Home Latest കല്യാണത്തലേന്ന് രാത്രി വീണ്ടും അതേ ഭയമൊക്കെ തലപൊക്കി നോക്കാന്‍ തുടങ്ങി…

കല്യാണത്തലേന്ന് രാത്രി വീണ്ടും അതേ ഭയമൊക്കെ തലപൊക്കി നോക്കാന്‍ തുടങ്ങി…

0

ആദ്യത്തെ പെണ്ണുകാണല്‍ ചടങ്ങുതന്നെ ഉറപ്പിച്ചതുകൊണ്ട്, കൂട്ടുകാരി ജലജയെപ്പോലെ പതിനൊന്ന് തവണ ഫാന്‍സിഡ്രസ്സ് കെട്ടിയൊരുങ്ങേണ്ടി വന്നില്ലെന്നതാണ് എന്‍റെ കാര്യത്തിലുണ്ടായ ഏക ആശ്വാസം. ഞാന്‍ മറ്റൊരു വീട്ടിലേയ്ക്ക് ചെന്നു കേറുന്നത് എന്‍റെ വീട്ടുകാര്‍ക്കും ആശ്വാസമായിരുന്നു. അപ്പോള്‍ രണ്ട് ആശ്വാസമായല്ലേ.. എങ്കില്‍ ഇത് മറ്റൊരാശ്വാസം.

ചെക്കന്‍ (ഇപ്പോഴത്തെ ചേട്ടായി) അടിപൊളിയാ.. ആള് നല്ല സ്മാര്‍ട്ടും, ഇന്‍റലി.. അല്ലെങ്കില്‍ വേണ്ട, ഞാന്‍ തന്നെ ഇങ്ങനെ സ്വന്തം ചേട്ടായിയെ പൊക്കിയെടുത്ത് വീശിയടിക്കുന്നത് ശരിയല്ലല്ലോ.. ല്ലേ. കല്യാണത്തിന്‍റെ തിയതി നിശ്ചയിച്ചതുമുതല്‍ എന്‍റെയുള്ളിന്‍റെയുള്ളില്‍ എവിടെയോ, ഒരു കരിഞ്ഞ മണം എനിക്കനുഭവപ്പെട്ടു. വേറൊന്നുമല്ല, ടെന്‍ഷന്‍.

പുതുപ്പെണ്ണായ റോസമ്മയുടെ ദാമ്പത്യ തള്ളുകളുടെ ആധിക്യത്താല്‍, ഞങ്ങള്‍ (ഞാനും, ജലജയുമൊക്കെ) അവളുടെ കണ്‍വെട്ടത്തു ചെല്ലാതെ മുങ്ങിനടക്കുകയായിരുന്നു. പക്ഷേ ഈ കരിഞ്ഞ അവസ്ഥ കാരണം റോസമ്മയുടെ ട്യൂഷന്‍ അത്യാവശ്യമാണെന്ന ചിന്തയും വന്നു. കല്യാണത്തിന്‍റെ ഡേറ്റിങ്ങടുത്തു. ഞാനാണെങ്കില്‍ വുമണ്‍സ് ഓണ്‍ലി കോളെജില്‍ പഠിച്ച ഒരു നിഷ്കുവും. പാവം ഞാന്‍.. എനിക്കെന്തറിയാം..

