Home Latest പ്രണയം ഒരാളോട് മാത്രം തോന്നുന്ന വികാരം ആണ്… തന്റെ മനസ്സ് ഒരാൾക്ക് കൊടുത്ത് പോയി… അറിയാം...

പ്രണയം ഒരാളോട് മാത്രം തോന്നുന്ന വികാരം ആണ്… തന്റെ മനസ്സ് ഒരാൾക്ക് കൊടുത്ത് പോയി… അറിയാം അരുൺ ചേട്ടനോട് ചെയ്തത് തെറ്റാണെന്ന്…

0

രചന: അഖില അശോകൻ

കോടതി മുറിയിൽ നിന്നും തല കുനിച്ചാണ് താര ഇറങ്ങിയത്… അച്ഛനും, അമ്മയും, ചേട്ടനും കൂടെ ഉണ്ടെങ്കിലും അവരുടെ മുഖത്തേക്ക് നോക്കാതെ നടന്നു… വേഗം പോയി കാറിൽ കയറാൻ നോക്കിയപ്പോൾ പുറകിൽ നിന്ന് വിളി വന്നു…

“താര.. ”

അരുൺ ചേട്ടന്റെ ശബ്ദം… മുഖത്തേയ്ക്ക് നോക്കി… തന്റെ അടുത്തേക്ക് വന്ന് ഇങ്ങനെ പറഞ്ഞു..

“താര എന്നോട് ക്ഷമിക്കണം… എനിക്ക് വേറെ വഴിയില്ല…” ഒന്നും മിണ്ടാതെ നിന്നു താൻ.. പക്ഷേ മനസ്സ് മന്ത്രിച്ചു… ക്ഷമ ചോദിക്കേണ്ടത് താൻ അല്ലെ…

അവൻ അതും പറഞ്ഞ് പോയി…

കാറിൽ കയറി വീട്ടിലേക്ക് പോകുമ്പോൾ ആരും തന്നോട് ഒരു വാക്കും മിണ്ടാതെ ഇരിക്കുന്നു.. അവരെ പറഞ്ഞിട്ട് കാര്യമില്ല.. കല്യാണം കഴിഞ്ഞ് ഒരു വർഷം ആവുമ്പോഴേക്കും “ഡിവേഴ്‌സ്” കഴിഞ്ഞ് വരുന്ന ഒരു പെണ്ണിനെ ഇങ്ങനെയേ കാണൂ…

വീട്ടിൽ എത്തിയപ്പോൾ ഇറങ്ങി ഓടി അച്ഛമ്മയുടെ അടുത്തേയ്ക്ക്… ആ മടിയിൽ തല ചായ്ച്ച് കിടന്നു… അച്ഛമ്മ തന്നെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു… വീട്ടിൽ ആകെ ആശ്വാസം അച്ഛമ്മ മാത്രമാണ്… ബാക്കി ആരും സംസാരിക്കാറില്ല…

അച്ഛന്റെയും അമ്മയുടെയും രണ്ടാമത്തെ മകൾ ആണ് താൻ.. ഒരു ചേട്ടൻ… വലിയ പണക്കാരുടെ പുത്രി… ഒരുപാട് വീട് സ്വത്ത് എല്ലാം ഉണ്ട് അച്ഛന്… അച്ഛൻ വലിയ സ്ഥാപനത്തിന്റെ എംഡി.. അമ്മയും പാർട്ണർ… ചേട്ടനും പഠിപ്പ് ഒക്കെ കഴിഞ്ഞ് അവരുടെ കൂടെ തന്നെ.. ചേട്ടൻ വിദേശത്ത് നിന്നാണ് പഠിച്ചത്.. താൻ ഇവിടെ തന്നെ ഒരു വലിയ സ്കൂളിൽ.. അച്ഛനും അമ്മയും അല്ല തന്നെ നോക്കിയത് അച്ഛന്റെ അമ്മയാണ്…

പഠിക്കാൻ മിടുക്കി ആയത് കൊണ്ട് ഡോക്ടർ ആവാൻ കഴിഞ്ഞു… വിവാഹം കഴിക്കാൻ താൽപര്യം ഇല്ലാതിരുന്ന തന്നെ ഒരുപാട് ബുദ്ധിമുട്ടിയാണ് കെട്ടിച്ച് വിട്ടത്… അരുൺ ചേട്ടനും ഡോക്ടർ തന്നെ ആയിരുന്നു… അരുൺ ചേട്ടന്റെ അമ്മക്കും അച്ഛനും താൻ നല്ല മരുമകൾ ആയിരുന്നു.. സഹോദരിമാർക്ക് നല്ല നാത്തൂൻ ആയിരുന്നു.. പക്ഷേ അരുൺ ചേട്ടന് നല്ല ഭാര്യ ആവാൻ തനിക്ക് കഴിഞ്ഞില്ല… കല്യാണം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ഒന്ന് തൊടാൻ പോലും അനുവദിച്ചില്ല…

