Home Latest അത്‌ എന്താടി നിനക്ക്‌ എന്നെ ഇഷ്ടപ്പെട്ടാൽ എന്നവളോട്‌ ആളുകളുടെ മുന്നിൽ വെച്ച്‌ കൈയ്യിൽ പിടിച്ച്‌ ചോദിച്ചാൽ...

അത്‌ എന്താടി നിനക്ക്‌ എന്നെ ഇഷ്ടപ്പെട്ടാൽ എന്നവളോട്‌ ആളുകളുടെ മുന്നിൽ വെച്ച്‌ കൈയ്യിൽ പിടിച്ച്‌ ചോദിച്ചാൽ ആർക്കായലും ദേഷ്യം വരില്ലേ

0

അളിയാ , ഒരു കാൽ ഇല്ല അവൾക്ക്‌, എന്നിട്ടും അഹങ്കാരം കണ്ടില്ലെ??

കളയടാ പോട്ടെ …

” നിനക്കത്‌ പറയാം. ആളുകളുടെ മുന്നിൽ വെച്ച്‌ അപമാനിച്ചത്‌ എന്നെയാ… അല്ലാതെ നിന്നെയല്ല” എന്ന അവന്റെ രോദനം കേട്ടപ്പോഴെ എന്റെ രക്തം തിളച്ച്‌ വന്നതാ.

വർഷങ്ങളായി നടക്കുന്നതാ അരുൺ സോഫിയുടെ പുറകെ , ഇഷ്ടമല്ല എന്നവൾ ഒരായിരം തവണ അവനോട്‌ പറഞ്ഞതാ, എവിടെ കേൾക്കാൻ..

അത്‌ എന്താടി നിനക്ക്‌ എന്നെ ഇഷ്ടപ്പെട്ടാൽ എന്നവളോട്‌ ആളുകളുടെ മുന്നിൽ വെച്ച്‌ കൈയ്യിൽ പിടിച്ച്‌ ചോദിച്ചാൽ ആർക്കായലും ദേഷ്യം വരില്ലേയെന്നുള്ള എന്റെ ചോദ്യം കേട്ട്‌ മുഖം കുനിച്ച്‌ കുറച്ച്‌ നേരം ഇരുന്നിട്ട്‌ പോകാൻ എഴുന്നെറ്റ അവന്റെ കയ്യിൽ പിടിച്ചിട്ട്‌ ഞാൻ ചോദിച്ചു.

എന്താ നേരത്തെ പോകുന്നെ??

എനിക്ക്‌ അവളുടെ വീട്‌ വരെ പോകണം

അളിയ , നിനക്ക്‌ എന്താ ഭ്രാന്താണോ..??

നീ വിട്‌ , ഞാനിന്ന് അവളെ കണ്ടിട്ടെ വീട്ടിലെക്കുള്ളു, എന്ന് പറഞ്ഞു അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോഴെക്കും പുറകിലെ സീറ്റിൽ ഞാൻ സ്ഥലം പിടിച്ചിരുന്നു..

എന്നാൽ വിട്‌ , ഇനി അവിടെ നിന്ന് കാര്യമായി വല്ലതും നിനക്ക്‌ കിട്ടിയാലും പങ്കിട്ടെടുക്കാം എന്ന എന്റെ വാക്ക്‌ അവന്റെ ദേഷ്യം കുറച്ചുന്ന് ഗ്ലാസിലുടെ ചിരിക്കുന്ന അവന്റെ മുഖം കണ്ടപ്പോൾ മനസ്സിലായി…

കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് ആണു അരുൺ, ചെറുപ്പത്തിൽ ഞങ്ങളുടെ കൂട്ട്‌ കെട്ടിൽ ഓരോരുത്തർക്കും പലതായിരുന്നു ലഹരിയെങ്കിലും അവനു മാത്രം അവളായിരുന്നു ലഹരി… സോഫി… ജന്മനാ ഒരു കാൽ ഇല്ലാതിരുന്ന അവളെ ചട്ടുകാലിയെന്ന് ഞങ്ങൾ കളിയാക്കുമ്പോൾ നിറയുന്ന അവളുടെ കണ്ണുകൾ പൊള്ളിക്കുന്നത്‌ അവന്റെ മനസ്സായിരുന്നുന്ന് അറിയാൻ കല്ല് കൊണ്ട്‌ ഇടിച്ച്‌ പൊട്ടിച്ച ഒരു മുറിവ്‌ വേണ്ടി വന്നു എന്റെ നെറ്റിക്ക്‌..

