Home Latest ” നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഇടക്കിടെ ഇങ്ങനെ വിളിച്ച് ശല്യം ചെയ്യരുതെന്ന് വെച്ചിട്ട്...

” നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഇടക്കിടെ ഇങ്ങനെ വിളിച്ച് ശല്യം ചെയ്യരുതെന്ന് വെച്ചിട്ട് പോടി ”

0

” നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഇടക്കിടെ ഇങ്ങനെ വിളിച്ച് ശല്യം ചെയ്യരുതെന്ന് വെച്ചിട്ട് പോടി ”

ഫോൺ കട്ട് ചെയ്തപ്പോളും മനസ്സിൽ വല്ലാത്തൊരു വിങ്ങലായിരുന്നു ജീവിതത്തിൽ ആദ്യായിട്ടാണ് അവളോടിങ്ങനെ പൊട്ടിത്തെറിക്കുന്നത് തന്നെ അതും നല്ലൊരു ദിവസമായിട്ട്

ഇന്നവളുടെ പിറന്നാളാണ്. എന്റെ ദേവൂന്റെ, കാലത്തു വീടുവിട്ടിറങ്ങിയപ്പോൾ ഒന്നു ആശംസിക്കുക കൂടി ചെയ്തില്ല ഞാൻ. പോരാത്തതിന് നേരത്തേ വരുമോ എന്നുള്ള അവളുടെ ചോദ്യത്തിന് സമ്മാനമായിക്കൊടുത്ത ഉത്തരം എരു-പുളി ചേർത്ത ചീത്തയും.

ബോസിനോട് കള്ളം പറഞ്ഞുച്ചക്ക് ലീവെടുത്തത് അവളുടെ മങ്ങിയ മുഖത്തിന് പ്രകാശം വിതറണമെന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് തന്നെയായിരുന്നു. ഓഫീസിൽ നിന്നു തിരിക്കുമ്പോഴും മനസ്സിൽ ആ പുഞ്ചിരിച്ച മുഖം മാത്രമായിരുന്നു.

പതിവായെന്നും അടുക്കളയിൽ ചിതറുന്ന പത്രത്തിന്റെ നാദത്തിനൊത്ത് സോപ്പുപൊടിയിട്ട് കൂട്ടിയുരച്ചാ പാത്രം കഴുകുന്നത് കാണുമ്പോൾ ഞാൻ പറയാറുണ്ട് കൈകൾക്ക് ശക്തി പോരാ അഴുക്ക് പോയിട്ടില്ല എന്ന്

വാഴയില കൂട്ടി പൊള്ളിച്ച കുരുമുളകുപൊടി വിതറി പൊരിച്ചെടുത്ത നീളൻ മത്തിയെ ആസ്വദിച്ചു രുചിച്ചു കൊണ്ട് ഞാനവളോട് പറയും കറിക്കത്ര രുചി പോരാ എന്ന്

അലക്കു കല്ലിൽ നീട്ടിത്തൊഴിച്ച് കൂട്ടിപ്പിഴിഞ്ഞ എന്റെ അടിവസ്ത്രത്തിലേക്ക് പുച്ഛത്തോടെ ഞാനൊന്നു നോക്കും എന്നിട്ട് വിയർത്തൊലിച്ച അവളുടെ മുഖത്തേക്കൊന്നു കടുപ്പിച്ചു നോക്കിച്ചോദിക്കും കാലത്തേക്കഞ്ഞി ഉഷാറായി മോന്തിയതല്ലേ ആച്ചലിത്തിരി കൂടിക്കോട്ടെ അലക്കു കല്ലിന് നോവുകയൊന്നുമില്ല എന്ന് അന്നും പരിഭവമോതാതെ കണ്ണുനീരൊളിപ്പിച്ചു കൊണ്ടെന്നേ നോക്കിയവളൊന്നു പുഞ്ചിരിക്കും എനിക്കറിയാമായിരുന്നു ആ പുഞ്ചിരിയിൽ എന്നും തോറ്റിരുന്നത് ഞാനായിരുന്നെന്ന്

ഞാനറിയുകയായിരുന്നു എന്റെ മനസ്സ് നോവാതിരിക്കാനുള്ള അവളുടെ പ്രതികരണമായിരുന്നാ പുഞ്ചിരി എന്ന്.

അന്ന് അമ്മയുടെ അമ്പതാം പിറന്നാളിന് സമ്മാനമായി കരിമണിമാല വാങ്ങിക്കാൻ പോയപ്പോൾ ജ്വല്ലറിക്കുള്ളിൽ നിരത്തി വെച്ച മുക്കുത്തികളിലേക്ക് കൗതുകത്തോടെയവൾ നോക്കി നിൽക്കുന്നുണ്ടായിരുന്നു

ഒരു ചുവന്ന കല്ലുപതിച്ച മുക്കുത്തി ചൂണ്ടിക്കാണിച്ചു കൊണ്ടന്നവളെന്നോടു പറഞ്ഞു “എന്തു ഭംഗിയാണല്ലേ ഏട്ടാ അത് ” എന്ന്

അന്നും ഒഴിഞ്ഞുകിടന്നിരുന്ന മൂക്കിൻ പുറത്തെ ആ കുഞ്ഞു ദ്വാരത്തിലുണ്ടായിരുന്ന ഈർക്കിലിത്തുണ്ട് ഞാൻ കണ്ടില്ലെന്നു തന്നെയാണ് നടിച്ചത് ഇക്കാലമത്രയും എന്നോടൊന്നും ആവശ്യപ്പെട്ടില്ലാത്ത ഒരു പരിഭവവുമിന്നോളമറിയിക്കാത്തവളുടെ സ്നേഹത്തിനു മറുപടിയെന്നോണമാണ് വീണ്ടും ഞാനാ ജ്വല്ലറിയിലേക്ക് കയറിയതും.

