Home Latest നെറ്റിയിൽ സിന്ദൂരമില്ലെങ്കിലും.. അമ്മേടെ നെറ്റിയിൽ കാണുന്ന ചുവന്ന പൊട്ടില്ലെങ്കിലും അമ്മേടെ കണ്ണിൽ ഒരു ആത്മ വിശ്വാസത്തിന്റെ.....

നെറ്റിയിൽ സിന്ദൂരമില്ലെങ്കിലും.. അമ്മേടെ നെറ്റിയിൽ കാണുന്ന ചുവന്ന പൊട്ടില്ലെങ്കിലും അമ്മേടെ കണ്ണിൽ ഒരു ആത്മ വിശ്വാസത്തിന്റെ.. തിളക്കം ഉണ്ടായിരുന്നു.. ജീവിക്കണം…

0

 

അടുത്ത പതിനെട്ടിന് എന്റെ എൻഗേജ്മെന്റ് ആണ്. ശ്രീ വരണം. ആള് അമേരിക്കയിൽ ആണ് കല്യാണത്തിന് ശേഷം എന്നേം കൊണ്ടുപോവും. പഴയതൊക്കെ മറക്കണം.

നാലു വർഷം നെഞ്ചിലേറ്റി നടന്നവൾ വളരെ ലാഘവത്തോടെ പറഞ്ഞു നടന്നു നീങ്ങിയപ്പോൾ ആകാശത്തോളം ഉയരത്തിൽ കെട്ടിയ സ്വപ്‌നങ്ങൾ ഒറ്റ നിമിഷം കൊണ്ടു തകർന്നു വീഴുന്നത് ഞാൻ കണ്ടു.

വിവാഹം എന്നൊരു വാക്കിൽ ചെന്നു നിൽക്കുമ്പോൾ അവളുടെ മുഖം മാത്രമേ മനസ്സിൽ വന്നിട്ടുള്ളൂ.. ശ്രീബാല ഗോവിന്ദ്. ഒരേ നാട്ടുകാരാണ്.. കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു. മനസൊന്നു നാലു വർഷം പിന്നിലേക്ക് പോയി..

കോളേജ് മാഗസിനിൽ അച്ചടിച്ച് വന്ന കഥ നന്നായിട്ടുണ്ട് ശ്രീ.. ഇനിയും എഴുതണം എഴുതിയ കഥകൾ എനിക്കും വായിക്കാൻ തരണം.. അക്ഷരങ്ങളെ സ്നേഹിക്കുന്നവളെ കൂട്ടായി കിട്ടുന്നത് എനിക്കും സന്തോഷം ഉള്ള കാര്യമായിരുന്നു..

പിന്നെ പിന്നെ അതു പ്രണയത്തിലേക്ക് വഴിമാറാൻ തുടങ്ങിയപ്പോൾ തടഞ്ഞതാണ് ഞാൻ. പിന്നെയും അവൾ അക്ഷരങ്ങളിലൂടെ എഴുതി യ ഇഷ്ട്ടം നിറച്ച ഡയറി എനിക്കു വായിക്കാൻ തന്നപ്പോൾ അതിലെ വരികൾ വായിച്ചപ്പോൾ അവഗണിക്കാൻ തോന്നിയില്ല.

എത്ര മൂടി വെച്ചാലും ഒരുനാൾ അതു പുറത്തുവരുമല്ലോ. മറുപടിയായി ഞാനും എഴുതി.

ഇഷ്ട്ടം മൗനത്തിൽ ഒളിപ്പിച്ചത് അഹങ്കാരം കൊണ്ടൊന്നുമല്ലായിരുന്നു കുട്ടി.. കയ്പ്പുനിറഞ്ഞ ജീവിത സാഹചര്യം കൊണ്ടു തന്നെയായിരുന്നു.

എപ്പോഴും ചിരിച്ച മുഖത്തോടെ സംസാരിക്കുന്ന എനിക്കെന്താ എത്ര കയ്പ്പു നിറഞ്ഞ സാഹചര്യം എന്ന്‌ ചിന്തിക്കുന്നുണ്ടാവും അല്ലേ ? കടം കാരണം അച്ഛൻ മരിച്ചൂന്നെ എല്ലാവർക്കും അറിയൂ ഉണ്ടായിരുന്ന കടം എത്രത്തോളം ഉണ്ടെന്നു കടക്കാർ വീടിനു മുറ്റത്തു വന്നുതുടങ്ങിയപ്പോഴാണ് അറിഞ്ഞത്.. പാവായിരുന്നു അച്ഛൻ കച്ചോടത്തിൽ കൂടെ കൂടിയവരെ വിശ്വാസം ആയിരുന്നു.. അവര് ചതിച്ചതാണ്.. ആരുടെ മുന്നിലും നാണംകെട്ടു ജീവിക്കാൻ.. പറ്റാത്തൊണ്ടാവും.. സ്ലീപ്പിങ് ടാബ്ലറ്റ്സ് കഴിച്ചു ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു വീണു പോയത്.

അമ്മ അന്ന് ഒരുപാട് കരഞ്ഞതാണ്.. കരഞ്ഞു കരഞ്ഞു വീണതാണ്.. പിന്നെ ഒരിക്കലും അമ്മ കരയുന്നത് ഞാൻ കണ്ടിട്ടില്ല..

നെറ്റിയിൽ സിന്ദൂരമില്ലെങ്കിലും.. അമ്മേടെ നെറ്റിയിൽ കാണുന്ന ചുവന്ന പൊട്ടില്ലെങ്കിലും അമ്മേടെ കണ്ണിൽ ഒരു ആത്മ വിശ്വാസത്തിന്റെ.. തിളക്കം ഉണ്ടായിരുന്നു.. ജീവിക്കണം . തോറ്റുപോയ അച്ഛന്റെ മകൻ ആണെങ്കിലും.. തോൽ‌വിയിൽ നിന്നു പിടിച്ചു കരകയറിയ അമ്മേടെ മകൻ കൂടിയാണ് ഞാൻ..

