Home Latest മാസമുറ മാസം തെറ്റണേയെന്ന് മൂകമായി പ്രാർത്ഥിക്കുന്നവരെ കണ്ടിട്ടുണ്ടോ???

മാസമുറ മാസം തെറ്റണേയെന്ന് മൂകമായി പ്രാർത്ഥിക്കുന്നവരെ കണ്ടിട്ടുണ്ടോ???

0

മാസമുറ മാസം തെറ്റണേയെന്ന് മൂകമായി പ്രാർത്ഥിക്കുന്നവരെ കണ്ടിട്ടുണ്ടോ???
ആർത്തവം ഒരാഴ്ച തെറ്റുമ്പോഴേക്കും ആവേശത്തോടെ പ്രഗ്നൻസി കാർഡ് വാങ്ങി റെഡ് വര തെളിയാൻ ഉത്കണ്ഠയോടെ ഹൃദയം തുടിച്ച് ഇരിക്കുന്നവരെ കുറിച്ച് അറിയാമോ??
റെഡ് തെളിയാതിരിക്കുമ്പോ ആർത്തലച്ച് കരയുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ????
കല്ല്യാണം കഴിഞ്ഞ് മാസങ്ങൾ കഴിയുമ്പോഴേക്കും വിശേഷമില്ലേ? എന്ന നാട്ടുകാരുടേയും ബന്ധുക്കളുടേയും ചോദ്യമുനകളേറ്റ പരവേശം ഉള്ളിലൊതുക്കി ഞങ്ങൾക്ക് ഇപ്പോൾ കുഞ്ഞുങ്ങൾ വേണ്ടാന്ന് വെച്ചേക്കാ,കുറച്ചു കൂടി പക്വത വന്നിട്ട് കുഞ്ഞുങ്ങൾ മതിയെന്നാ തീരുമാനം എന്ന് പറഞ്ഞ് മുങ്ങുന്ന ദമ്പതികളെ കണ്ടിട്ടുണ്ടോ???
വർഷങ്ങൾ കഴിഞ്ഞും കുട്ടികൾ ആയിട്ടില്ല എന്ന് എല്ലാവർക്കും അറിയാമെങ്കിലും നാലാൾ കൂടുന്നിടത്ത് വെച്ച് വിശേഷം ആയില്ലേ?എന്ന് ചോദിച്ചു വീണ്ടും വീണ്ടും കരള് കുത്തി നോവിപ്പിക്കുന്നവരെ കുറിച്ച് അറിയാമോ???? ചുറ്റും നോക്കണ്ടാ,നമുക്കിടയിൽ തന്നെയുണ്ട് അത്തരം ആളുകൾ.!
ഗർഭിണികളുടെ ചടങ്ങിന് മച്ചിയായ നീ വരണ്ടാ അവർക്ക് ഇഷ്ടമാവില്ലാ എന്ന് പറഞ്ഞ് മാറ്റിനിർത്തുന്ന പെണ്ണിന്റെ ഹൃദയവിലാപം കേട്ടിട്ടുണ്ടോ ആരെങ്കിലും??
പെറ്റെണീറ്റ പെണ്ണിനേയും അവളുടെ കുഞ്ഞിനേയും ആ മച്ചിയെ കാണിക്കണ്ടാ,
അവളുടെ കൊതിക്കെറുവേൽക്കും എന്ന കുശുകുശുക്കല് കേട്ട് ഹൃദയം തകർന്ന് പൊട്ടിക്കരയുന്ന പെണ്ണിനേ കണ്ടിട്ടുണ്ടോ??
ഓരോ ഗർഭിണികളേയും കാണുമ്പോൾ ആദരവോടെ അവരെ വീക്ഷിക്കുന്ന പെണ്ണിനേ കുറിച്ച് അറിയോ??
കൊച്ചുകുഞ്ഞുങ്ങളെ കാണുമ്പോൾ വാത്സല്യം പതഞ്ഞൊഴുകുന്ന പെണ്ണിനേ കുറിച്ച് അറിയോ???
കുഞ്ഞുങ്ങൾ കരയുമ്പോൾ പെറ്റിട്ടില്ലെങ്കിലും മാറിടം ചുരത്തുന്ന പെണ്ണിന്റെ ഉള്ളമറിഞ്ഞിട്ടുണ്ടോ???
ഇത്താടെ കുഞ്ഞിനെ കൊഞ്ചിച്ച് കൊഞ്ചിച്ച് വാതിലടച്ച് ആരും കാണാതെ കള്ളിയെ പോലെ പാലില്ലാത്ത സ്തനം കുഞ്ഞിന്റേ വായിൽ തിരുകി വെച്ച് നിർവൃതിയടഞ്ഞ പെണ്ണിനേ കുറിച്ചറിയോ??
കുഞ്ഞുങ്ങൾ ആവാൻ ഉള്ള ചികിത്സ ചെയ്ത് മടുത്ത് കാശു കുറയുകയും വിഷമം കൂടുകയും ചെയ്യുമ്പോൾ നേർച്ചകളും പ്രാർത്ഥനകളുമായി പള്ളികളിൽ പോകുന്നവരെ കണ്ടിട്ടുണ്ടോ?


