Home Latest “നിന്റെ ഭൂതകാലമൊന്നും എനിക്കറിയണ്ട. നിനക്കെന്നെ ഇഷ്ടമാണേൽ നിന്റെ വീട്ടുകാരുടെ അനുഗ്രഹത്തോടെ ഞാൻ നിന്നെ താലി കെട്ടും.”

“നിന്റെ ഭൂതകാലമൊന്നും എനിക്കറിയണ്ട. നിനക്കെന്നെ ഇഷ്ടമാണേൽ നിന്റെ വീട്ടുകാരുടെ അനുഗ്രഹത്തോടെ ഞാൻ നിന്നെ താലി കെട്ടും.”

0

ഞങ്ങളുടെ ഡിഗ്രി കോളേജിലെ മലയാളം ക്ലാസ്സിലാണ് ഞാനവളെ കൂടുതലായി ശ്രദ്ധിച്ചുതുടങ്ങിയത് . രാധാമണി ടീച്ചർ ചൊല്ലിക്കൊടുക്കുന്ന കവിതകൾ മറ്റാരേക്കാളും ആകാംഷയോടെ കേട്ടിരുന്നതു അവളായിരുന്നു. ഞങ്ങളുടെ ക്ലാസ്സിലെ രാധു. കണ്ണെഴുതി, നെറ്റിയിലൊരു കുഞ്ഞു പൊട്ടും, അതിന് മുകളിൽ ചന്ദനം തൊട്ട്, മുടിയിൽ തുളസിക്കതിരും ചൂടി വരുന്നൊരു കൊച്ചുസുന്ദരി. ചൊല്ലിക്കൊടുക്കുന്ന ഓരോ വരികളും അവളുടെ കണ്ണുകളിൽ ഓരോ ഭാവം നിറയ്ക്കുന്നത് എനിക്കത്ഭുതമായി തോന്നി.

ആരോടും അധികം അടുപ്പം കാണിക്കാത്ത ഒരു ഏകാന്തജീവി. ഒഴിവുസമയങ്ങളിൽ ഒരു കുഞ്ഞു ഡയറിയിൽ എന്തോ കുത്തിക്കുറിക്കുന്നതു പലപ്പോഴുമെന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആ ഏകാന്തജീവിയോട് വല്ലാത്തൊരിഷ്ടം എന്റെ ഉള്ളിൽ തോന്നി തുടങ്ങി.

ആയിടയ്ക്കാണ് രക്തദാനത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ കോളേജിൽ സെമിനാർ സംഘടിപ്പിച്ചത്. പെൺകുട്ടികളും കുറച്ചു ആൺകുട്ടികളും സെമിനാർ ഹാളിലേക്ക് പോയി… ഞാനും എന്റെ ഉറ്റചങ്ങാതി അമലുമൊഴിച്ച് ബാക്കിയുണ്ടായിരുന്ന ആൺകുട്ടികളെല്ലാം ഗ്രൗണ്ടിലേക്കും പോയി.

എന്നിലെ കള്ളകാമുകൻ അവളുടെ ബാഗിൽ നിന്ന് ആ കുഞ്ഞു ഡയറി സ്വന്തമാക്കി. ആദ്യ പേജ് മറിച്ച് വായിച്ചതും ഞാൻ ഞെട്ടി പോയി.
“എന്റെ സ്വന്തം രാധുവിനു
-എന്ന് അഭിയേട്ടൻ”

സ്വപ്‌നങ്ങൾ കൊണ്ടു ഞാൻ കെട്ടി ഉയർത്തിയ പ്രണയകൊട്ടാരം ഒറ്റനിമിഷം കൊണ്ടു തകർന്നു വീണു.

എന്നാലും ആരാകുമീ അഭി. അമിതമായ ആകാംക്ഷയോടെ ഞാൻ ഡയറിയുടെ പേജുകൾ മറിച്ചു. ആദ്യത്തെ കുറെ പേജുകളിൽ അഭിയുടെ കവിതകൾ. അതു വായിച്ച ഞാൻ ഇടിവെട്ടിയ കണക്കു നിന്നുപോയി. എന്റെ കവിതകൾ. മലയാളം ടീച്ചറിനെ കാണിക്കാൻ എന്നും പറഞ്ഞു എന്റെ ഏട്ടൻ വാങ്ങി കൊണ്ടു പോയ കവിതകൾ.