പരിഭവം പൂണ്ട മുഖം പ്രതീക്ഷിച്ചാണ് വീട്ടിൽക്കയറിച്ചെന്നത് പക്ഷെ നേരത്തെ തന്നെ ഞാൻ വീട്ടിലെത്തിയതിന്റെ ആഹ്ലാദമാണ് ഞാനാ മുഖത്ത് കണ്ടത്

പോക്കറ്റിലിരുന്നു വീർപ്പുമുട്ടിയിരുന്ന ആ മുക്കുത്തിയവൾക്ക് നേരെ നീട്ടിയവളോട് പറയണമെന്നുണ്ടായിരുന്നു എന്റെ ഹൃദയമായവളെ ഞാൻ ജീവനോളം സ്നേഹിക്കുന്നുണ്ടെന്ന്

എങ്കിലും പരീക്ഷണ വിധേനെ ഞാനവളേ ഒന്നുമറിയിച്ചില്ല. മനപ്പൂർവ്വം ഒഴിഞ്ഞുമാറി നിന്നത് അവളുടെ കലങ്ങിയ കണ്ണു കാണാനായിരുന്നു. പരിഭവത്തോടെയുള്ള പിണക്കം കാണാനായിരുന്നു.

പക്ഷെ വീണ്ടും വീണ്ടുമവളെന്നെ തോൽപ്പിക്കുകയായിരുന്നു. ആ നിഷ്കളങ്കത കലർത്തിയ പുഞ്ചിരിയിലൂടെ

എന്തേ മുഖത്തൊരു വല്ലായ്കയെന്നവളുടെ ചോദ്യത്തിന് ഒന്നുമില്ല ചെറിയൊരു തലവേദന പോലെയെന്ന എന്റെ മറുപടിയിൽ വാടിയ അവളുടെ മുഖത്തിൽ നിന്നും ഞാൻ വായിച്ചെടുത്തിരുന്നു അവളെന്നെ ജീവനു തുല്യം സ്നേഹിക്കുന്നുണ്ട് എന്ന് പഞ്ഞിക്കിടക്കയിൽ അസുഖമഭിനയിച്ചു കിടക്കുമ്പോഴും അവളുടെ ഉള്ളു പിടയുന്ന ശബ്ദം എന്റെ കാതിൽ മുഴങ്ങിയിരുന്നു. ഒരമ്മയുടെ കരലാളനത്താലവളെന്റെ മൂർദ്ധാവിൽ തലോടിയപ്പോൾ എന്റെ മിഴികളറിയാതെ തിറഞ്ഞൊഴുകുകയായിരുന്നു.

രാത്രിയിൽ ഉറങ്ങാനെന്റെ അരികിൽ തിരിഞ്ഞു കിടന്ന അവളോടായ് ഞാൻ ചോദിച്ചു ഇന്നു നിന്റെ പിറന്നാളായിട്ടും ഒരു നല്ല വാക്ക് നിന്നോട് പറയാത്ത എന്നോട് ഒരുതരി ദേഷ്യം പോലുമില്ലേ എന്ന്.

ഒരുപാടു തിരക്കിനിടയിൽ കുടുംബഭാരം ചുമക്കുന്ന ഏട്ടനത് മറന്നു പോയാലും ഞാനെന്തിനു വിഷമിക്കണം ഏട്ടനെനിക്കു തന്ന സ്നേഹവും പരിചരണവും സുരക്ഷിതത്വവും അതു തന്നെ ധാരാളമാണെനി ക്ക് എന്ന അവളുടെ ഉത്തരത്തിൽ നീറി വിങ്ങിയത് എന്റെ നെഞ്ചകമായിരുന്നു

ഉള്ളിൽ മുള്ളു കോറിയ വേദനയിലവളെ തിരിച്ചു കിടത്തിയിട്ട് ഉള്ളംങ്കൈയിലാ മുക്കുത്തിയേൽപ്പിച്ചു പിറന്നാളാശംസകളേ കുമ്പോഴും നിറകണ്ണുകൾ തുളുമ്പാതിരിക്കാനവൾ പാടുപെടുന്നുണ്ടായിരുന്നു

ചേർത്തുനിർത്തിയാ കവിളിണകളിൽ ചുംബിച്ചപ്പോൾ ഞാൻ രുചിച്ചത് ഒലിച്ചിറങ്ങിയ അവളിലെ കവിളുകളിലെ സ്നേഹത്തിന്റെ ഉപ്പുരസമായിരുന്നു

രചന: സിയ ശിവ

LEAVE A REPLY

Please enter your comment!
Please enter your name here