Home Latest എന്തായാലും കയ്യിൽ ഒരു ഗ്ലാസ്സ് പാലുമായി മണിയറയിലേക്ക് കയറാൻ നേരം എനിക്ക് വല്ല്യ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല,.

എന്തായാലും കയ്യിൽ ഒരു ഗ്ലാസ്സ് പാലുമായി മണിയറയിലേക്ക് കയറാൻ നേരം എനിക്ക് വല്ല്യ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല,.

0

എന്തായാലും കയ്യിൽ ഒരു ഗ്ലാസ്സ് പാലുമായി മണിയറയിലേക്ക് കയറാൻ നേരം എനിക്ക് വല്ല്യ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല,.

അത്യാവശ്യം വേണ്ട ഉപദേശങ്ങളൊക്കെ അമ്മയും അമ്മായിമാരും ഒക്കെ ചേർന്നു തന്നിരുന്നു, പുതിയൊരു ജീവിതമാണ്, പുതിയൊരു തുടക്കമാണ് എന്നൊക്കെ, ഇരു വീട്ടുകാരും പൂർണ്ണമനസ്സോടെ ഒന്നുമല്ല ബന്ധം നടത്തിയതെന്നറിയാം, എങ്കിലും വിധി അതാണെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമൊന്നുമില്ലല്ലോ,.

റൂമിൽ അഭിയേട്ടൻ ഉണ്ടായിരുന്നില്ല, ഏറെ കാലത്തെ പ്രണയസാക്ഷാത്കാരം ഇന്നുണ്ടായിട്ടും മനസിന് ഒരു സന്തോഷവുമില്ല, എന്തായാലും നേരിട്ടല്ലേ പറ്റൂ,. ജീവിക്കണം തോറ്റുകൊടുക്കാൻ പാടില്ലല്ലോ,.

വാതിൽക്കൽ കാൽപ്പെരുമാറ്റം, അഭിയേട്ടൻ ആണ്, ഞാൻ കട്ടിലിൽ നിന്നും പതിയെ എഴുന്നേറ്റു, അഭിയേട്ടന്റെ മുഖത്തു ഗൗരവമാണ്, ഞാൻ അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിച്ചതും ഇല്ല, അഭിയേട്ടൻ വാതിലടച്ചു,.

പകൽ ആടിത്തീർത്ത നാടകത്തിന് അന്ത്യം കുറിക്കുകയാണ് ഇവിടെ, എല്ലാരേം പൊട്ടന്മാരാക്കി, ബോധ്യപ്പെടുത്തി ഐഡിയൽ കപ്പിൾസ് ആണെന്ന്,. ഞങ്ങളുടെ മാത്രം ലോകത്ത് അതിന്റെ ആവശ്യം ഇല്ലല്ലോ,..

******

“താങ്ക് യൂ സോ മച്ച് ” സംസാരത്തിന് ഞാൻ തന്നെ തുടക്കമിട്ടു, “എന്തിന് ? നിന്നെ കെട്ടിയതിനോ ?” അഭിയേട്ടന്റെ ശബ്ദം കനത്തിൽ തന്നെ ആയിരുന്നു,.

“അല്ല നല്ല ഭർത്താവും മരുമകനും ഒക്കെ ആയി അഭിനയിച്ചതിന്, എന്റെ അമ്മയെ സന്തോഷിപ്പിച്ചതിന്,. ” അഭിയേട്ടൻ പുഞ്ചിരിയോടെ എന്നെ ഒന്ന് നോക്കി, ഞാനും പുഞ്ചിരിക്കാൻ ശ്രമിച്ചു,.

