Home Article ഒരു സ്ത്രീയുടെ വിജയം അവളുണ്ടാക്കുന്ന ആഹാരത്തിന്റെ രുചിയാണെങ്കിൽ ആണുങ്ങൾ എല്ലാം ഒരു വഹയ്ക്കും കൊള്ളാത്തവരല്ലേ? വൈറലായി...

ഒരു സ്ത്രീയുടെ വിജയം അവളുണ്ടാക്കുന്ന ആഹാരത്തിന്റെ രുചിയാണെങ്കിൽ ആണുങ്ങൾ എല്ലാം ഒരു വഹയ്ക്കും കൊള്ളാത്തവരല്ലേ? വൈറലായി ഒരു വീട്ടമ്മയുടെ കുറിപ്പ്‌!

0

എനിക്ക് നല്ല പനിയായിരുന്നു. ലീവ് എടുത്തു കിടന്നത് അതിനായിരുന്നു. അതിനിടക്ക് എന്റെ കൂട്ടുകാരത്തി വിളിച്ചു, ‘ഹലോ’ യെന്ന എന്റെ തളർന്ന ഒച്ച കേട്ട് ‘അയ്യോ ഇതെന്തു പറ്റി ?’ എന്ന് അവൾ. ‘പനി’ എന്ന എന്റെ മറുപടിയിൽ പിടിച്ച് സിംപതി തരംഗം ഒഴുകിത്തുടങ്ങി…. “ശോ ! ഇയാൾക്ക് പനി ആണെങ്കിൽ മോട്ടി ഏട്ടൻ എന്തു ചെയ്യും? എന്തു കഴിക്കും? പാവം മോട്ടിയേട്ടൻ! …. ”

എന്റെ പൊന്നു സുഹൃത്തേ, എനിക്ക് ഒരു പനി വന്നാൽ തകർന്നു പോകുന്നതൊന്നുമല്ല എന്റെ ഭർത്താവിന്റെ ആഹാരക്രമം. എനിക്കൊന്നു വയ്യാതായാൽ എന്റെ പിള്ളാര് പട്ടിണിയാവാതെ നോക്കാനുള്ള കഴിവൊക്കെ എന്റെ ഭർത്താവിനുണ്ട്. അദ്ദേഹം വഹയ്ക്ക് കൊള്ളാത്തവനല്ലാ എന്ന്.

എന്റെ കൂട്ടുകാരിയെ കുറ്റം പറഞ്ഞിട്ടു കാര്യമല്ല. നമ്മുടെ സമൂഹത്തിൽ പൊതുവെ ഉള്ള classical conditioning ആണ് ഇത്.
ആണുങ്ങൾ അടുക്കളയിൽ കയറിയാൽ ഏതാണ്ടെല്ലാം കുഴപ്പം ഉണ്ടാവുമെന്ന് . ഒരു സ്ത്രീയുടെ വിജയം അവൾ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയാണ് നിർണ്ണയിക്കുന്നതെന്ന ചിന്ത.. തലമുറ തലമുറ കൈമാറി കെടാതെ ഇങ്ങനെ സൂക്ഷിക്കുവല്ലേ നമ്മൾ ! വീട്ടിലെ പണി എല്ലാം സമയബന്ധിതമായി ചെയ്ത് ജീവിക്കുന്നതിന് കഴിവുള്ള സ്ത്രീകളോട് ബഹുമാനം മാത്രമേ ഉള്ളൂ. പക്ഷേ എന്തോ ഞാനത്തരം മഹതിയായ വനിതയല്ല…

അമ്മയെ അടുക്കളയിൽ കാര്യമായി സഹായിക്കുന്ന ഒരു അച്ഛനെ കണ്ടു വളർന്നതുകൊണ്ടാവാം വീട്ടു പണി പെണ്ണുങ്ങളുടെ കുത്തക അവകാശമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. വിവാഹത്തിന് മുൻപ് ഞാനും അടുക്കളപ്പണി ചെയ്യേണ്ടി വന്നിട്ടില്ല. പക്ഷേ സാഹചര്യം വന്നപ്പോൾ പഠിച്ചു. ഇപ്പോ രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട് ഒരു കൊച്ചു സദ്യയുണ്ടാക്കാൻ എനിക്കും സാധിക്കും. അർത്ഥം, പഠിച്ചെടുക്കാൻ വല്യ പണിയൊന്നുമല്ല പാചകം..