ആവശ്യമറിയിച്ചപ്പോള്‍ റോസമ്മ ദക്ഷിണ വയ്ക്കാന്‍ പറഞ്ഞു. അമ്മയുടെ മല്ലിപ്പാട്ടയില്‍ നിന്നും ചില്ലറ അടിച്ചു മാറ്റുന്നതു മാത്രമായി സാമ്പത്തിക ബന്ധമുള്ള എന്‍റെ കീശയിലെന്താ ഉള്ളത്.. ദര്‍ബാര്‍ രാഗത്തില്‍ അവളുടെ കാലിലേയ്ക്ക് ഒറ്റ വീഴിച്ച.. റോസമ്മ ഫ്ലാറ്റ്. അങ്ങനെ പുഴക്കടവിലും, കൊക്കോ തോട്ടത്തിലുമൊക്കെയായി ട്യൂഷന്‍ ക്ലാസ്സ് പുരോഗമിച്ച് വന്നു. കൂടുതലായി എനിക്കറിയേണ്ടുന്ന ഭാഗങ്ങള്‍ സെന്‍സര്‍ബോര്‍ഡ് കണ്ടാല്‍ ഹാലിളകുന്നതായതുകൊണ്ടും, റോസമ്മ അതിനുത്തരം കടും പച്ചയ്ക്ക് പറഞ്ഞതുകൊണ്ടും ഇവിടെ കൂട്ടിച്ചേര്‍ക്കുക പ്രയാസമാണ്. (മലയാളിയ്ക്ക് ആ ആകാംക്ഷ സഹിക്കുക എന്നത് വളരെ വിഷമമാണെന്നറിയാമെങ്കിലും ഞാന്‍ നിങ്ങളെ ഈ അവസരത്തില്‍ വളരെ ദുഃഖത്തോടെ വേദനിപ്പിക്കുകയാണ് സൂര്‍ത്തുക്കളേ..)

അങ്ങനെ ആ വിഷയത്തിലൊക്കെ ബിരുദമെടുത്ത് ഞാന്‍ പഠിച്ചിറങ്ങിയ സന്തോഷത്തില്‍, എനിക്കൊരു കുഴപ്പമുണ്ട്. പുതിയ അറിവ് എന്തെങ്കിലും കിട്ടിയാല്‍ അത് ആരോടെങ്കിലും പങ്ക് വയ്ക്കണം.. അങ്ങനെ നമ്മുടെ ജലുവിനേയും (ജലജ) കൂട്ടി മുറിയ്ക്കകത്ത് കയറി, ഞാന്‍ സംഭരിച്ച അറിവിന്‍റെ ഭാണ്ഡം കെട്ടഴിച്ച് അവളുടെ മുന്നിലേയ്ക്കിട്ടു. എല്ലാം കേട്ട് എന്‍റെ മുഖത്തേയ്ക്ക് അന്തം വിട്ടിരിക്കുന്ന ജലുവിനെയാണ് ഞാന്‍ പ്രതീക്ഷിച്ചതെങ്കിലും, അവളുടെ മുഖത്ത്, ‘കഷ്ടം’ എന്നൊരു ഭാവമാണ് നിഴലിച്ച് നിന്നത്..

എന്താ നീ അമ്പരക്കാത്തത് എന്ന എന്‍റെ മുഖഭാവത്തിന് അവള് മറുപടി പറഞ്ഞു. ‘നിന്നോടാരാ ഈ ഊളത്തരമൊക്കെ പറഞ്ഞത്.’
താന്‍ നൈസായിട്ട് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്ന നഗ്നസത്യം ഞാന്‍ മനസ്സിലാക്കുകയായിരുന്നു. റോസമ്മയുടെ തള്ളുകള്‍ ഞാന്‍ മനസ്സിലാക്കേണ്ടിയിരുന്നതാണ്. വീഴ്ചപറ്റി, സാരല്യ.. അല്ല ജലൂ, അപ്പോ നിനക്കിതൊക്കെ എങ്ങനറിയാം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവളുടെ ‘അതൊക്കെയുണ്ട്’ മോഡലൊരു ചിരി. റോസമ്മയേക്കാള്‍ വിശ്വസ്ഥ ജലു തന്നെ. ട്യൂഷന്‍ ക്ലാസ്സീന്ന് കിട്ടിയ എല്ലാ അറിവുകളും ഭാരതപ്പുഴയില്‍ ഒഴുക്കിവിട്ട് ഞാന്‍ പഴേ ഞാനായി. വരുന്നിടത്തുവച്ച് കാണാം.

