Home Latest കാര്യം ഇത്രേയുള്ളു, ഭാര്യക്ക്‌ വരുന്ന എല്ലാ കോളുകളും വിളിച്ച കോളുകളും മാസാ മാസം നോക്കി ഭാര്യക്ക്...

കാര്യം ഇത്രേയുള്ളു, ഭാര്യക്ക്‌ വരുന്ന എല്ലാ കോളുകളും വിളിച്ച കോളുകളും മാസാ മാസം നോക്കി ഭാര്യക്ക് പരപുരുഷ സംഗമം, വിളികൾ, ഇല്ലെന്നുറപ്പ്‌ വരുത്തുക…

0

രചന : ജെ പി

ഭാര്യക്ക്‌ പോസ്റ്റ്‌ പെയിഡ്‌ കണക്ഷൻ വാങ്ങിക്കൊടുത്തിട്ടാണ്‌ ഭർത്താവ് അരവിന്ദൻ ഗൾഫിൽ പോയത്‌.

അത്‌ മാത്രമല്ല… കോൾ ഹിസ്റ്ററി ഇൻകമിംഗ്‌ ഔട്ട്‌ ഗോയിങ്‌ എല്ലാം E ബില്ലിനൊപ്പം അയക്കാൻ അരവിന്ദൻ ആവശ്യപ്പെടുകയും ചെയ്തു.

കാര്യം ഇത്രേയുള്ളു, ഭാര്യക്ക്‌ വരുന്ന എല്ലാ കോളുകളും വിളിച്ച കോളുകളും മാസാ മാസം നോക്കി ഭാര്യക്ക് പരപുരുഷ സംഗമം, വിളികൾ, ഇല്ലെന്നുറപ്പ്‌ വരുത്തുക.

പരിചയമില്ലാത്ത നമ്പറുകൾ കണ്ടാൽ അരവിന്ദന്റെ ഹ്യദയമിടിപ്പ്‌ കൂടും. അപ്പോൾ തന്നെ കറക്കിക്കുത്തി ഭാര്യയെ വിളിക്കും. ഏതാ ആ നമ്പർ, ആരാ, എന്തിനു വിളിച്ചു, എന്താണിത്രയും നേരം സംസാരിച്ചത്‌ തുടങ്ങി നൂറു കൂട്ടം ചോദ്യങ്ങൾ.

അത്‌ മാത്രമല്ല, ആ നമ്പറുകളിലേക്ക്‌ വിളിച്ച്‌ അപ്പുറത്ത്‌ ആണാണോ എന്ന് തിരക്കും.

അങ്ങനെ കുട്ടികളുടെ ടീച്ചർമ്മാർക്ക്‌ പോലും വിളിക്കാൻ പറ്റാത്ത സ്ഥിതിയായി.

അവളുടെ ഫേസ് ബുക്ക് തുറന്നു നോക്കി ചികയുക. ഇടക്ക് മീരയുടെ വാട്സ്ആപ് പുള്ളിയുടെ ഫോണിൽ ആക്ടിവേറ്റ് ചെയ്തു രണ്ട് ദിവസ്സം നിരീക്ഷിക്കുക.

ഫോൺ വിളിച്ചാൽ ഹിസ്റ്ററി അല്ലാതെ വേറൊന്നും ചോദിക്കാനില്ല.

അങ്ങനെ കെട്ടിയവന്റെ ശല്ല്യം സഹിക്കാൻ വയ്യാതായി.

അങ്ങനെയിരിക്കെ നമ്മുടെ മീരയുടെ അച്ഛൻ പുതിയൊരു കണക്ഷനെടുത്തത്‌. പുള്ളി പുതിയ നമ്പറിൽ നിന്ന് മകളെ വിളിച്ച്‌ കുറേ നേരം സംസാരിച്ചു. അച്ഛൻ കഴിഞ്ഞപ്പോൾ അമ്മ, പിന്നെ അനിയത്തി തുടങ്ങിയവർ സംസാരിച്ച്‌ ഒന്നൊന്നര മണിക്കൂറായി.

കഷ്ടകാലത്തിന്‌ അഛ്ചൻ പുതിയ നമ്പറെടുത്തെന്നും വിളിച്ചെന്നും കെട്ടിയവനോട്‌ പറയാൻ മീര മറന്നു പോയി.