അതിന് ആണുങ്ങൾ പെണ്ണുങ്ങൾ വ്യത്യാസം ഉണ്ടാവണമെന്ന് നിർബന്ധം വെക്കേണ്ട കാര്യമെന്താണെന്ന് മനസ്സിലാവുന്നു പോലുമില്ല താനും.

ഓരോർത്തർക്കും ഓരോ താല്പര്യം ഇഷ്ടം ഒക്കെ ഉണ്ടല്ലോ, അതു വെച്ചു നോക്കുമ്പോൾ എനിക്കു പാചകം വീട്ടുപണി ഒന്നിലും വല്യ താൽപര്യം ഇല്ല തന്നെ. എന്നിട്ടും 24 വയസ്സ് വരെ കഴിക്കുക പോലും ചെയ്തിട്ടില്ലാത്ത ഗോതമ്പ് പുട്ട് എന്റെ ഭർത്താവിനും മക്കൾക്കും ഇഷ്ടമായത് കൊണ്ട് ഉണ്ടാക്കാൻ പഠിച്ചു. വല്യ സന്തോഷം തോന്നി. സന്തോഷം കൂടി വിളിച്ചു കൂവി… അതൊരു fb Post ആയി. “ഗോതമ്പു പുട്ടുണ്ടാക്കാൻ പഠിച്ചേ” എന്ന് ഇട്ടു പോയി. ഉടനെ വന്ന response “പാവം മോട്ടിച്ചേട്ടൻ… ” എന്നായിരുന്നു. അതെങ്ങിനെയാ ഞാൻ ഗോതമ്പു പുട്ടുണ്ടാക്കാൻ പഠിച്ചാൽ പുള്ളി പാവമാകുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നേ ഇല്ല.

അതാണ് സാമൂഹികമായ കണ്ടിഷനിംഗ്. പാചകവും മറ്റു വീട്ടുപണികളിലും പ്രാഗൽഭ്യമുള്ള പെണ്ണുങ്ങൾ മാത്രമാണ് സ്ത്രീ രത്നങ്ങൾ എന്ന തോന്നൽ … ഒരു പക്ഷേ ഞാൻ വീട്ടപണികളിൽ വിദഗ്ദ്ധ അല്ലായിരിക്കാം. പക്ഷേ ഒരു അധ്യാപിക എന്ന നിലയിൽ 7, 8, 9, 10 ക്ലാസ്സിലേക്ക് നോട്ട് തയ്യാർ ചെയ്യുന്നു. 500 നടുത്ത് Notebook ആഴ്ചക്ക് ചെക്ക് ചെയ്തു കൊടുക്കുന്നു. ഒരു ക്ലാസിൽ 60 ശിഷ്ടം കുട്ടികൾക്ക് പാഠം പറഞ്ഞു കൊടുക്കുന്നു. Question പേപ്പർ തയ്യാറാക്കുന്നു. 60 x 4 = 24O + പരീക്ഷ പേപ്പർ നോക്കുന്നു. കുട്ടികൾക്ക് പ്രൊജക്ട്, assignment etc കൊടുക്കുന്നു. ചെക്ക് ചെയ്യുന്നു. ഇഷ്ടമില്ലാത്ത പണിയാണെലും ഇഷ്ടമുള്ളവർക്ക് വേണ്ടി പാചകം, പാത്രം and തുണി കഴുകുന്നു. മുറ്റം, മുറി തൂപ്പ് എന്നാലാവുന്ന വിധം ചെയ്യുന്നു. ഇതൊക്കെ ചെയ്യുന്നൂ എങ്കിലും വീട്ടുപണി /പാചകം ഇഷ്ടമല്ല എന്നു പറഞ്ഞാൽ, അഥവാ എന്റെ ഭർത്താവ് വല്ലപ്പോഴും അടുക്കളയിൽ കയറും എന്നു വന്നാൽ ഉടനെ ഞാൻ മടിച്ചിയാവും, മടിച്ചിയായ ഫെമിനിസ്റ്റ്. എന്താല്ലേ നമ്മുടെ ലോകം!

