Home Latest എനിക്ക് അവളോട് തോന്നിയിരുന്നത് എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ പോലെയായിരുന്നു…ഒരിക്കലും ഒരു പ്രണയഭാവം എനിക്ക് അവളോട്...

എനിക്ക് അവളോട് തോന്നിയിരുന്നത് എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ പോലെയായിരുന്നു…ഒരിക്കലും ഒരു പ്രണയഭാവം എനിക്ക് അവളോട് തോന്നില്ല …

0

ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന രേഷ്മ ക്ക് പെട്ടെന്ന് ഒന്നും മനസ്സിലായില്ല..ആകെ പേടിച്ചു വിയർത്തു , ശ്വാസം എടുക്കാൻപോലും പ്രയാസം..കണ്ടത് സ്വപ്നമായിരുന്നു എന്ന് വിശ്വസിക്കാൻ കുറച്ചു നേരത്തേക്ക് കഴിഞ്ഞില്ല.

കുറെ വെള്ളം എടുത്ത് കുടിച്ചപ്പോൾ ഇത്തിരി ആശ്വാസം തോന്നി ..എഴുന്നേറ്റ് ജനലരികിലേക്ക് നടന്നു ..കഴിഞ്ഞ ഒരു വർഷമായിട്ട് ഇടയ്ക്കിടെ കാണുന്നുണ്ട് ..കാതടിപ്പിക്കുന്ന ശബ്ദത്തോടെ ..എതിരെ വന്ന ലോറിക്ക് സൈഡ് കൊടുത്ത്‌ നിയന്ത്രണം വിട്ട കാർ സൈഡിലുള്ള വലിയ മരത്തിലേക്ക് ഇടിച്ചു നിർത്തുന്നതും കൂട്ട നിലവിളിയും..

അവളെ.. എന്റെ ചിന്നു നെ മാത്രം ഒന്ന് കാണാൻ കഴിയണില്ല …സ്വപ്നത്തിലെങ്കിലും അവളെയൊന്നു കാണാൻ ഞാൻ എന്തു മാത്രം ആഗ്രഹിക്കുന്നുണ്ട് ..ഓർത്തപ്പോൾ തലയ്ക്ക് വല്ലാത്ത കനം പോലെ ..ഇന്ന് ഇനി ഉറങ്ങാനാവില്ല ..അവളെയൊന്നു കാണണം എന്ന് തോന്നി ..ഫോണിലെ ഫോട്ടോകളിലൂടെ ഒന്ന് നോക്കിയിറങ്ങി ..അവളെ കാണുമ്പോൾ പിന്നെയും മനസ്സിനാകെ ഒരു വിങ്ങൽ ..

ഒരു ആശ്വാസത്തിനായി വെറുതെ ഫേസ്ബുക് തുറന്നു പോസ്റ്റ് കളിലൂടെ കണ്ണോടിച്ചു..പെട്ടെന്നാണ് ഒരു മെസേജ് ..”ഹേയ് …ഉറങ്ങിയില്ലേ” ന്നു ചോദിച്ചു..”നോക്കുമ്പോൾ രാവിലെ ആരുടെയോ പോസ്റ്റിന്റെ താഴെ കമന്റ്സിൽ വെച്ചു പരിചയപ്പെട്ട ദാനിഷ് ആണ് ..അവന്റെ സ്മാർട്ട് നെസ്സ് കണ്ട് അങ്ങോട്ട് റിക്വസ്റ്റ് അയച്ചു ഫ്രണ്ട് ആയതാണ് ..മെസേജ് കണ്ടപ്പോൾ ആശ്വാസം തോന്നി..അപ്പൊ തന്നെ മറുപടിയും കൊടുത്തു..കുറച്ചു നേരത്തെ ചാറ്റിങ്ങിലൂടെ മനസ്സ് ശരിക്കും റിലാക്സ്ഡ് ആയി..കാര്യമായിട്ട് ഒന്നും പറഞ്ഞില്ലെങ്കിലും പെട്ടെന്ന് തന്നെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായി അവൻ മാറി..പിന്നീട് പകലും,ഇടയ്ക്കു മെസേജുകളിലൂടെയും, കാൾ ചെയ്‌തും ഞങ്ങൾ നന്നായിട്ട് അടുത്തു..

ഫേസ്ബുക് സൗഹൃദങ്ങൾ ഒരുപാട് ഉണ്ടെങ്കിലും.. ആരോടും ഞാൻ മനസ്സ് തുറന്നു എന്റെ കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല ..എന്റെ സംസാരത്തിലൂടെ അവൻ എന്തൊക്കെയോ മനസ്സിലാക്കി …രാത്രി ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിൽ ഇടയ്ക്കു അവനോടു സംസാരിക്കാറുണ്ടായിരുന്നു ….ഒരു ദിവസം സംസാരിക്കുന്നതിനിടയിൽ അവൻ ചോദിച്ചു …”എന്താ രേഷ്മാ നിന്റെ പ്രശ്നം..?എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറഞ്ഞൂടേ ..നിന്റെ സംസാരത്തിൽ പലപ്പോഴും നല്ല സങ്കടം ഉള്ളപോലെ എനിക്ക് തോന്നിയിട്ടുണ്ട് “..അവന്റെ ചോദ്യത്തിൽ നിന്നു ഒഴിഞ്ഞു മാറാൻ എനിക്ക് തോന്നിയില്ല ….ഞാൻ അവനോടു പറഞ്ഞു ..

“എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ മാത്രമല്ല മകളായിട്ടുണ്ടായിരുന്നത് ..എനിക്ക് ഒരു അനിയത്തിയുണ്ടായിരുന്നു ..ചിന്നു ..അവളിപ്പോൾ ജീവിച്ചിരിപ്പില്ല ….ഒരു വർഷം മുൻപുണ്ടായിരുന്ന..കാർ ആക്‌സിഡന്റിൽ അവൾ മരിച്ചു.. അന്ന് അവൾക്കൊപ്പമുണ്ടായിരുന്ന ഞാനും മരിക്കേണ്ടതായിരുന്നു …എന്തോ ..അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥന കൊണ്ടാവാം എന്നെ ഏറെ പരുക്കുകളോടെ അവർക്ക് തിരിച്ചു കിട്ടിയത്‌ ..”

“ഞാനും ചിന്നുവും..ഞങ്ങൾ ഒന്നായിരുന്നു …ഞങ്ങളെപ്പോലെ പരസ്പരം ഇത്രയധികം സ്നേഹിച്ചിരുന്ന സഹോദരങ്ങൾ ഉണ്ടായിരിക്കില്ല ….ഒരു വയസ്സിന്റെ വ്യത്യാസം മാത്രമേ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നുള്ളൂ..എന്ത് വാങ്ങിക്കുമ്പോഴും, എനിക്ക് വേറെ ,ചിന്നു നു വേറെ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല ….എല്ലാം ഞങ്ങൾ ഒരുമിച്ചാണ് ചെയ്തിരുന്നത് …ഞങ്ങളുടെ സ്നേഹം കണ്ട് കുടുംബാംഗങ്ങൾക്ക് പോലും അതിശയമായിരുന്നു ..എങ്ങനെ ഒരു ചേച്ചിക്കും അനിയത്തിക്കും ഇങ്ങനെ സ്നേഹിക്കാൻ പറ്റുന്നതെന്ന് ….ഞാൻ കൂടെയില്ലാതെ ഒരു നിമിഷം പോലും അവൾക്ക് കഴിയുമായിരുന്നില്ല ..എന്റെ പഠന ആവശ്യത്തിനായി എനിക്ക് ദൂരേക്ക് പോവേണ്ടിവന്നു ….എന്നെ കാണാതെ,അവൾ ഒന്നും കഴിക്കാതെയും മിണ്ടാതെയും ഇരുന്നപ്പോൾ ….ഞാൻ ഇങ്ങോട്ട് തിരിച്ചു പോന്നു ..എനിക്കും അവളെ കാണാതെ പറ്റുന്നുണ്ടായിരുന്നില്ല ..”

“അങ്ങനെ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്ന ഒരു യാത്രയിലാണ് അപകടം സംഭവിച്ചത്…കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചപ്പോൾ ..കാറിന്റെ ഒരു സൈഡ് പൂർണമായും തകർന്നു …ആ സൈഡിലിരുന്ന എന്റെ ചിന്നു .””.പറഞ്ഞു വന്നത് മുഴുവനാക്കാനാവാതെ രേഷ്മ പൊട്ടിക്കരഞ്ഞു..എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ അവൻ വിഷമിച്ചു …

“എനിക്ക് അറിയില്ലായിരുന്നു രേഷ്മാ ..നീ ഇത്രയും വലിയ ഒരു വിഷമവും മനസ്സിൽ ഒതുക്കി നടക്കാണെന്നു ..ഞാൻ നിന്നെ അതൊക്കെ വീണ്ടും ഓർമിപ്പിച്ചു കരയിച്ചു ..സോറി ഡാ..നീ കരയല്ലേ പ്ലീസ് ..”
“ഇല്ലാ.. ഇനി കരയില്ല… നീ വിഷമിക്കേണ്ടാ ….ഇപ്പോഴാ ഞാൻ ഒന്ന് കരയുന്നത് ..നിനക്കു അറിയോ..അവൾ പോയത് അറിയാതെ..മൂന്ന് ദിവസം ബോധം ഇല്ലാതെ കിടക്കായിരുന്നു ഞാൻ..കണ്ണ് തുറന്നപാടേ ഞാനാദ്യം ചോദിച്ചത് ചിന്നുനെയായിരുന്നു.. അവൾ മരിച്ചു എന്ന് എന്നോട് പറയാൻ ആർക്കും തന്നെ ധൈര്യം ഉണ്ടായിരുന്നില്ല ….എനിക്ക് താങ്ങാൻ ആവില്ലെന്ന് അറിയാമായിരുന്നു എല്ലാർക്കും ….പിന്നെയും ചിന്നുനെ കാണാൻ ഞാൻ വാശിപിടിച്ചപ്പോൾ ഡോക്ടർ ആണ് എന്നോട് പറഞ്ഞത്…അവൾ ഞങ്ങളെ വിട്ട് പോയെന്ന് ..അത് കേട്ടതിൽ പിന്നെ ഞാൻ ആരോടും മിണ്ടിയിട്ടില്ല..ഒന്ന് കരഞ്ഞിട്ട് കൂടിയില്ല .. മാസങ്ങളോളം ആരെയും കാണാൻ കൂടി ആഗ്രഹിക്കാതെ റൂമിൽ അടച്ചിരിക്കായിരുന്നു .ആ ഇടയ്ക്ക് എന്റെ മനസ്സിന്റെ താളം തെറ്റിയിരുന്നു…ചികിത്സയിലൂടെ ഞാൻ പഴയ അവസ്ഥയിലേക്ക് തിരിച്ചു വരുന്നേയുള്ളൂ ….ഇപ്പോഴും രാത്രി സ്വപ്നത്തിൽ ഞാൻ ആ അപകടം കാണാറുണ്ട് ..പക്ഷേ ….ഞാൻ എത്ര ആഗ്രഹിച്ചിട്ടും എന്റെ ചിന്നുനെ ഒന്ന് കാണാൻ പറ്റിയിട്ടില്ല ഇതുവരെ …”

