Home Latest അന്ന് കല്യാണ പന്തലിൽ വെച്ച് അച്ഛൻ എന്റെ കൈകൾ മനുവേട്ടന്റെ കൈകളിലേക്ക് ഏൽപ്പിച്ച നിമിഷം.. എന്റെ...

അന്ന് കല്യാണ പന്തലിൽ വെച്ച് അച്ഛൻ എന്റെ കൈകൾ മനുവേട്ടന്റെ കൈകളിലേക്ക് ഏൽപ്പിച്ച നിമിഷം.. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു .. ആരും കാണാതെ..

0

“എന്താ ദേവു.. ഈ നിൽപ്പ് ഒരു പതിവില്ലാത്തതാണല്ലോ. എന്താ ഇത്ര കാര്യമായ ആലോചന ??..”

ജനൽ പാളികളിലൂടെ പുറത്തേക്കു നോക്കി നിക്കുന്ന ദേവൂനെ നോക്കി മനു ചോദിച്ചു..

ഒന്നൂല്ല മനുവേട്ടാ.. വെറുതെ ഓരോന്ന് ഓർത്തിരുന്നു പോയി..

അതെനിക്ക് മനസിലായി.. എന്താ ആലോചിച്ചത് ന്നാ ചോദിച്ചത്.. മടിക്കാണ്ട് കാര്യം പറ..

ദേവു ചിരിച്ച് കൊണ്ട് മനുവിനെ നോക്കി..
നാളത്തെ ദിവസത്തിന്റെ പ്രത്യേകത എന്താന്ന് ഓർമ്മയുണ്ടോ മനുവേട്ടന്..??

ഓർക്കാതെ പിന്നെ… നീ എന്റെ സ്വന്തമായിട്ട് നാളേക്ക് ഒരു വർഷം തികയുവല്ലേ…അതിനെ പറ്റി എന്താ ഇത്ര കാര്യമായിട്ട് ആലോചിക്കാൻ..

അവൻ അത്ഭുതത്തോടെ അവളെ നോക്കി..

ഞാൻ നമ്മുടെ കല്യാണ ദിവസത്തെ പറ്റി ഓർക്കുകയായിരുന്നു..

അന്ന് കല്യാണ പന്തലിൽ വെച്ച് അച്ഛൻ എന്റെ കൈകൾ മനുവേട്ടന്റെ കൈകളിലേക്ക് ഏൽപ്പിച്ച നിമിഷം.. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു .. ആരും കാണാതെ..

ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ആ ശുഭദിനത്തിൽ സന്തോഷിക്കേണ്ടതാണെങ്കിലും ഞാൻ ആകെ അസ്വസ്ഥയായിരുന്നു.

ഒരുപാട് ചിന്തകൾ എന്നിലൂടെ അന്ന് കടന്നുപോയി..

ഇനി മുതൽ താൻ മറ്റൊരു വീട്ടിലെ അംഗമാണ്.. പുതിയ വീട്.. പുതിയ മേൽവിലാസം.. പുതിയ വീട്ടുകാർ..ഒരു പറിച്ചുനടൽ എന്നു തന്നെ വേണേൽ പറയാം..

ചിരിക്കുന്ന മുഖത്തിനുള്ളിൽ എന്നെ പിരിയേണ്ടി വരുന്നതോർത്തുള്ള അച്ഛന്റെയും അമ്മയുടെയും സങ്കടം ഞാൻ മാത്രേ കണ്ടുള്ളൂ ..

എന്ത് പരാജയങ്ങൾ ഉണ്ടായാലും.. ഞങ്ങളില്ലേ കൂടെ എന്ന അവരുടെ മൗന സ്വാന്ത്വനങ്ങൾക്കു പകരമാകാൻ ഇവിടുള്ളവർക്ക് ആവുമോ എന്ന ഭയം എന്നെ വേട്ടയാടിയിരുന്നു .

പരീക്ഷിച്ച് പരാജയപ്പെടുന്ന എന്റെ പാചകവിഭവങ്ങളെ നോക്കി.. സാരമില്ല.. ഇങ്ങനെ ഒക്കെ അല്ലെ പഠിക്കുന്നെ.. എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന അവർക്ക് പകരം ആകാൻ മറ്റാർക്കെങ്കിലും കഴിയുമോ എന്നോർത്ത് ഞാൻ വിതുമ്പി…

വീട്ടിലെത്താൻ ഇത്തിരി വൈകിയാൽ പോലും വിളിച്ചന്ന്വേഷിക്കുന്ന അവരുടെ കരുതലിനും സ്നേഹത്തിനും പകരം ആകാൻ മറ്റാർക്കും കഴിയില്ലെന്ന് എനിക്ക് അറിയാമായിരുന്നു.

ഒരു പെൺകുട്ടിയായതിൽ ഞാൻ എന്നെ തന്നെ വെറുത്ത നിമിഷം.. അല്ലേലും എന്തിനാ പെൺകുട്ടികൾ മാത്രം ഇങ്ങനെ വീട്ടിൽ നിന്ന് പോകുന്നെ..?? ആരാണാവോ ഇങ്ങനത്തെ ചില അലിഖിത നിയമങ്ങൾ ഉണ്ടാക്കിയത്..
നാട്ടുനടപ്പല്ലേ.. അത് പാലിക്കുക തന്നെ വേണമല്ലോ..