വർഷങ്ങൾ കഴിഞ്ഞു, കോളെജ്‌ ലൈഫും കഴിഞ്ഞു ഞങ്ങളുടെ ഇഷ്ടങ്ങൾ ഇടക്കിടക്ക്‌ മാറിയും തിരിഞ്ഞും വന്നെങ്കിലും അവന്റെ മനസ്സിൽ അവൾ മാത്രമായിരുന്നു, കിട്ടിയ വിസയിൽ പ്രവാസിയുടെ കുപ്പായം അണിഞ്ഞെങ്കിലും , ചെന്നതിന്റെ മൂന്നാം മാസം ജോലിഭാരം കൂടുതലാണെന്ന് പറഞ്ഞ്‌ , നാലക്ക ശമ്പളമുള്ള ജോലി കളഞ്ഞ്‌ തിരിച്ച്‌ നാട്ടിലെത്തിയതും അവളെ കാണാതിരിക്കാൻ വയ്യാത്തതുകൊണ്ടാണെന്നു അവൻ പറയാതെ എന്നോട്‌ പറഞ്ഞിരുന്നു..

വണ്ടി വീടിന്റെ മുന്നിൽ നിർത്തി അകത്തെക്ക്‌ കയറിയപ്പോഴെക്കും അവളുടെ അച്ഛൻ ഞങ്ങളെ സ്വീകരിച്ചു.

നിങ്ങൾക്ക്‌ എന്റെ മക്കളുടെ പ്രയമെയുള്ളു, അവൾ എന്തെങ്കിലും അപമര്യദയായി പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ മാപ്പ്‌ ചോദിക്കാം” എന്ന് അദ്ദേഹം പറഞ്ഞതിൽ നിന്നും അവൾ കാര്യങ്ങൾ എല്ലാം വീട്ടിൽ പറഞ്ഞുന്ന് ഞങ്ങൾക്ക്‌ മനസ്സിലായിരുന്നു … പതിയെ ആ അച്ഛന്റെ അരികിലെക്കിരുന്ന് കൈകളിൽ പിടിച്ച്‌ അവൻ ചോദിച്ചു , രാജകുമാരിയെപ്പോലെ നോക്കാം എന്നൊന്നും പറയുന്നില്ല, പട്ടിണിക്കിടില്ല, എനിക്ക്‌ തന്നുടെ അച്ഛാ അവളെ എന്ന അവന്റെ ചോദ്യം സത്യത്തിൽ അച്ഛനെ മാത്രമല്ല എന്നെയും ഞെട്ടിച്ചിരുന്നു…

മോനെ അവളുടെ ഒരു കാല് .. എന്ന് അച്ഛൻ തുടങ്ങി വെക്കും മുമ്പെ, വിവാഹത്തിനു ശേഷമാണു അവൾക്കിത്‌ സംഭവിക്കുന്നെങ്കിലോ അച്ഛാ ??? എനിക്കവളെ കളയാൻ പറ്റുമോ എന്ന അവന്റെ ചോദ്യത്തിനു നിറഞ്ഞ കണ്ണുകൾ ഞങ്ങൾ കാണാതെ തുടക്കാൻ പാട്‌ പെട്ടിരുന്നു ആ മനുഷ്യൻ…

രണ്ട്‌ ഗ്ലാസിൽ കട്ടൻ ചായയുമായി ഞങ്ങളുടെ മുന്നിലെക്ക്‌ വന്ന അവളുടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് , നഷ്ട്ടമായേക്കാവുന്ന മോളുടെ ജീവിതം തിരിച്ച്‌ കിട്ടിയതിന്റെ സന്തോഷത്തിലാണെന്ന് എനിക്ക്‌ മനസ്സിലായത്‌ കൊണ്ടാകണം മധുരം കുറഞ്ഞ ആ ചായക്ക്‌ പോലും ഇത്ര സ്വാദ് തോന്നിയത്‌..