നീ വിഷമിക്കല്ലേ രേഷ്മാ ..എപ്പോഴും ഇതു തന്നെ ഓർത്തിരുന്നിട്ടാണ് ….ഇടയ്ക്കു ഒന്ന് പുറത്തൊക്കെ പൊയ്ക്കൂടേ ….അല്ലെങ്കിൽ ബന്ധുക്കളുടെ വീട്ടിലോ ഫ്രണ്ട്‌സ് ന്റെ വീട്ടിലൊക്കെ പോവണം ..അപ്പൊ തന്നെ മൈൻഡ് ഒന്നു ഫ്രഷ് ആവും ”
എനിക്ക് ഒന്നിനും തോന്നണില്ല…ആരെയും കാണാനും ഇഷ്ടല്ല ….ഈ റൂം വിട്ട് പുറത്തേക്ക് പോവാനേ തോന്നില്ല …അമ്മയും അച്ഛനും ഒക്കെ പറഞ്ഞു മടുത്തു..ഈ ജീവിതം ഇങ്ങനെയങ്ങു തീരട്ടെ …
മനസ്സ് മരവിച്ച അവളുടെ വാക്കുകൾ എന്നെ വേദനിപ്പിച്ചു …അവളുടെ മനസ്സിലെ വിഷമങ്ങളൊക്കെ മാറ്റി..അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിച്ചു …അതിനു വേണ്ടി അവളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ചോദിച്ചറിഞ്ഞു.. പാട്ട് കേൾക്കാൻ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ നല്ല പാട്ടുകൾ ഒക്കെ അയച്ചു കൊടുത്തു ..വായിക്കാൻ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ..അവളുടെ ഇഷ്ടത്തിനുള്ള ബുക്ക്സ് ഒക്കെ സേർച്ച് ചെയ്ത് കണ്ടുപിടിച്ചു പറഞ്ഞു കൊടുത്തു ..അവൾക്ക് മാറ്റം കണ്ടു തുടങ്ങി …ഫേസ് ബുക്ക് ഗ്രൂപ്പുകളിലൊക്കെ സജീവമായി ..ഇടയ്ക്കു പിന്നെയും അവളെ കാണാതെയാവും ..അവൾ വീണ്ടും പഴയപോലെ ഒന്നിലും താല്പര്യം ഇല്ലാതെ അടച്ചിരുപ്പു തന്നെയാവും.
ഞാൻ വിളിച്ചു സംസാരിച്ചു തുടങ്ങുമ്പോൾ ഒന്നിലും താല്പര്യമില്ലാതെ സംസാരിച്ചിരുന്ന അവൾ ഞാൻ ഫോൺ കട്ട് ചെയ്യാനാവുമ്പോഴേക്കും ഒരുപാട് വിശേഷങ്ങളൊക്കെ പറഞ്ഞു ചിരിച്ചു നല്ല മൂഡിലാവും …അങ്ങനെയൊരു അവസ്ഥയിലാണ് ഞാൻ അവളോട് പറഞ്ഞത് …ഞാൻ ഈ പ്രാവശ്യം നാട്ടിൽ വന്നാൽ ഒരു ടൂർ പ്ലാൻ ചെയ്യണുണ്ട് …വരാൻ താല്പര്യമുണ്ടോന്നു ചോദിക്കുന്നതിനു മുൻപ് അവൾ ചോദിച്ചു ഞാനും വരട്ടെ എന്ന് …ഒരു ദിവസത്തേക്ക് അധികം ദൂരെയല്ലാത്ത ഏതെങ്കിലും സ്ഥലത്തേക്ക് അവളെയും കൊണ്ട് പോകണം..അവളുടെ മനസ്സൊന്നു മാറ്റിയെടുക്കണം എന്നൊക്കെയുള്ള ചിന്തയിൽ ഞാൻ ഓക്കേ വന്നോളൂ എന്ന് പറഞ്ഞു …അപ്പോ അവൾ പറയാ ..”ദാനിഷ് നീ ഞങ്ങളുടെ കൂട്ടത്തിലായിരുന്നെങ്കിൽ ഞാൻ നിന്നെ പ്രൊപ്പോസ് ചെയ്തേനെ എന്ന് ..അതും പറഞ്ഞു അവൾ ചിരിച്ചു..ചിരിച്ചു..അത് കേട്ടിട്ട് ഞാൻ ഒന്നും മിണ്ടാത്തത് കണ്ടപ്പോൾ ..അവൾ പറയാ ..ചുമ്മാ പറഞ്ഞതാണുട്ടോ ..നീ പേടിക്കേണ്ട എന്ന് …
അവളുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് ഞാൻ അത് കാര്യമാക്കിയില്ല …
എനിക്ക് അവളോട് തോന്നിയിരുന്നത് എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ പോലെയായിരുന്നു…ഒരിക്കലും ഒരു പ്രണയഭാവം എനിക്ക് അവളോട് തോന്നില്ല ..കാരണം ..ആരോടും പറഞ്ഞില്ലെങ്കിലും എന്റെ ഹൃദയം ഞാൻ ഒരാൾക്ക് കൈമാറിയിരുന്നു..എന്റെ ഷെറിൻ ന്… അവൾക്ക് അറിയാം എനിക്ക് രേഷ്മയോടുള്ള അടുപ്പം …ആദ്യം അവൾ അതിനെ എതിർത്തതാണ് …പിന്നീട് രേഷ്മയുടെ കഥകളൊക്കെ കേട്ടപ്പോൾ സഹതാപമായെങ്കിലും …ഒരുമിച്ച് ഒരു യാത്ര പോവാണെന്നൊക്കെ കേട്ടാൽ അവൾ വിഷമിക്കും …പിണങ്ങും ..എത്ര പിണങ്ങിയാലും അവൾക്കെന്നെ വിശ്വാസമാണ് ….അവളോട് പറഞ്ഞാൽ ആദ്യം എതിർത്താലും അവൾ ചിലപ്പോൾ സമ്മതിക്കും …
നാട്ടിലേക്കുള്ള യാത്രക്കൊരുങ്ങുമ്പോൾ മനസ്സിൽ മുഴുവൻ …എന്റെ ഷെറിനെ …ഒന്ന് കാണണം..ഞങ്ങളുടെ കല്യാണ നിശ്ചയം നടത്തണം …പറ്റുമെങ്കിൽ കല്യാണവും ….അങ്ങനെ നിറയെ സ്വപ്നങ്ങളുമായാണ് യാത്ര തിരിച്ചത് ..
നാട്ടിലെത്തിയ ഉടനെ രേഷ്മയെ വിളിച്ചു …അവൾക്ക് ഭയങ്കര സന്തോഷം ..നമ്മൾ എപ്പൊഴാ പോവാ എന്നും ചോദിച്ചു തിരക്ക് കൂട്ടി ..നാളെ വിളിച്ചാൽ പറയാം എന്നും പറഞ്ഞു ഫോൺ വെച്ചു ..പിന്നീട് ഷെറിനോട് ഏറെ നേരം സംസാരിച്ചെങ്കിലും രേഷ്മയുമായി പോവുന്ന കാര്യം പറയാൻ പറ്റിയില്ല …കാരണം ..അവൾ ആദ്യമേ ഇങ്ങോട്ട് പറഞ്ഞു …”ദാനിഷ് അവളെ കാണാനൊന്നും പോവേണ്ടാ..നിനക്കു രേഷ്മ ഫ്രണ്ട് ആയിരിക്കും ….പക്ഷേ അവൾക്ക് നിന്നെ ഒരുപാട് ഇഷ്ടാണ് …അവളുടെ ഉള്ളിൽ മോഹം വളർത്താൻ നിക്കേണ്ടാട്ടോ …പെൺകുട്ടികൾ അങ്ങനെയാണ് …അവർക്കു കൂടുതൽ കെയർ കൊടുക്കുന്നവരോട് പെട്ടെന്ന് അടുക്കും …

