Home Latest അവളെനിക്കൊരു അത്ഭുതമായിതോന്നിച്ചു , ഇന്നുവരെ ഒരുകണ്ണിലും കാണാത്ത തിളക്കം ആകണ്ണുകളിൽ ഞാൻ കണ്ടു ..

അവളെനിക്കൊരു അത്ഭുതമായിതോന്നിച്ചു , ഇന്നുവരെ ഒരുകണ്ണിലും കാണാത്ത തിളക്കം ആകണ്ണുകളിൽ ഞാൻ കണ്ടു ..

0

ട്രെയിനിറങ്ങി സ്റ്റാൻഡിലേക്ക് ഓടിച്ചെന്നെങ്കിലും അവസാനബസും പോയിക്കഴിഞ്ഞു .. പുറത്തിറങ്ങി ഒരോട്ടോക്ക് കൈകാണിച്ചു , “ചേട്ടാ ഒന്ന് ഷാപ്പുംപടി വരെ പോകണം” …

”ചേട്ടാ അല്ല സാറെ , ചേച്ചിയാ”.

അപ്പോളാണ് ഞാനുമത് ശ്രദ്ധിച്ചത് , ഡ്രൈവിംഗ് സീറ്റിൽ ഒരു പെണ്ണായിരുന്നു ..

”ചേട്ടന് എവിടെക്കാ പോകേണ്ടത് “.

”ഷാപ്പുംപടിക്കാ ”

”ചേട്ടനി നാട്ടുകാരനല്ലേ , കേരളത്തിൽ മുട്ടിനുമുട്ടിനു ഷാപ്പും ബാറുകളുമുണ്ട് , അതിൽ ഏതിന്റെ പടിക്കലേക്കാ പോകേണ്ടതെന്നുപറഞ്ഞാൽ ഉപകാരമായിരുന്നു”.

”ഓ , സോറി പെങ്ങളെ , കോമ്പാറ ഷാപ്പുംപടി “.

കേരളത്തിൽ ഏറ്റവുംകൂടുതലുള്ള പടി ഷാപ്പുംപടി ആയിരിക്കും .പിന്നെയുള്ളതോ പള്ളിപ്പടിയും .. മറ്റെന്തെല്ലാമുണ്ടായാലും ഇവയെ ചുറ്റിപ്പറ്റിയായിരിക്കും ആ പ്രദേശം അറിയപ്പെടുക .. രണ്ടും പ്രത്യക്ഷത്തിൽ ഒന്നുതന്നെ , രണ്ടും നൽകുന്നത് ലഹരിയാണ് .. അധികമായാൽ സ്വയം മറക്കാൻ പ്രേരിപ്പിക്കുന്ന ലഹരി ..

ടൗണും കടന്ന് , കോമ്പാറയിലേക്ക് വണ്ടി ഒഴുകിനീങ്ങി ..

“കവറിലെന്താ , മീനാണോ, നല്ല നാറ്റം വരുന്നുണ്ട്” ഒന്നുവെട്ടിത്തിരിഞ്ഞു അവളെന്നോട് ചോദിച്ചു ..

” അതേ, നല്ല നെയ്മത്തിയാ , വരുന്ന വഴി വേടിച്ചതാ”

”ഉം . പക്ഷേ വണ്ടിയിൽ അതിന്റെ വെള്ളം വീഴാതെ നോക്കണേ”.

“അതെന്താ , എന്തായാലും രാത്രി വണ്ടി കഴുകില്ലേ , മീന്റെ വെള്ളം വീണാലും കഴുകുമ്പോൾ അതും പോകില്ലേ ”.

”അതല്ല ചേട്ടാ , എനിക്കിതിന്റെ മണം പിടിക്കില്ല , ഓക്കാനം വരും ”.

”ആ ബെസ്ററ്, അത്രക്ക് മോശമാണോ ഇതിന്റെ മണം” മീൻകവറെടുത്തു മൂക്കിലേക്ക് അടുപ്പിച്ചുകൊണ്ട് ഞാനവളോട് ചോദിച്ചു ..

”പൊന്നുചേട്ടാ, അതൊന്നു താഴത്തുവെക്ക്, ഞാനിതൊന്നും കഴിക്കാറില്ല .. അതിന്റെ മണമൊന്നും ശീലവുമില്ല ..ഞാൻ ബ്രാഹ്മിൻ ആണ്” ..

”ആഹാ , അത് ശരി .. നിന്നെക്കണ്ടപ്പോ എനിക്കും തോന്നിയേർന്നു ഒരു വശപ്പിശക്”.

”ചേട്ടനെന്താ ഉദ്ദേശിച്ചേ”.

”ഇല്ലത്തുന്നു ഓട്ടോക്കാരന്റെകൂടെ ഓടിപ്പോന്നതാണല്ലേ നീ”.

”അതെന്താ മാഷെ അങ്ങനെ തോന്നാൻ , ബ്രാഹ്മിൺ പെൺകുട്ടി ആക്സിലറേറ്റർ കൊടുത്താൽ ഓട്ടോ നീങ്ങില്ലേ”..