Also Read : സെക്സിൽ പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട സ്ത്രീ രഹസ്യങ്ങൾ ….. 

അങ്ങിനെ മടീടെ കാര്യം ഒക്കെ പറഞ്ഞ്, വീട്ടുപണി Share ചെയ്യണം എന്ന് പറയുന്നവരുടെ വായടപ്പിച്ചാൽ പിന്നെ കുഴപ്പമില്ല! ഹായ് നല്ല idea…

പിന്നെ ഓരോരുത്തർക്കും ഓരോ താൽപര്യം, ഓരോ ഇഷ്ടം എന്നതൊക്കെ ഈ മടീടെ കൂട്ടത്തിൽ വരും. ആണുങ്ങൾക്ക് ഈ പ്രത്യേക ‘മടി’ ഉണ്ടാവില്ലത്രേ!

ആണുങ്ങൾ ജന്മനാ വീട്ടുപണിക്ക് അയോഗ്യരാണത്രേ! പെണ്ണുങ്ങൾ multi – taskers ആണത്രേ .. അതെന്താ ആണുങ്ങൾക്ക് multi tasking നുള്ള കഴിവില്ലാത്തത്? അറിയില്ല. അഥവാ അവർക്കതിന് താല്പര്യമുണ്ടെങ്കിൽ കളിയാക്കി അവരുടെ കഴിവുകൾ നുള്ളണം. അല്ലെങ്കിൽ അവർ ഭാര്യമാർക്ക് ഒരാശ്വാസം ആയാലോ.. പാടില്ല! പാടില്ല ! എന്താ ല്ലേ?

എനിക്ക് രണ്ടു മക്കളാണ് ഉള്ളത്. എന്തായാലും രണ്ടു പേരെയും ഒരു പോലെ വീട്ടുപണികളിൽ പങ്കാളികളാക്കാൻ തീരുമാനിച്ചിരിക്കയാണ് ഞാൻ. കാരണങ്ങൾ പലത്
1. എനിക്ക് ജോലി ഭാരം കുറയും
2. എന്റെ മകൾ ‘മടിച്ചി’ എന്ന പേര് കേൾക്കാതിരിക്കട്ടെ.
3. എന്റെ മകന്റെ തലമുറയെങ്കിലും വീട്ടുപണിയുടെ ആൺ-പെൺ വ്യത്യാസങ്ങൾ പഠിക്കാതിരിക്കട്ടെ.

അതായത് അവനവന്റെ സാഹചര്യമനുസരിച്ച് ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ സ്നേഹിച്ച്, സഹകരിച്ച്, ഒത്തൊരുമിച്ച് മുന്നോട്ടു പോവുക. അപ്പോൾ അടുക്കള നരകമാവില്ല ഒരു പെണ്ണിനും.. വീട് സ്വർഗ്ഗമാവുകയും ചെയ്യും.

ഓരോ വീട്ടിലും ഉള്ള സാഹചര്യം വ്യത്യസ്ത്യം. ഓരോ മനുഷ്യർടെം മനസ്സും സാഹചര്യങ്ങളും വികാരങ്ങളും വിചാരങ്ങളും വ്യത്യസ്തം. തീർച്ചയായും പുരുഷൻമാർ അടുക്കളയിലും മറ്റു വീട്ടപ്പണിയിലും കൂടെ നിൽക്കണം എന്നു തന്നെ വിശ്വസിക്കുന്നു. അടുത്ത തലമുറയെങ്കിലും സ്ത്രീ പുരുഷൻ എന്നല്ലാതെ മനുഷ്യവർഗ്ഗം എന്ന് ചിന്തിക്കണം എന്ന് പരിപൂർണ്ണമായും ആഗ്രഹിക്കുന്നു….

Also Read : ദമ്പതിമാർ തമ്മിൽ പിണങ്ങിയാൽ ആരാണ് ആദ്യം സോറി പറയേണ്ടത് .. ! 

LEAVE A REPLY

Please enter your comment!
Please enter your name here