Home Latest ”ഒരു ഗുണ്ടയെ സ്നേഹിക്കാൻ നിങ്ങൾക്കെന്താ വട്ടാണോ??” അന്നാദ്യമായി ഞാനവരോട് കല്പനകൾ മറന്നു സംസാരിച്ചു….

”ഒരു ഗുണ്ടയെ സ്നേഹിക്കാൻ നിങ്ങൾക്കെന്താ വട്ടാണോ??” അന്നാദ്യമായി ഞാനവരോട് കല്പനകൾ മറന്നു സംസാരിച്ചു….

0

രചന ; Saran Prakash

‘പാപ്പനൊരു പെണ്ണിനേയും കൂട്ടി വന്നിട്ടുണ്ടേയ്….”

തട്ടിൻമുകളിലിരുന്നു പുസ്തകങ്ങളുമായി മല്ലിടുമ്പോഴായിരുന്നു താഴെനിന്നും ആ വാക്കുകൾ മുഴങ്ങി കേട്ടത്….

കയ്യിലിരുന്ന പുസ്തകവും വലിച്ചെറിഞ്ഞു കോണിപ്പടിയിറങ്ങി ആകാംക്ഷയോടെ താഴെയെത്തുമ്പോൾ, അടുക്കളയിൽ നിന്നും അമ്മയും, അകത്തളത്തിൽ നിന്നും മുത്തശ്ശിയും, മുറികളിൽനിന്നും ചെറിയച്ഛന്മാരും ചെറിയമ്മമാരും, എന്നിലെ അതേ ആകാംക്ഷയോടെ തന്നെ ഉമ്മറവാതിൽക്കലേക്ക് പായുന്നുണ്ടായിരുന്നു…..

കൂടിനിന്നിരുന്ന അവർക്കിടയിലൂടെ മുന്നിലേക്ക് കയറിനിൽക്കുമ്പോൾ ഉമ്മറപ്പടിയിലെ തൂണിൽ കൈവെച്ചു മുറ്റത്തേക്ക് തിരിഞ്ഞു നിൽക്കുന്ന അച്ഛനെയാണ് ഞാൻ കണ്ടത്..

തല ചെരിച്ചു അച്ഛന്റെ ആ കൈക്കടിയിലൂടെ എത്തിനോക്കുമ്പോൾ ചെറിയച്ഛന്റെ മക്കൾ വിളിച്ചുകൂവിയതുപോലെ ഞാൻ കാണുന്നുണ്ടായിരുന്നു….

പാപ്പന്റെ കൈപ്പിടിച്ചൊരു പെണ്ണ്…

പടികയറി വരുന്ന അവർക്ക് തടസ്സമായി നിൽക്കുകയാണ് എന്റെ അച്ഛൻ….

”തറവാടിന്റെ പേരുകളയാനുണ്ടായ അസുരവിത്ത്…”

കലിയടക്കാനാകാതെ രോഷാകുലയായി മുത്തശ്ശി അകത്തേക്ക് നടക്കുമ്പോൾ,, ബാക്കിയുള്ളവരുടെ മുഖത്തെല്ലാം ഒരുതരം നിർവികാരതയായിരുന്നു…

”ഇനി എന്തെല്ലാം സംഭവിക്കുമെന്റീശ്വരാ”

മുകളിലേക്ക് നോക്കി ദൈവത്തോട് പരിഭവം പങ്കുവെക്കുന്ന അമ്മയുടെ മുഖത്തൊരു ഭയം നിഴലിക്കുന്നുണ്ട്…..

അതൊരുപക്ഷേ അച്ഛന്റെ മുഖത്തെ ഭാവം കണ്ടിട്ടാകണം….

തറവാട്ടിലെ മൂത്ത സന്തതിയെന്ന നിലയിൽ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തുകൊണ്ട്, മുത്തച്ഛന്റെ മരണശേഷം അച്ഛനായിരുന്നു ആ വലിയ കൂട്ടുകുടുംബം ഭരിച്ചിരുന്നത്….

മുഖത്തെപ്പോഴും രൗദ്രഭാവമുള്ള അച്ഛന്റെ മുൻപിൽ തലയുയർത്തിപ്പിടിക്കുവാൻപോലും അന്നുവരെ ആരും മുതിർന്നിട്ടില്ല…..

പക്ഷെ ഇന്ന്….

മുറ്റത്തുനിൽക്കുന്ന പാപ്പന്റെ മുഖത്തേക്ക് ഞാൻ നോക്കി… മീശയും പിരിച്ചുവെച്ചു തലയുയർത്തി നിൽക്കുകയായിരുന്ന പാപ്പൻ, മുത്തശ്ശിപറഞ്ഞതുപോലെ തറവാട്ടിലെ അസുരവിത്താണ് താനെന്നു വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു…..

സത്യത്തിൽ പാപ്പനെന്നല്ല,, ചെറിയച്ഛനെന്നായിരുന്നു ഞങ്ങൾ സ്നേഹത്തോടെ വിളിച്ചിരുന്നത്….