എനിക്ക് അത് കേട്ടപ്പോൾ ചിരിയാണ് വന്നത് …”നീ വിചാരിക്കുന്നപോലെയൊന്നും അല്ലാ ..അവളുടെ ഉള്ളിൽ ആരോടും പ്രണയം ഒന്നും തോന്നുന്ന മാനസികാവസ്ഥയിൽ അല്ലാ അവളിപ്പോഴുള്ളത് ….നീ അതോർത്തു ടെൻഷൻ ആവേണ്ട …”നമുക്ക് നമ്മുടെ കാര്യം പറയാം എന്നും പറഞ്ഞു ആ സംസാരം അവസാനിപ്പിച്ചു …
എന്റെ ഒരു സുഹൃത്തിനൊപ്പം ഒരു യാത്ര പോവാണെന്നും വന്നാൽ വിളിക്കാമെന്നും ഷെറിന് മെസേജ് ചെയ്തു …അങ്ങനെ രേഷ്മയെ കാണാൻ ഇറങ്ങി ….എന്നെയും കാത്തു പുലർകാലത്ത് തന്നെ ബസ്റ്റോപ്പിൽ നിൽക്കുന്നുണ്ടായിരുന്നു ….ഫോണിൽ സംസാരിക്കുന്നതിനേക്കാൾ വളരെ കുട്ടിത്തമുള്ള പ്രകൃതം..സംസാരിച്ചപ്പോൾ അവളിൽ ഒരു അപരിചിതത്വവും കണ്ടില്ല ..നമുക്കുപോവാം എന്ന് ചോദിച്ചു എന്റെ ബൈക്ക് ന്റെ പുറകേ കേറിയിരുന്നു ..അവൾക്ക് കോട മഞ്ഞു കാണണം എന്നും പറഞ്ഞു ഇറങ്ങിയതാണ് ..അവളെന്റെ പുറകിലിരുന്നു വാ തോരാതെ സംസാരിച്ചിരുന്നു ..വയനാടിന്റെ ഹെയർപിൻ വളവുകൾ കേറി ഞങ്ങൾ മുകളിലെത്തി ..അവിടെ ഇറങ്ങി നിന്നു നോക്കിയാൽ കാണാമായിരുന്നു കോടമഞ്ഞു പുതച്ച വഴികൾ …അവളെന്റെ കൈ കോർത്തുപിടിച്ചു നടന്നു .. ഇടയ്ക്കു എന്നെ നോക്കുന്നുണ്ടായിരുന്നു..എന്താ രേഷ്മാ ന്നു ചോദിച്ചാൽ ഒന്നും ഇല്ലെന്ന് പറഞ്ഞു പുഞ്ചിരിക്കും ..അവൾ നല്ല സന്തോഷത്തിലായിരുന്നു ….ഞാൻ അവളുടെ ഓരോ കുഞ്ഞു സന്തോഷങ്ങളിലും കൂടെ നിന്നു …അവളെന്നിലേക്ക് കൂടുതൽ അടുക്കുംപോലെ എനിക്ക് തോന്നി തുടങ്ങി ..അവിടുത്തെ ടൂറിസ്റ്റ് സ്ഥലങ്ങളിലൊക്കെ വെറുതെ കറങ്ങി നടന്നു .
“രേഷ്മാ …ഇരുട്ടുന്നതിനു മുൻപ് ചുരം ഇറങ്ങണം …നമുക്കു പോവാമെന്നു ചോദിച്ചപ്പോൾ അവളൊന്നും മിണ്ടാതെ കാഴ്ചകളും നോക്കി നിന്നു …കുറച്ചു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു ..എനിക്ക് പോവാൻ തിരക്കൊന്നും ഇല്ല .നമുക്കു നാളെ പോവാം എന്ന്” ..ഇത് കേട്ടപ്പോഴേ ഞാൻ ആകെ ഷോക്ക് ആയി ..അതൊന്നും ശരിയാവില്ലെടാ നമുക്കു പോവാം എന്ന് പറഞ്ഞു ഞാൻ പോവാനൊരുങ്ങി..രേഷ്മ പിന്നെ ഒന്നും മിണ്ടിയില്ല ..തിരിച്ചു വരുമ്പോൾ ഏറെ ദൂരം വരെയും അവൾ ഒന്നും മിണ്ടാതെതന്നെ ഇരുന്നു..പിന്നെ ഞാൻ എന്തെങ്കിലും ചോദിക്കുന്നതിനു മാത്രം മറുപടി തന്നു
ഞാൻ വണ്ടി നിർത്തി ഇറങ്ങി “എന്തുപറ്റി രേഷ്മാ…എനിക്ക് അത്യാവശ്യമായിട്ട് വീട്ടിൽ എത്തേണ്ടതുണ്ട് …അതല്ലേ തിരിച്ചു പോവാന്നു പറഞ്ഞത് ..വിഷമമായോ”എന്ന് ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിന്നു ..അവൾ കരയുകയാണെന്നു എനിക്ക് മനസ്സിലായി ..”സോറി രേഷ്മാ “എന്ന് പറഞ്ഞു ഞാൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവളെന്റെ നെഞ്ചിലേക്ക് വീണു എന്നെ കെട്ടിപിടിച്ചു പറഞ്ഞു “ദാനിഷ് …എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാണ് ..ഞാൻ പലപ്പോഴും നിന്നോട് പറഞ്ഞിട്ടുണ്ട് ..നീ അത് കാര്യമാക്കാറില്ല ..നീ എന്റെ കൂടെയുണ്ടാകുമ്പോൾ ഞാൻ വളരെ ഹാപ്പിയാണ് ,മറ്റൊരു ചിന്തയും എന്നെ ടെൻഷൻ ആക്കുന്നില്ല ..എന്നും ഇനിയെന്റെ കൂടെ നീ വേണം ..ഐ ലവ് യൂ ദാനിഷ്” ..പിന്നെയും എന്തൊക്കെയോ അവൾ പറയുന്നുണ്ടായിരുന്നു …എന്ത് മറുപടി പറയണം എന്നറിയാതെ ഞാൻ ആകെ വിഷമിച്ചു ..പെട്ടെന്ന് പറ്റില്ലെന്ന് പറഞ്ഞാൽ അവൾ തകർന്നു പോവും ..എന്ത് ചെയ്യണം എന്ന് എനിക്ക് ഒരു പിടുത്തവും കിട്ടിയില്ല ..ഈ സിറ്റുവേഷൻ എങ്ങനെ നേരിടണം എന്നോർത്തു ടെൻഷൻ ആയി നിൽക്കുമ്പോൾ എന്റെ കൈകളിലേക്ക് അവൾ ഊർന്നു വീണു ..അവളെ താങ്ങി പിടിച്ചു ഞാൻ അവിടെ ഇരുന്നു ..എത്ര വിളിച്ചിട്ടും അവൾ അറിയണുണ്ടായിരുന്നില്ല..അപ്പോഴേക്കും ഒന്ന് രണ്ടു ആളുകളും വന്നു..അവരുടെ സഹായത്തോടെ ഒരു ടാക്‌സി വിളിച്ചു ഹോസ്പിറ്റലിൽ എത്തിച്ചു …പിന്നെയും കുറെ നേരം കഴിഞ്ഞാണ് രേഷ്മക്ക് ബോധം തെളിഞ്ഞത്