ദൈവമേ, ഇവളെ വീഴ്ത്താൻ ആയിരുന്നോ ആ ദുഷ്ടൻ എന്നെ പിടിച്ചിരുത്തി ഈ കണ്ട കവിതയൊക്കെ എഴുതിച്ചത്. എന്റെ അഭിയേട്ടനെയായിരുന്നോ ഇവൾ സ്നേഹിച്ചിരുന്നത് എന്നോർത്ത് ഞാൻ മരവിച്ചു നിന്നുപോയി.

എന്റെ ഏട്ടനാണേൽ ഇപ്പോൾ ഒരു അമേരിക്കൻ മലയാളിയുടെ മകളെയും കെട്ടി അമേരിക്കയിൽ സുഖമായി കഴിയുന്നു. ഞാൻ അഭിയേട്ടന്റെ അനിയൻ ആണെന്നറിഞ്ഞാൽ അവളെങ്ങനെ പ്രതികരിക്കുമെന്നു ആലോചിച്ചപ്പോൾ അഗ്നിപർവതം പോലെ ഞാൻ പുകയാൻ തുടങ്ങി.

അന്ന് വീട്ടിൽ ചെന്നയുടെൻ ഞാൻ എന്റെ പഴയ കവിതകൾ ഒക്കെ തപ്പിയെടുത്തു. ഇടയ്ക്ക് നിർത്തി വച്ച കവിതയെഴുത്ത് വീണ്ടും തുടങ്ങി.

പിറ്റേന്നു കോളേജിൽ രണ്ടും കല്പ്പിച്ചു ഞാൻ രാധുവിന്റെ അടുത്തേക്ക് ചെന്നു. കയ്യിലിരുന്ന കടലാസ് അവൾക്കു നേരെ നീട്ടി. തുറിച്ചയൊരു നോട്ടമായിരുന്നു ആദ്യ പ്രതികരണം.

“എന്താ സുധി ഇത്?”

“പ്രണയലേഖനമൊന്നുമല്ല. ഞാനെഴുതിയ കവിതയാ.”

“മം. തരൂ.”

“താനൊരു കൊച്ചു കവയിത്രിയല്ലേ. വായിച്ചിട്ട് അഭിപ്രായം പറ.”

അവളതു വായിച്ചു നോക്കി. ആ കണ്ണുകളിൽ ചില ഓർമകൾ അലയടിക്കുന്നത് ഞാൻ കണ്ടു.

“ഈ കവിത ഞാൻ എടുത്തോട്ടേ”

“എടുത്തോ.

“കൊള്ളാവോ?”

“നന്നായിട്ടുണ്ട്.”

“താങ്ക്സ്.”

അവൾ ആ കവിത ഡയറിക്കുള്ളിൽ വച്ച് എന്നെ നോക്കി ചിരിച്ചു. കവിതകൾ പരസ്പരം കൈമാറി ഞങ്ങൾ നല്ല കൂട്ടുകാരായി. ആരോടും അധികം മിണ്ടാത്ത ഈ മിണ്ടാപ്പൂച്ച എന്നോട് അടുപ്പം കാണിക്കണത് കണ്ടു അസൂയപ്പെട്ട കൂട്ടുകാർക്കിടയിലൂടെ ഞാൻ അവൾക്കൊപ്പമൊരു പൂമ്പാറ്റയെപോലെ പാറി നടന്നു.

കോളേജ് പഠനം അവസാനിക്കാറായ നാളുകൾ. കോളേജ് വരാന്തയിലിരുന്നു കൈമാറിയ കവിതകൾക്കൊപ്പം എന്റെ ഇഷ്ടം ഞാനവളോട് പറഞ്ഞു. അവൾ അവളുടെ കഥ പറയാൻ തുടങ്ങി.

“ഞാൻ മറ്റൊരാളെ സ്നേഹിച്ചിരുന്ന പെണ്ണാണ്. എന്നെ കുറിച്ച് എല്ലാമറിഞ്ഞു വേണം എന്നെ സ്നേഹിക്കാൻ. ”

“നിന്റെ ഭൂതകാലമൊന്നും എനിക്കറിയണ്ട. നിനക്കെന്നെ ഇഷ്ടമാണേൽ നിന്റെ വീട്ടുകാരുടെ അനുഗ്രഹത്തോടെ ഞാൻ നിന്നെ താലി കെട്ടും.”

“മം.”

“താനിപ്പോൾ നന്നായി പഠിച്ചു പരീക്ഷ എഴുതു.”