”പിന്നേ, നിങ്ങൾക്ക് ഓട്ടോ ഓടിച്ചിട്ടുവേണ്ടേ ജീവിക്കാൻ”

”ഞാൻ ബ്രാഹ്മിൻ ആണ് , ഭർത്താവും .. ഭർത്താവിന് ശാന്തിപ്പണിയാ , അതില്ലാത്തപ്പോ ഓട്ടോയും ഓടിക്കും , പിന്നേ പ്ലംബിംഗ് വയറിങ് മേസൺപണി , എല്ലാത്തിനുംപോകും .. ഇന്നിപ്പോ അദ്ദേഹത്തെ കൊണ്ടുവിടാൻ വന്നതാ , വെളുപ്പിന് പാലക്കാട്ടൊരു യാഗത്തിനുപോകാൻ .. തിരിച്ചുവരുന്നവഴിയാ നിങ്ങളെക്കണ്ടത്” ..

”സോറി പെങ്ങളേ, ഞാനിങ്ങനെയൊക്കെ പെരുമാറിയതിന്”.

”സോറിയൊന്നും വേണ്ടചേട്ടാ, നിങ്ങളവിടെ വിയർത്തുനിക്കണ കണ്ടപ്പോൾ എനിക്കില്ലാതെപോയ ചേട്ടനെപ്പോലെ തോന്നിച്ചു , അതാ ഞാൻ വണ്ടി നിർത്തിയത്”

”പെങ്ങളപ്പോൾ പഠിക്കാനൊന്നും പോയില്ലേ , അത്രക്ക് മോശമായിരുന്നോ വീട്ടിലെ” …….

+2. വരെ പഠിച്ചു, അപ്പോളാ ഈ ആലോചനവന്നത് .. മുഴുപ്പട്ടിണിക്കാരിക്ക് അരപ്പട്ടിണിക്കാരൻ കൂട്ട്.. എന്തായാലും പുരോഗതിയാണ്” അവൾ ചിരിക്കാൻ ശ്രമിക്കുന്നത് കണ്ണാടിയിലൂടെ ഞാൻ കണ്ടു ..

ആ ചിരിയൊരു വെളിച്ചമാണ് .. ജാതിയും വർഗവുംപറഞ്ഞു മനുഷ്യരെ തരംതിരിക്കുമ്പോൾ അതിനുള്ളിലെ യാഥാർഥ്യങ്ങളിലേക്ക് നോക്കുവാൻ നമ്മെ പ്രേരിപ്പിക്കേണ്ട വെളിച്ചം .. ജീവിതത്തെ മറ്റൊരു കോണിലൂടെയും നോക്കിക്കാണണമെന്ന സത്യം …

”പെങ്ങളേ , നിനക്കൊരിക്കലും ഈ ജീവിതത്തോടും , സാമൂഹ്യ വ്യവസ്ഥയോടും വെറുപ്പുതോന്നിയിട്ടില്ലേ’.

”ഇല്ലെന്നുപറഞ്ഞാൽ അത് നുണയാകും ചേട്ടാ . കൊടുക്കാൻ പണമില്ലാതെ പഠിത്തം നിർത്തേണ്ടിവന്നപ്പോൾ, മാർക്കുണ്ടായിട്ടും റിസർവേഷൻ എന്നപേരിൽ അവസരം നഷ്ടമായപ്പോൾ കണ്ണുനിറഞ്ഞിട്ടുണ്ട്”..

അവളെ മൂളിക്കേൽക്കുമ്പോൾ , ജീവിതത്തിന്റെ മറ്റൊരു മുഖം അന്നാദ്യമായി എന്റെ ഹൃദയത്തെ കരയിച്ചു …

”ചേട്ടനറിയോ, ആദ്യമാദ്യം വളരെയധികം സങ്കടം തോന്നുമായിരുന്നു .. പിന്നെയൊരു വാശിയായി , ജയിക്കണമെന്ന തോന്നലായി .. ഞാനും ഒരുപാട് വളർന്നു .. പതിനാറുവയസ്സുള്ള പെണ്കുട്ടിയിൽനിന്നും 24,വയസ്സിൽ രണ്ടുകുട്ടികളുടെ അമ്മയായി , വീണ്ടും സ്വപ്നങ്ങളായി … ഞാനിപ്പോൾ ഓട്ടോ ഓടിക്കാറുണ്ട് , വീട്ടിൽ തയ്യലും മറ്റും ചെയ്യുന്നു , ചിലപ്പോളൊക്കെ തൊഴിലുറപ്പിനു പോകുന്നു ..ആദ്യമെല്ലാം എന്നെക്കൂടെകൂട്ടാൻ അവർക്ക് മടിയായിരുന്നു , പതിയെ അതുമാറി ..

ചേട്ടായിയെ പണിക്കുവിളിക്കാനും ആദ്യമാദ്യം ആളുകൾക്ക് മടിയായിരുന്നു .. നെഞ്ചിനുകുറുകേയുള്ള പൂണുലായിരുന്നു പ്രശ്നം .. ആ പൂണൂലിന്റെ താഴെ വിശക്കുന്നൊരു വയറുണ്ടെന്നു ഞങ്ങൾക്കല്ലേ അറിയൂ ..