പുലർച്ചയോടെയാണ് രേഷ്മ സംസാരിച്ചു തുടങ്ങിയത് …അവളോട് നമ്പർ വാങ്ങി അവളുടെ വീട്ടിൽ വിവരം അറിയിച്ചു ..കാരണം അവളെ പരിശോധിച്ച ഡോക്ടർക്ക് അറിയണമായിരുന്നു അവളുടെ കഴിഞ്ഞ കാലത്തെ കാര്യങ്ങൾ …എനിക്ക് അതിനെ കുറിച്ചു രേഷ്മ പറഞ്ഞു കേട്ടിട്ടുള്ള അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ ….അവളുടെ ഇപ്പോഴത്തെ ഈ അവസ്ഥക്ക് ..മുൻപ് ഉണ്ടായിരുന്ന ആക്സിഡന്റ്മായിട്ട് ബന്ധമുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്.. വ്യക്തമായി പറയണമെങ്കിൽ അവളുടെ ഡീറ്റയിൽ ആയിട്ടുള്ള ഹോസ്പിറ്റൽ ഫയൽ കിട്ടണം എന്നും അവളുടെ അച്ഛനെയും അമ്മയെയും കാണണമെന്നും ഡോക്ടർ പറഞ്ഞു..
വിവരം അറിഞ്ഞ ഉടനെ അവർ ഓടിയെത്തി..അവർ ഡോക്ടറുടെ റൂമിലേക്ക് പോയി ..ഞാൻ രേഷ്മയുടെ കൂടെയിരുന്നു ….”എനിക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ല ദാനിഷ് ….നമുക്കു പോവാം…നിനക്കു അത്യാവശ്യമായിട്ട് വീട്ടിൽ പോവാനുണ്ടെന്നു പറഞ്ഞതല്ലേ.”
എന്നും പറഞ്ഞു അവൾ എണീക്കാൻ തുടങ്ങി ….ഞാൻ അവളെ അവിടെ തന്നെ പിടിച്ചു കിടത്തിയിട്ട് പറഞ്ഞു …”നിനക്കു നല്ല ക്ഷീണം ഉണ്ട് ..അതൊക്കെ മാറിയിട്ട് ഇവിടുന്നു പോയാൽ മതി ..നിന്റെ അച്ഛനെയും അമ്മയെയും കണ്ടിട്ട് ,നിന്നെ അവരെ ഏൽപ്പിച്ചിട്ടേ ഞാൻ പോണുള്ളൂ..അവർ ഡോക്ടറോട് സംസാരിക്കാണ് ….അവർ വരട്ടെ..
ഡോക്ടറും ,അച്ഛനും ,അമ്മയും കൂടെ റൂമിലേക്കു വന്നു …ദാനീഷിനെ കണ്ടപ്പോൾ അച്ഛൻ പറഞ്ഞു ..”ഞങ്ങൾ മോനെ കണ്ടിട്ടില്ലെന്നേയുള്ളു …പക്ഷേ ഞങ്ങൾക്ക് അറിയാം..രേഷ്മ കുറച്ചു നാളായിട്ടേയുള്ളൂ പഴയപോലെ ചിരിക്കാനും സംസാരിക്കാനും ഒക്കെ തുടങ്ങിയിട്ട് ..മോളുടെ ഈ മാറ്റത്തിന് പിന്നിൽ മോനുമായിട്ടുള്ള സൗഹൃദമാണെന്നു രേഷ്മ പറഞ്ഞിരുന്നു ..ദാനീഷിനെ ഒന്ന് കാണണം എന്ന് ആഗ്രഹിച്ചിരുന്നതാ ..ഞങ്ങളുടെ മോളെ ഞങ്ങൾക്ക് തിരിച്ചു തന്നതിന് നന്ദി പറയാൻ വേണ്ടി”പറഞ്ഞു തീരുമ്പോഴേക്കും അച്ഛന് വാക്കുകൾ ഇടറുന്നുണ്ടായിരുന്നു …അമ്മയുടെ കണ്ണുകളും നിറഞ്ഞു ..”അങ്ങനെയൊന്നും പറയേണ്ട അച്ഛാ..രേഷ്മ എന്റെ നല്ല സുഹൃത്താണ് ..അവളുടെ വിഷമങ്ങൾ അറിഞ്ഞപ്പോൾ …അവളെയൊന്നു പഴയപോലെ ആയി കാണാൻ ആഗ്രഹിച്ചു..അത്രയേ ഉള്ളൂ ..”
എന്നും പറഞ്ഞു ഞാൻ പുഞ്ചിരിച്ചു..അന്നേരം ഡോക്ടർ പറഞ്ഞു എനിക്ക് ദാനിഷിനോടൊന്നു സംസാരിക്കണം ഒന്ന് പുറത്തേക്ക് വരൂ എന്ന് ..ഞാൻ ഡോക്ടറോടൊപ്പം പുറത്തേക്ക് പോയി ..
ഡോക്ടർ എന്നോടായി പറഞ്ഞു ..”ഞാൻ പറയുന്ന കാര്യങ്ങൾ ദാനിഷ് ശ്രദ്ധയോടെ കേൾക്കണം …രേഷ്മക്ക് ഇന്നലെ എന്ത് കാര്യങ്ങൾ കൊണ്ടാണ് അങ്ങനെ ബോധം പോയത് എന്ന് എനിക്ക് അറിയില്ല …ആ കുട്ടിക്ക് മാനസികമായി കൂടുതൽ വിഷമങ്ങൾ താങ്ങാനുള്ള കരുത്തില്ല ..അന്നത്തെ ആക്‌സിഡന്റിൽ തലയ്ക്ക് ഏറ്റ ക്ഷതം കാരണം ഇങ്ങനെ ഇടയ്ക്കിടെ ഉണ്ടാവാറുണ്ട് …രേഷ്മയെ വളരെ നല്ല സ്നേഹത്തോടെ പരിചരിച്ചില്ലെങ്കിൽ ആ കുട്ടിയെ ഒരിക്കലും നല്ലൊരു ആരോഗ്യസ്ഥിതിയിൽ തിരിച്ചുകിട്ടില്ല”എന്ന് ….ഇത് കേട്ടപ്പോൾ അതുവരെ നടന്ന കാര്യങ്ങളൊക്കെ വ്യക്തമായി ഞാൻ ഡോക്ടറോട് പറഞ്ഞു..ഞാൻ ഒരിക്കലും രേഷ്മയെ ഒരു കാമുകിയുടെ സ്ഥാനത്തു കണ്ടിട്ടില്ലെന്നും,ഒരു പെണ്ണ് എന്നെ കാത്തിരിക്കുന്നുണ്ടെന്നും അങ്ങനെ എല്ലാം പറഞ്ഞു…