കല്യാണത്തലേന്ന് രാത്രി വീണ്ടും അതേ ഭയമൊക്കെ തലപൊക്കി നോക്കാന്‍ തുടങ്ങിയെങ്കിലും ഞാന്‍ വലതുകൈകൊണ്ട് എന്‍റെ ഇടതു തോളില്‍ തട്ടി പോട്ടെ, പേടിക്കണ്ട എന്ന് സമാധാനിപ്പിച്ചു. അതങ്ങനെയാ, എനിക്ക് പണ്ട് തൊട്ടേ ഞാന്‍ വിഷമിക്കുന്നത് കാണാന്‍ ഇഷ്ടല്ല. രാത്രിയോടെ വീട്ടില്‍ ആകമാനം ബഹളം.. ‘അമ്മയുടെ തലവേദനയ്ക്ക് ഏറ്റവും കൂടുതല്‍ കാരണക്കാരിയാകുന്ന ഈ മകള്‍ ഇറങ്ങിപ്പോകുമ്പോള്‍, അമ്മയ്ക്ക് സങ്കടമില്ലേ അമ്മേ..’ ആ ചോദ്യവും മനസ്സിലിട്ട് ഏതെങ്കിലും ഒരു മൂലയ്ക്കിരുന്ന് വിതുമ്പുന്ന എന്‍റെ അമ്മയെ, തിരക്കേറിയ വീടിനുള്ളില്‍ ഞാന്‍ തേടിയലഞ്ഞ്, അവസാനം കണ്ടെത്തി.. ആ കണ്ണ് നിറഞ്ഞിരുന്നു. പേരമ്മമാരും, ചിറ്റമാരും, നാത്തൂന്‍മാരോടുമൊക്കെ ചുറ്റിലും കൂടി നില്‍പുണ്ട്.. നിറഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ട് അമ്മ പറഞ്ഞു. ‘ഇനി ചിരിക്കാന്‍ വയ്യ, വയറ് കൊളുത്തിപ്പിടിക്കുന്നു..’

സലിംകുമാറിന്‍റെ പുകപോകുന്ന മേമെയില്‍ നിന്നെന്ന പോലെ എന്‍റെ വായില്‍ നിന്നും പുക വന്നു. എന്തോ വലിയ തമാശ പറഞ്ഞ് ചിരിച്ച് മറിഞ്ഞ് കണ്ണീന്ന് വെള്ളം വന്നതായിരുന്നു അത്. അല്ലെങ്കിലും എന്‍റെ അമ്മയല്ലേ, ഇങ്ങനൊക്കേ വരൂ എന്ന് ഞാനും കരുതണമായിരുന്നു. അമ്മയാണത്രേ അമ്മ.. ഹും.. പിന്നേം ഒരു ഹും.

ആദ്യത്തെ കല്യാണമായതുകൊണ്ട് ചേട്ടായിക്ക് താലികെട്ടുമ്പോള്‍ ഒരു ചെറിയ കൈവിറയുണ്ടായി. എന്‍റെ ജിമ്മിക്കി കമ്മലിലെ വൈബ്രേഷനിലാണ് ഞാനതറിഞ്ഞത്. ഞാന്‍ ചേട്ടായിയുടെ പൂമുഖവാതില്‍ക്കല്‍ സ്നേഹം തുളുമ്പുന്ന ഭാര്യയായിരിക്കുന്നു. അങ്ങനെ സദ്യയുമൊക്കെ കഴിഞ്ഞ് ചേട്ടായിയുടെ വീട്ടിലെത്തി.

മുറ്റത്തൊക്കെ നല്ല വെളുത്ത മണലാണ്. കിണറിന് രണ്ട് റിംഗേ താഴ്ചയുള്ളൂ.. ചുരുക്കത്തില്‍ വീട്ടിലേപോലെ, പാതാളക്കുഴിയില്‍ നിന്ന് വെള്ളവും കോരണ്ട, അടുത്തെങ്ങും മരമൊന്നുമില്ലാത്തതിനാല്‍ മുറ്റവുമടിക്കണ്ട. ഈ രണ്ടു കാരണത്താല്‍ കാല് കുത്തിയവഴിക്കേ, പൊട്ടിയതോ രണ്ട് ലഡ്ഡു. വീടിനുള്ളില്‍ ആവശ്യത്തിനും, അതിലധികവും ഗൃഹോപകരണങ്ങളുമൊക്കെ കണ്ടപ്പോള്‍ വീണ്ടും വീണ്ടും ലഡ്ഡുക്കള്‍ പൊട്ടിക്കൊണ്ടേയിരുന്നു.