അരുൺ ചേട്ടൻ എന്താ കാരണം എന്ന് ചോദിച്ചിട്ടും താൻ പറഞ്ഞില്ല… ഒടുവിൽ ഒന്നും പറയാതെ അരുൺ വീട്ടിൽ കൊണ്ട് വിട്ടു തന്നെ… തന്റെ വീട്ടുകാർക്ക്‌ ഒന്നും അറിയില്ല… അവർ കരുതിയത് താമസിക്കാൻ വന്നതാവും എന്നാണ്.. പക്ഷേ കുറെ ദിവസമായിട്ടും താൻ മടങ്ങി പോയില്ല.. അരുൺ ചേട്ടൻ ഇടക്ക് തന്നോട് ഫോൺ ചെയ്ത് ചോദിക്കും.. മാറാൻ കഴിയോ എന്ന്.. താൻ ഒന്നും മിണ്ടാതെ കേട്ട് ഇരിക്കും…

അത് കൊണ്ടാവും ഒരു ദിവസം ഡിവേഴ്‌സ്‌ നോട്ടീസ് വീട്ടിൽ എത്തി… എല്ലാവരും അമ്പരന്നു പോയി… ചേട്ടൻ അരുൺ ചേട്ടന്റെ വീട്ടിൽ പോയി അന്വേഷിച്ചു എന്നാൽ ഒന്നും വിട്ട് പറഞ്ഞില്ല.. പിന്നെ കോടതിയിൽ വെച്ചാണ് എല്ലാ കാര്യങ്ങളും എല്ലാരും അറിയുന്നത്… അതിൽ അരുൺ ചേട്ടൻ പറഞ്ഞ വാക്കുകൾ ഓർത്തെടുക്കുന്നു താൻ.. “ഒരിക്കലും നല്ല ഭാര്യ ആവാൻ താരക്ക്‌ കഴിഞ്ഞില്ല.. എനിക്ക് ആവശ്യം എന്നെ സ്നേഹിക്കുന്ന, ഞാനുമായി എല്ലാം പങ്ക്‌ വെക്കുന്ന, എന്റെ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഒരു ഭാര്യ ആണ് അതിന് ഇവൾക്ക് കഴിയില്ല… ”

സത്യമാണ് വാക്കുകൾ… എനിക്ക് കഴിയില്ല ആരെയും സ്നേഹിക്കാൻ.. മനസ്സിൽ പറഞ്ഞു താര.. കാരണം പ്രണയം ഒരാളോട് മാത്രം തോന്നുന്ന വികാരം ആണ്… തന്റെ മനസ്സ് ഒരാൾക്ക് കൊടുത്ത് പോയി… അറിയാം അരുൺ ചേട്ടനോട് ചെയ്തത് തെറ്റാണെന്ന്… എന്നാൽ അച്ഛന്റെയും, അമ്മയുടെയും നിർബന്ധത്തിന് കെട്ടാൻ സമ്മതിക്കേണ്ടി വന്നു…

രാഹുൽ.. തന്റെ കൂടെ പഠിച്ച പയ്യൻ തന്നെയാണ്… പഠിക്കാൻ മാത്രമല്ല… ഒരു നല്ല ഗായകനും കൂടി ആയിരുന്നു അവൻ… താനും അവനും ക്ലാസിൽ പഠിപ്പിന്റെ കാര്യത്തിൽ മൽസരമാണ്.. എങ്കിലും ഒരിക്കലും ഒന്നാം സ്ഥാനം തനിക്ക് കിട്ടില്ലായിരുന്നു.. അവന് ഫ്രണ്ട്സ് കുറവായിരുന്നു.. അത് കൊണ്ട് അവൻ ഒരിക്കൽ തന്നോട് ചോദിച്ചു.. നമുക്ക് നല്ല ഫ്രണ്ട്സ് ആയാലോ എന്ന്… പിന്നീട് ഒരു നല്ല സുഹൃത്ത് ആയി അവൻ മാറി… സ്കൂൾ എത്തിയാൽ ഒന്നിച്ച് പഠിക്കും.. അവന്റെ പാട്ടുകൾ കേട്ട് ആസ്വദിക്കും… എല്ലാ ക്ലാസ്സിലും ഒരുമിച്ച് ആയിരുന്നു…