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഡോക്ട്ടർ എന്നോട് പറഞ്ഞു “ദാനിഷ് രേഷ്മയെ ഫ്രണ്ട്‌ ആയിട്ടാവും കണ്ടത് ..പക്ഷേ രേഷ്മയുടെ ഉള്ളിൽ ദാനിഷിനുള്ള സ്ഥാനം വേറെയാണ് …അവൾ നിങ്ങളിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുന്നത് ..നിങ്ങൾ ഇല്ലാത്ത ഒരു നിമിഷം പോലും ഇനി അവൾക്ക് താങ്ങാൻ കഴിയില്ല …ഇനി അവളിൽ നിന്ന് ഒരു തിരിച്ചു പോക്ക് നിങ്ങൾ ആഗ്രഹിച്ചാൽ ..അത് അവളുടെ പൂർണ്ണമായ തകർച്ചയിലേക്കാവും കൊണ്ടെത്തിക്കുക ..ഏതു അവസ്ഥയിൽ നിന്നാണോ ദാനിഷ് അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ ശ്രമിച്ചത് , അതിനേക്കാൾ മോശമായ ഒരു അവസ്ഥയിലേക്കാണ് അവൾ എത്തിച്ചേരുന്നത് ….ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ അത് ദാനിഷിനു മാത്രമേ ചെയ്യാൻ പറ്റൂ”
ഡോക്ടറുടെ വാക്കുകൾ എന്റെ ഹൃദയം തകർക്കുന്നതായിരുന്നു ..എന്റെ ഷെറിൻ..അവളോട് ഞാൻ എന്തു പറയും..ഞങ്ങൾ ഒരുമിച്ചു കണ്ട സ്വപ്‌നങ്ങൾ …ഞങ്ങളുടെ ജീവിതം..രേഷ്മയെ ഞാൻ ഇന്നുവരെ വേറെ ഒരു രീതിയിലും കണ്ടിട്ടില്ല…
“ഇല്ലാ ഡോക്ടർ എന്നെ കൊണ്ട് കഴിയില്ല …എന്റെ ഷെറിനെ മറന്നു ഒരു തീരുമാനമെടുക്കാനും എനിക്ക് കഴിയില്ല …ഞാൻ പോകുന്നൂ.”രേഷ്മയെ ഒന്ന് കാണാൻ പോലും നിൽക്കാതെ ഞാൻ അവിടുന്ന് ഇറങ്ങി നടന്നു…
ഷെറിനെ വിളിച്ചിട്ട് എനിക്ക് അത്യാവശ്യമായിട്ട് കാണണമെന്നും സംസാരിക്കണമെന്നും ഞാൻ പാർക്കിൽ ഉണ്ടാവുമെന്നും പറഞ്ഞു ..എന്റെ ശബ്ദത്തിലെ മാറ്റം തിരിച്ചറിഞ്ഞ അവൾ എന്താ പ്രശ്നമെന്ന് ചോദിച്ചോണ്ടിരുന്നു….ഒന്ന് വേഗം വരണുണ്ടോന്നും ചോദിച്ചു ഞാൻ ഫോൺ വെച്ചു…
പാർക്കിലെ തിരക്കൊഴിഞ്ഞ കോണിൽ ഞാൻ അവളെയും കാത്തിരുന്നു ..അവൾ വന്നയുടനെ ഞാൻ പറഞ്ഞു ..”നമുക്ക് എത്രയും വേഗം കല്യാണം നടത്തണം ….ഇനി ഒരു ദിവസം പോലും വൈകാൻ എനിക്ക് പറ്റില്ല .”
“എന്താ ദാനിഷ് …എന്താ ഇപ്പൊ ഉണ്ടായത് ….നീ എന്താ വല്ലാതിരിക്കണത്..എന്താ നിനക്കു പറ്റിയത് ….ഇപ്പൊ പെട്ടെന്ന് ഇങ്ങനെ തോന്നാൻ എന്താ കാരണം..??”
അവളുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ എനിക്ക് കഴിയണുണ്ടായില്ല …വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാൻ ….കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം ഞാൻ അവളോട് പറഞ്ഞു ..”നീയെന്നോട് ക്ഷമിക്കണം..നിന്നോട് പറയാതെ ഞാൻ ഒരു കാര്യം ചെയ്തു..ഇന്നലെ ഞാൻ യാത്ര പോയത് രേഷ്മയോടൊപ്പമായിരുന്നു..”
“എനിക്ക് ഒന്നും കേൾക്കേണ്ട.. ഞാൻ പോവാണെന്നും പറഞ്ഞു ഷെറിൻ എഴുന്നേറ്റു ..”
“പ്ലീസ് ഷെറിൻ ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ …അല്ലെങ്കിൽ എനിക്ക് ഭ്രാന്തു പിടിക്കും ..”.എന്റെ അവസ്ഥ കണ്ട് ഷെറിൻ നിന്നു ……അവളോട് എല്ലാ കാര്യങ്ങളും ഞാൻ തുറന്നു പറഞ്ഞു ..”ഇപ്പോഴാണ് എനിക്ക് ആശ്വാസമായത് ….ഇനി എത്രയും വേഗം നമ്മുടെ കല്യാണം നടത്തണം …അപ്പോഴേ എല്ലാം ശെരിയാവൂ ..”.എന്റെ ആശ്വാസ വാക്കുകളൊന്നും ഷെറിനെ സമാധാനപ്പെടുത്തിയില്ല ..അവൾക്ക് രേഷ്മയെ ഒന്ന് കാണണം എന്ന് പറഞ്ഞു ..