സർവീസിലിരിക്കെ മരിച്ച എന്റെ അച്ഛന്റെ ജോലി അമേരിക്കയെന്ന് കേട്ടപ്പോൾ വേണ്ടാന്ന് പറഞ്ഞു പോയ ഏട്ടനോട് മനസ്സിൽ ഞാൻ നന്ദി പറഞ്ഞു. ജോലി തേടി നടന്നു അവളെ എനിക്ക് നഷ്ടപ്പെടില്ലല്ലോ .

എക്സാമൊക്കെ പാസ്സായി ഞാൻ അച്ഛന്റെ ജോലിയിൽ പ്രവേശിച്ചു. അമ്മയോടു രാധുവിന്റെ കാര്യം പറഞ്ഞപ്പോൾ പ്രതേകിച്ചു എതിർപ്പൊന്നും ഉണ്ടായില്ല. ഗവണ്മെന്റ് ഉദ്യോഗസ്ഥനാണെന്നറിഞ്ഞപ്പോൾ അവളുടെ വീട്ടുകാർക്കും ഡബിൾ ഓക്കേ.

അമേരിക്കയിലെ തിരക്കൊക്കെ മാറ്റി വച്ച് ഏട്ടനും ഏട്ടത്തിയും കല്ല്യാണത്തിനു ഒരാഴ്ച്ച മുമ്പെത്തി. അന്നുവരെ ഞാൻ കൊടുക്കാതിരുന്ന രാധുവിന്റെ ഫോട്ടോ അമ്മ അവർക്ക് കാണിച്ചു കൊടുത്തു. ഫോട്ടോ നോക്കിയ ഏട്ടൻ തേങ്ങ തലയിൽ വീണ കണക്കു നിൽക്കണതു കണ്ടു ഞാൻ ചിരിച്ചുപോയി. ഒന്നും മിണ്ടാതെ ആശാൻ പെട്ടെന്ന് അവിടന്ന് മുങ്ങി.

കല്യാണദിവസം വധുവിന്റെ വേഷത്തിൽ അവൾ മണ്ഡപത്തിലേക്ക് വരുമ്പോൾ ഞാൻ കണ്ടത് അവൾ കാണാതെ ആളുകൾക്ക് പിന്നിലേക്ക് മറഞ്ഞു നിൽക്കുന്ന ഏട്ടനെയാണ്.

കല്യാണഫോട്ടോ എടുക്കാൻ ഏട്ടനെയും ഏട്ടത്തിയെയും അമ്മ കൂട്ടിക്കൊണ്ട് വന്നു. അഭിയേട്ടനെ കണ്ടതും രാധു അമ്പരന്നു നിന്നു. അമ്മ രാധുവിനു ഏട്ടനെയും ഏട്ടത്തിയെയും പരിചയപ്പെടുത്തിക്കൊടുത്തു. ഫോട്ടോ എടുത്തയുടെൻ അവിടുന്ന് മുങ്ങാൻ നിന്ന ഏട്ടന്റെ കയ്യിൽ ആരും കാണാതെ ഞാനൊരു കുറിപ്പ് കൊടുത്തു.

അവരു നടന്നു പോകുമ്പോൾ ഞാൻ ചിരിച്ചു കൊണ്ടു രാധുവിനോട് പറഞ്ഞു.

“എന്റെ കവിതകൾ അടിച്ചു മാറ്റി തന്നു നിന്നെ വീഴ്ത്തിയ നമ്മുടെ നാടൻ അഭിയേട്ടന്റെ ന്യൂ ജെൻ ലുക്ക്‌ നോക്കിയേടി”

അവളമ്പരപ്പോടെ എന്നെ നോക്കി കണ്ണു നിറച്ചു. പതിയെ അവളുടെ ചുണ്ടുകൾ പുഞ്ചിരിച്ചു.

നടന്നകലുന്ന ഏട്ടൻ എന്റെ കുറിപ്പ് വായിച്ചു:

“നന്ദി അഭിയേട്ടാ … എന്റെ പെണ്ണിനെയും അച്ഛന്റെ ജോലിയും വേണ്ടാന്ന് വച്ച് പോയതിനു…”

ഏട്ടൻ തിരിഞ്ഞു നോക്കി. എന്റെ അടുത്തേക്ക് ചേർന്നു നിന്നുകൊണ്ടു ആ നോട്ടത്തിനു മറുപടി കൊടുത്തത് അവളായിരുന്നു- എന്റെ മാത്രം രാധു.

രചന ; രേഷ്മ കൃഷ്ണ

NB:- ആദ്യമായി എഴുതിയ കഥയാണ്. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here