“എനിക്ക് നല്ല ക്ഷീണം ഉണ്ട്, ഇന്നലെ ഒന്നും ഉറങ്ങാനേ പറ്റീല്ല, പാല് ടീപ്പോയിൽ ഉണ്ട്, അഭിയേട്ടൻ കുടിച്ചിട്ട് കിടന്നോളു,. ” ഞാൻ അലമാരയിൽ നിന്നും ബെഡ് ഷീറ്റ് എടുത്ത് നിലത്ത് വിരിച്ചു, അഭിയേട്ടൻ എന്നെ വീക്ഷിച്ചുകൊണ്ട് തന്നെ കട്ടിലിൽ ഇരുന്നു,.
“ഗുഡ് നൈറ്റ് “,..

“മ്മ്, എന്തായാലും ഇത്രേം ഒക്കെ അഭിനയിച്ചതല്ലേ, ആദ്യരാത്രിയുടെ ഫസ്റ്റ് റൂൾ എന്തായാലും തെറ്റിക്കണ്ട, പാല് പകുതി കുടിച്ചിട്ട് കിടന്നാൽ മതി,. ”
തമാശപോലെയാണ് പറഞ്ഞതെങ്കിലും അനുസരിക്കാതിരിക്കാൻ തോന്നിയില്ല,.

ഞാൻ ശബ്ദമടക്കിക്കരഞ്ഞു, ഒരുപാട് കാലത്തെ മോഹമാണ്, അപരിചതരെ പോലെ ഈ മുറിയിൽ കുഴിച്ചുമൂടപ്പെടുന്നത്,.

**********
നേരത്തെ ഉണർന്നു, അടുക്കളയിൽ പരിചയക്കുറവുണ്ടായിരുന്നു, എങ്കിലും അവരുടെ മനസ്‌ ജയിക്കണമെന്ന ബോധ്യമുണ്ടായിരുന്നത്കൊണ്ട്,.
കുറച്ചു ദിവസം കൊണ്ട് എല്ലാം ശരിയായി, ആ അച്ഛന്റെയും അമ്മയുടെയും മനസ് ജയിക്കാൻ എനിക്ക് കഴിഞ്ഞെങ്കിലും മകന്റെ മുന്നിൽ ഓരോ ദിവസവും തോറ്റുകൊണ്ടിരിക്കുകയായിരുന്നു,.

ദിവസങ്ങൾ കടന്നുപോകുംതോറും ഞങ്ങൾക്കിടയിലെ അകൽച്ചയും കൂടി വന്നു, ജോലിക്ക് പോണമെന്ന് പറഞ്ഞപ്പോഴും എതിർത്തില്ല, സമ്മതം പറഞ്ഞുമില്ല, പകരം പറഞ്ഞത്,
“നിന്റെ ജീവിതമാണ്, ഞാൻ ഇടപെടില്ല, അന്യരുടെ കാര്യത്തിൽ ഞാൻ പണ്ടേ തലയിടാറില്ല, അതിന്റെ ആവശ്യവും ഇല്ല .. ”

ഹൃദയത്തിൽ ആ വാക്കുകൾ വല്ലാണ്ട് മുറിവുണ്ടാക്കി, ഓരോ തവണ അഭിയേട്ടനെ കാണുംതോറും ആ മുറിവുകൾ കൂടുതൽ വേദനയാണ് തന്നത്,

എന്ത് തെറ്റ് ചെയ്തിട്ടാ ഇത്രയും വലിയ ശിക്ഷ തന്നത് എന്നറിയില്ല, അഭിയേട്ടനെ സ്നേഹിച്ചു എന്നതാണോ തെറ്റ് ? ഇഷ്ടമല്ലെന്നറിഞ്ഞിട്ടും,. സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു, പക്ഷേ ഞാൻ ഒരിക്കലും ഈ ഭാര്യ സ്ഥാനം തട്ടിയെടുത്തതല്ല, അതെന്നെക്കൊണ്ട് ഒരിക്കലും അഭിയേട്ടന് മുന്നിൽ ബോധ്യപ്പെടുത്താനും സാധിക്കില്ല,. അഭിയേട്ടൻ എന്നെ അത്രമാത്രം വെറുക്കുന്നുണ്ട് !