അവിടെ തൊട്ടിൽ കെട്ടി അതിൽ ഏത്തപ്പഴമിട്ട് കുഞ്ഞാണെന്ന് കരുതി തൊട്ടിലാട്ടുന്നവളെ കണ്ടിട്ടുണ്ടോ?
അറിയില്ലെങ്കിൽ ദാ ഇങ്ങോട്ട് നോക്കൂ ആ മച്ചികളുടെ കൂട്ടത്തിലൊരുവളായി ഞാനും ഉണ്ടായിരുന്നു ഒരിക്കൽ ….
ഒത്തിരി പ്രാർത്ഥനകൾക്കൊടുവിൽ മൂന്നു പെൺകുഞ്ഞുങ്ങളെ ദൈവം(അല്ലാഹ്)തന്നെങ്കിലും കുഞ്ഞുങ്ങൾ ഇല്ലാത്തവരെ കാണുമ്പോൾ ഇപ്പോഴും എന്റെ ഹൃദയത്തിൽ ഒരു കല്ലു കയറ്റിവെച്ചത് പോലുള്ള നോവാണ്..
ആണിന്റേ പ്രശ്നങ്ങൾ കൊണ്ടാണ്
അവൾ ഗർഭം ധരിക്കാത്തതെങ്കിൽ പോലും അവളെ മാത്രം മച്ചിയാക്കുന്ന,”മച്ചി”എന്ന ഓമനപ്പേരിൽ വിളിക്കുന്ന സമൂഹത്തിന്റെ നിലപാടുകൾ മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നൂ..
വിശേഷം ആയില്ലേ എന്ന നാട്ടുകാരുടേയും ബന്ധുക്കളുടേയും പുന്നാരം ചോദിക്കല് സത്യത്തിൽ നിർത്തേണ്ടതല്ലേ?
വിശേഷം ആയാൽ അവർ തന്നെ നിങ്ങളെ എല്ലാവരേയും അറിയിക്കുമെന്നിരിക്കേ പിന്നെ എന്തിനാണ് വെറുതെയെങ്കിലും വാക്കുകൾ കൊണ്ട് മനസ്സിനേ മുറിവേൽപ്പിക്കുന്നത്..
കുഞ്ഞുങ്ങൾ ഇല്ലാത്തവരുടെ മുന്നിൽ വെച്ച് നമ്മുടെ മക്കളെ കൊഞ്ചിച്ച് അവരെ വേദനിപ്പിക്കരുതെന്ന”ഹബീബായ മുത്തുനബി(സ)”യുടെ നിർദ്ദേശം ശിരസ്സാവഹിക്കുക നാമോരുത്തരും.. അന്ധവിശ്വാസത്താൽ
കുഞ്ഞുങ്ങൾ ഇല്ലാത്തവരെ ചടങ്ങുകളിൽ നിന്നൊഴിവാക്കുന്ന മനോഭാവം മാറ്റിവെച്ച് അവരെ നമ്മളിലൊരാളായി ഹൃദയത്തോട് ചേർത്ത് പിടിക്കാൻ ഒത്തിരി ഹൃദയവിശാലതയൊന്നും വേണ്ടി വരില്ല..
മാറ്റങ്ങൾ ഉണ്ടാകട്ടേ ഇനിയെങ്കിലും..

ഈ വരികൾ എന്റെ ചങ്ക് മഞ്ജുവിനും അമ്മയാവാൻ കാത്തിരിക്കുന്നവർക്കും സമർപ്പിക്കുന്നു..
ഒത്തിരി സ്നേഹത്തോടെ
സ്വന്തം റഫീല റസാഖ്

 

LEAVE A REPLY

Please enter your comment!
Please enter your name here