്റെ ഭാര്യയുമായി ഒരു ജീവിതം തുടങ്ങണം എന്ന് എത്രമാത്രം ആഗ്രഹിക്കുന്നുവോ അത്രമാത്രം അവളും അവളുടെ ഭർത്താവുമൊത്ത് ഒരു ജീവിതം കൊതിക്കുന്നുണ്ട്. അവൾ പുതിയ ഒരു ജീവിതം തുടങ്ങികഴിഞ്ഞു നന്ദ. എല്ലാം മറന്നു പുതിയ ഒരു ജീവിതത്തിലേക്ക് കടക്കാൻ നീ തയാറാണ് എങ്കിൽ നിലാവിന്റെ പ്രഭയെറ്റു വിടരാൻ വെമ്പൽ കൊള്ളുന്ന ആ നിശാഗന്ധിയുടെ സൗന്ദര്യം ഇന്ന് നിനക്ക് എന്റെ കണ്ണിൽ കാണാൻ കഴിയും നന്ദ…

നന്ദ…

കാതോരം ദേവേട്ടന്റെ ശബ്ദം. തിരിഞ്ഞു നോക്കും മുൻപ് അരകെട്ടിൽ ചുറ്റിപിടിച്ചു ഏട്ടനിലെക്ക് അടുപ്പിച്ചു നിശാഗന്ധി പൂവിട്ടു. കാണണ്ടെ…

ദേവേട്ടന്റെ മാറോടുചേർന്ന് നിൽകുമ്പോൾ ആ പൂവിന്റെ ഗന്ധം എൻ സിരകളിൽ അലിഞ്ഞു ചേരുന്നുണ്ടായിരുന്നു.

നന്ദ…

മ്മം ….

രാവിനെന്ത്‌ ഭംഗിയാണ് അല്ലെ…

ഞാൻ ആ കണ്ണിലെക്ക് നോക്കി. രാവിനെക്കാൾ തിളക്കം ആ കണ്ണുകളിൽ തെളിയുന്നുണ്ടായിരുന്നു…

രചന: Beema M S

LEAVE A REPLY

Please enter your comment!
Please enter your name here