തല കുനിച്ചിരുന്ന അവളുടെ അരികിലെക്ക്‌ അവൻ നടന്നെത്തിയപ്പോഴെക്കും, ഇരുന്നിടത്ത്‌ നിന്ന് ഒന്ന് എഴുന്നെൽക്കാൻ അവളോരു പാഴ്‌ ശ്രമം നടത്തിയിരുന്നു..

നിന്റെ അപ്പച്ചനും, അമ്മച്ചിക്കും എന്നെ ഇഷ്ടമായിന്ന് തന്നെയാണു എന്റെ വിശ്വസം.. ഇനി നിന്റെ മറുപടി കൂടിയറിഞ്ഞാൽ എനിക്ക്‌ എന്റെ വീട്ടുകാരുമായി വന്ന് ധൈര്യത്തോടെ പെണ്ണു ചോദിക്കാമായിരുന്നു എന്നവന്റെ വാക്കിനു , ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നവളെ നോക്കി “നഷ്ടമായത്‌ എനിക്ക്‌ വർഷങ്ങളാ, സാരമില്ല ” എന്ന് പറഞ്ഞവൻ തിരിഞ്ഞ്‌‌ നടക്കാൻ ശ്രമിച്ചപ്പോഴെക്കും അവളുടെ കൈകൾ അവന്റെ കൈകളിൽ പിടിച്ചിരുന്നു..

നിറഞ്ഞൊഴുകിയ അവളുടെ കണ്ണുകൾ തുടച്ചിട്ട്‌ അവന്റെ മുഖത്തെക്ക്‌ നോക്കിയവളോട്‌ , എന്തിനായിരുന്നു ഈ അഭിനയം എന്നോട്‌ എന്നവൻ ചോദിച്ചു തീരും മുമ്പെ അവൾ പറഞ്ഞിരുന്നു ഇഷ്ടക്കൂടുതൽ കൊണ്ടാ ചേട്ടായിന്ന്… എന്നെപ്പോലെയോരു പെണ്ണല്ല ചേട്ടായിക്ക്‌ ചേരുക, അത്‌ കൊണ്ട… , കണ്ടിട്ടും അറിഞ്ഞിട്ടും ഒന്നും അറിയാത്തത്‌ പോലെ നടിച്ചത്‌, ആളുകളുടെ മുന്നിലുടെ ഏന്തിയും വലിഞ്ഞും നടക്കുന്ന എന്നെയും കൊണ്ട്‌ പോകുമ്പോൾ ആളുകൾ വല്ലതും പറഞ്ഞാൽ, അത്‌ കേട്ട്‌ ചേട്ടായിക്ക്‌ ഞാൻ ഒരു ഭാരമാണെന്ന് തോന്നിയാൽ എന്നവൾ പറഞ്ഞ്‌ തീരും മുമ്പെ, അവളെ കസേരയിൽ നിന്നും കോരിയെടുത്ത്‌ കൈകളിലോട്ട്‌ വെച്ചിട്ട്‌, കൂടെ നടത്താതെ ഞാൻ ഇത്‌ പോലെ കൊണ്ട്‌ പോയാല്ലോന്ന ചോദ്യത്തിനു, നിറഞ്ഞ കണ്ണുകൾ മുറുക്കിയടച്ച്‌ കഴുത്തിൽ കിടന്ന കൊന്തയിൽ അമർത്തിപ്പിടിച്ച്‌ കാലു ഇല്ലാതെ ജനിപ്പിച്ചതിനു എന്നും പരിഭവം പറയുന്ന ദൈവത്തിനോട്‌ അവൾ ആയിരം തവണ സ്ഥുതി പറഞ്ഞിരുന്നു, തനിക്കായി ഇങ്ങനെയോരു സമ്മാനം കരുതി വെച്ചതിനു….

രചന: ഷാനവാസ് ജലാൽ

LEAVE A REPLY

Please enter your comment!
Please enter your name here