ആ മാസത്തെ ബില്ല് വന്നപ്പോൾ പരിചയമില്ലാത്ത നമ്പർ. അരവിന്ദന്റെ കിളി പോയി… ഒന്നൊര മണിക്കൂർ സംസാരം. ഒന്നും നോക്കിയില്ല ആ നമ്പറിലേക്ക്‌ വിളിച്ചപ്പോൾ ആണൊരുത്തൻ… ഒന്നും ചോദിക്കാൻ നിന്നില്ല അങ്ങോട്ട്‌ വച്ച്‌ കാച്ചി

ഫ… നായിന്റെ മോനെ, ആരാടാ തെണ്ടി നീ. എന്റെ ഭാര്യയോട്‌ ഒന്നര മണിക്കൂർ നീയെന്താടാ പട്ടി സംസാരിച്ചത്‌. ഉളുപ്പില്ലാത്ത നായെ, ഭർത്താക്കന്മാർ ഗൽഫിലുള്ള പെണ്ണുങ്ങളെ വിളിച്ച്‌ കൊഞ്ചുന്നോടാ പന്നീ….+(&*:!!?6₹്്്‌&)…. തുടങ്ങി പറയാത്തതൊന്നുമില്ല.

പാവം മീരയുടെ അഛ്ചൻ. കൊടുങ്ങല്ലൂർ ഭരണിക്ക്‌ പോലും ഇത്ര ഒഴുക്കുള്ള തെറി കേട്ടിട്ടില്ല. അവസാനം ഒന്നും പറയാൻ പറ്റാതെ ഫോൺ കട്ട്‌ ചെയ്ത്‌ രണ്ട്‌ ഗ്ലാസ്സ്‌ വെള്ളം കുടിച്ചു.

സ്വരം കേട്ടപ്പോൾ തന്നെ പുള്ളിക്ക്‌ മനസ്സിലായിരുന്നു മരുമോൻ ചെക്കനാണെന്ന്. അപ്പോൾ തന്നെ മോളെ വിളിച്ച്‌ കാര്യം പറയുകയും ചെയ്തു.

ഇത്‌ കേട്ടയുടനെ… മീര നേരെ പട്ടണത്തിൽ പോയി.. പുതിയൊരു മൊബൈൽ വാങ്ങി പുതിയൊരു കണക്ഷനുമെടുത്തു.

ഇവനെ പോലുള്ളവന്‌ മറുപടി സീക്രട്ട്‌ ഫോൺ തന്നെ.

പിന്നെ അവളുടെ രണ്ടാമത്തെ ഫോൺ കൂടുതൽ ബിസിയായി.

പോസ്റ്റ്‌ പെയിഡ്‌ ബില്ലിൽ സ്വന്തക്കാരുടെ മാത്രം നമ്പരുകൾ കണ്ട അരവിന്ദന്‌ ആശ്വാസവുമായി.

അവളുടെ രണ്ടാമത്തെ ഫോണിൽ ഈ ഫേസൂക്കിലെ ചിലരുടെ നമ്പറുകൾ ഉണ്ട്‌.

കെട്ടിയോൻ അവധിക്ക് വരുമ്പോൾ സിം ഊരി ബാറ്ററിയൂരി എവിടെങ്കിലും തള്ളും. അവിഹിതമായത് കൊണ്ടാവില്ല. ആരേയും വിളിക്കാനോ സംസാരിക്കാനോ പറ്റാതെ, എന്തിനും ഏതിനും അസഹന്യമാം വിധം ചികയുകയും സംശയിക്കുകയും ചെയ്യുന്നത് കൊണ്ടും ആവാം മീര ഇങ്ങനെ ചെയ്യുന്നത്.

എന്നാല് രഹസ്യ ബന്ധങ്ങൾക്ക് വേണ്ടിയും ആണിനും പെണ്ണിനും സീക്രട്ട് ഫോൺ ഉണ്ടാവാം. ഭാര്യയോ ഭർത്താവോ വിളിച്ചാൽ കോൾ വെയിറ്റിംഗ് ഉണ്ടാവില്ലല്ലോ😜

ആരേയും ചുമ്മാ സംശയിക്കരുത്‌. സംശയം മൂത്ത്‌ ഭ്രാന്തായി അതുമിതും സംസാരിച്ചാൽ ഇങ്ങനെ സീക്രട്ട് ഫോണുകൾ, സീക്രട്ട് ഫേസ്‌ ബുക്ക്‌ അക്കൗണ്ടുകൾ, രണ്ട്‌ വാട്സാപ്പുകൾ ഭാര്യക്കോ ഭർത്താവിനോ ഉണ്ടാകും.

അല്ല ഇപ്പോഴും ഉണ്ടേ… എന്നെനിക്ക്‌ കേട്ട്‌ കേൾവി മാത്രമേയുള്ളു കെട്ടോ.

ജെ പി

LEAVE A REPLY

Please enter your comment!
Please enter your name here