പക്ഷെ കള്ളുകുടിച്ചും, പെണ്ണുപിടിച്ചും, കവലയിൽകിടന്നടിയുണ്ടാക്കിയും, ഗുണ്ടാനേതാവായി വളർന്ന ആ ചെറിയച്ഛന്, സുഹൃത്തുക്കൾ നൽകിയ ഇരട്ടപ്പേരായിരുന്നു പാപ്പൻ….

ഇന്ന് അങ്ങാടിയിലുള്ളവർ പാപ്പനെന്നു കേട്ടാൽ ഒരുനിമിഷം വിറക്കും…. അതുകൊണ്ടുതന്നെ സുഹൃത്തുക്കൾക്കെല്ലാം അഭിമാനമായിരുന്നു പാപ്പൻ.. പക്ഷെ, ഞങ്ങൾക്കെന്നും വെറുപ്പായിരുന്നു… ആ വെറുപ്പോടെ തന്നെയായിരുന്നു ചെറിയച്ഛനെന്ന വിളി പാപ്പനെന്നാക്കി മാറ്റിയത്…

”എന്തുകാണാൻ നിക്കാണെടാ…. കേറിപോടാ അകത്തേക്കെല്ലാം…”

കാഴ്ചകാണാൻ നിന്നിരുന്ന ഞങ്ങൾ ഇളംമുറക്കാരെ നോക്കി അച്ഛൻ ആക്രോശിക്കുമ്പോൾ പലരും നാലുപാടും ചിതറിയോടി…. ഞാൻ തട്ടിൻമുകളിലേക്കും….

താഴെനിന്നും മുഴക്കങ്ങളും, വാക്കുതർക്കങ്ങളും ഉയരുന്നുണ്ട്…. അമ്മയുടെ കണ്ണീർ സ്വരം കേൾക്കുന്നുണ്ട്….

ഇരിപ്പുറക്കാതെ ഞാൻ താഴേക്ക് എത്തിനോക്കുമ്പോൾ ചെറിയച്ഛന്മാർ ചേർന്ന് അച്ഛനെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു…

വിളക്കും നിറയുമായി ചെറിയമ്മമാർ ഉമ്മറത്തേക്കിറങ്ങുന്നുണ്ട്….. അതേ… അവർ സ്വീകരിക്കാനൊരുങ്ങുകയാണ് പടികയറിവന്ന ആ പുതിയ അതിഥിയെ….

മുകളിലേക്കെത്തി വീണ്ടും പുസ്തകങ്ങൾ കയ്യിലെടുത്തുവെങ്കിലും എന്റെ ചിന്തകളും കാതുകളും താഴേക്ക് തന്നെയായിരുന്നു….

”കഴിഞ്ഞതുകഴിഞ്ഞു…. ഇനിയൊരു തർക്കം വേണ്ട…. ദൈവനിശ്ചയം ഇങ്ങനെയൊക്കെയായിരിക്കും..”

ഇടറിയ സ്വരത്തോടെ മുത്തശ്ശി പറയുമ്പോൾ, അങ്ങിങ്ങായ്‌ നടന്നകലുന്ന കാൽപാദങ്ങൾ ഞാൻ കേൾക്കുന്നുണ്ടായിരുന്നു….

ഒരുപക്ഷെ തറവാട്ടിലുള്ളവർക്കെല്ലാം പാപ്പനോടുള്ള അതേ വെറുപ്പ് തന്നെയായിരുന്നു പിന്നീടങ്ങോട്ട് ചെറിയമ്മയോടും….

ഗുണ്ടയെ പ്രണയിച്ചവളെന്നു പറഞ്ഞു ഞങ്ങൾ ഇളംതലമുറക്കാർ ചെറിയമ്മയെ പരിഹസിക്കുമ്പോൾ,, പേരുകേട്ട തറവാട്ട് മഹത്വത്തിന്റെ പങ്കുചേരാനെത്തിയവളെന്ന പുച്ഛമായിരുന്നു അച്ഛനും മറ്റു ചെറിയച്ഛന്മാർക്കും…

അതുകൊണ്ടു തന്നെ ചെറിയമ്മയോടു മിണ്ടുന്നതിൽ പോലും അവർ ഞങ്ങളിൽ വിലക്ക് കല്പിച്ചിരുന്നു….

”ഒരു ഗുണ്ടയെ സ്നേഹിക്കാൻ നിങ്ങൾക്കെന്താ വട്ടാണോ??”

തറവാടിന്റെ പിന്നാമ്പുറത്തെ തിണ്ണയിൽ അവഗണകളുമേറ്റുവാങ്ങിയിരിക്കുന്ന ചെറിയമ്മയെ കണ്ടപ്പോൾ അന്നാദ്യമായി ഞാനവരോട് കല്പനകൾ മറന്നു സംസാരിച്ചു….

അതിനുമറുപടിയായി അവരൊന്നു പുഞ്ചിരിച്ചു….

”ആരാ പറഞ്ഞേ ചെറിയച്ഛൻ ഗുണ്ടയാണെന്നു??”