******—******


“മോളെ, അമ്മയൊരു കാര്യം ചോദിക്കട്ടെ ?” പതിവില്ലാതെ അമ്മ എന്നെ വിളിച്ചിരുത്തി,

“നിങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്‍നം ഉണ്ടോ ? ”

“ഹേയ്, അങ്ങനൊന്നും ഇല്ലമ്മേ ”
ഞാൻ ഒഴിഞ്ഞുമാറി, അമ്മയെ ആ മറുപടി തൃപ്തിപ്പെടുത്തിയില്ല,
“എന്തായാലും രണ്ടാളും നന്നായി അഭിനയിച്ചു തകർക്കുന്നുണ്ട്, ഏഴെട്ട് മാസമായിട്ട്, ” എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി,.

“അങ്ങനൊന്നും ഇല്ലമ്മേ, കോളേജിൽ പോവാൻ സമയമായി !. ഞാൻ ഇറങ്ങിക്കോട്ടെ,. ”

” നിന്നെ ഞാനെന്റെ സ്വന്തം മകളുടെ സ്ഥാനത്താ കാണുന്നത്, നീയും അഭിയും എനിക്ക് ഒരേപോലെയാ, എന്റെ മക്കൾക്കെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതെന്റെ കൂടെ പ്രശ്നമാണ്,. ”

“കാര്യായിട്ടും പ്രശ്നമൊന്നും ഇല്ലമ്മേ,” അമ്മയുടെ കൈപിടിച്ച് അത് പറയുമ്പോൾ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു,.

****—****
അന്ന് പതിവില്ലാതെ അഭിയേട്ടന്റെ മിസ്ഡ് കാൾ, മനസ്സിനൊരു വല്ലാത്ത സന്തോഷം,. മറുതലക്കൽ അഭിയേട്ടന്റെ ശബ്ദം കേൾക്കുമ്പോൾ, ആദ്യമായി ഫോണിൽ സംസാരിക്കുന്ന പ്രണയികളാണ് ഞങ്ങൾ എന്ന് തോന്നി,.

അവസാന അവർ ഒഴിവാക്കി ഞാൻ കോളേജ് ഗേറ്റിന്റെ അടുത്തെത്തുമ്പോൾ അഭിയേട്ടൻ പുറത്തു കാത്തുനിൽക്കുന്നുണ്ടായിരുന്നു, കല്യാണത്തിന് ശേഷം ഇതുവരെ ഒരുമിച്ച് ഞങ്ങൾ ബൈക്കിൽ യാത്ര ചെയ്തിരുന്നില്ല,.
അന്ന് ആദ്യമായ്‌ അഭിയേട്ടനൊപ്പം ബൈക്കിൽ കേറിയപ്പോഴുണ്ടായിരുന്ന അതേ ഫീലിംഗ്,. എന്നോ നഷ്ടപ്പെട്ടുപോയ പ്രണയം ഞങ്ങൾക്കിടയിലേക്ക് വീണ്ടും തിരികെവരുന്നതായി തോന്നി,.

വണ്ടി അഭിയേട്ടൻ ബീച്ച് റോഡിലേക്ക് തിരിച്ചു,. മണൽത്തരികളിലൂടെ വീണ്ടും ഒരിക്കൽക്കൂടെ നടന്നപ്പോൾ ഞങ്ങൾ പഴയ അഭിലാഷും അതിഥിയുമായി മാറി,. ഞങ്ങൾക്കിടയിലേക്ക് പ്രണയം വീണ്ടും തിരിച്ചു വന്നു,.

“അതിഥി, നീയെന്തിനാ അമ്മയുടെ അടുത്തു കള്ളം പറഞ്ഞത് ? നമുക്കിടയിൽ പ്രശ്നമൊന്നും ഇല്ലെന്ന്,.” എനിക്ക് മറുപടി ഉണ്ടായിരുന്നില്ല,.
എന്റെ കണ്ണ് നിറഞ്ഞു വന്നത് കാണ്ടാവണം, എന്നെ അഭിയേട്ടൻ ചേർത്തുപിടിച്ചു,. കാലങ്ങൾക്കു ശേഷം ,
ഞാൻ സ്വപ്നം കാണുകയാണോ ? എന്റെ മുന്നിൽ അഭിനയിക്കേണ്ട കാര്യം എന്തായാലും അഭിയേട്ടനില്ല,.

“നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഏഴ് മാസമായി ഇതിനിടക്ക് ഞാൻ ഒരിക്കൽപോലും ചോദിച്ചില്ല, എന്താ നിന്റെ പ്രശ്നമെന്ന് !! വേറെ ഒന്നുംകൊണ്ടല്ല, നിന്നെ എനിക്ക് നന്നായി അറിയാവുന്നത്കൊണ്ട് തന്നെയാ,. പിന്നെ നിന്റെ വാശിയും പിണക്കവുമെല്ലാം എവിടെ വരെ പോകുമെന്ന് നോക്കിയതാ,. ”

“ഒരിക്കൽ ഞാൻ നിന്നെ സ്നേഹിച്ചിരുന്നു, പിന്നീടെപ്പോഴോ അത് നഷ്ടപ്പെട്ട് പോവുകയും ചെയ്തു, പക്ഷേ, നമ്മുടെ കല്യാണം കഴിഞ്ഞ അന്ന് തൊട്ട് ഞാൻ എല്ലാം മറന്ന് പുതിയൊരു ജീവിതത്തിനായി ശ്രമിച്ചതാ, അപ്പോൾ നീയെന്നോട് വല്ലാതെ അകൽച്ചയോടെ പെരുമാറി, ”
അഭിയേട്ടന്റെ ശബ്ദമിടറി,.

” ഞാൻ നിന്നോട് കാണിച്ച അടുപ്പവും സ്നേഹവുമെല്ലാം വെറും അഭിനയമാണെന്നു നീ വിധി എഴുതി,. എനിക്ക് നിന്നോട് വെറുപ്പാണെന്ന് സ്വയം വിചാരിച്ചു നീ, അന്നുരാത്രി നിലത്തു ഷീറ്റ് വിരിച്ചുകിടന്നു, ഒരിക്കൽപോലും, ഒന്ന് സംസാരിക്കാൻ പോലും നീയെന്റെ മുന്നിൽ നിന്നു തന്നില്ല,. നീണ്ട ഏഴ് മാസങ്ങൾ,. ” വല്ലാത്തൊരു നഷ്ടബോധം എന്നെപിടികൂടി,.

“എവിടെ വരെ പോകുമെന്ന് നോക്കിയതാ, എന്നാൽ ഇന്നലെ അമ്മ ചോദിച്ചതും ഇതിനി നീട്ടിക്കൊണ്ട് പോയാൽ ശരിയാവില്ലെന്ന് തോന്നി, സ്വയംപീഠ കഴിഞ്ഞെങ്കിൽ ഇനിയെങ്കിലും പുതിയൊരു ജീവിതം തുടങ്ങിക്കൂടെ ? ”

പൊട്ടിക്കരഞ്ഞുകൊണ്ട്‌ ആ നെഞ്ചിലേക്ക് ചേരുമ്പോൾ ഞാൻ എന്നെ സ്വയം പഴിക്കുകയായിരുന്നു, ഓരോ ചോദ്യങ്ങൾക്കു മുൻപിലും തല താഴ്ത്തി നിൽക്കാനേ എനിക്ക് കഴിഞ്ഞോളു,.

എന്റെ മുഖമുയർത്തി അഭിയേട്ടൻ നെറുകയിൽ ചുംബിച്ചപ്പോൾ ലോകത്തെ ഏറ്റവും ഭാഗ്യവതിയായ പെണ്ണായി മാറുകയായിരുന്നു ഞാൻ,.

 

രചന ; Anusree Chandran

LEAVE A REPLY

Please enter your comment!
Please enter your name here