നേരം സന്ധ്യയായപ്പോള്‍ എന്നെ നടുക്കൊരു കസേരയിലിരുത്തി ബന്ധുക്കളായ ചേച്ചിമാരും, കുട്ടികളുമെല്ലാം വിശേഷങ്ങളും പറഞ്ഞ്, എന്നെ തൊട്ടുനോക്കിയുമൊക്കെ ഇരിക്കുകയാണ്. ചേട്ടായിയുടെ മൂത്ത സഹോദരിയും, എന്‍റെ ഏക നാത്തൂനുമായ മിനിയേടത്തി ഇടയ്ക്കിടെ അങ്ങോട്ടുമിങ്ങോട്ടും പോകുമ്പോള്‍ എന്നെ നോക്കി ഒരു പ്രതാപോത്തന്‍ സ്റ്റൈല്‍ ചിരി ചിരിക്കുന്നുണ്ട്. കാര്യം കത്തിയ എന്‍റെ മുഖത്തെ ചമ്മല് മാറ്റാന്‍ ഞാന്‍ കുഞ്ഞുങ്ങളോടെന്തോ പരസ്പര ബന്ധമില്ലാതെ ചോദിച്ചു കൊണ്ടിരുന്നു.

ചേട്ടായിയുടെ കൂട്ടുകാരന്‍ എന്ന് പരിചയപ്പെടുത്തിയ ഒരു പയ്യന്‍ ഞങ്ങളുടെ ബെഡ്റൂമിലേയ്ക്ക്, കൈയിലെന്തോ മറച്ചുപിടിച്ച് ഓടിപ്പോയി. ആളൊരു മണ്ടനാണെന്ന് തോന്നി. കാരണം, അവന്‍ പോയ വഴിയെല്ലാം മുല്ലപ്പൂവിന്‍റെ മണമായിരുന്നു. ചേട്ടായിയും മുറിയിലുണ്ട്. മണിയറ കാര്യമായ അലങ്കാരപ്പണിയിലാണെന്ന് ഞാന്‍ ഊഹിച്ചു.

നമ്രമുഖിയായി മണിയറയിലേയ്ക്ക്, തൂവുന്ന പാല്‍ ഗ്ലാസ്സുമായി ചെന്നുകയറുന്ന എന്‍റെ കാര്യമോര്‍ക്കുന്നതിനിടയില്‍, മോഹന്‍ലാലിന്‍റെയും, മമ്മൂട്ടിയുടെയും, ജയറാമിന്‍റെയുമൊക്കെ എത്രയോ മണിയറ സീനുണ്ടായിട്ടും, ചേട്ടായിയുടെ കാര്യം മാത്രം എനിക്ക്, വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസനുമായിട്ടാ ഓര്‍മ്മ വന്നത്. ആ ജനല്‍ക്കമ്പിയില്‍ പിടിച്ചു നിന്ന് റിഹേഴ്സല്‍ ചെയ്യുന്ന സീന്‍.. മാതാവേ, അതൊക്കെയോര്‍ത്ത് ഞാന്‍ അങ്ങേരുടെ അടുത്ത് ചെല്ലുമ്പോള്‍ വാ പൊത്തി ചിരിച്ചു പോകുമോ ആവോ എന്ന ചിന്ത എന്നെ വീണ്ടാമതും ടെന്‍ഷത്തിയാക്കി.