”കവലയിൽ കിടന്നു അടിയുണ്ടാക്കുന്നവൻ ഗുണ്ടയല്ലാതെ പിന്നെ ആരാ…. ഞാൻ കണ്ടിട്ടുണ്ടല്ലോ… മീശപിരിച്ചുകൊണ്ട് കലിതുള്ളി ആരുടെയൊക്കെയോ മൂക്കിൽ നിന്നും ഇടിച്ചു ചോര പൊടിക്കുന്നത്…. ഞാൻ കേട്ടിട്ടുണ്ടല്ലോ ഏതോ പെണ്ണിനൊപ്പം രാത്രിയിൽ പിടിക്കപ്പെട്ടത്…. ചങ്ങാതിമാർക്കൊപ്പം കള്ളുകുടിക്കുന്നത്…. ”

ഉള്ളിലെ വെറുപ്പോടെ ഞാൻ പറയുമ്പോഴും ചെറിയമ്മയുടെ മുഖത്തു പുഞ്ചിരി മാത്രമായിരുന്നു…..

”തറവാട്ടിലെ പെണ്ണുങ്ങളെപ്പറ്റി മോശമായി സംസാരിക്കുന്നവന്റെ മൂക്കിൽ നിന്നും ചോര പൊടിക്കുന്നത് ഗുണ്ടയായിട്ടല്ല…. ആണായതുകൊണ്ടാണ്…. ഇരുൾ നിറഞ്ഞ അർദ്ധരാത്രിയിൽ വഴിയറിയാതെ നിന്നവളെ ഇരുട്ടിന്റെ മറവിലേക്കല്ലാതെ വെളിച്ചത്തേക്ക് കൊണ്ടുവന്നവൻ പെണ്ണുപിടിയനല്ല… പെണ്ണിനെ മാനിക്കുന്നവനാണ്…. അവരെ ഉൾക്കണ്ണുകൊണ്ടു കാണാൻ ആരും ശ്രമിക്കാറില്ല…. നിന്റെ ചെറിയച്ഛനെപോലെ….”

ചെറിയമ്മയുടെ ആ വാക്കുകളിൽ അമ്പരപ്പോടെ ഞാൻ ആ മുഖത്തേക്ക് നോക്കി..

”അതേ മോനെ… നിന്റെ ചെറിയച്ഛൻ ചെയ്തതിനുപുറകിലെല്ലാം ഒരു നന്മയുണ്ടായിരുന്നു…. ആ ഇരുട്ടിൽ നിന്നും ചെറിയമ്മക്ക് കൂട്ടായ് വന്നപ്പോൾ പെണ്ണുപിടിയനെന്ന പേര് വീണതിൽ പോലും… അന്ന് ഞാൻ ആ മനസ്സിലെ നന്മ തിരിച്ചറിഞ്ഞു.. ഒരുപക്ഷെ അന്നുമുതൽ തുടങ്ങിയതാകാം ചെറിയമ്മക്ക് മോൻ പറഞ്ഞ ഈ വട്ട്…”

കലങ്ങിയ കണ്ണുകളിൽ പുഞ്ചിരിയും നിറച്ചുകൊണ്ടു ചെറിയമ്മ പറയുമ്പോൾ മറുപടിയൊന്നും പറയാനാകാതെ ഞാൻ പതിയെ തലതാഴ്ത്തി പിന്തിരിഞ്ഞു നടന്നു….

ഉമ്മറപ്പടിയിൽ ദൂരേക്കും നോക്കിയിരിക്കുന്ന ചെറിയച്ഛനരികിലെത്തി ആ മുഖത്തേക്കൊന്നുനോക്കി…..

തറവാട്ടിലെ ആ അസുരവിത്തിന്റെ മുഖത്തപ്പോൾ പഴയതുപോലെ വീറും വാശിയുമുണ്ടായിരുന്നില്ല…..

അരികിലിരുന്നുകൊണ്ട് താഴ്ന്നുകിടന്നിരുന്ന ചെറിയച്ഛന്റെ മീശ പിരിച്ചുവെക്കുമ്പോൾ ആ കണ്ണുകളെന്നെ മിഴിച്ചു നോക്കി….

”ആണായി പിറന്നവന് ഒരലങ്കാരം തന്നെയാണ് ഈ കൊമ്പൻ മീശ….”

പുഞ്ചിരിയോടെ ഞാനതുപറയുമ്പോൾ അകത്തളത്തിൽ നിന്നും നിറഞ്ഞുതുളുമ്പിയ കണ്ണീരോടെ ഒരു ചെറുചിരി കേൾക്കുന്നുണ്ടായിരുന്നു…. എന്റെ ചെറിയമ്മയുടെ…

പാണൻ പാടി നടന്ന പാട്ടുപോലെ ഇനിയെന്റെ തറവാടിന്റെ കോലായിൽ പോലും മുഴങ്ങിക്കേൾക്കും… വടക്കൻവീരഗാഥയിലെ ചന്തുവിന്റെ കഥയല്ല….

ആണായിപിറന്ന ഞങ്ങളുടെ പാപ്പന്റെ വീരകഥകൾ…

രചന ; Saran Prakash

LEAVE A REPLY

Please enter your comment!
Please enter your name here