പ്ലസ് വൺ പഠിക്കുന്ന സമയത്ത് അവൻ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു… താൻ മറുപടി ഒന്നും പറഞ്ഞില്ല… തന്റെ ഉള്ളിലും ഉണ്ടായിരുന്നു സ്നേഹം… എന്നാലും ഒരു ദിവസം അവന്റെ ചോദ്യത്തിന് മുന്നിൽ മറുപടി കൊടുക്കേണ്ടി വന്നു… പിന്നീട് സ്നേഹിക്കാൻ തുടങ്ങി ത്രീവമായി തന്നെ… അവന്റ പാട്ടുകൾ അത് ഒരു ലഹരി ആയിരുന്നു തനിക്ക്… അവന്റെ സ്നേഹം തന്റെ ഒറ്റപ്പെടലിന്റെ വേദന കുറച്ചു.. അച്ഛനും അമ്മയും തന്നെ ശ്രദ്ധിക്കാറില്ല… അവർക്ക് ബിസിനെസ്സ് കാര്യങ്ങൾ പ്രധാനം…

എംബിബിഎസ് പഠിക്കുമ്പോഴും കൂടെ തന്നെ എപ്പോഴും.. എല്ലാർക്കും അസൂയ ആയിരുന്നു തങ്ങളോട്… പക്ഷെ അവസാന വർഷം എംബിബിഎസ് പഠിക്കുമ്പോഴാണ് മാറ്റങ്ങൾ വന്നത്… തന്നെ കണ്ടാൽ മിണ്ടില്ല… ഒഴിഞ്ഞ് മാറും.. വിളിച്ചാൽ ഫോൺ എടുക്കില്ല… എടുത്താൽ സംസാരിക്കാൻ താല്പര്യമില്ലാത്തത് പോലെ… എന്താണെന്ന് മനസ്സിലായില്ല… ഇപ്പോഴത്തെ ആൾക്കാരെ പോലെ നല്ലതിനെ കിട്ടിയപ്പോൾ മാറി എന്ന് കരുതി.. പിന്നെ അവൻ ക്ലാസ്സിലും വരാതായി.. ഫോൺ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്… പരീക്ഷക്ക് അവൻ എത്തിയില്ല… അപ്പോഴേ അപകടം മണത്തു…

അവസാന പരീക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്പോൾ അവന്റെ ഒരു ഫ്രണ്ട് താൻ കഴിഞ്ഞാൽ അവനുമായി മാത്രം ആണ് ബന്ധം… അവൻ തന്നോട് പറഞ്ഞ കാര്യങ്ങള് കേട്ട് തകർന്നു..രാഹുൽ ഒരു വർഷമായി ക്യാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്നു എന്ന് … തന്നെ അറിയിക്കാതെ അവൻ നടന്നു… മനപൂർവ്വം അവഗണിച്ചു… താൻ അവനെ വെറുക്കാൻ വേണ്ടി… അവനെ വെറുക്കാൻ തനിക്ക് ആകുമോ…

മനസ്സ് നീറി പുകഞ്ഞ് കൊണ്ടിരുന്നു… ഒരു രാത്രി രാഹുലിന്റെ മരണ വാർത്ത തന്റെ ചെവിയിലേക്ക് എത്തി… പൊട്ടി കരഞ്ഞു താൻ…. അവസാനമായി രാഹുലിനെ കാണാൻ താൻ പോയി… ചലനമറ്റ ആ ശരീരം നോക്കി നിന്നു…

വീട്ടിലെത്തി അച്ഛമ്മയുടെ മടിയിൽ കിടന്ന് കരയുകയായിരുന്നു.. അവനില്ലാത്ത ലോകം, അവന്റെ പാട്ട് കേൾക്കാൻ ആവാതെ ഇനി ജീവിതം… താനും മരിക്കും തീരുമാനം അതായിരുന്നു… അച്ഛമ്മ തന്നെ ഒറ്റക്ക് കിടക്കാൻ പോലും വിട്ടില്ല… ഒരു ദിവസം അച്ഛമ്മ വീട്ടിൽ ഇല്ലാത്ത ഒരു സമയം ഉണ്ടായി അന്ന് മരിക്കാൻ എല്ലാം തയ്യാറായി താൻ നിന്നു… പക്ഷേ അന്ന് ആദ്യമായി തന്നെ തേടി ഒരു ഫോൺ കോൾ എത്തി…