പിള്ളേരെയൊക്കെ പറഞ്ഞുവിട്ട് മിനിയേട്ടത്തി എന്‍റെ കൈയില്‍ നിറഞ്ഞു തുളുമ്പിയ പാല്‍ഗ്ലാസ്സ് കൊണ്ടുവന്നു തന്നു. കൈ നിവര്‍ത്തി ഗ്ലാസ്സ് വാങ്ങിയതും, എന്നില്‍ ഒരു സംശയം ജനിച്ചതും ഒന്നിച്ചായിരുന്നു. ഗ്ലാസ്സ് ഡൈനിംഗ് ടേബിളിന്‍റെ പുറത്തു വച്ചിട്ട്, അറ്റാച്ചിഡായി വീട്ടിലുള്ള ഫ്രഷ്റൂമില്‍ പോയി നോക്കി. ആയിരിക്കുന്നു. ചേട്ടായിയുടെ മുഖമാണ് പെട്ടെന്ന് മനസ്സിലേയ്ക്ക് വന്നത്. പാവം ശ്രീനിവാസനേക്കാള്‍ കഷ്ടത്തിലായല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കും അല്‍പം സങ്കടം വന്നു. ഈ വിവരം മിനിയേടത്തിയോട് പറഞ്ഞപ്പോള്‍ ആ മുഖത്ത്, ചാപ്ലിന്‍റെ സിനിമ കണ്ടോണ്ടിരിക്കുമ്പോള്‍, ചിരിക്കരുതെന്ന് പറഞ്ഞാല്‍ നമുക്കുണ്ടാകുന്നൊരു എക്സ്പ്രഷന്‍ പോലൊരു ഭാവം. പാവത്തിന്‍റെ മനസ്സ് നിറഞ്ഞപോലൊരു ഫീല്‍.. ഒരു നാത്തൂന്‍റെ എല്ലാ ജനിതകഗുണങ്ങളും ഞാനവിടെ അറിയുകയായിരുന്നു.

മിനിയേടത്തി ഞങ്ങളുടെ മണിയറയിലേയ്ക്ക് കയറിപ്പോയി. വേഗം തിരിച്ച് പോണതും കണ്ടു. പിന്നെയായിരുന്നു എന്‍റെ എന്‍ട്രി..

മടിച്ച് നിന്ന എന്നോട്, ‘അത് സാരല്യഡോ.. നമുക്കിന്ന് എത്രമാത്രം വര്‍ത്തമാനം പറയാനുണ്ട്.’ എന്നതായിരുന്നു ചേട്ടായിയുടെ ആദ്യ സംഭാഷണം.

സാധാരണ ആരായാലും ചെറുതായിട്ടൊന്ന് പിണക്കം തോന്നിയേക്കാവുന്ന ആ സമയത്ത്, ആ മറുപടിയില്‍ ഞാനെന്‍റെ ചേട്ടായിയുടെ ഫാനായി. ചേട്ടായി വെളുക്കുവോളം വര്‍ത്തമാനം പറഞ്ഞു.. എന്ന് രാവിലെ ഞാനെഴുന്നേറ്റപ്പോള്‍ ആ വായില്‍ നിന്ന് തന്നെ മനസ്സിലാക്കാന്‍ സാധിച്ചു. പുറത്തായാല്‍ പിന്നെ അന്നത്തെ ദിവസവും, പിറ്റേന്നും എനിക്ക് ഭയങ്കര ക്ഷീണാ. അതുകൊണ്ട് ഞാന്‍ പെട്ടെന്ന് ഉറങ്ങിയാരുന്നു. പാവം, ആദ്യമൊക്കെ ഞാന്‍ മൂളിക്കേട്ടപ്പോള്‍ തുടര്‍ന്നും ഞാന്‍ ശ്രദ്ധിച്ചു കിടക്കുകയാണെന്നും കരുതി വെളുക്കുവോളം ഇരുന്ന് പ്രഭാഷണം നടത്തി. പാവം ചേട്ടായി.. എന്താല്ലേ..

‘അല്ല ഇന്നലെ ബെഡില്‍ വിരിച്ച മുല്ലപ്പൂവൊക്കെ എവിടെപോയി ചേട്ടായി..’ എന്നു ചോദിച്ചപ്പോള്‍ പറയ്വാ ‘അത് നിന്നോട് കഥ പറയുന്നതിനിടയില്‍ ഓരോന്നെടുത്ത് തിന്നൂന്ന്..!

ഓരോരോ ആചാരങ്ങളേ..!

✍ പീലി.

LEAVE A REPLY

Please enter your comment!
Please enter your name here