മനസ്സിൽ ഒരു തേങ്ങൽ ആയിരുന്നു.. ഏതൊരു പെണ്ണും അനുഭവിച്ചിട്ടുണ്ടാകും അത്തരമൊരു അവസ്ഥ.. വാക്കുകൾക്കു പോലുമാവില്ല ആ അവസ്ഥയെ നിർവചിക്കാൻ..

എല്ലാം കേട്ട് മനു അവളെ നോക്കി നെടുവീർപ്പോടെ ചോദിച്ചു..
” നിനക്കിപ്പോഴും ആ വിഷമങ്ങൾ പോയിട്ടില്ലേ… എന്തേ.. ഇപ്പോ ഒരു ഒറ്റപ്പെടൽ തോന്നുന്നുണ്ടോ നിനക്ക്.. ??”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

ഇപ്പോൾ ഞാൻ ഒരുപാട് സന്തോഷത്തിലാ മനുവേട്ടാ.. ജീവിതത്തിന്റെ ആദ്യഘട്ടം എന്റെ വീട്ടുകാരുടെ ഒപ്പം ഞാൻ ഒരുപാട് ആസ്വദിച്ചു… ഇപ്പോൾ രണ്ടാം ഭാഗം.. മനുവേട്ടനൊപ്പവും….

എനിക്ക് കിട്ടിയത് ഒരു ഭർത്താവിനെ മാത്രം അല്ല.. എന്റെ അച്ചനും അമ്മയും ഏട്ടനും എല്ലാരും ഇപ്പോ മനുവേട്ടനിലുണ്ട്…

എന്റെ അശ്രദ്ധകൾക്കും തെറ്റുകൾക്കും ഒക്കെ മനുവേട്ടൻ എന്നെ വഴക്ക് പറയുമ്പോൾ ഞാൻ കാണാറുള്ളത് എന്റെ അമ്മയെയാണ്..

എന്റെ ഏത് കുഞ്ഞ് ആഗ്രഹങ്ങൾ പോലും പറയാതെ അറിഞ്ഞ് നിറവേറ്റിത്തരുമ്പോൾ ഞാൻ കണ്ടിരുന്നു എന്റെ അച്ഛനേം അമ്മയെയും.. അവരെന്റെ അടുത്തുള്ളപോൽ തോന്നാറുണ്ട്..

ഓരോ യാത്രകൾക്കു പോകുമ്പോഴും..എന്നോട് വഴക്കിടുമ്പോഴും.. ഒക്കെ ഞാൻ അറിഞ്ഞിരുന്നു… മനുവേട്ടനിൽ ഒരു സഹോദരൻ കൂടി ഉണ്ടെന്ന്..

ഞാൻ പറയാതെ.. ഞാൻ പോലും അറിയാതെ കണ്ണിൽ ഒളിപ്പിച്ച കുഞ്ഞു നോവുകൾ മനുവേട്ടൻ വായിച്ചറിയുമ്പോൾ.. ഞാൻ മനസിലാക്കി… എന്റെ ആത്മമിത്രം.. എന്റെ പ്രിയപ്പെട്ട സുഹൃത്താണ് മനുവേട്ടനെന്ന്..

അന്ന് കതിർമണ്ഡപത്തിൽ വെച്ച് അച്ഛൻ എനിക്ക് സമ്മാനിച്ചത്..ജീവിതകാലം മുഴുവൻ എന്നെ സ്നേഹിക്കാൻ കഴിയുന്ന എന്റെ അച്ഛനെയും അമ്മയെയും ഏട്ടനേയും തന്നെയാണ്.. അതിലുപരി നല്ലൊരു സുഹൃത്തിനെ ആണ്.. നല്ലൊരു പ്രണയിനിയെ ആണ്..

ഒരു ജീവിതപങ്കാളിക്ക് ഇത്രയൊക്കെ.. ഇങ്ങനെയൊക്കെ ഒരാളെ സ്നേഹിക്കാൻ പറ്റുമെന്ന് മനുവേട്ടൻ എന്നെ പഠിപ്പിച്ചു..

പറഞ്ഞ് തീരും മുൻപേ ആനന്ദാശ്രുകളാൽ അവളുടെ മിഴികൾ നിറഞ്ഞിരുന്നു.. അവന്റെയും..

അവളെ ചേർത്ത് പിടിച്ച് മനു പറഞ്ഞു..

എന്റെ ദേവു.. സത്യത്തിൽ നീയല്ലേ എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചത്..ആരും ആർക്കും പകരമാകില്ലെങ്കിൽ കൂടി നിന്നിൽ ഞാനും കണ്ടിട്ടുണ്ട് എന്റെ അമ്മയെ.. എന്റെ അച്ചനെ.. ഒരു സഹോദരിയെ… ഒരു കൂട്ടുകാരിയെ.. ഒരു കാമുകിയെ…
എന്റെ എല്ലാം എല്ലാം നീയല്ലേ..

അത് പറയുമ്പോഴേക്കും അവൾ വീണ്ടും വിതുമ്പുകയായിരുന്നു…സന്തോഷം കൊണ്ട്..
അവർ പരസ്പരം തിരിച്ചറിഞ്ഞു..
ജീവിതത്തിൽ അവരുടെ വീട്ടുകാർ നൽകിയ ഏറ്റവും വലിയ സമ്മാനം..
അത് ഇത്രമേൽ സ്നേഹിക്കുന്ന ഒരു ജീവിത സഖിയെ ആയിരുന്നെന്ന്…

രചന:-മൃദുല മുരളി..

LEAVE A REPLY

Please enter your comment!
Please enter your name here