പശുവും തയ്യലുമൊക്കെയായിരുന്നു കടം വീട്ടാനുള്ള മാർഗമെങ്കിൽ.. പറമ്പിലെ പപ്പായയും ചേമ്പും മുള്ളൻ ചീരയുമൊക്കെയായിരുന്നു ചോറിനു കറിയായിരുന്നത്..

സ്കൂളിൽ നിന്നു വന്നാൽ അവല് നനച്ചതും കട്ടൻ ചായയും കുടിച്ചു.. അപ്പുക്കുട്ടനും സതീഷും കളിക്കാൻ പോകുമ്പോൾ ഞാൻ പശുവിനു പുല്ലരിയാനാണ് പോവാറുള്ളത്. കഷ്ട്ടപെട്ടിട്ടുണ്ട് ഞങ്ങൾ ഒരുപാട്… അച്ഛൻ വരുത്തിയ കടങ്ങൾ അങ്ങിനെ തന്നെയാണ് വീട്ടിയതും. ഇനിയൊരു ജോലി വാങ്ങണം.. അമ്മയെ പൊന്നുപോലെ നോക്കണം .. അതിനിടയിൽ പ്രേമം ഞാൻ ഒരിക്കലും ചിന്തിച്ചിട്ടു പോലുമില്ല..

പക്ഷേ നിന്റെ അക്ഷരങ്ങളിലൂടെ നീ എഴുതിയ വരികളിലൂടെ.. ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു… കാലുകൾ ഉറപ്പിച്ചു ചവിട്ടാൻ കെൽപ്പുണ്ടാക്കുന്ന അന്ന് ഞാൻ വീട്ടിൽ വരും.. പെണ്ണു ചോദിക്കാൻ. അതുവരെ കാത്തിരിക്കാമെങ്കിൽ മാത്രം.. കാത്തിരിക്കാം. എന്റെ മനസാണ് അക്ഷരങ്ങൾ സ്നേഹപൂർവ്വം ശ്രീ.

ശ്രീയേട്ടാ ഒരുപാട് സ്വഭാഗ്യങ്ങൾ ഒന്നും വേണ്ട.. എന്നും കൂടെ ഉണ്ടായാൽ മതി ഈ സ്നേഹം മാത്രം മതി.. ഓർമ്മകൾ ഓർമ്മകൾ ഓർമ്മകൾ.. എല്ലാം അവസാനിച്ചിരിക്കുന്നു..

വീട്ടിലേക്കു കേറി ചെല്ലുമ്പോൾ അമ്മ ഇറയത്തെ തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു.. എന്താ വൈകിയെ ? ഒന്നൂല്യ അമ്മ . ഞാൻ കുറച്ചുനേരം കിടക്കട്ടെ പോയി.. അവിടെ നിന്നേ അമ്മ ഒരു കാര്യം പറയട്ടെ.

മ്മടെ ഗോവിന്ദൻ മാഷ്ടെ മകളില്ലേ ശ്രീബാല അവളുടെ കല്യാണം ഉറപ്പിച്ചൂന്നു… നീ അറിഞ്ഞില്ലേ ?

അറിഞ്ഞു..

അമേരിക്കക്കാരാണ്.. ആ കുട്ടിയെ കൊണ്ടുപോവുത്രെ.

പോട്ടെ അമ്മേ പോയി നന്നാവട്ടെ.. അല്ലെങ്കിലും മാഷ് നമ്മുക്ക് തരുവോ അമ്മേ.. പറഞ്ഞു തീർന്നപ്പോൾ തൊണ്ട ഒന്നു ഇടറിയെങ്കിലും ഞാൻ ചിരിച്ചു.

എന്തെ ചിരിക്കണേ വിഷമമില്ലേ നിനക്കു ?

വിഷമങ്ങൾ ഉള്ളിലൊതുക്കി ചിരിക്കാനുള്ള വിദ്യ ഞാൻ അമ്മയിൽ നിന്നാ.. പഠിച്ചത്.. എന്ന്‌ പറഞ്ഞപ്പോൾ.. കൂടെ ചിരിക്കാൻമാത്രം അമ്മ മറന്നുപോയി..

പക്ഷേ ഒരുകാര്യം ഞാൻ മനസിലുറപ്പിച്ചിരുന്നു.. ഇനിയും അമ്മ ചിരിക്കും… സങ്കടങ്ങൾ ഉള്ളിലില്ലാത്ത മനസു തുറന്നുള്ള ചിരി.. അതിനു എനിക്കു ജയിക്കണം…

ഉള്ളിൽ തീയുള്ളവന് ജയിക്കാതിരിക്കാൻ പറ്റുവോ.. ? അമ്മയുടെ അനുഗ്രഹം വാങ്ങി ഡെപ്യൂട്ടി കളക്ടറുടെ കസേരയിലേക്ക് ഇരിക്കുമ്പോൾ ഞാൻ കണ്ടു അമ്മടെ മുഖത്തെ പത്തരമാറ്റുള്ള ചിരി…

നഷ്ട്ടങ്ങൾ നഷ്ട്ടങ്ങൾ തന്നെയാണ്.. നേടാൻ നമ്മുക്ക് ഒരുപാട് ഉണ്ട്‌.. ഒരുപാട്.

രചന: ശ്രീജിത്ത്‌ ആനന്ദ്.

തൃശ്ശിവപേരൂർ

LEAVE A REPLY

Please enter your comment!
Please enter your name here