ഇന്ന് ഞാൻ ഹാപ്പിയാണ്, എന്റെ ഭർത്താവെനിക്ക് എന്തിനും കൂടെയുണ്ട് , നിർത്തിപ്പോയ പഠനമെനിക്ക് തീർക്കണം .. കുട്ടികളെ നല്ല രീതിയിൽ വളർത്തണം ..

അവളെനിക്കൊരു അത്ഭുതമായിതോന്നിച്ചു , ഇന്നുവരെ ഒരുകണ്ണിലും കാണാത്ത തിളക്കം ആകണ്ണുകളിൽ ഞാൻ കണ്ടു ..

”നിനക്കൊരിക്കലും സങ്കടവും വിഷമവും തോന്നിയിട്ടില്ലെന്നാണോ ”

”ഒരുപാട് തവണ തോന്നിയിട്ടുണ്ട് , പനിച്ചുവിറക്കുന്ന മക്കളെ നെഞ്ചോടുചേർത്തു നേരം വെളുപ്പിക്കുമ്പോൾ , ആർത്തവ രക്തം കിനിയുമ്പോളും പാടത്തു തൊഴിലുറപ്പിനിറങ്ങുമ്പോൾ, വിലകൂടിയ കളിപ്പാട്ടങ്ങൾ കാണുമ്പൊൾ എന്റെനേരെനീളുന്ന മകളുടെ കണ്ണുകളിലെ ദയനീയത കാണുമ്പൊൾ , കരഞ്ഞിട്ടുണ്ട് കണ്ണുനീർ പൊടിയാതെ,,.

”രാത്രികൾ പകലാക്കുമ്പോൾ, പലയിടങ്ങളിൽ സഞ്ചരിക്കുമ്പോൾ നിനക്കൊരിക്കലും പേടിതോന്നിയിട്ടില്ലേ”.

” എന്തിനു ഞാൻ പേടിക്കണം, ചങ്കുറപ്പുള്ള ഒരുപെണ്ണിനു കയറിച്ചെല്ലാൻ കഴിയാത്തവിധം ഇടുങ്ങിയതല്ല കേരളത്തിലെ ഒരിടവഴിയും”..

ഞാൻ നോക്കിനിൽക്കെ എന്റെമുന്നിൽ അവളൊരുപാട് വളരുന്നതായി എനിക്ക് തോന്നി ..തോന്നിയതല്ല അതാണ്‌ സത്യം .. അവൾ വളരെ വലിയവളാണ്..

ഞാൻ ആഗ്രഹിച്ചതല്ലെങ്കിലും വണ്ടിവേഗം കോമ്പാറയിലെത്തി .. ഇറങ്ങാൻ നേരം കയ്യിൽക്കിട്ടിയ കുറച്ചുനോട്ടുകളെടുത്തു അവളുടെനേരെ നീട്ടി ..കീശയിൽനിന്നും ടവ്വലെടുത്തു നിലത്തുപോയ മീൻവെള്ളം ഞാൻ തുടച്ചു .. അതുവേണ്ടാ എന്നായര്ത്ഥത്തിൽ എന്റെകൈ തട്ടിമാറ്റി അവളടുത്തു നിന്നു ..

”ഇന്നാ ചേട്ടാ , ബാക്കി പൈസ”.

”അതുവേണ്ട , അതുനീ വെച്ചോ”.

ഇല്ല ചേട്ടാ , എനിക്ക് ഓടിയതിന്റെ പണം മാത്രം മതി , കൂടുതൽ വേണ്ട”..

”അതിൽ കുറച് ഓടിയതിനുള്ള പൈസയാണ് , ബാക്കിയുള്ളത് എന്നെ ചേട്ടനെന്നു വിളിച്ചതിനും, ഇനി ചേട്ടനായി കാണുന്നതിനും വേണ്ടി ” …..

അവളതിന് ഉത്തരം പറഞ്ഞില്ല , അവളുടെ കണ്ണുകൾ നിറയുന്നത് വ്യക്തമായിക്കാണാൻ എന്റെകണ്ണിലെ ജലകണങ്ങൾ തടസമായി ..

വണ്ടിതിരിച്ചു അവൾ പോകാൻ തുടങ്ങിയതും ഓട്ടോയുടെ പുറകിലെഴുതിയിരുന്ന മൊബൈൽ നമ്പർ ഞാനെന്റെ മൊബൈലിലേക്ക് പകർത്തി .. എന്നിട്ടതിങ്ങനെ സേവ് ചെയ്തു ഓട്ടോക്കാരി ….

അല്ലേൽ അങ്ങനെ വേണ്ട , അവൾക്കത് ചേരില്ല, ഞാനത് മായ്ച്ചുകളഞ്ഞു.. പകരം ഇങ്ങനെ സേവ് ചെയ്തു …പെങ്ങളുട്ടി ….

written by ; Antony Anthappan

 

LEAVE A REPLY

Please enter your comment!
Please enter your name here