ഞാൻ എത്ര എതിർത്തിട്ടും അവൾ രേഷ്മയെ കണ്ടേ പറ്റൂ എന്ന് നിർബന്ധം പിടിച്ചു …ഷെറിനെയും കൊണ്ട് ഞാൻ വീണ്ടും ഹോസ്പിറ്റലിൽ എത്തി ..രേഷ്മ മയക്കത്തിലായിരുന്നു ..ഷെറിൻ ഡോക്ടറോട് രേഷ്മയുടെ അവസ്ഥയെ പറ്റി ചോദിയ്ക്കാൻ പോയി ..വന്നത് ഷെറിൻ ആണെന്ന് അറിഞ്ഞപ്പോൾ ഡോക്ടർ എല്ലാ കാര്യങ്ങളും വിശദമായി ഷെറിനെ പറഞ്ഞു ബോധ്യപ്പെടുത്തി ….ഇനി ദാനിഷ് കൂടെ ഇല്ലാതെ വന്നാൽ രേഷ്മ ആ സിറ്റുവേഷൻ മറികടക്കില്ലെന്നു ഷെറിന് ബോധ്യമായി ..തന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് ദാനിഷ് എത്രയും വേഗം കല്യാണത്തിന് ഒരുങ്ങുന്നതെന്നും അവൾക്ക് മനസ്സിലായി ..
ദാനിഷിനെയും കൂട്ടി ഷെറിൻ രേഷ്മയുടെ റൂമിലേക്ക് പോവാൻ ഒരുങ്ങി …”ഇനിയും എന്തിനാണ് ഷെറിൻ അങ്ങോട്ട് പോവുന്നത് ….നമുക്കു തിരിച്ചു പോവാം “എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ തിരിഞ്ഞു നിന്നു..”എല്ലാം കണ്ടില്ലെന്നു നടിച്ചു തിരിച്ചു പോവാൻ എളുപ്പമാണ് ദാനിഷ് ..രേഷ്മയേയും കുടുംബത്തെയും മറന്നു ഒരു നേരമെങ്കിലും സന്തോഷത്തോടെ ജീവിക്കാൻ നമുക്ക് പറ്റുമോ..? കുറ്റബോധം കൊണ്ട് നീറി..നീറി നീ ഇല്ലാതാവുന്നത് കണ്ടിട്ട് എന്ത് സന്തോഷമാണ് എനിക്ക് കിട്ടുന്നത് ..?.മനഃപൂർവമല്ലെങ്കിൽ കൂടി നീ മാത്രമാണ് രേഷ്മയുടെ ഇപ്പോഴത്തെ ഈ അവസ്ഥക്ക് കാരണം ..
നിനക്കു മാത്രമേ അവളെ രക്ഷപ്പെടുത്താനും കഴിയൂ..
“ഷെറിൻ …നീയെന്തൊക്കെയാ പറയുന്നത് ..അങ്ങനെ ആർക്കെങ്കിലും വേണ്ടി കളയാനുള്ളതാണോ നമ്മുടെ സ്വപ്‌നങ്ങൾ..എന്നെ കൊണ്ട് പറ്റില്ല..നീ പറയുന്നപോലെയൊന്നും ചിന്തിക്കാൻ പോലും എനിക്ക് കഴിയില്ല…നീ വരുന്നുണ്ടോ നമുക്കു പോവാം ..”
ഇല്ലാ ദാനിഷ് ..ഒരു കുടുംബത്തിന്റെ കണ്ണീർ വീഴ്ത്തികൊണ്ട് ഒരു ജീവിതം എനിക്ക് വേണ്ട..എന്നേക്കാൾ കൂടുതൽ രേഷ്മക്കാണ് ഇപ്പൊ നിന്നെ ആവശ്യം…അവളെ മറന്നുകൊണ്ട് ഇപ്പൊ എന്നെ സ്വീകരിച്ചാലും എന്നും രേഷ്മ നിന്റെ ഉള്ളിൽ ഒരു തീരാ വേദനയായിട്ടുണ്ടാവും …അതുകൊണ്ട് എന്നെ മറന്നേക്കൂ..ഇതാണ് എന്റെ തീരുമാനം ..ഞാൻ ഒരിക്കലും നിന്നെ ശപിക്കില്ല ..ഞാൻ നല്ല മനസ്സോടെയാണ് നിന്നെ രേഷ്മക്ക് കൊടുക്കുന്നത് …നിങ്ങൾക്ക് നല്ലതേ വരൂ …ഞാൻ പോകുന്നൂ ..”.ഉറച്ച തീരുമാനത്തോടെ ഷെറിൻ നടന്നു നീങ്ങി ….വിധിയുടെ മുൻപിൽ നിസ്സഹായനായി ഒന്നും ചെയ്യാനാവാതെ അവൾ പോകുന്നതും നോക്കി ദാനിഷ് നിന്നു …

NB : സ്നേഹിക്കുന്നവരുടെ സന്തോഷത്തിനു വേണ്ടി തന്റെ സന്തോഷത്തെ വിട്ടുകൊടുക്കുന്ന എല്ലാ സ്ത്രീ രത്നങ്ങൾക്കും വേണ്ടി ഇതു സമർപ്പിക്കുന്നു…

രചന: സുൽത്താന

LEAVE A REPLY

Please enter your comment!
Please enter your name here