രാഹുലിന്റെ അമ്മ… താൻ ഞെട്ടി… രാഹുലിന്റെ വീട് വരെ ചെല്ലാൻ പറഞ്ഞു അവർ… അതോടെ പിറ്റേദിവസം അവരുടെ അടുത്ത് പോകേണ്ടി വന്നു.. അവന്റെ അനിയന്റെയും അച്ഛന്റെയും അമ്മയുടെയും എല്ലാം സങ്കടം തളർത്തി തന്നെ…

അമ്മ തന്നെ അടുത്തേയ്ക്ക് വിളിച്ചു.. “മോളെ മരുമകളായി കിട്ടാൻ ഭാഗ്യമില്ല… അവന് ഒരുപാട് ഇഷ്ടമായിരുന്നു മോളെ… അവൻ തന്ന ഒരു കത്ത് ഉണ്ട് എന്റെ കയ്യിൽ… വായിക്കണം ഇടക്ക് ഇവിടെ വരണം..” അവരോട് യാത്ര പറഞ്ഞ് ഇറങ്ങി…

വീട്ടിൽ എത്തി കത്ത് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി.. തന്നെ അവഗണിച്ചതിന് മാപ്പ് ചോദിച്ചിരിക്കുന്നൂ.. കൂടെ തന്നോട് ഒരു അപേക്ഷയും അവൻ മരിച്ചാൽ കൂടെ മരിക്കാൻ നോക്കരുതെന്ന് ജീവിക്കണം എന്ന് വേറെ കല്യാണം കഴിക്കണമെന്ന്.. ഇല്ലെങ്കിൽ അവന്റെ ആത്മാവിന് ശാന്തി കിട്ടില്ല എന്ന്… അതോടെ മരിക്കണം എന്ന തീരുമാനം മാറ്റി..

വിവാഹം കഴിക്കാതെ ഇരിക്കുമായിരുന്നു പക്ഷെ അച്ഛന്റെയും അമ്മയുടെയും വിഷമം കണ്ട് സമ്മതം നൽകി.. രാഹുലിന്റെ ഇഷ്ടം അതായിരുന്നു അല്ലോ.. പക്ഷെ ഒരിക്കലും അരുൺ ചേട്ടനെ സ്നേഹിക്കാൻ കഴിഞ്ഞില്ല…

വീട്ടിൽ തന്നോട് വെറുപ്പ് തുടങ്ങിയിരിക്കുന്നു എല്ലാർക്കും.. ചേട്ടന്റെ വിവാഹം നടത്താൻ പോകുമ്പോഴാണ് ഈ പ്രശ്നം.. എല്ലാരും ചോദിക്കുന്നു തന്നോട് അരുൺ നല്ല പയ്യൻ ആയിരുന്നില്ലേ എന്ന്.. ആയിരുന്നു പക്ഷെ രാഹുൽ അവനെ മറക്കാൻ വയ്യ.. മനസ്സ് കൊണ്ട് സ്നേഹിച്ചു ഞാൻ അവനെ അത്രയും.. ചേട്ടന്റെ പെണ്ണ് വീട്ടുകാർക്കും ചേട്ടൻ സ്നേഹിച്ച പെണ്ണിനെ തന്നെയാ കെട്ടുന്നത് അവൾക്കും തന്നോട് ദേഷ്യം തുടങ്ങിയിരിക്കുന്നു… ചേട്ടൻ പറയുന്നത് താൻ കേൾക്കുകയും ചെയ്തു രണ്ട് പേരിൽ ഒരാളെ ഈ വീട്ടിൽ ഉണ്ടാവാൻ പാടുള്ളൂ.. ഞാൻ വേണോ അവൾ വേണോ എന്ന് തീരു മാനിക്കാം നിങ്ങൾക്ക്..

താൻ ഇറങ്ങേണ്ടി വരും ഉറപ്പാണ്.. ചേട്ടൻ കഴിഞ്ഞ് മാത്രമേ തനിക്ക് സ്ഥാനമുള്ളൂ… ചേട്ടന്റെ വിവാഹം.. ഒരുപാട് പേരുടെ ചോദ്യത്തിന് ഉത്തരം പറയേണ്ടി വന്നു തനിക്ക്.. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം താൻ വാക്ക് കൊടുത്തിരുന്നു അവിടെ നിന്ന് ഇറങ്ങും എന്ന്.. സ്വത്തിന്റെ മൂന്നിൽ ഒരു ഭാഗം തനിക്ക്.. കുറച്ച് അകലെയുള്ള ഒരു വീട് താൻ വേണമെന്ന് പറഞ്ഞു.. എല്ലാം എടുത്ത് തനിച്ച് ഇറങ്ങി… കാറിലേക്ക് കയറാൻ നേരമാണ് ഞാനും കൂടെ വരും എന്ന് പറഞ്ഞ് അച്ഛമ്മ.. സന്തോഷം തോന്നി തന്നെ മനസിലാക്കുന്ന ഒരാളുണ്ട്..

വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കണ്ണ് നിറഞ്ഞു… അമ്മ ജനലിൽ കൂടി നോക്കി നിൽക്കുന്നു.. കരയുന്നുണ്ട്.. എത്രയായാലും അമ്മ അല്ലെ…

നാട്ടിൻപുറത്ത് ആണ് ഇപ്പൊൾ താമസിയ്ക്കുന്ന വീട്.. നല്ല നാട്ടുക്കാർ..അടുത്തെങ്ങും ഹോസ്പിറ്റൽ ഒന്നുമില്ല…അത് കൊണ്ട് അവർക്ക് വേണ്ടി സൗജന്യമായി ഒരു ക്ലിനിക്ക് തുടങ്ങി… ഇടക്ക് ചാരിറ്റി പ്രവർത്തനങ്ങൾ എല്ലാമായി ഇപ്പൊൾ ജീവിതം.. ക്യാൻസർ രോഗം വന്നവരെ സഹായിക്കുകയാണ് ലക്ഷ്യം.. തന്റെ രാഹുൽ അവനെ നഷ്ടപ്പെടുത്തിയ രോഗം… ചികിത്സ കിട്ടാതെ ആരും മരിക്കരുത്…

ഒരു ദിവസം അരുൺ ചേട്ടന്റെ മെസ്സേജ് ഉണ്ടായി ഫോണിലേക്ക്.. വിവാഹം ശരിയായി എന്നൊക്കെ പറഞ്ഞ്.. സന്തോഷം തോന്നി താൻ കാരണം നല്ല ബന്ധം കിട്ടുമൊന്ന് പേടിയായിരുന്നു… രണ്ടാം കെട്ട് എന്ന പേര് വന്നില്ലേ… എന്തായാലും ഇപ്പൊൾ സന്തോഷമായി അങ്ങോട്ട് മെസ്സേജ് അയച്ചു വിഷ് ഒക്കെ പറഞ്ഞു..

ചാരിറ്റിയുടെ ഭാഗമായി ഒരു അനാഥ മന്ദിരത്തിൽ ഒരു ദിവസം പോയി… അവിടെ വെച്ചാണ് ഒരു കുട്ടിയെ കാണുന്നത് എന്തോ അവൾ മനസ്സിൽ വല്ലാതെ അങ്ങ് കടന്ന് കൂടി… അവിടത്തെ മദറിനോട് പോയി എല്ലാ കാര്യങ്ങളും ചോദിച്ചു… ഒരു തമിഴത്തി പെണ്ണിന്റെ കുഞ്ഞാണ്… അവൾ വരുമ്പോഴേ ഗർഭിണി ആയിരുന്നു… കുട്ടിയുടെ അച്ഛൻ ആരാണെന്ന് അവൾക്ക് തന്നെ അറിയില്ല…. കുട്ടിയെ പ്രസവിച്ച് കഴിഞ്ഞപ്പോൾ അവൾ മരിച്ചു… ആ മോളെ ദത്തെടുക്കാൻ താൻ തീരുമാനിച്ചു…

അച്ഛമ്മയുടെ സമ്മതം ഉണ്ടായി… എല്ലാ കാര്യങ്ങളും ശരിയാക്കി അവളെ താൻ ദത്തെടുത്തു…. സ്വന്തം മകളായി വളർത്താൻ… താൻ അമ്മ ആയിരിക്കുന്നു.. ഇനി ജീവിതം ഇവൾക്ക് വേണ്ടി… അവളുടെ നിഷ്കളങ്കമായ കണ്ണുകൾക്ക് എല്ലാ ദുഃഖങ്ങളും ഇല്ലാതാക്കാനുള്ള ശക്തി ഉണ്ടായിരുന്നു… ചാരിറ്റി പ്രവർത്തനങ്ങൾ ഒരു ഭാഗത്ത് കൂടി നടക്കുന്നു… താൻ പേരിട്ടു തന്റെ ദേവതക്ക് അതിഥി… അച്ഛമ്മയും കൂടെ ഉണ്ട്.. അച്ഛൻ ആരാണെന്ന് ചോദിച്ചാൽ താൻ രാഹുലിന്റെ ഫോട്ടോ കാണിച്ച് കൊടുക്കും… തങ്ങൾക്ക് പിറക്കാതെ പോയ മകൾ..

LEAVE A REPLY

Please enter your comment!
Please enter your name here